പെങ്ങളൂട്ടിയും പൊന്നാങ്ങളയും
സ്‌നേഹമയിയായ ഒരു സഹോദരിയുടെ ഹൃദയ സ്പര്‍ശിയായ കഥ പറയുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. പിറന്നു വീഴുന്ന ആണ്‍കുഞ്ഞുങ്ങളെ മുഴുവന്‍ കൊന്നുകളയാന്‍ രാജ വിളംബരമുണ്ടായിരിക്കെ ജനിച്ച കുഞ്ഞാങ്ങളയുടെ കൊച്ചു പെങ്ങള്‍. മുസാ നബി(അ)ന്റെ സഹോദരി. മുസാ നബി(അ)ൻ്റെ മാതാവ് അദ്ദേഹത്തിൻ്റെ സഹോദരിയോട് പറഞ്ഞ സന്ദര്‍ഭം ഖുര്‍ആന്‍ പരാമര്‍ശിച്ചു: അവര്‍ അദ്ദേഹത്തിൻ്റെ സഹോദരിയോട് പറഞ്ഞു, നീ അവൻ്റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന് അവള്‍ അവനെ നിരീക്ഷിച്ചു (അല്‍ ഖസ്വസ്- 11).
നദിയുടെ ഓളങ്ങളില്‍ തെന്നി നീങ്ങുന്ന പേടകത്തില്‍ കുഞ്ഞാങ്ങള ഒഴുകിപ്പോകുന്നത് പിന്തുടര്‍ന്ന് ആരും കാണാതെ ധൃതി വെച്ചു നടന്ന പൊന്നു പെങ്ങളുടെ ഹൃദയം പിടച്ചുവോ? ഫിര്‍ഔനിൻ്റെ ആളുകള്‍ തന്നെ കുഞ്ഞിനെ കണ്ടെടുക്കുന്നതിനും രാജസന്നിധിയില്‍ കൊണ്ടു വന്നു കൊലപ്പെടുത്താന്‍ ആലോചനകള്‍ നടക്കുന്നതിനും സാക്ഷിയാകുമ്പോള്‍ ആ സഹോദരീ മനസ്സ് നൊന്തുവോ? അവസാനം രാജാവ് ഭാര്യയുടെ നിര്‍ബന്ധപൂര്‍വമുള്ള താല്‍പര്യത്തിന് വഴങ്ങി കുഞ്ഞിനെ വളര്‍ത്താന്‍ തീരുമാനിക്കുമ്പോഴും മുലയൂട്ടാനെത്തിയ സ്ത്രീകളുടെ പാല്‍ കുഞ്ഞ് വിസമ്മതിച്ചപ്പോള്‍ അതിനു പോംവഴി നിര്‍ദേശിക്കാന്‍ അവസരം ലഭിക്കുമ്പോഴും ആ മനസ്സ് എത്ര ഇരട്ടി ആശ്വാസം കൊണ്ടിരിക്കണം! സഹോദരിയുടെ സാന്നിധ്യം അല്ലാഹു സാക്ഷ്യപ്പെടുത്തി: അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവനു മുല കൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ പറഞ്ഞു: നിങ്ങള്‍ക്കു വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവു തരട്ടെയോ? അവര്‍ ഇവൻ്റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും (അല്‍ ഖസ്വസ്- 12). അവിടെ സഹോദരി ഒരു പെങ്ങളുടെ ചുമതല ഭംഗിയായി നിര്‍വഹിക്കുകയായിരുന്നു. ഒരുപക്ഷേ, അപകടത്തിലേക്കുള്ള യാത്രയായേക്കാവുന്ന സന്ദിഗ്ധ ഘട്ടത്തിലും സ്വന്തത്തെ ത്യജിക്കാനുള്ള നെഞ്ചുറപ്പോടെ അതിനിഷ്ഠുരനായ ഫറോവയുടെ കൊട്ടാരം വരെ ആര്‍ക്കും സംശയത്തിനിട നല്‍കാത്ത വിധം യാത്ര ചെയ്ത് സഹോദരനു വേണ്ടി സംസാരിച്ച സഹോദരിയെ മൂസാ (അ) നബി ആയിത്തീര്‍ന്ന ശേഷം അല്ലാഹു ഓര്‍മിപ്പിക്കുന്നുണ്ട്: അങ്ങയുടെ സഹോദരി നടന്നു ചെല്ലുകയും ‘ഇവന്റെ സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ആളെ കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ’ എന്നു പറയുകയും ചെയ്യുന്ന സന്ദര്‍ഭം (ത്വാഹാ- 40).
സഹോദരിമാരോടുള്ള സമ്പര്‍ക്കം ഊഷ്മളമാക്കിയവരായിരുന്നു പ്രവാചകന്മാരും സന്തത സഹചാരികളും. മുലകുടി ബന്ധത്തിലൂടെ മുഹമ്മദ് നബി (സ) തങ്ങളുടെ സഹോദരിയായിരുന്ന ശൈമാഅ് ബിന്‍തുല്‍ ഹാരിസ് (റ) പ്രവാചക സവിധത്തിലെത്തിയപ്പോള്‍ നബി തങ്ങള്‍ അവരെ സ്വാഗതം ചെയ്ത് തൻ്റെ മേല്‍മുണ്ട് വിരിച്ച് ഇരിപ്പിടമൊരുക്കിയതും തങ്ങളുടെ നയനങ്ങള്‍ ഈറനണിഞ്ഞതും ഹദീസ് ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അവര്‍ ഇസ്‌ലാം സ്വീകരിക്കുകയും തങ്ങള്‍ അവര്‍ക്ക് ധാരാളം ഒട്ടകങ്ങളും ആടുകളും മറ്റു വിഭവങ്ങളും നല്‍കി ആദരിക്കുകയും ചെയ്തു.
നബി തങ്ങളില്‍ നിന്നു പഠിച്ചതു തന്നെ സ്വഹാബാക്കളും അവരുടെ സഹോദരിമാരോട് അനുവര്‍ത്തിച്ചു. പിതാവെന്നോണം അവരുടെ സംരക്ഷണം അവര്‍ ഏറ്റെടുത്തു. ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തു. താല്‍പര്യങ്ങളറിഞ്ഞ് പ്രവര്‍ത്തിച്ചു. ഗുണകാംക്ഷികളായി നില കൊണ്ടു. തൻ്റെ താല്‍പര്യങ്ങളെക്കാള്‍ സഹോദരിമാരുടെ താല്‍പര്യത്തിന് പ്രാമുഖ്യം നല്‍കിയ ജാബിര്‍ (റ) നല്ലൊരു മാതൃക തന്നെ. പെണ്‍മക്കള്‍ക്കിടയിലും സഹോദരിമാര്‍ക്കിടയിലും തൻ്റെ അനന്തര സ്വത്ത് വീതം വെക്കുന്നതില്‍ ജാബിര്‍ (റ) പ്രവാചകരോട് ഫത്‌വ ചോദിക്കുന്ന സന്ദര്‍ഭത്തിലാണ് സഹോദരിയുടെ നിര്‍ണിത വിഹിതം വ്യക്തമാക്കി വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതു തന്നെ.
മികവുറ്റ സമ്മാനങ്ങളും പാരിതോഷികങ്ങളും നല്‍കി സഹോദരിമാരുടെ മനസ്സ് സന്തോഷിപ്പിക്കണം. അവരുടെ മനസ്സുകള്‍ വിഷമിപ്പിക്കുന്ന കുത്തുവാക്കുകളുപയോഗിക്കുകയോ ബന്ധം വഷളാക്കുന്ന പെരുമാറ്റങ്ങളുണ്ടാക്കുകയോ ചെയ്യരുത്. സഹോദരീ-സഹോദര ബന്ധം സുദൃഢമാവാനും അതിന് ഊര്‍ജവും പോഷണവും നിരന്തരം ലഭ്യമാവാനും വേണ്ടുന്ന സമൃദ്ധമായ സമ്പര്‍ക്കങ്ങള്‍ നിലനില്‍ക്കണം. അതിലേക്ക് പ്രേരണ നല്‍കി പ്രവാചക തിരുമേനി (സ) പറഞ്ഞു. കൊടുക്കുന്നവൻ്റെ കയ്യാണ് ഉന്നതം. നിനക്ക് ബാധ്യതയുള്ളവരില്‍ നിന്ന് നീ തുടങ്ങണം. നിൻ്റെ ഉമ്മ, ഉപ്പ, സഹോദരി, സഹോദരന്‍ പിന്നെ അതിനടുത്തവര്‍, അടുത്തവര്‍ അങ്ങനെ… (നസാഈ). കണ്ടോ, മാതാപിതാക്കള്‍ക്കു ശേഷം സഹോദരിയെയാണ് തങ്ങള്‍ പറഞ്ഞത്. മകളെപ്പോലെ പെങ്ങളെയും കാണാനാവണം. നബി തങ്ങള്‍ അങ്ങനെ തന്നെയാണ് പറഞ്ഞത്: രണ്ടു പെണ്‍മക്കള്‍ക്കോ രണ്ടോ മൂന്നോ സഹോദരിമാര്‍ക്കോ അവരുടെ വിവാഹം കഴിയും വരേക്കോ അല്ലെങ്കില്‍ തൻ്റെ മരണം വരേക്കോ ഒരാള്‍ ചെലവിന് നല്‍കിയാല്‍ ഞാനും അവനും ഇപ്രകാരമായിരിക്കും എന്ന് പറഞ്ഞു കൊണ്ട് തങ്ങള്‍ തൻ്റെ നടുവിരലും ചൂണ്ടു വിരലും ചേര്‍ത്തു പിടിച്ചു (അഹ്മദ്). അഥവാ, അവന്‍ സ്വര്‍ഗത്തില്‍ നബി തങ്ങളുടെ കൂട്ടുകാരനാണ്. അത്യുന്നത പദവിയിലാണവന്‍.
സഹോദരിയുടെ മകനെ സ്വന്തം മകൻ്റെ സ്ഥാനത്ത് കാണാന്‍ നബി തങ്ങള്‍ പഠിപ്പിച്ചു: അനസ് ബിന്‍ മാലിക് (റ) പറയുന്നു: നബി (സ) അന്‍സ്വാറുകളെ വിളിച്ചു ചോദിച്ചു: നിങ്ങളുടെ കൂട്ടത്തില്‍ നിങ്ങളില്‍ നിന്നുള്ളവരല്ലാത്ത ആരെങ്കിലുമുണ്ടോ? അവര്‍ പറഞ്ഞു: ഇല്ല, ഞങ്ങളുടെ സഹോദരിയുടെ പുത്രനൊഴികെ. തിരുദൂതര്‍ (സ) പറഞ്ഞു: ഒരു ജനതയുടെ സഹോദരീ പുത്രന്‍ അവരില്‍ നിന്നുള്ളവന്‍ തന്നെയാണ് (ബുഖാരി, മുസ്‌ലിം).
സഹോദരീ സൗഭാഗ്യം ജീവിതത്തിലെ വലിയൊരു ആശ്വാസമാണ്. മാതൃത്വത്തിൻ്റെ മറ്റൊരു പതിപ്പായി തണലും നിഴലുമായി അവള്‍ തുണയാകുന്നു. സഹോദരന്മാര്‍ പലരുമുണ്ടായിട്ടും പകരമാവാത്തിടത്ത് ഉടപ്പിറന്നവള്‍ ഒന്നു മതി. അവള്‍ ചൂടും ചൂരുമറിഞ്ഞ് ചടുലതയോടെ ഇടപെടും. അര്‍പ്പണ മനസ്സോടെ പ്രതിസന്ധികളില്‍ സജീവമാകും. വത്സല നിധിയാണവള്‍. സ്‌നേഹ സമ്പന്ന. ഉടപ്പിറന്നവര്‍ക്കു വേണ്ടി ഊണും ഉറക്കവുമൊഴിച്ച് ഉരുകിത്തീരുന്നവള്‍.
ഉമ്മമാരുടെ മഹത്വത്തെ പ്രകീർത്തിച്ച് ചർവിതചർവ്വണങ്ങൾ പലത് നടക്കുമ്പോഴും അവരുടെ വലംകൈയായി നിലകൊള്ളുന്ന പെങ്ങന്മാരെ പരാമർശിക്കപ്പെടാറില്ല. ഉമ്മമാർ കിടപ്പിലായതിനാലോ കൊച്ചുന്നാളിലെ വിടചൊല്ലിപ്പോയതിനാലോ പലയിടത്തും ജ്യേഷ്ഠത്തിമാർ അമ്മറോൾ ഏറ്റെടുക്കാറുണ്ട്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ അതൊക്കെ അവരുടെ കേവല ഉത്തരവാദിത്തങ്ങളായി കാണുകയും ആ ആങ്ങളമാർ വളർന്നു കൂട്ടും കുടുംബവുമായിക്കഴിഞ്ഞാൽ വന്ന വഴി വിസ്‌മൃതിയിലാവുകയും ചെയ്യുന്നുവെന്നത് ഖേദകരമാണ്.
സ്വാർത്ഥ താല്പര്യങ്ങൾ ജീവിതം ഗ്രസിച്ചുകഴിഞ്ഞ ഇക്കാലത്ത് പെങ്ങന്മാർ വല്ലാതെ അരികുവൽക്കരിക്കപ്പെടുന്നുണ്ട്. സ്ത്രീധനമായി എണ്ണിക്കൊടുക്കേണ്ടി വന്നത് അല്പം കൂടുതലായിപ്പോയി എന്ന തോന്നലിനാലോ കെട്ടിച്ചയക്കൽ എന്ന ചടങ്ങുതന്നെ ഒരു ചുമടായി പരിഗണിക്കപ്പെട്ടുപോരുന്നതിനാലോ മറ്റോ പല കുടുംബങ്ങളിലും അവർക്ക് നല്കുന്നിടത്ത് വല്ലാത്തൊരു വിമുഖത കാണപ്പെടുന്നുണ്ട്. വിവാഹം കഴിയുന്നതോടെ സഹോദരിമാർ അനുഭവിക്കുന്ന വലിയൊരു മാനസിക പ്രയാസം സ്വന്തക്കാർ എന്ന് കരുതുന്നവരിൽനിന്നുണ്ടാകുന്ന അകൽച്ചയാണ്. ഇനി അവളുടെ അത്യാവശ്യങ്ങൾ നിർവഹിച്ചുകൊടുക്കാൻ ആളുണ്ടല്ലോ എന്ന ആശ്വാസത്തിൽ മെല്ലെ മെല്ലെ നമ്മുടെ സമ്പർക്കങ്ങൾ കുറയുമ്പോൾ വൈവാഹിക ജീവിതം ഒരു നഷ്ടമായി അവർ വിലയിരുത്താനിടയാവുന്നു. നമ്മുടെ സന്തോഷങ്ങൾ പങ്കു വെക്കാനും അവരുടെ പ്രയാസങ്ങൾ ചോദിച്ചറിയാനും സമയം കണ്ടെത്തി സാന്ത്വനവചനങ്ങളോടെ നാം അവരോടൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ മതി മാറും അവരുടെ പരാധീനങ്ങൾ ഒട്ടുമിക്കതും. സ്ത്രീധനത്തോടുള്ള സാമൂഹിക കാഴ്ചപ്പാടിൽ വലിയ മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെങ്കിലും പെങ്ങന്മാരോടുള്ള പെരുമാറ്റത്തിൽ മാത്രം ആ മാറ്റം പ്രകടമല്ല. സ്വന്തം മക്കളുടെ സന്തോഷത്തിന് നാം നൽകുന്ന പരിഗണന നമ്മുടെ സഹോദരിമാരുടെ സന്തോഷത്തിനു സമൂഹം നൽകുന്നുണ്ടോ എന്ന വിചിന്തനത്തിൽ നിന്ന് ഈ വേർതിരിവ് നമുക്ക് ബോധ്യപ്പെടും. സഹോദരനാണ് ഒരു പെണ്ണിന്റെ പവറും പ്രൗഢിയും. തന്റെ തല ഉയര്‍ത്തിപ്പിടിക്കാന്‍ അവള്‍ക്ക് ആങ്ങളയാണ് തണിയും തുണയും. അതുകൊണ്ട് തന്നെ മനസികമായെങ്കിലും ആങ്ങള തന്നോടൊപ്പം ഉണ്ടാവണമെന്ന് അവൾ ആഗ്രഹിക്കുകയും സമാശ്വാസം പകരുന്ന വാക്കുകളോടെ ഒരു ഫോൺകോളെങ്കിലും വന്നിരുന്നെങ്കിലെന്ന് കൊതിക്കുകയും ചെയ്യും.
ആങ്ങള - പെങ്ങൾ അകലത്തിൻ്റെ സമൂഹിക വായനയിൽനിന്ന് വ്യത്യസ്തമാണ് പ്രവാസി ആങ്ങളമാരും അവരുടെ പെങ്ങന്മാരും തമ്മിലെ പാരസ്പര്യം. ഒട്ടുമിക്ക പ്രവാസികളുടെയും ജീവിതകഥനങ്ങളിൽ പെങ്ങന്മാരെ ഒരു കരക്കെത്തിക്കാനുള്ള ശക്തമായ തുഴച്ചിലിൻ്റെ വിയർക്കലുകളുണ്ട്. എന്നുമെന്നും അവരെ ചേർത്തുനിർത്താൻ പരിശ്രമിച്ചവരും ആവശ്യങ്ങളിലും പ്രതിസന്ധികളിലും കൂടെനിന്നവരുമാണ്. പഠനം, വിവാഹം, സൽക്കാരം, ചികിത്സ, വീടുനിർമ്മാണം തുടങ്ങി അവരുടെയും അവരുടെ മക്കളുടെയും പണച്ചിലവുള്ള ഏതവസ്ഥകളിലും കൂടെ നിൽക്കാൻ പ്രവാസികൾ വിശ്രമമല്ല; അവരുടെ ജീവിതം തന്നെ മറന്നിട്ടുണ്ട്. അതെല്ലാം ഗൾഫിലുള്ള ആങ്ങളമാരുടെ ബാധ്യതയായി കാണുന്ന പൊതുബോധത്തിൽ പരിഭവപ്പെടാനോ കൊടുത്തതിൻ്റെ കണക്കുകൾ സൂക്ഷിച്ച് ന്യായവാദങ്ങൾ നിരത്താനോ മെനക്കടാറുമില്ല. എങ്കിലും കൊടുത്തതിലെ പോരായ്മകളും കുറച്ചിലുകളും കേട്ട് അവ പരിഹരിക്കാൻ എല്ലാം സഹിച്ചും പൊറുത്തും വീണ്ടും പരിശ്രമിക്കുന്നവരുമാണ്. കുഞ്ഞനുജത്തിമാരെ 'പൊന്ന'നുജത്തിമാരാക്കിയെടുക്കാനും അവരുടെ പുഞ്ചിരി ഒരിക്കലും മായാതിരിക്കാനും പ്രവാസത്തിൻ്റെ പ്രയാസങ്ങളേതുമറിയിക്കാതെ പെടാപാട് പെടുന്നവരാണ്. പെങ്ങളൂട്ടിയുടെ നിഷ്കളങ്ക പ്രാർത്ഥനകളുടെ ഫലമായി തൻ്റെ നാളെയെങ്കിലും ഭാസുരമാകുമെന്ന പ്രതീക്ഷകളിൽ ആങ്ങളയെന്നതിലുപരി ഒരു രക്ഷിതാവിൻ്റെ റോൾ വഹിക്കാൻ പരിശ്രമിക്കുന്നു.
Leave A Comment