പ്രവാചകര്‍ അതുല്യവ്യക്തിത്വം-2

ധര്‍മ്മയുദ്ധത്തിന് തീര്‍ത്ത നിര്‍വ്വചനം

അനിവാര്യഘട്ടത്തില്‍ യുദ്ദത്തിനായി പുറപ്പെടാനിരിക്കുന്ന തന്റെ അനുയായികളോട് പ്രവാചകരുടെ ഉപദേശം ഇങ്ങനെയായിരുന്നു, അല്ലാഹുവിനെ ഭയന്നുകൊണ്ടായിരിക്കണം നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും, അല്ലാഹുവിന്റെ പേരിലായിരിക്കണം നിങ്ങള്‍ യുദ്ധം ചെയ്യുന്നത്, അത് അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം, നിങ്ങള്‍ യുദ്ധം ചെയ്യുക, ഒരിക്കലും അതില്‍ ചതിയോ വഞ്ചനയോ ചെയ്യരുത്, യുദ്ധത്തില്‍ മരിക്കാനിടയാവുന്നവരെ ഒരിക്കലും അംഗച്ചേദം ചെയ്യരുത്, കൊച്ചുകുട്ടികളെയോ വൃദ്ധരെയോ സ്ത്രീകളെയോ ആരാധനാമഠങ്ങളിലിരിക്കുന്ന പുരോഹിതരെയോ നിങ്ങള്‍ സ്പര്‍ശിക്കുകപോലും അരുത്, നന്മ മാത്രമായിരിക്കണം നിങ്ങളുടെ ഉദ്ദേശ്യം, നന്മ ചെയ്യുന്നവരെയാണ് അല്ലാഹുവിന് ഇഷ്ടം.

ധര്‍മ്മയുദ്ധമെന്ന് പലരും പലപ്പോഴും പറയാറുണ്ടെങ്കിലും യഥാര്‍ത്ഥ ധര്‍മ്മയുദ്ധത്തിന് പ്രായോഗികമായി നിര്‍വ്വചനം തീര്‍ക്കുകയും നടപ്പിലാക്കുകയും ചെയ്യുകയായിരുന്നു ഇതിലൂടെ പ്രവാചകര്‍. അതോടൊപ്പം ഇതര മതങ്ങളോടും മതസ്ഥരോടുമുള്ള ഇസ്ലാമിന്റെ സമീപനം സുവ്യക്തമാക്കുന്നത് കൂടിയാണ് ഈ വാക്കുകള്‍. ലോകചരിത്രത്തില്‍തന്നെ മതസൌഹാര്‍ദ്ദത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും സമാനമായ പ്രഖ്യാപനങ്ങള്‍ മറ്റൊരു മതനേതാവില്‍നിന്ന് കാണുക സാധ്യമല്ല,  യുദ്ധമുഖത്ത് സ്വീകരിക്കേണ്ട സമീപനമാണ് മേല്‍വാക്കുകളിലൂടെ വരച്ചുകാണിക്കുന്നത് എന്ന്കൂടി പരിഗണിക്കുമ്പോള്‍ പ്രതിപക്ഷബഹുമാനത്തിന്റെ ഉദാത്തമായ രേഖാചിത്രം കൂടിയാണ് ഇത്.

നന്മ തിന്മയുടെ അളവ് കോല്‍

ഒരിക്കല്‍ പ്രവാചകര്‍ നടന്നുപോവുമ്പോള്‍ വഴിയില്‍ ഒരു പറ്റം ആളുകള്‍ ഇരിക്കുന്നുണ്ടായിരുന്നു. പ്രവാചകര്‍ അവരോട് ചോദിച്ചു, നിങ്ങളില്‍ നല്ല ആളുകള്‍ ആരാണെന്നും ചീത്ത ആളുകള്‍ ആരാണെന്നും ഞാന്‍ പറഞ്ഞു തരട്ടെയോ. ആരും ഒന്നും പ്രതികരിച്ചില്ല. പ്രവാചകര്‍ അത് തന്നെ ആവര്‍ത്തിച്ചു. മൂന്നാം തവണയും അങ്ങനെ ചോദിച്ചപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു, അതേ, പ്രവാചകരേ, പറഞ്ഞുതന്നാലും. പ്രവാചകര്‍ പറഞ്ഞു, ജനങ്ങള്‍ ആരില്‍നിന്നാണോ നന്മ പ്രതീക്ഷിക്കുകയും തിന്മയുണ്ടാകില്ലെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നത്, അവരാണ് ഏറ്റവും നല്ലവര്‍. മറിച്ച്, ആരില്‍നിന്നാണോ ഒരിക്കലും നന്മയുണ്ടാകില്ലെന്ന് കരുതുകയും തിന്മയുണ്ടാകുമെന്ന് പേടിക്കുകയും ചെയ്യുന്നത് അവരാണ് ഏറ്റവും മോശമായ ആളുകള്‍.

മാനവികതയുടെ സമുന്നത പാഠങ്ങളാണ് ഈ വരികളില്‍ അനാവൃതമാവുന്നത്. സമസൃഷ്ടികളോടുള്ള സമീപനവും പെരുമാറ്റവുമാണ് നന്മയുടെ മാനദണ്ഡമായി ഇവിടെ സ്വീകരിക്കപ്പെടുന്നത്. സാമൂഹ്യജീവിയായ മനുഷ്യന്റെ കര്‍മ്മനന്മയുടെ മാപിനിയായി വര്‍ത്തിക്കാന്‍ അതോളം പോന്നത് മറ്റൊന്നില്ലെന്ന മാനുഷികസ്നേഹത്തിന്റെ അടിസ്ഥാന തത്വമാണ് പ്രവാചകര്‍ ജീവിതചര്യയും ആരാധനയുമായി ഇതിലൂടെ അവതരിപ്പിക്കുന്നത്.

പരോപകാരം, അതു തന്നെ ആരാധന

മറ്റൊരു വേളയില്‍ പ്രവാചകര്‍ തന്റെ അനുയായികളെ ഉപദേശിച്ചത് ഇങ്ങനെയായിരുന്നു, ജനങ്ങളുടെ കൂട്ടത്തില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളവര്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവനാകുന്നു. തന്റെ സഹോദരന്റെ മനസ്സിന് സന്തോഷം പകരുന്ന വല്ലതും ചെയ്യലോ, അവന്റെ ഏതെങ്കിലും പ്രയാസം അകറ്റലോ, അവന്റെ കടം വീട്ടിക്കൊടുക്കലോ, അവന്റെ വിശപ്പിന് പരിഹാരം കാണലോ ആണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കാര്യം. എന്റെ ഒരു സഹോദരനോടൊപ്പം അവന്റെ ഏതെങ്കിലും ആവശ്യനിര്‍വ്വഹണത്തിനായി കൂടെ നടക്കുന്നതാണ്, ഈ പള്ളിയില്‍ (മദീനയിലെ പ്രവാചകരുടെ പള്ളി) ഒരു മാസം ഇഅ്തികാഫ് (ആരധനാമഗ്നനായി പള്ളിയില്‍ ഇരിക്കല്‍) ഇരിക്കുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്. ആരെങ്കിലും ദേഷ്യം പ്രകടിപ്പിക്കാതെ സ്വയം നിയന്ത്രിച്ചാല്‍ അല്ലാഹു അവന്റെ കുറവുകളെ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കും, ദേഷ്യം പിടിച്ചിട്ടും അത് കടിച്ചിറക്കി പ്രതികാര നടപടികള്‍ ചെയ്യാന്‍ സാധിച്ചിരിക്കെ ക്ഷമിക്കുകയും മാപ്പ് നല്‍കുകയും ചെയ്താല്‍ പരലോകത്ത് അല്ലാഹു അവന് ഏറെ പ്രതീക്ഷകള്‍ നല്‍കും. ആരെങ്കിലും തന്റെ സഹോദരനോടൊപ്പം അവന്റെ ആവശ്യനിര്‍വ്വഹണത്തിനായി നടന്നാല്‍ പരലോകത്ത് പാദങ്ങള്‍ ഇടറുന്ന വേളയില്‍ പതറാത്ത വിധം അല്ലാഹു അവന്റെ പാദങ്ങളെ സ്ഥിരപ്പെടുത്തും.

ജീവിതം മുഴുവന്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ഭൌതികജീവിതം വിജയകരമാക്കേണ്ടവനാണ് വിശ്വാസി എന്ന് പറയുന്നതോടൊപ്പം, സ്വന്തത്തിന് മാത്രം ഉപകാരപ്പെടുന്ന ആരാധനകളേക്കാളേറെ പ്രാമുഖ്യം നല്‍കേണ്ടത് പരോപകാരപ്രവണമായ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന ഏറ്റവും വലിയ മാനവിക സത്യമാണ് പ്രവാചകര്‍ ഇതിലൂടെ തന്റെ അനുയായികളെ പഠിപ്പിക്കുന്നത്. ഇത്തരം ഒരു പ്രഖ്യാപനത്തിന് പ്രേരകമായി വര്‍ത്തിച്ചത്, ലോകാവസാനം വരെയുള്ള തന്റെ അനുയായികളുടെയും ജീവിതവ്രതം പരോപകാരം തന്നെയായിരിക്കട്ടെ എന്ന സദുദ്ധേശ്യമാവാനേ വഴിയുള്ളൂ.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter