മുത്ത്‌നബിയും പനിനീര്‍പൂവും

കാണാമറയത്തെവിടെയോ ഒരു പനിനീര്‍പ്പൂ വിരിയുന്നു. പരിസരത്തെങ്ങും നറുമണം നിറയുന്നു. പ്രണയാതുരനായ കവി അതത്രയും ആവാഹിച്ചെടുക്കുന്നു. ആത്മാവിന്റെ താഴ്‌വരയില്‍ ഒഴുകിനിറയുന്ന പൂമണത്തിന്റെ സ്രോതസ്സ് തിരയുകയായി തന്റെ കണ്ണുകള്‍.


ധ്യാനാത്മകാന്തരീക്ഷത്തില്‍ വിരിഞ്ഞുല്ലസിക്കുന്ന പനിനീര്‍പ്പൂ കണ്ട് കവി വിസ്മയം കൊള്ളുന്നു: ഖല്‍ബ് കവരുന്ന ഈ ചായച്ചേരുവ പനിനീര്‍പ്പൂവിന്ന് കിട്ടിയതെവിടെനിന്നാവാം? ഉള്ളില്‍ ആന്ദോളനം സൃഷ്ടിക്കുന്ന സുഗന്ധം കൈവന്നതെങ്ങനെയാവാം? ഇതളുകള്‍ക്ക് ഇത്രമേല്‍ തണുപ്പും മൃദുലതയും ലഭിച്ചതാരില്‍ നിന്നാവാം?
അനുരാഗികളുടെ മനസ്സ് അങ്ങനെയാണ്. പിന്നെയും പിന്നെയും പ്രണയപാത്രത്തിലേക്ക് പൊയ്‌ക്കൊണ്ടേയിരിക്കുമത്. അനുരാഗതീവ്രത അറിയാത്തവര്‍ക്ക് അനാവശ്യമെന്ന് തോന്നാവുന്ന കാര്യങ്ങളില്‍ പോലും ധ്യാനനിരതരാകുന്ന പ്രകൃതക്കാരാണ് അവര്‍. പ്രവാചകന്റെ നിറവും മണവും തേടി നടക്കുന്ന കണ്ണും നാസികയുമാണവരുടേത്. മുത്ത്‌നബിയില്‍ നിന്ന് ഒരു സുഗന്ധം വമിച്ചിരുന്നതായി അവരറിഞ്ഞിട്ടുണ്ട്. ചുവപ്പുരാശി ചേര്‍ന്ന വെളുപ്പുവര്‍ണ്ണത്തിലുള്ള തിരുമേനിയുടെ ശരീരചാരുതയും അവരറിഞ്ഞിട്ടുണ്ട്.
കാലദേശങ്ങളുടെ വിദൂരതയില്‍ നിന്ന് പ്രവഹിച്ചുകൊണ്ടിരുന്ന പ്രവാചകപ്പൂമണം തേടിയലയുന്ന അനുരാഗിയാണയാള്‍. മരുഭൂവിശാലതയില്‍ വസന്തം വിരിയിച്ച സൗന്ദര്യസ്വരൂപത്തെ വാക്കുകളില്‍ വരഞ്ഞുവെക്കാന്‍ വെമ്പുന്ന കലാകാരനാണയാള്‍.  തിരുകരമൊന്നു തൊടാനും അതിന്റെ തണുപ്പുകൊണ്ട് കുളിരണിയാനും കൊതിക്കുന്ന കുതൂഹലമാണയാള്‍.
പതുക്കെപ്പതുക്കെ ആ അനുരാഗിയുടെ ഭാവനയില്‍ ഒരു സുഗന്ധസ്രോതസ്സ് തെളിയുകയായി. അത് തന്റെ അനുരാഗപാത്രമല്ലാതെ മറ്റാരുമായിരുന്നില്ല. ചുവപ്പുരാശിയുള്ള വെളുപ്പുനിറം കവിമനസ്സില്‍ ഒരു പ്രതീകം രൂപപ്പെടുന്നതിന് നിമിത്തമായി. പനിനീര്‍പ്പൂവിന്റെ ഇതളുകള്‍ കണക്കെ നബികരങ്ങള്‍ ആര്‍ദ്രത പകരുന്നവയാണെന്ന അറിവ് അതിനെ പിന്തുണച്ചു. അങ്ങനെ പനിനീര്‍പ്പൂവിന്ന് മുത്ത്‌നബിയോട് ചേര്‍ത്തുനിര്‍ത്താവുന്ന ഒരു കാവ്യപ്രതീകത്തിന്റെ പദവി കൈവരികയായിരുന്നു.
പേര്‍ഷ്യന്‍ മിസ്റ്റിക് കവി ജലാലുദ്ദീന്‍ റൂമി അതെടുത്ത് കാവ്യം ചമയ്ക്കുന്നു.
”പനിനീര്‍ച്ചെടിയുടെ വേരും കവരവും
മുസ്ത്വഫായുടെ വശ്യസ്വേദകണങ്ങള്‍ തന്നെ
പനിനീര്‍പ്പൂവിന്റെ കുഞ്ഞുപനിമതി
പൂര്‍ണ്ണചന്ദ്രനായി പരിലസിപ്പൂ പ്രവാചകക്കരുത്താല്‍”
(ദീവാന്‍ 1348)
പനിനീര്‍ച്ചെടിയുടെ അസ്തിത്വം തന്നെ മുത്ത്‌നബിയുമായി ബന്ധപ്പെട്ടതാണെന്ന് കവികല്പന. അതെങ്ങനെയെന്ന ആകാംക്ഷയ്ക്കുമുണ്ട് കവിഭാവനയില്‍ ഒരുത്തരം. ദൈവീകസന്നിധിയിലേക്ക് പോയ പ്രവാചകന്റെ പ്രസിദ്ധമായ മിഅ്‌റാജ് യാത്ര. അന്നാണ് അത് സംഭവിച്ചതെന്ന് കവി. തിരുമേനിയില്‍ നിന്ന് ഏതാനും വിയര്‍പ്പുതുള്ളികള്‍ മണ്ണില്‍ വീഴുകയായി. സുഗന്ധപൂരിതമായ ആ സ്വേദകണങ്ങളില്‍ നിന്നാണത്രെ ആദ്യത്തെ പനിനീര്‍ച്ചെടി കിളിര്‍ത്തുവന്നത്. ആത്മാവിലോളം പടരുന്ന നറുമണം പനിനീര്‍പ്പൂവിന്ന് കൈവന്നത് അങ്ങനെയത്രെ. കണ്ണില്‍ കൗതുകം നിറയ്ക്കുന്ന വര്‍ണ്ണചാരുത വന്നുചേര്‍ന്നതും അങ്ങനെത്തന്നെ. പനിനീര്‍പ്പൂവിന്റെ നിറവും മണവും ആര്‍ദ്രസ്പര്‍ശാനുഭവവും ചേര്‍ന്ന് കവിമനസ്സിനെ പ്രവാചകനിലേക്ക് നയിക്കുന്നു. കവിഭാവനയില്‍ പനിനീര്‍ച്ചെടിക്ക് ഒരു ഉല്‍പ്പത്തിക്കഥ പിറക്കുന്നു. അത് അനുരാഗികളായ കവികള്‍ രചനകളിലൂടെ ആവര്‍ത്തിക്കുന്നു.
”തേജസ്വിയായ പ്രവാചകന്‍ പൂന്തോപ്പില്‍ പ്രവേശിക്കെ, പനിനീര്‍പ്പൂവിതളുകള്‍ നാണത്താല്‍ ചെങ്കാന്തിയാര്‍ന്നു”വെന്ന് ഒരു പശ്തു ജനകീയ കാവ്യശകലം. പ്രവാചകന്റെ നിറം പനിനീര്‍പ്പൂവിനെ നാണിപ്പിക്കുമാറ് മികച്ചതെന്ന് കവി.
ഒടുവിലെ പ്രവാചകന്‍ എന്ന പരികല്പനയ്‌ക്കെന്തര്‍ത്ഥം? പ്രവാചകന്‍മാരെല്ലാവരുടേയും ജ്ഞാനസാരമാണ് മുത്തുനബി എന്നത് ഒരു വായന. അവരുടെയെല്ലാം സൗന്ദര്യസാരം കൂടിയാണ് തിരുമേനിയെന്നത് പ്രണയികളുടെ വായന. ആകയാല്‍ ആശിഖീങ്ങളായ കവികുലത്തിന്റെ ഭാവനയില്‍ സൗന്ദര്യസാരമായി, സുഗന്ധസ്രോതസ്സായി, കുളിര്‍സ്പര്‍ശമായി എന്നുമൊരു പനിനീര്‍പ്പൂവുണ്ട്. അതുകൊണ്ടാകാം പ്രവാചകപ്രണയകാവ്യങ്ങളില്‍ പനിനീര്‍പ്പൂക്കള്‍ സുഗന്ധം പരത്തിക്കൊണ്ടേയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter