സ്ത്രീ ഇസ്‌ലാമിലും ഇതര സംസ്‌കാരങ്ങളിലും
സ്ത്രീയും സഹജ പ്രശ്‌നങ്ങളും ആഗോള ഗ്രാമത്തിന്റെ സാമൂഹികക്രമത്തില്‍ ഏറെ ചര്‍ച്ചിതമായിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണിന്ന്. സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും അതിരുകളറിയാത്ത സ്വാതന്ത്ര്യം തന്നെ വേണമെന്ന് വാദിക്കുന്ന ഉത്തരാധുനിക സമൂഹത്തിന് ആ സ്വാതന്ത്ര്യ സങ്കല്‍പത്തിന് ഉപാധികള്‍ തീര്‍ക്കുന്ന മത ദര്‍ശനങ്ങള്‍ ഏതും അരോചകവും അറുപിന്തിരിപ്പനുമാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കേസ് വിചാരണക്കെടുക്കുമ്പോള്‍ പലപ്പോഴും-എന്നല്ല എപ്പോഴും- പ്രതിക്കൂട്ടിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ഇസ്‌ലാമിക ശരീഅത്ത് മാത്രമാണെന്നതാണ് ഏറെ ഖേദകരം. ഇസ്‌ലാമിക ശരീഅത്തിന്റെ വിധിവിലക്കുകള്‍ സ്ത്രീ സമൂഹത്തെ അരക്ഷിതാവസ്ഥയുടെ മുള്‍ഭിത്തികള്‍ക്കുള്ളില്‍ പാരതന്ത്ര്യത്തിന്റെ കുടുക്കുചങ്ങലകളില്‍ ബന്ധിച്ചിട്ടിരിക്കുകയാണെന്ന് ചില കുബുദ്ധികള്‍ വിളിച്ചുകൂവുമ്പോള്‍ ആഗോള മീഡിയ ഹരംപിടിച്ച് തുള്ളുന്നത് കാണാം. സത്യത്തില്‍, സ്ത്രീത്വത്തെ കൈകാര്യം ചെയ്യുന്ന  വിഷയത്തില്‍ ഇസ്‌ലാമും ഇതര സമൂഹങ്ങളും എവിടെ നില്‍ക്കുന്നുവെന്ന് നിഷ്പക്ഷമായൊരു വിശകലനത്തിന് ഈ കണ്ണുകെട്ടി-വിമര്‍ശകര്‍ തുനിയേണ്ടിയിരിക്കുന്നു. ഫെമിനിസം -സ്ത്രീവാദം- എന്ന ബാനറിനപ്പുറത്തുനിന്ന് വിശുദ്ധ ശരീഅത്തിനും ഖുര്‍ആനുമെതിരെ വിമര്‍ശന ബാണങ്ങള്‍ എയ്തുവിട്ടുകൊണ്ടിരിക്കുന്നവര്‍  ഈ ദൈവിക പ്രോക്ത നിയമ സംഹിതയുടെ സൗന്ദര്യമെന്തു കണ്ടു? വസ്തുതകളെ വക്രീകരിക്കുകയോ അവക്കുനേരെ കണ്ണടച്ചിരുട്ടാക്കുകയോ ചെയ്യുന്നവര്‍ ദുര്‍വാശി വെടിഞ്ഞ് ഇസ്‌ലാമിക ദര്‍ശനങ്ങളെ നിഷ്പക്ഷബുദ്ധ്യാ സമീപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കേവലാര്‍ത്ഥത്തിലുള്ള നിലനില്‍പുപോലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്ന ഒരു തമസ്‌കൃത യുഗത്തില്‍ ഈ സ്ത്രീത്വത്തിന് പ്രാണവായു പകര്‍ന്നുകൊടുത്തിടത്തുനിന്ന് തുടങ്ങുന്നു ഇസ്‌ലാമിന്റെ സ്ത്രീസംരക്ഷണം. ജനിച്ചത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ രണ്ടാമതൊരാലോചന കൂടാതെ മണ്ണില്‍ കുഴിവെട്ടിയിരുന്ന സമൂഹത്തിലാണ് സ്ത്രീത്വത്തിന് കരുത്തുറ്റ പരിചയായി വിശുദ്ധ ഇസ്‌ലാം അവതരിച്ചത്. ആ ഇരുള്‍മുറ്റിയ പശ്ചാത്തലത്തിലായിരുന്നു വിശുദ്ധ ഖുര്‍ആന്‍ സ്ത്രീത്വത്തെ കൈപിടിച്ചുയര്‍ത്തിയത്. ആ ഐതിഹാസിക പരിവര്‍ത്തനത്തിന്റെ തോതറിയാന്‍ ജാഹിലീ യുഗത്തിലെ ചിത്രം ഒന്നു കാണുകതന്നെ വേണം.

അജ്ഞാനയുഗത്തിലെ സ്ത്രീ എഡി അഞ്ചും ആറും ശതകങ്ങളിലെ സ്ത്രീത്വം വര്‍ണനാതീത പീഡനങ്ങള്‍ക്ക് വിധിക്കപ്പെട്ടൊരു വിഭാഗമായിരുന്നുവെന്നതാണ് ചരിത്രം. അനന്തരാവകാശ സ്വത്തുപോലും പൂര്‍ണമായി നിഷേധിക്കപ്പെട്ട അവള്‍ ആ സമൂഹത്തിന്റെ നൈമഷിക സുഖോപാധിയില്‍ കവിഞ്ഞ് ഒന്നുമായിരുന്നില്ല. ഒരു ജാഹിലീ പൗരന്‍ മരണമടഞ്ഞുകഴിഞ്ഞാല്‍ തന്റെ അനന്തരാവകാശികളിലേക്കു നീങ്ങുന്ന സ്വത്തുവഹകളില്‍ ഒന്നു മാത്രമായി ഗണിക്കപ്പെട്ട അയാളുടെ ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊന്നും യാതൊരു വിലയുമില്ലായിരുന്നു. ഇബ്‌നു അബ്ബാസ്, ഇബ്‌നു റബാഹ് (റ) തുടങ്ങിയ പണ്ഡിതര്‍ ഈ വസ്തുതകള്‍ വിവരിച്ചതായി കാണാം. പുരുഷ വര്‍ഗത്തിന് മൂക്കറ്റം ഭുജിക്കാമായിരുന്ന ചില വിഭവങ്ങള്‍ പെണ്ണായി പിറന്ന ഒറ്റ 'കുറ്റ'ത്തിന് സ്ത്രീ സമൂഹത്തിന് നിഷിദ്ധമാക്കിക്കളയാന്‍ മാത്രം വളര്‍ന്നിരുന്നു ആ സമൂഹത്തിന്റെ സ്ത്രീ വിരോധം! വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ അന്‍ആമില്‍ ഇത് പരാമര്‍ശിച്ചിട്ടുണ്ട്. പെണ്ണായി പിറന്ന ശിശുവിനെ കുഴിച്ചുമൂടാന്‍ വെമ്പുന്ന ജാഹിലീ മനുഷ്യന്റെ കിരാത രൂപം വിശുദ്ധ ഖുര്‍ആന്‍ അനാവരണം ചെയ്യുന്നത് കാണുക: 'അവരില്‍ ഒരാള്‍ പെണ്‍ശിശുവാല്‍ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്റെ മുഖമതാ കറുത്തുകരുവാളിക്കുന്നു. അവന്‍ തീര്‍ത്തും ദു:ഖിതനാവുകയായി. തനിക്കു കിട്ടിയ സന്തോഷ വാര്‍ത്തയുടെ 'കൊടും വഷളത്തം' കാരണം അവനതാ സമൂഹത്തില്‍നിന്ന് ഓടിമറയുന്നു. നിന്ദ്യത പേറി അതിനെ നിലനിര്‍ത്തണോ അതോ അതിനെ മണ്ണില്‍ മൂടണോ (എന്നവര്‍ ചിന്തിക്കുന്നു.)' പുരാതന ഹന്ദവ സമൂഹത്തിലെ സ്ത്രീ ഗുപ്ത കാലഘട്ടത്തില്‍ വിരചിതമായ മഹാഭാരതത്തിന്റെ പ്രാരംഭഭാഗം തന്നെ സൂചിപ്പിക്കുന്നത് പ്രാചീന ഭാരതീയ സമൂഹത്തില്‍ സ്ത്രീക്ക് അടിമസ്ഥാനമാണ് കല്‍പിക്കപ്പെട്ടിരുന്നത് എന്നത് ചരിത്രവസ്തുതയാണ്. ഒന്നിലധികം പുരുഷന്മാരുടെ അഭീഷ്ടത്തിനും ചൊല്‍പടിക്കും നില്‍ക്കേണ്ട ഗതികേട് പോലും അന്ന് സ്ത്രീക്ക് സഹിക്കേണ്ടി വന്നു. വൈധവ്യം നേരിടേണ്ടിവന്ന ദൗര്‍ഭാഗ്യവതികള്‍ക്കാവട്ടെ കൂനിന്മേല്‍ കുരു എന്ന പരുവത്തിലാണ് പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നത്. വൈധവ്യം സൃഷ്ടിച്ച വേദനക്കു പുറമെ ഒട്ടനേകം യാതനകള്‍ വേറെയും അനുഭവിക്കാന്‍ അവള്‍ ബാധ്യസ്ഥയായിരുന്നു. ഭര്‍ത്താവ് മരിച്ചാല്‍ പിന്നെ, തന്റെ ജീവിത കാലമത്രയും ഭര്‍തൃവീട്ടുകാരുടെ വീട്ടുവേലക്കാരിയും വസ്ത്രമലക്കുകാരിയുമായി മുഴുസമയ ഭൃത്യയായിക്കഴിയാനായിരുന്നു ആ അഭിശപ്ത ദുര്യോഗം! ഭര്‍ത്താവിന്റെ എരിയുന്ന ചിതയിലേക്ക് എടുത്തുചാടി മരിക്കാന്‍ വിധവയെ അനുശാസിച്ച ക്രൂരതയുടെ തനിപ്പകര്‍പ്പായ സതിസമ്പ്രദായമായിരുന്നു പ്രാചീന ഹൈന്ദവ സഹോദരിയുടെ കൊടുംകെടുതികളുടെ മറ്റൊരു ഭീകരാധ്യായം. പ്രാചീന കാലംതൊട്ട് നൂറ്റാണ്ടുകളോളം ഭീകരതാണ്ഡവമാടിയ ഈ കരിനിയമത്തിന്റെ തേര്‍വാഴ്ച്ചക്ക് തടയിട്ടത് പിന്നീട് വന്ന മുസ്‌ലിം ചക്രവര്‍ത്തിമാരും സുല്‍ത്താന്മാരുമൊക്കെയായിരുന്നു. ലോകപ്രശസ്തനായ (ലോക സഞ്ചാരി) ഡോ. ബര്‍ണിയര്‍ തന്റെ സഞ്ചാര സാഹിത്യ കൃതികളില്‍ ഇത് വിവരിച്ചിട്ടുണ്ട്. ജീവിതത്തിലെ ശൈശവ, ബാല്യ, കൗമാര, യൗവന, വാര്‍ദ്ധക്യ ഘട്ടങ്ങളിലൊന്നില്‍ പോലും നിയന്ത്രിക്കപ്പെടലിന്റെ സങ്കുചിതത്വത്തില്‍നിന്ന് അവളെ വിടുവിക്കാന്‍ തയ്യാറാവാത്ത വേദ സൂക്തങ്ങള്‍ അന്ന് സ്ത്രീ സമൂഹത്തിനു തന്നെ പേടിസ്വപ്‌നങ്ങളായിരുന്നു. സ്ത്രീ ക്രിസ്തീയ സമൂഹത്തില്‍ സ്ത്രീജന്മത്തിന്റെ മൗലികാവകാശങ്ങള്‍ പോലും നിര്‍ദാക്ഷിണ്യം ചവിട്ടിയരച്ച ക്രിസ്തീയ സമൂഹവും പാവം പെണ്ണിനോട് കാട്ടിയത് തുല്യതയറ്റ അനീതികള്‍ മാത്രം! മതവിശുദ്ധിക്കും വ്യക്തിത്വ സമ്പൂര്‍ണതക്കും ബ്രഹ്മചര്യം നിഷ്‌കര്‍ഷിക്കുക വഴി തനിക്കിണങ്ങിയ ഒരു പുരുഷനൊത്ത് ദാമ്പത്യജീവിതം നയിക്കാനുള്ള മൗലികാവകാശം പോലും തച്ചുടക്കാന്‍ മാത്രം ക്രിസ്തീയ സമൂഹം തരംതാണപ്പോള്‍ സംഭവിച്ചത് പുറത്തുപറയാന്‍ കൊള്ളാത്ത അരുതായ്മകള്‍ മാത്രമായിരുന്നു. പ്രകൃതി നിയമങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള കാടന്‍ തത്ത്വങ്ങള്‍ ഒരിക്കലും ആരോഗ്യപരമോ സൃഷ്ട്യുന്മുഖമോ ആവുകയില്ലല്ലോ. അതുകൊണ്ടുതന്നെ, കന്യാമഠങ്ങളിലും കോണ്‍വെന്റുകളിലും മാനഭംഗങ്ങളും ആഗ്രഹപൂരണങ്ങളും സ്വവര്‍ഗരതികളും അങ്ങാടിപ്പാട്ടായി മാറിയ അരമന രഹസ്യങ്ങളായി. ഈയിടെ അമേരിക്കയിലെ ഒരു ഡസനിലേറെ കര്‍ദ്ദിനാള്‍മാരെ വത്തിക്കാനിലേക്ക് നേരിട്ട് വിളിച്ചുവരുത്തി ശാസിച്ചുവിടേണ്ട നാണക്കേടിന് പോപ്പ് തന്നെ നിര്‍ബന്ധിതനായല്ലോ. ഇവിടെയാണ് ഇസ്‌ലാമിക നയത്തിന്റെ വ്യതിരിക്തത. മനുഷ്യ സഹജമായ സ്വാഭാവികതകളും പ്രകൃതങ്ങളും കണ്ടറിഞ്ഞ് പ്രായോഗിക ദീക്ഷയോടെ കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയാണ് ശരീഅത്ത് മനുഷ്യനെ സമീപ്പിക്കുന്നത്. കാടുകേറിയ സന്യാസവും കണ്ണും കാതുമില്ലാത്ത ബ്രഹ്മചര്യവും വെളുപ്പിക്കുന്നതിലുപരി പാണ്ടേ വരുത്തൂ എന്ന പ്രായോഗിക ജ്ഞാനം ഇസ്‌ലാമിനുണ്ടെന്ന് ചുരുക്കം. ഇസ്‌ലാം സ്‌ത്രൈണതയോടെന്തു ചെയ്തു? മനുഷ്യത്വത്തിന്റെ ഉദാത്ത മൂല്യങ്ങള്‍ മൃതിയടഞ്ഞിരുന്ന ഒരു ഇരുണ്ട ദശാസന്ധിയിലായിരുന്നു ഇസ്‌ലാമിക ചന്ദ്രികയുടെ അരുണോദയമുണ്ടായിരുന്നതെന്ന് പറഞ്ഞല്ലോ. മനുഷ്യജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന സകലമാന രംഗങ്ങളിലുമുള്ള മൂല്യച്യുതികളെ സമുദ്ധരിച്ച കൂട്ടത്തില്‍ സ്‌ത്രൈണതയുടെ ജീര്‍ണതയും ഇസ്‌ലാം ഗൗരവത്തിലെടുത്തു. പുരുഷവര്‍ഗത്തെപ്പോലെ സ്ത്രീവര്‍ഗവും സമൂഹത്തെ താങ്ങിനിര്‍ത്തുന്ന ഒരു സ്തംഭമാണെന്ന് ഇസ്‌ലാമിക ദര്‍ശനം നിലവിലുണ്ടായിരുന്ന സങ്കല്‍പങ്ങളെ കീഴ്‌മേല്‍ മറിച്ചിട്ടു. സ്ത്രീക്ക് ബാധ്യതകള്‍ മാത്രമല്ല അര്‍ഹതകളുമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ തുറന്നടിച്ചു. ''അവര്‍ കൊടുക്കേണ്ടതുപോലുള്ളവ അവര്‍ക്ക് കിട്ടാനുമുണ്ട്'' (ഖുര്‍ആന്‍) എന്ന പ്രഖ്യാപനം ഒരു ഉള്‍കിടിലത്തോടെയാണ് അറബി ജനതയും ലോകം തന്നെയും കേട്ടത്. സ്ത്രീകളുടെ പദവികള്‍ അതോടെ കുത്തനെ ഉയര്‍ന്നു. മാതൃത്വം പുരുഷ വര്‍ഗത്തിന്റെ അസൂയാപാത്രമായൊരു ഉത്തുംഗ പദവിയായി. 'സ്വര്‍ഗരാജ്യം കുടികൊള്ളുന്നതു തന്നെ മാതാക്കളുടെ കാല്‍പാദങ്ങള്‍ക്കു ചുവട്ടിലാണെന്നു' പോലും പ്രവാചകന്‍ പഠിപ്പിച്ചു. 'നിങ്ങളിലേറ്റവും ഉത്തമന്‍ ഭാര്യമാരോട് നന്നായി പെരുമാറുന്നവന്‍ ആണ്' എന്നായിരുന്നു മറ്റൊരു അധ്യാപനം. സ്ത്രീ സമൂഹത്തിന്റെ സ്ഥാനമാനങ്ങള്‍ എണ്ണിപ്പറഞ്ഞ് ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചകാധ്യാപനങ്ങളും അടിക്കടി വന്നപ്പോള്‍ ഉമര്‍ (റ) ഇങ്ങനെ പറയുകപോലും ചെയ്തു: 'ഞങ്ങള്‍ക്കന്ന് വീടുകളില്‍ചെന്ന് ഭാര്യമാരോടും പെണ്‍മക്കളോടും തമാശ പറയാന്‍ പോലും പേടിയായിരുന്നു. കാരണം, അതേക്കുറിച്ച് വല്ല ആയത്തും ഇറങ്ങുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുകയുണ്ടായി.' നാളുകളധികം കഴിയുംമുമ്പേ അറേബ്യയാകെ മാറി. സമാധാനം പൂത്തുലഞ്ഞുനിന്ന പൊന്‍പുലരി വിടര്‍ന്നു. സ്ത്രീത്വം മാന്യവും അസൂയാര്‍ഹവുമായ ഒരു പദവിയായി ഉയര്‍ത്തപ്പെട്ടു. സന്‍ആ തൊട്ട് ഹളര്‍മൗത്ത് വരെ തനിച്ച് ദീര്‍ഘ യാത്ര നടത്തേണ്ട ഒരു സുന്ദരിപ്പെണ്‍കൊടിക്ക് തന്റെ ആട്ടിന്‍കുട്ടിയെ കടിക്കാന്‍ വരുന്ന ചെന്നായയെ മാത്രം ഭയപ്പെട്ടാല്‍ മതിയെന്ന സുസ്ഥിതി കൈവന്നു. നിര്‍ഭയത്വം ജനജീവിതം ഹൃദ്യമാക്കിയെന്നര്‍ത്ഥം. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളുന്ന വെയില്‍കൊണ്ട് ക്ഷീണിക്കാതെത്തന്നെ സ്ത്രീ സമൂഹത്തെ നോക്കിവളര്‍ത്താന്‍ വേണ്ടതെല്ലാം ശരീഅത്ത് ചെയ്തുവെച്ചു. ജീവിതായോധനവും ക്രയവിക്രയവും പൊതുപ്രവര്‍ത്തനവുമെല്ലാം പുരുഷവര്‍ഗത്തിന്റെ ബാധ്യതകളാക്കി. സ്ത്രീകള്‍ വീടുകളില്‍ സുരക്ഷിതരും നിര്‍ഭയരുമായിരുന്ന് കുടുംബ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുക. അവളുടെ പൊതുപ്രവര്‍ത്തനവും സാമൂഹ്യ സമുദ്ധാരണവും വിശുദ്ധ യുദ്ധം പോലെ കുടുംബമെന്ന തട്ടകത്തില്‍! അവളുടെ കയ്യും മെയ്യും സ്‌നേഹമൂറുന്ന മടിത്തട്ടും കുരുന്നുമക്കളുടെ പ്രഥമ കലാലയം! സുന്ദര സിദ്ധാന്തമെന്നതിലേറെ എത്ര പ്രായോഗിക സംവിധാനം! ആനിബസന്റ് തുറന്നെഴുതി: 'പാശ്ചാത്യനഗരങ്ങളില്‍ രാത്രി കാലങ്ങളില്‍ തടിച്ചുകൂടുന്ന ദൈന്യതപേറും സ്ത്രീകളെ കാണുമ്പോള്‍, തീര്‍ച്ചയായും നമുക്കു നോന്നും, ബഹുഭാര്യത്വത്തിന്റെ പേരില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ പാശ്ചാത്യന്റെ നാക്കിന് അര്‍ഹതയില്ലെന്ന്. മുഹമ്മദീയ ബഹുഭാര്യത്വത്തില്‍ ജീവിക്കുന്നത് തന്നെയാണ് ഒരു സ്ത്രീക്ക് ഇതിലും ഭേദവും സുരക്ഷിതവും മാന്യവും.' ഇസ്‌ലാം സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങള്‍ ഒന്നടങ്കം ധ്വംസിച്ചുകളയുന്നൊരു അറുപഴഞ്ചന്‍ ദര്‍ശനമാണെന്ന് കാടടച്ചുവെടിവെക്കുന്ന ആധുനിക ഫെമിനിസ്റ്റ് പ്രഭൃതികള്‍ ആനിബസന്റിന്റെ വാക്കുകളെങ്കിലും മുഖവിലക്കെടുത്തെങ്കില്‍!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter