മുസ്‌ലിം കലകള്‍: ചെറിയ ഒരു ആസ്വാദനം
റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ഇസ്‌ലാമിക കലകളുടെ പ്രദര്‍നം നടക്കുന്നു. കലകള്‍ അതിന്‍റെ ആധുനികത താണ്ടിയ ഇക്കാലത്തും ഇസ്‌ലാമിക കലകള്‍ ഉപാസിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതെ കുറിച്ചുള്ള പഠനങ്ങളും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മോസ്കോ പ്രദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രാദേശിക പത്രപ്രതിനിധി എക്സിബിഷന്‍ ക്യൂറേറ്റര്‍ Galina Lazikova യുമായി നടത്തിയ അഭിമുഖം.
പ്രദര്‍ശനത്തിന് വെച്ച ഇനങ്ങളിലെ പകുതിയിലേറെയും ഇറാനില്‍ നിന്നുള്ളതാണ്. അത് ആകസ്മികമായി സംഭവിച്ചതാണോ?
ആകസ്മികമെന്നൊന്നും പറയാനാകില്ല. ഇറാന്‍റെ കലാപാരമ്പര്യം ഇസ്‌ലാമിന് മുന്നെ തുടങ്ങിയതാണ്. ഇസ്‌ലാമിക കാലത്ത് അതൊന്നു കൂടി വിപുലമാകുകയാരുന്നു. അത് കൊണ്ട് തന്നെ അയല്‍പ്രദേശങ്ങളില്‍ ഇറാന്‍റെ കലാസംസ്കാരം ഏറെ സ്വാധീനിച്ചുവെന്നതു തീര്‍ത്തും സ്വാഭാവികം. ഇന്ത്യയിലെ കലാപാരമ്പര്യം നോക്കൂ. ഇറാനില്‍ നിന്ന് കുടിയേറിയ കലാകാരന്മാര്‍ വഴിയാണ് അത് പടര്‍ന്നുവ്യാപിച്ചത്. മധ്യേഷ്യന്‍ കലാസംസ്കാരത്തിന്‍റെ കാര്യവും അങ്ങനെ തന്നെ. ഒരു പ്രദര്‍ശനത്തിന് വെക്കുമ്പോള്‍ നാം ശ്രദ്ധിക്കുക ഇനങ്ങളുടെ ഭംഗിയാണ്. ഭംഗിയുള്ള ഒന്ന് മാറ്റിനിറുത്തി രാഷ്ട്രവൈവിധ്യത്തിന് വേണ്ടി ഭംഗിയില്ലാത്ത ഒന്ന് പകരമെടുക്കുന്നത് ശരിയല്ലെന്നാണ് അഭിപ്രായം. അതുകൊണ്ടാണ് പകുതിയോളം ഇനങ്ങള്‍ ഇറാനില്‍ നിന്നായിപ്പോയത്.
മുസ്‌ലിംകല എന്നു പറയുമ്പോള്‍ ഏറെ വിശാലമാണത്. ഇന്ത്യ, ഈജിപ്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം അതില്‍ വരും. അവയ്ക്കിടയില്‍ കലാപാര്യമായ വൈവിധ്യം കാണപ്പെടുന്നുണ്ടോ?
മതപരമായ വീക്ഷണകോണില്‍ ഈ രാജ്യങ്ങളിലെയെല്ലാം കലകള്‍ സമാനങ്ങളാണ്. അപ്പോഴും തദ്ദേശീയമായ ചില വൈവിധ്യങ്ങള്‍ ഈ കലകള്‍ക്കെല്ലാമുണ്ടെന്ന് പറയേണ്ടി വരും. ഇറാനിലെ ചെറുചിത്രങ്ങള്‍ തന്നെ ഒരു ഉദാഹരണം.
ഇറാനിലെ ഒരു ചെറുചിത്രരീതി അക്കാലത്തെ ഇതര മുസ്‌ലിം നാടുകളിലെ കലാരൂപങ്ങളെ അപേക്ഷിച്ച് ഏറെ വികസിതമായ കലാരീതിയാണ്. ഓരോ കലാരൂപങ്ങള്‍ക്കും ഒന്നിലേറെ വിശദീകരണം സാധ്യമാകും. നല്ല ഒരു കലാരൂപത്തിന് ചുരുങ്ങിയത് ഏഴ് വിശദീകരണമെങ്കിലും സാധ്യമാകണമെന്നാണ് പക്ഷം. സത്യത്തില്‍ ഉത്തമമായ കലാസൃഷ്ടിക്ക് അനന്തമായ വിശദീകരണം സാധ്യമാകണം.
നേരത്തെ പണി പൂര്‍ത്തിയായി കഴിഞ്ഞ കലാരൂപങ്ങള്‍ക്ക് ഇത്തരത്തിലുള്ള വിശദീകരണം എങ്ങനെയാണ് പില്‍ക്കാലത്ത് നടക്കുന്നത്. അതു സംബന്ധമായ വിവരം ആസ്വാദകന് എങ്ങനെ ലഭിക്കുന്നു?
ഇറാനിലെ കലാരൂപങ്ങളെല്ലാം അടിസ്ഥാനപരമായി അവിടെ തഴച്ചുവളര്‍ന്നിരുന്ന പേര്‍ഷ്യന്‍ കവിതകളുടെ ഉപോത്പന്നങ്ങളാണെന്ന് പറയാം. കവിതയിലെ ആശയങ്ങളെയാണ് ഇറാനിലെ കലാകാരന്മാര്‍ പെയിന്‍റുപയോഗിച്ച് വരച്ചത്. ആയിരക്കണക്കിന് കവിതാ ശകലങ്ങളെ, അവയുടെ ആശയങ്ങള്‍ മനസ്സിലാക്കി, ഉപാസിക്കുന്ന ഒരാള്‍ക്ക് അതു കൊണ്ട് തന്നെ ഈ കലകളുടെ വിശദീകരണം ലളിതമാണ്. ഒരു ആശയത്തില്‍ നിന്ന് മറ്റൊരു ആശയത്തിന്‍റെ കൊമ്പിലേക്ക് അയാള്‍ ചാടിക്കൊണ്ടിരിക്കുമെന്നതും സ്വാഭാവികം.
ചരിത്രപരമായി ഇറാനില്‍ ഈ കലാരൂപങ്ങള്‍ ഉടലെടുത്തത് വിവിധ സാംസ്കാരിക കേന്ദ്രങ്ങളില് നിന്നാണല്ലോ?
രാജകൊട്ടാരവും കോടതിയുമായി ബന്ധപ്പെട്ടാണ് ഇറാനില്‍ ഈ കലാരൂപങ്ങള് ഉടലെടുത്തതെന്ന് പറയാം. സാമൂഹിക ഘടനയിലെ ഉന്നതശ്രേണിയിലുള്ളവരായിരുന്നു ഈ കലാരൂപങ്ങളുടെ പ്രയോക്താക്കള്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇറാനിലെ പ്രധാന രാജകൊട്ടാരം നിലനിന്നിരുന്ന ഹെറാത്തിലായിരുന്നു. ഹെറാത്തിനെ ചുറ്റിപ്പറ്റിയാണ് അക്കാലത്തെ കലാരൂപങ്ങള്‍ ജന്മം കൊണ്ടത്. പില്‍ക്കാലത്ത് രാഷ്ട്രീയ അച്ചുതണ്ട് പശ്ചിമ ഇറാനിലേക്ക് മാറിയതോടെ പിന്നെ തിബരീസ് കേന്ദ്രമായാണ് കലകള്‍ വളര്‍ന്നു പുഷ്പിക്കുന്നത്. തിബരീസിലെത്തി അമ്പത് വര്‍ഷമാകുമ്പോഴേക്ക് രാജകുടുംബും കാസവീനിലേക്ക് നീങ്ങുന്നുണ്ട്. അതോടെ കലാകേന്ദ്രങ്ങളും കൂടുമാറിയതായി കാണുന്നു. പിന്നെ രാജകുടുംബം നീങ്ങുന്നത് ഇസ്ഫഹാനിലേക്കാണ്. അതോടെ തദ്ദേശീയമായ കലാരൂപങ്ങളുടെ കേന്ദ്രമായി ഇസ്ഫഹാന്‍ മാറുന്നു. ഷിറാസിലെ കലാകേന്ദ്രമാണ് ഇതിന് അപവാദമായി ഉണ്ടായിരുന്നത്. രാജകുടുംബത്തിന്‍റെ തണലില്ലാതെയാണ് ശീറാസിലെ കലാകേന്ദ്രം വളര്‍ന്നു വലുതായത്.
ഇസ്ഫഹാനിലെ കലാരൂപങ്ങളിലെല്ലാം ഒരു ആകാശനീലിയുടെ സാന്നിധ്യമുണ്ടെന്ന് തോന്നുന്നു?
അത് ഇസ്ഫഹാനിലെ കലകളില്‍ മാത്രമല്ല. ഇറാനിലെ മൊത്തം കലാരൂപങ്ങളിലും ഈ ആകാശനിറം കാണാനാകുന്നുണ്ട്. അല്ലെങ്കിലും മുസ്‌ലിം നിര്‍മിതികളിലെല്ലാം ഈ നിറം പലപ്പോഴായി പ്രകടമാകുന്നുണ്ട്. മുസ്‌ലിം ആര്‍ക്കിടെക്ചറിലെ മിക്കവാറും ടൈലുകളും സെറാമിക്കുകളുമെല്ലാം പ്രസ്തുത നിറത്തിലുള്ളവയായിരുന്നു. കൊബാള്‍ട്ടിന്റെ സഹായത്തോടെ ഈ തിളങ്ങുന്ന നിറം ഉണ്ടാക്കാന്‍ പഠിച്ചതോടെ പിന്നെ അത് മുസ്ലിം കലാരൂപങ്ങളിലെ പ്രത്യേകഘടകമായി മാറി. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ഈ നിറം ഇറാന്‍കലകളില്‍ വ്യാപകമായി ഉപയോഗിച്ചു കാണുന്നുണ്ട്.
പ്രസ്തുത നിറം കൊണ്ട് എന്തെങ്കിലും പ്രത്യേകഉദ്ദേശ്യമുണ്ടോ?
തീര്‍ച്ചയായും. ആകാശത്തെ തന്നെയാണ് ആ നിറം കുറിക്കുന്നത്. അതിന് അരികുവെച്ച് സുവര്‍ണ്ണനിറവും കാണാം. അത് ആകാശത്തെ വെട്ടിത്തിളങ്ങുന്ന സൂര്യനെ ഉദ്ദേശിച്ചുള്ളതാണ്.
Leave A Comment