പ്രവാചകര്‍ അതുല്യമായ വ്യക്തിത്വം

ഭാഗം 1-

 ഭാര്യ ഖദീജ (റ) ക്ക് പറയാനുള്ളത്

പ്രവാചകത്വത്തിന്റെ തുടക്കമെന്നോണം ദിവ്യസന്ദേശവുമായെത്തിയ ജിബ്രീല്‍ എന്ന മാലാഖയെ കണ്ട് പ്രവാചകര്‍ (സ്വ) പേടിച്ചു പോയി. ഭയചകിതനായി പനിപിടിച്ചാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ആ ചരിത്രസന്ധിയില്‍ അവരെ സമാശ്വസിപ്പിച്ചുകൊണ്ട് പ്രിയപത്നി ഖദീജ (റ) പറഞ്ഞ വാക്കുകള്‍ ഇന്നും ചരിത്രത്തില്‍ തെളിഞ്ഞുകിടക്കുന്നു. പതിനഞ്ചുവര്‍ഷക്കാലത്തെ ഭാര്യാ-ഭര്‍തൃജീവിതത്തിലൂടെ പ്രവാചകരെ അടുത്തറിഞ്ഞവരായിരുന്നു മഹതി ഖദീജ. ആ വാക്കുകള്‍ ഇങ്ങനെ വായിക്കാം, താങ്കള്‍ ഒന്ന്കൊണ്ടും ഭയപ്പെടരുത്, ഇല്ല, അല്ലാഹു ഒരിക്കലും താങ്കളെ നിസ്സാരനാക്കുകയില്ല, കാരണം, താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നവരാണ്, ജീവിതത്തില്‍ സത്യം മാത്രം പറയുന്നവരാണ്, ഇതരരുടെ പ്രയാസങ്ങളും പ്രാരാബ്ധങ്ങളും സ്വയം ഏറ്റെടുത്ത് അവര്‍ക്ക് ആശ്വാസം പകരുന്നവരാണ്, അതിഥികളെ യഥോചിതം സ്വീകരിക്കുന്നവരാണ്, സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗത്തില്‍ ആര്‍ക്ക് പ്രയാസങ്ങള്‍ നേരിട്ടാലും അവരെയെല്ലാം സഹായിക്കുന്നവരാണ്, ആയതിനാല്‍ അല്ലാഹു താങ്കളെ ഒരിക്കലും നിസ്സാരപ്പെടുത്തുകയില്ല.

ഒരു വ്യക്തിയുടെ സ്വഭാവം സ്വന്തം ഭാര്യയോളം അറിയുന്നവര്‍ മറ്റാരുമുണ്ടാകില്ലല്ലോ. അത് കൊണ്ട് തന്നെ പ്രവാചകരുടെ സ്വഭാവത്തിന് സൃഷ്ടികളില്‍നിന്ന് ലഭിക്കാവുന്ന ഏറ്റവും വലിയ സാക്ഷിപത്രം കൂടിയാണ് ഇത്. പ്രപഞ്ചനാഥന്‍ അവന്റെ സന്ദേശം വഹിക്കാനുള്ള ദൂതനായി തന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന് പറയേണ്ട താമസം, ആ ദൂതന്റെ ആദ്യ അനുയായിയാവാന്‍ ഖദീജ (റ) തയ്യാറായതും അത് കൊണ്ട് തന്നെ.

സേവകനായി നിന്ന് അനസ് (റ)വിന് പറയാനുള്ളത്

പത്ത് വര്‍ഷം പ്രവാചകരുടെ കൂടെ ഏത് കാര്യങ്ങള്‍ക്കും സഹായിയായി വര്‍ത്തിച്ച അനുയായിയാണ് അനസ്ബിന്‍മാലിക് (റ). ആ കാലയളവിലൊക്കെ അദ്ദേഹത്തിന് കാണാനായത് ഏറ്റവും നല്ല സ്വഭാവക്കാരനായ പ്രവാചകനെയാണ്, അവസാനം അദ്ദേഹം അഭിമാനപൂര്‍വ്വം ലോകത്തോട് ഇങ്ങനെ പറഞ്ഞു, ഞാന്‍ പ്രവാചകര്‍ക്ക് സേവനം ചെയ്തുകൊണ്ട് പത്ത് വര്‍ഷം കൂടെ നിന്നു. ഒരിക്കല്‍ പോലും എന്നോട് വെറുപ്പ് കാണിക്കുന്ന ഒരു വാക്ക് പോലും അവിടുന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു കാര്യം ചെയ്തതിനെക്കുറിച്ച്, എന്തിന് ഇങ്ങനെ ചെയ്തെന്നോ, ചെയ്യാത്തതിനെക്കുറിച്ച് എന്ത്കൊണ്ട് ചെയ്തില്ലെന്നോ ഇതുവരെ ഒരിക്കല്‍പോലും എന്നോട് ചോദിച്ചിട്ടില്ല. ജനങ്ങളില്‍ ഏറ്റവും നല്ല സ്വഭാവമായിരുന്നു പ്രവാചകരുടേത്.

പത്ത് വര്‍ഷം കൂടെനിന്ന ഒരാളുടെ അഭിപ്രായം എന്ത് കൊണ്ടും വിലമതിക്കേണ്ടതാണ്. ആ വ്യക്തിയുടെ ദൈനംദിനജീവിതത്തിലെ ഒട്ടുമിക്ക ചലനങ്ങളും നേരില്‍ കാണാന്‍ അയാള്‍ക്ക് അവസരം ലഭിച്ചുകാണുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ശത്രുവായിരുന്ന സുമാമക്ക് പറയാനുള്ളത്

സുമാമതുബ്നുഉസാല്‍ പ്രവാചകരുടെ ആദ്യകാല വിരോധികളില്‍ പ്രമുഖനായിരുന്നു. ബനൂഹനീഫ ഗോത്രത്തിന്റെ തലവനായ അദ്ദേഹം പ്രവാചകരെ വധിക്കാനായി തീരുമാനിച്ചുറക്കുകയും അതിനായി ആഹ്വാനം ചെയ്യുകയും ചെയ്തു. അതിനിടയിലാണ് അവിചാരിതമായി അദ്ദേഹം പ്രവാചകരുടെ അനുയായികളുടെ കൈയ്യില്‍ അകപ്പെടുന്നത്. മദീനയിലേക്ക് ബന്ധിയാക്കി കൊണ്ടുവന്നപ്പോള്‍, പ്രവാചകര്‍ തന്നെ വധിച്ചുകളയാന്‍ കല്‍പന നല്‍കുമെന്നതില്‍ സുമാമക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. പക്ഷേ, പ്രവാചകര്‍ ചെയ്തത് മറ്റൊന്നായിരുന്നു. മൂന്ന് ദിവസം തന്നെയും തന്റെ അനുയായികളെയും വീക്ഷിക്കാനും മനസ്സിലാക്കാനും സുമാമക്ക് അവസരം നല്‍കി. നാലാം ദിവസം സുമാമ സത്യസാക്ഷ്യം ഉരുവിട്ട് സ്വയം വിശ്വാസം തെരഞ്ഞെടുത്തു. ശേഷം അദ്ദേഹം പ്രവാചകരോട് ഇങ്ങനെ പറഞ്ഞു, മുഹമ്മദേ, താങ്കളുടെ മുഖത്തേക്കാള്‍ എനിക്ക് വെറുപ്പും വിദ്വേഷവുമുള്ള മറ്റൊരു മുഖം ഇതുവരെ ഈ ഭൂമുഖത്തില്ലായിരുന്നു. ഇതരര്‍ പറഞ്ഞുകേട്ടതില്‍നിന്നാണ് താങ്കളെക്കുറിച്ച് അത്തരം ഒരു ചിത്രം എന്റെ മനസ്സില്‍ പതിഞ്ഞത്. എന്നാല്‍ (അങ്ങയെ നേരില്‍ കണ്ടതോടെ) ഇന്ന് ഭൂമുഖത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതും അങ്ങയെയാണ്.

വിരോധം നിറഞ്ഞ മനസ്സില്‍പോലും സ്നേഹത്തിന്റെ വിത്ത് മുളപ്പിക്കുന്നതും അത് വളര്‍ത്തിവലുതാക്കുന്നതും വല്ലാത്തൊരു കഴിവ് തന്നെ. വിശിഷ്യാ, അധികാരം കൈയ്യാളുന്ന സുമാമയെപ്പോലോത്ത ഒരു വ്യക്തിയെ ഭൌതികമായി ഒന്നും സ്വാധീനിക്കാനാവില്ലെന്ന സാമാന്യനിയമം കൂട്ടിവായിക്കുമ്പോള്‍, ഈ വാക്കുകള്‍ക്ക് അഗാധതകളും അര്‍ത്ഥതലങ്ങളും വര്‍ദ്ധിക്കുക തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter