കാസിം സുലൈമാനിയുടെ വധം: അമേരിക്ക വീണ്ടും യുദ്ധക്കൊതിയിലേക്കോ?
രണ്ട് ദശാബ്ദങ്ങളായി ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവനായി സേവനം അനുഷ്ഠിച്ചിരുന്ന ജനറല്‍ കാസിം സുലൈമാനി ഉള്‍പ്പെടെയുള്ളവരെ ബഗ്ദാദിൽ നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തിയ അമേരിക്കയുടെ ഏകപക്ഷീയവും വീണ്ടുവിചാരവുമില്ലാത്ത പ്രകോപനപരമായ നടപടി പശ്ചിമേഷ്യയിൽ പുതിയ യുദ്ധകാഹളം മുഴങ്ങാൻ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

ദിവസങ്ങൾക്കു മുമ്പ് ഇറാഖിലെ അമേരിക്കൻ എംബസിയിലേക്ക് ശിയാ പ്രതിഷേധക്കാർ റാലി നടത്തിയതാണ് എയർപോർട്ട് വിടാനിരിക്കെ സുലൈമാനിയെയും കൂട്ടാളികളെയും വധിക്കാൻ അമേരിക്ക കണ്ടെത്തിയ ന്യായം.

ഇറാനിലെ നിലവിലെ സൈനിക നേതാക്കളിൽ താര പദവിയുള്ള സുലൈമാനി ജനങ്ങൾക്കിടയിലും ഏറെ സ്വീകാര്യനായ വ്യക്തിയായിരുന്നു. ഇറാൻ ആത്മീയനേതാവ് ആയത്തുള്ള അലി ഖാംനഇയുമായി ഏറെ അടുപ്പം പുലർത്തുന്ന ഇദ്ദേഹത്തെ ഇസ്‌ലാമിക വിപ്ലവത്തിൻറെ ജീവിക്കുന്ന രക്തസാക്ഷി എന്നാണ് അലി ഖാംനഈ വിശേഷിപ്പിച്ചിരുന്നത്. വിദേശരാജ്യങ്ങളിൽ വിശിഷ്യാ സിറിയയിലും ഇറാഖിലും ഇറാൻ നടത്തിയ സൈനിക ഇടപെടലുകൾക്ക് ചുക്കാൻ പിടിച്ചിരുന്ന സുലൈമാനിയുടെ പിന്തുണയാണ് സിറിയയിലെ ബശ്ശാർ അൽ അസദ് സർക്കാറിനെ കടുത്ത ആഭ്യന്തര യുദ്ധത്തിനിടയിലും നിലനിർത്തുന്നതിൽ നിർണായകമായി തീർന്നത്. ഇരു രാജ്യങ്ങളിലും ശിയാ പോരാളി സംഘങ്ങളെ പരിശീലിപ്പിച്ചിരുന്നതും യുദ്ധക്കളത്തിലേക്ക് നിയോഗിച്ചിരുന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

ഇറാഖിൽ സർക്കാർ സൈന്യത്തോടൊപ്പം അമേരിക്കൻ പിന്തുണയോടെ ഉത്തര ഇറാഖിലെ ഐസിസിനെ തുടച്ചുനീക്കുന്നതിൽ ഈ പോരാളി സംഘങ്ങളുടെ നിർണായക കയ്യൊപ്പ് ഉണ്ടായിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, ഐസിസിനെ നിലംപരിശാക്കാൻ അമേരിക്കയെയും ഇറാഖി സർക്കാരിനെയും സഹായിച്ച ഒരു ജനറലിനെ ആണ് അതെ രാജ്യത്ത് വെച്ച് അമേരിക്ക വധിച്ചുകളഞ്ഞിരിക്കുന്നത്. മുമ്പേ പലരും ചൂണ്ടിക്കാണിച്ച ഒരു പ്രതിസന്ധിയിലേക്കാണ് നിലവിൽ കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. നിലവിലെ ഇറാൻ- യുഎസ് ബന്ധങ്ങളുടെ പരിസ്ഥിതിയുടെ ഉത്തരവാദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാത്രമാണ്.

ഇരുരാജ്യങ്ങളും 2015ൽ ഒപ്പുവെച്ച ആണവകരാറിൽ നിന്നും ഏകപക്ഷീയമായി അമേരിക്ക പിൻ വാങ്ങിയതും ഇറാനുമേൽ ഉപരോധങ്ങൾ പുനസ്ഥാപിച്ചതും ട്രംപിന്റെ വാശിയുടെ പുറത്ത് മാത്രമാണ്. 1979ലെ ഇറാൻ ഇസ്‌ലാമിക വിപ്ലവത്തിൽ ഇറാൻ വിദ്യാർത്ഥികൾ അമേരിക്കയുടെ എംബസി ഉപരോധിച്ചപ്പോഴുണ്ടായ സാഹചര്യത്തെക്കാൾ ഗുരുതരമായ സ്ഥിതിയിലേക്കാണ് ഈ വധത്തോടെ ട്രംപ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.

ഈ ആക്രമണം വഴി സ്വന്തം രാജ്യത്ത് തനിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്റ് നടപടിയിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഒരുപക്ഷേ ട്രംപിന് സാധിച്ചേക്കാം. എന്നാൽ നിരന്തരമായ ആഭ്യന്തര യുദ്ധങ്ങൾ കൊണ്ട് തകർന്നു തരിപ്പണമായ ഒരു പ്രദേശത്തെ വീണ്ടും സംഘർഷ ബാധിതമാക്കാനാണ് ഇത്തരം നടപടികൾ വഴിവെക്കുക. ഈ ആക്രമണത്തോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ ആണവകരാർ പുനഃ സ്ഥാപിക്കപ്പെടാനുള്ള വാതിലുകൾ കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്.

അതേ സമയം, മറ്റേതൊരു പരമാധികാര രാജ്യത്തെ പോലെ തന്നെ ഇറാനും ഒരുപക്ഷേ യുദ്ധത്തിന് തയ്യാറായേക്കും. അങ്ങനെ സംഭവിച്ചാൽ ഇതുവരെ അമേരിക്ക പശ്ചിമേഷ്യയിൽ നടത്തിയ ഇടപെടലുകളിൽ നിന്ന് വ്യത്യസ്തമായി ഒരു മഹായുദ്ധമായിരിക്കും ഫലം. നിരന്തരമുള്ള ആക്രമണം മേഖലയെ വീണ്ടും അക്ഷിതമാക്കിത്തീർക്കും. ഈ അരക്ഷിതാവസ്ഥ തകർന്നില്ലാതായ ഐസിസിനും അൽഖായിദക്കും തിരികെ വരാനുള്ള അവസരമാണ് സൃഷ്ടിക്കുക. 18 വർഷങ്ങൾക്കു ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുപോകാൻ കഷ്ടപ്പെടുന്ന, 17 വർഷങ്ങൾക്കു മുമ്പ് ഇറാഖിനെ നശിപ്പിച്ച് ആ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളെ ജിഹാദികൾക്ക് വളരാൻ തക്ക വണ്ണം പരുവപ്പെടുത്തിയ അമേരിക്ക തന്നെ മുസ്‌ലിം ലോകത്ത് പുതിയൊരു സംഘർഷത്തിന് വിത്ത് വിധിച്ചിരിക്കുന്നു എന്നത് തീർത്തും ദൗർഭാഗ്യകരമാണെന്ന് പറയാതെ വയ്യ. (വിവ: റാശിദ് ഓത്തുപുരക്കൽ ഹുദവി)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter