സിന്ധിന്റെ നായകന്‍ (ഭാഗം പത്ത്)

ദയനീയമായ അന്ത്യം.

സ്വാലിഹിനു നേരെ തിരിഞ്ഞുകൊണ്ട് ഖലീഫ ഉറച്ച സ്വരത്തില്‍ പറഞ്ഞു. 'സ്വാലിഹ് എത്രയും വേഗം ഇറാഖിലേക്ക് മടങ്ങുക. അവിടെയെത്തി മുഹമ്മദ് ബിന്‍ ഖാസിമിന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക', ഖലീഫ വിധിച്ചു. അത്രമതി സ്വാലിഹിന്. ആ വിധിയെ വ്യാഖ്യാനിച്ച് ഇനി അയാള്‍ക്ക് കരുതിയതൊക്കെ ചെയ്യാം. ചെയ്യുന്നതൊക്കെ ഖലീഫ പറഞ്ഞ ശിക്ഷയായി വ്യാഖ്യാനിക്കുകയുമാവാം. തോന്നിയതൊക്കെ ചെയ്യുകയും ഇഷ്ടത്തിനൊത്ത് വ്യാഖ്യാനിക്കുകയും ചെയ്യുന്നത് ഇത്തരക്കാരുടെ ക്രൂരമനസ്ഥിതിയുടെ ഭാഗമാണ്.
ഇറാഖിലെത്തുവാന്‍ വല്ലാത്ത ധൃതിയായിരുന്നു സ്വാലിഹ് ബിന്‍ അബ്ദുറഹ്മാന്. ഇറാഖിലെ വാസിഥിലെത്തിയ സ്വാലിഹ് അവിടെ ജയിലില്‍ കഴിയുകയായിരുന്ന മുഹമ്മദ് ബിന്‍ ഖാസിമിനു നേരെ ചാടിവീണു.തുല്യതയില്ലാത്ത ക്രൂരതകള്‍ ആ യുവാവിനോട് ചെയ്തു. അടിച്ചും ഇടിച്ചും തന്റെ കോപം തീര്‍ക്കുമ്പോള്‍ ഒരു ഐതിഹാസിക ഇസ്‌ലാമിക ജേതാവിന്റെ ശരീരത്തിലാണ് താന്‍ കൈവെക്കുന്നത് എന്ന് സ്വാലിഹ് ഗൗനിച്ചതേയില്ല. കാലം പൊന്‍നൂലുകൊണ്ട് നെയ്തുവെച്ച ഒരു നാമത്തിന്റെ ഉടമയാണിത് എന്നതു സ്വാലിഹ് പരിഗണിച്ചതേയില്ല. അയാള്‍ അയാളുടെ കോപം മുഴുവനും ആ നിരപരാധിയോടു കാണിച്ചു.
ഇസ്‌ലാമിക വികാരത്തില്‍ മാത്രം പ്രചോദിതനായി സിന്ധ് ജയിച്ചടക്കുവാനുള്ള അവകാശം ചോദിച്ചു വാങ്ങിയ ആളാണ്. അതിന്റെ പേരില്‍ തനിക്ക് സ്ഥാനമാനങ്ങളോ പ്രതിഫലങ്ങളോ വേണ്ടെന്ന് ഇറാഖിലെ ഗവര്‍ണ്ണറോട് തുറന്നുപറഞ്ഞ ആളാണ്. കടുത്ത എതിര്‍പ്പുകളെയും വലിയ പ്രതിരോധങ്ങളേയും തക്ബീര്‍ ചൊല്ലി ചാടിക്കടന്നയാളാണ്. ജയിച്ചടക്കിയ നാട്ടുകാരുടെ ഇഷ്ടം നേടിയെടുത്ത സുസമ്മതനാണ്. ജയിച്ചടക്കിയ നാട്ടില്‍ നിന്നും പിടിച്ചെടുത്തതെല്ലാം തദ്ദേശീയര്‍ക്ക് തന്നെ വിതരണംചെയ്ത സന്‍മാനസമാണ്. ഇസ്‌ലാമിക ചരിത്രം കണ്ടതില്‍ വെച്ചേററവും ചെറിയ ജേതാവാണ്. എന്നിട്ടും താന്‍ അമവികളുടെ ക്രൂരമായ രാഷ്ട്രീയത്തിന്റെ ബലിയാടാവുകയണല്ലോ എന്നോര്‍ത്തപ്പോള്‍ ഓരോ അടിയുടെയും ഇടിയുടെയും വേദന ഇരട്ടിക്കുന്നതായി തോന്നി മുഹമ്മദ് ബിന്‍ ഖാസിമിന്.
വേദനയും കണ്ണുനീരും കുടിച്ചിറക്കി ജയിലിനുള്ളില്‍ ഇരിക്കുന്ന ഒരു ഇടവേളയില്‍ മുഹമ്മദ് ബിന്‍ ഖാസിം ഓര്‍ത്തു. ഇസ്‌ലാമിക രാജ്യത്തെ മൂല്യങ്ങള്‍ എത്ര പെട്ടന്നാണ് അപ്രത്യക്ഷമാവുന്നത്. മഹാനായ പ്രവാചകന്റെ കാലത്ത് ഒരു അവിശ്വാസി പോലും അന്യായമായി ആക്രമിക്കപ്പെടുകയില്ലായിരുന്നു. മുസ്‌ലിമിന്റെ വാദത്തെ നിരാകരിച്ചുകൊണ്ട് ജൂതന്റെ ന്യായത്തിനൊപ്പം നിന്ന അനുഭവം നബിചരിത്രത്തിലുണ്ട്. ഒരു വിഭാഗത്തോടുള്ള വിദ്വേഷം തെററുചെയ്യുവാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത് എന്നാണ് ഖുര്‍ആന്റെ ഉപദേശം (വി. ഖു. 05:08). 
സച്ചരിതരായ നാലു ഖലീഫമാരുടെയും ആദ്യകാലത്തും ആ സ്വഭാവം മുസ്‌ലിം ഉമ്മത്തിന് ഏറെയൊന്നും കൈമോശം വന്നില്ല.വളരെ കര്‍ക്കശക്കാരനായിരുന്ന രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്ത് അദ്ദേഹവും ഒരു നിരപരാധി ശിക്ഷിക്കപ്പെടുമായിരുന്നില്ല. ഒരിക്കല്‍ ഉമര്‍(റ) ഒരു ജൂതവൃദ്ധന്‍ വഴിയില്‍ ഭിക്ഷാടനം നടത്തുന്നത് കാണാനിടയായി. ഭിക്ഷാടനം ഇസ്‌ലാമികമായി നിരുല്‍സാഹപ്പെടുത്തപ്പെട്ടതും അതിനാല്‍തന്നെ ഉമര്‍(റ) തന്റെ രാജ്യത്ത് നിരോധിച്ചതുമായിരുന്നു. കാരണം തിരക്കിയ ഖലീഫയോട് വൃദ്ധന്‍ ജിസ്‌യ ഒടുക്കുവാന്‍ ഗതിയില്ലാത്തതുകൊണ്ടാണ് എന്ന് പറയുകയായി. നിരപരാധിയായ ആ വൃദ്ധന്റെ ന്യായം പരിഗണിച്ചുകൊണ്ട് ഉമര്‍(റ) അശരണരായ വൃദ്ധരെ ജിസ്‌യയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയുണ്ടായി. 
മൂന്നാം ഖലീഫ ഉസ്മാന്‍(റ)വിന്റെ കാലമാകുമ്പോഴേക്കും കാലം നബിയില്‍ നിന്നകന്നുകഴിഞ്ഞിരുന്നു. അതുമുതല്‍ ഉമ്മത്തിന് രാഷ്ട്രീയം തലക്കുപിടിച്ചു. ഈ രാഷ്ട്രീയ കാടത്തത്തിന്റെ ഒന്നാമത്തെ ഇര ഉസ്മാന്‍(റ) ആയിരുന്നു. അദ്ദേഹം തന്റെ സ്വന്തം തലസ്ഥാന നഗരിയില്‍ വെച്ച് സ്വന്തം വീട്ടിനുള്ളില്‍ വെച്ച് സ്വന്തം ഭാര്യയുടെ മുമ്പില്‍ വെച്ച് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. പട്ടാപ്പകല്‍ അദ്ദേഹത്തെ മറമാടുവാന്‍ പോലും അന്നത്തെ രാഷ്ട്രീയം അനുവദിച്ചില്ല.
അലി(റ)വിന്റെ കാലമാകുമ്പോഴേക്ക് കാലം മാത്രമല്ല തലസ്ഥാനം കൂടി മദീനായില്‍ നിന്നകന്നു. അതിന്റെ തിക്തഫലമായിരുന്നു അക്കാലത്തെ ആഭ്യന്തര യുദ്ധങ്ങള്‍. ജമല്‍, സ്വിഫീന്‍ സം‘വങ്ങളില്‍ മുസ്‌ലിംകളും മുസ്‌ലിംകളും നേര്‍ക്കുനേര്‍ നിന്ന് യുദ്ധം ചെയ്യാന്‍ വരെ ഈ രാഷ്ട്രീയം വഴിവെച്ചു. വിശ്വാസികളുടെ മതാവ് ആയിശ(റ)യെയടക്കം സ്വാധീനിച്ച കപടരാഷ്ട്രീയം. 
അലി(റ)യുടെ കാലം കഴിഞ്ഞതോടെ ഡമാസ്‌കസും ഇറാഖും കൊമ്പുകോര്‍ക്കുവാന്‍ ഒരുങ്ങിയതായിരുന്നു. ഡമാസ്‌കസിലെ ഗവര്‍ണ്ണര്‍ മുആവിയ ഹസന്‍(റ)വിനെതിരെയും അദ്ദേഹത്തിന്റെ ഖലീഫ സ്ഥാനത്തിനെതിരെയും ആയുധമെടുത്തു. അന്‍ബാറില്‍ മറെറാരു ആ‘്യന്തര യുദ്ധം ഉണ്ടാകുമായിരുന്നു ഹസന്‍(റ) സ്വമേധയാ അധികാരം വിട്ടൊഴിഞ്ഞിരുന്നില്ലെങ്കില്‍.
മുആവിയായുടെ ഭരണം തികച്ചും മാതൃകാപരമായിരുന്നു. എന്നാല്‍ ഇതേ രാഷ്ട്രീയ ആര്‍ത്തി അദ്ദേഹത്തിലും കളങ്കം ചാര്‍ത്തി. ഹുസൈന്‍(റ)വിന് കൈമാറേണ്ടിയിരുന്ന അധികാരം സ്വന്തം മകന്‍ യസീദിന് നല്‍കി ഒരു തെററായ കീഴ്‌വഴക്കമുണ്ടാക്കി. മക്കത്തായവും രാജവാഴ്ചയും ഖിലാഫത്തിന്റെ സ്ഥാനത്ത് വന്നു. ജനങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തങ്ങളുടെ ഭരണാധികാരിയെ തെരഞ്ഞെടുക്കുക എന്ന ഇസ്‌ലാമിക താല്‍പര്യം കുഴിച്ചുമൂടപ്പെട്ടു.
യസീദിന്റെ അധികാര ആരോഹണത്തോട് സ്വഹാബിമാര്‍ വരെ വിയോചിച്ചു. ആ വിയോചിപ്പ് ഹിജ്‌റ 61ല്‍ കര്‍ബലയില്‍ വെച്ച് ഇമാം ഹുസൈന്‍(റ)വിന്റെയും കുടുംബാംഗങ്ങളുടെയും ജീവനെടുത്തു. ഹിജാസില്‍ ഖലീഫയായി അവരോധിക്കപ്പെട്ട അബ്ദുല്ലാഹി ബിന്‍ സുബൈര്‍(റ) എന്ന ഖലീഫയുടെ ജീവനെടുത്തു. ഇബ്‌നു സുബൈറിനെ വേട്ടയാടുമ്പോള്‍ ഇത് നബിതിരുമേനിക്കും അബൂബക്കര്‍ സിദ്ദീഖിനും ഹിജ്‌റാ യാത്രയില്‍ പാഥേയമൊരുക്കിയ അസ്മാ ബീവിയുടെ മകനാണെന്നു പോലും ഈ കപട രാഷ്ട്രീയം ചിന്തിച്ചില്ല. മനുഷ്യകുലത്തിന്റെ പ്രഥമ ആരാധനാലയമായ കഅ്ബാലയം തകരുന്നതില്‍ പോലും ആ വികാരം വേദനിച്ചില്ല.
പിന്നീട് വന്ന രാജാക്കന്‍മാര്‍ അബ്ദുല്‍ മലിക്കും വലീദും തങ്ങളുടെ പ്രവിശ്വാഭരണാധികാരികളായ ഹജ്ജാജ് ബിന്‍ യൂസുഫിനെ പോലെയുള്ളവരെ ഉപയോഗപ്പെടുത്തി എത്ര സ്വാലിഹീങ്ങളെയാണ് കൊന്നുതള്ളിത്. ഖവാരിജുകളെ ഹജ്ജാജ് ഇറാഖിന്റെ ഊടുവഴികളിലിട്ട് കൂട്ടക്കശാപ്പ് ചെയ്തു.
ആ രാഷ്ട്രീയത്തിന്റെ മറെറാരു ബലിയാടായി തീര്‍ന്നിരിക്കുകയാണ് താനും. ഈ രാഷ്ട്രീയം താണ്‍ഢവനൃത്തമാടിയ രംഗങ്ങളിലൊന്നും മാന്യതകളോ പുകളുകളോ പരിഗണിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് താനും സിന്ധിന്റെ ജേതാവ് എന്ന പരിഗണന പ്രതീക്ഷിക്കുന്നില്ല. ഇതു തനിക്ക് അല്ലാഹു വിധിച്ച വിധിയാണ്. ഇത് തനിക്കു സ്വന്തമായി തടയുവാനും തടുക്കുവാനുമാകില്ല. അല്ലാഹുവിന്റെ വിധിക്കു മുമ്പില്‍ താനും തലകുനിക്കുകയാണ്. ചെയ്ത സേവനങ്ങള്‍ക്കൊക്കെയും അല്ലാഹു അവന്റെ സ്വര്‍ഗം തരും. ഓര്‍മ്മകള്‍ മുഹമ്മദ് ബിന്‍ ഖാസിമിന്റെ മനസ്സില്‍ ഒരു ആശ്വാസമിട്ടു.
അങ്ങനെ ഹിജ്‌റ 95ല്‍ വാസിഥിലെ ജയിലില്‍ ക്രൂരമായ ശിക്ഷകള്‍ക്കിടയില്‍ സിന്ധില്‍ ഇസ്‌ലമാിന്റെ വെളിച്ചമെത്തിച്ച, ഇന്ത്യന്‍ ഉപഭൂഖണ്‍ഡത്തിലേക്ക് ഇസ്‌ലാമിന്റെ വാതില്‍ തുറന്നുവെച്ച, ഇസ്‌ലാമിക ചരിത്രം കണ്ട ഏററവും പ്രായം കുറഞ്ഞ നായകന്‍ മുഹമ്മദ് ബിന്‍ ഖാസിം അസ്സഖഫീ ഇരുപത്തിനാലു വയസ്സുപോലും പൂര്‍ത്തിയാക്കുവാനാവാതെ വീരമരണം ഏററുവാങ്ങി.
സീത എന്ന രാജാകുമാരി പ്രകടിപ്പിച്ച വികാരങ്ങളില്‍ നിന്നു പാറിയ തീപ്പൊരിയില്‍ ആ ജീവിതം കത്തിയമരുകയായിരുന്നു. സ്വാലിഹ് ബിന്‍ അബ്ദുറഹ്മാന്‍ വാഗ്ദാനം ചെയ്ത മോചനം ഒരു ചതിയായിരുന്നു എന്നറിഞ്ഞപ്പോഴും തന്റെ ആ വാക്കുകളുടെ ന്യായത്തില്‍ സിന്ധിന്റെ പ്രിയ ജേയാവ് ഇബ്‌നുഖാസിം ക്രൂരമായി കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോഴും ഉണ്ടായ ഞെട്ടലുകള്‍ക്കോ കണ്ണീര്‍തുള്ളികള്‍ക്കോ കെടുത്തുവാനാവാതെ..

(അവസാനിച്ചു)

പ്രധാന അവലംബം:
ബത്വലുസ്സിന്ധ്. മുഹമ്മദ് അബ്ദുല്‍ ഗനീ ഹസന്‍ (ദാറുല്‍ മആരിഫ്, കൈറോ, ഈജിപ്ത്.)

അധികവായനകള്‍:
അദ്ദൗലത്തുല്‍ അമവിയ്യ (ഇമാം സ്വല്ലാബി)
അല്‍ ബിദായ വന്നിഹായ (ഇമാം ഇബ്‌നു കതീര്‍)
അല്‍ കാമില്‍ ഫിത്താരീഖ് (ഇമാം ഇബ്‌നുല്‍ അതീര്‍)
എ സ്‌ററഡി ഓഫ് ഇസ്‌ലാമിക് ഹിസ്‌റററി (പൊഫ. കെ അലി)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter