സിന്ധിന്റെ നായകന്‍ 4 അമരത്തേക്ക്..
അമരത്തേക്ക്..
സിന്ധിലേക്കുള്ള സേനയെ ആര് നയിക്കണം?. ഹജ്ജാജ് അതിനെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. അറിയപ്പെടാത്ത നാടാണ്. അവിടത്തെ ജനങ്ങള്‍ വിത്യസ്ഥരാണ്. അവിടത്തെ സാഹചര്യങ്ങള്‍ വിത്യസ്ഥവും ചിലപ്പോള്‍ പ്രതികൂലവുമായിരിക്കാം. വ്യത്യസ്ഥമായ സാഹചര്യങ്ങളില്‍ മനസ്സ് മടുക്കുകയോ തളരുകയോ ചെയ്യുന്ന ഒരാളല്ല അവിടേക്ക് സേനയെ നയിക്കേണ്ടത്. അംറ് ബിന്‍ ആസ്വിനെ പോലെ, ഖുതൈബ ബിന്‍ മുസ്‌ലിം ബാഹിലിയെ പോലെ, മൂസാ ബിന്‍ നുസൈ്വറിനെയും ത്വാരിഖ് ബിന്‍ സിയാദിനെയും പോലെ, മസ്‌ലമ ബിന്‍ അബ്ദുല്‍ മലികിനേയും മുഹല്ലബ് ബിന്‍ അബീ സ്വുഫ്‌റയേയും പോലെ നല്ല മനക്കരുത്തുള്ള ഒരാള്‍ വേണം.
വിവിധ പ്രദേശങ്ങളില്‍ ജിഹാദിലേര്‍പ്പെട്ടിരിക്കുന്ന ഓരോ സേനാനായകന്‍മാരെയും ഹജ്ജാജിന്റെ മനസ്സ് പരിശോധിച്ചു. അവസാനം ഹജ്ജാജ് എത്തിനിന്നത് അബുല്‍ അസ്‌വദിലായിരുന്നു. പേര്‍ഷ്യയിലെ സേനാനായകനാണ് അബുല്‍ അസ്‌വദ്. നല്ല ധീരനാണ്. പേര്‍ഷ്യയിലെ ലക്ഷ്യങ്ങള്‍ കയ്യിലൊതുക്കുവാന്‍ അബുല്‍ അസ്‌വദ് നല്ല മിടുക്കു കാട്ടിയിട്ടുണ്ട്. അബുല്‍ അസ്‌വദിന്റെ നേതൃത്വത്തില്‍ ഒരു വന്‍ സേനയെ സിന്ധിലേക്ക് അയക്കുവാന്‍ ഹജ്ജാജിന്റെ മനസ്സ് ഏതാണ്ട് തീരുമാനമെടുത്തു നില്‍ക്കുമ്പോള്‍ ഒരാള്‍ കടന്നുവന്നു. അതു മുഹമ്മദ് ബിന്‍ ഖാസിമായിരുന്നു.
അഭിവാദനം ചെയ്യുമ്പോള്‍ മുഹമ്മദ് ഹജ്ജാജിന്റെ മുഖം ശ്രദ്ധിച്ചു. തന്റെ ദൗത്യനിയോഗങ്ങള്‍ സിന്ധില്‍ പരാചയപ്പെട്ടതിന്റെ വിഷമം ആ മുഖത്ത് പ്രകടമാണ്. പരാചയങ്ങള്‍ ഹജ്ജാജിന്റെ സമനില തെററിക്കും എന്നത് എല്ലാവര്‍ക്കുമറിയാം. അതുവായിച്ച മുഹമ്മദ് ബിന്‍ ഖാസിം പറഞ്ഞു: 'ബഹുമാനപ്പെട്ട അമീര്‍, സിന്ധിലെ നമ്മുടെ അനുഭവങ്ങള്‍ താങ്കളെ വല്ലാതെ വിഷമിപ്പിക്കുന്നു എന്ന് എനിക്കറിയാം. സിന്ധിലുണ്ടായ കാര്യങ്ങള്‍ നമുക്ക് അവഗണിക്കുവാനാവില്ല. ഞാനും അതേ വികാരത്തിലാണ്. നാം ദാഹിറിനു മുമ്പില്‍ അപമാനിതരായി നില്‍ക്കുന്നത് ഓര്‍ക്കുവാന്‍ പോലും വയ്യാ. അതിനാല്‍ സിന്ധിലേക്ക് എന്നെ നിയോഗിക്കാമോ?, നമുക്ക് നഷ്ടപ്പെട്ടതെല്ലാം ഞാന്‍ തിരിച്ചുപിടിച്ചു കൊണ്ടുവരാം'.
ഹജ്ജാജിന്റെ മുഖം ഉയര്‍ന്നു. മുഹമ്മദിന്റെ മുഖത്തുനോക്കിയപ്പോള്‍ അ'ിമാനം തോന്നി ഹജ്ജാജിന്. വെറുമൊരു പതിനേഴുകാരന്‍ തന്റെ ധൈര്യവും സ്‌ഥൈര്യവും പുറത്തെടുക്കുകയാണ്. സിന്ധിന്റെ വെല്ലുവിളി ഏറെറടുക്കുവാന്‍ തയ്യാറായി മുന്നോട്ടുവന്നിരിക്കുകയാണ്.
ഹജ്ജാജ് പറഞ്ഞു: 'പിതൃവ്യ പുത്രാ, വളരെ നല്ലത്. ജിഹാദ് ഏററവും മഹത്തായ ഒരു കര്‍മ്മമാണ്. തീര്‍ച്ചയായും സിന്ധിലേക്കുള്ള അബുല്‍ അസ്‌വദിന്റെ സേനയില്‍ നിന്നെയും ഉള്‍പ്പെടുത്താം..'
മുഹമ്മദ് ബിന്‍ ഖാസിം പറഞ്ഞു: 'അബുല്‍ അസ്‌വദിനെ പോലെ വലിയൊരു സേനാനായകന്റെ കീഴില്‍ യുദ്ധത്തിനു പോകുന്നത് തീര്‍ച്ചയായും ഒരു ഭാഗ്യമാണ്. പക്ഷെ, അബുല്‍ അസ്‌വദ് പേര്‍ഷ്യയില്‍ തന്നെയുണ്ടാവേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമാണ്. അല്ലെങ്കില്‍ ഒരു പക്ഷേ പേര്‍ഷിയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. പേര്‍ഷ്യയില്‍ ജയിച്ചടക്കിയതെല്ലാം നഷ്ടപ്പെട്ടേക്കും. അതിനാല്‍ സിന്ധിലേക്കുള്ള അവസരം എനിക്കു നല്‍കുക. ഞാന്‍ അവിടെയുണ്ടായ പരാചയങ്ങള്‍ക്ക് പരിഹാരം ചെയ്യാം..' മുഹമ്മദ് ബിന്‍ ഖാസിം പ്രതീക്ഷയോടെ മറുപടിയും കാത്തുനിന്നു.
ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഹജ്ജാജ് പറഞ്ഞു: 'മുഹമ്മദ് നിന്റെ പ്രായം നിനക്കറിയാമല്ലോ. ഈ പതിനേഴാം വയസ്സില്‍ ഒരു സേനയുടെ നേതൃത്വം നിനക്കുതരിക എന്നത് ക്ഷന്തവ്യമല്ലല്ലോ, അതിനാല്‍ നീ ധൃതി കൂട്ടാതിരിക്കുക. തീര്‍ച്ചയായും നിന്റെ നാളുകള്‍ വരികതന്നെ ചെയ്യും..'
മുഹമ്മദ് ബിന്‍ ഖാസിമിന് അതത്ര രസിച്ചില്ല. അദ്ദേഹം പറഞ്ഞു: 'എന്നാണ് അമീര്‍ പ്രായം ഇസ്‌ലാമിക ജിഹാദില്‍ ഒരു പരിഗണനയായത്?. ഞാന്‍ ഏതാനും വര്‍ഷങ്ങള്‍ വൈകി ജനിച്ചു എന്നത് എന്റെ കുററമാണോ?.പിതൃവ്യപുത്രാ, എന്നെ ഒന്നു പരീക്ഷിച്ചുനോക്കൂ..'
ഹജ്ജാജ് വീണ്ടും പുഞ്ചിരിച്ചു. അദ്ദേഹം പറഞ്ഞു: 'മുഹമ്മദ്, ഇത് നമ്മുടെ കുടുംബകാര്യമല്ല. മുസ്‌ലിംകളുടെ പൊതു ഗുണത്തിനു വേണ്ടിയുള്ളതാണ്. അതിനിടെ ഒരു പരീക്ഷണത്തിനായി എന്തെങ്കിലും ചെയ്യുന്നത് ശരിയല്ല. ഏററവും നല്ല പടയാളിയെ കണ്ടെത്തി അയാളുടെ കീഴില്‍ സേനയെ അയക്കേണ്ട സമയമാണ്..'
മുഹമ്മദ് ബിന്‍ ഖാസിം കരച്ചിലിന്റെ വക്കോളമെത്തി.അദ്ദേഹം പറഞ്ഞു: 'ഓ പിതൃവ്യപുത്രാ, സത്യത്തില്‍ സിന്ധില്‍ കുടുങ്ങിക്കിടക്കുന്ന മാനഭംഗം ചെയ്യപ്പെട്ട സഹോദരിമാരുടെ കാര്യമോര്‍ക്കുമ്പോള്‍ എനിക്കു സങ്കടം ഒതുക്കുവാനാവുന്നില്ല. സിന്ധില്‍ നാം ഏററുവാങ്ങേണ്ടിവന്ന പരാചയങ്ങള്‍ എനിക്ക് ഉള്‍ക്കൊള്ളുവാനാകുന്നില്ല. ഇബ്‌നു നബ്ഹാന്റെയും ബുദൈലിന്റെയും മുഖങ്ങള്‍ എനിക്കു മറക്കുവാനാകുന്നില്ല. ഓ അമീര്‍, എന്തുകൊണ്ട് അവരുടെ മൂന്നാമനാകുവാന്‍ എന്നെ അനുവദിച്ചുകൂടാ..' മുഹമ്മദ് ബിന്‍ ഖാസിമിന്റെ സ്വരത്തിന് അപേക്ഷയുടെ എല്ലാ ദൈന്യതകളുമുണ്ടായിരുന്നു.
ഹജ്ജാജ് ഒന്നാലോചിച്ചിട്ട് പറഞ്ഞു: 'എങ്കിലും മുഹമ്മദ്, ഞാന്‍ ഭയക്കുന്ന മറെറാരു കാര്യമുണ്ട്. ഞാന്‍ ഇത്തരമൊരു സ്ഥാനത്ത് നിന്നെ അവരോധിച്ചാല്‍ ഹജ്ജാജ് ബിന്‍ യൂസുഫ് സ്വന്തക്കാരെ പ്രധാന സ്ഥാനങ്ങളില്‍ തിരുകിക്കയററുകയാണ് എന്ന ആക്ഷേപമാണത്. എന്റെ കുടുംബാംഗങ്ങളെ മാത്രം പരിഗണിക്കുമ്പോള്‍ അതൊരു സ്വജനപക്ഷപാതമായി ഗണിക്കപ്പെടുമല്ലോ. അല്ലെങ്കില്‍ തന്നെ വേണ്ടതിലധികം ശത്രുക്കളും ശത്രുതയും എനിക്കുണ്ട്. ഇനി ഇതിന്റെ പേരില്‍കൂടി ഒരു പ്രശ്‌നമുണ്ടാക്കുവാന്‍ വഴിവെക്കേണ്ടതുണ്ടോ..'
അങ്ങനെ ഹജ്ജാജ് പറഞ്ഞത് ഒരു ചെറിയ ആശ്വാസമായി തോന്നി മുഹമ്മദ് ബിന്‍ ഖാസിമിന്. കാരണം ആ വാക്കുകള്‍ സൂചിപ്പിക്കുന്നത് തന്നെ പരിഗണിക്കാവുന്നതാണ് എന്നും പേടി യുദ്ധം പരാചയപ്പെടുമോ എന്നല്ല എന്നും 'യം സ്വജനപക്ഷപാത ആരോപണം വരുമോ എന്നതുമാണ് എന്നാണല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഓ അമീര്‍, എനിക്ക് പദവികള്‍ വേണ്ട. എനിക്ക് പ്രതിഫലവും കൂലിയും വേണ്ട. എന്നെ ശഹീദാകുവാന്‍ അനുവദിച്ചാല്‍ മാത്രം മതി. അതെനിക്ക് അനുവദിച്ചു തന്നുകൂടെ?'.
ഈ പതിനേഴുകാരന്റെ വികാരത്തിനു മുമ്പില്‍ ഹജ്ജാജ് ബിന്‍ യൂസുഫ് എന്ന അതികായന്‍ കാലിടറിവീണു. ആ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ഹജ്ജാജ് ബഹുമാനപൂര്‍വ്വം നിന്നു. തന്റെ വികാരങ്ങളെ ഏററുവാങ്ങുവാന്‍ തന്റെ കുടുംബത്തില്‍ നിന്നൊരു ആണ്‍കുട്ടി വന്നിരിക്കുന്നു. അമവികളുടെ തൊപ്പിയില്‍ ഇതിഹാസത്തിന്റെ പുതിയ തൂവല്‍ ചാര്‍ത്തുവാന്‍ പുതിയ നായകന്‍ വന്നിരിക്കുന്നു. ഇസ്‌ലാമിന്റെ സാഹസിക ചരിത്രത്തില്‍ ഒരു പുതിയ പേര്‍ കൂടി എഴുതപ്പെട്ടിരിക്കുന്നു.
അഭിമാനപൂര്‍വ്വം തലയുയര്‍ത്തിപ്പിടിച്ച് ഹജ്ജാജ് ബിന്‍ യൂസുഫ് പറഞ്ഞു: 'കുന്തമുനകള്‍ക്കു മുകളില്‍ നിന്നുകൊണ്ടാണെങ്കിലും ഔന്നിത്യങ്ങള്‍ കീഴ്‌പ്പെടുത്തുവാന്‍ തങ്ങള്‍ തയ്യാറാണല്ലോ ബനൂ തഖീഫ്.. അതിനാല്‍ മുഹമ്മദ്, അല്ലാഹുവിന്റെ നാമത്തില്‍ ആയുധമണിയുക. സിന്ധിലെ നായകനായി താങ്കളെ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അധികം വൈകാതെ ഖലീഫാ വലീദ് ബിന്‍ അബ്ദുല്‍ മലികില്‍ നിന്നുള്ള ഉത്തരവ് വരും..'
സന്തോഷമടക്കുവാന്‍ കഴിഞ്ഞില്ല മുഹമ്മദ് ബിന്‍ ഖാസിമിന്. പിന്നെ അദ്ദേഹത്തിന്റെ ചിന്ത മുഴുവനും എങ്ങനെയൊക്കെ ഇതൊരു ചരിത്ര മുന്നേററമാക്കുവാന്‍ കഴിയും എന്നതായിരുന്നു. ഒരു കാരണവശാലും ഒരു തോല്‍വിയുണ്ടായിക്കൂടാ. കാരണങ്ങള്‍ പലതാണ്. തോല്‍വിയുണ്ടായാല്‍ ജനങ്ങള്‍ കുററപ്പെടുത്തുക തന്റെ പ്രായക്കുറവിനെയായിരിക്കും. ഹജ്ജാജുമായുള്ള കുടുംബ ബന്ധത്തെയായിരിക്കും. തന്റെ കുടുംബാംഗമായതു കൊണ്ടുമാത്രം ഒരു പതിനേഴുകാരനെ പരീക്ഷിച്ച് ഹജ്ജാജ് ബിന്‍ യൂസുഫ് വഞ്ചിച്ചു എന്ന് ജനങ്ങള്‍ പറയും. ചരിത്രം അതു രേഖപ്പെടുത്തും. അങ്ങനെയൊന്നുമുണ്ടായിക്കൂടാ. അതിനാല്‍ ഓരോ ചുവടും നല്ല കരുതലോടെയായിരിക്കണം; മുഹമ്മദ് ബിന്‍ ഖാസിം മനസ്സിലുറപ്പിച്ചു.
(തുടരും)
പ്രധാന അവലംബം:
ബത്വലുസ്സിന്ധ്. മുഹമ്മദ് അബ്ദുല്‍ ഗനീ ഹസന്‍ (ദാറുല്‍ മആരിഫ്, കൈറോ, ഈജിപ്ത്.)
Leave A Comment