ഹിജ്‌റ: ജീവിതത്തില്‍നിന്നും ഒരു വര്‍ഷംകൂടി വിടപറയുമ്പോള്‍
'ഖൈറ്' എന്നത് ഇസ്‌ലാമിക സമൂഹത്തെ കുറിച്ച് സുപരിചിതമായ വിശേഷണമാണ്. ഇതിന് 'നന്മ'യെന്നാണര്‍ത്ഥം. ഖുര്‍ആന്‍ ഒരു പ്രത്യേക സമൂഹത്തെയും പുണ്യ നബി(സ) ഒരു ശ്രേഷ്ടമായ കാലത്തെയും ഇതു ചേര്‍ത്ത് പുകഴ്ത്തിപ്പറയുന്നുണ്ട്. കാലം മാറിമാറി വരുമ്പോള്‍ ഈ ഉമ്മത്തിന് 'ഖൈറ്' നഷ്ടമാവുന്ന പക്ഷം തുടക്കക്കാരിലേക്ക് ചേര്‍ന്നു നില്‍ക്കണമെന്ന് മുത്ത് നബി(സ)യുടെ വസ്വിയ്യത്തുമുണ്ട്. പൂര്‍വ്വകാല മുസ്‌ലിമിന്റെ ജന്മാസ്ഥിത്വമായിവന്ന ഈ ഖൈറ് ഇന്ന് നമുക്ക് ആര്‍ജിത അസ്ഥിത്വമായിരിക്കുന്നു. നഷ്ടമായ മൂല്യങ്ങള്‍ തിരിച്ചു പിടിക്കുമ്പോള്‍ മാത്രമാണ് ഖൈറ് ആര്‍ജിതമാകുന്നത്. ഈ ഖൈറിനെ എല്ലാമായി ആവാഹിച്ച ഉമ്മത്തിലേക്ക് ഓടിക്കൂടേണ്ടതിന്റെ ഒഴിഞ്ഞുമാറാനാവാത്ത മുന്നറിയിപ്പുകളാണ് ഹിജ്‌റയുടെ ഓര്‍മ്മ നമുക്ക് കൊണ്ടുവരുന്നത്. അഭിമാനിച്ചു പോന്ന വിശ്വാസവും സംസ്‌കാരവും പുലര്‍ത്തിപ്പോരാന്‍ പാകമായ അവസ്ഥയിലേക്കുള്ള മാറിപ്പാര്‍ക്കല്‍ എന്നാണ് ഹിജ്‌റയുടെ ചരിത്രപരവും ആശയപരവുമായ ഉള്ളടക്കം. മുത്ത് നബിയും സ്വഹാബിമാരും അന്ന് സൈ്വരം ലഭിക്കാത്ത ഒരു നാട്ടില്‍നിന്ന് ആശ്വാസത്തോടെ മുസ്‌ലിമായി ജീവിക്കാന്‍ അന്ന് മദീനാ നാട്ടിലേക്ക് പോകുമ്പോള്‍ കൂടുതല്‍ ഉപാധികളൊന്നും മുന്നില്‍ വച്ചിരുന്നില്ല. വീടും സ്വത്തും സന്താനമൊന്നും അവര്‍ക്ക് പ്രധാനമായി വന്നില്ല. അന്ന് ഹിജ്‌റ, കൈവന്ന സംഗതികളെ സംരക്ഷിക്കാനായിരുന്നു. ഇന്നത് നഷ്ടമായ മൂല്യങ്ങളെ വീണ്ടെടുക്കാനാണ്. എല്ലാവരും സ്വീകരിക്കാന്‍ വേണ്ടി ഇന്ന് നമ്മള്‍ രൂപപ്പെടുത്തിയ 'പബ്ലിക് മുസ്‌ലിം' എന്ന ഫോര്‍മുല മാറ്റിയെടുക്കണമെന്നാണ് ഹിജ്‌റയുടെ പുതിയകാല താല്‍പര്യം. ദീനിനും ദുനിയാവിനും അപകടമുണ്ടാക്കി ഒരു മതേതര മുസ്‌ലിമാകുന്നതില്‍ എന്തുണ്ട് അര്‍ത്ഥം? മുന്‍ഗാമികള്‍ ഇസ്‌ലാമില്‍തന്നെ കഴിഞ്ഞ് എല്ലാവര്‍ക്കും മാതൃകയായപ്പോള്‍ മുഖ്യധാര ഉദ്ധരിക്കുന്ന മുസ്‌ലിമാകാന്‍ വേണ്ടി ഇസ്‌ലാമില്‍നിന്നു തന്നെ നാം ഇറങ്ങിപ്പോകുന്നു. മതത്തിന്റെ മുഖംവച്ച് വന്ന പരിഷ്‌കാര ഭാവരൂപങ്ങളൊക്കെയും മുസ്‌ലിമിനെ സ്വന്തം മറന്നു ആധുനികനാക്കിയിരിക്കുന്നു. ഇവിടെ മുസ്‌ലിം നീ മാറുമോ, ആധുനിക അപര അനുശീലനങ്ങളെ ഇട്ടേച്ച് നിന്റെ സ്വത്വകാവലിലേക്കൊന്ന് ഹിജ്‌റപോകുമോ എന്ന് പുതിയ പലായനത്തിന്റെ ഹിജാസിയന്‍ കാഹളം മുഴങ്ങുന്നു. 1432-ന്റെ ഹിജ്‌റ വിളിയാളം 'മുസ്‌ലിം മാറ്റൂനിന്‍ ചട്ടങ്ങളെ' എന്നു തന്നെയായിരിക്കണം. ഇസ്‌ലാമിക ചരിത്രഘട്ടങ്ങളില്‍ രൂപപ്പെട്ട സംഗതികളൊക്കെയും ഏതെങ്കിലും വിധത്തില്‍ ശേഷകാല സമൂഹങ്ങളിലും കാലങ്ങളായി പ്രതിഫലിച്ചു കൊണ്ടേയിരിക്കും. നന്മയുടെ ഗുണപാഠങ്ങളും തീര്‍പ്പുകളുമുണ്ടാവാന്‍ അതിലും അന്തിമമായ വഴി വേറെയില്ലെന്നാണ്. പുതിയ കാല വിശേഷങ്ങള്‍ ഖൈറു ഉമ്മയിലേക്കുള്ള നമ്മുടെ നടത്തത്തിന്റെ വേഗത്തിനു പകരം ദൂരമാണ് കൂട്ടുന്നത്. ആധുനികമായ പ്രലോഭനങ്ങളില്‍നിന്ന് ഇസ്‌ലാമിന്റെ സ്വത്വ വിശാലതയിലേക്കുള്ള ഹിജ്‌റ ഈ കാലം നമ്മോടാവശ്യപ്പെടുന്നു. ഹിജ്‌റ കവാടം നമ്മള്‍ അടച്ചുവച്ചതുവഴി നമ്മുടെ ചുറ്റുപ്പാടുകളെക്കാള്‍ ഭീകരമായി മനസ്സുകള്‍ പോലും ആപത്തിന്റെ കോളനിയായി പരിണമിച്ചിരിക്കുകയാണ്. ചരിത്രത്തിലെ ഹിജ്‌റക്ക് സാക്ഷിയായ ജനതയില്‍നിന്ന് എല്ലാംകൊണ്ടും നമ്മള്‍ മാറിയിരിക്കുന്നു. കാലവും ജീവിതവും മനസ്സും എല്ലാം. ഏതു കാലത്തിനും അധികമാകാത്ത പാകതയിലായിരുന്നു ആ ഹിജ്‌റയുടെ അവകാശികള്‍. ജീവിതം കൊണ്ട് നാളവസാനം വരെയും അവര്‍ പ്രകാശം ചുരത്തി നില്‍ക്കുന്നു. ''എന്റെ ഉമ്മത്തിലെ അവസാനം വരുന്നവര്‍ക്ക് നന്മവരുകയില്ല, ആദ്യം വന്നവര്‍ക്ക് നന്മവന്നത് കൊണ്ടല്ലാതെ.''(ഹദീസ്) നമുക്ക് നമ്മളായുള്ള ബോധവും ചിന്തയും പോലും നഷ്ടമായ കാലത്ത് അതിലേക്കുള്ള തിരിച്ചുനടത്തം എത്രയും വേഗമാക്കല്‍ ഹിജ്‌റയും ജീവിതത്തിന്റെ നന്മയുടെ പ്രകാശം കത്തിച്ച് നട്ടെല്ല് നിവര്‍ത്തിപ്പിടിക്കാനുളള വഴിയുമാണെന്ന് ഇത് നമ്മെ ബോധിപ്പിക്കുന്നു. പ്രതികരണത്തിന്റെ ആര്‍ജ്ജവബോധം ഇതിലൊക്കെയാണെന്ന് അങ്ങനെ നമ്മള്‍ തിരിച്ചറിയണം. ഉറക്കത്തിലും കണ്ണ് തുറന്നു പിടിക്കാന്‍ അപ്പോള്‍ നമുക്കാകും. ലോകത്ത് കാലങ്ങളായി ഇത്രയും (സ്വത്വം പോലും) അപഹരിക്കപ്പെട്ട ജനത വേറെയാരുമില്ലെന്ന് നമ്മിലേക്ക് വിരല്‍ചൂണ്ടി സമ്മതിക്കുമ്പോള്‍ ഹിജ്‌റ പോകാനുള്ള കുപ്പായമിടലായിരിക്കുമത്. ആധുനികമായ നമ്മുടെ പകരംവെപ്പുകളും വ്യവഹാരങ്ങളുമെല്ലാം അതോടെ അട്ടിമറിയും. ഹിജ്‌റ അനിസ്‌ലാമികമായ ബോധങ്ങളെ പോലും ചെറുത്ത് പിന്മാറ്റലാണെന്ന് നമ്മുടെ നിശ്ചയമായി ഉയരണം. ഉത്തമസമൂഹത്തിന്റെ വീണ്ടെടുപ്പിന്റെ വഴിയില്‍ ഖാഫിലക്കൂട്ടങ്ങള്‍ ഒരുപാട് ഈ ഹിജ്‌റക്ക് കരുതി നീങ്ങിയത് മൂന്നു നൂറ്റാണ്ടുകളെ പവിത്രതയോടെ വിളക്കിച്ചേര്‍ക്കുകയായിരുന്നു. ഹിജ്‌റക്ക് സാക്ഷിയായവരുടെ ജീവിതം തിന്മയോട് യാതൊരു രാജിയും സന്ധിയുമില്ലെന്നും നന്മകള്‍ പിറക്കാന്‍ തന്റെ അവസാന ശ്വാസവും നീട്ടിവലിക്കണമെന്നും ഓരോ വിശ്വാസിക്കും ഉറപ്പിച്ചു തരുന്നുണ്ട്. പരസ്പരം കെട്ടിപ്പുണര്‍ന്നു നില്‍ക്കുന്ന പോലെ ഓരോ മുഹര്‍റം ഹിജ്‌റയെയും ഹിജ്‌റ മുഹര്‍റമിനെയും വിസ്തരിച്ചുതരുന്നു. ഹിജ്‌റ കലണ്ടറിലെ തുടക്കമാസമായതിനാലും ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടധികം വഴിത്തിരിവുകള്‍ക്കും പരിപ്രേക്ഷ്യങ്ങള്‍ക്കും സാക്ഷിയായതിനാലും വിശ്വാസിയോട് മുഹര്‍റം ഏറെ ബന്ധം പുലര്‍ത്തുന്നുണ്ട്. പൊതുമനുഷ്യനില്‍ നിന്ന് ഇസ്‌ലാമിക മനുഷ്യനെ വേര്‍തിരിക്കുന്ന നേരറിവുകള്‍ മുഹര്‍റമും ഹിജ്‌റയും ഒന്നുചേര്‍ന്നു നമുക്ക് തരുന്നു. ഉമര്‍(റ) രൂപപ്പെടുത്തിയ ഹിജ്‌റ കലണ്ടര്‍ സംവിധാനം മറ്റുള്ളവരില്‍നിന്ന് മാറി മുസ്‌ലിംകള്‍ എന്തിനും ഒരു ഏകഭാവത്തെ കേന്ദ്രീകരിക്കണമെന്ന് ചരിത്രത്തിന്റെ അണമുറിയാത്ത പ്രവാഹമായി ഉദ്‌ഘോഷിക്കുന്നുണ്ട്. എന്തിനും ഏതിനും പടിഞ്ഞാറോട്ട് സുജൂദ് ചെയ്യുന്ന ആധുനിക മുസ്‌ലിമിന്റെ പുതിയ വണക്ക ബോധത്തെ തല്ലിയമര്‍ത്തുന്ന ഉള്‍സ്വരം വിശ്വാസത്തിന്റെ നന്മയുള്ളവര്‍ ഇതില്‍നിന്നും കേള്‍ക്കുന്നു. കുനിയാന്‍ പറഞ്ഞിടത്ത് മുട്ടിലിഴയുന്ന ലോകത്ത് ആരും കാണിക്കാത്ത അടിയറവിന്റെ പ്രത്യയശാസ്ത്രം അഭിമാനമായി പുണരുന്ന നമ്മെ ചെകിടത്തടിച്ചുണര്‍ത്തുന്ന തിരിച്ചറിവിന്റെ പാഠങ്ങള്‍ ഹിജ്‌റ-മുഹര്‍റമിന്റെ ഓരോ ചരിത്രനീക്കങ്ങളിലും ഹിജാസിന്റെ കാഹളമായി അലയടിക്കുന്നുണ്ട്. ഹിജ്‌റയെ ഭീരുത്വത്തിന്റെ ഒളിച്ചോട്ടമായി വിലയിരുത്തുന്നത് വലിയ അബദ്ധമാണ്. വിശ്വാസമെന്ന മുസ്‌ലിമിന്റെ മൗലിക മാഹാത്മ്യത്തിന്റെ മുമ്പില്‍ ഒന്നിനും വകയില്ലെന്ന ഉള്‍പൊരുള്‍ ഇതിലുണ്ട്. നാടും വീടും സമ്പാദ്യവും എത്രകണ്ട് ആധിക്യവും കൗതുകവുമുള്ളതാണെങ്കിലും മുസ്‌ലിമിന്റെ മുന്‍ഗണനാക്രമം വിശ്വാസത്തെയും അനുബന്ധങ്ങളെയും മുന്നില്‍ നിര്‍ത്തുന്നതാകണമെന്ന് ഹിജ്‌റയെ ആവാഹിച്ചവര്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അതോടൊപ്പം ഏതു കാലത്തും മുസ്‌ലിമിന് അഭിമാനകരമായ അസ്ഥിത്വവും വിശ്വാസതലവും ഉണ്ടാവണമെന്ന് ഹിജ്‌റ ഉണര്‍ത്തുന്നുണ്ട്. പ്രവാചകത്വം കിട്ടി പത്ത് വര്‍ഷം കഴിഞ്ഞാണ് വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ള ഈ പലായനം. പോകുമ്പോള്‍ ആദ്യം പതിനൊന്ന് പുരുഷന്‍മാരും നാലു സ്ത്രീകളും മാത്രമായിരുന്നെങ്കിലും സ്വീകാര്യ ജനതയുടെ തോത് കൂടിക്കൂടിവന്നു. മൂന്നു വര്‍ഷത്തോളം പച്ചിലകള്‍ തിന്ന് മക്കയുടെ ഒരു മൂലയില്‍ കഴിയേണ്ടിവന്നപ്പോഴും ക്ഷമയുടെ മിനാങ്ങളായി തല ഉയര്‍ത്തിനിന്നതിന്റെ ആശാവഹമായ അന്ത്യം 'മുഹമ്മദ്, ഞങ്ങള്‍ താങ്കളില്‍നിന്ന് കരുണയല്ലാതെ പ്രതീക്ഷിക്കുന്നില്ല' എന്ന്, തന്നെ അവമതിച്ചവരോട് പറയിക്കുന്ന മക്കാ ഫത്ഹിലേക്ക് വരെയെത്തി. ആദര്‍ശത്തിന്റെ പേരില്‍ മറ്റൊരു മുന്നുപാധിയുമില്ലാതെ മനസ്സൊന്നിച്ചപ്പോള്‍ സൗഹൃദത്തിന്റെ അതിവിശാല പാഠങ്ങള്‍ ലോകം ഹിജ്‌റയില്‍ ദര്‍ശിച്ചു. വിശ്വാസികള്‍ പരസ്പരം ഭിത്തിപോലെയാണെന്നും ഒരാള്‍ മറ്റൊരുത്തന് കണ്ണാടിയാണെന്നും കൃത്യമായി പ്രയോഗത്തില്‍വരുന്നതായി അന്‍സ്വാര്‍-മുഹാജിറുകളുടെ സഹകരണ സ്വഭാവത്തിന്റെ അറ്റങ്ങള്‍. രണ്ടു ഭാര്യമാരുള്ളവര്‍ ഒരാളെ മൊഴി ചൊല്ലി തന്റെ മുഹാജിര്‍ സഹോദരന് ഭാര്യയാക്കി കൊടുത്തു. സ്വത്തുവഹകകള്‍ പോലും അവര്‍ അങ്ങനെ കണ്ടത് മനസ്സൊന്നിപ്പിന്റെ മൂര്‍ത്ത പ്രതിഫലനങ്ങളാണ്. പരസ്പരം പകവച്ചുകഴിയുന്ന ആധുനിക അറബ് തമ്പ്രാക്കന്മാരുടെ നിലയോട് അതിരൂക്ഷമായി പ്രതികരിക്കുകയും തുറിച്ച് നോക്കുകയും ചെയ്യുന്നുണ്ട് ഈ മനസ്സൊന്നിപ്പിന്റെ മന്ത്രം. ''മുഹമ്മദ്, താങ്കള്‍ ഈ ദൗത്യത്തില്‍നിന്ന് പിന്തിരിയണം. അതിന് സമ്പത്തോ സ്ഥാനമോ സ്ത്രീയോ എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഞങ്ങള്‍ ഒരുക്കാം'' അന്ന് ഈമാനെ വലിച്ചൂരിമാറ്റാനുള്ള പ്രലോഭനങ്ങള്‍ ഇങ്ങനെയായിരുന്നു. ഇവിടെ നബി(സ)യുടെ മറുപടി: ''നിങ്ങള്‍ എന്റെ വലതുകയ്യില്‍ സൂര്യനും ഇടതു കയ്യില്‍ ചന്ദ്രനും വച്ചു തന്നാല്‍ പോലും ഈ ദൗത്യത്തില്‍നിന്ന് പിന്മാറുകയില്ല.'' അതെ, മക്കയില്‍നിന്ന് അബ്‌സീനിയായിലേക്കും മദീനയിലേക്കുമെല്ലാം ഹിജ്‌റ പോകുന്നതിനു മുമ്പ് ഇങ്ങനെ ഒരു ഹിജ്‌റ നടന്നു. കളംമാറിച്ചവിട്ടാനും വ്യതിചലിപ്പിക്കാനുമുള്ള പ്രലോഭനങ്ങളില്‍ നിന്ന് ഈമാനിന്റെ ഉറച്ച സ്വത്വബോധത്തിലേക്ക് ഹിജ്‌റ പോവുകയായിരുന്നു നബി(സ). ഇന്ന് നമുക്കും അപമൂല്യങ്ങളുടെ വശീകരണങ്ങള്‍ ഉണ്ടാവുന്നു; വേട്ടയാടുന്നു. നമ്മുടെ ബോധത്തെപ്പോലും ഇസ്‌ലാമിനപ്പുറത്തേക്ക് മാറ്റിപ്പണിയുന്നു. ഇവിടെ കൃത്യമായി എല്ലാത്തിന്റെയും ഇസ്‌ലാമികമായ ലഹരിയിലേക്ക് നിലയുറപ്പിക്കലിലേക്ക് ഒരു ഹിജ്‌റ നമുക്ക് കൂടാതെകഴിയില്ല. അതിനാല്‍, നമുക്ക് ഹിജ്‌റ തിരിച്ചു പോക്കിനുള്ളതാണ്. 'എനിക്ക് ധാര്‍മികമായി നിവര്‍ന്നു നിന്നാലെന്താ' എന്നു ധീരമായി ചോദിക്കുന്ന മാനസികപാകത ഓരോ ഹിജ്‌റാരംഭവും നമ്മോട് ആവശ്യപ്പെടുന്നു.
Leave A Comment