ഓണാഘോഷം- പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം
കേരളത്തിന്റെ ദേശീയ ഉല്‍സവമെന്ന് ഗണിക്കപ്പെടുന്ന ഒരു ഓണാഘോഷം കൂടി കടന്നു പോയി. എല്ലാവരും ഒന്നുപോലെയായിരുന്ന, കള്ളവും ചതിയും പൊളിവചനവും എള്ളോളമില്ലാത്ത നല്ല നാളുകളുടെ സ്മരണ ഒരിക്കല്‍ കൂടി പുതുക്കി. (ഇനി അത്തരം നല്ല നാളുകള്‍ വരുമെന്ന് പ്രതീക്ഷയില്ലാത്ത നമുക്ക് ഓര്‍മ്മകളിലെങ്കിലും അത് ഇടക്ക് വരുന്നതും നല്ലത് തന്നെ).
മാനുഷരെല്ലാരും ഒന്നുപോലെയായിരുന്നു എന്നതാണ് മാവേലി നാടുവാണീടും കാലത്തെ ഏറ്റവും വലിയ പ്രത്യേകതയായി ഐതിഹ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, സാധാരണപോലെ ഇത്തവണയും ഓണാഘോഷം നമുക്ക് വിവാദവിഷയം തന്നെ.
ഓണത്തിന്റെ ചരിത്രത്തിലൂടെയാണ് ഇത്തവണ വിവാദത്തിന് തുടക്കം കുറിച്ചത്. മാവേലി എന്നത് മുഹമ്മദലി എന്നതിന്റെ ലോപമാണെന്നും ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ റളിയല്ലാഹു അന്‍ഹു ചൊല്ലേണ്ടിവരുമെന്നും ആ ഉദ്ദേശ്യത്തോടെയാകുമ്പോള്‍ ഓണം ആഘോഷിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ മുസ്‍ലിംകളാണെന്നുമൊക്കെയുള്ള ചില ചരിത്ര വായനകളായിരുന്നു അത്. അതോടെ, സാധാരണപോലെ, സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തു, കണ്ട നീ അവിടെ നില്‍ക്ക്, കേട്ട ഞാന്‍ പറയാം എന്ന തരത്തില്‍ ചര്‍ച്ചകള്‍ കാട് കയറി. വിവാദങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് ചാകരയായി, ചാനല്‍ റേറ്റ് കൂട്ടാനായി തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് ചാകരയായി, തങ്ങളുടെ മഹാബലിയെ തൊപ്പിയിടീക്കാന്‍ ശ്രമിക്കുന്നെന്ന് പറഞ്ഞ് ഓണജിഹാദില്‍ വരെ കാര്യങ്ങളെത്തി.
അതേസമയം, ഓണാഘോഷത്തിന്റെ ഇസ്‍ലാമിക വിഷയവും ചര്‍ച്ചയായി, അനുകൂലവും പ്രതികൂലവുമായ കിതാബീ ഇബാറതുകള്‍ വീണ്ടും വീണ്ടും ഉദ്ധരിക്കപ്പെട്ടു. ഒരേ ഇബാറത് തന്നെ അനുകൂലമാണോ പ്രതികൂലമാണോ എന്നതിലും നടന്നു ഒത്തിരി ചര്‍ച്ചകള്‍. ഓണം കഴിഞ്ഞ് മാവേലിത്തമ്പുരാന്‍ പാതാളത്തില്‍ തിരിച്ചെത്തി ക്വാരന്റൈന്‍ പിരിയഡ് പോലും കഴിഞ്ഞിട്ടും പല ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ ഇനിയും തുടരുകയാണ്.
ഇനിയും ഓണവും സമാനമായ ആഘോഷങ്ങളും വരും, പോകും. സമയാസമയങ്ങളില്‍ അവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കാതിരിക്കില്ല. ഇത്തവണത്തെ ഈ കോലാഹങ്ങളെല്ലാം കെട്ടടങ്ങിയ ഈ സാഹചര്യത്തില്‍ ഭാവിയിലേക്കായി ഒരു കാര്യം പറയട്ടെ, ഏത് ചര്‍ച്ചകളിലും നാം ഒരു കാര്യം ഓര്‍ക്കേണ്ടിയിരിക്കുന്നു, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ-ബഹുസ്വര രാജ്യമായ ഇന്ത്യയില്‍ ആ മൂല്യങ്ങളിലെല്ലാം വിശ്വസിച്ച് അതിലേറെ അഭിമാനം കൊണ്ട് ജീവിക്കുന്ന ന്യൂനപക്ഷമാണ് നാം. നമ്മുടെ ചുറ്റുമുള്ളവരില്‍ അഞ്ചില്‍ നാല് പേരും ഇതരമതസ്ഥരാണ്, അവരൊക്കെ ഇന്ത്യക്കാരെന്ന നിലയില്‍ നമ്മുടെ സഹോദരീസഹോദരന്മാരാണ്. അവര്‍ക്കെല്ലാം കാണിച്ചുകൊടുക്കേണ്ടത് ഇസ്‍ലാമിന്റെ ഏറ്റവും സുന്ദരമായ മുഖമാണ്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഉണ്ണുന്നവന്‍ വിശ്വാസിയല്ലെന്ന പ്രവാചക വചനം നാഴികക്ക് നാല്‍പത് വട്ട സ്റ്റേജിലും പേജിലും ആവേശത്തോടെ ഉദ്ധരിക്കുന്നവരാണ് നാം. ബഹുസ്വരതയുടെ പ്രതീകങ്ങളായി മമ്പുറം തങ്ങള്‍- കോന്തുനായര്‍, കുഞ്ഞായീന്‍ മുസ്‍ലിയാര്‍-മങ്ങാട്ടച്ചന്‍, ആലി മുസ്‍ലിയാര്‍-നാരായണമേനോന്‍ ഇങ്ങനെ ഒത്തിരിയൊത്തിരി ജോഡികളെ ചരിത്രത്തില്‍ നിന്ന് നാം അവതരിപ്പിക്കാറുമുണ്ട്.
ഈ പറയുന്നത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍, നമ്മുടെ ജീവിതത്തിലും ഇതരമതസ്ഥരോടുള്ള പെരുമാറ്റത്തില്‍ ആ സഹവര്‍ത്തിത്വവും സ്നേഹവും അല്‍പമെങ്കിലും പ്രകടമാവേണ്ടതല്ലേ. അവരുടെ ആഘോഷങ്ങളില്‍ കേവലം ഒരു ആശംസ അര്‍പ്പിക്കാന്‍ പാടില്ലെന്ന് പറയുമ്പോള്‍, ഇതരരുടെ കണ്ണുകളില്‍ ഏറ്റവും സങ്കുചിതമായിത്തീരുന്നത് വിശുദ്ധ ഇസ്‍ലാം ആണ്, യഥാര്‍ത്ഥത്തില്‍ അത് ഇതരരുടെ ആരാധനാകര്‍മ്മങ്ങള്‍ക്ക് പോലും സ്വന്തം ആരാധനാലയത്തില്‍ സൌകര്യം ഒരുക്കിക്കൊടുക്കാന്‍ മാത്രം വിശാലമാണ് താനും.
ചുരുക്കത്തില്‍, ലോകജനതക്ക് മുഴുവന്‍ പ്രകാശവും മാര്‍ഗ്ഗദീപവുമാവേണ്ട വിശുദ്ധ ഇസ്‍ലാമിനെ
നാമായിട്ട് പരിമിതപ്പെടുത്താതിരിക്കുക, അതിന്റെ വിശാലമനസ്കതയും അകത്തള വ്യാപ്തിയും മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ നമുക്കാവുന്നത് ചെയ്യുക, അതിനായില്ലെങ്കില്‍ അത് സങ്കുചിതമാണെന്ന തെറ്റിദ്ധാരണ പരത്താതിരിക്കാനെങ്കിലും ശ്രദ്ധിക്കുക.
Leave A Comment