ജിസിസി വാർഷിക ഉച്ചകോടി സൗദിയിൽ: ഖത്തർ പ്രതിസന്ധിയുടെ  മഞ്ഞുരുകുമോ?
ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയുടെ വാര്‍ഷിക ഉച്ചകോടി ഈ മാസം സൗദി തലസ്ഥാനമായ റിയാദിൽ നടക്കാനിരിക്കുകയാണ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ ജിസിസി അംഗമായ ഖത്തറുമായി യുഎഇ, സൗദി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ നയതന്ത്ര ബന്ധം വിച്ഛേദിച്ച ശേഷം നടക്കുന്ന മൂന്നാം ഉച്ചകോടിയാണിത്. മുമ്പ് കുവൈത്തിലും റിയാദിലും നടന്ന ഉച്ചകോടി കാര്യമായ തീരുമാനങ്ങളെടുക്കാതെ പിരിയുകയായിരുന്നു. യുഎഇയിൽ നടക്കേണ്ടിയിരുന്ന ഇത്തവണത്തെ ഉച്ചകോടി സൗദി തലസ്ഥാനത്താണ് സംഘടിപ്പിക്കുന്നത്. *ജിസിസി* സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ ആറ് രാജ്യങ്ങളാണ് ജിസിസിയിൽ അംഗമായിട്ടുള്ളത്. കൗൺസിലിന്റെ അംഗരാജ്യങ്ങളിലെ മന്ത്രിമാരും രാഷ്ട്രത്തലവന്‍മാരും പങ്കെടുക്കുന്ന യോഗത്തിൽ മേഖലയിലെ സുപ്രധാന വിഷയങ്ങളെല്ലാം ചർച്ചയാവും. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് മേഖലയിൽ ഒരുവര്‍ഷത്തേക്ക് നടപ്പാക്കേണ്ട സുപ്രധാന പദ്ധതികൾ തീരുമാനിക്കുക. *ഖത്തർ പ്രതിസന്ധി* 2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഉപരോധം പ്രഖ്യാപിച്ചത്. ഖത്തറിനെതിരെ കര, നാവിക, വ്യോമ ഇടപാടുകള്‍ മരവിപ്പിക്കുകയും യാത്രകള്‍ക്കുള്ള സൗകര്യങ്ങള്‍ അടയ്ക്കുകയും ചെയ്തു. ഖത്തർ തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വെള്ളവും വളവും നൽകുന്നുവെന്നായിരുന്നു സഖ്യ രാഷ്ട്രങ്ങളുടെ പ്രധാന ആരോപണം. മേഖലയിലെ ശിയ ശക്തിയായ ഇറാനുമായുള്ള ഖത്തറിന്റെ നയതന്ത്ര ബന്ധവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. അൽജസീറ ചാനൽ അടച്ചുപൂട്ടുന്നതടക്കമുള്ള ചില നിബന്ധനകൾക്ക് വിധേയമായി ഉപരോധം പിൻവലിക്കാമെന്ന് സഖ്യ രാഷ്ട്രങ്ങൾ നിലപാടെടുത്തെങ്കിലും ഖത്തർ കുലുങ്ങിയില്ല. ആവശ്യസാധനങ്ങൾക്കായി അയൽരാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഖത്തർ തുടക്കത്തിൽ ബുദ്ധിമുട്ടിയെങ്കിലും പതിയെ ബദൽ മാർഗങ്ങൾ കണ്ടെത്തി ഉപരോധങ്ങളിൽ പിടിച്ചുനിന്നു. *പ്രശ്നത്തിൽ മഞ്ഞുരുക്കം* ഉപരോധം പ്രഖ്യാപിച്ച് രണ്ടു വർഷങ്ങൾക്കിപ്പുറം ഖത്തറും സൗദി സഖ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തര്‍ വിദേശകാര്യ മന്ത്രി സൗദിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, ഖത്തറില്‍ നടന്ന ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ സൗദി സഖ്യരാജ്യങ്ങള്‍ പങ്കെടുത്തതും മഞ്ഞുരുക്കത്തിന്റെ സാധ്യതയാണ് കാണിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിനെ സഊദി രാജാവ് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട് ഉണ്ട്. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി അമീറിനുള്ള ക്ഷണപത്രം സ്വീകരിച്ചതോടെ പ്രശ്നങ്ങൾ അവസാനിപ്പിമെന്നാണ് കരുതപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter