ദാമ്പത്യ വിജയം എങ്ങനെ നേടാം?

പ്രിയ സോദരീ.... അല്‍പനേരം പ്രവാചകാധ്യാപനങ്ങളുടെ വസന്തോദ്യാനത്തിലൂടെ നമുക്കൊന്ന് ചുറ്റിസഞ്ചരിക്കാം. നിന്റെ ജീവിതത്തെ പ്രഫുല്ലമാക്കുകയും സുകൃതങ്ങളെ തേജോമയമാക്കുകയും നിന്റെ ജീവിതപരിസരങ്ങളെ കൂടുതല്‍ വര്‍ണാഭമാക്കുകയും ചെയ്യുന്ന ഒരുപാട് അനുഭവ പുഷ്പങ്ങളെ നിനയ്ക്കതില്‍നിന്നൊരുപക്ഷേ കണ്ടെടുക്കാനായേക്കാം. പ്രവാചകത്വത്തിന്റെ സൗരഭ്യവും നേര്‍ജീവിതത്തിന്റെ സാരള്യവും നിനയ്ക്കതില്‍ കാണാന്‍ കഴിയും. ദാമ്പത്യ ജീവിതം എങ്ങനെ ഏറ്റവും നല്ല വിജയകരമായ അനുഭവമാക്കി മാറ്റാം എന്ന നിന്റെ ചോദ്യത്തിന് ഏറ്റവും നല്ല ഉത്തരമായിരിക്കും ഒരുപക്ഷേ അത്. 

വിവാഹാന്വേഷണ സമയം മുതല്‍ ഈ നിമിഷം വരെയുള്ള തന്റെ ജീവിതത്തില്‍ ഫലപ്രദമായ ഏതെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് താന്‍ ബോധവതിയായിരുന്നോ?.. ഓരോരുത്തരും സ്വയം ചോദിച്ചിരിക്കേണ്ട ഒന്നാണിത്. 

നീ ഒരു കാര്യം മനസ്സിലാക്കണം-നിനക്കു ചേര്‍ന്ന ഒരു പുതുമാരനെ കണ്ടെത്തിയാല്‍ മാത്രം നീ ഒരു പക്ഷേ നിന്റെ ദാമ്പത്യജീവിതത്തില്‍ വിജയിയായിക്കൊള്ളണമെന്നില്ല. മറിച്ചു ഭര്‍ത്താവിന് അനുയോജ്യയായി മാറാനുള്ള നിന്റെ കഴിവിലാണ് യഥാര്‍ത്ഥ വിജയം കിടക്കുന്നത്. 

ഒരു പ്രവാചകവചനം നോക്കൂ; മൂന്നു പേരുടെ നിസ്‌കാരം ഒരു തരത്തിലും സ്വീകാര്യയോഗ്യമായിരിക്കില്ല. ജനങ്ങള്‍ നിര്‍ബന്ധിതരായി അംഗീകരിക്കേണ്ടിവരുന്ന നായകന്‍, ഭര്‍ത്താവിന്റെ കോപ പാത്രമായി രാവ് കഴിച്ചുകൂട്ടിയ ഭാര്യ, പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്ന  സഹോദരങ്ങള്‍ എന്നിവരാണ് ആ മൂന്നു പേര്‍. 

നിനയ്ക്ക് അല്ലാഹു കനിഞ്ഞരുളിയ പ്രിയ കൂട്ടുകാരനാണല്ലോ അദ്ദേഹം. നിന്റെ ഉത്തരവാദിത്തവും പ്രശ്‌നങ്ങളും ഏറ്റെടുത്ത ആത്മാര്‍ത്ഥ സുഹൃത്ത്. നിന്റെ കിനാവുകളില്‍ ഒളിമങ്ങാത്ത പുഞ്ചിരിയുമായി രംഗത്തെത്തുന്ന ആത്മ മിത്രം. നിന്റെ പരാതികളും പരിവേദനങ്ങളും പറഞ്ഞ് സമാശ്വാസം കൊള്ളാനുള്ള ഏക അത്താണി. റബ്ബ് തആല അവരെ നിനയ്ക്കായി തെരെഞ്ഞെടുത്തിരിക്കുകയാണ്. അതില്‍ ആത്മാര്‍ത്ഥമായി അവനെ സ്തുതിച്ചു കൊള്ളുക. വലിയൊരു അനുഗ്രഹമാണ് നിനക്ക് കനിഞ്ഞരുളിയിരിക്കുന്നത്. ഈ സൗഭാഗ്യം പോലും അനുഭവിക്കാന്‍ കഴിയാത്ത നിരവധി വനിതകള്‍ ഈ ലോകത്തുണ്ടെന്ന കാര്യം മറക്കാതിരിക്കുക. 

ദുന്‍യാവ് നശ്വരവും നൈമിഷികവുമാണ്. പരലോകമാണ് ശാശ്വതവും അനശ്വരവും. അതു കൊണ്ടുതന്നെ നിന്റെ ചിന്തകളില്‍ ദുന്‍യാവിനെക്കാള്‍ ആഖിറത്തിനായിരിക്കട്ടെ സ്ഥാനവും പരിഗണനയും. പൈശാചികതയുടെ ദുര്‍ബോധനങ്ങളും പാപങ്ങളുടെ ആകര്‍ഷണീയതയുമാണ് മനുഷ്യരെ പലപ്പോഴും വഴിതെറ്റിക്കുന്നത്. ഇബ്‌ലീസിന്റെ ദുര്‍മന്ത്രണങ്ങളില്‍ പെടാതിരിക്കുക. നാമവരില്‍ നിന്നു ശക്തമായ കരാര്‍ വാങ്ങിയിരിക്കുന്നുവെന്ന ഇലാഹീ വചനം മറക്കാതിരിക്കുക. കാരണം, കേവലമൊരു കരാര്‍ എന്നതിനപ്പുറം ഇലാഹീയായ  ബന്ധമാണ് ദാമ്പത്യജീവിതം. 

പ്രിയ സോദരീ... ജീവിത വിജയം നിര്‍മിക്കേണ്ടത് നീ തന്നെയാണ്. കാരണം, നിന്റെ കരങ്ങളിലാണ് ഭര്‍തൃവീടിന്റെ സുരക്ഷിതത്വവും ഭര്‍ത്താവിന്റെ അഭിലാഷങ്ങളും മക്കളുടെ ഭാവിജീവിതവും കിടക്കുന്നത്. നിങ്ങളുടെ ഗൃഹം സ്വപ്നസമാനം സന്തോഷകരവും ആനന്ദകരവുമാക്കാന്‍ ഭര്‍ത്താവ് എന്താണ് താത്പര്യപ്പെടുന്നത് എന്നറിയുന്നവള്‍ നീ മാത്രമാണ്. ആത്മനിര്‍വൃതിയോടെ കുടുംബജീവിതം പുരോയാനം പ്രാപിക്കുന്നത് നിന്റെ സാരഥ്യത്തില്‍ മാത്രമാണ്. അതിനെന്താണോ നിനയ്ക്ക് ചെയ്യാന്‍ കഴിയുന്നത് അതു നീ ചെയ്തിരിക്കണം. പ്രവാചകര്‍ ആഇശ(റ)യോട് പറയാറുണ്ട്: ആഇശാ.... നീ മൃദുലയാവൂ. നിശ്ചയം അല്ലാഹു ഒരു വീട്ടുകാര്‍ക്ക് നന്മ ഉദ്ദേശിച്ചാല്‍ അവര്‍ക്കിടയില്‍ മൃദലതയും ലാളിത്യവും അവന്‍ നിറച്ചുകൊടുക്കും. നിന്റെ ഭര്‍ത്താവ് അനുഭവിക്കുന്ന വിഷമഘട്ടങ്ങളില്‍ സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും വാക്കുകള്‍ കൊണ്ട് ഗൃഹ പരിസരങ്ങളെ ആനന്ദദായകമാക്കേണ്ടത് നിന്റെ ചുമതലയാണ്. ജീവിത കാലുഷ്യങ്ങളില്‍ നിന്റെ ഭര്‍ത്താവ് നിന്നെ വിട്ട് അന്യരിലേക്ക് ആശ്വാസം തേടിയലയുന്നത് എത്ര ദുഃഖകരമാണ്. 

അഹംഭാവവും ലുബ്ധതയും നിന്റെ മനസ്സിന്റെ അകത്തളത്തില്‍നിന്ന് പറിച്ചെറിയണം. അവ മനുഷ്യനെ നശിപ്പിച്ച പോലെ മറ്റൊന്നും അവനെ നശിപ്പിച്ചിട്ടില്ല. പകരം വിനയാന്വിതയും ധര്‍മിഷ്ഠയുമായി മാറണം. നിന്റെ മുഖമുദ്ര ഗുണകാംക്ഷയുമായിരിക്കണം. സംതൃപ്തമായ അല്‍പം അനാവശ്യമായ ധാരാളത്തേക്കാള്‍ ഉന്നതമാണെന്ന പ്രവാചകാധ്യാപനം നിന്റെ മനസ്സില്‍ രൂഢമൂലമായിരിക്കട്ടെ... നിന്റെ ഭര്‍ത്താവിന്റെ കയ്യില്‍ ഒരുപക്ഷേ സമ്പത്തും സൗകര്യവും കുറവായിരിക്കാം. എന്നാല്‍, ഉള്ളതു കൊണ്ട് തൃപ്തിപ്പെടുക. എന്നാല്‍, നിസ്സംശയം അല്ലാഹു നിങ്ങളുടെ സമ്പത്തില്‍ ബറകത്ത് ചെയ്യും. 

പ്രവാചകര്‍(സ്വ)യുടെ ഇവ്വിഷയകമായൊരു വചനം അത്യന്തം ശ്രദ്ദേയമാണ്. അവിടുന്ന് പറഞ്ഞു:
ഭര്‍ത്താവില്‍  ആശ്രയിക്കുന്ന  ഭാര്യ  അവനു നന്ദി ചെയ്യാത്ത ഭാര്യയെ അല്ലാഹു കരുണയുടെ നോട്ടം നോക്കുക പോലുമില്ല. (നസാഈ, ഹാക്കിം) 
  നീ അലോചിച്ചു നോക്കൂ എങ്ങനെ ഒരു ഭാര്യക്ക് ഭര്‍ത്താവിനെ അനിവാര്യമല്ലാതായിത്തീരും... ഏറ്റവും അടുത്ത കൂട്ടുകാരനും എല്ലാം പങ്കുവക്കുന്ന ആത്മ സൂഹൃത്തുമായിരിക്കെ... 

ദാമ്പത്യ ജീവിതത്തില്‍ മഹത്തായ വിജയം വരിക്കാന്‍ അവശ്യമായ ചില ഒറ്റമൂലികള്‍ നിന്റെ ജീവിതത്തില്‍ പകര്‍ത്തുന്നത് ഏറെ സഹായകമായിരിക്കും. സൗഖ്യ സമ്പൂര്‍ണവും ആനന്ദദായകവുമായ ജീവിതം നയിച്ച മഹത് വനിതകള്‍ അവരുടെ ജീവിത വിജയത്തിന്റെ നിദാനങ്ങളായെണ്ണിയ കാര്യങ്ങളാണിത്. 

1) മുഖപ്രസന്നത നിലനിര്‍ത്തുക. മുഖത്ത് സദാ പൂഞ്ചിരി സൂക്ഷിക്കുക. മധുരമായി സംസാരിക്കുക. ഒരു കഥയുണ്ട്. ഒരിക്കല്‍ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ബലഹീനരായ ഒരു സ്ത്രീയും പുരുഷനും ജീവിച്ചിരുന്നു. ഒരു യാത്ര കഴിഞ്ഞ് അയാള്‍ വിശന്നു വലഞ്ഞ് തന്റെ വീട്ടിലെത്തിച്ചേര്‍ന്നു. നിന്റെ പക്കല്‍ ഭക്ഷണം വല്ലതുമുണ്ടോ? 
ഭാര്യ: അതെ, സന്തോഷവാനാവുക. അല്ലാഹു തന്ന ഭക്ഷണം ഇരിപ്പുണ്ട്. അല്പം കാത്തിരിക്കൂ. ഭര്‍ത്താവ് വീണ്ടൂം ആവശ്യപ്പെട്ടു. അവര്‍ പ്രതിവചിച്ചു; ശാന്തനാകൂ; അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കൂ. അല്പ സമയത്തിനു ശേഷം അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ അടുപ്പിനരികിലേക്കു നീങ്ങി. അടുപ്പില്‍ നിറയെ ഭക്ഷ്യവിഭവം കണ്ട് അവര്‍ ആഹ്ലാദിച്ചു. നോക്കൂ.. ഇവിടെ ആ സ്ത്രീ കാണിച്ച അവധാനതയും സംസാരത്തിന്റെ മാധുര്യവും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലുള്ള അടങ്ങാത്ത വിശ്വാസവും അഭിനിവേശവുമാണ് അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. 

2) ശുചിത്വം വിശ്വാസത്തിന്റെ തലവാചകവും സ്‌നേഹത്തിന്റെ അടയാളവുമാണ്. സുപ്രഭാതത്തില്‍ നിന്റെ പ്രഫുല്ല വദനം നല്‍കുന്ന ആത്മനിര്‍വൃതിയും അനുഭവിച്ച് ഉറക്കമുണരുന്ന പ്രിയ ഭര്‍ത്താവിനെ ആലോചിച്ചുനോക്കൂ. എത്രത്തോളം സന്തോഷകരമായിരിക്കുമത്. ശുദ്ധമായ നിന്റെ വസ്ത്രവും ശരീരവും ആരോഗ്യകരമായ അന്തരീക്ഷവും ചേര്‍ന്നൊരുക്കുന്ന ഉന്മേഷദായകമായ ഭവനാന്തരീക്ഷം തെല്ലൊന്നുമല്ല നിന്റെ ഭര്‍തൃകുടുംബത്തെയും മറ്റും ഹര്‍ഷപുളകിതമാക്കുന്നത്. അവര്‍ക്ക് വ്യത്യസ്തവും രുചികരവുമായ ഭക്ഷണങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുക. പുതിയ പുതിയ വിഭവങ്ങള്‍ നല്‍കി സ്വയം മത്സരിക്കുക. ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ സ്‌നേഹമസൃണമായ പെരുമാറ്റത്തോടു കൂടിയും പുഞ്ചിരിയോടു കൂടിയും യാത്രയക്കുക. ഗാര്‍ഹിക ഭരണത്തിന്റെ പ്രയാസങ്ങള്‍ നിന്നെ കൂടുതല്‍ അലട്ടുമ്പോള്‍ പ്രവാചകര്‍(സ) തന്റെ പ്രിയ പുത്രി ഫാത്വിമ(റ)യോട് ഉപദേശിച്ച വാക്കുകള്‍ ഓര്‍ത്ത് ആശ്വാസം കൊള്ളുക. അവിടുന്ന് പറഞ്ഞു: 

ഫാത്വിമാ... നീ അല്ലാഹുവിനെ സൂക്ഷിക്കുക; നിര്‍ബന്ധ ബാധ്യതകള്‍ പൂര്‍ണമായും വീട്ടുക, വീട്ടുകാര്‍ക്കു വേണ്ടി ജോലി ചെയ്യുക, ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുപ്പത്തിമൂന്ന് പ്രാവശ്യം തസ്ബീഹും തഹ്‌ലീലും മുപ്പത്തിനാലു പ്രാവശ്യം തക്ബീറും ചെല്ലി നൂറ് ദിക്‌റുകള്‍ തികയ്ക്കുക. ഒരു സേവകനെക്കാളേറെ നിനക്ക് ഉത്തമം അവ തന്നെയാണ്. 

3) അല്ലാഹു തൃപ്തിപ്പെടുന്ന കാര്യങ്ങളിലൊക്കെ അവരെ അനുസരിച്ചുകൊള്ളുക. 

4)  പ്രശ്‌നങ്ങളുടലെടുക്കുമ്പോള്‍ അത് മൂര്‍ദ്ധന്യതയിലെത്തും മുമ്പ് തന്നെ പരിഹരിക്കുക.  ഒരു പ്രശ്‌നത്തിന്  ഒരായിരം പരിഹാരങ്ങളുണ്ടെന്ന കാര്യം ഓര്‍ക്കുക. 

5) കോപം വരുമ്പോള്‍ അത് സമാധാന പൂര്‍വം അറിയിക്കുക, അല്ലാതെ വൈകാരികമായി പ്രകടിപ്പിക്കാന്‍ പാടില്ല. 

6) എന്റെ  സ്വപ്നത്തിലെ മാതൃകാ ഭര്‍ത്താവാണ് താങ്കളെന്നും നിങ്ങളെത്തന്നെ ഭര്‍ത്താവായി ലഭിച്ചതില്‍ അങ്ങേയറ്റം അഭിമാനിയാണെന്നും ഓര്‍മിപ്പിക്കുക. 

7)  ഭര്‍ത്താവിനോട് ദേശ്യം തോന്നുന്ന സമയങ്ങളില്‍ അദ്ദേഹം ചെയ്തുതന്ന നന്മകള്‍ ഓര്‍ക്കുക. ഒരിക്കല്‍ പോലും മുറിവുണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. 

8)സമാധാന ചിത്തയാവുക; പരസ്പരം സ്‌നേഹിക്കുക. 

9) ഭര്‍ത്താവ് രഹസ്യമാക്കി വക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രമിക്കുക. അത് അവരുടെ അതൃപ്തി ക്ഷണിച്ചു വരുത്തും. 

10) പുറത്ത് ജോലി ചെയ്യാന്‍ പോകുന്നവളാണു നീയെങ്കില്‍ നിന്റെ പ്രാഥമിക ഉത്തരവാദിത്തം വീടാണെന്ന കാര്യം മറക്കാതിരിക്കുക.  

വിവ: ശരീഫ് തോടന്നൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter