ഇസ്‌ലാഹുന്നിസാ: ഉറുദു സാഹിത്യത്തിലെ വിപ്ലവകരമായ സ്ത്രീ രചന

ഇന്ത്യയിലെ പ്രഥമ സ്ത്രീ എഴുത്തുകാരിയും ഉർദു നോവലിസ്റ്റുമായ റാശിദുന്നിസാ രചിച്ച നോവൽ 'ഇസ്‌ലാഹുന്നിസാ' സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്ക്കരണത്തിനുമുള്ള ശക്തമായ ആഹ്വാനമാണ്. 1855ൽ ബിഹാറിലെ പട്നയിൽ ജനിച്ച റാശിദുന്നിസാ ആദ്യത്തെ പെൺകുട്ടികളുടെ സ്കൂൾ സ്ഥാപിക്കുകയുണ്ടായി. 1894 ൽ വിരചിതമായ പ്രസ്തുത നോവൽ സാമൂഹിക പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടുകയും സ്ത്രീ വിദ്യാഭ്യാസം പ്രേരിപ്പിക്കുകയും ചെയ്യുന്നു. സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും അവർ നടത്തിയ മാതൃകപരമായ പ്രവർത്തനങ്ങൾ ഇന്ത്യയുടെ സാമൂഹ്യ -സാഹിത്യ ചരിത്രത്തിൽ അമൂല്യമായ സ്വാധീനം ചെലുത്തി.


റാശിദുന്നിസാ പട്നയിലെ വിദ്യാഭ്യാസ സമ്പന്നമായ മുസ്‌ലിം കുടുംബത്തിലായിരുന്നു ജനിച്ചതും വളര്‍ന്നതും. പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായിരുന്ന പിതാവ് സയ്യിദ് വഹീദുദ്ധീൻ ഖാൻ ബഹദൂരിൽനിന്നും പ്രാഥമിക മതപഠനം കരസ്ഥമാക്കി. കൂടാതെ, വീട്ടിൽ സ്വകാര്യ അധ്യാപകരുടെ ശിക്ഷണത്തിൽ അവർക്ക് വിദ്യാഭ്യാസം ലഭിച്ചു. പെൺകുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം അപൂർവമായിരുന്ന കാലഘട്ടത്തിൽ, അവരുടെ ബൗദ്ധിക താൽപര്യങ്ങൾക്ക് കുടുംബം പിന്തുണ നല്കി. മൗലവി മുഹമ്മദ് യഹ്യ എന്ന നിയമജ്ഞനുമായി വിവാഹം കഴിഞ്ഞത് അവരുടെ ജീവിതത്തെ കൂടുതൽ വിപുലമാക്കി. നസീർ അഹമ്മദിന്റെ 'മിര്‍ആതുല്‍ഉറൂസ് എന്ന കൃതിയിലൂടെ സ്ത്രീ വിദ്യാഭ്യാസത്തിലും സാമൂഹിക പരിഷ്കരണത്തിലും പ്രാവീണ്യം നേടി.


1868ൽ തന്നെ റാശിദുന്നിസാ ഈ കൃതിയുടെ എഴുത്ത് ആരംഭിച്ചെങ്കിലും, സ്ത്രീയായതിന്റെ പേരിൽ പ്രസിദ്ധീകരിക്കുന്നതിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടിവന്നു. ഒടുക്കം, അനന്തരവനായ മുഹമ്മദ് സുലൈമാന്റെ സഹായത്തോടെ 1881ൽ കൃതി പുറത്തിറങ്ങി. ഒരു ഇന്ത്യൻ സ്ത്രീ എഴുതിയ ആദ്യ ഉർദു നോവൽ എന്ന നിലയിൽ ഈ കൃതിക്ക് ഏറെ പ്രാധാന്യമുണ്ട്. 


സ്ത്രീ വിദ്യാഭ്യാസവും പുരോഗതിയും ആത്മോന്നതിയുമാണ് നോവലിന്റെ ഇതിവൃത്തം. അന്ധവിശ്വാസങ്ങൾ, പിന്നാക്കസംസ്ക്കാരങ്ങൾ, സാമൂഹ്യ നിയന്ത്രണങ്ങൾ എന്നിവയെ നിശിതമായി വിമർശിക്കുന്നു. 'മിര്‍ആതുല്‍ഉറൂസ് എന്ന കൃതിയിൽനിന്ന് ഉൾകൊണ്ട വിഷയങ്ങളാണ് കൂടുതലും ചർച്ച ചെയ്യുന്നത്.


സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിച്ചാൽ അത് അവരുടെ ജീവിതം മാത്രമല്ല, സമൂഹം മുഴുവൻ മാറ്റം വരുത്തുമെന്ന് അവർ വിശ്വസിച്ചു. ബീഹാറിൽ സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി സാഹിതീയ പ്രവർത്തനങ്ങൾക്കപ്പുറം പെൺകുട്ടികൾക്കുള്ള ആദ്യ സ്കൂൾ സ്ഥാപിച്ചതും അവരായിരുന്നു. അക്കാലത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നത് വലിയ ധിഷണാപരമായ കാര്യമാണ്. ഇതിനോടകം നിരവധി സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന്റെ വഴി തുറക്കാനിടയായി. 


ഇസ്‌ലാഹുന്നിസാ എന്ന കൃതി റാശിദുന്നിസായുടെ വിദ്യാഭ്യാസത്തിന്റെ ദീപ്തമായ പ്രതിഫലനമാണ്. നായിക കഥാപാത്രമായ ബിസ്മില്ലാഹ് സാമൂഹിക പ്രതിസന്ധികളെ നേരിടുന്നതിലൂടെ ആത്മോന്നതിയുടെ സന്ദേശം നൽകുന്നു. സംവാദങ്ങളിലൂടെയും കഥകളിലൂടെയും അന്ധവിശ്വാസങ്ങൾക്കെതിരെയും കെട്ടിച്ചമച്ച ആചാരങ്ങള്‍ക്കെതിരെയും കൃതിയിൽ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ചരിത്രക്കാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ഷംസു റഹ്‌മാൻ പറഞ്ഞത് പോലെ, "അന്ന് സ്ത്രീകളുടെ അവകാശങ്ങൾക്കായി സാമൂഹിക പരിഷ്ക്കാർത്താക്കൾ പോലും അധികം ഉത്സാഹം കാണിച്ചിരുന്നില്ല. ആധുനികതയും ആത്മവിശ്വാസവും സ്ത്രീകൾ സ്വീകരികേണ്ടതാണെന്ന് ഈ കൃതി പ്രബലമായി എഴുതുന്നു.
 

നോവൽ പ്രസിദ്ധീകരിച്ച ശേഷം 1968, 2001, 2006 എന്നിങ്ങനെയുള്ള വർഷങ്ങളിൽ വീണ്ടും പതിപ്പുകൾ പുറത്തിറങ്ങുകയും ഇന്ത്യയിലും പാക്കിസ്ഥാനിലും പുതു തലമുറയെ ഇത് ഏറെ പ്രചോദിപ്പിക്കുകയുമുണ്ടായി. വളരെ സരളമായ ഭാഷയിൽ പ്രാദേശിക ഗാനങ്ങൾ ഉൾപ്പെടെ ജീവിതശൈലിയെ ആധികാരികമായി തന്നെ അവതരിപ്പിക്കുന്നു. വിവാഹം, ഗർഭധാരണം, പ്രസവം തുടങ്ങിയ ചടങ്ങുകളുടെ വിവരണം കൃതിയെ ഒരു ചരിത്രരേഖയാക്കി മാറ്റുന്നു. 


1929ൽ അന്തരിച്ച റാശിദുന്നിസായുടെ സംഭാവനകൾ ഇന്നും ഉർദു സാഹിത്യത്തില്‍ ജീവിക്കുന്നു. നോവലിസ്റ്റ് എന്നതും, ബിഹാറിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആമുഖധാരയായി നിലകൊണ്ടതുമാണ് അവരുടെ സംഭാവനയുടെ കേന്ദ്രബിന്ദു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മാറ്റത്തിന് ശബ്ദം ഉയർത്തേണ്ടതിന്റെ അനിവാര്യതയും പുതുതലമുറയെ ഓർമിപ്പിക്കുക കൂടി ചെയ്യുകയാണ് അവര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter