അയോസോഫിയ മസ്ജിദ്‌

ഇസ്ലാമിക വാസ്തുശില്‍പങ്ങള്‍ സംസ്കാരത്തിന്റെ സാക്ഷിമൊഴികളാണ്‌. വിശ്വാസത്തിന്റെയും നിലപാടുകളുടെയും ആത്മപ്രകാശനമാണ്‌ അവ. തുര്‍ക്കിയിലെ ഹമാമുകള്‍ (പൊതുകുളിമുറികള്‍) മുതല്‍ കാശ്മീര്‍ താഴ്‌വരയിലെ നയന മനോഹരങ്ങളായ ഉദ്യാനങ്ങള്‍ വരെയും ആഫ്രിക്കയിലെ കളിമണ്‍ നിര്‍മിത പള്ളികള്‍ മുതല്‍ നീലിമയുടെ സകല സൗന്ദര്യങ്ങളും ആവാഹിച്ച്‌ നിലകൊള്ളുന്ന ഇസ്വ്ഫഹാനിലെ മഖ്ബറകള്‍ വരെയും ഈ അദൃശ്യസത്ത വ്യാപരിച്ചുകിടക്കുന്നുണ്ട്‌. വാസ്തുശില്‍പങ്ങളിലെ കലാശൈലികളാണ്‌ ഇവിടെ വിഷയം. മിഹ്‌റാബുകളായും മിമ്പറുകളായും മിനാരങ്ങളായും കമാനങ്ങളായും നിരന്നുകിടക്കുന്ന ഇവ ദൈവലോകത്തെ പ്രഭാനിലയങ്ങളാണ്‌. ആ വെളിച്ചമാണ്‌ ആഗോള കലാപ്രേമികളുടെ ഹൃദയങ്ങളെ ഇവയിലേക്ക്‌ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്‌. വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്ന പോലെ പള്ളികള്‍ ദൈവത്തിന്റെ ഗേഹങ്ങളാണ്‌. അതുകൊണ്ടുതന്നെ അലങ്കാരത്തിന്റെയും സൗകുമാര്യത്തിന്റെയും സമൃദ്ധഭൂമിയായാണ്‌ ഇവ സൃഷ്ടിക്കപ്പെടുന്നത്‌. അല്ലെങ്കില്‍ ഇസ്തംബൂളിലെ ഏറ്റവും വലിയ പള്ളിയായി ഗണിക്കപ്പെട്ടിരുന്ന അയോസോഫിയ (ഹാജിയാസോഫിയ) പോലെ ഒരു പരിവര്‍ത്തന സംരംഭത്തിലൂടെ അത്‌ ഇസ്ലാമീകൃതമായി പുറത്തുവരുന്നു. ഏതായാലും സൃഷ്ടിയും സ്രഷ്ടാവുമുള്ള ഗാഢബന്ധത്തിനു മുമ്പില്‍ കെട്ടിടത്തിന്റെ നിര്‍മാണചാരുതക്ക്‌ അനിഷേധ്യമായ സ്ഥാനമുണ്ട്‌. ഹുസൈന്‍ നസ്റ് വിലയിരുത്തുന്നപോലെ ഒരാള്‍ വാസ്തുശില്‍പാലങ്കാരം മുറ്റിനില്‍ക്കുന്ന ആരാധനാലയത്തില്‍ ഇരിക്കുന്നതിലൂടെ അവന്‍ ദൈവാസ്തിക്യത്തിന്‌ തുടികൊട്ടുന്ന പ്രകൃതിയുടെ ഹരിതാഭയുമായി ഇണങ്ങിച്ചേരുകയാണ്‌. അവിടെ നിന്നും ലഭിക്കുന്നതിന്റെ ഒരു ഭആഗം ഇവിടെ നിന്ന്‌ സ്വായത്തമാക്കാന്‍ സാധിക്കുന്നു.(1) അതിനാല്‍ യഥാര്‍ഥ ഭക്തനെ സംബന്ധിച്ചിടത്തോളം അവന്റെ മനസ്സെപ്പോഴും ശാന്തമാണ്‌. പുറത്തിറങ്ങുമ്പോഴും അകത്ത്‌ കയറുമ്പോഴും അവന്റെ ദൃഷ്ടിയില്‍ പെടുന്നത്‌ ഒരേ ആശയത്തെ തന്നെ പ്രതിനിധീകരിച്ചിരിക്കുന്നു. അഥവാ, ഇസ്ലാമിന്റെ അടിസ്ഥാന ഘടകങ്ങളായ ഏകത്വവും (തൗഹീദ്‌) സമത്വവു(മുസാവാത്ത്‌)മാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. നാദിര്‍ അര്‍ദലനും ലാലിഹ്‌ ബഖ്തിയാറും തങ്ങളുടെ A Sense of Unity എന്ന പ്രശസ്തമായ ഗ്രന്ഥത്തില്‍ ഈ വസ്തുത രേഖപ്പെടുത്തുന്നുണ്ട്‌: ‘കെട്ടിടത്തിന്റെ മുഴുവന്‍ ഭാഗങ്ങളും തമ്മിലുള്ള ഒത്തൊരുമയിലും കൃത്യതയാര്‍ന്ന ബന്ധത്തിലും പരിപൂര്‍ണതയിലും പ്രകടമാകുന്നത്‌ ദൈവികമായ ഏകത്വത്തിന്റെ മഹിതമായ ആശയമാണ്‌.

അങ്ങനെ ഇസ്ലാമിക കലയുടെ സമഭാവനയും ശാന്തതയും സമാധാനവും കളിയാടുന്ന ലോകം പണിയാന്‍ അവര്‍ കൊതിച്ചു.’ മിനാരങ്ങളുടെയും കുംഭഗോപുരങ്ങളുടെയും കാര്യത്തിലും അവസ്ഥ ഇതുതന്നെ. അവയുടെ ഘടനയിലും അലങ്കാരത്തിലും ഗോപ്യമായി കിടക്കുന്നത്‌ ദൈവികമായ ഏകത്വം തന്നെയാണ്‌. അവയിലെ ഓരോ വ്യത്യസ്തങ്ങളായ രൂപങ്ങളും നിരകളും വരകളും ബിന്ദുക്കളും ഉയര്‍ന്നുനില്‍ക്കുന്ന ഒരു കേന്ദ്രബിന്ദുവിലേക്കാണ്‌ ചെന്നുമുട്ടുന്നത്‌. കാലിഗ്രഫിയും അറബെസ്ഖും കെട്ടിടങ്ങളുടെ അലംകൃത കൊത്തുപണികളും ഇസ്ലാമിക വാസ്തുശില്‍പകലയുടെ വശ്യകേന്ദ്രങ്ങളാണ്‌. ഇസ്ലാമിക വാസ്തുവിദ്യ ഒരു ഉപരിതലാലങ്കാരം മാത്രമല്ല, ജനങ്ങള്‍ക്ക്‌ ഭൗതികവും ആധ്യാത്മികവുമായ സന്ദേശങ്ങള്‍ കൈമാറാനുള്ള ഒരു ഉപാധി കൂടിയായി മാറുന്നതിവിടെയാണ്‌. ആരാധനാകര്‍മങ്ങളുടെ രൂപവും ഇത്‌ വിശദീകരിക്കുന്നു എന്ന്‌ വരുമ്പോള്‍ സമൂഹസംസ്കരണത്തില്‍ ഇവയുടെ പങ്ക്‌ മഹത്തരമാകുന്നു. വലിയ സൗധങ്ങളിലും രമ്യഹര്‍മങ്ങളിലും ഖുര്‍ആനിലെ പ്രസക്തങ്ങളായ സൂക്തങ്ങള്‍ ആലേഖനം ചെയ്യപ്പെടുമ്പോള്‍ ധിഷണാശാലികളായ കലാപ്രിയരിതിനെ ദൈവത്തിലേക്കുള്ള കോണിപ്പടിയായാണ്‌ മനസ്സിലാക്കുന്നത്‌. കെട്ടിടങ്ങളുടെ അതിസങ്കീര്‍ണമായ കലാവിരുതുകളെ പടച്ചെടുക്കാന്‍ പുരോഗമിച്ച ക്ഷേത്രഗണിതങ്ങളും ഗണിതശാസ്ത്രങ്ങളും ജനവാസനയെ ലക്ഷീകരിച്ചായിരുന്നു.

ഗണിതശാസ്ത്രപരവും സാമ്പ്രദായികവും സംഖ്യാനുപാതികവുമായ രീതിയില്‍ ഉയിര്‍ത്തെഴുന്നേറ്റ ശാഹ്‌ പള്ളി പോലെയുള്ള വാസ്തുശില്‍പങ്ങള്‍ ഇതിനുദാഹരണങ്ങളാണ്‌. ഇക്കാലത്ത്‌ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സ്ഥലനിര്‍ണയത്തില്‍ ഗോളശാസ്ത്രം വല്ലാതെ സ്വാധീനിച്ചിരുന്നു. ഉദാഹരണത്തിന്‌ ഇന്ന്‌ ബഗ്ദാദ്‌ സ്ഥിതി ചെയ്യുന്ന സ്ഥലം തന്നെ ജ്യോതിശാസ്ത്രപരമായി തീരുമാനിക്കപ്പെട്ടതും വിശിഷ്ടമായി ക്രമപ്പെടുത്തപ്പെട്ടതുമാണ്‌. മിമ്പറുകള്‍ ആത്മൈക്യത്തിന്റെ കലാരൂപങ്ങളാണ്‌. ചിന്നിച്ചിതറിയ ഹൃദയങ്ങളെ ഏകബിന്ദുവിലേക്ക്‌ ആവാഹിക്കപ്പെടുകയാണിവിടെ. മൂന്നു പടികള്‍ കേവലമൊരു രൂപത്തിലും ഇത്‌ സാധ്യമാകും. പക്ഷേ, ഒരു മേലലങ്കാരം കൂടി കടന്നുവരുമ്പോള്‍ ആത്മികത ശതഗുണീഭവിക്കുന്നു. കൊത്തുപണികളിലൂടെ ആരാധനകളില്‍ വരെ മനസ്സിനെ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നു. ദൈവവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന കലാരൂപങ്ങളുടെ ബഹിര്‍സ്ഫുരണമാണിത്‌. ഇസ്ലാമിക ലോകത്തെ പ്രഥമ മിമ്പര്‍ തിരുനബിയുടെ പള്ളിയിലാണ്‌. തച്ചുശാസ്ത്രത്തെ നേരില്‍ കണ്ട്‌ അലങ്കരിച്ച രൂപമായിരുന്നു ഇതിന്‌. മൂന്ന്‌ പടവുകളുള്ള ഇതില്‍ തിരുമേനിയുടെ പദന്യാസങ്ങള്‍ ഊന്നുനില്‍ക്കുമ്പോള്‍ ആദൃശ്യമായൊരു ഗാംഭീര്യത നിഴലിച്ചുനില്‍ക്കുമായിരുന്നു. മിഹ്‌റാബിന്റെ വലതുപാര്‍ശ്വത്ത്‌ സംവിധാനിക്കപ്പെടുന്ന രൂപത്തില്‍ അലങ്കാര കലകള്‍ കയറിക്കൂടുന്നത്‌ ഹാറൂന്‍ റശീദിന്റെ കാലത്തോടെയാണ്‌. മിഹ്‌റാബുകള്‍ പ്രാര്‍ഥനയുടെ ദിശാനിര്‍ണയങ്ങളാണ്‌. ഇത്‌ വാസ്തുശില്‍പത്തില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ ദ്രഷ്ടാവ്‌ പരിസരം മറന്ന്‌ അവയില്‍ ഇഴുകിച്ചേരുന്നു. അതിനാല്‍ പ്രാര്‍ഥനക്കു വേണ്ടി മാത്രം ഒരുക്കപ്പെടുന്ന സൗധങ്ങളുടെ സവിശേഷതയല്ല ഇത്‌. ഉറക്കം, കച്ചവടം, സംസ്കാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഇത്‌ നിര്‍മിക്കപ്പെടുന്നു.

(4) ചിലയിടങ്ങളില്‍ നിരന്നുനില്‍ക്കുന്ന സ്തൂപങ്ങളും അര്‍ധഗോപുരങ്ങളുമാണ്‌ ഇവയില്‍ ചാരുത പരകുന്നത്‌. കാലിഗ്രഫിയുടെ നിറവില്‍ ഹൃദയങ്ങളിവിടെ കൂടുതല്‍ അടുത്തുനില്‍ക്കുന്നു. പൈതൃകധാരയില്‍ ഒരു പള്ളിക്ക്‌ ഒന്ന്‌ എന്ന നിബന്ധനകളുണ്ടായിരുന്നില്ല. കൈറോയിലെ അഹ്മദ്‌ തൂലൂന്‍ മസ്ജിദ്‌ വിളിച്ചുപറയുന്നതുപോലെ അഞ്ച്‌ ശൈലികളെയാണ്‌ ഇത്‌ പരിചയപ്പെടുത്തുന്നത്‌. കമാനാകൃതിയിലുള്ള നിര്‍മാണഘടന ചിന്തകളുടെ അനിശ്ചിതത്വത്തെ പരിപോഷിപ്പിക്കുന്നു. ഒന്നില്‍ നിന്ന്‌ തുടങ്ങി അവസാനിക്കാത്ത ആശയചക്രണമാണിവിടെ സംഭവിക്കുന്നത്‌. യാഥാര്‍ഥ്യങ്ങളില്‍നിന്ന്‌ യാഥാര്‍ഥ്യങ്ങളിലേക്കുള്ള ഈ ഗതിമാറ്റം പരോക്ഷമായ ഒരാത്മാവില്‍ വന്നണയുന്നു. കമാനങ്ങളില്‍ തെറിച്ചുനില്‍ക്കുന്ന ശില്‍പകലയും കൊത്തുപണികളും ഇതിനെ ദൃഢീകരിക്കുന്ന അടിസ്ഥാനങ്ങളാണ്‌. പുരാതനകാലം മുതല്‍ക്കേ വാസ്തുശില്‍പ ഭംഗിക്കായി കെട്ടിടങ്ങളിലും റോഡുപാല നിര്‍മിതിയിലുമാണ്‌ ഇത്‌ പുറത്തുവരുന്നത്‌. മുകളില്‍ നിന്നുള്ള അമിതഭാരം താങ്ങിനിറുത്തുന്ന കലാശൈലി ആയതുകൊണ്ടുതന്നെ കല്ല്‌, മരം, ഇരുമ്പ്‌, കോണ്‍ക്രീറ്റ്‌ തുടങ്ങിയവയില്‍ ഇത്‌ ജന്മമെടുത്തിരുന്നു. വലിയ പാലങ്ങള്‍ പോലെയുള്ളതിന്‌ ഉരുക്കായിരുന്നു ഉപയോഗിച്ചിരുന്നത്‌. ഏതായിരുന്നാലും അമൂര്‍ത്തതയെന്ന ഇസ്ലാമിക കലയുടെ പരമാത്മാവ്‌ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ഇവയെല്ലാം. മിനാരങ്ങള്‍ വാസ്തുശില്‍പകലയില്‍ അലംഘനീയമായ സ്ഥാനം വഹിക്കുന്നു. പ്രകടനത്തിലുപരി അതിന്റെ രൂപത്തിലും ഭാവത്തിലുമാണ്‌ ഇത്‌ തെളിഞ്ഞുകിടക്കുന്നത്‌.

അല്ലെങ്കിലും മിനാരങ്ങള്‍ ദൈവിക വിളിയാളത്തിന്റെ പ്രതീകങ്ങളാണ്‌. പ്രതിദിനം അഞ്ചുതവണ വിശ്വാസികള്‍ ദിവ്യസ്മൃതിയില്‍ അലിഞ്ഞുചേരുന്നത്‌ രാഗാത്മകത ശ്രവിച്ചുകൊണ്ടാണ്‌. ആദ്യകാലങ്ങളില്‍ ഒരു കെട്ടിടത്തിന്‌ ഒരു മിനാരമേ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ ആരാധനലായങ്ങളുടെ കുത്തകയുമായിരുന്നില്ല. ലൈതൗസുകളായും സ്മാരകസൗധങ്ങളായും ഓര്‍മകളുടെ ചെപ്പ്‌ തുറക്കുന്നവയായിരുന്നു ഇവ. ഇസ്ലാമിക ലോകത്തെ പ്രഥമ പള്ളി-ബന്ധിത മിനാരം (660) ഇറാഖിലെ ബസ്വറയിലായിരുന്നുവെന്നാണ്‌ അനുമാനം.

ക്രമേണ ഇതിന്റെ നിര്‍മാണത്തിനപ്പുറം കലാസൗഷ്ടവമായി ശില്‍പികളുടെ ശ്രദ്ധ. അങ്ങനെയാണ്‌ മൊറോക്കോയിലെ മസ്ജിദുല്‍ഹസന്റെ (12-‍ാം നൂറ്റാണ്ട്‌) മിനാരങ്ങളും ടുണീഷ്യയിലെ ഖൈറുവാന്‍ മോസ്കിന്റെ ഗോപുരങ്ങളും അദിര്‍നയിലെ മസ്ജിദുസലീമിയയുടെ(5) മിനാരങ്ങളും ഉയര്‍ന്നുവരുന്നത്‌. ഇവിടെയാണ്‌ ഉസ്മാനിയന്‍ ശില്‍പിയായ സിനാന്‍ (മ. 1588) ശ്രദ്ധേയനാകുന്നത്‌. ഇസ്തംബൂളിലെ അയാസോഫിയ മസ്ജിദ്‌ ദീര്‍ഘകാല ചരിത്രത്തിന്റെ സാക്ഷിയാണ്‌. ആകാശത്തെ വാരിപ്പുണരാന്‍ ഒരുമ്പെട്ടിരിക്കുന്ന നാല്‌ കൂറ്റന്‍ മിനാരങ്ങള്‍ക്ക്‌ നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്‌. ക്രിസ്ത്യന്‍ ആചാരങ്ങളുടെയും മുസ്ലിം ആരാധനകളുടെയും ടൂറിസ്റ്റ്‌ ആസ്വാദനത്തിന്റെയും സമ്മിശ്രമായ തികട്ടലുകള്‍ക്ക്‌ വേദിയാകുമ്പോള്‍ കൈപ്പിന്റെയും അടങ്ങാത്ത അഭിനിവേശത്തിന്റെയും ഓര്‍മകള്‍ ഒഴുകിവരികയാണ്‌ ആ അലംകൃത കടല്‍ഭിത്തികള്‍ക്ക്‌ മുമ്പില്‍. അഭിമാനത്തോടെ വിസ്തരിച്ചുനില്‍ക്കുന്ന കുംഭഗോപുരങ്ങള്‍ക്ക്‌ മുന്നില്‍… വാസ്തവത്റ്റ്‌ഹില്‍ സെക്യുലറിസത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്‌ അയാസോഫിയ. ഇസ്തംബൂളിലെ ഏറ്റവും വലിയ ജുമുഅമസ്ജിദായിരുന്ന ഇതിന്റെ പ്രഥമ നിര്‍മാണം നടത്തിയത്‌ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ്‌. ക്രൈസ്തവ വിശ്വാസത്തിന്റെ നെറുകയില്‍ ഊറ്റംകൊള്ളുന്ന ഈ വശ്യശൈലിക്ക്‌ കലാത്മകത പകര്‍ന്നത്‌ മികച്ച വാസ്തുശില്‍പികളായ ട്രാന്‍സിലെ ആന്‍തമിയസും മിലറ്റസിലെ ഇസിഡോറുമായിരുന്നു. അഞ്ചു വര്‍ഷവും പത്തു മാസവും നീണ്ടുനിന്ന നിര്‍മിതിയുടെ അടിവര വീഴുമ്പോള്‍ ഭൗതിക കലാവീക്ഷണത്തിന്റെ ഏറ്റവും വലിയ സാക്ഷാല്‍ക്കാരമായിട്ടായിരുന്നു ഇത്‌ പുറത്തുവന്നത്‌. ആത്മാവില്ലാത്ത ശില്‍പങ്ങള്‍ക്കു മുമ്പില്‍ ഇതിന്റെ ഉദ്ഘാടനമാകട്ടെ, ദൈവത്തെ തന്നെ വെല്ലുവിളിക്കുന്ന നിലക്കും. ക്രി. 537 ല്‍ ദേവാലയം തുറക്കപ്പെടുമ്പോള്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി വിളിച്ചുപറഞ്ഞത്‌, ശലമോന്‍ (സുലൈമാന്‍ നബി), അങ്ങയെ ഞങ്ങള്‍ കടത്തിവെട്ടിയിരിക്കുന്നു എന്നാണ്‌. ഉദൃത രേഖകള്‍ പോലെ ഭൗതിക വാസ്തുശില്‍പത്തില്‍ അങ്ങേയറ്റമായിരുന്നു ഇതിന്റെ നിര്‍മാണഘടന. മുമ്പില്‍ തന്നെ തലയുയര്‍ത്തി നില്‍ക്കുന്ന ചക്രവര്‍ത്തിയുടെ പ്രതിമയും മണ്ഡപങ്ങളും വിശിഷ്ടാശ്രമങ്ങളും ചക്രവര്‍ത്തിമന്ദിരവും വന്‍കവാടങ്ങളും കുരിശാകൃതിയിലുള്ള അകത്തളങ്ങളും ഗ്യാലറികളും മാറ്റുകൂട്ടുന്നു. വൈവിധ്യമാര്‍ന്ന വര്‍ണരാജിയില്‍ ചാലിച്ചെടുത്ത മാര്‍ബിള്‍ സ്തൂപങ്ങളും യേശുവിന്റെയും മറിയമിന്റെയും സാങ്കല്‍പിക ചിത്രങ്ങള്‍ കൊത്തിവെച്ച ചുമരുകളും വര്‍ണോജ്ജ്വലമായ സ്വര്‍ണത്തോരണങ്ങള്‍ ചാര്‍ത്തിയ താഴികക്കുടങ്ങളും ഇഷ്ടികയില്‍ നിര്‍മിച്ചെടുത്ത അലംകൃത അള്‍ത്താരയും ബലിത്തറകളും ഈ അലങ്കാരശ്രേണിക്ക്‌ പുതിയ ഭാവവും രൂപവും സമ്മാനിക്കുന്നു. ഏതായിരുന്നാലും, ഭൗതിക കലയുടെ മൂര്‍ധന്യതയില്‍ വിരാജിച്ചിരുന്ന അയാസോഫിയ മുസ്ലിം കരങ്ങളിലെത്തുന്നത്‌ 15-‍ാം നൂറ്റാണ്ടിന്റെ ഒത്ത മധ്യത്തില്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റന്റിനോപ്പ്ല് കീഴടക്കുന്നതോടെയാണ്‌.

ശത്രുക്കള്‍ക്ക്‌ മുമ്പില്‍ മാലാഖയുടെ ആശ്ലേഷം തേടി ദേവാലയത്തില്‍ അഭയം തേടിയ ക്രൈസ്തവരെ ബന്ദികളാക്കിയായിരുന്നു ഇത്‌ പിടിച്ചെടുത്തത്‌. ഇതോടെ ആത്മാവില്ലാത്ത കലാലോകത്തുനിന്ന്‌ അയാസോഫിയ ആത്മികമൂല്യത്തിന്റെ കാന്‍വാസിലേക്ക്‌ മാറ്റപ്പെട്ടു. ത്രിത്വത്തിന്റെ നിശ്ശബ്ദതയില്‍ ഏകത്വത്തിന്റെ ബാങ്കൊലികളുയര്‍ന്നു. അയാസോഫിയയുടെ അശുദ്ധ ചുമരുകള്‍ വിശുദ്ധ ജപങ്ങള്‍ കേട്ട്‌ കോരിത്തരിച്ചു. ഇസ്ലാമീകരണത്തിന്റെ ശബ്ദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. വാസ്തുശില്‍പത്തില്‍ മാറ്റങ്ങള്‍ വന്നു. ചുമരിലെ അശ്ലീലതക്കു മുകളില്‍ ചാരനിറത്തില്‍ പുതിയ രൂപങ്ങള്‍ കയറിപ്പറ്റി. പ്രതിമകള്‍ എടുത്തെറിയപ്പെട്ടു. മുഖം കഅ‍്ബാലയത്തിലേക്ക്‌ തിരിഞ്ഞു. വിശ്വാസികള്‍ പ്രഥമ നമസ്കാരത്തിന്‌ അണിനിരക്കുകയായി. പിന്നീടുള്ള ദിനങ്ങള്‍ അയാസോഫിയയുടെ സുവര്‍ണകാലമായിരുന്നു. നാഥന്റെയും ഇഷ്ടഭാജനത്തിന്റെയും നാമങ്ങള്‍ കൊത്തിവെക്കപ്പെട്ട ചുമരലങ്കാരവും കാലിഗ്രഫിയും കണ്ട്‌ വിശ്വാസികള്‍ നിര്‍വൃതിയടയുമ്പോള്‍ അതിന്റെ വശ്യത പൂര്‍വോപരി ശക്തിപ്പെടുകയായി. ദിനംപ്രതി അഞ്ചുനേരവും ഭക്തര്‍ ആത്മകുളിരു തേടി ഒഴുകിക്കൊണ്ടിരുന്നു. സുല്‍ഥാന്‍ മുഹമ്മദ്‌ രണ്ടാമനാണ്‌ ഇതിന്‌ ഇസ്ലാമിക വസ്തുശില്‍പത്തിന്റെ ആത്മാവ്‌ നല്‍കിയത്‌.

പുതിയപുതിയ ശൈലികള്‍ പകരുന്ന മിനാരങ്ങളും അലങ്കാരരൂപങ്ങളുമായിരുന്നു ഇത്‌. സലീം രണ്ടാമനും മുറാദ്‌ മൂന്നാമനും ഇതേ ഡ്യൂട്ടി തന്നെ വര്‍ണാഭമാക്കുകയായിരുന്നു. താഴികക്കുടത്തിന്റെ ഹിരണ്യതേജസ്സും അതിലെ കുരശയടയാളത്തിനു പകരം നക്ഷത്രാങ്കിത അര്‍ദ്ധോദയ ചന്ദ്രനും കടന്നുവരുന്നത്‌ അങ്ങനെയാണ്‌. കലാപ്രേമിയായ മുറാദ്‌ നാലാമന്‍ വിഖ്യാത കാലിഗ്രഫറായ മുസ്ഥഫ ചലബിയെക്കൊണ്ട്‌ ചുമരുകളില്‍ സ്വര്‍ണലിപികളാല്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതിക്കൂട്ടി. അവക്കിടയിലൂടെ ഇബ്‌റാഹീമുല്‍ അഫന്‍ദി ഖലീഫമാരുടെ നാമങ്ങള്‍ ദ്വിമാനതലത്തില്‍ ചാരുതയോടെ കൊത്തിവെച്ചു. സൗകുമാര്യം തുളുമ്പുന്ന ഒരു മിമ്പറും മിഹ്‌റാബും സജ്ജീകരിക്കപ്പെടുകയുണ്ടായി. പിന്നീട്‌ കടന്നുവന്ന മഹ്മൂദ്‌ ഒന്നാമന്‌ ചെയ്യാനുണ്ടായിരുന്നത്‌ പാരിസ്ഥികമായചില അലങ്കാരവേലകളായിരുന്നു. സമീപത്തുതന്നെ മനോഹാരിയായ ഒരു ജലധാരയും കലാലയവും ഗ്രന്ഥപ്പുരം ഊട്ടുപുരയും നിര്‍മിച്ച്‌ അദ്ദേഹം പള്ളി സജീവമാക്കി. പക്ഷേ, വിധിയുടെ ഗതി പിന്നീടാണ്‌ ലോകമറിയുന്നത്‌. നൂറ്റാണ്ടുകളോളം വിശ്വാസികള്‍ സാഷ്ടാംഗം നമിച്ച അയാസോഫിയ പരിഷ്കാരിയായ അഥാ തുര്‍ക്കിന്റെ ഇരയാവുകയായിരുന്നു. ധാരാളം പള്ളികളും മതസ്ഥാപനങ്ങളും ഭൗതികവല്‍ക്കരിച്ച കൂട്ടത്തില്‍ അയാസോഫിയ പുരാവസ്തുവകുപ്പിനു കീഴിലുള്ള മ്യൂസിയമായി പ്രഖ്യാപിക്കപ്പെട്ടു. മതനിരാസമെന്നോണം മൊസൈക്കില്‍ കൊത്തിവെച്ച അലങ്കാരവും മുദ്രകളും കൊത്തിമാറ്റി. പണ്ട്‌ ആഛാദനം ചെയ്ത ചിത്രങ്ങളെല്ലാം അനാവൃതമായി.

പള്ളിച്ചുമരില്‍ കന്യാമര്‍യമിന്റെയും യേശുവിന്റെയും രൂപങ്ങള്‍ തെളിഞ്ഞുവന്നു. ഖേദകരമെന്നു പറയട്ടെ, മിനാരങ്ങളില്‍ ബാങ്കൊലി മുഴങ്ങിക്കേട്ട അയാസോഫിയ ഇന്ന്‌ കേവലമൊരു സന്ദര്‍ശന കേന്ദ്രം മാത്രമായി പ്രപതിച്ചിരിക്കുന്നു. പക്ഷേ, ഇസ്ലാമിക വാസ്തുശില്പം നല്കിയ ഒരു വശ്യത ഇന്നുമതില്‍ പ്രഭാമയമായിത്തന്നെ നില്ക്കുന്നു. പച്ചപ്പിനിടയില്‍ പ്രത്യേകം നിറം സ്വീകരിച്ച്‌ തല ഉയര്‍ത്തിനില്ക്കുന്ന ഇത്‌ ആരെയും ആകര്‍ഷിക്കുന്നതാണ്‌. സമകാലിക വാസ്തുശില്പം വിലയിരുത്തുമ്പോള്‍ സാമൂഹിക സംഭ്രമങ്ങളാണ്‌ തെളിഞ്ഞുവരുന്നത്‌. ആധുനികതയടെ വിളറിയ മുഖച്ഛായയില്‍ ഇതൊരു ഭീകരതയെ നിഴലിച്ചുകാട്ടുന്നു. കെട്ടിട നിര്‍മാണ രൂപരേഖക്കും നിര്‍മാണത്തിനും യുക്തിയുക്തവും നിര്‍മാണപരവുമായ രീതിയാണ്‌ ഈ ആധുനികത സമ്മാനിക്കുന്നത്‌. അതേസമയം പരമ്പരാഗത വാസ്തുശില്പത്തെ നാം സ്നേഹിക്കുകയും മൂല്യവത്തായി കാണുകയും ചെയ്യുമ്പോള്‍ കേവലം ചില പ്രതിബിംബങ്ങള്‍ മാത്രമായാണ്‌ അവ നമുക്കു മുമ്പില്‍ തെളിഞ്ഞുവരുന്നത്‌. സത്യത്തില്‍ ഇന്നത്തെ കലാരംഗത്ത്‌ മുഴച്ചുകാണുന്ന പ്രവണത ആധുനിക തത്ത്വങ്ങളോടുള്ള അന്ധമായ അനുകരണമാണ്‌. അതുകൊണ്ടുതന്നെ ആധുനിക വാസ്തുവിദ്യ ജന്മം നല്കിയ ആശയങ്ങളുടെ ദൌര്‍ലഭ്യത നിരാശാജനകം തന്നെ. എങ്കിലും വിരളമായി പാരമ്പര്യത്തോടും പൈതൃകത്തോടും ബന്ധം സ്ഥാപിക്കുന്ന ചരിത്രപരമായ കെട്ടിടങ്ങളുടെ കമാനങ്ങളും താഴികക്കുടങ്ങളും നമ്മുടെ വാസ്തുശില്പങ്ങളിലും ഉയര്‍ന്നുവരുന്നു.

പക്ഷേ, ആത്മാര്‍ഥതയില്ലാത്ത ഈ വൃത്തി പ്രതിഫലാര്‍ഹമാണോ എന്നത്‌ സംശയാതീതമാണ്‌. യഥാതഥാ, ഇമേജിനെക്കുറിച്ചുള്ള ഈ പ്രശ്നം മുസ്ലിം കലാകാരന്മാരുടെ ഒഴിയാബാധയായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ ഭൂതകാല ഇസ്ലാമിക വാസ്തുവിദ്യയുടെ മഹത്തരമായ ആദര്‍ശത്തെ ഒരു പുനരവലോകനത്തിന്‌ വിധേയമാക്കേണ്ടിയിരിക്കുന്നു. പരിതസ്ഥിതിയിലെ സൗന്ദര്യത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌ ഇസ്ലാമിക വാസ്തുവിദ്യ; രീതിശാസ്ത്രത്തിന്റെയും നിര്‍മാണ സമ്പ്രദായത്തിന്റെയും മേഖലകളില്‍ വിജ്ഞാനത്തിന്റെ സാര്‍വത്രിക പുരോഗതിയിലും ഘടനാപരമായ നവരീതികളിലും കലാശിച്ച ഒരന്വേഷണം. മുസ്ലിം ലോകത്തെ വാസ്തുശില്പങ്ങളും ശില്പകലകളും മഹത്തരമായ ഒരന്വേഷണത്തിന്റെ പരിണിതികളാണ്‌. അന്ധമായ അനുകരണത്തില്‍നിന്ന്‌ ഉപരിപ്ലവമായ രൂപാലങ്കാരത്തില്‍നിന്ന്‌ മോചനം നേടലാണ്‌ ഏറെ കരണീയം.

മോയിന്‍ മലയമ്മ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter