അറബി മലയാളം: സ്വത്വം, സ്വാധീനം, പ്രതിരോധം

ആമുഖം

കേരളക്കരയിലേക്ക് ഇസ്‍ലാം കടന്നുവന്നതോടെയാണ് അറബി മലയാളമെന്ന നവലിപി രൂപപ്പെടുന്നത്. പുരാതന കാലം തൊട്ടേ അറബികൾക്ക് കേരളവുമായി കച്ചവട ബന്ധമുണ്ടായിരുന്നെങ്കിലും കേവല സാങ്കേതിക പദങ്ങൾക്കപ്പുറം ഭാഷാപരമായ കൈമാറ്റങ്ങളുണ്ടായിരുന്നില്ല. ഇസ്‍ലാം മതത്തിന്റെ അനുയായികൾ വർധിക്കുകയും അവരൊരു സമൂഹമായി തീരുകയും ചെയ്തതോടെയാണ് അറബി മലയാളം നിലവിൽ വന്നത്.

അറബി മലയാളത്തിന്റെ ചരിത്രത്തെയും സ്വാധീനത്തെയും വിശകലനം ചെയ്യുമ്പോൾ അധിനിവേശ കാലം, അധിനിവേശാനന്തര കാലം എന്ന വേർതിരിവ് അനിവാര്യമാണ്. അധിനിവേശ കാലത്ത് ഭാഷ ഒരു പ്രതിരോധോപാധി ആയിരുന്നെങ്കിൽ അധിനിവേശാനന്തരം അത് സ്വത്വനിർമിതിയുടെ ഭാഗമായി പരിണമിച്ചു.

അറബി മലയാളത്തിൽ ലഭ്യമായ ആദ്യകൃതി മുഹ്‍യിദ്ധീൻ മാലയിൽ അതിന്റെ രചയിതാവ് ഖാളി മുഹമ്മദ് തന്നെ സൂചിപ്പിക്കുന്നത് പ്രകാരം പ്രസ്തുത മാല രചിക്കപ്പെടുന്നത് കൊല്ല വർഷം 782 (എ ഡി 1606)ലാണ്. അതായത് നാല് നൂറ്റാണ്ടോളം പഴക്കമേ അറബി മലയാളത്തിനുള്ളൂ എന്നർഥം. എന്നാല്‍ പിന്നീടങ്ങോട്ട് സാമൂഹികമായും സാംസ്കാരികമായും സാഹിത്യപരമായും മാപ്പിളമാരെ സമുദ്ധരിക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന ലക്ഷണമൊത്ത ഒരു ഭാഷയാണ് അറബി മലയാളത്തിലൂടെ പിന്നീട് നാം കാണുന്നത്.

എന്ത് കൊണ്ട് അറബി?

ഇസ്‍ലാമിന്റെ പ്രചാരകരായ അറബികളുടെ ഭാഷ എന്നതിനപ്പുറം അറബി ഭാഷക്ക് മതപരമായ പ്രാധാന്യം ഉണ്ടെന്ന് ഇസ്‍ലാമിക പ്രമാണങ്ങൾ പ്രഖ്യാപിക്കുന്നുണ്ട്. ഖുർആന്റെ ഭാഷ, സ്വർഗവാസികളുടെ ഭാഷ, പ്രവാചകന്റെ ഭാഷ എന്നിങ്ങനെ അതിന്റെ സവിശേഷത നീളുന്നു. അറബി ഭാഷയെ മഹത്വവത്കരിച്ചു കൊണ്ടുള്ള ഖുർആനിക വചനങ്ങളും കാണാം. വിശ്വാസികൾക്ക് നിർബന്ധമായ അഞ്ച് നേരത്തെ നിസ്കാരം, വെള്ളിയാഴ്ച ജുമുഅയിലെ ഖുതുബയിലെ ചില ഭാഗങ്ങൾ എന്നിവ അനറബി ഭാഷയിൽ ചൊല്ലിയാൽ ആ ആരാധനകൾ നിഷ്ഫലമായിപോകുന്നു.

ഇസ്‍ലാം മതത്തിലെ പ്രമുഖ പണ്ഡിതരുടെ രചനകളധികവും അറബിയിലാണെന്നതും വൈജ്ഞാനികമായ അറബിയുടെ പ്രാധ്യാന്യം വർധിപ്പിക്കുന്നു. സ്വാഭാവികമായും അറബി മാപ്പിളമാർക്കിടയിൽ വിശുദ്ധ ഭാഷയായി വാഴ്ത്തപ്പെട്ടു. ഇസ്‍ലാമിക ലോകത്ത് പ്രബോധനത്തിന്റെ ഭാഗമായി അറബിവത്കരണം വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെട്ടതായി കാണാം. ഹിന്ദുസ്ഥാനി ഭാഷയിലേക്ക് അറബിയും ഉർദുവും ചേക്കേറിയതോടെയാണല്ലോ ഉറുദു ഭാഷ പിറവിയെടുക്കുന്നത്. പർദ്ദ, ഖമീസ് പോലോത്ത വേഷവിധാനങ്ങളിൽ തുടങ്ങി സാംസ്കാരികവും വ്യക്തിപരവുമായ മേഖലകളിലേക്ക് ഈ അറബിഭ്രമം പടർന്നു.

പൂർവകാലങ്ങളിൽ യുദ്ധങ്ങളും കീഴടക്കലുകളും വഴിയാണിത് സംഭവിച്ചതെങ്കിൽ ഇപ്പോളത് മതത്തിന്റെ പവിത്രത കൽപ്പിക്കപ്പെട്ട് അറബേതര മുസ്‍ലിമുകൾക്കിടയിൽ സജീവമാണ്. എങ്കിലും അറബ് കോളനിവത്കരണം ഏകശിലാത്മകമായൊരു മുന്നേറ്റമായിരുന്നില്ലെന്നും ചരിത്രപരമായ കാരണങ്ങളും അറബ് സംസ്കാരം ഇതര സംസ്കാരങ്ങളുമായി പുലർത്തുന്ന ഇടപെടലുകളും ദേശവാസികളുമൊക്കെ അതിന്റെ ഭാഗങ്ങളായിരുന്നുവെന്നും നബീൽ മതർ തന്റെ ഇസ്‍ലാം ഓൺ ബ്രിട്ടണ്‍ എന്ന കൃതിയില്‍ നിരീക്ഷിക്കുന്നുണ്ട്. അധിനിവേശാർത്ഥത്തിലുള്ള അറബിവത്കരണമായിരുന്നില്ല കേരളത്തിലേതെന്നും ഒരു ജനസമൂഹം പതിയെ അറബ് ഭാഷയെ തങ്ങളുടെ മാതൃഭാഷയിലേക്ക് സ്വാംശീകരിച്ചതാണെന്നും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.

വിശുദ്ധ ഖുർആൻ, പ്രവാചകവചനങ്ങൾ, മഹിത മന്ത്രങ്ങളായ ദിക്റുകൾ തുടങ്ങിയവ അക്ഷരപ്പിശകോ ഉച്ചാരണഭേദങ്ങളോ കൂടാതെ മാതൃഭാഷയിൽ പഠിക്കാനും പഠിപ്പിക്കാനും ഒരു ലിപി മാപ്പിളമാർക്കാവശ്യമായി വന്നു. ഇതൊക്കെയാണ് അറബി മലയാളത്തിന്റെ സ്ഥാപനകാരണങ്ങൾ.

സാമൂഹിക പശ്ചാത്തലങ്ങൾ

അറബി മലയാളം സാധിച്ച സമുദ്ധാരണങ്ങൾ കൃത്യമായി മനസിലാക്കാൻ അന്നത്തെ സാമൂഹിക സാഹചര്യം കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. ഭാഷ പഠിക്കാൻ പോലും അവർണ്ണർക്ക് അവസരം നിഷേധിക്കപ്പെട്ട കാലമായിരുന്നു അത്. ഭാഷ സവർണരുടെ സ്വകാര്യ സ്വത്തായി മാറിയപ്പോൾ സമൂലമായി വളർന്ന് പുഷ്ടിപ്പെടേണ്ട സാഹിത്യപുരോഗമനങ്ങൾ നിന്നുപോകുന്ന സാഹചര്യം വന്നു. മാപ്പിളമാരെന്ന പുതുതായി ഉടലെടുത്ത സമുദായത്തിന് ഭാഷയെന്ന ഉപകരണം തങ്ങളുടെ ആത്മീയവും സാംസ്കാരികവുമായ വളർച്ചക്ക് അത്യന്താപേക്ഷികമായിരുന്നു. അതിനിടെ കേരളത്തിലേക്ക് കടന്നുവന്ന അധിനിവേശക്കാരെ പ്രതിരോധിക്കുക എന്ന ദൗത്യവും അവർക്കുണ്ടായിരുന്നു."സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം..." എന്ന കവിമൊഴിയെ ശരിവെക്കുന്നതായിരുന്നു അവരുടെ അഭിമാനബോധം. അധിനിവേശക്കാരുടെ അതിക്രമങ്ങൾക്ക് അതിരില്ലാതെ വന്നത് അടിയന്തിര പ്രതിരോധത്തിന്റെ ആവശ്യകത വർധിപ്പിച്ചു.

സാഹിത്യ സൃഷ്ടികളും മതഗ്രന്ഥരചനകളും അവരുടെ സർഗാത്മകവും ആത്മീയവുമായ ദാഹം തീർത്തു. അതിനാൽ തന്നെ മാപ്പിളമാരുടെ ഭാഗത്ത് നിന്നും സാഹിത്യത്തെ സജീവമാക്കാനുള്ള ശ്രമങ്ങൾ നിരന്തരം നടന്നുകൊണ്ടിരുന്നു.

അറബി മലയാളമെന്ന സ്വാതന്ത്ര്യ സമര ഭാഷ

മുമ്പ് സൂചിപ്പിച്ചത് പോലെ മലബാർ കലാപകാലത്ത് സാമൂഹികമായി മാപ്പിളമാരെ ഒരുമിപ്പിച്ചത് അറബി മലയാളമായിരുന്നു. അറബി മലയാളത്തിൽ മാത്രം രചിക്കപ്പെട്ടിരുന്ന മാലകൾ ഇസ്‍ലാമിക ചരിത്രത്തിലെ വിശുദ്ധ യുദ്ധങ്ങളെയും അതിൽ അടരാടി വീരമൃത്യു വരിച്ച ശുഹദാക്കളെന്ന രക്തസാക്ഷികളെയും അവരുടെ അമരസ്മരണകളെയും വാഴ്ത്തി കൊണ്ട് രചിക്കപ്പെട്ടവയായിരുന്നു. അതോടൊപ്പം തന്നെ മാപ്പിളപ്പാട്ടുകൾ പ്രത്യേകിച്ച്‌ ചേരൂർ ചിന്ത്, മലപ്പുറം പടപ്പാട്ട്, ബദർ പടപ്പാട്ട് തുടങ്ങിയ പടപ്പാട്ടുകളും മാപ്പിളമാർക്കിടയിൽ പ്രചുരപ്രചാരം നേടിയെടുത്തിരുന്നു.

ആസ്വാദനം, ആത്മീയോന്നതി, ആവേശം എന്നീ മൂന്ന് ലക്ഷ്യങ്ങളും സമന്വയിച്ചതായിരുന്നു മേല്പറഞ്ഞ ഗീതങ്ങൾ. പദ്യരൂപത്തിലായതിനാൽ എല്ലാവർക്കും  ഇത് മനഃപാഠമാകാൻ എളുപ്പമായിരുന്നു. അതിനാൽത്തന്നെ പരിപാവനമായി പാരായണം ചെയ്യപ്പെടുകയും ചെയ്തിരുന്ന ഇവ തലമുറകൾ കൈമാറിപ്പോന്നിരുന്നു.

മലബാർ സമരകാലത്തും മറ്റും മാപ്പിളമാരിൽ യുദ്ധവീര്യം നിറക്കാനും രക്തസാക്ഷിത്വമെന്ന പുണ്യപദവി വഴി സ്വർഗം സാധിക്കുമെന്ന് സമൂഹത്തെ ബോധിപ്പിക്കുവാനും ബദർ, ഉഹ്ദ് തുടങ്ങിയ യുദ്ധങ്ങൾ ഇങ്ങനെ പുനരാവിഷ്കരിക്കപ്പെട്ടു. ശത്രുക്കളുമായി സധൈര്യം ഏറ്റുമുട്ടുന്ന പൂർവികരായ മുസ്‍ലിം പോരാളികൾ കാലാന്തരങ്ങൾക്കപ്പുറത്ത് നിന്ന്  മാപ്പിളമാരിൽ വീരസ്മരണകളായി ഊർജം നിറച്ചു. മക്കൾ പോരാട്ടത്തിനിറങ്ങുമ്പോൾ  പലപ്പോഴും ഉമ്മമാർ കണ്ണീർ പൊഴിച്ചില്ല. കാരണം അവരായിരുന്നു ഒഴിവുസമയങ്ങളിൽ ഈ ധീരചരിതങ്ങൾ മക്കൾക്ക് ഓതിക്കൊടുത്തത്. രക്തസാക്ഷിയുടെ മാതാവാകാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യവുമായി, നാട് കാക്കാൻ ഒരു മാതാവ്‌ നിർവഹിക്കേണ്ട പങ്ക് താൻ നിർവഹിച്ചുവെന്ന അഭിമാനവുമായി അവർ എല്ലാം സഹിച്ചു. മലബാറിലെ സ്ത്രീകൾ സ്വസമുദായത്തോട് വളരെ കൂറുള്ളവരായിരുന്നുവെന്നും അവരുടെ ത്യാഗബോധവും വിവേകവും സുശക്തമായിരുന്നുവെന്നും ഫ്രാൻസിസ് ബുക്കാനൻ നിരീക്ഷിക്കുന്നുണ്ട്.

അറബി മലയാളം മാപ്പിളമാർക്കിടയിൽ മാത്രം ഒതുങ്ങിനിന്ന ലിപിയായതിനാൽ അതിനൊരു രഹസ്യ സ്വഭാവമുണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന് മനസ്സിലാക്കാൻ സാധിക്കാത്ത, എന്നാൽ രഹസ്യ സന്ദേശ കൈമാറ്റത്തിന് ഏറ്റവും അനുയോജ്യവുമായ കോഡുഭാഷയായി മാപ്പിളപ്പോരാളികൾ ഇതിനെ ഉപയോഗിച്ചുപോന്നു. പക്ഷെ, മാപ്പിളമാരിലെ തന്നെ ചില ഒറ്റുകാർ ബ്രിട്ടീഷ് ചാരന്മാരായി  മാറിയതോടെ അറബി മലയാളത്തിലൂടെയുള്ള ഈ നീക്കം ഉപേക്ഷിക്കേണ്ടി വന്നു.

അന്നത്തെ ഒട്ടുമിക്ക ഗദ്യ രചനകളും അറബി മലയാളത്തിൽ തന്നെയായിരുന്നു എഴുതപ്പെട്ടിരുന്നത്. മാപ്പിളമാർക്കിടയിൽ അറബി മലയാളത്തിന് വൻസ്വീകാര്യത ഉണ്ടായിരുന്നതിനാൽ തന്നെ അവയൊക്കെയും പരക്കെ വായിക്കപ്പെടുകയും ചെയ്തു. സമുദായത്തെ ഉത്ബോധിപ്പിക്കുവാനും പോരാട്ട വേദിയിലേക്ക് വഴിനടത്താനും ഗ്രന്ഥകാരന്മാർ മതത്തിന്റെ പിന്‍ബലം തേടിയിരുന്നുവെന്ന യാഥാർഥ്യം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഓത്തുപള്ളികളെന്ന മതപാഠശാലകളിൽ മൊല്ലാക്കമാരെന്ന അധ്യാപകർക്ക് കീഴിൽ വിദ്യാർത്ഥികൾ പഠനമാധ്യമമായി അറബി മലയാളം  അഭ്യസിച്ചിരുന്നു. കേവലലിപിയിൽ നിന്നും അറബി മലയാളം എങ്ങനെ പ്രതിരോധത്തിന്റെ ഭാഷയായിത്തീർന്നു എന്നാണ് നാം പരിശോധിച്ചത്.

ഔദ്യോഗിക ഭാഷയാകുന്ന അറബി മലയാളം

പോരാട്ടവീഥിയിൽ മാത്രമല്ല മുസ്‍ലിംകൾ അറബി മലയാളത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ ഉറുദു ഭാഷക്കുള്ള സ്വാധീനം അക്കാലത്തു അറബി മലയാളവും കൈവരിച്ചിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ കർമശാസ്ത്ര വിഷയങ്ങളിലുള്ള ഗ്രന്ഥരചനകൾ അതിൽ അന്യസൂതം തുടർന്നുകൊണ്ടിരുന്നു. ഖാളി മുഹമ്മദിന്റെ മകൻ ഖാളി മുഹ്‍യിദ്ധീൻ രചിച്ച വെള്ളാട്ടി മസ്അലയും ഇബ്നുഹജർ അല്‍ഹൈതമിയുടെ തുഹ്ഫത്തുൽ മുഹ്താജിന് ചാലിലകത്ത് ഹസൻ മുസ്‌ലിയാർ രചിച്ച ത്വൽഅത്തുൽ ബഹിയ്യയും ഇമാം ഗസാലിയുടെ ഇഹ്‍യാ ഉലൂമിദ്ദീനിലെ ഫിഖ്ഹ് ഭാഗത്തിന് മുളമ്പത്ത് കുഞ്ഞാമു രചിച്ച പരിഭാഷയും പള്ളിദർസുകളിൽ പരമ്പരാഗതമായി ഓതിപ്പോരുന്ന പത്തുകിതാബിന് ബറകാത്തുൽ മുഅ്‌മിനീൻ എന്ന പേരിൽ കൊങ്ങണം വീട്ടിൽ ഇബ്രാഹിം മുസ്ലിയാരുടെ പരിഭാഷയും മറ്റനേകം കർമശാസ്ത്ര ഗ്രന്ഥങ്ങളും അറബി മലയാളത്തിൽ വിരചിതമായി.

അന്നത്തെ പണ്ഡിതന്മാർ കർമശാസ്ത്രവിധികളായ ഫത്‍വകൾ പുറപ്പെടുവിച്ചിരുന്നത് അറബി മലയാളത്തിലായിരുന്നു. മമ്പുറം സയ്യിദ് പൂക്കോയ തങ്ങളുടെ ഫത്‍വകൾ ആദ്യം അറബിയിലും ശേഷമവ പരിഭാഷപ്പെടുത്തി അറബി മലയാളത്തിലും പ്രസിദ്ധീകരിച്ചതായി കാണാം. അതിനാൽ തന്നെ മതപരമായ കാര്യങ്ങളിൽ അറബി മലയാളം ഔദ്യോഗിക ഭാഷയായി പ്രവർത്തിച്ചു എന്ന് മനസിലാക്കാം.

അറബി മലയാളം: സ്വത്വം, സാഹിത്യം, സ്വാധീനം

സാഹിത്യങ്ങൾ പൊതുവിൽ ഗദ്യസാഹിത്യം, പദ്യസാഹിത്യം എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്നു. ഈ രണ്ടുമേഖലകളിലും മാപ്പിളമാർ സാധിച്ച വിപ്ലവകരമായ മാറ്റങ്ങളെ അടയാളപ്പെടുത്തിയാലേ അറബി മലയാളത്തിന്റെ ചരിത്രം പൂർണമാകൂ.

മാപ്പിളമാർ എന്നത് മലബാറിലെ മുസ്‍ലിംകളെ കുറിക്കുന്ന പ്രയോഗമാണ്. അന്നത്തെ അറബ്, പേർഷ്യൻ വ്യാപാരികളുടെ പിന്മുറക്കാരും ഇസ്‍ലാമിലേക്ക് പരിവർത്തനം ചെയ്ത അവര്‍ണ്ണ ഹൈന്ദവരുമൊക്കെ ഈ മാപ്പിളയെന്ന സംജ്ഞയിൽ ഉൾപ്പെടുന്നു. മഹാപിള്ള എന്നതിൽ നിന്നായിരിക്കാം മാപ്പിളയുടെ നിഷ്പത്തി എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. കച്ചവടാവശ്യാർഥം കേരളതീരത്തേക്ക് വന്ന ജൂതരെയും ക്രിസ്ത്യാനികളെയും മാപ്പിള എന്ന് കേരളീയർ ആദരിച്ച് വിളിച്ചിരുന്നു.

സെമിറ്റിക് ഭാഷാവാലിയിലെ പ്രമുഖഭാഷയായ അറബിയുടെ നസ്ഖി ലിപിയിലെ വടിവുകൾക്ക് ചെറുമാറ്റങ്ങൾ വരുത്തിയാണ് അറബി മലയാളം ലിപി രൂപപ്പെടുന്നത്. നസ്ഖി ലിപിയിൽ ഇതുപോലെ വിപുലീകരണങ്ങൾ നടത്തിയാണ് ഉറുദു, പഞ്ചാബി, കാശ്മീരി, സിന്ധി, ഫാരിസി ഭാഷകൾക്കൊക്കെ ലിപികൾ സ്ഥാപിക്കുന്നത്. അറബി ഭാഷ മുസ്‍ലിം സ്വത്വത്തെ എങ്ങനെ വാർത്തെടുത്തു എന്ന് തിരിച്ചറിയുമ്പോഴാണ് അറബി  മലയാളം മാപ്പിള സ്വത്വരൂപീകരണത്തിൽ വഹിച്ച പങ്കിനെ പൂർണാർഥത്തിൽ ഉൾക്കൊള്ളാനാകുക.

ഇസ്‍ലാം മതത്തിലെ ഔദ്യോഗിക ഭാഷാപദവി വഹിച്ചിരുന്ന അറബി ഭാഷയെ പ്രബോധനാവശ്യാർത്ഥം ഇതരദേശങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ മുസ്‍ലിംകൾ യഥാർഥത്തിൽ നിർബന്ധിതരാകുകയായിരുന്നു. വിശുദ്ധ ഖുർആനും സാങ്കേതിക ഇസ്‍ലാമിക പദങ്ങളും  അറബിയിൽ മാത്രമുതകുന്നതായതിനാൽ തന്നെ വിഭിന്ന ഭാഷകയിലും സംസ്കാരങ്ങളിലും വ്യവഹരിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ ഇസ്‍ലാമിനോടൊപ്പം അറബിയും അവർക്ക് കൈമാറേണ്ടിവന്നു. മുസ്‍ലിം പ്രബോധകർ എത്തിയ ഇടങ്ങളിലെല്ലാം ഈ കൈമാറ്റം കാണാവുന്നതാണ്. പലപ്പോഴും ഇസ്‍ലാമിക പ്രഭാവത്തിൽ ചിലർ സ്വന്തം ലിപി പോലും ഉപേക്ഷിച്ചതായി കാണാം. അഗ്നിയാരാധകരായിരുന്ന പേർഷ്യൻ ജനത തങ്ങളുടെ ഫാരിസി ഭാഷ പഹ്‍ലി ലിപിയിലായിരുന്നു എഴുതിപ്പോന്നിരുന്നത്. ഇസ്‍ലാമിക സ്വാധീനത്തിന്റെ ശക്തിയിൽ ഹിജ്‌റ എൺപതാം വർഷത്തിലാണ് പഹ്‍ലി ലിപിയിൽ നിന്നും ഫാരിസി ഭാഷ അറബി ലിപിയിലേക്ക് പറിച്ചുനടപ്പെടുന്നത്.

പലപ്പോഴും ഒരേ ഭാഷക്ക് തന്നെ തനത് ലിപിയും അറബി ലിപിയും ഉണ്ടാകുന്നതിനെ കെ അബൂബക്കർ മാസ്റ്റർ പഠനവിധേയമാക്കുന്നുണ്ട്. ഈ സമാന്തര ധാരയിൽ മുസ്‍ലിംകൾ അറബിലിപിയും അമുസ്‍ലിംകൾ പാരമ്പരാഗത ലിപിയും ഉപയോഗിക്കുന്നു. ഹിന്ദി ഭാഷ ദേവനാഗരി ലിപിയിലെഴുതുമ്പോൾ ഉറുദു അറബി ലിപിയിലാണെഴുതുന്നത്. സിന്ധി, പഞ്ചാബി ഭാഷകൾക്കും ഇരു ലിപികളുണ്ട്. ഇതിൽ നിന്നും അറബിയെങ്ങനെയാണ് മുസ്‍ലിം എന്ന സ്വത്വത്തിലേക്ക് വഴിനയിച്ചതെന്ന് സ്പഷ്ടമാണ്.

അബൂബക്കർ മാസ്റ്റർ നിരീക്ഷിക്കുന്നത് പ്രകാരം അറബി മലയാളത്തിന്റെ ഉത്ഭവം മലയാളം പഴം തമിഴിൽ നിന്നും രൂപമെടുക്കുന്നതിനും മുമ്പാണ്. അതിനാൽ തന്നെ അടിസ്ഥാന ഭാഷയായ പഴംതമിഴിയിലുള്ള പദപ്രയോഗങ്ങൾ അറബിമലയാളത്തിൽ ധരാളം കാണാമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. മറ്റൊരു പ്രധാനകാര്യമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് അറബി മലയാളത്തിന്റെ ഫാരിസി ബാന്ധവമാണ്. അനാര്യപരമ്പര്യത്തിൽ നിന്നാണ് അറബി മലയാളം  ഊർജം കൊണ്ടതെന്നും അറബി മലയാളത്തിൽ കാണുന്ന പേർഷ്യൻ, തമിഴ്, കന്നഡ പദങ്ങൾ കൂട്ടിച്ചേർത്തതല്ലെന്നും മറിച്ച് മാപ്പിളമാരുടെ നിത്യവ്യവഹാരണങ്ങളുടെ ഭാഗമായുള്ള സ്വാംശീകരണമാണെന്നും അറബി മലയാളമിന്ന് സംസ്കൃതവത്കരണത്തിന്റെ പിടിയിലകപ്പെട്ട് തനിമ ചോർന്നിരിക്കുകയാണെന്നും അദ്ദേഹം വിലയിരുത്തുന്നു.

ഇങ്ങനെ സ്വന്തമായൊരു അസ്‌തിത്വം സാധ്യമായതോടെയാണ് അറബി മലയാളമെന്ന സങ്കരഭാഷയിൽ രചനകൾ വ്യാപകമാകുന്നത്. തലശ്ശേരി വലിയപുരയിൽ മായിൻകുട്ടി എളയാവിന്റെയും തേൻപറമ്പിൽ അബ്ദുൽ ഖാദിർ മുസ്ലിയാരുടെയും കൊങ്ങണം വീട്ടിൽ ഇബ്രാഹിം കുട്ടി മുസ്ലിയാരുടെയും ഖുർആൻ വ്യാഖ്യാനങ്ങൾ അറബി മലയാളത്തിലായിരുന്നു രചിക്കപ്പെട്ടത്. കൂടാതെ കെ ഉമർ മൗലവിയുടെ തർജുമാനുൽ ഖുർആനും ഈ ഗണത്തിൽ പെടുന്നു.

ശുജായി മൊയ്‌ദീൻ മുസ്‌ലിയാർ മൂന്ന് വാള്യങ്ങളിലായി രചിച്ച ഫത്ഹുൽ ഫത്താഹ് ആദം നബി മുതല്‍ തുർക്കി ഖലീഫ അബ്ദുൽ ഹമീദ് ഖാൻ വരെയുള്ള ഇസ്‍ലാമിക ചരിത്രത്തെ ആസ്പദകമാക്കിയുള്ള ആധികാരിക ഗ്രന്ഥമാണ്. പില്കാലത്ത് ഇദ്ദേഹം തന്നെ ഈ ഗ്രന്ഥത്തെ സംഗ്രഹിച്ച് ഫൈളുൽ ഫയ്യാള് രചിച്ചു. മൂസക്കുട്ടി മുസ്ലിയാരുടെ തുഹ്ഫ പരിഭാഷ, ഇബ്രഹിം മൗലവിയുടെ മലബാർ ചരിത്രം, ഉണ്ണിമൊയ്തീൻ കുട്ടിയുടെ ദുറൂസുൽ താരീഖിൽ ഇസ്‍ലാമിയ്യ, ബദ്ർ, ഉഹ്ദ് യുദ്ധങ്ങളെ ആസ്പദമാക്കി ചാലിലകത്ത് ഇബ്രാഹിംകുട്ടി മുസ്ലിയാരുടെ ഗ്രന്ഥം, അബ്ദുറഹ്മാൻ മുസ്ലിയാരുടെ മനാഖിബു സിദ്ധീഖ് തുടങ്ങി ഒട്ടനേകം ചരിത്ര കൃതികൾ അറബി മലയാളത്തിൽ വിരചിതമായിട്ടുണ്ട്.

വൈദ്യ ശാസ്ത്ര രംഗത്തും ഇങ്ങനെ നിരവധി പുസ്തകങ്ങൾ കാണാവുന്നതാണ്. പ്രസിദ്ധ ആയുർവേദ ഗ്രന്ഥങ്ങളായ അഷ്ടാംഗ ഹൃദയം, വൈദ്യ  സാരം, പരോപകാരം എന്നിവയെ മൂലഭാഷയായ സംസ്‌കൃതത്തിൽ നിന്നും അറബി മലയാളത്തിലേക്ക് കൊങ്ങണം വീട്ടിൽ ബാവ മുസ്‌ലിയാർ മൊഴിമാറ്റിയവയാണ്. ഇദ്ദേഹത്തിന്റെ തന്നെ, വൈദ്യശാസ്ത്രത്തിലുള്ള മറ്റൊരു സംഭാവനയാണ് മആനിമുൽ ഇഖ്‌വാൻ ഫീ തർജുമത്തിൽ അദ്‍വിയത്തി വൽ ഹയവാൻ എന്ന ഗ്രന്ഥം. പട്ടാളത്ത് കുഞ്ഞി രായിൻകുട്ടി പരിഭാഷ ചെയ്ത തിബ്ബ്‌ അൽഅംറാള്, ഇലാജുൽ അത്ഫാൽ, വൈദ്യ ജ്ഞാന തുടങ്ങിയവയും ശ്രേദ്ധയമാണ്.

ആയിരത്തൊന്ന് രാവുകൾ എന്ന പേരിൽ വിശ്രുതമായ കഥാസമാഹാരങ്ങൾ കാര്യാടൻ കുഞ്ഞി മൂസ, ടി സി കുഞ്ഞായിൻ എന്നിവരാൽ അറബി ഭാഷയിൽ നിന്നും അറബി മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ടവയാണ്. ഖിസ്സതു നദീറ എന്ന അറബി കഥക്ക് പി പി മുഹമ്മദ് കുഞ്ഞി തിരൂരങ്ങാടി രചിച്ച ഗുൽസനോബർ കഥകൾ എന്ന പരിഭാഷ, അലാവുദ്ധീനും അത്ഭുത വിളക്കും, ഖമറുസ്സമാൻ, ശംസുസ്സമാൻ തുടങ്ങി അനേകം നോവലുകളും ചെറുകഥകളുമൊക്കെ മാപ്പിള സാഹിത്യത്തെ സമ്പന്നമാക്കി. കൂടാതെ കപ്പപ്പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, പടപ്പാട്ടുകൾ, മാലകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടനവധി പദ്യരൂപങ്ങൾ അറബിമലയാളത്തിന്റെയും മാപ്പിളസമുദായത്തിന്റെയും സ്വന്തമാണ്.

ഇത് കൂടാതെ അനവധി ആനുകാലിങ്ങളും അറബിമലയാളത്തിൽ സുലഭമായിരുന്നു. സി സൈദാലിക്കുട്ടി എന്നവർ 1889 ൽ  പ്രസാധനമാരംഭിച്ച റഫീഖുൽ ഇസ്‍ലാം, ഇടക്കാലത്ത് വെച്ചത് നിറുത്തേണ്ടി വന്നപ്പോൾ അദ്ദേഹം തന്നെ ആരംഭിച്ച സ്വലാഹുൽ ഇസ്‍ലാം, മമ്പുറം സയ്യിദ് അബ്ദുല്ലക്കോയ തങ്ങളുടെ ഹിദായത്തുൽ മുസ്‍ലിമീൻ, ഇസ്‍ലാമിക നവോത്ഥാനം ലക്ഷ്യമാക്കി തുടങ്ങിയ മക്തി തങ്ങളുടെ  തുഹ്ഫത്തുൽ അഖ്‌യാർ, സാമൂഹികപരിഷ്കർത്താവും സ്വദേശാഭിമാനി ദിനപത്രത്തിന്റെ സ്ഥാപകനുമായ വക്കം മൗലവിയുടെ അൽ ഇസ്‍ലാം, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരുടെ അൽബയാൻ, സമസ്ത കേരളം ജംഇയ്യത്തുൽ മുഅല്ലിമീന്റെ ഔദ്യോഗിക പ്രസിദ്ധീകരണം അൽമുഅല്ലിം തുടങ്ങിയവ ഇവിടെ എടുത്തുപറയേണ്ടതാണ്. ഇവയത്രയും മാപ്പിള ഭാഷയായ അറബി മലയാളത്തിലൂടെ ദീനീ മുന്നേറ്റങ്ങളെ സ്വപ്നം കണ്ട് സ്ഥാപിക്കപ്പെട്ടവയായിരുന്നു.

അറബി മലയാളമെന്ന ലിപി വഴി കേരളീയ മുസ്‍ലിംകൾ മലയാളത്തിന് സമാന്തരമായ അക്കാദമിക, സാഹിത്യ ലോകം തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. ബ്രിട്ടീഷ് അതിക്രമത്തിന്റെ ആഘാതം ഏറ്റവും ശക്തമായി അനുഭവിച്ച ന്യൂനപക്ഷമായിരുന്ന മാപ്പിളമാരെ സംബന്ധിച്ചിടത്തോളം അത്തരമൊരു സ്വത്വ നിർമിതി അനിവാര്യവുമായിരുന്നു. ഇസ്‍ലാമിനോടൊപ്പം മാപ്പിള സമുദായത്തിന്റെ മുഖ്യധാരയിൽ നിലകൊണ്ട അറബി മലയാളം, അധിനിവേശ കാലത്ത് പ്രതിരോധത്തിന്റെ ഭാഷയായും പിന്നീട് അസ്തിത്വത്തിന്റെ ഭാഗമായും മാപ്പിള സ്വത്വത്തെ നിർണയിക്കുന്നതിൽ അനിഷേധ്യമായ പങ്കു വഹിച്ചിട്ടുണ്ട്. ലിത്തോ പ്രസ്സുകളുടെ ആവിർഭാവത്തോടെ വൻമുന്നേറ്റം നടത്തിയെങ്കിലും ഇന്ന് അറബിമലയാളം ശോഷിച്ചു കൊണ്ട് ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കേവലം മദ്റസകളിലെ പാഠപുസ്തകങ്ങളിലൊതുങ്ങിയ പാരമ്പര്യ ഭാഷയെ മാപ്പിള സമുദായം പോലും ഇന്ന് വേണ്ടവിധം ഗൗനിക്കുന്നില്ലെന്നതാണ് സത്യം. 

സംഗ്രഹം 

അറബി മലയാളത്തിന്റെ തകർച്ചയെ വിശകലനം ചെയ്ത് എൻ ബി സിദ്ധീഖ് ബുഖാരി കേരളീയ പൊതുമണ്ഡലത്തോട് വിളിച്ചുചോദിച്ച വരികൾ പങ്കുവെച്ചുകൊണ്ട് ഈ പ്രബന്ധം ഉപസംഹരിക്കുന്നു: രണ്ടർഥത്തിൽ മുസ്‌ലിം പരിഷ്‌ക്കരണ യുക്തിബോധത്തിന് വിരുദ്ധമായിരുന്നു അറബി മലയാള സ്വത്വം. ഒന്ന് പാരമ്പര്യ ആദർശ പ്രകാശനമായിരുന്നു ആദ്യ കാലത്തുള്ളവ. മറ്റൊന്ന് തികഞ്ഞ രാഷ്ട്ര ബോധത്തിലധികരിച്ചുള്ള ദേശീയതയാണ് അറബി മലയാളം സംവഹിച്ചത്. രണ്ട് കാരണങ്ങൾ കൊണ്ടും അറബി മലയാളത്തിന്റെ തിരോധാനം മത പരിഷ്‌കരണക്കാരുടെ ഉള്ളിലൂട്ടപ്പെട്ട ഒന്നായിരുന്നു. അറബി മലയാളത്തെ കേവല സാഹിത്യ ശിൽപമായി സമീപിച്ച പരിഷ്‌കരണക്കാരുടെ നിലപാടും നാടോടി സാഹിത്യം മാത്രമായി സ്വീകരിച്ച മുഖ്യധാര സാഹിത്യ ചിന്തകരുടെ നിലപാടും തത്വത്തിൽഒന്നു തന്നെയായിരുന്നു. അറബി മലയാളം നിർവഹിച്ച ചരിത്രപരമായ പങ്കളിത്വത്തിന് അർഹിച്ച അംഗീകാരം രണ്ടുപക്ഷവും വകവെച്ചു കൊടുത്തില്ല. സാഹിത്യപഠനത്തിന്റെ വൃത്തത്തിൽ മാത്രം ചുരുങ്ങാതെ കൊളോണിയൽ വിരുദ്ധ സമരചരിത്രങ്ങളുടെ കൂടെനിർത്തിയും മറ്റു സാംസ്‌കാരിക തലങ്ങളിലൂടെയും അക്കാദമിക മണ്ഡലങ്ങളിലേക്ക് അറബി മലയാളത്തെ കടത്തിയിരുത്താനുള്ള യത്‌നങ്ങൾ നടക്കേണ്ടിയിരിക്കുന്നു. സബാൾട്ടാൻ സ്റ്റഡീസിന്റെ ഭാഗമായി സ്ത്രീയെഴുത്തുകളും ദലിത് ഇടപെടലുകളും മറ്റും തോട് പൊളിച്ച് പുറത്ത് വരുമ്പോൾ പഠന സാന്ദ്രതയുള്ള അറബി മലയാളം എന്ത് കൊണ്ട് പുനർവായനക്കും അപനിർമാണത്തിനും വിധേയമായിക്കൂടാ?. 
ഈ ചോദ്യം ഇന്നും സമുദായത്തിന് മുന്നില്‍ ബാക്കി നില്ക്കുക തന്നെയാണ്. സ്വത്വബോധവും തങ്ങളുടെ ചരിത്രനിര്‍മ്മിതിയിലും നാടിന് മുന്‍ഗാമികള്‍ അര്‍പ്പിച്ച സംഭാവനകളിലും ആത്മാഭിമാനവും ഉണ്ടാകുമ്പോഴേ ഇതിന് പ്രവൃത്തി പഥത്തില്‍ മറുപടികളും പരിഹാരങ്ങളും ജനിക്കൂ.

അവലംബം:

മാപ്പിളയുടെ വേരുകള്‍ തേടി 'മാപ്പിളയുണ്ടായ യാത്രകള്‍'-Thelitcham 15th anniversary edition
• Mappila Muslims culture _ Roland Miller
• Mappila Muslims Of Malabar_ Roland Miller
• ഫത്ഹുൽ മുഈൻ - ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം 
• വിശുദ്ധ ഖുർആൻ
• Fransis Bucahanan -, A Journey from Madras through the Countries of Mysore, Canara and Malabar
• Nabil Matar, Islam in Britain: 1558-1685 (1998)
• കെ അബൂബക്കർ മാസ്റ്റർ-അറബി മലയാളം: ഭാഷയും സാഹിത്യവും
• casteism in the indian education system and its many challenges-Paper 2-Achiever IAS Academy
• അറബി മലയാള സാഹിത്യ ചരിത്രം - അബു,ഒ
• P. P., Razak Abdul "Colonialism and community formation in Malabar: a study of Muslims of Malabar
• Fransis Bucahanan, A Journey from Madras through the Countries of Mysore, Canara and Malabar,
• ബദ്‌റുദ്ദീന്‍ തച്ചണ്ണ - അറബി-മലയാളം: മലബാറിന്റെ പ്രതിരോധ ഭാഷ
• എൻ ബി സിദ്ധീഖ് ബുഖാരി-അറിയുമോ അറബി മലയാളം?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter