വേലുത്തമ്പി ദളവ: മിഥ്യയും യാഥാര്‍ത്ഥ്യവും
വേലുത്തമ്പി ദളവ: മിഥ്യയും യാഥാര്‍ത്ഥ്യവും
ഡോ.എം.എസ്. ജയപ്രകാശ്

1765-ല്‍ ജനിച്ച് 1809-ല്‍ ആത്മഹത്യ ചെയ്ത വേലുത്തമ്പിയെ പറ്റിയുള്ള ചരിത്രരേഖകള്‍ വേണ്ടുവോളം ലഭ്യമാണ്. നീചമായ മാര്‍ഗങ്ങളിലൂടെ ദളവാസ്ഥാനം പിടിച്ചെടുക്കുകയും അതു നിലനിര്‍ത്താന്‍ തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ക്കു തീറെഴുതുകയും ചെയ്ത അധികാരമോഹിയായിരുന്നു വേലുത്തമ്പി. ഈ രാജ്യദ്രോഹിയെ തൂക്കിക്കൊല്ലാന്‍ രാജാവ് ഉത്തരവിട്ടിരുന്ന കാര്യം എ. ശ്രീധരമേനോന്‍ അടക്കമുള്ള ചരിത്രകാരന്മാര്‍ മറച്ചുവെക്കുകയാണുണ്ടായത്.
1798-ല്‍ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ അധികാരത്തില്‍ വന്നു. അദ്ദേഹത്തിന്റെ മന്ത്രിമാരായിരുന്നു ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയും ശങ്കരനാരായണന്‍ ചെട്ടിയും മാത്തുതരകനും. അക്കാലത്തു തലക്കുളം ദേശത്തെ കാര്യക്കാരനായിരുന്നു വേലുത്തമ്പി. സാമ്പത്തിക പ്രതിസന്ധി പരഹരിക്കാന്‍ ധനികരില്‍നിന്നു പണം പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തമ്പിയോട് 20,000 കാലിപ്പണം (3000 രൂപ) നല്‍കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ തമ്പി സര്‍ക്കാറിനെതിരെ തിരിഞ്ഞു. മുമ്പു പറഞ്ഞ മന്ത്രിമാര്‍ക്കെതിരെ തമ്പി ലഹളക്കൊരുങ്ങി. രാജാകേശവദാസനുശേഷം മറ്റൊരു നായരെ ആ സ്ഥാനത്തു നിയമിക്കാതെ ഒരു നമ്പൂതിരിയെയും ചെട്ടിയെയും ക്രിസ്ത്യാനിയെയും നിയമിച്ചതില്‍ വേലുത്തമ്പിക്കും കൂട്ടര്‍ക്കും ജാതി വിദ്വേഷവും ഉണ്ടായിരുന്നു. (ടി.കെ. വേലുപ്പിള്ള -സ്റ്റേറ്റ് മാനുവല്‍, പുറം 195)
നാട്ടു പ്രമാണിമാരെ സംഘടിപ്പിച്ചു കൊണ്ടു തമ്പി തിരുവനന്തപുരത്ത് എത്തി. പരിഭ്രാന്തനായ രാജാവ് ലഹളക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതനായി. ശങ്കരനാരായണനെ ചെവികള്‍ അറുത്ത് ഉദയഗിരിക്കോട്ടയിലും മാത്തു തരകനെ ചെവിയറുത്തു തിരുവനന്തപുരത്തും തടവിലാക്കി. ജയന്തന്‍ നമ്പൂതിരിയെ നാടുകടത്തി. ഇതിനെത്തുടര്‍ന്നു വേലുത്തമ്പി മുളകുമടിശ്ശീലക്കാരനായി നിയമിതനായി (കുരുമുളകു വ്യാപാരത്തിന്റെ കുത്തകച്ചുമതലയുള്ള ഉദ്യോഗസ്ഥന്‍). ഈ പദവിയിലിരുന്നുകൊണ്ടു ദളവാസ്ഥാനം കൈവശപ്പെടുത്താന്‍ അനേകം കൊലപാതകങ്ങള്‍ തമ്പി നടത്തി.
രാജാകേശവദാസന്റെ സഹോദരന്‍ തമ്പി ചെമ്പകരാമന്‍കുമാരന്‍ അനന്തരവനായ ഇരയിമ്മന്‍തമ്പി എന്നിവരായിരുന്നു ദളവാസ്ഥാനത്തേക്കു കൂടുതല്‍ അര്‍ഹരായിരുന്നത്. ഒരു രാത്രിയില്‍ ഇവരെ കടപ്പുറത്തേക്കു കൊണ്ടുപോയി തല വെട്ടിയെടുക്കുകയാണുണ്ടായത്. (പി. ശങ്കുണ്ണിമേനോന്‍ -തിരുവിതാംകൂര്‍ ചരിത്രം, പുറം. 229-30)
ഇപ്രകാരം ചോരപുരണ്ട കൈകളുമായി ദളവാസ്ഥാനം പിടിച്ചുപറ്റിയ വേലുത്തമ്പി ഒരു കൊലയാളി ഭരണത്തിനു തുടക്കം കുറിക്കുകയാണ് ചെയ്തത്. എന്നാല്‍, ഈ കാടത്തത്തെ ജനകീയ മുന്നേറ്റം കൈവരിച്ച ആദ്യത്തെ വിജയമെന്നു പറയാനും നമ്മുടെ ചില അക്കാദമിക് ചരിത്രകാരന്മാര്‍ക്കു മടിയില്ല.
തമ്പിയുടെ പ്രവൃത്തികളില്‍ അതൃപ്തരായ കൊട്ടാരം ഉദ്യോഗസ്ഥര്‍ അയാള്‍ക്കെതിരെ ഗൂഢാലോചന ആരംഭിച്ചു. വേലുത്തമ്പിയുടെ എല്ലാ ചതിപ്രയോഗങ്ങള്‍ക്കും കൂട്ടുനിന്ന കുഞ്ചുനീലന്‍പിള്ളതന്നെയായിരുന്നു ഇപ്പോള്‍ തമ്പിക്കെതിരായ ഗൂഢാലോചനക്കും നേതൃത്വം നല്‍കിയത്. തമ്പിയെ ദളവാസ്ഥാനത്തുനിന്നും നീക്കംചെയ്യാനും തൂക്കിക്കൊല്ലാനും രാജാവിനെക്കൊണ്ട് ഉത്തരവിറക്കാന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ വിവരം മുന്‍കൂട്ടി അറിഞ്ഞ തമ്പി രഹസ്യമായി രാജ്യം വിട്ടോടി. (പി. ശങ്കുണ്ണി മേനോന്‍ -എ ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍ ഇംഗ്ലീഷ്, പുറം 303,  1984) കൊച്ചിയിലെത്തിയ തമ്പി മെക്കാളെ സായിപ്പിന്റെ കാല്‍ക്കല്‍ അഭയം പ്രാപിച്ചു. തമ്പിയുടെ രക്ഷക്കായി മെക്കാളെ ഒരു സൈന്യവുമായി തിരുവനന്തപുരത്ത് എത്തി. ഈ അവസരം തമ്പി വേണ്ടവണ്ണം ഉപയോഗിച്ചു. രാജാകേശവദാസന്റെ ബന്ധുക്കളെ വധിച്ചതു കുഞ്ചുനീലന്‍ പിള്ളയും മുത്തുപിള്ളയുമാണെന്നു തമ്പി മെക്കാളെയോട് കള്ളം പറഞ്ഞു. അവരെ തടവിലാക്കി വിചാരണക്കു മുമ്പു രഹസ്യമായി വധിക്കുകയാണു തമ്പി ചെയ്തത്. (പി. ശങ്കുണ്ണി മേനോന്‍ -തിരുവിതാംകൂര്‍ ചരിത്രം, പുറം 234). ഇപ്രകാരം ബ്രിട്ടീഷുകാരുടെ തണലില്‍നിന്നുകൊണ്ട് സ്വന്തം ജനതയെ കൊലചെയ്ത വേലുത്തമ്പിയെയാണു ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ച ആദ്യത്തെ ഭരണതന്ത്രജ്ഞന്‍ എന്നു ചില ചരിത്രകാരന്മാര്‍ കൊട്ടിഘോഷിക്കുന്നത്. മെക്കാളയുടെ പിന്‍ബലത്തില്‍ തൂക്കുമരത്തില്‍ നിന്നും രക്ഷപ്പെട്ട വേലുത്തമ്പി വീണ്ടും ദളവയായി.
സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി തമ്പി നായര്‍ പട്ടാളത്തിന്റെ അലവന്‍സ് വെട്ടിച്ചുരുക്കി. ഈ നടപടി നായര്‍ പട്ടാളത്തെ നിരാശരാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. പട്ടാളം കലാപം തുടങ്ങി. ഈ സമയത്തും വേലുത്തമ്പി ആലപ്പുഴയിലായിരുന്നു. ഈ സന്ദര്‍ഭത്തിലും തമ്പിയെ സഹായിക്കാനെത്തിയത് മെക്കാളെ ആയിരുന്നു. മെക്കാളെ ഇംഗ്ലീഷ് സൈന്യത്തെ തിരുവനന്തപുരത്ത് അയക്കുകയും നായര്‍ പട്ടാളത്തെ അടിച്ചമര്‍ത്തുകയും ചെയ്തു. ലഹളക്കാരെ ശിക്ഷിക്കുന്ന കാര്യത്തില്‍ തമ്പിതന്നെ നിര്‍ദേശങ്ങള്‍ നല്‍കി. നേതാക്കന്മാരെ പീരങ്കിയുടെ വായോടു ചേര്‍ത്തുകെട്ടി വെടിവെച്ചു കൊന്നു. The ring leaders were hanged. behaded. shotdoen and blown from the mouth of the cannorn. (ടി.കെ. വേലുപ്പിള്ള -സ്റ്റേറ്റ് മാനുവല്‍, പുറം 195)
പട്ടാളത്തിന്റെ നേതാവായിരുന്ന കൃഷ്ണപ്പിള്ളക്ക് തമ്പി നല്‍കിയ ശിക്ഷ ഭീകരമായിരുന്നു. അയാളുടെ കാലുകള്‍ രണ്ടാനകളുടെ കാലുകളില്‍ ബന്ധിച്ചു. എന്നിട്ട് അവയെ രണ്ടു വശത്തേക്ക് ഓടിച്ചു. നിമിഷങ്ങള്‍ക്കകം അയാള്‍ രണ്ടായി കീറിയ നിലയിലായി. (ശങ്കുണ്ണി മേനോന്‍ -തിരുവിതാംകൂര്‍ ചരിത്രം, പുറം. 238) സ്വന്തം പട്ടാളക്കാര്‍ ലഹളയാരംഭിച്ചപ്പോള്‍ അവരുടെ നേതാക്കളുമായി കൂടിയാലോചിച്ചു. പ്രശ്‌നപരിഹാരം കാണാതെ നാടുവിട്ടോടി ബ്രിട്ടീഷുകാരന്റെ കാലുപിടിച്ചു അവരുടെ സൈന്യത്തെ വരുത്തി സ്വന്തം ജനതയെ അടിച്ചമര്‍ത്തിയ ദേശസ്‌നേഹിയായിരുന്നു വേലുത്തമ്പി.
വേലുത്തമ്പിക്കു നല്‍കിയ ഈ സഹായത്തിനു പ്രതിഫലമായി ബ്രിട്ടീഷുകാര്‍ ആവശ്യപ്പെട്ടതാണ് 1805-ലെ ഉടമ്പടി. തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ക്കു തീറെഴുതുകയാണ് ഇതിലൂടെ വേലുത്തമ്പി ചെയ്തത്. രാജാവും ഉദ്യോഗസ്ഥന്മാരും എതിര്‍ത്തെങ്കിലും മെക്കാളെയും തമ്പിയും തയ്യാറാക്കിയ ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ രാജാവു നിര്‍ബന്ധിതനായി. സൈന്യത്തെ വരുത്തി ഭീഷണിപ്പെടുത്തിയിട്ടാണു തന്നെക്കൊണ്ട് ഉടമ്പടി ഒപ്പിടുവിച്ചത് എന്നു മഹാരാജാവ് മദ്രാസ് ഗവര്‍ണര്‍ക്ക് എഴുതിയത് ശ്രദ്ധേയമാണ്. (R. caldwell history of tinnelvery, P:  262) 1795-ലെ ഉടമ്പടി പ്രകാരം നാലു ലക്ഷമായിരുന്ന കപ്പം പുതിയ ഉടമ്പടി പ്രകാരം എട്ടു ലക്ഷമായി വര്‍ദ്ധിപ്പിച്ചു. തിരുവിതാംകൂര്‍ മുഴുവന്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലാവുകയും ചെയ്തു. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പോലും ഈ ഉടമ്പടി അടിച്ചേല്‍പിച്ച നടപടി ശരിയായില്ല എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
1805-ലെ ഉടമ്പടി പ്രകാരം തിരുവിതാംകൂറിനെ ബ്രിട്ടീഷ് ആധിപത്യത്തില്‍ എത്തിച്ചുകൊടുത്തതിനു വേലുത്തമ്പിക്കു സമ്മാനം നല്‍കാനും ബ്രിട്ടീഷുകാര്‍ മറന്നില്ല. രത്‌നഖചിതമായ ഒരു പുറം കുപ്പായവും വീരാളിപ്പട്ടുമായിരുന്നു വെല്ലസ്ലി പ്രഭു തമ്പിക്കു നല്‍കിയത്. തിരുവിതാംകൂറിന്റെ അന്തസ്സും അഭിമാനവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തി അടിമത്തം കൈവരിച്ചതിന്റെ പ്രതീകമായ ഈ കുപ്പായത്തോടുകൂടിയാണു തമ്പിയുടെ എല്ലാ ചിത്രങ്ങളും. സെക്രട്ടറിയേറ്റിനു മുമ്പില്‍ സ്ഥാപിച്ച തമ്പിയുടെ പ്രതിമയില്‍ കാണുന്നതും ഈ കുപ്പായമാണ്.
1805-ലെ കരാര്‍ പ്രകാരം കമ്പനിക്കു നല്‍കേണ്ട എട്ടു ലക്ഷം രൂപ നല്‍കാന്‍ തമ്പിക്കു കഴിയാതെ വന്നു. തമ്പി സ്വന്തം താല്പര്യപ്രകാരം കൊടുക്കാമെന്നു പറഞ്ഞതാണ് ഈ തുക. ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കില്ലെന്നു മെക്കാളെ അറിയിച്ചു. കമ്പനിക്കു നല്‍കേണ്ട തുക കൃത്യമായി നല്‍കാന്‍ കഴിവുള്ള മറ്റൊരാളെ ദളവയായി നിയമിക്കാന്‍ മെക്കാളെ രാജാവിനെ ഉപദേശിച്ചു. കൂടാതെ പ്രതിമാസം അഞ്ഞൂറു രൂപ പെന്‍ഷന്‍ വാങ്ങി മലബാറിലെ ചിറക്കല്‍ പോയി താമസിക്കാന്‍ വേലുത്തമ്പിയോട് മെക്കാളെ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെയാണു തമ്പിയുടെ സ്വാതന്ത്ര്യസമരം ആരംഭിക്കുന്നത്.
ഈ അവസരത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാനായി തമ്പി മറ്റൊരു അരുംകൊല കൂടി നടത്തി. രാജാവിന്റെ സ്ഥാനപതിയും മെക്കാളെയുടെ ആശ്രിതനുമായിരുന്ന സുബ്ബയ്യനായിരുന്നു ഇര. രാജാവും മെക്കാളെയും തമ്മിലുള്ള കത്തിടപാടുകള്‍ക്കു മധ്യവര്‍ത്തിയായിരുന്നു സുബ്ബയ്യന്‍.
തുടര്‍ന്ന് മെക്കാളെയെ വധിക്കാന്‍ തമ്പി പദ്ധതി തയ്യാറാക്കി. മെക്കാളെ ആവശ്യപ്പെട്ടതുപോലെ പെന്‍ഷന്‍ വാങ്ങി ചിറക്കല്‍ പോയി താമസിക്കാന്‍ തയ്യാറാണെന്നു തമ്പി മെക്കാളയെ അറിയിച്ചു. സത്യത്തില്‍ ഇതൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു. മെക്കാളെയുടെ വസതിക്കു കാവല്‍ നിന്നിരുന്ന പട്ടാളക്കാരെയും ഒരു പല്ലക്ക്, ബോട്ട് എന്നിവയും തമ്പിക്കു നല്‍കി. ഈ അവസരം നോക്കി തമ്പി തന്റെ പട്ടാളത്തെ കൊച്ചിയിലയച്ചു മെക്കാളെയുടെ വസതി ആക്രമിച്ചു. പാലിയത്തച്ചന്റെ പട്ടാളവും തമ്പിയെ സഹായിക്കാനുണ്ടായിരുന്നു. ഇതാണു പാലിയത്തച്ചന്റെ സ്വാതന്ത്ര്യസമരം! ചരിത്രകാരന്മാര്‍ക്ക് ഇതൊക്കെ സ്വാതന്ത്ര്യസമരമാവാം. എന്നാല്‍, ചരിത്രബോധമുള്ള ജനത ഈ കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.
മെക്കാളെ തന്റെ വസതിയിലുള്ള രഹസ്യമുറയില്‍ കയറിയിരുന്നു രക്ഷപ്പെട്ടു. പരാജിതനായി മടങ്ങിയ വേലുത്തമ്പിയുടെ സൈന്യം മറ്റൊരു കൂട്ടക്കൊല നടത്തി. വഴിയില്‍ കണ്ട മാര്‍ഗക്കാരെയെല്ലാം (ക്രിസ്ത്യാനികളെ) വെടിവെച്ചുകൊല്ലുകയും സ്ത്രീ-പുരുഷന്മാരെ കൈകാല്‍ ബന്ധിച്ച് കായലില്‍ എറിയുകയും ചെയ്തു. (ജോസഫ് ചാഴിക്കാടന്‍ -വേലുത്തമ്പി ദളവ, പുറം 83) കുപ്രസിദ്ധമായ പള്ളാത്തുരുത്തി സംഭവം ഉണ്ടായത് ഈ സന്ദര്‍ഭത്തിലാണ്. ഇന്ത്യക്കാരടക്കമുള്ള ഒരു ബ്രിട്ടീഷ് സംഘത്തെ കൊന്നു പള്ളാത്തുരുത്തിയാറ്റില്‍ കല്ലുകെട്ടി താഴ്ത്തിയതാണു സംഭവം. ഇതേപ്പറ്റി നാഗയ്യ സ്റ്റേറ്റ് മാനുവലില്‍ പറയുന്നതു നോക്കുക: It was during this interval that daalava preperated a wholescale messacre of eurpoens and this disgraces himself and his coutry cause. for no travancoreand has been able since to justify this unacountable wicked proceedigns of veloo thampi this was the drakest page of travancore history.
അതോടെ മെക്കാളെ കൂടുതല്‍ സൈന്യങ്ങളുമായി രംഗത്തുവന്നു. കൊല്ലത്തു തമ്പിയുടെ സൈന്യവുമായി ബ്രിട്ടീഷ് സൈന്യം ഏറ്റുമുട്ടി. കൊല്ലത്തുനിന്ന് ഓടിമറഞ്ഞ വേലുത്തമ്പി കുണ്ടറയില്‍ ചെന്നു നിന്നു കൊഞ്ഞനംകുത്തുകയാണു ചെയ്തത്. അതാണ് 1809-ലെ കുണ്ടറവിളംബരം. അരുവാമൊഴിയിലുണ്ടായ ഏറ്റുമുട്ടലിലും തമ്പിയുടെ സൈന്യം തോറ്റോടുകയാണുണ്ടായത്. ഇരുപത്തിനാലു മണിക്കൂറിനകം തമ്പിയെ പിടിച്ചുകൊടുക്കാന്‍ കേണല്‍ ലേഗര്‍ അന്ത്യശാസനം നല്‍കി. രാജാവു നിയോഗിച്ച സൈന്യം തന്റെ രഹസ്യ സങ്കേതം വളഞ്ഞു എന്നറിഞ്ഞപ്പോള്‍ മണ്ണടിയിലെ ഒരു പോറ്റിമഠത്തില്‍വെച്ച് (അടൂരിനടുത്ത്) തമ്പി ആത്മഹത്യ ചെയ്തു.
തിരുവിതാംകൂറില്‍ വിളംബരം പുറപ്പെടുവിക്കാനുള്ള അധികാരം രാജാവിനു മാത്രമാണുണ്ടായിരുന്നത്. ദളവക്ക് അധികാരമില്ല. മാത്രമല്ല തമ്പിയുടെ കുണ്ടറവിളംബരം രാജാവു നിഷേധിക്കുകയും ചെയ്തു. അങ്ങനെയുള്ള ഒരു വിളംബരത്തിനു ചരിത്രപരമായ സാധുതയില്ല. മാത്രമല്ല, വിളംബരത്തിലെ ഉള്ളടക്കം അസത്യവും അബദ്ധജഡിലവുമാണ്. യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ ജയിച്ചാല്‍ ക്ഷേത്രങ്ങളില്‍ കുരിശുകൊടി കെട്ടുമെന്നും ബ്രാഹ്മണസ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും വിളംബരത്തില്‍ പറയുന്നു. ജയിച്ചതു ബ്രിട്ടീഷുകാര്‍ തന്നെയായായിരുന്നല്ലോ. തമ്പി പറഞ്ഞ അധര്‍മമൊന്നും അവര്‍ പ്രവര്‍ത്തിച്ചില്ല.
തമ്പിക്കു കിട്ടിയ തിരിച്ചടിക്കും ഒരു പ്രത്യേകതയുണ്ട്. തമ്പി ജനിച്ച വീട് ഇടിച്ചുനിരത്തി ഉത്തരങ്ങളും കഴുക്കോലും ആനകളെക്കൊണ്ടു വലിപ്പിച്ച് നിലത്തിട്ടു തീവെച്ചതും വെടിമരുന്നിട്ട് അടിസ്ഥാനകല്ലുകളെ പൊട്ടിച്ചു പറത്തിയതും വീടിരുന്ന സ്ഥലത്ത് ആവണക്കും മുള്‍ച്ചെടികളും നട്ടതും ശ്രദ്ധേയമാണ്. മാത്തുതരകനെ ചെവികളറുത്തു കാരാഗൃഹത്തിലാക്കിയതും തരകന്റെ വീട് ആനകളെക്കൊണ്ടുവന്നു പൊളിപ്പിച്ചതും തമ്പി തന്നെയായിരുന്നു. തന്റെ ദുഷ്ടവൃത്തികള്‍ക്കു യോജിച്ച തിരിച്ചടിയാണു തമ്പിക്കു കിട്ടിയത്. തമ്പിയുടെ മൃതദേഹത്തോടു ബ്രിട്ടീഷുകാര്‍ കാട്ടിയ അവഹേളനവും തമ്പി അര്‍ഹിക്കുന്നതു തന്നെയായിരുന്നു.
സ്വാതന്ത്ര്യസമരം എന്ന ആശയംപോലും രൂപംകൊള്ളാതിരുന്ന കാലത്ത് സ്വാര്‍ഥ ലാഭത്തിനു വേണ്ടി തമ്പി ഉയര്‍ത്തിയ കലാപക്കൊടി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല, അതിനാല്‍തന്നെ വേലുത്തമ്പി ദളവ ധീരദേശാഭിമാനിയുമല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter