മാളു ഹജ്ജുമ്മ: മലബാറിന്റെ പെൺകരുത്ത്

മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ ധീരതയുടെ പ്രതീകമായി മലപ്പുറം കോട്ടക്കുന്നിന്റെ ചെരുവിൽ ബ്രിട്ടീഷ് പട്ടാളക്കാരന്റെ തോക്കിനു മുന്നിൽ വിരിമാർ കാട്ടിനിന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രിയ പത്നി, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അധികമാരും ചർച്ച ചെയ്യപ്പെടാതെ പോയ വനിതയാണ്. ബ്രിട്ടീഷ് പട്ടാളത്തോട് നേരിട്ട് പോരാടിയ ഏറനാടൻ ധീരവനിതയായിരുന്നു മാളു ഹജ്ജുമ്മ എന്ന ആ മഹതി. 

 

ജനനം

സാമ്പത്തികമായും സാമൂഹികമായും ഏറെ അഭിവൃദ്ധിയിലായിരുന്ന പറവെട്ടി കുടുംബത്തിൽ ഉണ്ണി മുഹമ്മദ് ഹാജിയുടെ മകൻ കോയാമു ഹാജിയുടെ മകളായി 1879 ൽ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ചീനിപാടത്തായിരുന്നു പറവട്ടി ഫാത്തിമ എന്ന മാളുഹജ്ജുമ്മയുടെ ജനനം.

 

വിദ്യാഭ്യാസം

മക്കളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേകം ഒരു അധ്യാപകനെ നിശ്ചയിച്ചിരുന്നു ഇവരുടെ പിതാവ്. ഇതിലൂടെ ഇംഗ്ലീഷ്, മലയാളം ഭാഷകൾ അവർ പഠിക്കുകയും ചെയ്തു. ഇതായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ശേഷം കണ്ണത്ത് സ്കൂളിൽ നാലു വരെ പഠിച്ചു. അറബി ഭാഷയിലും അവര്‍ക്ക് കഴിവുണ്ടായിരുന്നു. 

അത്ഭുതകരമായിരുന്നു മഹതിയുടെ ജീവിതം. ആജ്ഞാ ശക്തിയും ധൈര്യവും നേതൃഗുണവും മതബോധവുമെല്ലാം കോർത്ത് വെച്ച ജീവിതം. നല്ല നീളവും അതിനനുസരിച്ച തടിയുമുള്ള അസാധാരണ സ്ത്രീയായിരുന്നു ഹജ്ജുമ്മ. നീളൻ പെൺകുപ്പായവും കാച്ചിത്തുണിയും വലിയ മക്കനയും ധരിച്ച് ചീനിപ്പാടത്ത് നിന്നും കണ്ണത്തിലൂടെ കരുവാരക്കുണ്ട് അങ്ങാടിയിലേക്ക് നടന്ന് പോയിരുന്ന മാളു ഹജ്ജുമ്മയെ കാണുമ്പോൾ പ്രായ ഭേദമന്യേ സമൂഹം ഒന്നടങ്കം അവരെ ബഹുമാനിച്ചിരുന്നുവത്രെ. അരയിലെ വീതിയുള്ള ബൽറ്റും അതിൽ തൂക്കിയിട്ട കത്തിയും കയ്യിൽ സ്ഥിരമായി കരുതുന്ന വടിയും അക്കാലത്ത് മറ്റൊരു സ്ത്രീയിലും കാണാത്തതായിരുന്നു. ഹാജിയോടൊപ്പം ബ്രിട്ടീഷുകാർക്കെതിരിൽ ഏറ്റുമുട്ടിയ സമയം മുതൽ തുടങ്ങിയതായിരുന്നു അരയിൽ കത്തി കരുതുന്ന ശീലം. അക്കാലത്ത് കോഴിയെ അറുക്കുന്നതിനായി ജനങ്ങൾ സമീപിച്ചിരുന്നത് മുസ്‍ലിയക്കന്മാരെ മാത്രമായായിരുന്നു. എന്നാൽ ഹജ്ജുമ്മ വരുന്നത് കണ്ടാൽ അത് അവരെ ഏൽപിക്കുമായിരുന്നത്രേ.  അക്കാലത്തെ മുസ്‍ലിം സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലും മഹല്ല് ഭരണത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായ ധീര വനിത കൂടിയായിരുന്നു മാളു ഹജ്ജുമ്മ.

കുടുംബജീവിതം

1920ലാണ് അവര്‍ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായുള്ള വിവാഹബന്ധം ആരംഭിക്കുന്നത്. ഇരുവരും ഇതിനുമുമ്പേ വിവാഹിതരായിരുന്നു. വാരിയംകുന്നനെ കല്യാണം കഴിച്ചാൽ തൂക്കിലേറ്റുന്ന പട്ടാളം ഉണ്ടെങ്കിൽ അതൊന്നു കാണണമെന്ന ദൃഢനിശ്ചയത്തോടെയാണ് വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായുള്ള കുടുംബ ജീവിതത്തിലേക്ക് അവര്‍ കാലെടുത്തുവെക്കുന്നത്. ധീരനായ വാര്യൻകുന്നനെ തന്റെ കൂട്ടാളിയായി തെരഞ്ഞെടുക്കുമ്പോൾ ഉറച്ച നിലപാടുള്ള പെൺകരുത്തിന്റെ ഉടമയായിരുന്നു മാളു ഹജ്ജുമ്മ.

 

ബ്രിട്ടീഷ് പട്ടാളത്തിന്റെ അക്രമങ്ങൾക്കും അനീതിക്കൾക്കുമെതിരെ പോരാടണം, അതിനായി ഉശിരുള്ള ഒരാണ്‍ തുണയെ വേണം, ഒരു ഏറനാടൻ പുലിയെ തന്നെ വേണമെന്ന തീരുമാനമാണ് ആ ധീര വനിതയെ കുഞ്ഞഹമ്മദാജി എന്ന ധീര പുരുഷനിലേക്ക് എത്തിച്ചത്. കഠിന മർദ്ദനങ്ങൾക്കും തടവറകളുടെ കൂരിരുട്ടിനും തകർക്കാനാവാത്ത വാരിയൻ കുന്നന്റെ നിശ്ചയദാർഢ്യവും അചഞ്ചല വിപ്ലവ ബോധവും നേതൃപാടവും കണ്ട് ആകൃഷ്ടയായ പെൺ ഹൃദയം എന്ന് പറയുന്നതാവും ശരി. വാരിയൻകുന്നന്റെ സഹധർമ്മിണി എന്നതിലപ്പുറം ഒരു നിഴലായി ഓരോ പോരാട്ടങ്ങളിലും കൂടെ നിന്നു എന്നതാണ് മഹതിയുടെ പ്രത്യേകത. സാമൂഹികമായും വലിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച മാളു ഹജ്ജുമ്മ വലിയ ധർമ്മിഷ്ഠ കൂടിയായിരുന്നു.

 

വീട് വീടാന്തരം കയറി സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുകയും അതിനുവേണ്ടി  സ്കൂൾ ആരംഭിക്കാനായി സ്വന്തം സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തു അവര്‍. അതോടൊപ്പം അവരും ഭാഷാപഠനങ്ങളടക്കം വിദ്യാഭ്യാസവും നേടി എന്നതാണ്. അതോടൊപ്പം പ്രമുഖ പണ്ഡിതനും സമസ്തയുടെ ജോയിൻ സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായിരുന്ന മർഹും കെ ടി മാനു മുസ്‍ലിയാരുടെ ഉസ്താദ് മർഹൂം മൊയ്തീൻ ഹാജിയുടെ കാലത്ത് കരുവാരകുണ്ട് പള്ളിക്കമ്മിറ്റി അംഗമായിരുന്നു മാളു ഹജ്ജുമ്മ. മഹതിക്കുവേണ്ടി പ്രത്യേക ഇരിപ്പിടം തയ്യാറാക്കിയിട്ടുണ്ടായിരുന്നു പള്ളിയിൽ. ബലികർമ്മം നടത്തിയ ആദ്യ വനിതയും അക്കാലത്ത് മാളു ഹജ്ജുമ്മ മാത്രമായിരുന്നു. തന്റെ അതീനതയിൽ ഉണ്ടായിരുന്ന 30 ഏക്കറോളം സ്ഥലം പള്ളിക്കുവേണ്ടി വഖ്ഫ് ചെയ്യുകയും ചെയ്തു. 7 തവണ ഹജ്ജ് ചെയ്യാനും മഹതിക്ക് ഭാഗ്യം ലഭിച്ചു.

Read More : രാജ്യസ്‌നേഹിയായ വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി

ഗീത ടീച്ചർ എഴുതിയ 1921 ചരിത്ര വർത്തമാനങ്ങൾ, കെ കെ അബ്ദുൽ കരീം എഴുതിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, എ.കെ കോഡൂർ എഴുതിയ ആഗ്ലോ മാപ്പിള യുദ്ധം 1921,  ആര്‍ എച്ച് ഹിച്ച് കോക്ക് എഴുതിയ peasant revolution in malabar, A history of the malabar rebellion 1921, ജാഫർ ഈരാറ്റുപേട്ടയുടെ മാളു തുടങ്ങിയ പുസ്തകങ്ങളിൽ ദൃഢനിശ്ചയത്തിന്റെ പടയങ്കിയണിഞ്ഞ ഏറനാടിന്റെ ഈ ധീര വനിതയെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്.

 

സ്വാതന്ത്ര്യ സമരങ്ങളില്‍ സ്ത്രീകള്‍ക്ക് ധൈര്യവും ഊര്‍ജ്ജവും പകരുകയായിരുന്നു പ്രധാനമായും അവരുടെ ജോലി. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് അങ്ങാടിയിലെ ഒരു പാറപ്പുറത്ത് കയറി അവര്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെ വായിക്കാം.

 

"വെള്ളക്കാരുമായി യുദ്ധം ഉണ്ടായാൽ ആരും ഭയപ്പെടരുത്, വെള്ളക്കാരന്റെ ഭരണം  ഒടുക്കണം, വാരിയൻ കുന്നൻ നമ്മോടൊപ്പമുണ്ട്, പൂക്കോട്ടൂരും പൂച്ചോലമാടും ചന്തക്കുന്നും നമ്മുടെ അനേകം ആളുകൾ ശഹീദായി. വാഗൺ കൂട്ടക്കൊല വെള്ളക്കാരുടെ ഭീകരതക്ക് തെളിവാണ്, അവരെ ഓടിക്കുന്നതിന് നമുക്ക് നമ്മുടെ പങ്ക് രാജ്യത്തിനായി സമർപ്പിക്കണം, ആണുങ്ങൾ യുദ്ധത്തിന് പുറപ്പെടുമ്പോൾ നാം  സ്ത്രീകളായിരിക്കണം സന്തോഷത്തോടെ സലാം പറഞ്ഞ് അവരെ യാത്രയക്കേണ്ടത്. കൂടെ പോകാൻ കഴിവുള്ളവർ പോകണം. മറ്റുള്ള സ്ത്രീകൾ വനത്തിലും പാറക്കൂട്ടങ്ങളിലും ഒളിച്ചിരിക്കട്ടെ. കഴിയുന്നത്ര ഭക്ഷണസാധനങ്ങൾ നാം സ്വരൂപിക്കണം. ശഹീദ് ആകുന്ന പോരാളികളെ കല്ലുവെട്ട് കുഴിയിൽ പനമ്പും പായയും വിരിച്ച് അതിൽ അടക്കം ചെയ്യണം. ആണുങ്ങളെല്ലാം ശഹീദ് ആയിട്ടുണ്ടാകും, അല്ലെങ്കിൽ ഒളിവിൽ ആയിരിക്കും, ആ കാരണം കൊണ്ട് ഒറ്റ മയ്യിത്തും ജീർണിക്കാൻ ഇടവരരുത്, അത് വെള്ളക്കാരന്‍റെതാണെങ്കിലും ശരി, നാം തന്നെ ആ ജോലി ധൈര്യമായി ഏറ്റെടുക്കണം. ആണുങ്ങൾക്ക് ധൈര്യം പകരേണ്ടത് നാമാണ്, ഇതെല്ലാം സുൽത്താൻ വാരിയന്‍കുന്നന്‍ ഹാജിയുടെ കൽപ്പനയാണ്,".

 

മരണം

1960 ന് ശേഷമാണ് മാളു ഹജ്ജുമ്മ ഈ ലോകത്തോട് വിടപറയുന്നുത്. കരുവാരക്കുണ്ട് പള്ളിയിൽ ഉപ്പ കോയാമു ഹാജിയുടെ ഖബറിനോട് ചേർന്നാണ് അവരെ ഖബറടക്കം ചെയ്തിരിക്കുന്നത്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter