അബ്ബാദ് ബിന്‍ ബിശ്ര്‍(റ)
ഇസ്‍ലാമിക ചരിത്രത്തില്‍ നിത്യശോഭയോടെ ജ്വലിച്ചുനില്‍ക്കുന്ന ഒരു നാമമാണ് അബ്ബാദ് ബിന്‍ ബിശ്ര്‍(റ) എന്ന സ്വഹ്വാബി പ്രമുഖന്റേത്. നിരന്തരമായ ഖുര്‍ആന്‍ പാരായണത്തിലൂടെ രാത്രിയുടെ അന്ത്യയാമങ്ങളെ ധന്യമാക്കിക്കൊണ്ട് അല്ലാഹുവിന് മുമ്പില്‍ ആരാധനാ മുറകളുടെ കലവറ തീര്‍ത്ത സംശുദ്ധ വ്യക്തിത്വത്തിനുടമായിയിരുന്നു അബ്ബാദ് ബിന്‍ ബിശ്ര്‍(റ). ധീരയോദ്ധാക്കളുടെ കൂട്ടത്തില്‍, ദൈവമാര്‍ഗത്തില്‍ സധൈര്യം മുന്നേറുന്ന ഒരു പോരാളിയാണ് അദ്ധേഹം. മുസ്‍ലിം ഭരണാധികാരികളെ പരിശോധിച്ചാല്‍ വിശ്വസ്തനും ശക്തനുമായ ഒരു ഭരണാധികാരിയായി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ നിങ്ങള്‍ക്ക് വായിച്ചെടുക്കാം. മഹതി ആഇശ(റ)യുടെ വാക്കുകള്‍ ഇവിടെ വളരെ ശ്രദ്ധേയമാണ്.
മഹതി പറയുന്നു: ''അന്‍സ്വാറുകളായ മൂന്നുപേര്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ടതയും മഹത്വവും ഉള്ളവരാണ്. മൂന്നുപേരും ബനൂ അബ്ദില്‍ അഷ്ഹല്‍ ഗോത്ര സന്തതികളാണ്. ഒന്ന്: സഅദ് ബിന്‍ മുആദ്(റ), രണ്ട്: ഉസൈദ് ബിന്‍ ഹുളൈര്‍(റ), മൂന്ന്: അബ്ബാദ് ബിന്‍ ബിശ്ര്‍(റ).''
** ** **
മദീനയില്‍ ഇസ്‍ലാമിന്റെ ആദ്യകിരണം പതിക്കുമ്പോള്‍ അബ്ബാദ്(റ) തന്റെ യുവത്വ ദശയിലാണ്. യുവത്വത്തിന്റെ തൊലിക്കട്ടിയുള്ള മുഖത്ത് ചാരിത്ര്യത്തിന്റെയും പാവനത്വത്തിന്റെയും പ്രഭതെളിഞ്ഞു കത്തുന്നുണ്ട്. മുതിര്‍ന്നവരുടെ ബുദ്ധിയും വിവേകവും അദ്ധേഹത്തിന്റെ ഇടപെടലുകളില്‍ പ്രകടമായിരുന്നു. അപ്പോഴും ഇരുപത്തിയഞ്ച് വയസ്സ് പിന്നിട്ടിട്ടല്ലാത്ത ഇളംപ്രായക്കാരനായിരുന്നു അബ്ബാദ്(റ).
** ** **
മദീനയിലെ ആദ്യ പ്രബോധകനായിരുന്ന മിസ്അബ് ബിന്‍ ഉമൈറി(റ)നെ കണ്ടുമുട്ടിയ അദ്ധേഹത്തിന്റെ ഹൃദയം മിസ്അബി(റ)ന്റെ വിശ്വാസത്തോട് ദ്രുതഗതിയില്‍ തന്നെ ഇണങ്ങിച്ചേര്‍ന്നു. അബ്ബാദ്(റ) മുസ്‍ലിമായി ജീവിതം ആരംഭിച്ചു. രണ്ടുപേരുടെയും സുകൃതസ്വഭാവങ്ങളും വ്യക്തിത്വ ഗുണങ്ങളും അവരെ സമാന മനസ്‌കരാക്കിയ ഘടകങ്ങളായിരുന്നു.
** ** **
മസ്ജിദുന്നബവിയോടു ചേര്‍ന്ന ആഇശ ബീവി(റ)യുടെ മുറിയില്‍ തഹജ്ജുദ് നമസ്‌കാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു നബി(സ്വ). അപ്പോഴാണ് പള്ളിയില്‍ നിന്നും സുന്ദരമായ ഖുര്‍ആന്‍ പാരായണശബ്ദം നബി(സ്വ) കേള്‍ക്കുന്നത്. ജിബിരീല്‍(അ) വന്ന് പ്രവാചക(സ്വ)ന് പാരായണം ചെയ്തുകൊടുത്ത അതുപോലെ തന്നെയാണ് അബ്ബാദ്(റ) പാരായണം ചെയ്യുന്നത്. നബി(സ്വ) പത്‌നി ആഇശ(റ)യോട് ചോദിച്ചു: '' അബ്ബാദ് ബിന്‍ ബിശ്ര്‍ അല്ലേ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്?'' ആഇശ(റ) 'അതെ' എന്ന് മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ്വ) പ്രാര്‍ത്ഥിച്ചു: '' അല്ലാഹുവെ, നീ അവന് പൊറുത്ത് കൊടുക്കേണമെ.''
** ** **
പ്രവാചകന്‍(സ്വ) സംബന്ധിച്ച എല്ലാ യുദ്ധവേളകളിലും അബ്ബാദും(റ) കൂടെയുണ്ടായിരുന്നു. ഖുര്‍ആന്‍ നെഞ്ചേറ്റുന്ന ഒരു മുസ്‍ലിം പൗരന്‍ യുദ്ധവേളകളില്‍ നിര്‍വ്വഹിക്കേണ്ട തന്റേതായ ധര്‍മങ്ങളെല്ലാം അദ്ധേഹം ഈ വേളകളിലെല്ലാം നിര്‍വ്വഹിക്കുകയുണ്ടായി. അത്തരമൊരു ധര്‍മ്മനിര്‍വ്വഹണത്തിന്റെ മകുടോദാഹരണമാണ് 'ദാതു രിഖാഅ്' യുദ്ധവേളയില്‍ സംഭവിച്ചത്. യുദ്ധം കഴിഞ്ഞ് മദീനയിലേക്ക് മടങ്ങുകയായിരുന്ന നബി(സ്വ)യും സംഘവും രാപ്പാര്‍ക്കാനായി ഒരു മലഞ്ചെരുവില്‍ യാത്ര താല്‍ക്കാലികമായി അവസാനിപ്പിച്ചു. അമുസ്‍ലിംകളില്‍ നിന്നും ബന്ദികളായി പിടിക്കപ്പെട്ടവരും അവരുടെ കൂടെയുണ്ടായിരുന്നു. ഭര്‍ത്താവില്ലാതെ ഭാര്യയെ മാത്രം ബന്ദിയാക്കിപിടിച്ച് തന്റെ നിയന്ത്രണത്തില്‍ വെച്ച ഒരു വ്യക്തി മുസ്‍ലിം സൈന്യത്തിലുണ്ടായിരുന്നു. ഈ സ്ത്രീയുടെ ഭര്‍ത്താവ് മുസ്‍ലിംകളോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. മുഹമ്മദി(സ്വ)നെയും അവന്റെ അനുയായികളെയും കണ്ടെത്തി അവരുടെ ചോരചിന്താതെ താന്‍ മടങ്ങിവരില്ലെന്ന് തന്റെ ദൈവങ്ങളായ ലാത്തയെയും ഉസ്സയെയും വിളിച്ച് അവന്‍ സത്യം ചെയ്തു. മുസ്‍ലിം സേന യാത്ര അവസാനിപ്പിച്ച് മലഞ്ചെരുവില്‍ താമസത്തിനായി ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പ്രവാചകന്‍(സ്വ) ചോദിച്ചു: '' ഇന്ന് രാത്രിയില്‍ ആരാണ് നമുക്ക് കാവല്‍ നില്‍ക്കുക?'' അബ്ബാദ് ബിന്‍ ബിശ്‌റും(റ) അമ്മാര്‍ ബിന്‍ യാസിറും(റ) സദസ്സിനിടയില്‍ നിന്നും എണീറ്റു നിന്നുകൊണ്ട് പറഞ്ഞു: '' ഞങ്ങള്‍ തയ്യാറാണ് റസൂലേ.'' അബ്ബാദും(റ) അമ്മാറും(റ) സുഹൃത്തുക്കളാണ്. അമ്മാര്‍ (റ) മുഹാജിറും അബ്ബാദ്(റ) അന്‍സ്വാറുമണ്. മുഹാജിറുകള്‍ മദീനയില്‍ എത്തിയപ്പോള്‍ അവര്‍ക്ക് അന്‍സ്വാരികളില്‍ ഒരാളെ സുഹൃത്തായി പ്രവാചകന്‍ നിശ്ചയിച്ച് കൊടുത്തിരുന്നു. അങ്ങനെയാണ് അവര്‍ തമ്മിലുള്ള സൗഹൃദബന്ധത്തിന് നാന്ദികുറിക്കുന്നത്.
തങ്ങളുടെ ഉത്തരവാദിത്വ നിര്‍വ്വഹണത്തിനായി അവര്‍ സര്‍വ്വായുധരായി മലഞ്ചെരുവിന്റെ പ്രവേശനകവാടത്തിനടുത്തേക്ക് നീങ്ങി. അപ്പോള്‍ സുഹൃത്ത് അമ്മാറി(റ)നോട് അബ്ബാദ്(റ) ചോദിച്ചു: '' രാത്രിയുടെ ആദ്യഭാഗത്ത് ഉറങ്ങാനാണോ അവസാന ഭാഗത്ത് ഉറങ്ങാനാണോ നീ താത്പര്യപ്പെടുന്നത്?'' അമ്മാര്‍(റ) പറഞ്ഞു: '' ഞാന്‍ ആദ്യ പകുതിയില്‍ ഉറങ്ങാം.'' അങ്ങനെ അബ്ബാദ്(റ) ആദ്യപകുതിയില്‍ പ്രവാചക(സ്വ)രടങ്ങിയ മുസ്ലിം സൈന്യത്തിന്റെ കാവല്‍ഭടനായി. അമ്മാര്‍(റ) തൊട്ടടുത്ത് തന്നെ കിടന്ന് മയക്കത്തിലേക്ക് ആണ്ടുപോയി. ഇരുട്ട് അതിന്റെ പൂര്‍ണ്ണരൂപം പ്രാപിച്ച ആ രാത്രി പക്ഷേ ശാന്തമായിരുന്നു. അപശബ്ദങ്ങളോ ഒച്ചയനക്കലുകളോ ആ മലഞ്ചെരുവില്‍ കേട്ടില്ല. ആകാശത്തെ നക്ഷത്രങ്ങളും ഭൂമിയിലെ വൃക്ഷങ്ങളും പാറക്കല്ലുകളും നാഥനെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു. അബ്ബാദി(റ)ന്റെ മനസ്സ് ദൈവികാരാധനയ്ക്ക് കൊതിക്കുകയാണ്. ഖുര്‍ആന്‍ പാരായണത്തിലൂടെ ആ രാത്രിയെ ധന്യമാക്കാന്‍ ആ മനസ്സ് വെമ്പല്‍കൊണ്ടു. നമസ്‌കരിക്കുമ്പോഴുള്ള അബ്ബാദി(റ)ന്റെ ഖുര്‍ആന്‍ പാരായണമാണ് ഏറ്റവും മധുര്യം നിറഞ്ഞത്. നിസ്‌കാരത്തിലെ ആത്മനിര്‍വൃതിയും ഖുര്‍ആന്‍ പാരായണത്തിലെ ആത്മാനുഭൂതിയും സംഗമിക്കുന്ന സുകൃതനിമിഷങ്ങളാണ് അബ്ബാദി(റ)ന്റെ നമസ്‌കാരവേളകള്‍.
തക്ബീര്‍ കെട്ടി നമസ്‌കാരത്തിലേക്ക് പ്രവേശിച്ചു. സുന്ദരമായ ഖുര്‍ആന്‍ പാരായണം ആ രാത്രിയെയും അന്തരീക്ഷത്തെയും പരിപാവനമാക്കി. ദൈവികപ്രഭയില്‍ നീന്തിത്തുടിച്ച് പ്രകാശം പരത്തുന്ന പവിഴമുത്തുകള്‍ക്കിടയില്‍ മുങ്ങിത്തപ്പുമ്പോഴാണ് ബന്ദിയായി പിടിക്കപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ആ അമുസ്‍ലിം കിങ്കരന്‍ അവിടേക്ക് കുതിച്ചെത്തുന്നത്. മലഞ്ചെരുവിന്റെ പ്രവേശനകവാടത്തില്‍ തന്നെ നില്‍ക്കുന്ന അബ്ബാദി(റ)നെ കണ്ട അദ്ധേഹം പ്രവാചകന്‍(സ്വ) അകത്താണെന്നും ഇദ്ധേഹം കാവല്‍ക്കാരനുമാണെന്ന് മനസ്സിലാക്കി. ആവനാഴിയില്‍ നിന്നും ഒരു അസ്ത്രമെടുത്ത അദ്ധേഹം അത് അബ്ബാദി(റ)ന് നേരെ തുടുത്തുവിട്ടു. അബ്ബാദ്(റ) അമ്പ് ഊരിയെടുത്തു. രക്തം വാര്‍ന്നൊലിച്ചുകൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ പാരായണവും നമസ്‌കാരവും അവസാനിപ്പിക്കാതെ തുടര്‍ന്നുകൊണ്ടിരുന്നു. അദ്ധേഹം എയ്തുവിട്ട മൂന്നു അസ്ത്രങ്ങളും അബ്ബാദി(റ)ന്റെ ശരീരത്തില്‍ പതിച്ചു. എല്ലാം ഊരിയെടുത്തതിന് ശേഷം അബ്ബാദ്(റ) ഉറങ്ങുകയായിരുന്ന അമ്മാറി(റ)ന്റെ സമീപത്തേക്ക് ഓടി. താന്‍ മുറിവേറ്റ് തളര്‍ന്നിരിക്കുന്നുവെന്ന് പറഞ്ഞ് അദ്ധേഹം അമ്മാറി(റ)നെ വിളിച്ചുണര്‍ത്തി. അബ്ബാദി(റ)ന്റെ കൂടെ അമ്മാറി(റ)നെയും കണ്ട ആ അമുസ്‍ലിം കിങ്കരന്‍ ഉടനെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. അബ്ബാദി(റ)ന്റെ ശരീരത്തിലേക്ക് കണ്ണോടിച്ച അമ്മാര്‍(റ) സ്തബ്ധനായി.
തന്റെ ഉറ്റസുഹൃത്തിന്റെ നിണമുറ്റുന്ന ദേഹം കണ്ടപ്പോള്‍ അമ്മാറി(റ)ന്റെ ഹൃദയം നൊന്തു. മൂന്ന് മുറിവുകളില്‍ നിന്നും രക്തം ധാരയായി ഒഴികിക്കൊണ്ടിരിക്കുന്നു. അമ്മാര്‍(റ) ചോദിച്ചു: '' എന്തേ ആദ്യ അമ്പ് ശരീരത്തില്‍ പതിച്ചപ്പോള്‍ തന്നെ എന്നെ വിളിക്കാമായിരുന്നില്ലേ?'' അബ്ബാദ്(റ) പറഞ്ഞു: '' ഖുര്‍ആനിലെ ഒരു അധ്യായം ഓതിക്കൊണ്ടിരിക്കുമ്പോഴാണ് അവന്‍ എന്നെ അമ്പെയ്തത്. അത് പാരായണം ചെയ്ത് കഴിയും മുന്‍പ് അതില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. മുസ്‍ലിം സേനയുടെ താവളം സംരക്ഷിക്കാനുള്ള ചുമതലയാണ് പ്രവാചകന്‍(സ്വ) എന്നെ ഏല്‍പിച്ചിട്ടുള്ളത്. അത് എന്നില്‍ നിന്ന് നഷ്ടപ്പെടുമൊ എന്നുള്ള ഭയം എന്നില്‍ ഇല്ലായിരുന്നുവെങ്കില്‍ സ്വന്തം ശരീരത്തെ വധിക്കുന്നതാണ് ഖുര്‍ആനിലെ ഒരു അധ്യായം പാരായണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം.'' വിശുദ്ധ ഖുര്‍ആനോടുള്ള ആ സ്വഹാബിയുടെ വണക്കവും ആദരവും പ്രഖ്യാപിക്കുന്ന വാക്കുകളായരുന്നു അത്.
** ** **
പ്രവാചക(സ്വ)രുടെ വഫാത്തിന് ശേഷം ഖലീഫയായി സ്ഥാനമേറ്റ അബൂബക്ര്‍(റ)ന് നേരിടേണ്ടി വന്ന പ്രഥമ പരീക്ഷണമായിരുന്നു മതംമാറിയവരുടെ രംഗപ്രവേശം. ഖലീഫ അവര്‍ക്കെതിരെ സൈന്യത്തെ സജ്ജമാക്കി. മുഖ്യശത്രുവായ മുസൈലിമത്തുല്‍ കദ്ദാബിനെയും മറ്റു മതം മാറിയെ നേതാക്കളെയും അനുയായികളെയും പ്രതിരോധിച്ച് ഇസ്‍ലാമിലേക്ക് തിരികെ കൊണ്ടുവരാന്‍ ഖലീഫ കരുനീക്കങ്ങള്‍ നടത്തി. അവര്‍ക്കെതിരില്‍ നടന്ന പോരാട്ടത്തില്‍ മുന്‍പന്തിയല്‍ അബ്ബാദ് ബിന്‍ ബിശ്ര്‍(റ) ഉണ്ടായിരുന്നു. യുദ്ധത്തിന്റെ ആദ്യദിനങ്ങളിലൊന്നും കാര്യമാത്രമായ വിജയമൊന്നും മുസ്‍ലിംകള്‍ക്ക് നേടാനായില്ല. അന്‍സ്വാറുകളും മുഹാജിറുകളും തമ്മില്‍ പഴിപറഞ്ഞ് ശണ്ഠകൂടിയപ്പോള്‍ മുസ്‍ലിം സേനയുടെ ശക്തി ക്ഷയിച്ചു. ഇവരുടെ പരസ്പരമുള്ള കുത്തുവാക്കുകളും വാചകമടികളും അബ്ബാദി(റ)ന്റെ ഹൃത്തടത്തില്‍ ക്രോധവും ദുഃഖവും ഉണ്ടാക്കി. മുസ്‍ലിം സേന ഇനി വിജയിക്കാന്‍ സാധ്യതയില്ലെന്ന് അദ്ധേഹം ഉറപ്പിച്ചു. അവരവരുടെ ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കി മുഹാജിറുകളും അന്‍സ്വാറുകളും രണ്ടു സംഘങ്ങളായി നിന്നാല്‍ മാത്രമെ ഈ ഘോരയുദ്ധത്തില്‍ മുസ്‍ലിംകള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കൂവെന്ന് അദ്ധേഹം ചിന്തിച്ചു. സഹിച്ചും ക്ഷമിച്ചും പോരാടുന്ന യഥാര്‍ത്ഥ പോരാളി അപ്പോള്‍ മാത്രമെ കാണപ്പെടുകയുള്ളൂവെന്ന് അദ്ധേഹം വിശ്വസിച്ചു.
** ** **
അന്നത്തെ പോരാട്ടമവസാനിപ്പിച്ച് രാത്രി ഉറങ്ങിയപ്പോള്‍ അബ്ബാദ്(റ) ഒരു സ്വപ്നം കണ്ടു. ആകാശം അദ്ധേഹത്തിനായി തുറക്കപ്പെട്ടിരിക്കുന്നു. അകത്ത് പ്രവേശിച്ചപ്പോള്‍ ആകാശം അദ്ധേഹത്തെ അണച്ചുപിടിച്ച് വാതിലുകള്‍ അടക്കുന്ന സ്വപ്നമാണ് അദ്ധഹം കണ്ടത്. നേരം പുലര്‍ന്നപ്പോള്‍ തന്റെ സ്വപ്നത്തെ സംബന്ധിച്ച് അബൂ സഈദ് ഖുദ്‌രി(റ) നോട് പറഞ്ഞു: '' അബൂ സഈദ്, ഞാന്‍ ഇന്ന് രക്തസാക്ഷിത്വം വരിക്കാനിരിക്കുന്നതിനുള്ള സൂചനയാണത്.''
** ** **
പോരാട്ടം വീണ്ടും തുടങ്ങി. അബ്ബാദ് ബിന്‍ ബിശ്ര്‍(റ) ഒരു കുന്നിന്‍ മുകളില്‍ കയറി നിന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: '' അന്‍സ്വാറുകളെ, നിങ്ങള്‍ ഒരു സംഘമായി സംഘടിച്ചു നില്‍ക്കൂ, വാളുറകള്‍ ഊരിയെടുത്ത് തയ്യാറാകൂ. നിങ്ങളുടെ കാരണത്താല്‍ ഇസ്‍ലാമിന് കോട്ടം സംഭവിക്കുന്നത് നിങ്ങള്‍ ഒഴിവാക്കണം.'' ഇങ്ങനെ ഒരുപാട് പ്രാവശ്യം അദ്ധേഹം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. നാന്നൂറില്‍ പരം അന്‍സ്വാറുകള്‍ സംഘമായി ചേര്‍ന്ന് പോരാടി. അവരില്‍ പ്രമുഖരാണ് റസൂല്‍(സ്വ)യുടെ വാള്‍ സൂക്ഷിപ്പുകാരനായിരുന്ന അബൂ ദുജാനഃ(റ)യും മറ്റു സ്വഹാബികളായ സാബിത് ബിന്‍ ഖൈസും(റ) ബറാഅ് ബിന്‍ മാലിക്(റ) എന്നവരും. അബ്ബാദും(റ) തന്റെ കൂടെയുള്ളവരും യുദ്ധമുന്നണിയുടെ നിര ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ മാറ് വിരിച്ച് രക്തസാക്ഷിത്വം വരിക്കുന്നവരും അവരുടെ കൂടെയുണ്ട്. മുസൈലിമയുടെ ശക്തി ക്ഷയിച്ചതോടെ മുസ്‍ലിംകള്‍ക്ക് വിജയപ്രതീക്ഷ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മരണത്തിന്റെ ഉദ്യാനത്തിലേക്ക് നീക്കം ചെയ്യപ്പെട്ട മുസൈലിമയും സംഘവും പരാജയത്തിന്റെ ചുടുനിണം രുചിക്കാന്‍ തുടങ്ങി.
ഇടയ്ക്കാണ് ആ ഉദ്യാനത്തിന്റെ മതില്‍കെട്ടുകള്‍ക്ക് സമീപത്തുവെച്ച് അബ്ബാദ് ബിന്‍ ബിശ്ര്‍(റ) രക്തസാക്ഷിത്വം വരിക്കുന്നത്. രക്തം വാര്‍ന്നൊലിച്ചുകൊണ്ടിരിക്കുന്ന ആ ദേഹം മണ്ണിലേക്ക് പതിച്ചു. ഒന്നും രണ്ടും മുറിവുകളായിരുന്നില്ല ആ ദേഹത്ത് കൊണ്ടത്. അമ്പും വാളും കുന്തങ്ങളും ആ ദേഹത്തെ പരുക്കേല്‍പിച്ച് പിച്ചിച്ചീന്തി. തിരിച്ചറിയാന്‍ കഴിയാതെ പ്രയാസപ്പെട്ട അവര്‍ ഒരു അടയാളം കണ്ടുകൊണ്ട് മാത്രമാണ് അബ്ബാദ് ബിന്‍ ബിശ്ര്‍(റ) എന്ന രക്തസാക്ഷിയെ തിരിച്ചറിഞ്ഞത്. ആ മഹാനുഭാവന്റെ കൂടെ നാളെ സ്വര്‍ഗീയ ഉദ്യാനത്തില്‍ സംഗമിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാവട്ടെ, ആമീന്‍.
Leave A Comment