ബാബരി വിധി: കോടതി സ്വയം അപഹാസ്യമാവുകയാണ്

അസാധാരണമായ വിധികള്‍ നടപ്പിലാക്കുകയും നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നതിന് മുന്നേ 'ഇത് കോടതിയുടെ മനഃസ്സാക്ഷിയെ ഞെട്ടിച്ചു' എന്ന് ജഡ്ജിമാര്‍ സാധാരണ പറയാറുണ്ട്. നിയമ നിര്‍വഹണം നീതിയുക്തവും പക്ഷപാതരഹിതവും ആവണം എന്നതിനാലാവാം ഇത്തരമൊരു ശൈലി അവര്‍ സ്വീകരിക്കുന്നത്. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ് ലോകമെമ്പാടുമുള്ള കോടതി കെട്ടിടങ്ങളില്‍ 'നീതി ദേവത' കണ്ണുകള്‍ കെട്ടി ത്രാസേന്തി നില്‍ക്കുന്നത്.

യഥാര്‍ത്ഥത്തില്‍, നീതിയുടെ ഭരണഘടനാ പരയമായ അടിസ്ഥാന തത്വം അശരണര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്. അധികാരി വര്‍ഗത്തിന്റെ ദ്രംഷ്ടകളില്‍ നിന്നും അവരെ രക്ഷിക്കുക എന്ന ധര്‍മമാണ് അതിന് ചെയ്യാനുള്ളത്. അത് കൊണ്ട് തന്നെ, മനഃസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകര സംഭവങ്ങളില്‍ അധസ്ഥിത വര്‍ഗത്തോടും പാര്‍ശ്വവല്‍കൃത ജനതയോടും ഒപ്പം നില്‍ക്കേണ്ടവരാണ് കോടതി ജഡ്ജിമാര്‍. ഈ 'വസ്തുനിഷ്ഠയില്‍' അനീതി നടപ്പിലാവുന്ന അവസ്ഥ സംജാതമായാല്‍ ഞെട്ടുന്നത് ദേശത്തിന്റെ മനഃസ്സാക്ഷിയാണ്. കോടതികള്‍ അധികാര ശ്രേണിയില്‍ സന്തുലിത്വം കൊണ്ട് വരും എന്ന പൊതുബോധത്തിന്റെ എന്നന്നേക്കുമുള്ള അന്ത്യത്തിന് അത് തുടക്കം കുറിക്കും.

Deafening jubilation (ആഘോഷത്തിമിര്‍പ്പ്)
ബുധനാഴ്ച, നീണ്ട ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബാബരി ധ്വംസനക്കേസില്‍ വിധിപറയുമ്പോള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ തങ്ങളുടെ തന്നെ സല്‍പേരിന്റെ ശവക്കുഴി തോണ്ടുകയായിരുന്നു. ബി.ജെ.പി യുടെ ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി എന്നിവരടക്കമുള്ള 32 കുറ്റവാളികളെയും ഗൂഢാലോചന നടന്നതിന് തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ പ്രത്യേക കോടതി നിരുപാധികം വെറുതെ വിട്ടു.
വിധിയില്‍ നിരാശരായവര്‍ മൂകമായി അതിനെ എതിരേറ്റു. അതേ സമയം വിജയാഘോഷങ്ങള്‍ കര്‍ണകഠോരമായിരുന്നു. അധികാരത്തിലേക്കുള്ള പാതയില്‍ അവര്‍ കത്തിച്ച, പതിറ്റാണ്ടുകളായി ആയിരങ്ങളുടെ ജീവനെടുത്ത വര്‍ഗീയതയുടെ നീനാളങ്ങള്‍ക്ക് ഔദ്യോഗിക ന്യായീകരണമായാണ് അവര്‍ വിധിയെ കണ്ടത്.
ബുധനാഴ്ചയിലെ കോടതി വിധി സത്യത്തില്‍ ബാബരി തര്‍ക്ക ഭൂമി കേസില്‍ സുപ്രീം കോടതി നവംബറില്‍ പ്രഖ്യാപിച്ച വിധിയുടെ പരിസമാപ്തി മാത്രമാണ്. സി.ബി.ഐ കോടതിയുടെ വിധിയെ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ എതിര്‍ക്കുമ്പോഴും പരമോന്നത നീതി പീഠം പോലും ഇത്തരം വിഷയങ്ങളില്‍ ആശാവഹമായ നിലപാടുകളല്ല സ്വീകരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

(Audacious acquittal ഇത് ലജ്ജാവഹം)
അയോധ്യയില്‍ നൂറ്റാണ്ടുകളായി ഒരു പള്ളിയുണ്ടായിരുന്നു. 1992 ഡിസംബറിന്റെ ഒരു ഞായറാഴ്ച അപരാഹ്നത്തില്‍ ഹാമ്മറുകളും കൈകോട്ടുകളുമേന്തിയ ഒരു പറ്റം സാമൂഹ്യ ദ്രോഹികള്‍ ആ പള്ളി പൊളിക്കുന്നു. തൊട്ടപ്പുറത്ത് പ്രത്യേകം തയാര്‍ ചെയ്യപ്പെട്ട പീഢങ്ങളില്‍ ബി.ജെ.പിയുടെയും വി.എച്ച്.പിയുടെയും നേതാക്കള്‍ ഉപവിഷ്ടരായിരുന്നു. അവര്‍ തങ്ങളുടെ അണികളില്‍ ആവേശം പകരുന്നുണ്ടായിരുന്നു. അവരില്‍ പലരും പള്ളിയുടെ ഭൂമിയില്‍ രാമക്ഷേത്രം പണിയണമെന്ന് ആഹ്വാനം ചെയ്ത് ഘോരഘോരം പ്രസംഗിച്ചവരായിരുന്നു.
ഇന്ത്യയുടെ ബഹുസ്വരതയുടെ ആത്മാവിനേറ്റ കനത്ത പ്രഹരമായിരുന്നു അത്. ലക്ഷക്കണക്കിന് മുസ്്‌ലിംകളെ രണ്ടാം കിട പൗരന്മാരാക്കാനുള്ള യുദ്ധ കാഹളമാണ് അവിടെ മുഴങ്ങിയത്. പതിനായിരങ്ങളുടെ ജീവിനെടുത്ത കലാപങ്ങള്‍ക്ക് ഈ ധ്വംസനം വഴിവെച്ചു. മിത്തുകളും ഭൂരിപക്ഷ ഇരവാദത്തിന്റെ നിര്‍മിത കഥകളും ഈ കുരുതികള്‍ക്ക് ആക്കം കൂട്ടി.
സംഭവം മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു, വീഡിയോകള്‍ പ്രചരിച്ചു. ആ ഭീകര ദിവസത്തെ ചിത്രീകരിക്കുന്ന ഡോക്യുമെന്ററികളിറങ്ങി. അന്വേഷണക്കമീഷന്‍ ഇതിന്റെ പിന്നില്‍ നടന്ന ഗൂഢാലോചനയെ കുറിച്ച വ്യക്തമായ റിപോര്‍ട് സമര്‍പിച്ചു. 28 വര്‍ഷങ്ങള്‍ക്കിപ്പുറം വിധി വരുമ്പോള്‍ ഈ തെളിവുകളൊന്നും കോടതിക്ക് സ്വീകാര്യമല്ലത്രേ. പത്രങ്ങളുടെ ഒറിജിനല്‍ കോപ്പികളില്ലെങ്കില്‍ അവ സ്വീകര്യമല്ലെന്ന് കോടതി പറഞ്ഞു, ഫോട്ടോഗ്രഫര്‍ സാക്ഷ്യപ്പെടുത്തിയിട്ടും നെഗറ്റീവ്‌സ് ഇല്ലായെന്ന കാരണം പറഞ്ഞ് തത്സമയ ചിത്രങ്ങള്‍ തള്ളപ്പെട്ടു. സീല്‍ ചെയ്ത എന്‍വലപ്പില്‍ സമര്‍പിക്കാത്തത് കൊണ്ടും വ്യക്തത ഇല്ലാത്തത് കൊണ്ടും വീഡിയോകള്‍ സ്വീകാര്യമല്ലെന്ന ന്യായീകരണം വന്നു.
തല്പര കക്ഷികളുടെ രാഷ്ട്രീയ അജണ്ടയുടെ മറവില്‍ ഒരു പള്ളി പൊളിക്കപ്പെടുന്നു, പക്ഷേ കോടതിയെ സംബന്ധിച്ചിടത്തോളം രാഷ്ട്ര രക്ഷയെയും രാഷ്ട്ര താലപര്യത്തെയും വെല്ലുവിളിക്കുന്ന യാതൊന്നും കുറ്റാരോപിതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പകരം, ലക്ഷക്കണക്കിന് ആളുകളെ ജയിലില്‍ അടക്കാന്‍ പറ്റില്ലെന്നത് കൊണ്ട് സൗകര്യ പൂര്‍വം ഊരും പേരുമറിയാത്ത സാമൂഹ്യവിരുദ്ധരെ കോടതി കുറ്റക്കാരായി കണ്ടു.
നീതിന്യായ വ്യവസ്ഥയുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ലെജിറ്റിമസിയെ ആണ് ബാബരി ധ്വംസനം ചോദ്യം ചെയ്തതെന്ന് ഓര്‍ക്കാന്‍ പോലും കോടതിക്ക് കഴിഞ്ഞില്ല. അന്ന് യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് പള്ളിയുടെ മുഴുവന്‍ സംരക്ഷണവും സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കുകയും സൗകര്യ പൂര്‍വം പള്ളി പൊളിക്കാന്‍ കൂട്ട് നില്‍ക്കുകയുമായിരുന്നു. ഇന്ന് പക്ഷേ പള്ളി തകര്‍ക്കാന്‍ വന്ന അരാജകവാദികളെ തടയാന്‍ ശ്രമിച്ചവരുടെ കൂട്ടത്തിലാണ് അദ്ദേഹത്തെ കോടതി എണ്ണിയത്.

ഉന്മൂലന രാഷ്ട്രീയത്തെ സാധൂകരിക്കും വിധത്തിലാണ് വിധി വന്നിരിക്കുന്നത്. 1992 ഡിസംബറില്‍ നടന്ന ഇന്ത്യാ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇല്ലായ്മ ചെയ്യാന്‍ നടന്ന കൊണ്ട് പിടിച്ച ശ്രമങ്ങള്‍ക്ക് നിയമസാധുത നല്‍കുകയാണ് ഈ വിധി. സി.ബി.ഐ കോടതി മാത്രമല്ല സുപ്രീം കോടതി കൂടിയാണ് ഇതിന്റെ ഉത്തരവാദി എന്നതാണ് നിരാശാജനകം.

സുപ്രീംകോടതിയും അയോദ്ധ്യയും
ബാബരി ധ്വംസനം ഇന്ത്യന്‍ നിയമ വാഴ്ചയുടെ അക്ഷന്തവ്യമായ ലംഘനം ആയിരുന്നെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു എന്നത് ശരി തന്നെ. കേസിലെ ഗൂഢാലോചനാ കുറ്റങ്ങള്‍ പുനഃസ്ഥാപിക്കുകയും വിചാരണ പൂര്‍ത്തിയാക്കാന്‍ കൃത്യമായ സമയപരിധി നിശ്ചയിച്ചു എന്നതും ഇല്ലായിരുന്നെങ്കില്‍ വിധിയാവാന്‍ ഇനിയും 28 ഉം അതിലപ്പുറം വര്‍ഷങ്ങളെടുക്കാമായിരുന്നെന്നും ശരി തന്നെ.
എന്നാല്‍, ഇതെല്ലാം ചെയ്ത കോടതി തന്നെയാണ് ബാബരിയുടെ ഭൂമി പള്ളി പൊളിച്ചവരടങ്ങുന്ന സംഘത്തിന് തന്നെ വിട്ടു നല്‍കിയത്. റാം ലല്ലയുടെ സ്യൂട്ടില്‍ വന്നവര്‍ പള്ളി പൊളിക്കാന്‍ ആര്‍ത്തിരമ്പി വന്ന സംഘ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. പള്ളി പൊളിഞ്ഞ് വീഴുന്നത് വരെ പ്രതികളില്‍ പലരും വിദ്വേഷ പ്രസംഗങ്ങള്‍ ചെയ്ത് കൊണ്ടേയിരുന്നു എന്നാണ് എ.ജി നൂറാനി തന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയത്. കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധനായ എല്‍.കെ അദ്വാനിയുടെ രഥയാത്ര രക്തക്കളങ്ങള്‍ തീര്‍ത്തു കൊണ്ടാണ് കടന്നു പോയത്.
ഇതിനെല്ലാം പുറമെ, ബെഞ്ചിലെ അഞ്ച് ജഡ്ജിമാരും ഒപ്പു വെച്ച വിധിന്യായം ആരാണ് എഴുതി തയാറാക്കിയതെന്ന് നമുക്കിപ്പഴും അറിയില്ല. സാധാരണ കോടതി വിധികള്‍ ആരാണ് തയാറാക്കിയതെന്ന വിവരങ്ങള്‍ അതില്‍ തന്നെ ഉണ്ടാവാറുണ്ട്. ആരും പിതൃത്വം ഏറ്റെടുക്കാത്ത ഈ വിധി പലവിധത്തിലുമുള്ള വ്യാഖ്യാനങ്ങള്‍ക്കും വക നല്‍കുന്നുണ്ട്. 
ഇനി അഥവാ സി.ബി.ഐ കേസില്‍ അപ്പീലിന് പോവുകയാണെങ്കില്‍ നീതി ഉറപ്പാക്കിക്കൊണ്ട് സ്വയം വരുത്തി വെച്ച നാണക്കേടില്‍ നിന്നും കോടതി 'കുറ്റവിമുക്തമാവേണ്ടതുണ്ട്'. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് എത്ര മാത്രം സാധ്യമാണെന്ന് കണ്ടറിയാം.

കടപ്പാട്:https://scroll.in/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter