08- അൽ അറൂസ്: പ്രവാചകപ്രകീര്‍ത്തനത്തിലെ നവധാര
പ്രവാചകന്‍(സ്വ)യോടുള്ള സ്നേഹം കേവലമായ ഒരു വികാരമല്ല. അത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഉറവെടുക്കുന്ന, കാലാതിവർത്തിയായ ഒരു അനുഭൂതിയാണ്. മരുഭൂമിയിലെ ദാഹജലം പോലെ, ഇരുട്ടിലെ വെളിച്ചം പോലെ, ആ സ്നേഹം ഓരോ വിശ്വാസിയുടെയും ജീവിതത്തിന് ദിശാബോധം നൽകുന്നു. വാക്കുകൾക്കതീതമായ ആ ബന്ധം, കേവലം ഒരു ചരിത്രപുരുഷനോടുള്ള ആരാധനക്കപ്പുറം, ജീവിതചര്യയിലും വിശ്വാസത്തിലും ആഴത്തിൽ വേരൂന്നിയ ഒന്നാണ്. അത്തരം സ്നേഹക്കടലിൽ നീന്തിത്തുടിച്ച ഒരു ആശിഖിന്റെ ഹൃദയ സംഗീതമാണ് മൗലിദുൽ അറൂസ്.
പ്രമുഖ ഹൻബലി പണ്ഡിതനായ ഇബ്നുൽജൗസി(റ) എന്നറിയപ്പെടുന്ന അബ്ദുറഹ്മാൻ ബിന്‍ അലി അൽഖുറശിയാണ് പ്രസ്തുത മൗലിദിന്റെ രചയിതാവ്. തന്റെ പ്രപിതാക്കൾ താമസിച്ചിരുന്ന ജൗസിലേക്ക് ചേർത്താണ് ഇബ്നുല്‍ജൗസി എന്ന് വിളിക്കപ്പെടുന്നത്. ഹിജ്റ. 511 (ക്രി. 1117) ബഗ്ദാദിലാണ് മഹാനവർകൾ ജനിക്കുന്നത്. അബ്ബാസി ഭരണത്തിന്റെ രണ്ടാം പകുതിയിൽ ജീവിച്ച മഹാന്റെ ചെറുപ്പത്തിലേ പിതാവ് വഫാത്തായതിനാൽ അമ്മാവന്റെ കീഴിലാണ് ശിഷ്ടകാലം ജീവിച്ചിരുന്നത്. അദ്ദേഹത്തിൽ നിന്നാണ് വൈജ്ഞാനിക മാറ്റങ്ങൾക്ക് വിത്ത് പാകുന്നത്. ചെറുപ്പത്തിലേ പ്രസംഗത്തിലും രചനയിലുമുള്ള വൈദഗ്ദ്ധ്യം തെളിയിച്ച അവരുടെ വിജ്ഞാന സദസ്സുകളിൽ പതിനായിരത്തോളം പണ്ഡിതന്മാർ പങ്കെടുത്തിരുന്നു. ഇരുന്നൂറ്റി അമ്പതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവായ ഇബ്നുൽജൗസി അക്കാലത്തെ പല പണ്ഡിതരാലും പ്രശംസിക്കപ്പെട്ടവരാണ്. തൊണ്ണൂറാം വയസ്സിൽ വഫാത്തായ മഹാനവർകളെ മറമാടിയത് ഇമാം അഹ്മദ് ഇബ്നു ഹൻബല്‍(റ)ന്റെ ഖബറിനരികിലാണ്.
പ്രവാചകൻ(സ്വ)യുടെ ജനനവും അതുമായി ബന്ധപ്പെട്ട അത്ഭുത സംഭവങ്ങളും സമഗ്രമായി വിവരിക്കുന്ന ഈ മൗലിദ് അറബി സാഹിത്യത്തിലെ അതിമനോഹരമായ രചനയാണ്. പ്രവാചകന്റെ ഉന്നത പദവിയെക്കുറിച്ചും അവിടുത്തെ പരിശുദ്ധമായ ജീവിതത്തെക്കുറിച്ചുമുള്ള ആഴമേറിയ ചിന്തകളാണ് മൗലിദിന്റെ കാതൽ. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചപ്പോൾ, നബി(സ്വ)യുടെ പ്രകാശത്തിൽനിന്ന് ഒരുപിടി പ്രകാശം എടുത്ത് അതിനോട് 'മുഹമ്മദാകുക' എന്ന് കൽപ്പിച്ചു. ആ പ്രകാശം ഒരു പ്രകാശസ്തംഭമായി മാറി, അത് അല്ലാഹുവിനെ സ്തുതിച്ചു. അപ്പോൾ അല്ലാഹു അറിയിച്ചു, "നിനക്കുവേണ്ടിയാണ് ഞാൻ ഇവരെ സൃഷ്ടിച്ചത്, നിനക്ക് ഞാൻ മുഹമ്മദ് എന്ന് പേര് നൽകിയിരിക്കുന്നു. നിന്നിൽ നിന്നാണ് ഞാൻ സൃഷ്ടി തുടങ്ങുന്നത്, നിന്നിലാണ് ദൂതന്മാരെ ഞാൻ പൂർത്തിയാക്കുന്നത്". ഈ ആശയം, പ്രവാചകന്റെ ഉണ്മയുടെ ചരിത്രപരമായ ഒരു പശ്ചാത്തലത്തിനുപരി, പ്രപഞ്ചത്തിന്റെ തുടക്കത്തിൽ തന്നെ നിലകൊള്ളുന്ന ഒരു വിശിഷ്ട യാഥാർത്ഥ്യമാണെന്ന് ഊന്നിപ്പറയുന്നു. മറ്റൊരു പ്രധാന ആശയം, പ്രവാചകന്റെ 'നൂർ' (ദിവ്യപ്രകാശം) ആദം നബി മുതൽ അബ്ദുല്ലാഹ് വരെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു എന്നതാണ്. ഈ പ്രകാശത്തിന്റെ മഹത്വം കാരണം ആദം നബിക്ക് പാപമോചനം ലഭിച്ചു, ഇദ്‍രീസ് നബിയെ അല്ലാഹു ഉയർത്തി, നൂഹ് നബിക്ക് കപ്പലിൽ രക്ഷ ലഭിച്ചു, ഇബ്റാഹീം നബിക്ക് അഗ്നി തണുപ്പായി, മൂസാ നബിയും ഈസാ നബിയും തങ്ങളുടെ സമുദായങ്ങള്‍ക്ക് ഈ വിശുദ്ധ ജന്മത്തെക്കുറിച്ച് സുവിശേഷം അറിയിച്ചു. എല്ലാ പ്രവാചകന്മാരുടെയും വിജയത്തിന് പിന്നിൽ പ്രവാചകന്റെ 'നൂർ' ഉണ്ടായിരുന്നു എന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്.
Read More: 07. ജഅല മുഹമ്മദ് മൗലിദ്: അതുല്യ വിശേഷണങ്ങളുടെ ആവിഷ്കാരം
സാധാരണ മൗലിദ് കൃതികളിൽനിന്ന് വ്യത്യസ്തമായി, സുഘടിതമായ ഒരു ഘടന ഇത് പിന്തുടരുന്നുണ്ട്. ഗ്രന്ഥം ആരംഭിക്കുന്നത് അല്ലാഹുവിനുള്ള സ്തുതിയും പ്രവാചകനിലുള്ള സ്വലാത്തും സലാമും അർപ്പിച്ചുകൊണ്ടാണ്. തുടർന്ന്, പ്രവാചകന്റെ 'നൂർ' (ദിവ്യപ്രകാശം) ആദം നബി മുതൽ അബ്ദുല്ലാഹ് വരെ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള വിവരണമാണ്. ഇത് പ്രവാചകന്റെ ഉന്നതവും പരിശുദ്ധവുമായ വംശമാഹാത്മ്യത്തിന് ഊന്നൽ നൽകുന്നു. ശേഷം, പ്രവാചകന്റെ ജനനവുമായി ബന്ധപ്പെട്ട അമാനുഷിക സംഭവങ്ങൾ വിശദീകരിക്കുന്നു. പ്രവാചകന്റെ വരവിനായി പ്രപഞ്ചം എങ്ങനെ ഒരുങ്ങി എന്നതിനെക്കുറിച്ചുള്ളതാണ് ഈ ഭാഗം. പേർഷ്യൻ രാജാവായ കിസ്റയുടെ കൊട്ടാരത്തിന്റെ മേൽക്കൂര തകർന്നത്, ആയിരം വർഷമായി അണയാതെ നിന്ന പേർഷ്യൻ അഗ്നി കെട്ടത്, സാവാ തടാകം വറ്റിയത് തുടങ്ങിയ അത്ഭുതങ്ങൾ ഇതിൽ വിവരിക്കുന്നു. തുടർന്ന്, പ്രവാചകന്റെ ജനനശേഷം അല്ലാഹുവിന്റെ കൽപ്പനപ്രകാരം ജിബ്‌രീൽ(അ) മറ്റ് സൃഷ്ടികളോടും മാലാഖമാരോടും ഈ സന്തോഷവാർത്ത അറിയിക്കുന്ന ഭാഗമാണ്. ഒടുവിൽ, പ്രവാചകന്റെ ഭൗതികവും ധാർമ്മികവുമായ സവിശേഷതകളെക്കുറിച്ചും ജീവിതത്തിലെ പ്രധാന അമാനുഷിക സംഭവങ്ങളെക്കുറിച്ചുമുള്ള വിവരണത്തോടെ ഈ കൃതി പൂർണമാകുന്നു.
ഗദ്യത്തിൽ രചിച്ചതാണെങ്കിലും, ഈ കൃതിക്ക് സവിശേഷമായ ഒരു കാവ്യഭംഗിയും കാണാം. ഇതിലെ രചന പ്രധാനമായും 'സജ്അ്' (rhyming prose) എന്ന ശൈലിയിലാണ്. ഇത് വായിക്കുമ്പോൾ ഒരു കാവ്യം ആലപിക്കുന്ന അനുഭവം നൽകുന്നു, "സൗന്ദര്യമുള്ള മുഖം ചന്ദ്രനെപ്പോലെ തിളങ്ങുന്നു, നബിയുടെ മുടി ഇരുണ്ട രാത്രിയെപ്പോലെ കറുത്തതാണ്, നബിയുടെ നെറ്റിയിൽ നിന്ന് പ്രകാശവും തിളക്കവും പുറപ്പെടുന്നു" തുടങ്ങിയ വർണ്ണനകൾ ഈ കാവ്യഭംഗിക്ക് ഉദാഹരണങ്ങളാണ്. ഈ മൗലിദിന്റെ കാവ്യപരമായ താളം ഹൃദയത്തെ സ്പർശിക്കുന്നതും ആത്മീയമായി ഉണർത്തുന്നതുമാണ്. 'മൗലിദുൽ അറൂസ്' പാരായണം ചെയ്യുന്ന വേളയിൽ വിശ്വാസികൾ എഴുന്നേറ്റ് നിൽക്കുന്ന ഒരു പതിവുണ്ട്.
ഈ ഗ്രന്ഥം ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ഇബ്നുൽ ജൗസിയുടെ 'മൗലിദുൽ അറൂസ്' വെറുമൊരു ജീവചരിത്ര ഗ്രന്ഥമല്ല, മറിച്ച്, പ്രവാചകന്റെ ജീവിതത്തിലെ അത്ഭുതങ്ങളെയും ഉന്നതമായ പദവിയെയും വാഴ്ത്തുന്ന ഒരു ആത്മീയ ഗ്രന്ഥമാണ്. ഇതിന്റെ സങ്കീർണ്ണമായ ഘടനയും ഉന്നതമായ ഭാഷയും ആഴത്തിലുള്ള ആശയങ്ങളും ഇതിനെ ഒരു അതുല്യമായ കൃതിയാക്കി മാറ്റുന്നു. ഇത് പ്രവാചകസ്നേഹത്തിന്റെ ആഴമേറിയ പ്രകടനമായി ഇന്നും ലോകമെമ്പാടുമുള്ള വിശ്വാസികളാൽ പാരായണം ചെയ്യപ്പെടുകയും, ആത്മീയമായ പ്രചോദനം നൽകുകയും ചെയ്യുന്നു.
Leave A Comment