ട്രംപിന്റെ സഊദി സന്ദര്‍ശനം: ആകുലതകള്‍ക്ക് അറുതി വരുമോ?
അറബ് ലോകം അനുഭവിക്കുന്ന ഭീകരവാദ പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനത്തിനു കഴിയുമോ? മുസ്‌ലിംകളെക്കുറിച്ച് പടിഞ്ഞാറില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ ലഘൂകരിക്കാന്‍ ഇതിനു കഴിയുമോ? അതോ, അമേരിക്കയുടെ ഭാവി പൊളിറ്റിക്‌സ് രൂപീകരിക്കുന്നതിന്റെ ഭാഗമായിട്ടാണോ ഈ സന്ദര്‍ശനം? അമേരിക്കന്‍ പ്രസിഡന്റ് സഊദി സന്ദര്‍ശനം നടത്തുമ്പോള്‍ നാനാഭാഗങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണിവ.
ഒന്നിക്കാം, അതിജയിക്കാം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മൂന്നു ദിവസത്തെ സഊദി സന്ദര്‍ശനത്തിലാണ് ട്രംപ്. മൂന്നു വിശുദ്ധ ഭൂമികളും താന്‍ സന്ദര്‍ശിക്കുമെന്നും മൂന്ന് സമുദായങ്ങളും ഒന്നിച്ചാല്‍ ഭീകരതയെ തുടച്ചുമാറ്റാനാകുമെന്നുമാണ് റിയാദിലെ സ്വീകരണ പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കിയത്. 50 ഓളം അറബ് രാജ്യങ്ങളില്‍നിന്നുള്ള ഭരണാധികാരികളെ അഭിസംബോധനം ചെയ്തുകൊണ്ടായിരുന്നു അവിടെ അദ്ദേഹത്തിന്റെ ചരിത്ര പ്രസംഗം. മുസ്‌ലിംലോകത്തോട് അമേരിക്കയുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു അത്. ഭീകരവാദവും തീവ്രവാദവും മുഖ്യവിഷയമായി ഉയര്‍ത്തിക്കാണിച്ച ട്രംപ് ഒരു മതവും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പറഞ്ഞു.
അമേരിക്ക ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായതിനാല്‍ മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണമെന്നോ, എന്തു ചെയ്യണമെന്നോ, ആരായിത്തീരണമെന്നോ, എന്തിനെ ആരാധിക്കണമെന്നോ ഞങ്ങള്‍ പറയില്ല. പൗരന്മാരുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ട്രംപിന്റെ സംസാരത്തിലെ മറ്റൊരു ഭാഗം ഇങ്ങനെയായിരുന്നു.
പുതിയ രാഷ്ട്രീയ ഇന്നിംഗ്‌സിനിറങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭാവിപരിപാടികള്‍ക്കുള്ള ഹോംവര്‍ക്കുകളായി വേണം ഇത്തരം സന്ദര്‍ശനങ്ങളെയും പ്രസ്താവനകളെയും കാണാന്‍. തനിക്കാക്കി വെടുക്കാക്കുക എന്ന നാടന്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗം തന്നെയാണിത്. തങ്ങളുടെ സാമ്പത്തിക ഭദ്രതക്ക് സഊദി കൂടെയുണ്ടാവുകയെന്നത് അമേരിക്കക്ക് എന്നും അത്യാവശ്യമാണ്. അതൊടൊപ്പം അറബ് ലോകത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നേരിട്ടു ഇടപെടാനും ഇവിടെ ഒരിടം ആവശ്യമായതിനാലാണ് സല്‍മാന്‍ രാജാവിനെ കൂടെ നിറുത്തുന്നത്. സഊദി തങ്ങളുടെ പഴയ രീതി പോലെത്തന്നെ അമേരിക്കയെ തോളിലേറ്റുകയും രാജ്യത്തെ ഉന്നത ബഹുമതി നല്‍കി ട്രംപിനെ ആദരിക്കുകയും ചെയ്തു.
ലോകത്തെ ജനങ്ങള്‍ ഏതു വിശ്വാസക്കാരാണെങ്കിലും അവരുടെയെല്ലാം സുരക്ഷ തങ്ങളുടെ കരങ്ങളിലാണെന്ന ട്രംപിന്റെ പ്രസ്താവന തങ്ങളുടെ അന്യരാഷ്ട്രങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങളെയും അധിനിവേശ ശ്രമങ്ങളെയും ന്യായീകരിക്കുന്നതാണ്. അവിടെത്തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നവും കിടക്കുന്നത്. മറ്റു രാജ്യങ്ങളിലെ ജനങ്ങളുടെ സുരക്ഷയുടെ പേരു പറഞ്ഞ് ഏതു രാഷ്ട്രങ്ങളിലേക്കും കയറിച്ചെല്ലാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാഖിലും ലിബിയയിലുമെല്ലാം കണ്ടത് ഇതായിരുന്നു.
ബുഷും ഒബാമയും തീവ്രതയുടെ തോതില്‍ വ്യത്യാസമുണ്ടെങ്കിലും അടിസ്ഥാനപരമായും നിലപാടില്‍ ഒരേ രീതി സ്വീകരിച്ചവര്‍ തന്നെയാണ്. ട്രംപ് അതിനേക്കാള്‍ ഒരു പടി മുന്നിലേക്ക് ചവിട്ടുമോ എന്നതാണ് ലോകം വീക്ഷിക്കുന്നത്. ഭരണത്തില്‍ വന്ന ശേഷം മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനുകൂലവും പ്രതികൂലവുമായ നിലപാടുകള്‍ പലപ്പോഴായി ട്രംപ് സ്വീകരിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേകിച്ചും.
സഊദിക്കു ശേഷം ഇബ്‌റാഹീമീ പൈതൃകത്തിന്റെ ഭൂമിയായ ജറൂസലം, ബത്‌ലഹേം, വത്തിക്കാന്‍ തുടങ്ങിയവ സന്ദര്‍ശിക്കുന്നതിലൂടെ ട്രംപ് സ്വപ്‌നം കാണുന്ന ചില അജണ്ടകളുണ്ട്. മൂന്ന് വിശുദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കുകയും മൂന്നു സമുദായ നേതാക്കളുമായി സംവദിക്കുകയും ചെയ്യുക വഴി അമേരിക്കക്ക് പുതിയ ചുവടുകളെക്കുറിച്ച വ്യക്തമായ അവബോധമാണ് ലഭിക്കുക. അതിനുള്ള മുന്നണി പ്രവര്‍ത്തനങ്ങളിലാണ് സത്യത്തില്‍, ട്രംപ് ഇപ്പോള്‍ ഇടപ്പെട്ടിരിക്കുന്നത്. ട്രംപ് തന്നെ ഒരു പ്രത്യേക നിലപാടിന്റെയും സമീപനത്തിന്റെയും ആളായതിനാല്‍ അറബ് ലോകത്തെ നിലവിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍മാവുകയെന്നതിലപ്പുറം വലിയ തുറവുകളൊന്നും ഈ സന്ദര്‍ശനങ്ങളില്‍നിന്നും പ്രതീക്ഷിക്കാവതല്ല എന്നാണ് പൊതുവായ രാഷ്ട്രീയ നിരീക്ഷണം. ഇത് മനസ്സിലാക്കാതെയുള്ള സഊദിയുടെ അതിരുകവിഞ്ഞ കുമ്പിടല്‍ രാഷ്ട്രീയമാണ് പലരെയും ചൊടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്.
Leave A Comment