നന്മയുടെ റാണി (ഭാഗം 14)

അവര്‍ തമ്മിലകലുന്നു..

ദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു കിരീടാവകാശി വിഷയത്തില്‍ ഖലീഫാ ഹാറൂന്‍ റഷീദ് ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്. തന്റെയും പൊതുജനത്തിന്റെയും ഇംഗിതം മഅ്മൂന്‍ ഖലീഫയാകണമെന്നതാണ് എന്ന് ഖലീഫക്കു മനസ്സിലാവുകയും ചെയ്തിരുന്നു. വയസില്‍ ആറു മാസത്തിന് മൂത്തതും വിദ്യാഭ്യാസത്തിലും രാഷ്ട്രീയ ബുദ്ധിയിലും മുന്നില്‍ നില്‍ക്കുന്നതും മഅ്മൂന്‍ തന്നെയാണ്. പക്ഷെ, പ്രിയ പത്‌നിയുടെ ആഗ്രഹവും താല്‍പര്യവും അമീന്‍ കിരീടാവകാശിയാകണമെന്നതായിരുന്നു. മഅ്മൂനിനാവട്ടെ അവരുടെ കണ്ണിലുള്ള ന്യൂനതകള്‍ അക്കാലത്തിന്റെയും സംസ്‌കാരത്തിന്റെയും വെളിച്ചത്തില്‍ ശരിയുമായിരുന്നു. അങ്ങനെയൊക്കെയായിരുന്നു ഹാറൂന്‍ റഷീദ് തന്റെ പിന്‍ഗാമിയെ കണ്ടെത്തിയത്. അതിനാല്‍ രണ്ടു സഹോദരങ്ങളും തമ്മിലുള്ള ബന്ധം എപ്പോഴെങ്കിലും വഷളാവുകയും ഒരു ആഭ്യന്തര കലാപത്തിലേക്ക് ഭരണകൂടം വീഴുകയും ചെയ്‌തേക്കുമോ എന്ന് ഖലീഫ ഹാറൂന്‍ റഷീദിന് നല്ല ഭയമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ചില മുന്‍കരുതലുകള്‍ സ്വീകരിക്കുകയുണ്ടായി.
രണ്ടു മക്കളെയും കൊണ്ട് ഹാറൂന്‍ റഷീദ് പരിശുദ്ധ മക്കായിലെത്തി. പരിശുദ്ധ കഅ്ബാലയത്തെ സാക്ഷിയാക്കി അവര്‍ രണ്ടുപേരോടും പരസ്പരം ചില കരാറുകളില്‍ ഏര്‍പ്പെടുവാന്‍ പിതാവ് ആവശ്യപ്പെട്ടു. അമീനിന്റെ സഹായിയും ഉപദേഷ്ടാവുമായിരിക്കണം മഅ്മൂന്‍ എന്നതായിരുന്നു അവയിലൊന്ന്. രണ്ടുപേരും ചേര്‍ന്ന് രാജ്യ കാര്യങ്ങള്‍ നോക്കണം എന്നും പിതാവ് നിഷ്‌കര്‍ശിച്ചു. അതോടൊപ്പം മഅ്മൂനിനു പ്രത്യേകമായി ഖുറാസാനിലെ ഭരണാധികാരം നല്‍കുകയും ചെയ്തു. ഇവകളെല്ലാം എഴുതിതയ്യാറാക്കി ഖലീഫ ആ കരാര്‍ കഅ്ബാലയത്തില്‍ കെട്ടിത്തൂക്കുവാന്‍ കല്‍പ്പിച്ചു. ആ സന്ധി വ്യവസ്ഥകള്‍ക്ക് ഒരു പരിശുദ്ധഭാവം വരുത്തുക മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഖലീഫയുടെ മരണത്തോടെ അമീന്‍ ബഗ്ദാദില്‍ ഖലീഫയായി. തന്റെ രാജ്യത്തിന്റെ ഒരു പ്രധാന പ്രവിശ്യയായ ഖുറാസാനില്‍ മഅ്മൂന്‍ പ്രവിശ്യാഭരണാധികാരിയുമായി. സാംസ്‌കാരികമായി പേര്‍ഷ്യന്‍ വേരുകളുള്ള ഖുറാസാന് ഏററവും അനുയോജ്യനായിരുന്നു മഅ്മൂന്‍. 
ഹറൂന്‍ റഷീദിന്റെ ഈ നീക്കം വലിയ അപകടം ചെയ്തു. രാജ്യത്തെ മക്കള്‍ക്കായി ഹാറൂന്‍ റഷീദ് വെട്ടി മുറിച്ചുകൊടുത്തു എന്നും അതാണ് പിന്നീടുണ്ടായ എല്ലാ പ്രശ്‌നങ്ങളിലേക്കും വഴി തുറന്നത് എന്നും ചരിത്രത്തില്‍ വായനയുണ്ടായി. മക്കള്‍ രാജ്യം എന്ന വികാരത്തില്‍ പരസ്പരം ബന്ധിതരാകുക എന്നതു മാത്രമായിരുന്നു സത്യത്തില്‍ ഖലീഫയുടെ സദുദ്ദേശ്യം. പക്ഷെ അതു വിപരീതഫലം കാണിച്ചുതുടങ്ങി.


Also Read:നന്മയുടെ റാണി (ഭാഗം 13)


ഖുറാസാന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു എന്നും രാജ്യത്തിനുള്ളില്‍ മറെറാരു രാജ്യവും രാജാവും എന്ന നിലക്കാണ് മഅ്മൂന്‍ വളരുന്നത് എന്നും കണ്ട് അമീന്‍ അസ്വസ്ഥനായി. അവിടെ സ്വതന്ത്രമായ തപാല്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെയായിരുന്നു പരസ്പര വിദ്വേഷം പുറത്തുചാടിയത്. അമീന്‍ ഖുറാസില്‍ പൊതു തപാല്‍ സംവിധാനം മതി എന്നു കല്‍പ്പന നല്‍കി. അത് പക്ഷെ, മഅ്മൂന്‍ സ്വീകരിച്ചില്ല. ഈ അഭിപ്രായ വ്യത്യാസങ്ങളെ ഊതിക്കത്തിക്കുവാന്‍ രണ്ടു ഭാഗത്തും വളരെ ഉന്നതര്‍ വരെയുണ്ടായിരുന്നു. ഖലീഫ അമീന്റെ പിന്നില്‍ പ്രധാനമായും ഉണ്ടായിരുന്നത് ഫള്ല്‍ ബിന്‍ റബീഅ് ആയിരുന്നു. അമീനില്‍ അയാള്‍ വിഷം ചെലുത്തി വിഷയം കത്തിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മഅ്മൂനിനെയാവട്ടെ ഫള്ല്‍ ബിന്‍ സഹ്‌ലായിരുന്നു പ്രചോദിപ്പിച്ചിരുന്നത്. തപാല്‍ വിഷയത്തോടെ വഷളായ സഹോദരന്‍മാര്‍ തമ്മിലുള്ള ബന്ധം അനുദിനം കൂടുതല്‍ വഷളായി. ഖലീഫാ അമീന്‍ മഅ്മൂനിനോട് തന്റെ കൊട്ടാരത്തില്‍ ഹാജരാകുവാന്‍ ആവശ്യപ്പെട്ടു. മഅ്മൂന്‍ അതനുസരിച്ചില്ല. പിതാവ് തനിക്കു തന്നതും കഅ്ബാലയത്തില്‍ തൂക്കിയിട്ട പ്രമാണത്തില്‍ പറയുന്നതും താന്‍ ഖുറാസാനിലെ സ്വതന്ത്ര ഭരണാധികാരിയായിരിക്കും എന്നാണ് എന്നായിരുന്നു മഅ്മൂനിന്റെ പക്ഷം. അതിനാല്‍ താന്‍ ബഗ്ദാദിലെ ഖലീഫ വിളിച്ചാല്‍ പോകേണ്ടതില്ല എന്ന് അദ്ദേഹം വിശ്വസിച്ചു.
ഇതിനെ തുടര്‍ന്ന് ഖലീഫാ അമീന്‍ ഒരു താക്കീത് സന്ദേശം അയച്ചു. അതില്‍ ഭീഷണി വ്യക്തമായിരുന്നു. ആ ഭീഷണിക്ക് മഅ്മൂന്‍ പുല്ലുവില പോലും കല്‍പ്പിച്ചില്ല. താന്‍ ആരേയും ഭയപ്പെടുന്നില്ല എന്ന് മഅ്മൂന്‍ തുറന്നടിക്കുകയും ചെയ്തു. അതോടെ ഖലീഫാ അമീന്‍ മഅ്മൂനിനെതിരെ കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടു. കിരീടാവകാശിയായിരുന്ന മഅ്മൂനിനെ തല്‍സ്ഥാനത്തുനിന്നും മാററുന്നതിനു തുല്യമായ ചില നടപടികള്‍ ആരംഭിച്ചു. ആദ്യത്തേത് രാജ്യത്തെ ജുമുഅ ഖുതുബകളില്‍ ഭരണാധികാരികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനയുടെ ഭാഗത്തുനിന്നും മഅ്മൂനിന്റെ പേര്‍ ഒഴിവാക്കി. അധികം വൈകാതെ പുതിയ നാണയങ്ങളില്‍ നിന്നും മഅ്മൂനിന്റെ പേര്‍ വെട്ടി. പകരം തന്റെ സ്വന്തം മകന്‍ മൂസയുടെ പേര്‍ ചേര്‍ക്കുകയും അവനെ തന്റെ കിരീടാവകാശിയായി വാഴിക്കുകയും ചെയ്തു. ഇതിനിടെ കഅ്ബാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന തന്റെ പിതാവുണ്ടാക്കിയ ഉടമ്പടി മോഷ്ടിച്ചെടുത്ത് കത്തിച്ചു കളയുവാന്‍ ഒരാളെ ചട്ടം കെട്ടി. അയാളത് ചെയ്തു. ഇതോടെ രണ്ടു സഹോദരന്‍മാരും ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇസ്‌ലാമിക ചരിത്രം മറെറാരു ആഭ്യന്തരയുദ്ധത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter