പ്രഹസനമാകുന്ന നവോത്ഥാന വാദങ്ങളും ദലിത്-മുസ്ലിം വിവേചനവും
മുസ്ലിം പ്രശ്നങ്ങളെ ക്കുറിച്ച് സംസാരിക്കുമ്പോള്‍, അടുത്ത ദളിത് സുഹൃത്തുക്കളായ പലരും സ്വകാര്യസംഭാഷണണങ്ങളിള്‍ ചോദിച്ചിട്ടുള്ള / ചോദിക്കാറുള്ള ഒരു ചോദ്യം കേരളത്തിലെ സാഹചര്യത്തില്‍ മുസ്ളീങ്ങള്‍ ദളിതുകള്‍ നേരിടുന്ന വിവേചനങ്ങള്‍ നേരിടുന്നുണ്ടോ, ഞാനുള്‍പ്പടെയുള്ള പലരും പലപ്പോഴും മുസ്ളീം പ്രശ്നങ്ങളെക്കുറിച്ച് പറയുന്നത് ഊതിപെരുപ്പിക്കലല്ലേ എന്നാണ്.
അവരോട് അതിന് പറയാറുള്ള മറുപടി വിഭവാധികാരത്തിന്റെ കാര്യത്തിലും, രാഷ്ട്രീയാധികാരത്തിലും കേരളത്തിലെ മുസ് ലിംകള്‍ ദളിതുകളെ അപേക്ഷിച്ച് വളരെ മുന്നിലാണെങ്കിലും, അത് അവര്‍ ഉള്‍പ്പടെയുള്ള ആരുടേയും വിഹിതം മോഷ്ടിച്ചിട്ടില്ലെന്നും, മുസ്ളീങ്ങള്‍ അര്‍ഹിക്കുന്നതാണെന്നും, സമ്പത്ത് ഉല്‍പാദനത്തിന്റെ കാര്യമാണെങ്കില്‍, ഇവിടുത്തെ ഒരു അധികാര വ്യവസ്ഥയുടേയും ഔദാര്യമല്ലെന്നും, ഗള്‍ഫിലടക്കം കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ മൂലധനം ആണെന്നും ആണ്.
ഇത്തരം ഭൗതിക സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, മുസ് ലിംകള്‍ മുഖ്യധാരയില്‍ വിവേചനം നേരിടുന്നുണ്ടെന്നും, അത് ചിലപ്പോഴെങ്കിലും ദളിതുകള്‍ അനുഭവിക്കുന്ന വിവേചനത്തേക്കാള്‍ വലുതാണെന്നു മാണ് വസ്തുത.
അത് മനസ്സിലാകണമെങ്കില്‍, ഇന്നലത്തേയും ഇന്നത്തേയും രണ്ട് അനുഭവങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി. ഇന്നലത്തെ കലേഷ് എന്ന ദളിത് കവിയുടെ, സ്വന്തം കവിതയുടെ മേലുള്ള, അവകാശത്തെ ചോദ്യം ചെയ്ത് കൊണ്ട്, അദ്ദേഹത്തെ അപമാനിക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടായപ്പോള്‍, അത് ചെയ്ത വ്യക്തികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന് വരികയും, അതിനെ തുടര്‍ന്ന്, അറച്ചും മടിച്ചു മാണെങ്കിലും, അതിന് കാരണക്കാരനായ വ്യക്തിയെ, അയാള്‍ പങ്കെടുക്കേണ്ട 'ഭരണഘടനാ സംരക്ഷണ സംബന്ധമായ പരിപാടിയില്‍ നിന്ന് ഒഴിവാക്കേണ്ട നിര്‍ബന്ധിത സാഹചര്യമുണ്ടാവുകയും ചെയ്തു. അത് സംഭവിക്കേണ്ടത് തന്നെ.
അതേ സമയം, അതേ പരിപാടിയില്‍, ഒരു മുസ് ലിം ചെറുപ്പക്കാരനെ തീവ്രവാദിയാക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയ, ഒരു സ്ത്രീയെ പ്രമുഖ സ്ഥാനത്ത് പ്രതിഷ്ഠിച്ചതിനെതിരെയുള്ള പ്രതിഷേധങ്ങളോട് പ്രതികരിയ്ക്കാന്‍ പോലും സംഘാടകര്‍ തയ്യാറായില്ല.
ജീവിതഗന്ധിയായ കവിതയെ ക്കുറിച്ച് തീര്‍ച്ചയായും സംസാരിക്കേണ്ടത് തന്നെ. പക്ഷേ, ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെ എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാന്‍, കവിതയെ വെല്ലുന്ന കാല്‍പനികതയോടെ കഥകള്‍ ചമച്ച ആ സ്ത്രീയുടെ കുടിലത നിങ്ങള്‍ക്ക് എങ്ങനെ കാണാതിരിയ്ക്കാന്‍ കഴിയും?
ഭരണഘടനയുടെ അന്തസത്ത സംരക്ഷിക്കാന്‍ സംഘടിപ്പിച്ച ആ സംഗമത്തിലാണ് ആര്‍ട്ടിക്കിള്‍ - '21 എന്ന ജീവിക്കാനുള്ള അവകാശം ഒരു ചെറുപ്പക്കാരന് നിഷേധിയ്ക്കാരന്‍ ശ്രമിച്ച ഒരു സ്ത്രീ മുഖ്യാതിഥിയുടെ വേഷത്തില്‍ പങ്കെടുക്കുന്നതിന്റെ വൈരുധ്യം എങ്ങനെ വിശദീകരിക്കും? ആ സ്ത്രീയോട് .. അത് പോലെ ആ പരിപാടിയുടെ സംഘാടകരോട് സംസാരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഹാദിയയുടെ തട്ടം വലിച്ച് കീറണം എന്ന് പരസ്യമായ പ്രഖ്യാപിച്ച സുഗതനെ കണ്‍വീനറാക്കുന്ന കേരളീയ നവോത്ഥാനത്തിന്റെ മുഖമാകാന്‍ എന്ത് കൊണ്ടും യോഗ്യ, ഹാദിയ യുടെ ഭര്‍ത്താവിനെ തീവ്രവാദിയാക്കാന്‍ പരിശ്രമിച്ച ആ പത്രപ്രവര്‍ത്തക പരിഷ തന്നെയാണ്.
അവരൊക്കെ മുന്നില്‍ നിക്കുന്ന ഈ നവോത്ഥാനത്തെ, ഏറ്റവും മിതമായ ഭാഷയില്‍ 'നാറിയ നവോത്ഥാനം' എന്ന് പറയാനേ എനിക്ക് കഴിയൂ.. എന്നോട് ക്ഷമിക്കുക.
എനിയ്ക്ക് ചോദിയ്ക്കാനുള്ളത്, കലേഷ് ഞങ്ങളുടെ സഹോദരന്‍ ആണെന്ന് പറഞ്ഞ് എന്നെ ഉത്തേജിപ്പിച്ച, എനിയ്ക്ക് കൂടി സഹോദരി തുല്യയായ, അഭിപ്രായ വിത്യാസങ്ങള്‍ക്കിടയിലും, ഞാന്‍ സ്നേഹ ബഹുമാനങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിയ്ക്കുന്ന ആ ദളിത് ഫെമിനിസ്റ്റിനോടാണ്. കലേഷിനോടുള്ള നിങ്ങളുടെ സാഹോദര്യത്തെ വിലമതിയ്ക്കുന്നു. പക്ഷേ, ഈ സാഹോദര്യ ഭാവന അതിന്റെ സൗന്ദര്യം എല്ലായിടത്തും നിങ്ങള്‍ അംഗീകരിക്കുമോ? അതായത് ഷെഫിന്‍ എനിയ്ക്ക് സഹോദരന്‍ ആണ്. അത് പോലെ അയാളെ സഹോദരന്‍ ആയി കാണുന്ന ആയിരങ്ങളുണ്ട്. ഷെഫിനെപ്പോലെ ഒരു ചെറുപ്പക്കാരന്റെ ജീവിതം അപകടത്തില്‍ പെടുത്താന്‍ ശ്രമിച്ച, ആ സ്ത്രീയെ, ഇത് പോലൊരു സ്പേയ്സില്‍ എഴുന്നുള്ളിച്ച് കൊണ്ട് വരുമ്പോള്‍, എന്ത് കൊണ്ട് നിങ്ങള്‍ നിശബ്ദരായിരിക്കുന്നു.
നിങ്ങളെപ്പോലുള്ളവരുടെ നിശബ്ദാനുമതിയുടെ ബലത്തില്‍ കൂടിയല്ലേ ഇതൊക്കെ സംഭവിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങള്‍ തന്നെയാണ്, എന്നെപ്പോലെ ഒരാളെ ഇവിടെ ഏറ്റവും കൂടുതല്‍ വിവേചനം അനുഭവിക്കുന്നത്, മുസ് ലിംകള്‍ തന്നെയാണെന്ന് സ്വയവും മറ്റുള്ളവരേയും കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്താന്‍ പ്രേരിപ്പിയ്ക്കുന്നത്.
Leave A Comment