മാനു കാമ്പസിലെ മുസ്‌ലിം വിശേഷങ്ങള്‍
manujjjjമാനു എന്ന് മലയാളികള്‍ ഓമനയോടെ വിളിക്കുന്ന മനുവിന്റെ മുഴുവന്‍ പേര് മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി എന്നാണ്. അലീഗഡിലെ മുസ്‌ലിമും ബനാറസിലെ ഹിന്ദുവും പോലെയാണ് ഇവിടത്തെ ഉര്‍ദു. ഹിന്ദുവിന് അലീഗഡും മുസ്‌ലിമിന് ബനാറസും നിര്‍ഭയമാകുന്നത് പോലെ ഉര്‍ദു അത്ര വശമില്ലാത്തവനും മനു വലിയ പ്രശ്‌നമായി അനുഭവപ്പെടില്ലെന്ന് ചുരുക്കം. ഹൈടെക് ഹൈദരാബാദിലെ പ്രസിദ്ധ നഗരങ്ങളിലൊന്നായ ഗച്ചിബോളിയാണ് ഈ കലാലയത്തിന്റെ ദേശം. പ്രായം പതിനാറേ ആയിട്ടുള്ളൂവെങ്കിലും ഹൈദരാബാദിലെ ഇതര യൂനിവേഴ്‌സിറ്റികളോട് മത്സരിക്കാവുന്ന തടിമിടുക്ക് ഇതിനകം പ്രകടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട് മനു. യൂനിവേഴ്‌സിറ്റികളുടെ സ്വന്തം ഡല്‍ഹിയിലെയും ദാല്‍തടാകത്തിന്റെ തീരത്തെയും മാമലകളുടെ മലബാറിലെയും വിജ്ഞാനദാഹികളായ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അതിന്റെ നേര്‍ സാക്ഷ്യങ്ങളാണ്. വിദേശികളുടെ ദേശമായി എഫ്‌ലുവും സൗത്തിലെ ജെ.എന്‍.യുവായി എച്ച്.സി.യുവും തെലുങ്കാന പ്രാദേശികവാദികളുടെ കുടുംബവീടായി ഉസ്മാനിയയും പേരെടുക്കുമ്പോള്‍ മുസ്‌ലിം കള്‍ച്ചര്‍ ജീവനിട്ട് നില്‍ക്കുന്ന, സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന അതുല്യബൗദ്ധിക കാമ്പസായി അല്‍പം ഗമയോടെത്തന്നെ എഴുന്നു നില്‍ക്കുന്നു മനു. പട്ടേലിന്റെ ഓപറേഷന്‍ പോളോ വരെ പുഷ്പിച്ച് നിന്നിരുന്ന ഹൈദരാബാദിലെ മുസ്‌ലിം ഭരണത്തിന്റെ പ്രതാപചിത്രങ്ങള്‍ കാമ്പസിന്റെ 200 ഏക്കറിനകത്ത് ശരിക്കും പ്രകടമായിക്കാണാം. വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുന്ന മുസ്‌ലിം അക്കാദമിക്‌സ്, പേരെടുത്ത അടിസ്ഥാന ഭൗതികസൗകര്യം, ന്യൂനപക്ഷ വളര്‍ച്ചക്കുതകുന്ന ക്രിയാത്മകസംവാദങ്ങളുടെ തിക്കും തിരക്കും, തീവ്ര ഇടതുപ്രസ്ഥാനങ്ങള്‍ക്ക് ഇടം കൊടുക്കാത്ത പ്രകൃതം, കലാപഭൂമികള്‍ തീര്‍ക്കുന്ന വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെ അഭാവം, ഇന്ത്യന്‍ മുസ്‌ലിംകളുടെ വൈജ്ഞാനികപുരോഗതി കിനാവ് കണ്ടു നടന്ന മൗലാനാ അബുല്‍കലാം ആസാദിന്റെ ആശയങ്ങള്‍ക്ക് ചിറക് വെക്കാന്‍ മനുവിനെ പ്രാപ്തമാക്കുന്ന പ്രധാന ഘടകങ്ങള്‍ ഇവയൊക്കെയാണ്. അക്കാദമിക്‌സ് ഇന്ത്യയിലെ സുപ്രസിദ്ധ കേന്ദ്രസര്‍വകലാശാലകളോട് താരതമ്യം ചെയ്യുമ്പോള്‍ ചില പോരായ്മകള്‍ കണ്ടെത്തപ്പെടുന്നുണ്ടെങ്കിലും മനുവിന്റെ അക്കാദമിക നിലവാരം ഭേദപ്പെട്ട വളര്‍ച്ച പ്രാപിച്ചിട്ടുണ്ടെന്നത് സത്യമാണ്. പത്തുവര്‍ഷം കൂടി കഴിയുമ്പോള്‍ ആദ്യസ്ഥാനങ്ങളിലേക്ക് മുന്നേറാനുള്ള വിഭവശേഷി യൂനിവേഴ്‌സിറ്റിക്കുണ്ടെന്നത് ആശാവഹമാണ്. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ സിംബലായി നിലകൊണ്ട, ഇന്ത്യാവിഭജന നയങ്ങളോട് പൂര്‍ണമായും വിയോജിച്ച സര്‍വവിജ്ഞാനകോശമായി ജീവിച്ച സാഹിത്യസാമ്രാട്ടും ചിന്തകനുമായിരുന്ന യൂ.ജി.സിയും ഐ.ഐ.ടിയും ഇന്ത്യക്ക് സമര്‍പിച്ച അബുല്‍കലാം ആസാദിന്റെ ജീവിതത്തിലെന്ന പോലെ വൈവിധ്യങ്ങള്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നുണ്ട് ഈ ജ്ഞാനസാമ്രാജ്യത്തിന്റെ ഓരോ തലങ്ങളിലും. പോളിടെക്‌നിക്, എം.ബി.എ, എം.സി.എ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ മുതല്‍ എം. എസ്.ഡബ്ലു, സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ തുടങ്ങിയ സാമൂഹിക പഠനമേഖലകളും ഉന്നതനിലവാരമുള്ള ഗവേഷണ സംവിധാനങ്ങളും യൂനിവേഴ്‌സിറ്റി ഒരേസമയം ഓഫര്‍ ചെയ്യുന്നുണ്ട്. പയറ്റിത്തെളിഞ്ഞ ജ്ഞാനതമ്പുരാക്കന്മാരുടെ സാന്നിധ്യം അക്കാദമിക മേഖലക്ക് മിഴിവേകാന്‍ ഇന്നും മനുവിന് കൂട്ടുണ്ട്. ബഫലോ നാഷണലിസവും വൈ ഐ അയാം നോട്ട് എ ഹിന്ദുവും എഴുതിയ വിശ്രുത ദലിത് ചിന്തകന്‍ കാഞ്ചാ എയ്‌ലയ്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സാമൂഹികവളര്‍ച്ചയുടെ ആധികാരിക ഗ്രന്ഥകാരന്‍ എച്ച്.വൈ സിദ്ദീഖി, മാനുസ്‌ക്രിപ്റ്റ് പഠനങ്ങളില്‍ ശ്രദ്ധേയനായ അലീം അഷ്‌റഫ് ജെയ്‌സി എന്നിവര്‍ കൂട്ടത്തില്‍ ചിലര്‍ മാത്രം. ഇവര്‍ നയിക്കുന്ന ബൗദ്ധിക സംവാദങ്ങള്‍ക്ക് വേദിയാകാന്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നാല് ഓഡിറ്റോറിയങ്ങളും കാമ്പസിലുണ്ട്. മുസ്‌ലിം സിംബലുകളായ 'ഉര്‍ദു' വും 'മൗലാന'യും യൂനിവേഴ്‌സിറ്റിയുടെ പേരില്‍ തന്നെ ഇടംപിടിച്ചത് അക്കാദമികമായ അപരവല്‍ക്കരണത്തിന് സ്ഥാപനം വിധേയമാകാന്‍ ചെറിയ നിലക്കെങ്കിലും കാരണമായിട്ടുണ്ടെന്നത് പറയാതെ വയ്യ. അബുല്‍കലാം ആസാദ് എന്ന വലിയ ഇന്ത്യന്‍ മുസ്‌ലിം കോണ്‍ഗ്രസുകാരനെ അനുസ്മരിപ്പിക്കുന്നതാണ് മൗലാന എന്നതും, നിരവധി ഇന്ത്യന്‍ സാഹിത്യരചനകള്‍ക്ക് ഇടം നല്‍കിയ ഭാഷയായ ഉര്‍ദു അവമതിക്കപ്പെടാതിരിക്കാനാണ് അതിന്റെ പേരില്‍ ഒരു കേന്ദ്ര സര്‍വകലാശാല എന്നതും അതിനപ്പുറം ഒന്നിനെയും അവ പ്രതിനിധീകരിക്കുന്നില്ല എന്നതും വിസ്മരിക്കപ്പെട്ടപ്പോഴാണ് ഈ അപരവല്‍ക്കരണത്തിന് ശ്രദ്ധ കിട്ടിയത്. വിദ്യാര്‍ഥികളിലും അധ്യാപകരിലും സിംഹഭാഗവും മുസ്‌ലിംകളായതിനാല്‍ സാംസ്‌കാരിക വൈവിധ്യങ്ങള്‍ അക്കാദമിക മേഖലയില്‍ രൂപപ്പെടുന്നില്ല എന്നതും മതങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയിലെ സക്രിയ സംവാദങ്ങള്‍ക്ക് അവസരങ്ങള്‍ തുറക്കപ്പെടുന്നില്ലെന്നതും ഒരു പരിധി വരെ ശരിയാണു താനും. സ്‌കൂള്‍ ഓഫ് ലാംഗ്വേജ്‌സ് അല്ലാത്ത എല്ലാ ഇടങ്ങളിലും മീഡിയ ഓഫ് ഇന്‍സ്ട്രക്ഷനായി ഇംഗ്ലീഷിന്റെ കൂടെ ഉര്‍ദുവും ഔദ്യോഗികമായി പരിഗണിക്കപ്പെടുന്നുവെന്നത് മനുവിന്റെ പ്രത്യേകതയാണ്. കേരളീയരല്ലാത്ത, ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞ സമര്‍ഥരുടെ വിദ്യാഭ്യാസ പുനരധിവാസമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഉര്‍ദു ഭാഷയും കള്‍ച്ചറും ഉന്നത പാഠ്യ മേഖലയില്‍ അന്യം നിന്നു പോകരുതെന്നത് അതിന്റെ താല്‍പര്യവും. ഉസ്മാനിയ്യ തെലുഗ് യൂനിവേഴ്‌സിറ്റിയാകുന്നതിന് മുമ്പ് അവിടെ ഉപയോഗിക്കപ്പെട്ടിരുന്ന, ഉര്‍ദുവില്‍ തന്നെ രചിക്കപ്പെട്ട, ശാസ്ത്ര മേഖലയിലടക്കം പരശ്ശതം ഗ്രന്ഥങ്ങള്‍ ജീവസ്സുറ്റതാക്കാന്‍ ഒരു പരിധിവരെ ഈ സംവിധാനത്തിന് സാധിച്ചിട്ടുണ്ട് താനും. ഇരുപതോളം ഡിപാര്‍ട്ടുമെന്റുകളിലായി പരന്ന് കിടക്കുന്നുണ്ട്, മനു ഓഫര്‍ ചെയ്യുന്ന കോഴ്‌സുകള്‍. ഭാഷകള്‍, സോഷ്യല്‍ സയന്‍സസ്, മാനേജ്‌മെന്റ്, മാസ് കമ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ ഓരോന്നും മൂല്യാധിഷ്ഠിതവും തൊഴിലധിഷ്ഠിതവുമാണ്. മേഖലയിലെ തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഇന്‍സ്ട്രക്ഷന്‍ മീഡിയ സെന്ററും വിദ്യാര്‍ഥി ബാഹുല്യം കൊണ്ട് ശ്രദ്ധേയമായ പോളീ ടെക്‌നിക്കും ഐ.ടി.ഐയും ഉര്‍ദു ടീച്ചേഴ്‌സ് ഡവലപ്‌മെന്റ് സെന്ററും മനുവിനെ വ്യത്യസ്തമാക്കുന്നു. യു.ജി.സിയുടെ ഉര്‍ദു പ്രോഗ്രാമുകള്‍ ഷൂട്ട് ചെയ്യുന്നത് മനുവിലെ ഇന്‍സ്ട്രക്ഷന്‍ മീഡിയ സെന്ററില്‍ വെച്ചാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മുസ്‌ലിം വിദ്യാര്‍ഥികളെ പെര്‍മെനന്റ് എക്‌സിക്യൂട്ടീവുകളാക്കിയ മൗലാനാ ആസാദിന്റെ ചിന്തകള്‍ക്ക് സാക്ഷാല്‍കാരം നല്‍കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് വര്‍ഷങ്ങളായി സൗജന്യ ഐ.എ.എസ് കോച്ചിംഗ് മനു നല്‍കിക്കൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ വായനയെ മനുവിനെപ്പോലെ പ്രമോട്ട് ചെയ്യുന്ന യൂനിവേഴ്‌സിറ്റികള്‍ തുലോം വിരളമായിരിക്കും ഇന്ത്യയില്‍. കാമ്പസിനകത്ത് എവിടെ നിന്നും വേഗത്തില്‍ ബ്രൗസ് ചെയ്യാന്‍ സഹായിക്കുന്ന വൈഫൈ സൗകര്യമാണിവിടെയുള്ളത്. വിദ്യാഭ്യാസത്തിനും കാര്യക്ഷമമായ ഗവേഷണത്തിനും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു, മനുവിന്റെ ശാന്തമായ അന്തരീക്ഷവും മേനിയഴകും. പ്രായപൂര്‍ത്തി എത്തിയതേ ഉള്ളുവെങ്കിലും നാകി(നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) ന്റെ 'എ' ഗ്രേഡ് നേടാന്‍ യൂനിവേഴ്‌സിറ്റിയെ പ്രാപ്തമാക്കിയതില്‍ അവയുടെ റോള്‍ അനിഷേധ്യമാണ്. ഡക്കാന്‍ ഡെല്‍റ്റയുടെ ബാക്കിയെന്നോണം പ്രകൃതി തന്നെ സംവിധാനിച്ചു നല്‍കിയ പാറശേഖരങ്ങളും കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന പച്ച വിരിച്ച ഭൂമികയും വഴികളില്‍ നിന്ന് വഴികളിലേക്ക് നീണ്ടുകിടക്കുന്ന പൂന്തോട്ടങ്ങളും അവക്കഭിമുഖമായി ചിരിച്ചു നില്‍ക്കുന്ന തണല്‍ മരങ്ങളുമെല്ലാം മനുവിലെ വിദ്യാഭ്യാസ മേഖലയെ പ്രിയങ്കരമാക്കുന്നു. സംസ്‌കാരം പറഞ്ഞു കേട്ട യൂനിവേഴ്‌സിറ്റി സംസ്‌കാരങ്ങളില്‍ നിന്ന് ഏറെ വിഭിന്നമാണ് മനുവിന്റേത്. നിലാവിനു കീഴെ കഥ പറഞ്ഞിരിക്കുന്ന ആണ്‍ പെണ്‍ സൗഹാര്‍ദങ്ങളും അവര്‍ക്കു വേണ്ടി രാവ് പുലരുവോളം ഉണര്‍ന്നിരിക്കുന്ന കഫേകളും മഷിയിട്ടു തിരഞ്ഞാല്‍ പോലും മനുവില്‍ ലഭ്യമാകില്ലെന്ന് തന്നെ പറയാം. ആറു മണിയോടെ പെണ്‍കുട്ടികള്‍ കൂടണയണമെന്നാണ് ഹോസ്റ്റല്‍ റൂള്‍. പ്രസ്തുത സമയത്തിന് ശേഷം പുറത്തെങ്ങും പിന്നെ അവരുടെ പൊടിപോലും കാണില്ല. ഗവേഷകവിദ്യാര്‍ഥികള്‍ക്ക് പോലും നിയമം ബാധകമാണ്. നിയമത്തിന്റെ ഗുണഭോക്താക്കള്‍ കാര്യബോധമുള്ളവരായത് കൊണ്ട് അത് ഒരു പ്രശ്‌നമോ പാരതന്ത്ര്യമോ ആയി അനുഭവപ്പെടുന്നില്ല തന്നെ. ഗേള്‍സ് ഹോസ്റ്റലില്‍ ബോയ്‌സ് കയറുന്നതിനെ നിയന്ത്രിക്കാന്‍ ശ്രമിച്ച വാര്‍ഡനെ പിരിച്ചുവിടാന്‍ പ്രതിഷേധപ്രകടനം നടത്തി പത്രവാര്‍ത്ത കൊടുത്ത പെണ്‍പിറന്നവള്‍ ഹൈദരാബാദിലെ തന്നെ മറ്റൊരു യൂനിവേഴ്‌സിറ്റിയിലുള്ളപ്പോഴാണിവിടെ ഇത്രയും ശാന്തത എന്നത് പ്രസ്താവ്യമാണ്. സദാചാരം മനുവിന്റെ ശീലമാണ്. സെക്‌സ്വല്‍ ഹരാസ്‌മെന്റുകള്‍ക്കോ കമന്റടികള്‍ക്കോ ഇവിടെ ഇടമില്ല. ശരീരപ്രദര്‍ശനങ്ങള്‍ക്ക് അവസരം നല്‍കുന്ന പരിപാടികളോ നിശാപാര്‍ട്ടികളോ ഇവിടെ കാണില്ല. മുസ്‌ലിം പെണ്‍കുട്ടികള്‍ മിക്കവാറും ഹിജാബ് ഉപയോഗിക്കുന്നവരാണ്. ഹൈദരാബാദില്‍ പൊതുവെ അങ്ങനെയാണ്, ഇസ്‌ലാമികതയുള്ള ഒരു ഇസ്‌ലാമാബാദ്. മതചിട്ട സൂക്ഷിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനത്തിന് തിരഞ്ഞെടുക്കാവുന്ന ഒരേയൊരു കേന്ദ്രസര്‍വകലാശാലയാണ് മനുവെന്ന വാദം തെറ്റല്ല. ആണ്‍കുട്ടികളും സദാ മാന്യമായി ഡ്രസ് ചെയ്യുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ളതിനാല്‍ കുടിസംസ്‌കാരം മനുവിലില്ല. വെള്ളിഖുത്ബക്കും നബിദിനാഘോഷങ്ങള്‍ക്കും ഔദ്യോഗിക ഇടങ്ങള്‍ അനുവദിക്കപ്പെടുന്നതും എല്ലാ ബില്‍ഡിങ്ങുകളിലും നിസ്‌കാരഹാളുകള്‍ സജ്ജീകരിക്കപ്പെടുന്നതും മനുസംസ്‌കാരത്തിലെ ഇസ്‌ലാമികതയുടെ അടയാളപ്പെടുത്തലുകളാണ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും യൂനിവേഴ്‌സിറ്റി വേദികള്‍ നല്‍കണമെന്ന ആവശ്യവുമായി ക്രിസ്തീ യ വിദ്യാര്‍ഥികള്‍ രംഗത്തു വന്നു തുടങ്ങിയത് വലിയ ഭീഷണിയാവാതിരിക്കാന്‍ അധികൃതര്‍ വേണ്ട മുന്‍കരുതലുകളെടുക്കേണ്ട സമയമാണിത്. തബ്‌ലീഗ് ജമാഅതിന്റെ ശക്തമായ പ്രവര്‍ത്തനമേഖലകൂടി ആവുന്നുണ്ട് പലപ്പോഴും മനു. മറ്റു ലീഗുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതും അധ്യാപകസ്റ്റാഫിന്റെ മൗനാനുവാദവും സാമ്പത്തിക സഹായവും അവരുടെ വളര്‍ച്ചയുടെ പ്രധാനകാരണങ്ങളാണ്. അകത്ത് നിന്ന് പുറത്തേക്ക് ജമാഅത്തുകള്‍ക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകാനും പുറമെ നിന്ന് വരുന്ന വലിയ നേതാക്കള്‍ക്ക് അവസരങ്ങള്‍ ഒരുക്കാനുമൊക്കെ ഉതകുന്ന ലോബിയിങ് ഇവിടെ സജീവമാണ്. എത്രതന്നെയായാലും ഇക്കാലയളവില്‍ മലയാളികള്‍ ഒരാള്‍ പോലും അവരുടെ ഇരയായില്ലെന്നത് പ്രശംസനീയമായ സത്യമാണു താനും. നവംബര്‍ 11 മനുവിന്റെ ആഘോഷ പെരുന്നാളാണ്. അന്നാണ് അബുല്‍ കലാം ആസാദിന്റെ ജന്മദിനം. ദേശീയ വിദ്യാഭ്യാസ ദിനമായി രാജ്യം അതിനെ പരിഗണിക്കുമ്പോള്‍ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന കലാകായിക മത്സരങ്ങളും കള്‍ച്ചര്‍ നൈറ്റ് ആസാദ് ഡെ സെലബ്രേഷനുമൊക്കെയാകും മനുവില്‍. മാപ്പിളപ്പാട്ടും നാടന്‍പാട്ടും പേടി കൂടാതെ പാടാന്‍ മലയാളികള്‍ക്കിവിടെ അവസരമൊരുങ്ങുന്നു. പേരെടുത്ത വിദ്യാര്‍ഥി സംഘടനകളുടെയോ ഇടത് പ്രസ്ഥാനങ്ങളുടെയോ അഭാവം ഒരു പരിധി വരെ മനു സംസ്‌കാരത്തില്‍ റീജ്യണലിസത്തിന് ഇട നല്‍കുന്നുണ്ടോ എന്ന സംശയം അസ്ഥാനത്തല്ല. ബീഹാരികള്‍, അലീഗഡുകാര്‍, കാശ്മീരികള്‍, തെലുഗര്‍, കേരളീയര്‍ എന്നിങ്ങനെ നിലനില്‍ക്കുന്നു വിദ്യാര്‍ഥികളുടെ മേല്‍വിലാസങ്ങള്‍. സൗത്ത് നോര്‍ത്ത് വിഭജനവും ചിലപ്പോള്‍ പ്രകടമാകാറുണ്ട്. ചിലയിടങ്ങളിലെ ഡിപ്പാര്‍ട്ട്‌മെന്റലിസവും ഇവിടത്തെ റീജ്യണല്‍ ചോവനിസ്റ്റുകള്‍ക്ക് മുമ്പില്‍ നിര്‍വീര്യമാകുന്നു. മലയാള സമാജം ഹൈദരാബാദിലെ മറ്റു സര്‍വകലാശാലകളിലെ പോലെത്തന്നെ മലയാളം നിറഞ്ഞ് നില്‍ക്കുന്നുണ്ട് മനുവിന്റെ ഓരോ ഇടനാഴികകളിലും. അക്കാദമിക നിലവാരവും സ്‌നേഹപൂര്‍വമുള്ള പെരുമാറ്റവുമാണിവിടെ മലയാളികളുടെ മുഖമുദ്ര. കൂടാതെ പേരുകേട്ട മലയാളി ഐക്യവും. ഇതര മതരാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളാണെങ്കിലും പാലക്കാട് വിട്ടാല്‍ പിന്നെ എല്ലാവരും മലയാളികള്‍ മാത്രമാകുന്നതാണ് അനുഭവം. കേരളത്തിലെ മതരാഷ്ട്രീയ സംഘടനകളില്‍ ഒന്നിനും ഇവിടെ പേരിന് പോലും ഇടം കിട്ടിയിട്ടില്ല. എല്ലാവര്‍ക്കും ഒരൊറ്റ കുടയായി മസ്‌ക് (മനു യൂണിയന്‍ ഫോര്‍ സ്റ്റുഡന്റ്‌സ് ഓഫ് കേരള) വിരിഞ്ഞു നില്‍ക്കാന്‍ കാരണമതാണ്. പെരുന്നാളും നോമ്പും തിരുവോണവും ഇവിടെ എല്ലാവരുടേതുമാകുന്നു. കേരളത്തിന്റെ വിവിധ ഭാഗത്തു നിന്ന് വരുന്നവരെ ചേര്‍ത്ത് സര്‍ഗവസന്തങ്ങള്‍ തീര്‍ക്കാറുണ്ട് മസ്‌ക്. കലാമത്സരങ്ങളും ഞായറാഴ്ച ചര്‍ച്ചകളുമൊക്കെ കെങ്കേമമാണ്. സാഹിത്യവും രാഷ്ട്രീയവും നാട്ടിന്‍പുറങ്ങളുമെല്ലാം ഗവേഷണാത്മകവും ബൗദ്ധികവുമായ ചര്‍ച്ചകളില്‍ വരവറിയിക്കാറുണ്ട്. കാലവും സമയവുമൊക്കെ അതിര് കടക്കും ഇടക്കൊക്കെ. കൂട്ടും സ്‌നേഹസദ്യയും കൂടെക്കാണും ചിലപ്പോഴൊക്കെ. മാതൃഭാഷ മറക്കുന്ന വിപ്രവാസികള്‍ക്ക് വിരുദ്ധമായി മനുവില്‍ പലരും മലയാളം കുറിച്ച് കൊണ്ടേയിരിക്കുന്നു. ചിലര്‍ മലയാള മാധ്യമങ്ങളുടെ കോളമിസ്റ്റുകളും മറ്റു ചിലര്‍ നന്നായി വായിക്കപ്പെടുന്ന ബ്ലോഗെഴുത്തുകാരുമാണ്. ഇംഗ്ലീഷ് നോവലിന്റെ പ്രസാധനം കാത്തിരിക്കുന്നവരും പോസ്റ്റ് മോഡേണ്‍ ചിത്രങ്ങള്‍ തീര്‍ത്ത് യൂനിവേഴ്‌സിറ്റി ഹാളില്‍ പ്രദര്‍ശനം നടത്തിയവരും കൂട്ടത്തിലുണ്ട്. മലയാളികള്‍ക്ക് അഭിമാനമായി രണ്ട് ഹുദവികളും അസിസ്റ്റന്റ് പ്രൊഫസര്‍മാരായി ഇവിടെ ഉണ്ട്. പൊതുവെ കളിക്കമ്പക്കാരായ മലയാളികള്‍ക്ക് ഇഷ്ടവീട് തന്നെയാണ് മനു. ടേബിള്‍ ടെന്നീസ് മുതല്‍ ജിംനേഷ്യ വരെ സജ്ജീകരിക്കപ്പെട്ട ഇന്‍ഡോര്‍ സ്‌റ്റേഡിയവും പുല്ലു മേഞ്ഞ വിശാലമായ ഇലവന്‍സ് സ്റ്റേഡിയവും ഇവിടെയുണ്ട്. വിദ്യാര്‍ഥിരാഷ്ട്രീയം തൊട്ട് കൂടാതിരുന്ന മനുവില്‍ പേരിനെങ്കിലും എം.എസ്.യു (മനു സ്റ്റുഡന്റ്‌സ് യൂണിയന്‍) രൂപീകരിക്കാനായി പ്രവര്‍ത്തിച്ചും വര്‍ഷാവര്‍ഷം വരുന്ന ഇലക്ഷനുകള്‍ക്ക് ഹരം പകര്‍ന്നും, യൂനിവേഴ്‌സിറ്റി കാമ്പസ് കൂടുതല്‍ ചലനാത്മകമാക്കാനുതകുന്ന സ്റ്റുഡന്റ്‌സ് ആക്ടിവിറ്റീസുകള്‍ ആസൂത്രണം ചെയ്തും പഠനഗവേഷണത്തിരക്കുകള്‍ക്കിടയില്‍ മലയാളി സമാജം മനുവില്‍ സാന്നിധ്യമറിയിച്ച് കൊണ്ടേയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter