അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) വും മര്‍വാനും

പിതാവ് നബി(സ)യുടെ ബന്ധു സുബൈറുബ്‌നുല്‍ അവ്വാം. മാതാവ് അബൂബക്കര്‍ സിദ്ദീഖ്(റ) യുടെ പുത്രി അസ്മാഅ്(റ). ഉമ്മുല്‍ മുഅ്മിനീന്‍ ആയിഷ(റ)യുടെ സഹോദരിയാണ് അസ്മാഅ്(റ). ഹിജ്‌റ വര്‍ഷം മദീനയിലാണ് അബ്ദില്ലാഹിബ്‌നു സുബൈര്‍(റ) ഭൂജാതനായത്.

തക്ബീര്‍
അബ്ദില്ലാഹിബ്‌നു സുബൈര്‍(റ) മദീനയില്‍ ജനിച്ചപ്പോള്‍ നബി(സ) തങ്ങളും അസ്ഹാബും സന്തോഷം കൊണ്ട് തക്ബീര്‍ ചൊല്ലി. ഇതിന് ഒരു കാരണമുണ്ട്. യഹൂദികള്‍ മാരണം ചെയ്തതിനാല്‍ മുസ്ലിംകള്‍ക്ക് ഇനി ആണ്‍കുട്ടികള്‍ പിറക്കുകയില്ലെന്നു ഒരു കള്ളപ്രചരണം അന്ന് കേക്കാറുണ്ടായിരുന്നു. ഇബ്‌നു സുബൈര്‍(റ)ന്റെ ജനനത്തോടുകൂടി അത് പൊളിഞ്ഞു. അതാണ് തക്ബീറിന് കാരണം.

വീണ്ടും തക്ബീര്‍
ഹജ്ജാജ്ബ്‌നു യൂസുഫിന്റെ ആക്രമത്തില്‍ വിശുദ്ധ മക്കിയില്‍ വെച്ച് ഇബ്‌നു സുബൈര്‍(റ) കൊല്ലപ്പെട്ടു. അന്നേരവും സന്തോഷം കൊണ്ട് തക്ബീര്‍ മുഴങ്ങി. പക്ഷേ ഈ പ്രാവശ്യം തക്ബീര്‍ ചൊല്ലിയതത് ഹജ്ജാജ്ബ്‌നു യൂസുഫും അയാളോടൊപ്പമുണ്ടായിരുന്ന ശാമുകാരുമാണ്. ഇത് കേട്ടപ്പോള്‍ അബ്ദില്ലാഹിബ്‌നു ഉമര്‍(റ) അഭിപ്രായപ്പെട്ടു. ”ഇബ്‌നു സുബൈര്‍(റ)ന്റെ ജനനത്തിന് തക്ബീര്‍ ചൊല്ലിയ ആളുകള്‍ അദ്ധേഹത്തിന്റെ വധത്തിന് തക്ബീര്‍ ചൊല്ലിയവരെക്കാള്‍ എത്രയോ ഉത്തമന്മാരാണ്”.

ശക്തി ആര്‍ജ്ജിച്ചു
യസീദിന്റെ മകന്‍ മുആവിയ (മുആവിയ രണ്ടാമന്‍) യുടെ കാലത്ത് തന്നെ മക്കയില്‍ ഇബ്‌നു സുബൈര്‍(റ) ആധിപത്യം കൈവരിച്ചിരുന്നു. ആ ആധിപത്യം വികസിച്ചു തുടങ്ങുകയും ചെയ്തു. മുആവിയ രണ്ടാമന്റെ തീരോധാനമാവുമ്പഴേക്കും ഇബ്‌നു സുബൈറിന്റെ പിടുത്തം അത്യധികം വളര്‍ന്ന് കഴിഞ്ഞിരുന്നു. ഹിജാസ്, ഇറാഖ്, ഈജിപ്ത്, ശ്യാം എന്നീ നാടുകളെല്ലാം അദ്ദേഹത്തിന് അധീനമായി. മുആവിയത്ത്ബ്‌നു യസീദ് മരണപ്പെട്ടപ്പോള്‍ ‘ശാമുകാര്‍’ മുഴുവനും ഇബ്‌നു സുബൈര്‍(റ)നെ അംഗീകരിച്ചു. ‘ബനൂ ഉമയ്യാ’ ഭരണത്തിന്റെ തലസ്ഥാനമായ ദിമിഷ്‌ക്ക് (ഡമസ്‌ക്കസ്)ല്‍ പോലും അബ്ദില്ലാഹിബ്‌നു സുബൈര്‍(റ)വിന്നു ധാരാളം അനുയായികള്‍ ഉണ്ടായി. ശാമില്‍ തന്റെ ഗവര്‍ണ്ണറായി ‘ളഹ്ഹാക്ക്ബ്‌നു ഖൈസുല്‍ ഫിഹ്‌രി’ യെ നിശ്ചയിക്കുകയും ചെയ്തു.

അധികാരം ഹിജാസിലേക്ക്
മുആവിയ്തത്ബ്‌നു യസീദ് നിര്യാതനായപ്പോള്‍ ശാമുകാര്‍ പോലും ‘ഇബ്‌നു സുബൈറി’നെ ഭരണത്തലവനായി അംഗീകരിച്ചു. ഇത് ‘ബനൂഉമയ്യ’ ഗോത്രത്തിലെ പ്രധാനികള്‍ക്ക് വലിയ വേദനയുണ്ടാക്കി. അവര്‍ പറഞ്ഞു: രാജാധികാരം ശാമുകാരായ നമ്മള്‍ക്കായിരുന്നു; ഇപ്പോള്‍ ഇതാ അത് ഹിജാസിലേക്ക് നീങ്ങിയിരിക്കുന്നു! നമുക്കത് സഹിക്കാനാവില്ല! അതിനാല്‍ ധീരനായ ഒരു നേതാവ് നമുക്ക് വേണം. അനന്തരം പലരേയും അവര്‍ അന്വേഷിച്ചു നോക്കി. യോഗ്യനായ ആരേയും കിട്ടിയില്ല. ഒടുവില്‍ അവര്‍ മര്‍വാനുബ്‌നു ഹക്കമിനെ സമീപിച്ചു. മര്‍വാന്‍ ഒരു വിളക്കിനരിക്കത്തിരുന്നു ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ്. ചെന്നവര്‍ക്ക് ഖുര്‍ആന്‍ പാരായണത്തിന്റെ ശബ്ദം കേള്‍ക്കുകയായി. അവര്‍ വീട്ടിനകത്ത് കടക്കാന്‍ അനുവാദം തേടി. വീട്ടില്‍ കടക്കുകയും ചെയ്തു. ഓ, അബൂഅബ്ദില്‍ മലിക് ഈ കാര്യത്തിന് വേണ്ടി അങ്ങ് തല ഉയര്‍ത്തണം എന്ന് അവര്‍ പറയുകയും ചെയ്തു. അന്നേരം മര്‍വാന്‍ ഇങ്ങനെ പറഞ്ഞു: അല്ലാഹുവിനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക; മുഹമ്മദ് നബി(സ)യുടെ ഉമ്മത്തിനുവേണ്ടി ഉത്തമനും നീതിമാനുമായ ഒരു നേതാവിനെ കിട്ടുവാന്‍ നിങ്ങള്‍ അല്ലാഹുവിനോട് കേണപേക്ഷിക്കുവീന്‍!”. ഇത് കേട്ടപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന റൗഹ്ബ്‌നുസന്‍ബാഅ് എന്നൊരാള്‍ ഒരു കൗശലം പറഞ്ഞുകൊടുത്തു: ‘ജൂദാമ്’ ഗോത്രത്തിലെ നാനൂറ് പേര്‍ എന്റെ കീഴിലുണ്ട്; ഞാന്‍ അവരെയെല്ലാം നാളെ പള്ളിയില്‍ സംഘടിപ്പിക്കാം. അങ്ങയുടെ പുത്രന്‍ അബ്ദുല്‍ അസീസ് പള്ളിയില്‍ പ്രസംഗം നടത്തവെ ആ പ്രസംഗത്തില്‍ നേതാവിനെ നിര്‍ദ്ദേശിക്കട്ടെ. ആ സമയം നാല് ഭാഗത്തുനിന്നും ഈ കൂട്ടര്‍ വിളിച്ചു പറയും: ശരിയാണ്; ശരിയാണ് എന്ന്. അപ്പോള്‍ എല്ലാവരും ഈ കാര്യത്തില്‍ ഏകാഭിപ്രായക്കാരാണെന്ന് ജനങ്ങള്‍ക്ക് തോന്നും !”. കാര്യം അതുപോലെ നീങ്ങി. അബ്ദുല്‍ അസീസ് സംസാരം തുടങ്ങി. പ്രസംഗത്തിനിടയില്‍ ഇങ്ങനെ പറഞ്ഞു: ഈ കാര്യത്തിന് (ഭരരണ നേതൃത്വം ഏറ്റെടുക്കുന്നതിന്) മര്‍വാനിനെപ്പോലെ യോഗ്യനായിട്ട് മറ്റാരുമില്ല. ഖുറൈശികളിലെ മുതിര്‍ന്ന ആളും നേതാവുമാണ് അദ്ധേഹം. ഇത് കേട്ടമാത്രയില്‍ പള്ളിയുടെ എല്ലാ വശത്തു നിന്നും ജൂദാമികള്‍ ഉച്ചത്തില്‍ പറഞ്ഞു: സത്യമാണത്; സത്യമാണത്. താമസിയാതെ എല്ലാവരും മര്‍വാനിന്ന് ബൈഅത്ത് ചെയ്തു. രംഗം കണ്ട് തരിച്ചുനില്‍ക്കുന്ന ഒരാളുണ്ടായിരുന്നു അവിടെ. ഖാലിദുബ്‌നു യസീദാണയാള്‍. അയാള്‍ പറഞ്ഞു: ” രാത്രിയില്‍ തയ്യാര്‍ ചെയ്ത പ്ലാന്‍”.

മര്‍ജ് റാഹത്ത്
ശാമില്‍ ഇബ്‌നുസുബൈറിന്റെ പ്രതിനിധി ളഹ്ഹാക്ക്ബ്‌നു ഖൈസ് ആയിരുന്നുവെന്ന് പറഞ്ഞുവല്ലോ. ളഹ്ഹാക്കും മര്‍വാനും മര്‍ജ്‌റാഹത്ത് എന്ന സ്ഥലത്ത് ഏറ്റുമുട്ടി. ളഹ്ഹാക്കിന്റെ ഭാഗത്ത് അറുപതിനായിരം സുസജ്ജരായ സൈനികരുണ്ടായിരുന്നു. എന്നാല്‍ മര്‍വാനിന്റെ പക്ഷത്ത് പതിമൂന്നായിരം പേര്‍ മാത്രം. അതുതന്നെ വേണ്ടത്ര ആയുധ സജ്ജീകരണങ്ങളില്ലാത്തവര്‍. ഇരുപത് ദിവസം ഏറ്റുമുട്ടലുകള്‍ നടന്നു. ആരും ജയിച്ചില്ല. ഒടുവില്‍ ഉബൈദുല്ലാഹിബ്‌നു സിയാദ് മര്‍വാനിനോട് പറഞ്ഞു: നിങ്ങള്‍ സത്യത്തിന്റെ പക്ഷത്താണ്. ഇബ്‌നു സുബൈറും അനുയായികളും അസത്യത്തിന്റെ ഭാഗത്തും. അതിനാല്‍ നിങ്ങള്‍ക്ക് എന്ത് കൗശലവും പ്രയോഗിക്കാം. നമുക്ക് കൗശലംകൊണ്ടല്ലാതെ ശക്തികൊണ്ട് ജയിക്കാനാവില്ല.

മര്‍വാന്‍: എന്താണ് കൗശലം ?
ഇബ്‌നുസിയാദ്: ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന വ്യാജേന അവരെ കുടുക്കിലാക്കിക്കളയാം.

അങ്ങനെ മര്‍വാന്‍ തങ്ങള്‍ ഒത്തുതീര്‍പ്പിന് തയ്യാറാണ്; യുദ്ധം നിര്‍ത്തണം എന്ന് പ്രഖ്യാപിച്ചു. ളഹ്ഹാക്ക് അത് സ്വീകരിച്ചു. യുദ്ധം നിലച്ചു. പക്ഷേ, മര്‍വാനിന്റെ അശ്വവിഭാഗം അറിയാതെ പരാക്രമണം നടത്തി. ളഹ്ഹാക്ക് വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സൈനികര്‍ ഓടാന്‍ തുടങ്ങി. മര്‍വാന്‍ മാന്യനായി ചമഞ്ഞു: അയാള്‍ പ്രഖ്യാപിച്ചു: ഉന്നു പിന്തിരിഞ്ഞോടുന്നവനെ പിന്തുടര്‍ന്ന് കൊല്ലരുത്. ഈ യുദ്ധത്തില്‍ മര്‍വാനിന്ന് പുത്രന്‍ അബ്ദുല്‍ അസീസിനെ നഷ്ടപ്പെട്ടു.

മര്‍വാനിന്റെ അന്ത്യം
‘മര്‍ജ്‌റാഹത്തി’ല്‍ വിജയിച്ച മര്‍വാന്‍ ഡമസ്‌കസില്‍ പ്രവേശിച്ചു. ദാറുല്‍ ഇമാറത്തില്‍ (ഭരണഭവന്‍) ഇരുന്നു. പലഭാഗത്തുനിന്നും സൈനിക മേധാവികള്‍ വന്നു. ബൈഅത്ത് ചെയ്തു മടങ്ങി. മര്‍വാനിന്ന് ഒരാളെ മാത്രമേ ഭയമുണ്ടായിരുന്നുള്ളു. യസീദിന്റെ പുത്രന്‍ ഖാലിദ്. അവനെ നേരിടാന്‍ ഒരു സൂത്രം കണ്ടു. അയാളുടെ വിധവയായ മാതാവിനെ വിവാഹം കഴിച്ചുകളയുക. അങ്ങനെ മര്‍വാന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. ഖാലിദിന്റെ രോശം കുറഞ്ഞു. ഒരിക്കല്‍ ഏതോ ഒരു കാര്യത്തില്‍ മര്‍വാന്‍ ഖാലിദിനോട് കോപിച്ചു. മര്‍വാന്‍ ചീത്തവാക്ക് പറയാന്‍ മടികാണിക്കാത്ത ആളായിരുന്നു. ഖാലിദിന്റെ മാതാവിനെ (ഇപ്പോള്‍ മര്‍വാനിന്റെ ഭാര്യ) അപമാനിക്കുന്ന തരത്തില്‍ ഖാലിദിനെ ചീത്ത പറഞ്ഞു. ഖാലിദ് ഇക്കാര്യം മാതാവിനെ ധരിപ്പിച്ചു. നീ വിഷമിക്കേണ്ട, ഇനി ഇതാവര്‍ത്തിക്കയില്ല. എന്നു മാതാവ് മകനെ സ്വാന്തനപ്പെടുത്തി.

ഒരു നിശയില്‍ മര്‍വാന്‍ ഖാലിദിന്റെ മാതാവായ തന്റെ ഭാര്യയോടൊപ്പം അന്തിയുറങ്ങി. അവള്‍ തന്റെ തോഴിമാരോട് മര്‍വാനിനെ തന്ത്രത്തില്‍ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു. തോഴിമാര്‍ അത് ഭംഗിയായി നിര്‍വ്വഹിച്ചു. എന്നിട്ടു ഒരു പ്രകടനവും. വസ്ത്രങ്ങള്‍ പറിച്ചുചീന്തി; വിലാപത്തോടെ ആര്‍ത്തുവിളിച്ചു: ഓ അമീറുല്‍ മുഅ്മിനീന്‍ ! ഓ അമീറുല്‍ മുഅ്മിനീന്‍ !”.

മക്കയിലാണ് മര്‍വാനുബ്‌നുല്‍ഹക്കമിന്റെ ജനനം. ശാമില്‍ നിര്യാതനാകുമ്പോള്‍ അയാള്‍ക്ക് അറുപത്തിമൂന്ന് വയസ്സ് പ്രായമുണ്ടായിരുന്നു.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter