മാറുന്നുവോ നമ്മുടെ ഭാര്യാസങ്കല്‍പ്പങ്ങള്‍?

മനുഷ്യ സമൂഹത്തില്‍ ആണിനും പെണ്ണിനും ചില പ്രത്യേക അവകാശങ്ങളും  പ്രാധാന്യവുമുണ്ട്. സമൂഹം നിലനില്‍ക്കണമെങ്കില്‍ രണ്ടു വിഭാഗവും ഈ അവകാശങ്ങള്‍ പങ്ക് വെച്ച് പരസ്പരം സമരസപ്പെട്ടു ജീവിക്കുക തന്നെ വേണം. ആണിന് പെണ്ണിനേക്കാള്‍ ചില പ്രത്യേകതകളും മറ്റുമുണ്ടെങ്കിലും മകളായിരിക്കുമ്പോള്‍ പിതാവിന്റെയും ഭാര്യയായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റയും ഉമ്മയായിരിക്കുമ്പോള്‍ മക്കളുടേയും സംരക്ഷണം ലഭിക്കേണ്ടവളാണവള്‍. 

ഒരു സ്ത്രീയുടെ ജീവിതപരിണാമഘട്ടങ്ങളില്‍ വളരെ സുപ്രധാന ഘട്ടമാണ് അവള്‍ ഭാര്യാപദം അലങ്കരിച്ചു കൊണ്ടിരിക്കുന്ന കാലം. ജീവിതത്തിന്റെ ഗതിവിഗതികള്‍ മാറ്റുന്ന സംരഭമാണല്ലോ വിവാഹം. വിവാഹത്തിലൂടെ ഇണയും തുണയുമായി മുന്നോട്ട് ഗമിക്കുമ്പോള്‍ നിരവധി വൈതരണികള്‍ തരണം ചെയ്യേണ്ടിവരും. ഭാര്യ ഭര്‍തൃ ബന്ധത്തിലെത്തിയവര്‍ പരസ്പരം ജീവിത പങ്കാളി(ലൈഫ് പാര്‍ട്ട്ണര്‍, ഹാഫ് ഓഫ് ലൈഫ്)കളാണെന്ന സുബോധത്തോടെയാകണം പിന്നീട് മുന്നോട്ട് പോവേണ്ടത്. വിവാഹത്തിന് ഇസ്‌ലാമിനോളം പ്രാധാന്യം നല്‍കിയമതം ലോകത്തില്ല. വിവാഹം എന്റെ തിരുചര്യയില്‍ പെട്ടതാണ്. വിവാഹത്തില്‍ നിന്ന് പിന്തിരിയുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്ന തിരുവചനം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്(ഇബ്‌നുമാജ).
ഇസ്‌ലാമിലെ വൈവാഹിക വീക്ഷണം വളരെ പവിത്രമാണ്. ജീവിതത്തില്‍ ഒരുദിവസം അന്യരായ സ്ത്രീയും പുരുഷനും പരസ്പരം അങ്ങേയറ്റം അടുത്തു ഇണകളായിത്തീരുന്നു. ഇത് അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തം തന്നെ. ഖുര്‍ആന്‍ പറയുന്നു. നിങ്ങളുടെ വര്‍ഗത്തില്‍ നിന്ന് തന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ സൃഷ്ടിച്ചു തന്നിട്ടുള്ളത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു.-നിങ്ങള്‍ അവരുമായി ഇണങ്ങിച്ചേര്‍ന്ന് മനസ്സമാധാനം കൈവരിക്കാന്‍ വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രേമബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തു. ചിന്തിക്കുന്ന ജനങ്ങള്‍ക്കിതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. തീര്‍ച്ച(അര്‍റൂം 21)
അതുപോലെ ഇസ്‌ലാമിലെ ഭാര്യാസങ്കല്‍പം വളരെ ലളിതവുമാണ്. ഭാര്യയെന്നാല്‍ ഭരിക്കപ്പെടേണ്ടവള്‍ എന്നര്‍ത്ഥം സൂചിപ്പിക്കുന്നുവെങ്കിലും ഭര്‍ത്താവിന്റെ അടിമയായി ജീവിക്കേണ്ടവള്‍ എന്ന മാനമല്ല ഇസ്‌ലാം അതിനു നല്‍കുന്നത്. മറിച്ച്, അവളെ സംരക്ഷിക്കുകയും ജീവിത സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഭര്‍ത്താവില്‍ അര്‍പ്പിതമാണ് എന്നാണത്. സൂറതുന്നിസാഇലെ 34ാം സൂക്തത്തിലൂടെ ഇക്കാര്യം അല്ലാഹു വ്യക്തമാക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍സ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ(പുരുഷന്‍മാരെ) ചിലരേക്കാള്‍(സ്ത്രീക്കളേക്കാള്‍) ഉല്‍കൃഷ്ടരാക്കിയത് കൊണ്ടും അവരുടെ ധനത്തില്‍ നിന്ന് അവര്‍ ചിലവ് ചെയ്യുന്നത് കൊണ്ടുമാണ് അങ്ങനെ നിശ്ചയിച്ചത്. ഇവിടെ പരാമൃഷ്ടമായ അധികാരം പുരുഷന്റെ സാമ്പത്തികവും കായികവുമായ  ക്ഷമത പരിഗണിച്ചാണവന് നല്‍കപ്പെട്ടത്. തിരുസുന്നത്തും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ബുദ്ധിപരമായും ആരോഗ്യപരമായും സ്ത്രീയേക്കാള്‍ പുരുഷന്‍ എത്രയോ മുന്‍പന്തിയിലാണ്. ഇത് കൊണ്ടാണ് പ്രവാചകത്വം പോലോത്ത കാര്യങ്ങള്‍ പുരുഷന്‍മാരില്‍ മാത്രം നിക്ഷിപ്തമായത്. പുരുഷന് അധികാരം നല്‍കപ്പെടാനുള്ള മറ്റൊരു കാരണം അവള്‍ക്ക് മഹ്‌റ് കൊടുക്കുന്നതും അവളുടെ ചിലവുകള്‍ വഹിക്കേണ്ടതും അവനാണ്(തഫ്‌സീറുല്‍കബീര്‍). അഥവാ മുന്‍സൂക്തത്തില്‍ നിന്ന് പുരുഷന്‍ സ്ത്രീയുടെ മേലാളനാണെന്നല്ല, മറിച്ച് പുരുഷന്‍ സ്ത്രീകളുടെ ഉത്തരവാദിത്വമേറ്റടുക്കാന്‍ ബാധ്യതസ്ഥനാണെന്നാണ് മനസ്സിലാക്കപ്പെടുന്നത്. പ്രസ്തുത ഖണ്ഡികയിലെ ബാക്കി ഭാഗങ്ങള്‍ തന്നെ ഈ ആശയം അനാവരണം ചെയ്യുന്നുണ്ട്. 
ഒരു ഭര്‍ത്താവ് തന്റെ ഭാര്യയോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ പരിശോധിച്ചാല്‍ ഇത് ഒന്നുകൂടി പ്രസ്പഷ്ടമാകും. സൂറതുന്നിസാഅ് 19ാംസൂക്തത്തില്‍ സത്യവിശ്വാസികളെ വിളിച്ച് പറയുന്നു'സ്ത്രീകളോട് നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക'. നല്ല വാക്കുകള്‍ പറയലും ഉപദ്രവിക്കാതിരിക്കുകയും പകതീര്‍ക്കുവാനുള്ള ഉപകരണമായി അവരെ കാണാതിരിക്കലുമൊക്കെ ഇതില്‍ ഉള്‍പ്പെടും. പവിത്രമായ കുടുംബബന്ധം തകര്‍ന്നു പോവാതെ സൂക്ഷിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം ഓരോരുത്തര്‍ക്കുമുണ്ട്. ജാഹിലിയ്യാകാലഘട്ടത്തില്‍ സ്ത്രീകളോട് ക്രൂരമായി പെറുമായിരുന്നവരെ അതില്‍ നിന്ന് തടഞ്ഞ് കൊണ്ടാണ് ഈ സൂക്തമിറങ്ങിയത്. വിശുദ്ധഖുര്‍ആനില്‍ പലസ്ഥലങ്ങളിലും പുരുഷനോടൊപ്പം അവളെയും സ്പഷ്ടമായി എടുത്തുപറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു; ന്യായമായി അവള്‍ക്ക് ബാദ്ധ്യതയുള്ളത് പോലെ അവകാശങ്ങളുമുണ്ട്(ബഖറ238). ആ അവകാശങ്ങള്‍ ചോദിച്ച് വാങ്ങാന്‍ തീര്‍ച്ചയായും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. ഇതിനുദാഹരമാണ് ഉമറി(റ)ന്റെ കാലത്ത് മഹ്‌റ് കൂടുതല്‍ ചോദിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന സംഭവം. 
നബി(സ)പറയുന്നു'നിങ്ങളില്‍ സല്‍സ്വഭാവികളാണ് ഈമാന്‍ പരിപൂര്‍ണ്ണമായവന്‍. നിങ്ങളില്‍ ഉത്തമര്‍ സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണ്'(തിര്‍മുദി). ഇബ്‌നുഅബ്ബാസ്(റ)ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിപ്രകാരമാണ്. കുടുംബത്തോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍. ഞാനെന്റെ കുടുംബത്തോട് നല്ല നിലയില്‍ പെരുമാറുന്നവനാണ്(ഇബ്‌നുമാജ). ഉപര്യുക്ത വാചകങ്ങള്‍ അന്വര്‍ത്ഥമാക്കും വിധമായിരുന്നു പുണ്യനബി(സ)യുടെ ജീവിതം. വിശുദ്ധഖുര്‍ആനായിരുന്നു അവിടുത്തെ ജീവിതമെന്ന് വിശേഷിപ്പിച്ചത് പ്രിയപത്‌നി ആയിശയായിരുന്നല്ലോ. സ്വന്തം ഭാര്യയായ ആയിശ(റ)യോട് ഓട്ട മത്സരം നടത്തിയ പ്രവാചകരേയും വീട്ടുജോലികളില്‍ ഭാര്യമാരെ സഹായിച്ച, ഭാര്യമാരുമായി തമാശ പങ്കിടുന്ന പ്രിയപ്പെട്ട നബിയെയുമാണ് നമുക്ക് ചരിത്രത്തില്‍ ദര്‍ശിക്കാനാവുന്നത്. അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുന്നവര്‍ക്ക് മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ ഉത്തമമാതൃകയുണ്ടെന്ന ഖുര്‍ആനിക വചനത്തിന്(അഹ്‌സാബ്21) ഇവിടെയാണ് നാം അടിവരയിടേണ്ടത്. ഭര്‍ത്താവാകുന്നതിന് മുമ്പ് തിരുമുസ്ഥഫയുടെ ജീവിതത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് ചുരുക്കം. 
അല്ലാഹുവിന്റെ സ്മരണയല്ലാത്ത സര്‍വ്വ വാചകങ്ങളും കളിതമാശയായി ഗണിച്ച ശരീഅത്ത് ഭര്‍ത്താവ് ഭാര്യയുമായി സല്ലപിക്കുന്നതിനെ ഈ ഗണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യാത്രകഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുന്ന ഒരു ഭര്‍ത്താവ് ആദ്യമേ തന്റെ ഭാര്യയെ വിവരം അറിയിച്ച് അണിഞ്ഞൊരുങ്ങുവാന്‍ അവള്‍ക്ക് അവസരം നല്‍കണമെന്നും പള്ളിയില്‍ കയറി സുന്നത്ത് നമസ്‌കരിച്ച് മാത്രമേ വീട്ടില്‍ പ്രവേശിക്കാവൂ എന്നും പ്രവാചകാദ്ധ്യാപനങ്ങളില്‍ കാണാം. ആകമസ്‌കിത സൃഷ്ടിക്കാനെന്ന മട്ടില്‍ ഈ തിരുചര്യയെ അവഗണിക്കുന്നവരാണ് ആധുനിക വരന്‍മാരധികവും. എന്നാല്‍ ഇത് വഴി ഒരു ഭാര്യയനുഭവിക്കുന്ന മാനസികപ്രയാസം നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഭാര്യ സദാസമയം ഭര്‍ത്താവിന് മുന്നില്‍ അണിഞ്ഞൊരുങ്ങുന്നതുപോലെ ഭര്‍ത്താവും വെടിപ്പും വൃത്തിയും സൂക്ഷിക്കേണ്ടതുണ്ട്. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു:എന്റെ ഭാര്യയെനിക്ക് വേണ്ടി അണിഞ്ഞൊരുങ്ങുന്നത് ഞാനിഷ്ടപ്പെടുന്നത് പോലെ അവള്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങാന്‍ ഞാനും ഇഷ്ടപ്പെടുന്നു. കാരണം അല്ലാഹു പറയുന്നതിപ്രകാരമാണ്. നിങ്ങള്‍ക്ക് കിട്ടാനുള്ള അതേ അവകാശങ്ങള്‍ അവള്‍ക്കും അവകാശപ്പെട്ടതാണ്.
ഭര്‍ത്താവ് ഭാര്യയുടെ ചിലവ് നോക്കണമെന്ന് ഇസ്‌ലാം നിസ്‌കര്‍ശിക്കുന്നു. വിശുദ്ധ ഖുര്‍ആനും ഹദീസും ഇത് കൃത്യമായി ബോധിപ്പിക്കുന്നുണ്ട്. കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍ കിതാബുന്നഫഖ എന്ന പേരില്‍ ഇതിന്  പ്രത്യേക അദ്ധ്യായം തന്നെ കാണാം. തന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യം ചെയ്തുതരുന്ന, പിണങ്ങിപ്പോവാത്ത, തന്റെ സമ്മതമില്ലാതെ യാത്രചെയ്യാത്ത ഭാര്യക്ക് തന്റെ ജീവിത നിലവാരമനുസരിച്ച് നിര്‍ബന്ധതോതില്‍ ചിലവിന് കൊടുക്കാന്‍ ഭര്‍ത്താവിനെ കര്‍മ്മശാസ്ത്രം കല്‍പ്പിക്കുന്നു. ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍, അവള്‍ക്കനുയോജ്യമായ താമസസൗകര്യം, വേലക്കാരി, മറ്റു ഉപകരണങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു(ഫത്ഹുല്‍മുഈന്‍). ഖതീബുശ്ശിര്‍ബീനി(റ) ഒന്നുകൂടെ ഇക്കാര്യം വിസ്തരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ സാമ്പത്തിക ഭദ്രതയുള്ളവളാണെങ്കില്‍ പോലും ഭര്‍ത്താവ് ഈ കടമയില്‍ നിന്ന് രക്ഷപ്പെടുകയില്ല. 
ഭാര്യയെ മതകീയമായി പരിജ്ഞാനമുള്ളവളാക്കാനും ഒരു ഭര്‍ത്താവ് ശ്രദ്ധിക്കണം. അതിന്റെ ഗുണഫലങ്ങള്‍ സന്താനപരിപാലനത്തില്‍ നമുക്ക് നേടിയെടുക്കാന്‍ സാധിക്കും. എല്ലാവിധ ദീനി നിബന്ധനകളോടെയും മതപഠനവേദികളിലേക്കും മറ്റും അവരെ പറഞ്ഞയച്ചും, ഇസ്‌ലാമിക ആനുകാലികങ്ങള്‍ വായിക്കക്കാന്‍ അവരെ പ്രേരിപ്പിച്ചും മറ്റുമൊക്കെ ഈ കാര്യം നമുക്ക് നേടിയെടുക്കാവുന്നതാണ്. ഇതോടൊപ്പം ഭര്‍ത്താവും മതകീയമായി തികഞ്ഞ അവബോധമുള്ളവനായിരക്കണം. വിവാഹം കഴിക്കുമ്പോള്‍ ദീനീ ബോധമുള്ളവളെ നീ തിരഞ്ഞെടുക്കണമെന്ന് മുത്ത് നബി(സ) പഠിപ്പിച്ചത് ഇത്‌കൊണ്ടാണ്. നബി(സ)പറയുന്നു: നാല് കാര്യങ്ങള്‍ ഒരു മനുഷ്യന് നേടിയെടുക്കാന്‍ സാധിച്ചാല്‍ ഇരുലോക നന്‍മകളും അവന് കരസ്ഥമാക്കിയവനാകും. ഒന്ന് എപ്പെഴും അല്ലാഹുവിനെ സ്മരിക്കുന്ന നാവ്. രണ്ട്, അവനെ സ്തുതിക്കുന്ന ഹൃദയം, മൂന്ന് പരീക്ഷണങ്ങള്‍ ക്ഷമിക്കുന്ന ശരീരം. നാല് ഭര്‍ത്താവിന്റെ സമ്പത്തിലോ തന്റെ ശരീരത്തിലോ വഞ്ചന നടത്താത്ത ഭാര്യ. ഭാര്യയെ കെട്ടിയ ശേഷം അവള്‍ക്ക് മതബോധം ഉണ്ടാക്കിക്കൊടുക്കാമെന്നത് പാഴ്‌സ്വപ്നം മാത്രം.
ശകാരവര്‍ശം നടത്തിയും മുഖത്തടിച്ചും ഭാര്യമാരെ പീഠിപ്പിക്കുന്ന പ്രവണത ഇന്ന് വര്‍ദ്ധിച്ചുവരുന്നു. ഇത് രണ്ടും ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഭാര്യമാരെ ഞങ്ങള്‍ എങ്ങനെ ബന്ധപ്പെടണമെന്ന ചോദ്യത്തിന് നബി(സ) നല്‍കിയ പ്രത്യുത്തരം ഇപ്രകാരമായിരുന്നു. അവള്‍ നിന്റെ കൃഷിയിടമാണ്. നിനക്കിഷ്ടമുള്ള വഴിയിലൂടെ നിനക്ക് ആ കൃഷിയിടത്തേക്ക് പ്രവേശിക്കാം. എങ്കിലും നീ അവളെ ചീത്തവിളിക്കുകയോ മുഖത്തടിക്കുകയോ അരുത്. പിണങ്ങിപ്പോകുമെന്ന പേടിയുള്ള ഭാര്യയെപ്പോലും കൈകാര്യം ചെയ്യേണ്ട നടപടിക്രമങ്ങള്‍ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അഥവാ ആദ്യമായി അവളെ ഉപദേശിച്ചു നോക്കുക. അത് ഫലം കാണുന്നില്ലെങ്കില്‍ കിടപ്പറ വെടിയുക. എന്നിട്ടും ഫലം കാണുന്നില്ലെങ്കില്‍ മുറിവാകാത്ത രൂപത്തില്‍ സാധാരണ സഹിക്കാവുന്ന രൂപത്തില്‍ അടിക്കുക(സൂറതുന്നിസാഅ്34). 
ഈ അടിക്കുന്നത് തന്നെ മുഖത്തേക്കാവരുതെന്നാണ് പ്രവാചക വചനം വിശദീകരിച്ചത്. പകല്‍ സമയങ്ങളിലും മറ്റും ശകാരങ്ങള്‍ കൊണ്ട് മൂടി രാത്രി കിടപ്പറ പങ്ക് വെക്കാന്‍ വരുന്നവന് നാണമില്ലായെന്നല്ലേ നാം മനസ്സിലാക്കേണ്ടത്. 
മഹാനായ ഉമര്‍(റ) ഭരണം നടത്തുമ്പോള്‍ തന്നെ എപ്പെഴും ശകാരിക്കുന്ന ഭാര്യയെക്കുറിച്ച് പരാതി പറയാന്‍ വന്ന വ്യക്തി ഉമറി(റ)ന്റെ കവാടത്തില്‍ വന്നപ്പോള്‍ ഖലീഫയെ ചീത്തവിളിക്കുന്ന ഭാര്യയുടെ ശബ്ദമാണ് ശ്രവിച്ചത്.വന്ന കാര്യം പറയാതെ മടങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ ഉമര്‍(റ)അദ്ദേഹത്തെ മടക്കിവിളിച്ചു ആഗമനോദ്ദ്യേശ്യം ചോദിച്ചു. അന്നേരം പറഞ്ഞു: ഞാനെന്റെ ഭാര്യയുടെ ദുസ്വഭാവത്തെക്കുറിച്ച് പരാതി പറയാനാണ് വന്നത്. വന്നപ്പോള്‍ നിങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളുന്ന ഭാര്യയുടെ ശബ്ദമാണ് എനിക്ക് ശ്രവിക്കാന്‍ സാധിച്ചത്. നിങ്ങള്‍ മറുത്തൊന്നും പറയുന്നുമില്ല. ഇതാണ് നിങ്ങളുടെ അവസ്ഥയെങ്കില്‍ ഞാനെന്തിന് പരാതിപ്പെടണം എന്ന് ചിന്തിച്ചാണ് മടങ്ങിയത്. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു, ഞാന്‍ അവളോട് ചെയ്യാനുള്ള ബാധ്യതകള്‍ ആലോചിച്ചാണ് ഒന്നും അവളോട് പ്രതികരിക്കാത്തത്. കാരണം, അവളാണെനിക്ക് ഭക്ഷണം പാചകം ചെയ്യുന്നതും, റൊട്ടി ചുടുന്നതും, വസ്ത്രം അലക്കിത്തരുന്നതും, എന്റെ കുട്ടികളെ മുലയൂട്ടുന്നതും. ഇതൊന്നും അവളുടെ ബാധ്യതയല്ലതാനും. അപ്പോള്‍ ഇതേ അവസ്ഥ തന്നെയാണ് തന്റെ ഭാര്യക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഉമര്‍(റ) കൂട്ടിക്കൊടുത്തു. എന്നാല്‍ സോദരാ, അത് നീ ക്ഷമിക്കുക. അല്‍പകാലമല്ലെ അതുണ്ടാകൂ. ഭാര്യയുടെ ശല്യം സഹിക്കുന്ന ഭര്‍ത്താവിന് പരീക്ഷണവിധേയനായ അയ്യൂബ്‌നബി(സ)ക്ക് നല്‍കപ്പെടുന്ന പ്രതിഫലമുണ്ടാകുമെന്ന് ഓര്‍ത്ത് ജീവിക്കുന്നവന് ഇതൊന്നും പ്രയാസകരവുമാവില്ല. 
ഒന്നില്‍കൂടുതല്‍ ഭാര്യമാരുള്ളവര്‍ അവര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിര്‍ബന്ധിതരാണ്. നബിയുടെ ജീവിതത്തില്‍ ഇതിന് മാതൃകയുമുണ്ട്.  ഒന്നില്‍കൂടുതല്‍ ഭാര്യമാരെ വേളി കഴിക്കാമെന്ന് സൂചിപ്പിക്കുന്ന ആയത്തില്‍ തന്നെ ഇത് പ്രതിപാതിക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്കിടയില്‍ നീതി പാലിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍ ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്യുക( അന്നിസാഅ്3). ഭാര്യമാര്‍ക്കിടയില്‍ തുല്യ നീതി നടപ്പിലാക്കാത്തവന്‍ ശരീരം കുഴഞ്ഞവനായി നാളെ മഹ്ശറയില്‍ വരുമെന്ന് അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ഇതായിരിക്കാം മുഹമ്മദ്‌നബി(സ) ഒരിക്കല്‍ അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചത്; നാഥാ എനിക്ക് കഴിയുന്ന കാര്യത്തില്‍ എന്റെ ഭാര്യമാര്‍ക്കിടയില്‍ ഞാന്‍ നീതി കാണിച്ചിട്ടുണ്ട്. എനിക്ക് കഴിയാത്തതില്‍ നീ എന്നെ പിടിച്ച് ശിക്ഷിക്കരുതേ.
ചില മതങ്ങളില്‍ വിവാഹം തന്നെയില്ല. യഥാര്‍ത്ഥ കൃസ്തുമതത്തില്‍ വിവാഹത്തിന് സ്ഥാനം തന്നെയില്ല. അത് കല്‍പ്പിച്ചിരുന്നത് പൂര്‍ണ്ണ ബ്രഹ്മചര്യമാണ്(ബഗോവിച്ച്). എന്നാല്‍ വിവാഹം നടക്കാത്തത് കാരണം അവര്‍ക്കിടയില്‍ നടക്കുന്ന അരമനരഹസ്യങ്ങളില്‍ പലതും കേള്‍ക്കാന്‍ പോലും അറപ്പുണ്ടാക്കുന്നതാണ്. എന്നാല്‍ ഇസ്‌ലാം വിവാഹ ജീവിതത്തെ നൂറു ശതമാനം#ം പ്രോത്സാഹിപ്പിച്ച മതമാണ്. സ്ത്രീകള്‍ മാലാഖമാരാണെങ്കിലും ദാമ്പത്യം അവരെ പിശാചാക്കുന്നുവെന്ന് പറഞ്ഞ ബൈറണ്‍ ഇസ്‌ലാമിലെ ദാമ്പത്യജീവിതം മനസ്സിലാക്കേണ്ടതുണ്ട്. ദുന്‍യാവ് മുഴുവന്‍ ഉപയോഗിക്കപ്പെടുന്ന ചരക്കുകളാണ്. അതില്‍ ഏറ്റവും നല്ല ചരക്ക് നല്ല സ്ത്രീയാണെന്നാണ് ഹദീസ് വചനം നമ്മെ ഉത്‌ബോധനം ചെയ്യുന്നത്. ഭര്‍ത്താവവിന്റെ പീഠനം സഹിക്കുന്ന ഭാര്യക്ക് ഫിര്‍ഔനിന്റെ ഭാര്യയായിക്കഴിഞ്ഞ് വിശ്വാസിയായി ജീവിച്ച് താഢനങ്ങളനുഭവിച്ച ആസ്യ ബീവിയുടെ പ്രതിഫലം ലഭിക്കുന്നതാണ്. 
ചുരുക്കത്തില്‍ ഒരു ഭാര്യ ഭര്‍ത്താവിന്റെ പൂര്‍ണ്ണ സംരക്ഷണത്തില്‍ സുഖമായി കഴിയേണ്ടവളാണ്. അത് ലഭിച്ചില്ലെങ്കില്‍ ചോദിച്ചു വാങ്ങുവാനവള്‍ക്ക് അവകാശമുണ്ട്. അനന്തരസ്വത്തിന്റെ ഓഹരിയില്‍ സ്ത്രീക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയ മതം ഇസ്‌ലാം മാത്രമാണ്. ശത്രുവിനെ നേരിട്ടിരുന്നതും യുദ്ധത്തില്‍ പങ്കെടുത്തിരുന്നതും പുരുഷന്‍ മാത്രമായിരുന്നത് കൊണ്ട് സ്ത്രീക്ക് ഇസ്‌ലാമിന് മുമ്പ് അനന്തര സ്വത്തില്‍ അവകാശം ലഭിച്ചിരുന്നില്ല. താന്‍ വിവാഹിതനാണെങ്കില്‍ നല്ലൊരു ഭര്‍ത്താവായി വര്‍ത്തിക്കാത്ത കാലത്തോളം ഒരാളും മാന്യനാവുന്നില്ല. പകല്‍ മാന്യന്‍മാരായി മാത്രം ജീവിച്ചത് കൊണ്ട് ഒരു നേട്ടവുമില്ല. നിങ്ങളില്‍ ഉത്തമര്‍ കുടുംബത്തോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണ്. ഞാനെന്റെ കുടുംബത്തോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ് എന്ന തിരുവചനം മനസ്സുകളില്‍ കൊത്തിവെക്കേണ്ടതുണ്ട്. സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രം വിവാഹം കഴിച്ച് അവസാനം എല്ലാം കട്ട് മുടിച്ചതിന് ശേഷം ആ സാധു പെണ്ണിനെ ഭര്‍ത്താവും കുടുംബവും വഴിയാധാരമാക്കി ഉപേക്ഷിക്കുന്ന നിരവധി സംഭവങ്ങള്‍ നാം ദിനേന കേട്ടുകൊണ്ടിരിക്കുന്നു. ഇവരൊക്കെ പഠിക്കേണ്ടത് നബി(സ)യുടേയും അവിടുത്തെ ഖുലഫാക്കളുടേയും ജീവിതത്തില്‍ നിന്നാണ്. 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter