മസ്ജിദില്‍ പാട്ടു പാടലും കേള്‍ക്കലും

റസൂല്‍ തിരുമേനി(സ്വ) പറഞ്ഞതായി ഉബയ്യുബ്‌നു കഅ്ബ്(റ) നിവേദനം ചെയ്യുന്നു-നിശ്ചയം കവിതയില്‍ തത്ത്വജ്ഞാനമുണ്ട്.(1) അനസ്(റ)വില്‍ നിന്നുദ്ധരണം-മസ്ജിദ് നിര്‍മാണ വേളയില്‍ ജനങ്ങളോടൊപ്പം തിരുമേനി(സ്വ)യും ഇഷ്ടിക വഹിച്ചിരുന്നു.(2) അവര്‍ ജോലിക്കിടയില്‍ ഇങ്ങനെ ഈണത്തില്‍ പാടുകയും ചെയ്തു:

(അല്ലാഹുവേ, സാക്ഷാല്‍ ജീവിതം പാരത്രികലോകത്തെ ജീവിതം മാത്രമാണ്. [ആ പരലോകനേട്ടത്തിനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ ഈ ചെയ്യുന്നതൊക്കെയും.] അതുകൊണ്ട് ഈ ശ്രമപൂര്‍ത്തീകരണത്തിനായി മുഹാജിറുകളെയും അന്‍സ്വാറുകളെയും നീ സഹായിക്കേണമേ.)

ഹ. സലമത്തുബ്‌നുല്‍ അക്‌വഅ്(റ) പറയുന്നു: ഞങ്ങള്‍ തിരുനബി(സ്വ)യൊന്നിച്ച് ഖൈബറിലേക്ക് പുറപ്പെട്ടു. അങ്ങനെ ഞങ്ങള്‍ രാത്രി നടക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങളിലൊരാള്‍ ആമിറുബ്‌നുല്‍ അക്‌വഇ-അദ്ദേഹം മികച്ച കവിയായിരുന്നു-നോട് 'താങ്കളെന്താ ഞങ്ങള്‍ക്ക് പാട്ടുകളൊന്നും കേള്‍പ്പിക്കാത്തത്' എന്ന് ചോദിച്ചു. തത്സമയം അദ്ദേഹം വാഹനപ്പുറത്തു നിന്നിറങ്ങി പാടിക്കേള്‍പ്പിച്ചു:

(അല്ലാഹുവേ, നിന്റെ കാരുണ്യവും മാര്‍ഗദര്‍ശനവും ഉണ്ടായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ നേര്‍വഴി പ്രാപിക്കയില്ലായിരുന്നേനെ. നമസ്‌കാരം നിര്‍വഹിക്കുവാനോ ദാനധര്‍മാദികള്‍ ചെയ്യാനോ നിന്റെ സഹായമില്ലെങ്കില്‍ സാധിക്കയില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് നീ പാപമോചനം അരുളേണമേ. ഭൗതികമായി ഞങ്ങളെന്തൊക്കെ തേടിപ്പിടിച്ച് സ്വായത്തമാക്കിയാലും ശരി അവയത്രയും നിനക്കു വേണ്ടി സമര്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ശത്രുസേനയുമായി കണ്ടുമുട്ടിയാല്‍ ഞങ്ങളുടെ പാദങ്ങള്‍ നീ അടിയുറപ്പിച്ചുനിറുത്തുകയും നിന്റെ പക്കല്‍ നിന്ന് സമാധാനവും ശാന്തിയും ഞങ്ങളില്‍ നിക്ഷേപിക്കുകയും  ചെയ്യേണമേ. ശത്രുക്കളെക്കുറിച്ച് സംഭീതരായാല്‍ പോലും യുദ്ധമുഖത്ത് ഞങ്ങള്‍ അണിനിരക്കുന്നതാണ്. ഒച്ചയും ബഹളവുമുണ്ടാക്കി നമ്മെ നേരിടാമെന്നാണ് അവരുടെ വിചാരം.)

ഈ വരികള്‍ ശ്രവിച്ചപ്പോള്‍ തിരുമേനി(സ്വ) ചോദിച്ചു: മൃഗത്തെ തെളിച്ച് പാട്ടു പാടുന്ന ഇയാള്‍ ആരാണ്? ആളുകള്‍ മറുപടി നല്‍കി: ആമിറുബ്‌നുല്‍ അക്‌വഅ്. ഇതുകേട്ട്, 'അല്ലാഹു അദ്ദേഹത്തിന് കാരുണ്യം വര്‍ഷിക്കട്ടെ' എന്ന് നബി(സ്വ) പ്രാര്‍ഥിച്ചു. ഇതുകേട്ട ഒരാള്‍ പറഞ്ഞു: നബിയേ, അങ്ങയുടെ പ്രാര്‍ഥന മൂലം അദ്ദേഹത്തിന് അല്ലാഹുവിന്റെ കാരുണ്യം നിര്‍ബന്ധമായിക്കഴിഞ്ഞുവല്ലോ!...

ഹ. സഈദുബ്‌നുല്‍ മുസയ്യബി(റ)ല്‍ നിന്നുദ്ധരിക്കപ്പെടുന്ന ഒരു സംഭവം കാണാം. അദ്ദേഹം പറഞ്ഞു: ഹ. ഉമര്‍(റ) പള്ളിയിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഹസ്സാനുബിന്‍ സാബിത്(റ) പദ്യം ചൊല്ലുന്നത് ഉമര്‍(റ) ശ്രവിച്ചു. അദ്ദേഹം ഹസ്സാനെ-അനിഷ്ടസൂചകമായി-തറപ്പിച്ച് ഒന്നു നോക്കി. ഈ നോട്ടത്തിന്റെ അര്‍ഥം മനസ്സിലാക്കിയ ഹസ്സാന്‍ ഉമര്‍(റ)വിനോട് പ്രതികരിച്ചു: താങ്കളേക്കാള്‍ ശ്രേഷ്ഠവ്യക്തി (നബി-സ്വ-യാണ് ഉദ്ദേശ്യം) പള്ളിയിലുണ്ടായിരിക്കെ ഞാന്‍ പദ്യം ചൊല്ലാറുണ്ടായിരുന്നു! തുടര്‍ന്ന് അബൂഹുറൈറ(റ)യുടെ നേരെ തിരിഞ്ഞ് ഹസ്സാന്‍ ചോദിച്ചു: 'എനിക്കു വേണ്ടി മറുപടി നല്‍കൂ.(2) അല്ലാഹുവേ, ജിബ്‌രീലി(അ)നെ അയച്ചുകൊടുത്തുകൊണ്ട് ഈ ഹസ്സാനെ നീ ശക്തിപ്പെടുത്തേണമേ' എന്ന് നബി(സ്വ) പ്രാര്‍ഥിച്ചതായി താങ്കള്‍ കേട്ടിട്ടുണ്ടോ?(3) അബൂഹുറൈറ(റ) അതെ എന്ന് മറുപടി നല്‍കി.

ആഇശ(റ) പറയുന്നു: തിരുമേനി(സ്വ) പള്ളിയില്‍ ഹസ്സാനുബ്‌നു സാബിതിനു വേണ്ടി പ്രസംഗപീഠം സ്ഥാപിച്ചുകൊടുക്കുമായിരുന്നു. അദ്ദേഹമതില്‍ കയറുകയും നബി(സ്വ)യുടെ മഹത്ത്വങ്ങളും ആഭിജാത്യങ്ങളും ഉള്‍ക്കൊള്ളുന്ന കവിതകളാലപിക്കുകയും ചെയ്യും. നബി(സ്വ)യാകട്ടെ അദ്ദേഹത്തെ ഇങ്ങനെ ആശീര്‍വദിക്കും: അല്ലാഹുവിന്റെ ദൂതരുടെ അപദാനം പ്രകീര്‍ത്തിക്കുകയോ നബി(സ്വ)ക്കു വേണ്ടി മറുപടി നല്‍കുകയോ ചെയ്യുന്നിടത്തോളം ജിബ്‌രീലിനെ(അ)ക്കൊണ്ട് റബ്ബ് ഹസ്സാനെ ശക്തിപ്പെടുത്തട്ടെ.

അല്ലാമ സഫാരീനി 'മന്‍ളൂമത്തുല്‍ ആദാബി'ന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തുന്നു: അബൂബക്ര്‍ ഇബ്‌നുല്‍ അന്‍ബാരിയുടെ ഒരു നിവേദനത്തില്‍ ഇങ്ങനെയുണ്ട്-കഅ്ബുബ്‌നു സുഹൈര്‍ പശ്ചാത്തപിച്ചുകൊണ്ട് പ്രവാചകസന്നിധിയില്‍ വന്നെത്തുകയും ഭുവനപ്രശസ്തമായ തന്റെ കാവ്യം ആലപിക്കുകയുമുണ്ടായി:

വരികളിലൂടെ കടന്ന് അദ്ദേഹം ഇങ്ങനെ പാടി: (നിശ്ചയം നബിതിരുമേനി-സ്വ-മിന്നിത്തിളങ്ങുന്ന വാളാകുന്നു. ഉറയില്‍ നിന്ന് ഊരപ്പെട്ടതും ഇന്ത്യന്‍ നിര്‍മിതവുമായ മേത്തരം വാളത്രേ അത്)(1) ഈ വരി ശ്രവിച്ചപ്പോള്‍ നബി(സ്വ) സന്തോഷാധിക്യത്താല്‍ സ്വന്തം ശരീരത്തിലുണ്ടായിരുന്ന ഒരു പുതപ്പ് എടുത്ത് കഅ്ബിന്റെ നേരെ ഇട്ടുകൊടുക്കുകയുണ്ടായി.(2) നബി(സ്വ) നല്‍കിയ ഈ പുതപ്പ് കഅ്ബില്‍ നിന്ന് നേടിയെടുക്കാനായി പതിനായിരം ദീനാര്‍ ഖലീഫ മുആവിയ(റ) ചെലവഴിച്ചു. എന്നാല്‍, 'നബി(സ്വ)യുടെ വസ്ത്രം മറ്റൊരാള്‍ക്കും നല്‍കാന്‍ ഞാന്‍ സന്നദ്ധനല്ല' എന്നായിരുന്നു കഅ്ബിന്റെ പ്രതികരണം. പിന്നീട്, കഅ്ബുബ്‌നു സുഹൈര്‍(റ) വഫാത്തായപ്പോള്‍ അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്ക് മുആവിയ(റ) ഇരുപതിനായിരം ദീനാര്‍ കൊടുത്തയച്ച് ആ പുതപ്പ് സ്വന്തമാക്കുകയുണ്ടായി....

സഫാരീനി തുടരുന്നു: തിരുമേനി(സ്വ)യുടെ മുന്നില്‍ നിന്ന് കഅ്ബ് ഈ കാവ്യമാലപിക്കുകയും നബി(സ്വ) അദ്ദേഹത്തിന് പുതപ്പ് സമ്മാനിക്കുകയും ചെയ്തതില്‍ നിന്ന് പല സുന്നത്തുകളും നമുക്ക് കരസ്ഥമാവുകയുണ്ടായി. കവിതകള്‍ ആലപിക്കല്‍ അനുവദനീയമാണ്. പള്ളികളില്‍ വെച്ച് അവ ശ്രവിക്കാം. കവിത ചൊല്ലുന്നതിന് പകരമായി ദാനം ചെയ്യാവുന്നതാണ്.

ഇമാം ശാഥിബി(റ)(4) തന്റെ കിതാബുല്‍ ഇഅ്തിസ്വാമില്‍ ഒരു സംഭവമുദ്ധരിക്കുന്നുണ്ട്. ഇമാം ഹസനുല്‍ ബസ്വ്‌രിയില്‍ നിന്ന് അബുല്‍ ഹസനില്‍ ഖറാഫിസ്സ്വൂഫി നിവേദനം ചെയ്തതാണത്-ഒരു സംഘമാളുകള്‍ ഹ. ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെയടുത്തു ചെന്ന് പരാതി ബോധിപ്പിച്ചു: അമീറുല്‍ മുഅ്മിനീന്‍, ഞങ്ങള്‍ക്ക് ഒരു ഇമാമുണ്ട്; നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ പിന്നെയദ്ദേഹം പാട്ടുപാടും! ആരാണദ്ദേഹം എന്ന ഉമറി(റ)ന്റെ ചോദ്യത്തിന് അവര്‍ വിശദീകരണം നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: വരൂ, നമുക്ക് അദ്ദേഹത്തിന്റെയടുത്തേക്ക് അങ്ങോട്ടുപോകാം; കാരണം, നാം ആരെയെങ്കിലും പറഞ്ഞയക്കുകയാണെങ്കില്‍ ചാരവൃത്തിക്ക് വിട്ടതാണെന്ന് അദ്ദേഹം വിചാരിക്കും. അങ്ങനെ ഖലീഫയും തിരുമേനി(സ്വ)യുടെ സഖാക്കളില്‍ ഒരു സംഘമാളുകളും പ്രസ്തുത വ്യക്തിയുടെയടുത്തേക്ക് പോയി. ഇവര്‍ എത്തുമ്പോള്‍ അദ്ദേഹം മസ്ജിദിലാണ്. ഹ. ഉമറി(റ)നെ കണ്ടപ്പോള്‍ അദ്ദേഹം വന്ന് സ്വീകരിക്കുകയും ആദരിച്ചിരുത്തുകയും ചെയ്തു. എന്നിട്ട് ചോദിച്ചു: അമീറുല്‍ മുഅ്മിനീന്‍, അങ്ങയുടെ ആഗമനോദ്ദേശ്യം എന്താണ്? എന്തിനാണാവോ വന്നത്? ആവശ്യം നമ്മുടേതാണെങ്കില്‍ നാമങ്ങോട്ടു വരാന്‍ ഏറ്റം ബാധ്യസ്ഥരാണല്ലോ. ഇനി ആവശ്യം അല്ലാഹുവിന്റേത്-ദീനിന്റേത്-ആണെങ്കില്‍ തിരുമേനി(സ്വ)യുടെ ഖലീഫയെ നാം അങ്ങേയറ്റം ബഹുമാനിക്കയും ആദരിക്കയും ചെയ്യുന്നു.

ഉമര്‍: കഷ്ടം, താങ്കളെക്കുറിച്ച് വിഷമകരമായ ഒരു പരാതിയാണല്ലോ കിട്ടിയിരിക്കുന്നത്. ഇമാം: അമീറുല്‍ മുഅ്മിനീന്‍, എന്താണാവോ വിഷയം?

ഉമര്‍: നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് ഒരു കോമാളിത്തപ്രകടനമുണ്ടോ? ഇമാം: (വിഷയം മനസ്സിലാക്കിക്കൊണ്ട്:) ഇല്ല, അമീറുല്‍ മുഅ്മിനീന്‍. അത് കോമാളിത്തമൊന്നുമല്ല. അത് ഒരു ഉദ്‌ബോധനമാണ്; എന്റെ മനസ്സിന് ഞാന്‍ തന്നെ നല്‍കുന്ന ഒരു ഉണര്‍ത്തുപാട്ട്. ഉമര്‍: ശരി, നിങ്ങള്‍ അതൊന്ന് ആലപിക്കുക. അവ ഉദാത്തവചനങ്ങളാണെങ്കില്‍ താങ്കളോടൊപ്പം ഞാനും അതേറ്റുപറയും; ദുഷിച്ചതാണെങ്കില്‍ എനിക്കതില്‍ നിന്ന് നിങ്ങളെ വിലക്കേണ്ടതുമുണ്ട്. ഇതുകേട്ട് ഉമറി(റ)നു മുന്നില്‍ ഇമാം പാടി:

(എന്റെ മനസ്സ് പാരത്രിക ലോകത്തുള്ള എന്റെ ക്ഷീണവും പാരവശ്യവുമാണ് ലക്ഷ്യം വെക്കുന്നത്. ഞാന്‍ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമ്പോഴൊക്കെ അത് ഞാനുമായി നീണ്ട പിണക്കത്തിലാണ്. നീണ്ട കാലമായി വിനോദത്തിലാറാടുകയാണ് മനസ്സ്. ദുര്‍മാര്‍ഗത്തില്‍ കഴിഞ്ഞുകൂടിക്കൊണ്ടേയിരിക്കുകയാണത്. മനസ്സ് എന്നെ അങ്ങേയറ്റം പീഡിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

മനസ്സാകുന്ന എന്റെ ദുഷിച്ച കൂട്ടുകാരാ, ഭൗതികതയോടുള്ള നിന്റെ ഈ ദുരാഗ്രഹം എന്താണ്? ആയുഷ്‌കാലമത്രയും ഇങ്ങനെ കളിയിലും വിനോദത്തിലും ഐഹികത്വരയിലുമായി മുടിഞ്ഞുപോയില്ലേ? യൗവനത്തിന്റെ എത്രയെത്ര നാളുകളാണ് കഴിഞ്ഞുപോയത്! അജണ്ടയിലുണ്ടായിരുന്ന ആഗ്രഹങ്ങളും അഭിലാഷങ്ങളും നേടിക്കഴിയുന്നതിനു മുമ്പുതന്നെ ആ യൗവനം വിടചൊല്ലിപ്പിരിഞ്ഞുപോയി.(1) ആ പ്രശോഭിത കാലത്തിനു ശേഷം ഇനി നാശത്തെ മാത്രമാണ് ഞാന്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വാര്‍ധക്യം സര്‍വഅഭിലാഷങ്ങളെയും എനിക്ക് സങ്കുചിതമാക്കിയിരിക്കുന്നു!

എന്റെ നഫ്‌സിന് നാശം ഭവിക്കട്ടെ. സുന്ദരമായ ഒരവസ്ഥയിലോ സംസ്‌കാരസമ്പന്നമായ ഒരു സ്ഥിതിയിലോ അല്ലല്ലോ ഞാനതിനെ കാണുന്നത്, കഷ്ടം! എന്റെ ശരീരമേ, നിന്റെ അഭീഷ്ടങ്ങള്‍ സാക്ഷാല്‍കൃതമായില്ല; ഐഹികലോകത്തെ അഭിലാഷങ്ങളും നിലനില്‍പില്ലാതെ പോകുന്നു. അതുകൊണ്ട് നീ രാജാധിരാജനായ നാഥനെ നിരീക്ഷിച്ചുകൊണ്ടിരിക്കുക, അവനെ ഭയപ്പെടുക, അവന്റെ ശിക്ഷയെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടിരിക്കുക!) ഈ പദ്യങ്ങള്‍ കേട്ടപ്പോള്‍ ഹ. ഉമറും അതേറ്റു ചൊല്ലുകയായിരുന്നു:

തുടര്‍ന്ന് ഇമാമിന്റെ പ്രവൃത്തിയെ ശരിവെച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു: പാട്ടു പാടുന്നവര്‍ ഇപ്രകാരം പാടിക്കൊള്ളട്ടെ.

ഇമാം ശാഫിഈ(റ) പറയുകയുണ്ടായി: പദ്യം എന്നത് ഒരു തരം സംസാരമാണ്. അപ്പോള്‍ നല്ല പദ്യം നല്ല സംസാരവും ചീത്ത പദ്യം ചീത്ത സംസാരവുമാകുന്നു. ഇമാം നവവി(റ) രേഖപ്പെടുത്തുന്നത് കാണുക: തിരുമേനി(സ്വ)യുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചോ ഇസ്‌ലാമിന്റെ മഹത്ത്വം വിവരിച്ചോ, സര്‍വസംഗപരിത്യാഗം, സല്‍സ്വഭാവം, തത്ത്വജ്ഞാനം തുടങ്ങിയ മറ്റു നല്ല വിഷയങ്ങളില്‍ അധിഷ്ഠിതമായോ ഉള്ള കവിതകള്‍ പള്ളിയില്‍ വെച്ച് ആലപിക്കുന്നതിന് കുഴപ്പമൊന്നുമില്ല. ജാമിഉത്തുര്‍മുദിയുടെ വ്യാഖ്യാതാവായ ശൈഖ് അബൂബക്ര്‍ ഇബ്‌നുല്‍ അറബില്‍ മാലികി(റ) പറഞ്ഞു: ഇസ്‌ലാമിന്റെ ശ്രേഷ്ഠതകള്‍ വിവരിക്കുകയോ ശരീഅത്തിന്റെ നിയമങ്ങള്‍ പ്രതിപാദിക്കുകയോ ചെയ്യുന്ന കവിതകള്‍ പള്ളിയില്‍ വെച്ച് പാടുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.

ഒട്ടകരാഗത്തെ(4)പ്പറ്റി ഇമാം ഗസ്സാലി(റ) ഇഹ്‌യാഉ ഉലൂമിദ്ദീനില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. താന്‍ എഴുതുന്നു: ഒട്ടകങ്ങളുടെ പുറകില്‍ രാഗം പാടുക അറബികളുടെ പതിവായിരുന്നു. തിരുമേനി(സ്വ)യുടെയും സ്വഹാബത്തിന്റെയുമൊക്കെ കാലത്ത് നടപ്പുണ്ടായിരുന്നു ഇത്. ശ്രവണസുന്ദരമായ ശബ്ദത്തിലും പ്രാസമൊപ്പിച്ചുള്ള ഈണങ്ങളിലുമായി ആലപിക്കപ്പെടുന്ന ഗാനങ്ങളാണ് അവ. എന്നാല്‍, സ്വഹാബികളില്‍ ഒരാളെങ്കിലും ഇതിനെതിരെ എന്തെങ്കിലും പ്രസ്താവിച്ചതായി യാതൊരു രേഖയുമില്ല.

ഹ. അനസുബ്‌നു മാലികി(റ)ല്‍ നിന്നുദ്ധരിക്കപ്പെടുന്ന ഒരു സംഭവം കാണുക-അദ്ദേഹം പറഞ്ഞു: തിരുമേനി(സ്വ) ഒരു യാത്രയിലായിരുന്നു.(6) അന്‍ജശ എന്നു പേരുള്ള ഒരു അടിമ ഒട്ടകരാഗവും പാടി സവാരിമൃഗങ്ങളെ തെളിക്കുന്നുണ്ട്. (അദ്ദേഹത്തിന്റെ രാഗാലാപം തീവ്രവും ശക്തവുമായപ്പോള്‍) നബി(സ്വ) പറഞ്ഞു: ഹേ അന്‍ജശ, പതുക്കെ പതുക്കെ; പളുങ്കു പാത്രങ്ങളും കൊണ്ടാണ് നീ മൃഗങ്ങളെ തെളിക്കുന്നത്!-പളുങ്ക് പാത്രങ്ങള്‍ എന്നതിന്റെ വിവക്ഷ അബലകളായ സ്ത്രീകളാകുന്നു എന്ന് അബൂഖിലാബ വിവരിച്ചിട്ടുണ്ട്.

മറ്റൊരു നിവേദനത്തില്‍ അനസ്(റ) പ്രസ്താവിക്കുകയാണ്: തിരുമേനി(സ്വ)ക്ക് ഒരു ഒട്ടകഗാനാലാപകന്‍ ഉണ്ടായിരുന്നു. അന്‍ജശ എന്നാണദ്ദേഹത്തിന്റെ പേര്. മധുരശബ്ദത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഒരിക്കല്‍ നബി(സ്വ) പറഞ്ഞു-ഹേ അന്‍ജശ, സാവധാനം സാവധാനം; പളുങ്കു പാത്രങ്ങള്‍ പൊട്ടിക്കരുത്! ഖതാദ(റ) വിവരിക്കുന്നു-ദുര്‍ബലരായ സ്ത്രീകളെയാണ് നബി(സ്വ) ഉദ്ദേശിച്ചത്.

ഇബ്‌നു ബത്ത്വാലിനെ ഉദ്ധരിച്ചുകൊണ്ട് ഇവിടെ ബുഖാരീ വ്യാഖ്യാതാവായ ഇമാം ഹാഫിള് ഇബ്‌നുഹജര്‍ അസ്ഖലാനി(റ) എഴുതുന്നു: തത്സമയം ഒട്ടകപ്പുറത്തുണ്ടായിരുന്ന വനിതകളെ ഉദ്ദേശിച്ചാണ് റസൂല്‍(സ്വ) പളുങ്കുപാത്രങ്ങള്‍ എന്നു പ്രയോഗിച്ചത്. ഒട്ടകരാഗം സാവധാനത്തിലാക്കാന്‍ നബി(സ്വ) കല്‍പിച്ചതിന് കാരണമുണ്ട്-പാട്ട് ഉഷാറാവുകയും അവതരണം വശ്യമാവുകയും ചെയ്താല്‍ ഒട്ടകങ്ങള്‍ ഹരംപൂണ്ട് ദ്രുതഗതിയില്‍ നടക്കാന്‍ തുടങ്ങും. അവയുടെ സഞ്ചാരം അമിതവേഗതയിലായാല്‍ സ്ത്രീകള്‍ക്ക് പുറത്തിരിക്കുക പ്രയാസമാവുകയും അവര്‍ താഴെ വീഴുകയും ചെയ്യും. അവ പതുക്കെ നടന്നാല്‍ പെണ്ണുങ്ങള്‍ക്ക് നിര്‍ഭയമായും ശാന്തമായും ഇരിക്കാനും കഴിയും... ഇങ്ങനെയുള്ള ഒട്ടകരാഗം അനുവദനീയമാണെന്നതില്‍ പണ്ഡിതന്മാര്‍ ഏകകണ്ഠരാണെന്ന് പ്രമുഖ മുഹദ്ദിസായ ഇബ്‌നു അബ്ദില്‍ ബര്‍റ് ഉദ്ധരിച്ചിരിക്കുന്നു. ഹന്‍ബലീ മദ്ഹബുകാരായ ചിലര്‍ ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആ വിയോജകര്‍ക്കെതിരെ സ്വഹീഹായ ഹദീസകളുണ്ടെന്നത് സ്മരണീയമാണ്.

മേല്‍പറഞ്ഞ ഒട്ടകരാഗത്തിന്റെ ഗണത്തില്‍ പെട്ടതുതന്നെയാണ് ഹാജിമാരുടെ യാത്രാസംഘങ്ങളിലുണ്ടാകാറുള്ള ഗാനാലാപനം. കഅ്ബാശരീഫിനെ അനുസ്മരിച്ചും പ്രകീര്‍ത്തിച്ചും ഹജ്ജിലെ മറ്റു കര്‍മങ്ങളെയും ചരിത്രസ്ഥലങ്ങളെയും സ്മാരകങ്ങളെയും കുറിച്ചുള്ള മഹത്ത്വങ്ങള്‍ നിരത്തിയും ഹാജിമാരെ പ്രോത്സാഹിപ്പിക്കുന്നവയായിരിക്കും അവ. ഇസ്‌ലാമിന്റെ ശത്രുക്കളുമായി ഏറ്റുമുട്ടാന്‍ രണാങ്കണങ്ങളിലേക്ക് മാര്‍ച്ച് ചെയ്യുന്ന വീരയോദ്ധാക്കളെ ആവേശം കൊള്ളിക്കാനായി ആലപിക്കപ്പെടുന്ന പാട്ടുകളും പദ്യങ്ങളും ഈ ഗണത്തില്‍ പെട്ടതുതന്നെ.

ഇബ്‌നു ജുറൈജിന്റെ ശൃംഖലയിലൂടെ ഇമാം ഥബരി ഉദ്ധരിക്കുന്നു: ഒട്ടകരാഗം, പാട്ട്, പദ്യങ്ങള്‍ എന്നിവയെക്കുറിച്ച് അഥാഅ്(റ)വിനോട് ഞാന്‍ ചോദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: 'അസഭ്യം ഒന്നുമില്ലെങ്കില്‍ അവക്ക് യാതൊരു കുഴപ്പവും ഇല്ല.' ഇബ്‌നു ബത്ത്വാല്‍ പറഞ്ഞു: കവിത, പാട്ട് മുതലായവയുടെ ഉള്ളടക്കം ദൈവസ്മരണ, അല്ലാഹുവിനെയും അവന്റെ ഏകത്വത്തെയും മഹത്ത്വപ്പെടുത്തല്‍, അവനുള്ള വിധേയത്വവും ആരാധനയും ഊന്നിപ്പറയല്‍ എന്നിവയാണെങ്കില്‍ അവ ഉത്തമമാകുന്നു. എന്നല്ല, പ്രോത്സാഹജനകം കൂടിയത്രേ. 'നിശ്ചയം പദ്യങ്ങളില്‍ തത്ത്വജ്ഞാനമുണ്ട്' എന്ന നബിവചനത്തിന്റെ ഉദ്ദേശ്യവും ഇവയാണ്. പ്രത്യുത, സഭ്യേതരവും വ്യാജോക്തികളുമാണ് കവിതയെങ്കില്‍ അവ ആക്ഷേപാര്‍ഹവുമാകുന്നു... വിഷയത്തിന്റെ സംഗ്രഹം ഇതാണ്: പദ്യവും കവിതയും കൊണ്ട് ഈണത്തിലും രാഗത്തിലും പാടുക എന്നത് പ്രവാചകസാന്നിധ്യത്തില്‍ അനുവര്‍ത്തിക്കപ്പെട്ടുവന്നിരുന്നതാണ്. ചിലപ്പോഴതിന് നിര്‍ദേശമുണ്ടാവുകവരെ ചെയ്യും. ശ്രവണ സുന്ദരമായ നാദങ്ങളിലും പ്രാസമൊപ്പിച്ചുള്ള ഈണങ്ങളിലുമായി ആലപിക്കപ്പെടുന്നവ മാത്രമാണത്....

മന്‍ളൂമത്തുല്‍ ആദാബിന്റെ വ്യാഖ്യാനത്തില്‍ അല്ലാമ സഫാരീനി പറയുന്നു: ഇഖ്‌നാഅ് എന്ന ഗ്രന്ഥത്തിലും മറ്റും ഗ്രാമീണവാസികളായ അറബികളുടെ പാട്ടും ഒട്ടകങ്ങളെ തെളിക്കുമ്പോഴുള്ള രാഗവും അനുവദനീയമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്... യാതൊരു വിധ കറാഹത്തും ഇല്ലാതെ ഇവ അനുവദനീയമാണ് എന്നത്രേ പ്രബലമായ പക്ഷം. പദ്യങ്ങള്‍ ചൊല്ലുകയും ഒട്ടകരാഗങ്ങളാലപിക്കുകയും ചെയ്തതായി സ്വഹാബികളിലും താബിഉകളിലും നിന്ന് ഒട്ടേറെ ഹദീസുകളുദ്ധരിക്കപ്പെടുകയും നിരവധി തെളിവുകള്‍ നിരത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഒട്ടകരാഗം അനുവദനീയമാണ് എന്നതില്‍ ഇമാമുകളുടെ ഇജ്മാഅ് തന്നെയുണ്ട് എന്ന് ചില പണ്ഡിതന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു.

സുപ്രസിദ്ധ കര്‍മശാസ്ത്രപണ്ഡിതനായ ഖലീല്‍ നിഹ്‌ലാവിദ്ദിമിശ്ഖി(3) എഴുതുന്നു-ഗാനാലാപനവും അത് കേള്‍ക്കലും സംബന്ധിച്ച് ഫുഖഹാഇന്റെ പ്രസ്താവങ്ങള്‍ ഉദ്ധരിച്ച ശേഷം ഫതാവല്‍ ഖൈരിയ്യ(4)യില്‍ വ്യക്തമാക്കുകയാണ്: '...എന്നാല്‍ സ്വൂഫികളായ മഹാന്മാര്‍ക്കിടയില്‍ നടന്നുവരുന്ന ഗാനാലാപനവും ശ്രവണവും മേല്‍പറഞ്ഞ അഭിപ്രായവ്യത്യാസത്തില്‍ നിന്ന് ബഹുദൂരം അകലെയാകുന്നു. എന്നല്ല, അവ 'അനുവദനീയം' (ഹലാല്‍) എന്ന പദവി വിട്ട് സുന്നത്ത് (മുസ്തഹബ്ബ്) എന്ന വിധിയിലാണുള്ളത്. ദൃഢവിജ്ഞാനികളായ ഇമാമുകളില്‍ പലരും അങ്ങനെ സ്പഷ്ടമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

തസ്വവ്വുഫിന്റെയാളുകള്‍ പദ്യം ചൊല്ലുന്നതിന്റെയും ഗാനമാലപിക്കുന്നതിന്റെയും ലക്ഷ്യം പവിത്രവും മഹോന്നതവുമാണ്. സന്മാര്‍ഗദര്‍ശനം, സദുപദേശം ചെയ്യല്‍, ആത്മികനേട്ടങ്ങള്‍ കൈവരിക്കല്‍ മുതലായവയാണവ. കാരണം അത്തരം കവിതകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിന്റെ അന്തരംഗങ്ങളില്‍ ഇളക്കമുണ്ടാകുന്നതും ഹൃദയത്തിന്റെ ഉള്ളറകളില്‍ പ്രകമ്പനങ്ങളുടലെടുക്കുന്നതും കേവലം സ്വാഭാവികമാണ്. അതുമൂലം ദൈവികസാന്നിധ്യവുമായുള്ള ആസ്വാദ്യതയും മുഹമ്മദീയ ജ്യോതിസ്സുകളിലേക്കുള്ള ഉല്‍ക്കടാഭിനിവേശവും ഉണ്ടായിത്തീരും. സ്വൂഫികളായ നേതാക്കള്‍ക്കെല്ലാം ഇങ്ങനെയുള്ള അനുഭവങ്ങളുണ്ടായിരുന്നു. ഇത്തരം കവിതകളുടെ ശബ്ദമാധുര്യത്താല്‍ ദിവ്യസാന്നിധ്യത്തില്‍ നിന്ന് മറയിടപ്പെട്ടവരായിരുന്നില്ല അവര്‍. കളികള്‍ക്കും വിനോദത്തിനുമായിരുന്നില്ല ആ മഹാന്മാര്‍ സദസ്സുകളില്‍ സമ്മേളിച്ചിരുന്നത്.

യഥാര്‍ഥത്തില്‍ ഇവ്വിഷയകമായി തസ്വവ്വുഫിന്റെയാളുകള്‍ ഒരു ലോകത്തും സാധാരണക്കാരായ ആളുകള്‍ മറ്റൊരു ലോകത്തുമാണ്. കാവ്യാലാപനങ്ങളിലൂടെ ജനങ്ങള്‍ കേള്‍ക്കുന്നതല്ല അവര്‍ കേള്‍ക്കുന്നത്; ആളുകള്‍ക്ക് മനസ്സിലാകുന്ന കാര്യങ്ങളല്ല സ്വൂഫികള്‍ക്ക് സുഗ്രാഹ്യമാകുന്നത്-അതാണിതിന്റെ രഹസ്യം. തങ്ങളുടെ ശ്രവണത്തിലൂടെ നല്ല അവസ്ഥകളാണവരുടെ അന്തരംഗങ്ങളില്‍ ആന്ദോളനം ചെയ്യുന്നത്. അപ്പോഴവരുടെ ദിവ്യാനുരാഗം പ്രകടമാവുകയും അണഞ്ഞൊതുങ്ങിക്കഴിയുന്ന തീവ്രാഭിനിവേശം വിജൃംഭിതമാവുകയും ചെയ്യും. അവരുടെ ഹൃദയങ്ങളെയത് പ്രകമ്പനപൂരിതമാക്കും.

ആത്മജ്ഞാനികളുടെ ഹൃദയങ്ങള്‍ നാഥനുമായാണ് ബന്ധിതമായിരിക്കുക. അവ റബ്ബിന്റെ മഹത്ത്വങ്ങളില്‍ ചടഞ്ഞുകൂടിക്കഴിയുകയാവും. അവ നിലകൊള്ളുന്നതുതന്നെ ദിവ്യസാമീപ്യത്തിന്റെ സാന്നിധ്യത്തിലായിരിക്കും. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഉപരിസൂചിതമായ കവിതാശ്രവണം അവരുടെ ഹൃദയങ്ങള്‍ക്ക് ജലസേചകമായിത്തീരുകയും അല്ലാഹുവിങ്കലേക്കുള്ള സഞ്ചാരത്തിന് വേഗത വര്‍ധിപ്പിക്കുകയും ചെയ്യും. ഹീനരായ അധര്‍മകാരികളുടെ ശ്രവണം സ്വൂഫികളുടേതുപോലെയല്ല. അവര്‍ വിനോദം ലക്ഷ്യം വെച്ചും സംഗീതോപകരണങ്ങള്‍ കൈയില്‍ കരുതിയുമാണ് സമ്മേളിക്കുന്നത്. അതുമൂലം ഉണ്ടായിത്തീരുന്നതാകട്ടെ, അവരുടെ മനസ്സിലുള്ള ദുര്‍നടപ്പും അധര്‍മവും ഉത്തേജിതമാവുകയാണ്. അല്ലാഹുവിന്റെ അനുശാസനങ്ങളും കല്‍പനകളുമെല്ലാം തത്സമയം വിസ്മരിച്ചുകളയുകയാണവര്‍. ഇപ്പറഞ്ഞതനുസരിച്ച്, പുണ്യവാന്മാരെ അധര്‍മകാരികളോടും സജ്ജനങ്ങളെ ദുര്‍ജനങ്ങളോടും  തുലനം ചെയ്യുക എന്നത് സാധ്യമല്ല.

ആത്മജ്ഞാനികളുടെ ഗാനാലാപനവും ശ്രവണവും സംബന്ധിച്ച് സംസാരിച്ചുകൊണ്ടിരിക്കേ, സ്വൂഫികളായ മഹാന്മാര്‍ക്ക് അതു മൂലമുണ്ടാകുന്ന നേട്ടങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ചില അനുഭവങ്ങള്‍ വിവരിക്കുന്നത് സമാധാനദായകമായിരിക്കുമെന്ന് തോന്നുന്നു. ചിലത് നമുക്കിവിടെ പരാമര്‍ശിക്കാം: ശൈഖ് മുസ്‌ലിം അല്‍അബാദാനി(റ) പറയുന്നു: സ്വാലിഹുല്‍ മുര്‍രി, ഉത്ബത്തുല്‍ ഗുലാം, അബ്ദുല്‍ വാഹിദിബ്‌നു സൈന്‍, മുസ്‌ലിമുല്‍ അസ്‌വാരി എന്നിവര്‍(1) ഞങ്ങളുടെ അതിഥികളായെത്തി. രാത്രി കടല്‍തീരത്താണ് അവര്‍ താമസിച്ചത്. ഞാന്‍ അവര്‍ക്ക് ഭക്ഷണം പാകം ചെയ്തു തയ്യാറാക്കി അവരെ കഴിക്കാന്‍ വിളിച്ചു. അവര്‍ വന്നു ഭക്ഷണത്തിനു മുന്നില്‍ ഇരുന്നപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ ഇങ്ങനെ പാടി:

(ശാശ്വത ഗേഹമായ സ്വര്‍ഗീയാരാമങ്ങളില്‍ നിന്ന് ചില വിഭവസമൃദ്ധമായ അന്നപാനാദികളും ശരീരത്തിന്റെ ആസ്വാദ്യതകളും നിന്റെ ശ്രദ്ധ തിരിച്ചുകളയുന്നതാകുന്നു. ആ ശരീരത്തിന്റെ ദുര്‍നടപ്പ് മനുഷ്യന് ഒട്ടുമേ ഗുണം ചെയ്യാത്തതായിരിക്കും!) ഈ പദ്യം ശ്രവിച്ചപ്പോള്‍ ഉത്ബത്തുല്‍ ഗുലാം ഒരട്ടഹാസത്തോടെ ബോധരഹിതനായി നിലംപതിച്ചു! മറ്റുള്ളവരാകട്ടെ ഉച്ചത്തില്‍ കരയുകയുമുണ്ടായി. ഒടുവില്‍ ഗത്യന്തരമില്ലാതെ ഭക്ഷണം ഞാനവരുടെ മുന്നില്‍ നിന്ന് എടുത്തുകൊണ്ടുപോകേണ്ടിവന്നു. ഒരിറക്കു പോലും അവരാരും ആസ്വദിച്ചുനോക്കിയതുപോലുമില്ല.

അബൂഉസ്മാന്‍ നൈസാബൂരി പറയുന്നു: ഹാരിസുല്‍ മുഹാസിബിയുടെ മുമ്പില്‍ വെച്ച് ഒരു ഗായകന്‍ ഈ വരികള്‍ പാടുകയുണ്ടായി:

(ഒരു വിദേശിയുടെ നയനങ്ങള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോഴൊക്കെയും എന്റെ ഈ പ്രവാസാവസ്ഥയിലിരുന്ന് ഞാന്‍ കണ്ണീരൊലിപ്പിച്ചുകൊണ്ടേയിരിക്കും. സ്വന്തം നാട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ എനിക്ക് യാതൊരു രോഗവുമുണ്ടായിരുന്നില്ല-ഇന്ന് ഞാന്‍ സ്‌നേഹഭാജനത്തെ ഓര്‍ത്തു കരയുകയാണ്-എന്റെ കാര്യം മഹാത്ഭുതം തന്നെ! സ്‌നേഹഭാജനമുള്ള ആ നാട് ഞാന്‍ കൈവിട്ടുപോന്നല്ലോ, കഷ്ടം!)(3) ഇതു കേട്ടപ്പോള്‍ ഹാരിസുല്‍ മുഹാസിബി അനുരാഗപ്രകടനം നടത്തുകയും കരയുകയും ചെയ്തു. തത്സമയം അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം അദ്ദേഹത്തോട് കാരുണ്യവും സഹതാപവുമുണ്ടായി.

ദുന്നൂനില്‍ മിസ്വ്‌രി(റ)  ബഗ്ദാദിലെത്തിയപ്പോള്‍ ഒരു സംഘം സ്വൂഫികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. അവരൊന്നിച്ച് ഒരു 'ഖവ്വാല്‍' ഉണ്ടായിരുന്നു. അയാള്‍ക്ക് എന്തെങ്കിലും പാടാന്‍ അവസരം നല്‍കണമെന്ന് ആഗതര്‍ ദുന്നൂനിനോടപേക്ഷിച്ചു. സമ്മതം കിട്ടിയപ്പോള്‍ ഖവ്വാല്‍ വശ്യമായി പാടി:

(നിന്നോടുള്ള ചെറിയ അനുരാഗം തന്നെ എന്നെ പീഡിപ്പിച്ചിരിക്കയാണ്; ഇനിയത് ആധിപത്യം ചെലുത്തിയാല്‍ എന്താകും സ്ഥിതി! എന്റെ ഹൃദയത്തില്‍ ഒരു മിശ്രിതാനുരാഗമാണ് നീ സന്നിവേശിപ്പിച്ചിരിക്കുന്നത്. ദുഃഖരഹിതരായ ആളുകള്‍ ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍ കരയുന്ന ഒരു ദുഃഖിതന്ന് നിങ്ങള്‍ അനുശോചനവും സഹതാപവും അറിയിക്കുന്നില്ലേ?) ഈ വരികള്‍ ശ്രവിച്ചപ്പോള്‍ ദുന്നൂന്‍ എഴുന്നേറ്റുനില്‍ക്കുകയും ഉടനെ ബോധരഹിതനായി നിലത്തുവീഴുകയും ചെയ്തു.(2) അബുല്‍ ഹുസൈന്‍ അന്നൂരി ഒരു സംഘം സ്വൂഫികളൊന്നിച്ച് ഒരു സദ്യക്കു പോയതായിരുന്നു. അങ്ങനെ അവര്‍ക്കിടയില്‍ ഒരു വൈജ്ഞാനിക ചര്‍ച്ച നടന്നു. അബുല്‍ ഹസന്‍ പക്ഷേ അതിലൊന്നും ശ്രദ്ധിക്കാതെ മൗനിയായി ഇരിക്കുകയാണ്. കുറച്ചു കഴിഞ്ഞ് ശിരസ്സുയര്‍ത്തി അദ്ദേഹം മറ്റുള്ളവരെ പാടിക്കേള്‍പിച്ചു: (പൂര്‍വാഹ്നസമയത്ത് കുറുകിക്കൊണ്ടിരിക്കുന്ന എത്രയെത്ര പ്രാവുകളുണ്ട്! ദുഃഖാര്‍ത്തയായ ആ പ്രാവ് മരക്കൊമ്പുകളിലിരുന്ന് കരയുകയാണ്. പിന്നിട്ടുപോയ ആമോദനിര്‍ഭരമായ കാലങ്ങളെയും ഉത്തമനാളുകളെയും കുറിച്ചനുസ്മരിച്ച് ഇന്നത്തെ ദുരവസ്ഥയില്‍ ഹൃദയം തപിച്ചു കരയുകയാണത്. ഈ ദയനീയ ദൃശ്യം എന്റെ ദുഃഖത്തെയും ഇളക്കിവിട്ടു. എന്റെ കരച്ചില്‍ ചിലപ്പോള്‍ അതിനെയും അതിന്റെ കരച്ചില്‍ ചിലപ്പോള്‍ എന്നെയും ഉറക്കമില്ലാത്തവരാക്കിക്കളഞ്ഞു! ചിലപ്പോള്‍ ഞാനതിനോട് സങ്കടം പറയും; പക്ഷേ എന്റെ വാക്കുകളതിനെ ഗ്രഹിപ്പിക്കാന്‍ എനിക്കാവില്ല. ചിലപ്പോഴത് എന്നോട് പരിഭവം രേഖപ്പെടുത്തും; അതിന്റെ ഭാഷ്യം എന്നെ മനസ്സിലാക്കിത്തരാന്‍ അതും അശക്തയാകും. എന്നാലും അതിന്റെ പ്രേമപാരവശ്യം എനിക്കും എന്റെ പ്രേമപാരവശ്യം അതിനും നന്നായി അറിയാം.)

നിവേദകന്‍ പറയുന്നു: ഈ വരികള്‍ ശ്രവിച്ച മുഴുവന്‍ പേരും എഴുന്നേറ്റ് നില്‍ക്കുകയും അനുരാഗപ്രകടനം നടത്തുകയും ചെയ്തു. വിജ്ഞാനം ഗൗരവതരവും വസ്തുതാപരവുമായ വിഷയമാണെങ്കിലും അവര്‍ നിമഗ്നരായ ആ ചര്‍ച്ചയാലായിരുന്നില്ല  ഈ അനുരാഗം പ്രകടമായത്.

അല്ലാമ സഫാരീനി എഴുതുന്നു: ഇത്തരം കവിതകള്‍ കേള്‍ക്കുക എന്നത് ഹൃദയങ്ങളിലുള്ള വിചാരവികാര സങ്കല്‍പങ്ങള്‍ ഇളക്കിവിടുന്നതും മനസ്സുകളുടെ അന്തരംഗങ്ങള്‍ പ്രകമ്പിപ്പിക്കുന്നതുമാണ്. ആത്മജ്ഞാനികളുടെ ഹൃദയങ്ങളാകട്ടെ അല്ലാഹുവിന്റെ സ്മരണ കൊണ്ട് എപ്പോഴും സജീവവും ഭൗതിക ഇച്ഛകളുടെ കലര്‍പ്പുകളില്‍ നിന്ന് സംശുദ്ധവുമായിരിക്കും. ദൈവികസ്‌നേഹം കൊണ്ട് കത്തിത്തിളങ്ങുന്നതും അവനല്ലാത്ത മറ്റൊന്നിനും ഇടമില്ലാത്തതുമായിരിക്കും അവരുടെ മനസ്സുകള്‍. തീക്കല്ലില്‍(3) അഗ്നി ഒളിച്ചിരിക്കുന്നതുപോലെയാണ് അവരുടെയന്തരംഗങ്ങളില്‍ ദൈവികസ്‌നേഹവും ദിവ്യാനുരാഗവും വികാരവിജൃംഭണവും സ്വാസ്ഥ്യരാഹിത്യവും ഗുപ്തമായിരിക്കുന്നത്. അവയോട് അനുസൃതമായവയുമായി കൂട്ടിമുട്ടുമ്പോഴേ ആ ആന്തരിക വികാരങ്ങള്‍ പുറത്തുവരികയുള്ളൂ.

തസ്വവ്വുഫിന്റെ വക്താക്കള്‍ കവിതകള്‍ ശ്രവിക്കുന്നതുകൊണ്ട് ലക്ഷീകരിക്കുന്നത് ഇപ്പറഞ്ഞതാണ്-ആ വരികളിലെ ഉള്ളടക്കങ്ങള്‍ തങ്ങളുടെ ഹൃദയത്തിന്റെ അഗാധതകളിലുള്ള ദൈവിക സങ്കല്‍പങ്ങളും ദിവ്യവികാരങ്ങളുമായി കൂട്ടിമുട്ടും. അതിന്റെ മേല്‍കോയ്മാശേഷിയും കൂട്ടിമുട്ടലും കാരണമായി ഹൃദയവികാരങ്ങള്‍ ഇളകിവശാകും. തല്‍സമയം പ്രശാന്തമായി നിലകൊള്ളുവാനുള്ള ശേഷി ഹൃദയങ്ങള്‍ക്ക് വിനഷ്ടമാവുകയാണ്. അപ്പോള്‍ ശരീരത്തിലെ അവയവങ്ങള്‍ മുഖേന അത് പ്രകടമാകും-ചലനങ്ങളോ അട്ടഹാസമോ ബോധക്ഷയം തന്നെയോ ഒക്കെയായി. ഹൃദയാന്തര്‍ഭാഗത്തുണ്ടായിത്തീരുന്ന പ്രകമ്പനങ്ങളാലാണിത്; കേള്‍വി എന്ന കേവലപ്രക്രിയ മനസ്സുകളില്‍ എന്തെങ്കിലും സൃഷ്ടിച്ചെടുക്കുകയല്ല ചെയ്യുന്നത്.

ഇക്കാരണത്താലാണ് ഇമാം ജുനൈദുല്‍ ബഗ്ദാദി(റ) ഇങ്ങനെ പറഞ്ഞത്: കേള്‍വി എന്നത് ഹൃദയങ്ങളില്‍ യാതൊരു പ്രതിഫലനവും ഉണ്ടാക്കുന്നില്ല; അവയുടെ അന്തരംഗങ്ങളിലുള്ള വികാരവിചാരങ്ങള്‍ ഇളക്കിവിടുകയാണ് കേള്‍വി ചെയ്യുന്നത്. അങ്ങനെയുണ്ടാകുമ്പോള്‍ തങ്ങളുടെ ദിവ്യാനുരാഗത്താല്‍ സ്വൂഫികള്‍ പ്രകമ്പനം കൊള്ളുന്നത് നിനക്ക് കാണാം. തങ്ങളുടെ പരമോന്നതലക്ഷ്യമെന്താണോ, ആ നിലക്ക് അവര്‍ സംസാരിക്കുന്നത് നിനക്ക് കേള്‍ക്കാം. തങ്ങളുടെ അന്തരംഗങ്ങളിലുള്ള ഗുപ്തമായ ദിവ്യരഹസ്യങ്ങള്‍ എത്രകണ്ടും എങ്ങനെയുമാണോ തദനുസൃതമായി അവര്‍ വികാരപാരവശ്യത്തില്‍ നിപതിച്ചുപോകുന്നവരായി നിനക്കനുഭവപ്പെടും. എന്നല്ലാതെ, ഇപ്പറഞ്ഞതൊന്നും ആ ഗാനാലാപകന്റെ വാക്കു മൂലമുണ്ടാകുന്നതല്ല; എന്നല്ല, പദങ്ങളിലേക്കാവില്ല അവരുടെ തിരിഞ്ഞുനോട്ടം. മറിച്ച് തങ്ങളുടെ ബുദ്ധി വിഭാവനം ചെയ്തുവെച്ച ചിത്രത്തിലേക്കും സ്ഥിതിയിലേക്കും അവരുടെ ധാരണ മറികടന്നെത്തുകയാണ്.

ഇപ്പറഞ്ഞതിന്റെ സാധുത ചില സംഭവങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടുകതന്നെ ചെയ്യും. പ്രമുഖ സ്വൂഫിവര്യനായിരുന്ന അബൂഹകമാന്‍(റ)വില്‍ നിന്ന് ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്-ഥവാഫ് ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ഒരാള്‍ തന്റെയൊരു സ്‌നേഹിതനെ വിളിക്കുകയാണ്, 'ഹേ സഅതര്‍ ബര്‍രി, .....' ഇതു കേട്ട അബൂഹകമാന്‍ നിലത്തു വീഴുകയും ബോധരഹിതനാവുകയും ചെയ്തു. കുറേക്കഴിഞ്ഞ് ബോധം തിരിച്ചുകിട്ടിയപ്പോള്‍ ആളുകള്‍ അദ്ദേഹത്തോട് വീഴ്ചയുടെ കാരണം ആരാഞ്ഞു. അബൂഹകമാന്റെ മറുപടി: 'ഇസ്അ തറ ബിര്‍രീ' (നീ കര്‍മങ്ങളില്‍ നിരതനാവുക, എങ്കില്‍ എന്റെ പുണ്യം നിനക്ക് ലഭിക്കുന്നതാണ്) എന്ന് അയാള്‍ പറഞ്ഞതായാണ് ഞാന്‍ കേട്ടത്.

ഇവിടെ എന്താണ് സംഭവിച്ചത്? അദ്ദേഹത്തിനുണ്ടായ ഈ വികാരപാരവശ്യം, താന്‍ ഏതൊരു ദൈവസ്മരണയുടെ അവസ്ഥയിലായിരുന്നോ ആ നിലക്കാണുണ്ടായത്. പ്രത്യുത, ആ വാക്കു പറഞ്ഞ വ്യക്തിയുടെ സംസാരം ശ്രവിച്ചതിനാലല്ല; അയാളുടെ ഉദ്ദേശ്യം തന്നെ ഇങ്ങനെയൊന്നായിരുന്നില്ലല്ലോ.

മറ്റൊരു ആത്മജ്ഞാനിയായ ശൈഖില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു സംഭവമുണ്ട്. 'ഖിയാര്‍' (കക്കരിക്ക) ഒരു ദിര്‍ഹമിന് പത്തെണ്ണമാകുന്നു' എന്ന് ഒരാള്‍ പറയുന്നതായി അദ്ദേഹം കേട്ടു. തല്‍ക്ഷണം ശൈഖ് അതാ വികാരപരവശനാകുന്നു! കാരണമന്വേഷിച്ചപ്പോള്‍ താന്‍ പ്രതികരിച്ചത്, ഖിയാര്‍ ദിര്‍ഹമിന് പത്താണെങ്കില്‍ പിന്നെ ദുര്‍ജനങ്ങള്‍ക്ക് എന്തു വിലയാണ് എന്നായിരുന്നു.

അപ്പോള്‍ അല്ലാഹുവിനോടുള്ള സ്‌നേഹം കൊണ്ട് ജാജ്ജ്വല്യനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, സൂക്ഷ്മമായ ദിവ്യസാരങ്ങള്‍ ഗ്രഹിക്കുന്നതിന് കട്ടിയുള്ള പദങ്ങള്‍ തടസ്സമാകയില്ല. ഏതെങ്കിലും വശ്യമായ ഈണമോ രാഗമോ കേള്‍ക്കുമ്പോഴോ എന്തെങ്കിലും കൗതുകമാര്‍ന്ന ചിത്രം കാണുമ്പോഴോ നിന്നുപോകുന്നവനല്ല അയാള്‍. അര്‍ഥസാരങ്ങളുടെ ലോലതയോ ഈണ-രാഗങ്ങളുടെ സൗന്ദര്യമോ ആണ് സ്വൂഫികളുടെ ശ്രവണത്തിന്റെ അടിസ്ഥാനം എന്ന് ആരെങ്കിലും ധരിച്ചുവശായിട്ടുണ്ടെങ്കില്‍ അയാള്‍ ഈ കേള്‍വിയുടെ യഥാര്‍ഥ്യത്തില്‍ നിന്ന് അതിവിദൂരനാകുന്നു.

ഇക്കാര്യം സംബന്ധിച്ച് ആത്മജ്ഞാനികളായ മഹാന്മാര്‍ ഇങ്ങനെ പ്രസ്താവിച്ചതായി കാണാം: ഈ കേള്‍വി ദൈവികമായ ഒരു യാഥാര്‍ഥ്യവും ആത്മികമായ ഒരു കൗതുകാനുഭവവുമാകുന്നു. കേള്‍ക്കുകയും കേള്‍പിക്കുകയും ചെയ്യുന്ന ഒരാളില്‍ നിന്ന് ദിവ്യപ്രകാശങ്ങളുടെയും വരദാനങ്ങളുടെയും നവ്യാനുഭൂതികള്‍ വഴി അത് ഹൃദയരഹസ്യങ്ങളിലേക്ക് തെന്നിനീങ്ങുകയാണ്. തത്സമയം ഹൃദയത്തില്‍ ഇല്ലാതിരുന്ന ദുഷിച്ച ചിന്തകളെയും വിചാരങ്ങളെയും അവ നിശ്ശേഷം മായ്ച്ചുകളയുകയും ഹൃദയത്തില്‍ ഉണ്ടായിരുന്ന ഉദാത്ത ചിന്തകളെയും  സദ്വിചാരങ്ങളെയും അവശേഷിപ്പിക്കുകയും ചെയ്യും. ചുരുക്കത്തില്‍, അത് സത്യസന്ധനായ അല്ലാഹുവിങ്കല്‍ നിന്ന് സത്യബദ്ധമായ വിഷയങ്ങളെക്കുറിച്ചുള്ള സത്യനിഷ്ഠമായ കേള്‍വിയാകുന്നു.

ദിവ്യാനുരാഗം ബാധിക്കുന്നവരുടെ അവസ്ഥാന്തരങ്ങളെ സ്വൂഫികള്‍ അനാവരണം ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്: പ്രേമപാരവശ്യവും ദിവ്യാനുരാഗവുമുണ്ടാകുമ്പോള്‍ പലരെയും വ്യത്യസ്താവസ്ഥകള്‍ പിടികൂടുന്നത്, ഉപലബ്ധമാകുന്ന അവസ്ഥാവിശേഷത്തെ കൈയേല്‍ക്കാനുള്ള വ്യക്തികളുടെ ദൗര്‍ബല്യം മൂലമാകുന്നു. നവ്യാനുഭൂതികളുടെ ദിവ്യജ്യോതിസ്സുകള്‍ ഹൃദയത്തിലേക്കുള്ള പ്രവേശനകവാടത്തിങ്കല്‍ തിക്കിത്തിരക്കി എത്തും. തന്മൂലം അയാളെ ഒരു പരിഭ്രാന്തി പിടികൂടുകയും ശരീരത്തിലെ വ്യത്യസ്താവയവങ്ങള്‍ ഭിന്നമായ ചലനങ്ങളുണ്ടാക്കുകയും ചെയ്യും. ഇതു കാരണമായി അയാള്‍ ശബ്ദിക്കുകയോ അട്ടഹസിക്കുകയോ അന്ധാളിച്ച് അബോധാവസ്ഥയില്‍ വീഴുകയോ ആണുണ്ടാവുക. മിക്കവാറും ഈ അവസ്ഥാന്തരങ്ങളുണ്ടാവുന്നത് പ്രാരംഭഘട്ടത്തിലുള്ളവര്‍ക്കായിരിക്കും.

എന്നാല്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter