10. ബർസൻജി മൗലിദ്: ഗദ്യത്തിന്റെ സൗന്ദര്യവും കാവ്യത്തിന്റെ ആത്മാവും

ഇഖ്ദുൽ ജൗഹർ ഫീ മൗലിദിന്നബിയ്യിൽഅസ്ഹർ എന്ന പേരിൽ അറിയപ്പെടുന്ന ബർസൻജി മൗലിദ്, പ്രവാചകപ്രേമികളുടെ ഹൃദയങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഒരു പ്രകീർത്തന കാവ്യമാണ്. മദീനയിലെ മുഫ്തിയും മഹാപണ്ഡിതനും സാത്വികനുമായിരുന്ന ജഅ്ഫർ ബിൻ ഹസനിൽ ബർസൻജി(റ) രചിച്ച ഈ കൃതി, ഗദ്യരൂപത്തിലാണ് നിലകൊള്ളുന്നതെങ്കിലും അതിന്റെ ഓരോ വരിയിലും കാവ്യാത്മകതയുടെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്നു. 'തിരുനബിയുടെ മൗലിദിൽ ക്രോഡീകൃതമായ രത്നഹാരം' എന്ന് അർത്ഥം വരുന്ന ഈ നാമത്തോട്, അതിന്റെ ഉള്ളടക്കത്തിന്റെ മനോഹാരിത പൂർണ്ണമായി നീതി പുലർത്തുന്നുണ്ട്. 

ബഗ്ദാദിനടുത്തുള്ള അർറാൻ എന്ന സ്ഥലത്താണ് ബർസൻജി കുടുംബത്തിന്റെ വേരുകൾ. പ്രസ്തുത കുടുംബത്തിന്റെ കാരണവരും വലിയ്യുമായ അലി(റ) എന്നവർക്ക്, നബി(സ്വ) സ്വപ്നത്തിൽ നൽകിയ നിർദ്ദേശമനുസരിച്ചാണ് ബർസൻജ് എന്ന പ്രദേശം ഒരു ജനവാസ കേന്ദ്രമായി മാറിയതും ആത്മീയമായി സമ്പുഷ്ടമായതും. ആത്മീയതയുടെയും പാണ്ഡിത്യത്തിന്റെയും പാരമ്പര്യം പേറുന്ന ഈ കുടുംബത്തിൽനിന്നാണ് മൗലിദിന്റെ കർത്താവായ സയ്യിദ് ജഅ്ഫർ ബിൻ ഹസൻ അൽബർസൻജി(റ) വരുന്നത്. നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തിന്റെ 'ജാലിയതുൽ ഖുറബ് ബി അസ്ഹാബി സയ്യിദിൽ അജമി വൽ അറബ്' എന്ന കൃതി ഏറെ പ്രസിദ്ധമാണ്. കൂടാതെ, എല്ലാവർക്കും സുപരിചിതമായ ബദ്‌രിയ്യത്തുൽ ഹംസിയ്യയും ബദ്‌രിയ്യത്തുൽ റാഇയ്യയും, അദ്ദേഹത്തിന്റെ കൃതികളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടവയാണെന്ന് അവയുടെ തുടക്കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'അൽ ബുർദത്തു ബി ഇജാബത്തിശ്ശൈഖ് മുഹമ്മദ് ഗാഫിൽ' എന്ന രചനയും മഹാന്റെ സംഭാവനയാണ്. ഹിജ്റ 1177-ൽ ശഅ്ബാൻ മാസം വഫാത്താകുന്നതുവരെ മദീനയിലെ ശാഫിഈ മുഫ്തിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. തന്റെ പൂർവ്വികരുടെ അരികിലായി ജന്നത്തുൽ ബഖീഇലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. പാണ്ഡിത്യത്തിലും ആത്മീയതയിലും ഒരുപോലെ ഉന്നതനായ ഒരു വ്യക്തിത്വമായിരുന്നു സയ്യിദ് ജഅ്ഫർ അൽബർസൻജി.

പ്രസ്തുത മൗലിദിന്റെ പദ്യരൂപം സ്വസഹോദരൻ അലിയ്യുൽ ബർസൻജി(റ) തയ്യാറാക്കിയത് പ്രചാരത്തിലുണ്ട്. പരസ്പരം തിരിച്ചറിയാനാകാത്ത വിധം കാവ്യാത്മകത രണ്ടിലും കാണാവുന്നതാണ്. ആദ്യാന്തം പ്രാസപ്പൊരുത്തം സംരക്ഷിച്ചുകൊണ്ടാണ് ഗദ്യരചന. നബി(സ്വ)യുടെ കുടുംബ മാഹാത്മ്യവും പരിശുദ്ധിയും വിവരിക്കുന്ന ഭാഗത്ത് ഇമാം ബൂസ്വീരി(റ)ന്റെയും അൽഹാഫിള് സൈനുദ്ദീനിൽ ഇറാഖി(റ)ന്റെയും രണ്ട് വരി കവിതകളും, പ്രവാചക ജനന രംഗം അതിമനോഹരമായി ആവിഷ്കരിച്ച ബുസ്വീരി(റ)യുടെ ആറ് വരി കവിതകളും ചേർത്തിട്ടുണ്ട്. അവിടങ്ങളിൽ മാത്രമാണ് അന്ത്യാക്ഷര പ്രാസനിബദ്ധത നഷ്ടപ്പെട്ടിട്ടുള്ളത്. ഈ മൂന്ന് ഭാഗങ്ങളും അറബികളുടെ പതിവനുസരിച്ച് വിനിമയമധ്യേ കടന്നുവന്നത്, അവയുടെ ആശയ പ്രകാശനത്തിനും ദൃഢീകരണത്തിനും ഒരു പ്രമാണം കണക്കെയാണ്.

ആകെ 19 ഘട്ടങ്ങളായിട്ടാണ് മൗലിദ് ക്രമീകരിച്ചിരിക്കുന്നത്. തിരുനബിയുടെ മഹത്വം, ആമുഖം എന്ന രീതിയിൽ വിവരിച്ചതിനു ശേഷം കുടുംബം, ജനനം, വിവാഹം, ഹിജ്റ, സ്വഹാബികൾ, രാപ്രയാണം, ഹജ്ജത്തുൽ വിദാഅ്, മുഅ്ജിസത്തുകൾ, പ്രകൃതി തുടങ്ങിയവ ഓരോ ഖണ്ഡങ്ങളായി അവതരിപ്പിച്ചു കൊണ്ട് ഒടുവിൽ ദീർഘമായ പ്രാർത്ഥനയോടെ മൗലിദ് പരിസമാപ്തി കുറിക്കുകയും ചെയ്യുന്നു. മനോഹരവും ഹൃദ്യവുമായ പദവിന്യാസമാണ് മൗലിദിന്റെ കാതൽ. 

അറബ് ലോകത്ത് പ്രചാരണം നേടിയ മൗലിദ് ആഫ്രിക്കൻ നാടുകളിൽ മനപാഠമാക്കുന്ന രീതി തന്നെയുണ്ട്. ഓരോ ഖണ്ഡത്തിന്റെയും അവസാനം “അത്ത്വിരില്ലാഹുമ്മ ഖബറഹുൽ കരീം ബി അർഫിൻ ശദിയ്യിൻ മിൻ സ്വലാത്തിൻ വതസ്‌ലീം’ (അല്ലാഹുവേ, സ്വലാത്തും സലാമും നിമിത്തമായി കസ്തൂരിയുടെ പരിമളം കൊണ്ട് അവിടുത്തെ ഖബറിനെ നീ സുഗന്ധപൂരിതമാക്കേണമേ) എന്ന ജവാബാണ് ചൊല്ലുന്നത്. സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പ്രയാസമുള്ളതിനാലായിരിക്കാം, നമ്മുടെ നാട്ടിൽ ഇത്തരം മൗലിദ് സദസ്സുകൾ അംഗുലീ പരിമിതമാണ്.

Read More: 09. അത്തശ്‍വീഖ്: മൗലിദ് രംഗത്തെ കോഴിക്കോടിന്റെ സംഭാവന

ബർസൻജി മൗലിദിലെ ആശയാവിഷ്കാരം പ്രവാചകനോടുള്ള ആദരവും സ്നേഹവും നിറഞ്ഞതാണ്. അവിടുത്തെ മഹത്വവും സന്ദേശവും ഉയർത്തിക്കാട്ടുന്നതിന് അത് ഊന്നൽ നൽകുന്നു. മൗലിദ് പാരായണ വേളയിൽ ചില ഭാഗങ്ങളിൽ എഴുന്നേറ്റു നിൽക്കുന്ന സമ്പ്രദായം ഇതുമായി ബന്ധപ്പെട്ട് കാണാവുന്നതാണ്. 'അത്വിരില്ലാഹുമ്മ ഖബറഹുൽ കരീം' എന്ന് തുടങ്ങുന്ന ഭാഗത്തിന് ശേഷം, 'ഹുദാ വഖദിസ്തഹ്സനൽ ഖിയാമ' എന്ന ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് എഴുന്നേറ്റ് നിൽക്കുന്നത് പണ്ഡിതന്മാർ ഇഷ്ടപ്പെട്ട കാര്യമാണെന്ന് സൂചിപ്പിക്കുന്നു. ഈ ഭാഗം, മൗലിദ് പാരായണവുമായി ബന്ധപ്പെട്ട ചില ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

ത്വവീൽ വൃത്തത്തിൽ രചന നിർവഹിക്കപ്പെട്ട മൗലിദിന് നിരവധി ശർഹുകളും ഹാശിയകളും സംക്ഷേപങ്ങളും വിരചിതമായിട്ടുണ്ട്. അൽ കൗകബുൽ അൻവർ അലാ ഇഖ്ദിൽ ജൗഹരി ഫീ മൗലിദിന്നബിയ്യിൽഅസ്ഹർ എന്ന പേരിലറിയപ്പെടുന്ന, 600 ലധികം പേജുകളുള്ള ബൃഹത്തായ ഗ്രന്ഥമാണ് അതിൽ കൂടുതൽ പ്രശസ്തമായത്. ബർസൻജി കുടുംബത്തിൽ നിന്നുള്ളതിനാലാകണം അത്തരമൊരു പ്രചരണത്തിന് സഹായകമായത്. ഈജിപ്ഷ്യൻ പണ്ഡിതനായ മുഹമ്മദ് ഇബ്നു അഹമദ് ബിന്‍ മുഹമ്മദ് അലീഷ് രചിച്ച അൽഖൗലുൽ മുൻജി അലാ മൗലിദിൽ ബർസൻജി മറ്റൊരു വിവരണ ഗ്രന്ഥമാണ്. ടുണീഷ്യൻ പണ്ഡിതനായ ശൈഖ് സയ്യിദ് അഹ്മദ് ജമാലുദീനിത്തൂനിസി(റ) ബർസൻജി മൗലിദിനെ സംക്ഷേപിച്ചിട്ടുണ്ട്. മുഖ്തസ്വറു മൗലിദിൽ ബർസൻജി എന്ന പേരില്‍ മറ്റൊരു സംക്ഷേപവും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

കേരളക്കരയിലും ബർസൻജി മൗലിദിന് വിവരണങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ 1422 ൽ തയ്യാറാക്കിയ ഒരു വിവരണകൃതി, അബ്ജദ് സംഖ്യ 1422 വരുന്ന രീതിയില്‍ അൽഅസ്‌ലുൽ മുൻജി ബിഖ്തിസ്വാരി മൗലിദിൽ ബർസഞ്ചി എന്ന പേരിലറിയാണപ്പെടുന്നത്. മർഹൂം വൈലത്തൂർ ബാവ മുസ്ലിയാർ ആണ് പ്രസ്തുത രചനയുടെ കർത്താവ്. ഗദ്യം മാത്രമുള്ള മൗലിദുകൾക്ക് പൊതുവെ കേരളക്കരയിൽ പ്രചാരമില്ലതാനും. അത്തരമൊരു പ്രശ്നത്തെ ദൂരീകരിക്കാനായിരിക്കണം, പ്രസ്തുത കൃതി ഗദ്യ-പദ്യങ്ങളോടെ രചിക്കപ്പെട്ടത്. 

തിരുനബി(സ്വ)യുടെ ഇരുപതോളം വരുന്ന പിതാമഹന്മാരുടെ വിവരണത്തോടെ ആരംഭിക്കുന്ന ബർസൻജി ആദ്യ ഖണ്ഡം അൽപം ചില ചുരുക്കലോടെ ഗദ്യമായി വിവരിക്കുന്നു. തുടർന്ന് നബിയുടെ പ്രകാശത്തെ(നൂറിനെ) കുറിച്ചുള്ള ഭാഗം പദ്യമാക്കിയിരിക്കുന്നു. ഇങ്ങനെ ഓരോ ഘട്ടവും ഗദ്യവും പദ്യവും എന്ന രീതിയിൽ അഞ്ച് ഗദ്യവും അഞ്ച് പദ്യവും ശേഷം ദുആയും അടങ്ങിയ ഒരു സ്വതന്ത്ര ബൈത്തും കൊണ്ട് സമാപ്തി കുറിക്കുന്നതാണ് അസ്‌ലുൽ മുൻജിയുടെ രചനാ ശൈലി.

പ്രവാചകന്റെ ജീവിതത്തെ കേവലം ചരിത്രപരമായി അവതരിപ്പിക്കുന്ന ഒരു കൃതിയല്ല ഇത്. മറിച്ച്, അഗാധമായ ആത്മീയതയും സാഹിത്യപരമായ സൗന്ദര്യവും സമന്വയിപ്പിച്ച് നബിയുടെ മഹത്വത്തെ വാഴ്ത്തുന്ന ഒരു രചന തന്നെയാണ്. സങ്കീർണ്ണമായ ഘടനയും ഉന്നതമായ ഭാഷയും അതിനെ ഒരു ക്ലാസിക് കൃതിയാക്കുന്നു. പ്രവാചക സ്നേഹത്തിന്റെ ആഴമായ പ്രകടനമായി ഇത് ഇന്നും ലോകമെമ്പാടുമുള്ള വിശ്വാസികളാൽ പാരായണം ചെയ്യപ്പെടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter