ബൈത്തുല്‍ ഹിക്മയും മറ്റു മുസ്ലിം ജ്ഞാന ഭവനങ്ങളും

ഇസ്‌ലാമും വിജ്ഞാനവും തമ്മില്‍ തീര്‍ത്താല്‍ തീരാത്ത ബന്ധമുണ്ട്. 'നിന്നെ സൃഷ്ടിച്ച ദൈവ നാമത്തില്‍ നീ വായിക്കുക', എന്ന അദ്ധ്യാത്മിക വചനത്തോടെയാണല്ലോ ഇസ്‌ലാമിക വേദമായ ഖുര്‍ആൻ പോലും ആരംഭിക്കുന്നത്. വായനയാണ് ജ്ഞാനത്തിന്റെ പടിവാതില്‍ എന്നിരിക്കെ  ലൈബ്രറികളുമായി ജ്ഞാന സ്വാംശീകരണത്തിനുള്ള ബന്ധം പറയേണ്ടതില്ലല്ലോ.

ഏതൊരു സമുദായത്തിനും സയൻറ്റിഫിക്കായും മെഡിസിന്‍, തിയോളജി, ആന്ത്രോപോളജി തുടങ്ങീ മറ്റിതര വിജ്ഞാനീയങ്ങളിലുമുള്ള ഉയര്‍ച്ചക്ക് ലൈബ്രറികള്‍ നല്‍കിയ സ്വാധീനം ശ്ലാഖനീയമാണ്.

മുസ്ലിം നവോത്ഥാന വിപ്ലവങ്ങള്‍ക്ക് ലൈബ്രറികളുമായി തീര്‍ത്താല്‍ തീരാത്ത കടപ്പാടുകളുണ്ട്. ഇസ്‌ലാമിക ഗ്രന്ഥ ശാലകളെ ചികഞ്ഞന്വേഷിക്കുമ്പോള്‍ ഇതെല്ലാം ബാഗ്ദാദിലെ ഹൗസ് ഓഫ് വിസ്ഡത്തിന്റെ പകര്‍പ്പുകളാണെന്ന് കാണാം. ജ്ഞാന കുതുകികളായ ഒരു ജനതയുടെ ദാഹം തീര്‍ക്കാൻ മാത്രം ഉദാത്തമായിരുന്നത്രേ ആ ‘വിജ്ഞാന ഭവനം’.

ബൈതുല്‍ ഹിക്മക്കൊരു അടിവര

ബൈതുല്‍ ഹിക്മ ജ്ഞാനാന്വേഷികളുടെ ആശാ കേന്ദ്രവും വൈജ്ഞാനിക പ്രസരണങ്ങളുടെ ഉത്ഭവ സ്ഥാനവുമായാണ് ഗണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അക്കാലത്ത് ജീവിച്ചവര്‍ ജ്ഞാന ഭവനത്തെ 'വിജ്ഞാനത്തിന്റെ ഖജനാവ്' എന്നര്‍ത്ഥം വരുന്ന 'ഖസാനതുല്‍ ഹിക്മ' എന്നും വിശേഷിപ്പിച്ചിരുന്നു. 

ഇസ്ലാമിൻറ ന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ഈ 'വിജ്ഞാന ഭവന'ത്തിന്റെ ശിലാസ്ഥാപനം നടത്തിയത് ആരെന്ന വഷയത്തില്‍ വിവിധാഭിപ്രായങ്ങളുണ്ട്.

അബ്ബാസീ ഭരണ കൂടത്തിലെ രണ്ടാം ഖലീഫ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂർ(136-158) ആണ് ഇതിന്റെ സ്ഥാപകന്‍ എന്നതാണ് ആദ്യത്തേത്.  

മുസ്ലിം ജനതയെ ശാസത്രം പഠിപ്പിക്കാനും, ഗ്രീക്ക്, പേര്‍ഷ്യന്‍, ഇന്ത്യന്‍ ഭാഷാ പുസ്തകങ്ങളെ വിവര്‍ത്തനം ചെയ്യാനും അതിയായി പ്രേരിപ്പിച്ചതും അവര്‍ക്ക്  അതിലേക്കുള്ള സാഹചര്യങ്ങള്‍ ഒരുക്കിയതും മന്‍സൂറായിരുന്നു. അദ്ധേഹം പുസ്തക ശേഖരണാര്‍ത്ഥം തന്റെ എല്ലാ പുസ്തകങ്ങളും ഒരു മുറിയില്‍ ഒരുമിച്ച് കൂട്ടിയത്രേ. ഇതായിരുന്നു ബൈതുല്‍ ഹിക്മയുടെ മൂലധാതു. 

രണ്ടാം അഭിപ്രായ പ്രകാരം ബൈതുല്‍ ഹിക്മ സ്ഥാപിച്ചത് ഹാറൂന്‍ അല്‍ റഷീദാണ് (149-193) എന്ന് കാണാം. 

അല്‍ റഷീദ് 'അങ്കാറ' കീഴടക്കിയ സമയത്ത് അദ്ധേഹത്തിന് അവിടെ നിന്ന് ലഭിച്ച മൂല്യവത്തായ നിരവധി പുസ്തകങ്ങളെ തന്റെ  പേര്‍ഷ്യന്‍ വസീറായ ഇബ്ന്‍ അല്‍ നദീമിന്റെ പിന്തുണയോടെ അദ്ധേഹം അബ്ബാസീ തലസ്ഥാനമായ ബഗ്ദാദിലെത്തിച്ചു.  ഇതാണ് ബൈതുല്‍ ഹിക്മയുടെ തുടക്കമായി ചിലര്‍ കണക്കാക്കുന്നത്. മുഅ്ജമുല്‍ ബുല്‍ദാനെന്ന കിതാബിന്റെ

 രചയിതാവായ യാഖൂതുല്‍ ഹമവിയുടെ അഭിപ്രായ പ്രകാരം ജ്ഞാന ഭവനം സ്ഥാപിക്കപ്പെട്ടത് ഹാറൂന്‍ അല്‍ റഷീദിന്റെ കാലത്താണ്. 

ഇവയില്‍ മൂന്നാം അഭിപ്രായ പ്രകാരം ബൈതുല്‍ ഹിക്മ സ്ഥാപിക്കപ്പെട്ടത് അബൂ ജഅ്ഫര്‍ അബ്ദുള്ള അല്‍ മഅ്മൂനിന്റെ കാലത്താണ്. അബൂ ജഅ്ഫര്‍ അല്‍ മന്‍സൂറും, ഹാറൂന്‍ റഷീദും പുസ്തക ശേഖരണം തുടങ്ങിയിരുന്നുവെങ്കിലും അവയെല്ലാം ഒരുമിച്ച് കൂട്ടി അവക്കൊപ്പം അമൂല്യമായ മറ്റനവധി ഗ്രന്ഥങ്ങളും ചേര്‍ത്ത് ഒരു അക്കാദമിക് തലത്തിലുള്ള അത്യാധുനിക ലൈബ്രറിയായി അവയെ പരിവര്‍ത്തിപ്പിച്ചത് മഅ്മൂനായിരുന്നു.

ഓറിയൻറ്റലിസ്റ്റുകളായ ഡീ ലാസി ഓലെയറി(de lazy o'leary), മാക്‌സ് മെയര്‍ഹോഫ്(max meyarhof), വില്ല്യം ജെയിംസ്(william james) എന്നിവരുടേയും, അമേരിക്കന്‍ രാഷ്ട്രീയ ചിന്തകനും, എഴുത്തുകാരനും, നയതന്ത്രജ്ഞനുമായ ഹാമില്‍ട്ടണ്‍ മോര്‍ഗന്റേയും അഭിപ്രായ പ്രകാരം ബൈതുല്‍ ഹിക്മ സ്ഥാപിച്ചത് അല്‍ മഅ്മൂനിൻറ്റെ കാലത്താണ്. 

അമീര്‍ മഅ്മൂനിന്റെ ശേഖരണത്തില്‍ പുസ്തകങ്ങളും, വിവര്‍ത്തനങ്ങളും, ഭൂപടങ്ങളും അധികരിച്ചതോടെ അതൊരു വലിയ ശേഖരമായി മാറി.'വിജ്ഞാന ഭവന'മെന്നര്‍ത്ഥമുള്ള ബൈതുല്‍ ഹിക്മ എന്നതിനു പുറമേ മറ്റനേകം പേരുകളും അതിന് വന്നു ചേര്‍ന്നു. ദാറുല്‍ ഹിക്മ, ഖസാനതുല്‍ ഹിക്മ, ജ്ഞാനത്തിന്റെ അലമാര(closet of wisdome) എന്നിവയെല്ലാം അവയില്‍ പ്രധാനപ്പെട്ടതാണ്. 

വിജ്ഞാന ഭവനത്തിന്റെ സ്ഥാപകനിലുള്ളത് പോലെ തന്നെ ഈ വിജ്ഞാന ഗേഹം എവിടെ സ്ഥാപിച്ചു എന്നതിലും ചരിത്രകാരന്‍മാര്‍ക്കിടയിൽ അഭിപ്രായ വിത്യാസങ്ങളുണ്ട്. അത് കൊട്ടാരത്തിനുള്ളില്‍ തന്നെയുള്ള ഒരു വീടായിരുന്നു എന്ന് പറയുന്നവരും, അല്ല കൊട്ടാരത്തോട് ചേര്‍ന്ന് സ്ഥാപിക്കപ്പെട്ട വലിയ ഒരു മുറിയായിരുന്നു എന്ന് പറയുന്നവരേയും കാണാം. 

എന്തൊക്കെയായാലും പിന്നീടത് ഒരുപാട് ഹാളുകളും, ട്രാന്‍സലേഷൻ, രചന, ശാസ്ത്ര പരീക്ഷണം, വായന തുടങ്ങിയവക്കായി വ്യത്യസ്ത ഭാഗങ്ങളടങ്ങുന്ന വലിയ ഒരു കെട്ടിടം തന്നെയായി മാറി.  എത്രത്തോളം എന്ന് വെച്ചാല്‍ പിന്നീടത് 'അല്‍ റസാഫ'എന്ന പട്ടണത്തിലേക്ക് മാറ്റി പണിയേണ്ടി വന്നു. ബഗ്ദാദിന്റെ സ്ഥാപനം നടത്തിയ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ തന്നെയാണ് അല്‍ റസാഫയും പണികഴിപ്പിച്ചത്. 'വിജ്ഞാന ഭവന'സംബന്ധിയായി പറയുമ്പോള്‍ അത് ധാരാളം മുറികളും ഹാളുകളും അടങ്ങുന്ന ഇരുനില കെട്ടിടമായിരുന്നു. അതിനു നടുവിലായി ഒരു നടുമുറ്റവും ഉണ്ടായിരുന്നുവത്രേ. 

ഹൗസ് ഓഫ് വിസ്ഡത്തിന്റെ ഒന്നാം നിലിയില്‍ വെച്ചായിരുന്നു രചനകളും, വിവര്‍ത്തനങ്ങളും, ബൈൻറ്റിങ്ങുകളും, മറ്റു വായനകളും, ശാസ്ത്ര സാഹിത്യ പഠനങ്ങളും, പരീക്ഷണങ്ങളും നടന്നിരുന്നത്. അതിന്റെ രണ്ടാം നില അവിടെ താമസിച്ച് രചനയും, വിവര്‍ത്തനവും നടത്തുന്നവര്‍ക്കും, മറ്റു പഠിതാക്കള്‍ക്കും, ലൈബ്രറീ ജോലിക്കാര്‍ക്കും പാര്‍ക്കാനുള്ള പാര്‍പ്പിടമായിരുന്നു എന്ന് കാണാം. വിജ്ഞാന ഭവനാധികൃതര്‍ (ഉദ്യോസ്ഥര്‍) സ്വാഹിബ് ബൈതുല്‍ ഹിക്മ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഇനി ബൈതുല്‍ ഹിക്മയുടെ വാസ്തു ശില്‍പ വിദ്യ വിലയിരുത്തേണ്ടത് ഒരു ആവിശ്യ ഘടകമാണ്. മഹ്മൂദ് അഹ്മദ് ദര്‍വീഷ് എന്ന വ്യക്തിയാണ് അല്‍ മന്‍സൂറിൻറ്റെ സ്വര്‍ണ്ണ കൊട്ടാരത്തിന്റെ മാതൃകയില്‍ ബൈതുല്‍ ഹിക്മക്ക് ആര്‍കിടെക്ചര്‍ പ്ലാന്‍ നടത്തുന്നത്.

ഘടനാ രീതികള്‍

നാം 'വിജ്ഞാന ഭവന'ത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് പറഞ്ഞുവല്ലോ. യഥാര്‍ത്ഥത്തിൽ സങ്കല്‍പിക്കാൻ കഴിയുന്നതിലും ഏറെ വ്യവസ്ഥാപിതമായിരുന്നു അവിടത്തെ സംവിധാനങ്ങളും ഘടനകളും. ഒരുപക്ഷേ, ആധുനിക സംവിധാനങ്ങളോട് കിടപിടിക്കുന്ന രീതിയിലുള്ളതാണ് ബൈതുല്‍ ഹിക്മയുടെ ഘടനാ രീതികള്‍. പ്രധാനമായും 5 വിഭാഗമായാണ് ബൈതുല്‍ ഹിക്മ തരം തിരിച്ചിരിക്കുന്നത്. 

1. depositing of books(ابداء)

പുസ്തകങ്ങളെ വിജ്ഞാന ഭവനത്തിലേക്ക് സമര്‍പ്പിക്കുന്ന ഒരു സമ്പ്രദായത്തെയാണ് ഇതു കൊണ്ടര്‍ത്ഥമാക്കുന്നത്. സ്വാഭാവികമായും സ്വരചനകള്‍ക്കും, രചയിതാക്കള്‍ക്കും വിവര്‍ത്തനങ്ങളേക്കാളും, വിവര്‍ത്തകരേക്കാളും സ്ഥാനമുണ്ടായിരുന്നു. 

2 book lending (الأعارة)

വിജ്ഞാന ഭവനത്തിലെ പ്രത്യേകമായ വായനാ മുറിയിലിരുന്ന് വായിക്കാന്‍ കഴിയാത്തവര്‍ക്ക് പുസ്തകങ്ങള്‍ വേണമെങ്കില്‍ വായ്‌പ്പെക്കെടുക്കാമായിരുന്നു. ഒരു കേടുപാടും വരുത്താതെ തിരിച്ചേല്‍പിക്കണം എന്ന നിബന്ധനയല്ലാതെ മറ്റൊരു മുതല്‍ മുടക്കും അതിനുണ്ടായിരുന്നില്ല. ഇനി കേടു പറ്റിയാല്‍ ആ പുസ്തകത്തിന്റെ തുക നിര്‍ബന്ധമായും നല്‍കേണ്ടിവരും.

3.copying and binding(النسخ)

രചനയും വിവര്‍ത്തനവും പൂര്‍ത്തിയായ പുസ്തകങ്ങള്‍ ബൈൻറ്റ് ചെയ്യാനും അതിന് മറ്റു പകര്‍പ്പുകൾ തയ്യാറാക്കാനുമുള്ള പ്രത്യേക വിഭാഗമായിരുന്നു ഇത്. പഴയ കൃതികള്‍ പകര്‍ത്തി എഴുതാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഇലാനു സ്സഊബി(علان السعوبي ),ഇബ്‌നു അബൂ ഹുറൈഷ്(ابن ابو خريش)സലമത്ത് ബ്‌നു ആസിം(سلامة بن عاصم), അബൂ നസ്വര്‍(أبو نصر)എന്നിവരായിരുന്നു.

4 Maps and manuscricpt(  الصوران والخراءط)

ബൈതുല്‍ ഹിക്മയില്‍ ധാരാളം ജിയോഗ്രാഫിക് ഭൂപടങ്ങളുണ്ടായിരുന്നു. 'അല്‍ സുവറുല്‍ മഅ്മൂനിയ'എന്ന പേരില്‍ അക്കാലത്ത് അറിയപ്പെട്ട ഭൂപടം,വിജ്ഞാന ഭവനത്തില്‍ ഉണ്ടായിരുന്നതായി മസ്ഊദി അഭിപ്രയപ്പെട്ടിട്ടുണ്ട്. നക്ഷത്രങ്ങളേയും, പ്ലാനറ്റുകളേയും, ഭൂമിയേയും, കടലിടുക്കുകളേയും, പ്രധാന പട്ടണങ്ങളേയും, രാജ്യങ്ങളേയും പറയുന്ന ഈ ഭൂപടം മഅ്മൂനിന്റെ കാലത്ത് പണ്ഡിതര്‍ ഒന്നിച്ചിരുന്ന് ഉണ്ടാക്കിയതായിരുന്നുവത്രേ.

 

5. Transulation and authoring(تقسيم الترجمة و التأليف) 

വിജ്ഞാന ഭവനത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും എന്നാല്‍ വളരെയധികം ഉപകാരപ്രദവുമായ ഒരു വിഭാഗമായിരുന്നു ഇത്. 

പ്രധാനമായും ഗ്രീക്ക്, ഇന്ത്യന്‍, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്നായിരുന്നു വിവര്‍ത്തനം നടന്നിരുത്. വിവര്‍ത്തനം എന്ന ഈ മേഖലക്ക് പിന്നിലും ധാരാളം ഉപവിഭാഗങ്ങളുണ്ടായിരുന്നു. ഈ ഉപവിഭാഗങ്ങളുടെ ചുമതല അക്കാലത്തെ പ്രധാന പണ്ഡിതര്‍ക്കാണ് ഏല്‍പിക്കപ്പെട്ടിരുന്നത്. 

ഉദാഹരണത്തിന് ഗണിതം, എന്‍ജിനീയറിങ് വിഭാഗം മേലുദ്യേഗസ്ഥനായി നിയമിക്കപ്പെട്ടിരുന്നത് അബൂ ജഅ്ഫര്‍ ഇബ്‌നു മൂസാ ബ്‌നു ഷാക്കിര്‍ (183-258 AH) എന്നവരും അദ്ധേഹത്തിന്റെ സഹോദരനുമായിരുന്നു. 

അതുപോലെ ഫിലോസഫി വിഭാഗത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത് യഅ്ഖൂബ് അല്‍ കിന്ദിയും (184-259 AH), ഇബ്‌നു ഫര്‍ക്കാന്‍ അല്‍ ത്വബരിയും (145-200 AH) ആയിരുന്നു. ജീവ ശാസ്ത്രം, വൈദ്യ ശാസ്ത്രം എന്ന മേഖല ഇബ്‌നു ഇസ്ഹാക്ക് അല്‍ ഹറാനി എവര്‍ക്കായിരുന്നു. 

അക്കാലത്ത് ബൈതുല്‍ ഹിക്മയില്‍ ഉണ്ടായിരുന്ന പ്രധാന വിവര്‍ത്തകര്‍ ഹുസൈനുബ്‌നുല്‍ ഇസ്ഹാഖ് (حسين بن الأسحاق), ഉമറു ബ്‌നു ഫര്‍ഹാന്‍(عمر بن فرحان ), അബ്ദുള്ള ബിന്‍ മുഖഫ്ഫഅ്(عبد الله بن مقفع), അല്‍ കിന്ദീ, അല്‍ ഖവാരിസ്മി എിവര്‍ക്കായിരുന്നു. 

മാതൃകാ ഭവനങ്ങള്‍ 

പ്രധാനമായും ഹൗസ് ഓഫ് വിസ്ഡത്തിന് പടിഞ്ഞാറിനേയും, കിഴക്കിനേയും ബന്ധിപ്പിക്കുന്നതില്‍ ഉദാത്തമായ ഒരു പങ്കുണ്ടായിരുന്നു. 

അക്കാലത്തു തന്നെ ധാരാളം ലൈബ്രറികള്‍ ബഗ്ദാദിലെ വിജ്ഞാന ഭവനത്തിന്റെ മാതൃകയില്‍ സ്ഥാപിക്കപ്പെട്ടിരുന്നു.

അവയില്‍ ചിലത് താഴെ ചേര്‍ക്കുന്നു. 

1. അഖ്‌ലിബിയന്‍ ഹൗസ് ഓഫ് വിസ്ഡം ( Aghlabias house of wisdome)

ഇതിന്റെ സ്ഥാപകന്‍ അമീര്‍ ഇബ്‌റാഹീം ഇബ്‌നു മുഹമ്മദ് അല്‍ അഖ്‌ലബീ എന്നിവരാണ്. ഇദ്ദേഹം ഒരു വിജ്ഞാന ദാഹിയായിരുന്നു. ഒരു സമൂഹത്തിന്റെ വളര്‍ച്ചക്ക് ലൈബ്രറികള്‍എത്ര മാത്രം മുതല്‍ കൂട്ടാകുന്നു എന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെ അദ്ധേഹം ബഗ്ദാദിലെ ബൈതുല്‍ ഹിക്മയുടെ അതേ മാതൃകയിലാണ് റക്കാദയിലും(raqqada) ലൈബ്രറി പണികഴിപ്പിച്ചത്. 

2. അന്തുലൂസിയന്‍ ഹൗസ് ഓഫ് വിസ്ഡം(andhlusian house of wisdome)

സ്‌പെയ്‌നിലെ  ഈ ലൈബ്രറി പണികഴിപ്പിച്ചത് അബ്ബാസികള്‍ ബഗ്ദാദ് കേന്ദ്രമാക്കി ഭരണം നടത്തികൊണ്ടിരിക്കുമ്പോള്‍ തന്നെ അവിടെ രണ്ടാം അമവീ ഭരണം നടത്തിക്കൊണ്ടിരുന്ന അല്‍ഹക്കം അല്‍ മുസ്തന്‍സിര്‍ (302-366) ആയിരുന്നു. ഇദ്ധേഹം അമവികളിലെ മഹാ പണ്ഡിതനായിട്ടാണ് അറിയപ്പെട്ടിരുന്നത് (master and scholer) കോര്‍ദോവ എന്ന ഉന്നത നഗരത്തിന്റെ വളര്‍ച്ചക്ക് പിന്നില്‍ ഈ ലൈബ്രറിക്ക ഉദാത്തമായ സ്വധീനം തന്നെയുണ്ടായിരുന്നു.

  3. കൈറോസ് ഹൗസ് ഓഫ് വിസ്ഡം(cairose house of wisdome)

കൈറോയിലെ ദാറുല്‍ ഹിക്മയുടെ സ്ഥാപനം ഫാത്തിമീ ഖലീഫയായ അല്‍ അനീസ് ബില്ല (366-386) യുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അദ്ധേഹം ഒരു പുസ്തക പ്രേമി ആയിരുന്നു എന്നു കാണാം. ബഗ്ദാദിലെ വിജ്ഞാന ഭവനത്തിലിറങ്ങുന്ന വിവര്‍ത്തനമാവട്ടെ, രചനകളാകട്ടെ എല്ലാ പുസ്തകങ്ങളുടേയും ഒരു കോപ്പി ഇദ്ധേഹം കൈപറ്റുമായിരുന്നു എന്ന് ചരിത്രങ്ങളിലുണ്ട്. കൈറോയിലെ വിജ്ഞാന ഭവനത്തിന്റെ യഥാര്‍ത്ഥ സ്ഥാപകന്‍ അല്‍ ഹാകിം ബി അംറില്ലാ(336-411) ആയിരുന്നു. ഇദ്ധേഹം ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള ശാസ്ത്രവും, ചിത്രകലയും അടക്കമുള്ള എല്ലാ ഫന്നിലേയും പണ്ഡിതന്‍മാരെ ഒരുമിച്ച് കൂട്ടി അവരുടെ രചനകള്‍ക്കും ഗവേഷണങ്ങള്‍ക്കും ആവിശ്യമായ മുഴുവന്‍ സൗകര്യങ്ങളേയും ലൈബ്രറിയില്‍ ഏര്‍പ്പാടാക്കി കൊടുത്തു എന്ന് കാണാം. 

ഇത്തരത്തില്‍ അക്കാലത്തുണ്ടായിരുന്ന മുഴുവന്‍ മുസ്ലിം പള്ളികളിലും ഓരോ ലൈബ്രറി വീതമുണ്ടായിരുന്നു. ഇതെല്ലാം മുസ്ലിം ജ്ഞാന ത്വരയെ നമ്മോട് വിളിച്ചു പറയുന്നു. ഏതൊരു ലൈബ്രറിയും സ്ഥാപിക്കപ്പെടുമ്പോള്‍ സ്ഥാപകര്‍ ബഗ്ദാദിലെ വിജ്ഞാന ഭവനത്തോട് കിടപിടിക്കാന്‍ മത്സരിച്ച് കൊണ്ടിരുന്നു. 

അതുപോലെ തന്നെ ഒരുപാട് സ്വകാര്യ ലൈബ്രറികള്‍ ഇതേ മാതൃകയില്‍ ബുഖാറയിലും മര്‍ വിലും മധ്യേഷ്യയുടെ ചൈന മുതല്‍ ബര്‍സ വരേക്കുള്ള ഭാഗങ്ങളിലും ഡമസ്‌കസ്, അല്‍ജീരിയ, കൈറോ മുതലായ പ്രവിശ്യകളിലും നിര്‍മിക്കപ്പെട്ടു. പ്രശസ്ത ഭൂമി ശാസ്ത്ര പണ്ഡിതന്‍ യാക്കൂത്ത് അല്‍ ഹമവി 1220 കളില്‍ മര്‍വ് സന്ദര്‍ശിച്ച ശേഷം വളരെയധികം ലിബറലായി ഒരേ സമയത്ത് 200 പുസ്തകം വരെ ഒരാള്‍ക്ക് വായ്പ കൊടുത്ത് വായിക്കാന്‍ മാത്രം സൗകര്യ പ്രദമായ 12 ഓളം ലൈബ്രറികളില്‍ പത്തെണ്ണവും വായനക്കാര്‍ക്ക് വഖ്ഫ് ചെയ്ത നിലയില്‍ മര്‍വില്‍ ഞാന്‍ കണ്ടു എന്ന് പറയുകയുണ്ടായി. 

നിസാമിയ്യ യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറിയടക്കം അതിന്റെ സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് മുതലായവയില്‍ വിജ്ഞാന ഭവനത്തിന്റെ പ്രതിഫലനമുണ്ടായിരുന്നു. അതെ, വിജ്ഞാന ഭവനത്തിന്റെ മാതൃകാ ഭവനങ്ങള്‍ ഇനിയും ചരിത്രത്തിന്റെ തങ്കത്താളുകളിലെങ്ങോ മറഞ്ഞു കിടക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

മഅ്മൂനെന്ന പിതാവും ഹിക്മയുടെ സന്തതികളും

മഹാനും ജ്ഞാനിയുമായിരുന്ന അബ്ബാസീ ഖലീഫ അബൂ ജഅ്ഫര്‍ അബ്ദുള്ള അല്‍ മഅ്മൂന്‍ ഹിജ്‌റ വര്‍ഷം 164 ല്‍ (ക്രി.786) ജനിച്ച് 47-ാം വയസ്സില്‍ മരണമടഞ്ഞു. 

പിതാവ് ഹാറൂന്‍ റഷീദിനേക്കാള്‍ കേമനായ മകനായിരുന്നുവെങ്കിലും, സഹോദരന്‍ അമീര്‍ അമീനെ യുദ്ധം ചെയ്ത് തോല്‍പിച്ചാണ് അധികാരമേല്‍ക്കുന്നത്. നിരവധി വിജ്ഞാന നവോത്ഥാനങ്ങള്‍ക്ക് ജന്മം നല്‍കിയ ഉത്തരാഫ്രിക്കയില്‍ നിന്ന് അറേബ്യയും പേര്‍ഷ്യയും, അഫ്ഗാനിസ്ഥാനും, വടക്കേ ഇന്ത്യയും  അധീനതയിലുള്ള ഭരണാധികാരിയായ അദ്ധേഹം മുഅ്തസ്‌ലീ വിഭാഗക്കാരനായിരുന്നു. 

ഖലീഫ മഅ്മൂന്‍ ബഗ്ദാദിന്റെ ഉയര്‍ച്ചക്ക് പ്രധാനമായ കാരണം വിജ്ഞാന ഭവനം പണിയുന്നതിനു പിന്നില്‍ അരിസ്റ്റോട്ടിലെന്ന ഗ്രീക്ക് ചിന്തകനെ സ്വപ്‌നം കണ്ടിരുന്നു എന്ന് മൈക്കിള്‍ ഹാമില്‍ട്ടന്‍ മോര്‍ഗന്‍ തന്റെ ലോസ്റ്റ് ഹിസ്റ്ററി എന്ന ഗ്രന്ഥത്തില്‍ പറയുന്നതായി കാണാം. 

ചുരുക്കത്തില്‍ മുസ്ലിം നവോത്ഥാനങ്ങളുടേയും, സുവര്‍ണ്ണ കാലഘട്ടത്തിന്റെയും പിതാവാണ് അല്‍ മഅ്മൂന്‍ എന്ന് സാരം. അല്‍ മഅ്മൂന്‍ പണി കഴിപ്പിച്ച വിജ്ഞാന ഭവനമാണ് മുസ്ലിം ലോകത്തിന് ഒരുപാട് ഉന്നത പ്രതിഭകളെ സംഭാവന ചെയ്തത്. അങ്ങനെ അവരില്‍ പലരും പല നവോത്ഥാനങ്ങളുടെ ശില്‍പികളായി മാറി. 

അക്കൂട്ടത്തില്‍ ബീജഗണിതത്തിന്റെ പിതാവായ മുഹമ്മദ് അല്‍ ഖവാരിസ്മിയും, ഗണിതജ്ഞരും ജോതിശാസ്ത്രജ്ഞരുമായ ബനൂ മൂസ സഹോദരന്‍മാരും, നെസ്‌റ്റോറിയന്‍ ചികിത്സകനായ ഹുറയ്ന്‍ ഇബ്‌നു ഇസ്ഹാഖും, എക്കാലത്തും ഏറ്റവും വലിയ അറബ് തത്വ ചിന്തകന്‍മാരില്‍ ഒരാളായ അല്‍ കിന്ദിയും, അറബീ സാഹിത്യകാരനായ ജാഹിളും ഉള്‍പ്പെടുന്നു. ഇനിയും എത്രയോ പണ്ഡിത സൂരികളുടെ പെറ്റമ്മയും പോറ്റമ്മയുമാണീ ലൈബ്രറി. 

തകര്‍ച്ചക്കൊരു താഴ്‌വര

മുസ്ലിം സുവര്‍ണ്ണ കാലഘട്ടത്തിന്റെയും, നവോത്ഥാന നായകന്മാരുടേയും അമ്മയായ ബൈതുല്‍ ഹിക്മ തകര്‍ക്കപ്പെട്ടു എന്നത് മുസ്ലിം ചരിത്രത്തിന്റെ തന്നെ തീരാനഷ്ടങ്ങളിലൊന്നാണ്. 

ഹിജ്‌റ 656 ല്‍ (ക്രി.1258) മുഅ്തസിം ബില്ലയുടെ കാലത്ത് ചെങ്കിസ്ഖാന്റെയും, മകന്‍ ഉലാകു ഖാന്റേയും കീഴിലുള്ള മംഗോളിയന്‍ സൈന്യം ബഗ്ദാദ് തകര്‍ത്ത കാലത്ത് തെന്നയായിരുന്നു വിജ്ഞാന ഭവനത്തിന്റെയും പതനം. 

ഉലാക്കു ഖാന്റെ നേതൃത്വത്തില്‍ ബൈതുല്‍ ഹിക്മക്ക് തീവെക്കപ്പെട്ടു. അവിടെയുണ്ടായിരുന്ന മുഴുവന്‍ ഗ്രന്ഥങ്ങളും, ഭൂപടങ്ങളും കരിക്കപ്പെട്ടു.  ടൈഗ്രീസ് നദി പോലും നിറം മാറി ചാര നിറത്തില്‍ ഒഴുകിയെന്നത് ആ നശീകരണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.

പിന്നീടുണ്ടായ ചരിത്രത്തിലൊന്നും വിജ്ഞാന ഭവനത്തോട് കിടപിടിക്കുന്ന ഒരു ലൈബ്രറിയോ ബഗ്ദാദ് പോലെയൊരു പട്ടണമോ ഉണ്ടായില്ല എന്നത് ഖേദകരമാണ്. മുസ്ലിം ചരിത്രത്തിന്റെ വിസ്മൃതിയിലെങ്ങോ ആ പ്രതാപ ഭവനം തലയുയര്‍ത്തി നില്‍ക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter