മുസാഫര്‍ നഗറിലെ ക്യാമ്പ് കാഴ്ചകള്‍

images (4)ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ അഭയാര്‍ത്ഥി ക്യാമ്പുകളുടെ ദയനീയാവസ്ഥയെ കുറിച്ച്‌ ഞങ്ങള്‍ക്ക്‌ ആദ്യമേ മുന്നറിയിപ്പ്‌ ലഭിച്ചിരുന്നു. കരിമ്പിന്‍ തോട്ടം ഇടതൂര്‍ന്ന്‌ വളര്‍ന്ന്‌ നില്‍ക്കുന്ന ഈ പ്രദേശം കുറ്റകൃത്യങ്ങള്‍ക്കും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുപ്രസിദ്ധമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഒരു രാത്രി മുഴുവന്‍ ഞങ്ങള്‍ നിര്‍ത്താതെ സഞ്ചരിച്ചു. കുറെ മുന്നോട്ട്‌ പോയപ്പോള്‍ തുറസ്സായ പാടത്ത്‌ നിരന്നു നില്‍ക്കുന്ന ടാര്‍പ്പോളിന്‍ ടെന്റുകള്‍ ദൃശ്യമായി. പൂര്‍ണ ചന്ദ്രന്‌ കീഴെ കറുത്ത നിഴലുകള്‍ ചലിച്ചു കൊണ്ടിരിക്കുന്നു. തീയിന് ചുറ്റും നിരവധി മനുഷ്യ കോലങ്ങള്‍. അകലെയെവിടെയോ നിന്ന്‌ കുട്ടികളുടെ നിര്‍ത്താതെയുള്ള കുരയും കരച്ചിലും.

ഇല്ലായ്‌മയുടെ വലിയൊരു ഉദാഹരണമാണ്‌ ഈ ദുരിതാശ്വാസ ക്യാമ്പുകള്‍. ഇവിടെ വൈദ്യുതിയോ ചൂടു പിടിപ്പിക്കാനുള്ള മാര്‍ഗങ്ങളോ ഇല്ല. ഊഷ്‌മാവ്‌ പലപ്പോഴും പൂജ്യത്തിനടുത്തായിരുന്നു. ശൈത്യ കാലത്തെ കനത്ത മൂടല്‍ മഞ്ഞ്‌ കാരണം അവ്യക്തമായ ഭീകര രൂപത്തെപ്പോലെയാണ്‌ ആ ക്യാമ്പ്‌ ഞങ്ങള്‍ക്കനുഭവപ്പെട്ടത്‌.

ക്യാമ്പില് ഞങ്ങള് പരിചയപ്പെട്ട മുഹമ്മദ്‌ ശാക്കിര്‍ എന്ന മധ്യവയസ്കന്‍ തന്റെ കഥ പങ്കുവെക്കാന്‍ സമ്മതം പ്രകടിപ്പിച്ചു. ജീര്‍ണ്ണിച്ച ടെന്റിലേക്ക്‌ അവന്‍ ഞങ്ങളെ ആനയിച്ചു. അവിടെ അയാളുടെ ഭാര്യയും നാലു മക്കളും ഒരൊറ്റ കമ്പിളിക്കുള്ളില്‍ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്. നവംബറിലായിരുന്നു ഞങ്ങളുടെ സന്ദര്‍ശനമെങ്കില്‍ അവന്റെ ഒമ്പത്‌ മാസം പ്രായമായ സോഫിയ എന്ന കുഞ്ഞിനെയും കാണാമായിരുന്നു. പക്ഷേ, ഡിസംബര്‍ തുടക്കത്തില്‍ ആ കുഞ്ഞ്‌ ന്യുമോണിയ ബാധിച്ച്‌ മരിച്ചു. പരിതാപാകരമായ ജീവിതാവസ്ഥയും കടുത്ത ശൈത്യവും മൂലമായിരുന്നു അത്‌. ``അതീവ ദുഃഖത്തിലാണ്‌ ഞാന്‍. ജീവിതം മുഴുക്കെ ഇരുള്‍ മൂടിയിരിക്കുന്നു. ഒന്നിനോടും താല്‍പര്യം തോന്നുന്നില്ല. തിന്നാനോ കുടിക്കാനോ ആഗ്രഹമില്ല. വെറുതെ ഇരുന്നാല്‍ പോലും മുഷിയുന്നു. ഉറക്കത്തോടുള്ള താല്‍പര്യവും നഷ്‌ടപ്പെട്ടിരിക്കുന്നു. മകന്‍ നഷ്‌ടപ്പെട്ട ദുഃഖം ദിവസവും എന്നെ വേട്ടയാടുകയാണ്. അവന്‍ രാവിലെ എണീറ്റ്‌ പപ്പാ എന്ന്‌ വിളിക്കുമായിരുന്നു. അവന്‍ സ്വയം പല്ല്‌ തേക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.'' കുട്ടികള്‍ നോക്കി നില്‍ക്കെ മുഹമ്മദ്  പൊട്ടിക്കരഞ്ഞു.

ഏകദേശം രണ്ടായിരം ആളുകളാണ് ലൂയി ക്യാമ്പില്‍ താമസിക്കുന്നത്. കഴിഞ്ഞ സെപ്‌റ്റംബറില്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ നടന്ന വര്‍ഗീയ സംഘട്ടനങ്ങളില്‍ വിരണ്ടോടിയ മുസ്‌ലിംകളാണവര്‍. വീടുകള്‍ അന്യമതസ്ഥര്‍ കൊള്ളയടിക്കുകയും തീയിടുകയും ചെയ്‌തിരിക്കുകയാണെന്നും മടങ്ങിപ്പോവാന്‍ തങ്ങള്‍ക്കിനി ഒരിടമില്ലെന്നും അവര്‍ ഞങ്ങളോട്‌ പറഞ്ഞു. അറുപത്തിയഞ്ച്‌ വീടുകളും അറുനൂറിലധകം വീടുകളും ബിസിനസ്‌ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടുവന്നും ജില്ലാ അധികാരികള്‍ പറയുന്നു. പ്രശ്‌നം കൂടുതല്‍ വഷളായപ്പോള്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ആയിരക്കണക്കിന്‌ സുരക്ഷാ സൈനികരെ വിന്യസിക്കുകയും ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്‌തു. കലാപം കാരണം ഭവനരഹിതരായ 27,000 ആളുകളെ ഇതിനകം പുനരധിവസിപ്പിച്ചുവെന്നും ശേഷിക്കുന്നവരുടെ കാര്യത്തില്‍ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നുമാണ് അധികൃത്യരുടെ പക്ഷം. ``എന്‍.ജി.ഓകള്‍ മുഖേന ധാരാളം പുതപ്പുകളും കിടക്കളും ഞങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌.'' മുസാഫര്‍ നഗര്‍ ജില്ലാ മജിസ്‌ട്രേട്ട്‌ കുശല്‍ രാജ്‌ ശര്‍മ പറയുന്നു.

``കമ്പിളി വസ്‌ത്രങ്ങളും മറ്റു ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചിട്ടുണ്ട്‌. പാല്‍പ്പൊടി അടക്കമുള്ള പോഷകാഹരങ്ങളും നല്‍കുന്നുണ്ട്‌. ഈയാളുകളെ മരണത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു.''

 പക്ഷേ, ക്യാമ്പില്‍ നാല്‍പത്‌ കുട്ടികള്‍ മരണപ്പെട്ടു എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത പുറത്ത്‌ വന്നപ്പോള്‍ ഗവണ്‍മെന്റ്‌ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ഡിസംബര്‍ തുടക്കത്തില്‍ തന്നെ ഇവ്വിഷയില്‍ സുപ്രീംകോടതി ഉത്‌കണ്‌ഠ പ്രകടിപ്പിക്കുകയും 24 മണിക്കൂറിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു.  40 കുട്ടികളുടെ മരണ വാര്‍ത്ത ശര്‍മ നിഷേധിക്കുകയും ക്യാമ്പിന്‌ സഹായമത്തെക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗരൂകരാണെന്ന്‌ ഉറപ്പിച്ച്‌ പറയുകയും ചെയ്‌തു.

വൃത്തികേടായ ചുറ്റുപാട്‌

 പക്ഷേ അവിടത്തെ ചുറ്റുപാടുകള്‍ അസഹ്യമായാണ്‌ ഞങ്ങള്‍ക്കനുഭവപ്പെട്ടത്‌. കൊടും തണുപ്പത്ത് മേല്‍ക്കൂരയില്ലാത്ത പ്ലാസ്റ്റിക്‌ ടെന്റുകളില്‍ കിടക്കുകയും ചെളിനിലങ്ങളില്‍ ഉറങ്ങുകയും ചെയ്യുന്നവര്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഒരു കൈപ്പിടിയിലൊതുങ്ങുന്ന പാത്രങ്ങളിലായിരുന്നു അവര്‍ ഭക്ഷണം പാകം ചെയ്‌തിരുന്നത്‌. രണ്ടായിരം ആളുകള്‍ക്ക്‌ ഇരുപത്തിയഞ്ച്‌ ടോയ്‌ലറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങ‍ള്‍ കണ്ടുമുട്ടിയ കുട്ടികളേറെയും ജീര്ണ്ണിച്ച വസ്ത്രം ധരിച്ചവരായിരുന്നു.

ശൈത്യ കാലം വന്നതോടെ നിരവധി കുട്ടികള്‍ ന്യൂമോണിയയും പനിയും ചുമയും ബാധിച്ച്‌ അവശരായി. മുഹമ്മദ്‌ ശാക്കിറിന്റെ മകനടക്കം പതിനൊന്ന്‌ കുട്ടികള്‍ ഇതിനകം തന്നെ മരിച്ചിരുന്നു.

''നിങ്ങളുടെ പക്കല്‍ കമ്പിളി പുതപ്പുകള്‍ എത്രയുണ്ടായാലും കാര്യമില്ല. ഈ കൊടും തണുപ്പില്‍ തുറസ്സായ അന്തരീക്ഷത്തില്‍ അവയൊന്നും ഉപകാരപ്പെടില്ല.'' ക്യാമ്പ്‌ കമ്മിറ്റി മെമ്പറായ ഫൈസല്‍ ചൗഹാന്‍ പറയുന്നു.  ``കാറ്റിനോടൊപ്പം മഞ്ഞിന്റെ ഈര്‍പ്പവും നേരെ തമ്പിനകത്തേക്ക്‌ അടിച്ചു കയറുകയാണ്.''

images..തണുപ്പു കാലത്തെങ്കിലും ഇത്തരം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റണമെന്നാണ്‌ ഗവണ്‍മെന്റിന്റെ താല്‍പര്യം.  എന്നാല്‍ നഷ്‌ടപരിഹാരം വേണമെന്നാണ്‌ കുടുംബങ്ങളുടെ ആവശ്യം. ലോയി ക്യാമ്പിന്‌ അടുത്ത്‌ യോജിച്ച സ്ഥലം അനുവദിച്ചു കിട്ടിയാല്‍ നഷ്‌ടപ്പെട്ട ജീവിതം പുനര്‍നിര്‍മിക്കാനാവുമെന്ന്‌ ഇവര്‍ ആശിക്കുന്നു.  അധികാരികളും ലൂയി ക്യാമ്പിലെ താമസക്കാരും തമ്മിലുള്ള ഈ അസ്വാരസ്യം മാസങ്ങള്‍ നീണ്ടു നില്‍ക്കാനാണ്‌ സാധ്യത. പക്ഷേ, അഴുക്കും രോഗവും ക്യാമ്പില്‍ നിറഞ്ഞു നില്‍ക്കുന്നു. ശൈത്യ കാലം കഴിയുമ്പോഴേക്ക്‌ എത്ര കുട്ടികളായിരിക്കും ഇവിടെ മരിച്ചു വീഴുക! (ശക്തമായ വി‍മ‍ര്ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് ആളുകളെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയാണിപ്പോള്‍ യു.പി സര്‍ക്കാര്‍.)

-കരിഷ്മ വയാസ് (ബ്ലോഗ്സ്. അല്‍ ജസീറ. കോം)

വിവ. ഷമീല്‍ അരിമ്പ്ര

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter