സഹിഷ്ണുതയുടെ പ്രവാചക പാഠങ്ങള്‍
സഹിഷ്ണുതയുടെ സന്ദേശം വിതറിയ സ്‌നേഹദൂതരുടെ സ്മരണകള്‍ വിശ്വസമൂഹത്തില്‍ കൂടുതല്‍ പരിചയപ്പെടുത്തേണ്ട സമയമാണിത്. വര്‍ത്തമാന കാല ഇന്ത്യന്‍ സാഹചര്യത്തില്‍ സഹിഷ്ണുതയ്ക്ക് പ്രസക്തി എമ്പാടുമുണ്ട്.
ഇന്ത്യ വൈവിധ്യങ്ങളുടെ ഈറ്റില്ലവും പോറ്റില്ലവുമാണ്. ബഹുസ്വരത ഇന്ത്യയുടെ ആത്മീയതയും ആത്മാഭിനവുമാണ്. ബഹുസ്വരതയുടെ മനോഹാരിത ഉള്‍ക്കൊള്ളാന്‍ സഹിഷ്ണുതയും ഉയര്‍ന്ന മാനവികമൂല്യ ബോധവുമുള്ളവര്‍ക്കേ കഴിയൂ. സ്വരവൈജാത്യങ്ങളും വര്‍ണ ഭാഷാ വ്യത്യസ്തതകളും ദൈവികദൃഷ്ടാന്തമാണെന്നു പഠിപ്പിക്കുന്നുണ്ട് ഖുര്‍ആന്‍.
രാജ്യത്തിന്റെ സാംസ്‌കാരിക സമന്വയ സവിശേഷതകളെ ഉള്ളറിഞ്ഞ് പഠിക്കാന്‍ എല്ലാവരും രംഗത്തുവരേണ്ടതുണ്ട്. അധികാരകേന്ദ്രങ്ങളുടെ താല്‍പര്യവും പൊതു സമൂഹത്തിന്റെ നിലപാടുകളും ഭരണഘടനാപരമായ നയരേഖകളും ഈ വിഷയത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഉഹ്ദ് യുദ്ധത്തില്‍ നബി(സ)യുടെ മുന്‍പല്ലുപൊട്ടുകയും മുഖത്തു മുറിവേല്‍ക്കുകയും ചെയ്തത് അനുയായികളില്‍ അസഹ്യമായ വിഷമമുളവാക്കി. ‘പ്രവാചകരേ ശത്രുക്കള്‍ക്കെതിരേ നിങ്ങള്‍ക്ക് പ്രാര്‍ഥിക്കാമല്ലോ’ അനുയായികള്‍ അപേക്ഷിച്ചു. ‘എന്നെ ശാപ പ്രാര്‍ഥന നടത്തുന്നവനായല്ല, സത്യപ്രബോധകനും കാരുണ്യവാനുമായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവേ, എന്റെ ജനതക്ക് സന്‍മാര്‍ഗം നല്‍കണേ, അവര്‍ അറിവില്ലാത്തവരാണ്.’ നബി(സ)യുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
ജൂതനായ സൈദുബ്‌നു സഅ്‌ന ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് അയാള്‍ക്ക് നബി(സ) കൊടുക്കാനുണ്ടായിരുന്ന കടം ചോദിച്ചു വന്നു. നബി(സ)യുടെ മേല്‍ ത്തട്ടം അയാള്‍ പിടിച്ചുവലിക്കുകയും അവിടുത്തെ വസ്ത്രം കൂട്ടിപ്പിടിച്ചു കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ഇത് കണ്ട ഉമര്‍(റ) അയാളോട് തട്ടിക്കയറുകയും കടുത്ത സ്വരത്തില്‍ സംസാരിക്കുകയും ചെയ്തു. അപ്പോള്‍ നബി(സ) ഉമര്‍(റ)നോട് പറഞ്ഞു, ‘ഇതല്ല ഉമറേ നിന്നില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മര്യാദപൂര്‍വം കടം വീട്ടാന്‍ നീ എന്നോടും മാന്യമായ ശൈലിയില്‍ അത് ആവശ്യപ്പെടാന്‍ സൈദിനോടും കല്‍പ്പിക്കുകയാണ് വേണ്ടത്’. കടം വീട്ടാനുള്ള അവധിക്കു മൂന്നു ദിവസം കൂടി ബാക്കിയുണ്ടെന്നു നബി(സ) വ്യക്തമാക്കി. കടം അപ്പോള്‍ തന്നെ വീട്ടാനും ഉമര്‍(റ) സൈദിനോട് തട്ടിക്കയറിയതിനു പകരം ഇരുപത് സാഅ് അധികം നല്‍കാനും നബി(സ) ആജ്ഞാപിച്ചു. അയാള്‍ മുസ്്‌ലിമാകാന്‍ ഈ സംഭവം നിമിത്തമായി.
മഖ്‌സൂമിയ്യ ഗോത്രം അറേബ്യയില്‍ പ്രതാപത്തിന്റെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന കാലം. അവരില്‍പ്പെട്ട ഒരു സ്ത്രീ മോഷണം നടത്തി. കരഛേദ ശിക്ഷനടപ്പാക്കാതെ ഗോത്രത്തിന്റെ മാനം കാക്കാനായി നബി(സ)യോടു ശുപാര്‍ശ നടത്താന്‍ അവിടത്തെ ഉറ്റ മിത്രമായ ഉസാമ(റ)യെ അവര്‍ ഏല്‍പ്പിച്ചു. ഉസാമ(റ) നബി(സ)യോട് സംസാരിച്ചു, ‘അല്ലാഹുവിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാനാണോ നീ ശുപാര്‍ശ ചെയ്യുന്നത്’. ഉസാമ(റ)യോട് നബി(സ) ചോദിച്ചു. പിന്നീട്. നബി(സ) പ്രഖ്യാപിച്ചു, ‘നിങ്ങളുടെ മുന്‍ഗാമികള്‍ നശിച്ചത് അവരില്‍ വരേണ്യ വര്‍ഗക്കാര്‍ മോഷ്ടിച്ചാന്‍ ശിക്ഷ നടപ്പാക്കാതെ വിടുകയും സാധുക്കള്‍ മോഷ്ടിച്ചാല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്നത് കൊണ്ടാണ് അല്ലാഹുവാണേ സത്യം! മുഹമ്മദിന്റെ മകള്‍ ഫാത്വിമ കട്ടാലും അവളുടെ കരം ഞാന്‍ മുറിക്കും’ പ്രവാചകന്റെ മറുപടി ഇതായിരുന്നു.
അധികാരത്തിലിരുന്നാലും അധികാരത്തിനു പുറത്താണെങ്കിലും നീതി ബോധവും വിശ്വസ്തതയും സഹിഷ്ണുതയും കൈവിടാന്‍ ഇസ്്‌ലാം വിശ്വാസികളെ അനുവദിക്കുന്നില്ല. യഥാര്‍ഥ ഇസ്്‌ലാമിക ഭരണം കാഴ്ചവച്ച ഇസ്്‌ലാമിക ഭരണാധികാരികളുടെ ചരിത്രം പരിശോധിച്ചാല്‍ നൂനപക്ഷങ്ങള്‍ക്കും സഹോദര സമുദായങ്ങള്‍ക്കും ലഭിച്ചിരുന്ന സുരക്ഷിതത്വവും അവര്‍ക്കുണ്ടായിരുന്ന അഭിമാന ബോധവും കൃത്യമായി പഠിക്കാന്‍ കഴിയും. നീതിയും സത്യസന്ധതയുമാണ് ഇസ്്‌ലാമിന്റെ പക്ഷമെന്ന് മനസിലാക്കാന്‍ ചരിത്രം തന്നെ മതി രേഖയായി.
ഖൈബറിലെ ജൂതന്‍മാരില്‍ നിന്ന് കരം പിരിക്കാന്‍ വേണ്ടി അബ്ദുല്ലാഹിബ്‌നു സഹ്‌ലും പിതൃവ്യ പുത്രനായ മഹീശയും പുറപ്പെട്ടു. എന്നാല്‍ ഖൈബറിലെ ജൂതര്‍ അബ്ദുള്ള(റ)യെ നിഷ്ഠൂരമായി വധിച്ചു. ആ സമയം മഹീശയെ അവര്‍ മറ്റൊരിടത്ത് എത്തിച്ചിരുന്നു. സംഭവം നബി(സ)യെ അറിയിച്ച മഹീശ പ്രതികാരം ചെയ്യണമെന്ന് നബി(സ)യോട് ആവശ്യപ്പെട്ടു. എന്നാല്‍ ഘാതകനെ തിരിച്ചറിയാന്‍ ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ ജൂതര്‍ക്കെതിരേ നടപടിയെടുക്കാന്‍ സാധ്യമല്ലെന്നാണ് നബി(സ) അറിയിച്ചത്. പകരം പൊതു ഖജനാവില്‍ നിന്ന് അബ്ദുല്ലാ(റ)യുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ട നടപടികള്‍ നബി(സ) സ്വീകരിച്ചു.
പ്രവാചക പാതകള്‍ അനുധാവനം ചെയ്ത വിശ്വാസി സമൂഹം കാഴ്ചവച്ച പലതും ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളയാന്‍ പില്‍ക്കാലത്ത് ആസൂത്രിതമായ നീക്കംനടന്നുവെന്നതിന്റെ തെളിവാണ് വക്രീകരിക്കപ്പെട്ട ചരിത്രങ്ങള്‍.
സിന്ധ് കീഴടക്കിയ മുഹമ്മദ്ബ്‌നു ഖാസിം(റ)നെ കുറിച്ച് ചരിത്രകാരനായ ഈശ്വര്‍ പ്രസാദ് പറയുന്നു. അദ്ദേഹം ഹൈന്ദവരോട് അവരുടെ മാന്യതക്കനുസരിച്ച് പെരുമാറിയിരുന്നു. ആരാധനാലയങ്ങളുടെ കാര്യത്തില്‍ അവരുടെ അവകാശങ്ങള്‍ മാനിക്കപ്പെടുകയും ചെയ്തു.
സുന്ദര്‍ലാന്‍ എഴുതുന്നത് കാണുക. അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ കാലത്തും ഔറംഗസീബിന്റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്്ലിംകളോടും ഒരേ നയമാണ് നടപ്പിലാക്കപ്പെട്ടത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ വിവേചനമുണ്ടായില്ല. എല്ലാ ചക്രവര്‍ത്തിമാരും ക്ഷേത്രങ്ങള്‍ക്കായി നിരവധി സ്വത്ത് നല്‍കി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പ്പന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയത്തിന്റെ സ്മരണയത്രേ. ഇത്തരം രണ്ടു കല്‍പ്പനകള്‍ ഇന്നും അലഹബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്.
മൈസൂര്‍ നാട്ടുരാജ്യത്തിന്റെ പുരാവസ്തു വിഭാഗത്തില്‍ ടിപ്പു സുല്‍ത്താന്‍ ശ്യാഖേരിമഠത്തിലെ ശങ്കരാചാര്യര്‍ക്ക് എഴുതിയ മുപ്പതിലേറെ കത്തുകളുണ്ട്. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ടിപ്പു വന്‍തോതില്‍ ഭൂസ്വത്ത് ദാനം ചെയ്തു. ടിപ്പുവിന്റെ കോട്ടകള്‍ക്കഭിമുഖമായി നില്‍ക്കുന്ന ശ്രീ വെങ്കട്ട രാമണ്ണ ശ്രീനിവാസ്, ശ്രീരംഗനാഥ് തുടങ്ങിയ ക്ഷേത്രങ്ങള്‍ ടിപ്പുവിന്റെ വിശാല മനസ്‌കതയുടെ മകുടോദാഹരണങ്ങളാണ്.ചുരുക്കത്തില്‍ മതസൗഹാര്‍ദ്ദവും സാംസ്‌കാരിക സമന്വയവുമാണ് ലോക രാജ്യങ്ങളുടെ ചരിത്രത്തെ വിശിഷ്യാ ഇന്ത്യാചരിത്രത്തെ വര്‍ണ മനോഹരമാക്കിയതെന്നു കാണാം. അതില്‍ ഇസ്്‌ലാമിന്റെയും മുസ്‌ലിം ഭരണാധികാരികളുടെയും പങ്ക് ഒരു നിഷ്പക്ഷമതിയും നിരാകരിക്കില്ല.
അസഹിഷ്ണുതകള്‍ വര്‍ധിച്ചുവരുന്ന ലോകത്ത് സഹിഷ്ണുതയുടെ സ്‌നേഹദൂതര്‍ കാണിച്ച മാതൃകകള്‍ നാം പൊതുസമൂഹത്തിന് പരിചയപ്പെടുത്താനുള്ള അവസരമായി ഈ പുണ്യറബീഇനെ കാണണം.
Leave A Comment