‍ഇസ്രായേല്‍ മുസ്‌ലിം രാജ്യങ്ങളേക്കാള്‍ ഇസ്‌ലാമികമോ?
ജക്കാര്‍ത്ത ഗ്ലോബില്‍ പീറ്റര്‍ ദില്‍സാനി എഴുതിയ ലേഖനത്തിന്‍റെ വിവര്‍ത്തനം. മുസ്ലിം രാജ്യങ്ങളില്‍, സാമ്പത്തിക മേഖലകളിലെങ്കിലും, മതമൂല്യങ്ങള്‍ നോക്കുകുത്തികളാകുകയാണെന്ന് ഈയടുത്ത് പുറത്ത് വന്ന ഗവേഷണ പഠനത്തെ മുന്‍നിറുത്തി ലേഖകന്‍.  width=മുസ്‌ലിം ലോകം പൊതുവെയും ഗള്‍ഫുരാജ്യങ്ങള്‍ പ്രത്യേകിച്ചും ഇപ്പോള്‍ പുതിയ ഒരു പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. മതം, രാഷ്ട്രം, സിവില്‍ സമൂഹം എന്നിവയ്ക്കിടയിലെ ചേരുംപടി ചേര്‍ക്കാനാകാതെ വിഷമിച്ചു കൊണ്ടിരിക്കുകയാണവയെല്ലാം. അറബുവസന്തം സംഭവിച്ചതിന് ശേഷം പ്രദേശം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഇത് മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്. ലിബിയ, ടുണീഷ്യ, ഈജിപ്ത്, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലരങ്ങേറിയ വിപ്ലവം അറബുഭരണാധികാരികള്‍ക്ക് ഒരു സന്ദേശം കൈമാറിയിട്ടുണ്ട്. ജനാധിപത്യത്തിന്‍റെ വഴിയിലേക്ക് ഭരണത്തിന്‍റെ തേര് തെളിക്കാതെ അവിടെ തുടര്‍ച്ച അധികകാലം കാണില്ലെന്നതാണ് കടുത്ത ആ സന്ദേശം. വിപ്ലവത്തിന്‍റെ തിരി ഇതുവരെ തെളിഞ്ഞു കണ്ടില്ലാത്ത അറബ് രാജ്യങ്ങള്‍ മൊത്തം ഒരു തരം കണ്‍ഫ്യൂഷനിലാണെന്ന് പറയാം. പ്രശ്നത്തിന് പരിഹാരം ആരായുകയാണ് അവിടങ്ങളിലെ ഭരണകര്‍ത്താക്കള്‍. ഭരണത്തിന്‍റെ ചുറ്റുവട്ടങ്ങളില്‍ നിന്ന് മതത്തെ മാറ്റിനിറുത്തണമോ അതോ തക്ക മറ്റുവല്ല പരിഹാരവും സാധ്യമാണോ. കൃത്യമായ ഉത്തരം ആര്‍ക്കുമറിയില്ല. ഈ വര്‍ഷാദ്യം ഖത്തറില്‍ നടന്ന ആഗോള ഇസ്‌ലാമിക ഫോറത്തില്‍ പങ്കെടുത്തപ്പോള്‍ ഈ കണ്‍ഫ്യൂഷന്‍ എനിക്ക് നേരിട്ട് കാണാനുമായി. ഭരണപരിസരത്ത് നിന്ന് മതത്തെ വേര്‍പ്പെടുത്തിയ ഒരു രാജ്യം അറബ് ലോകത്ത് ഇല്ല എന്നതാണ് ഇതുവരെയുള്ള ചരിത്രം. ഭരണത്തില്‍ തങ്ങള്‍ തുടരുന്ന ഈ രീതി മുഹമ്മദ് നബി പകര്ന്നതാണെന്നും രാഷ്ട്രീയത്തില്‍ മതത്തെ അഴിച്ചെടുത്ത് വേര്‍പ്പെടുത്തുക സാധ്യമല്ലെന്നും ആയിരുന്നു അവിടെ കൂടിയ അറബുലോക പ്രതിനിധികളുടെ വാദം. ഫോറത്തില്‍ സംബന്ധിച്ച ഏഷ്യന്‍ നേതാക്കളാണ് അതിന് മറ്റൊരു പ്രായോഗിക പരിഹാരം നിര്‍ദേശിച്ചത്. ഇന്തോനേഷ്യയെ ആണ് അവര്‍ ഉദാഹരിച്ചത്. മുസ്‌ലിംകളാണ് രാജ്യത്ത് ഭൂരിപക്ഷമെങ്കിലും ഇന്തോനേഷ്യ ഒരു ഇസ്‌ലാമികരാജ്യമല്ലെന്ന വിശദീകരണം അറബിപ്രതിനിധികളെ വല്ലാതെ അത്ഭുതപ്പെടുത്തി.  ബഹുസ്വര സമൂഹമെന്ന രാഷ്ട്രീയ ആദര്‍ശത്തിലൂന്നി മുന്നോട്ട് പോകുന്ന ഇന്തോനേഷ്യ അവരെ സംബന്ധിച്ചിടത്തോളം പുതിയ അറിവായിരുന്നുവെന്ന് തോന്നുന്നു. സ്വന്തം മതനിയമങ്ങള്‍ പാലിക്കാന്‍ പൌരന് അവകാശം കൊടുത്തുവെന്നല്ലാതെ ആ വിഷയത്തില്‍ ഇന്തോനേഷ്യയിലെ ഭരണകൂടത്തിന് ഇടാപാടില്ല തന്നെ. ഭരണനയങ്ങളില്‍ മതവേദികള്‍ക്കോ സംഘടനകള്‍ക്കോ സ്വാധീനിക്കാനുമാവില്ല. രാജ്യത്തിന്‍റെ ഔദ്യോഗിക മതം ഇസ്‌ലാമാകണമെന്ന് ഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ ശാഠ്യം പിടിക്കുന്നില്ല. ജാവനീസ് ഭാഷ രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷയാക്കണമെന്ന് അവിടത്തുകാരായ ജാവാനികള്‍ക്കും വാശിയില്ല. ഇന്തോനേഷ്യ അറബ് രാജ്യങ്ങളെക്കാളും ഉശാറാണെന്നാണ് വ്യക്തിപരമായി എനിക്ക് തോന്നിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തിരിക്കുന്ന എന്‍റെ രാജ്യത്തിന്റെ ഭരണരീതിയിലും അവിടത്തെ പള്ളികളിലും അമ്പലങ്ങളിലുമെല്ലാം എനിക്കഭിമാനം തോന്നി, ഞാനൊരു മുസ്ലിമല്ലെങ്കിലും. ഇന്തോനേഷ്യയെക്കാളും അറബ് രാജ്യങ്ങളെക്കാളുമെല്ലാം ഇസ്‌ലാമികമായ രാജ്യമാണ് ഇസ്രായേല്‍ എന്ന് തെളിയിക്കുന്ന ഒരു പഠനറിപ്പോര്‍ട്ട് ഈ അടുത്ത് പുറത്തുവരികയുണ്ടായി. ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ശഹ്സാദ് എസ് റഹ്മാനും ഹുസൈന്‍ അസ്കരിയും ലോകരാജ്യങ്ങളുടെ ഇകോണമിയെ കുറിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ടാണത്. വിഭവ വിനിയോഗ രീതിയില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ നടപ്പാക്കുന്നതില്‍ അമുസ്‌ലിം രാജ്യങ്ങളാണ് അറബു രാജ്യങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നത്. ലോകത്തെ 238 രാജ്യങ്ങളെ ആസ്ഥാനമാക്കി നടന്ന പഠനത്തില്‍ ആദ്യത്തെ മുപ്പത്തിയെട്ട് സ്ഥാനവും അമുസ്‌ലിം രാജ്യങ്ങള്‍ക്കാണ്. പട്ടികയില്‍ 27 ാമത്തെ സ്ഥാനമാണ് മുസ്‌ലിംലോകം ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇസ്രായേലിനുള്ളത്. ബഹ്റൈനും ഖത്തറും ജോര്‍‍ദാനും സുഊദിയും ഒമാനും ഈജിപ്തും ഇന്തോനേഷ്യയുമെല്ലാം പട്ടികയില്‍ ഇസ്രായേലിന് പിന്നിലാണെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു. (ആദ്യ ആമ്പതിനുള്ളില്‍ വരുന്നത് രണ്ടു മുസ്ലിം രാജ്യങ്ങള്‍ മാത്രം. മലേഷ്യ-33, കുവൈത്ത്- 42. വിവര്‍ത്തകന്‍) നിയമങ്ങലെ കുറിച്ച് അറിവുള്ളവരാണ് അത് ലംഘിക്കുകയെന്ന പൊതു തത്വം ഈ വിഷയത്തിലും ബാധകമാണ്. ഏറ്റവും വലിയ ഭക്തര്‍ക്കുള്ളിലും ചിലപ്പോള്‍ കുറ്റവാളി ഒളിച്ചിരിക്കാമെന്ന് കൂടുതല്‍ ബോധ്യം വരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter