പ്രസവം ചില വസ്തുതകള്‍
ചില കുടുംബങ്ങള്‍ ഗര്‍ഭിണിയെ കണ്ണാടിക്കൂട്ടിലെ കിളിയെപ്പോലെ അനങ്ങാന്‍ പോലും ഇടവരാതെ സംരക്ഷിക്കും. ഗര്‍ഭിണിക്ക് എന്തെങ്കിലും സംഭവിക്കുമോ, കുഞ്ഞിന് കുഴപ്പമുണ്ടാകുമോ എന്നു തുടങ്ങിയ ആശങ്കകള്‍ വെച്ച പുലര്‍ത്തി അവളെ ഒരു റൂമില്‍ തളച്ചിടുകയും അനങ്ങരുത്, തിരിയരുത്, നടക്കരുത് തുടങ്ങിയ വിലക്കുകളേര്‍പ്പെടുത്തുകയും ചെയ്യുന്നു.
അവള്‍ ഒരു ജോലിയും ചെയ്യാതെ ഉടുത്തൊരുങ്ങി ബെഡ്‌റെസ്‌റ്റെടുത്തു ഒടുവില്‍ ഒന്നനങ്ങാന്‍പോലുംകഴിയാത്ത അവസ്ഥ സംജാതമാവുകയും സഹന ശക്തിയും മനഃസാന്നിദ്ധ്യവും കുറയുകയും ഭയവും ദുഃഖവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ വേദനയും പ്രയാസവും കൂടുകയും സിസേറിയന്‍ നടത്തേണ്ടിവരികയും ചെയ്യുന്നു.
പ്രസവത്തെക്കുറിച്ച് ഗര്‍ഭിണിയുടെ മനസ്സിലുള്ള ചിത്രം സന്തോഷംപകരുന്നതാകണം. താനേറെ സ്‌നേഹിക്കുന്ന ജീവിതപങ്കാളിയുടെ ബീജത്തില്‍നിന്നും ജനിച്ച കുഞ്ഞിനെ പത്തു മാസം ഗര്‍ഭം ചുമന്ന് ഒടുവില്‍ അതിനെ ഒരുനോക്ക് കാണാനുള്ള മുഹൂര്‍ത്തം ഇതാ സംജാതമാകുന്നു എന്നോര്‍ത്ത് അവളുടെ മനസ്സില്‍ ആഹ്ലാദവും അനുഭൂതിയും ഉളവായിത്തീരണം. ഭര്‍ത്താവും കുടുംബങ്ങളും അവളില്‍ സന്തോഷവും ആശ്വാസവും സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കണം. അവരുടെ ഉല്‍കണ്ഠയും വേവലാതിയും അവളെ അറിയിക്കരുത്. വീട്ടുജോലികളും വ്യായാമവും ചെയ്യിപ്പിക്കണം. പ്രസവം സുഗമമായിത്തീരാന്‍ ഇവ ഉപകരിക്കും.
മുന്‍കാലത്തുള്ള സ്ത്രീകളില്‍ പ്രസവം പ്രശ്‌നങ്ങളോ പ്രയാസങ്ങളോ സൃഷ്ടിച്ചിരുന്നില്ല. അവര്‍ നല്ലപോലെ അധ്വാനിച്ചിരുന്നു എന്നതുതന്നെ കാരണം. അലസതയും മടിയും കാണിച്ച് ഒരിടത്ത് അനങ്ങാതെ ചടഞ്ഞുകൂടിയിരുന്നില്ല. മാത്രമല്ല, ഗര്‍ഭധാരണം, പ്രസവം തുടങ്ങിയ സ്വാഭാവിക പ്രക്രിയകളെക്കുറിച്ചുള്ള വേവലാതിയോ ഉല്‍കണ്ഠയോ അവര്‍ക്കുണ്ടായിരുന്നില്ല. വൈകുന്നേരംവരെ പണിയെടുത്ത് തിരിച്ച് വീട്ടിലെത്തിയ ഉടനെ സുഖമായി പ്രസവിച്ച സംഭവം പഴമക്കാരായ ചില സ്ത്രീകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. പഴയ കാലങ്ങളില്‍ മാത്രമല്ല, ഇന്നും വൈകുന്നേരം വരെ ജോലി ചെയ്ത് വീട്ടിലേക്ക് തിരിച്ചുപോകുന്ന ഗര്‍ഭിണികളെ ചിലയിടങ്ങളില്‍ കാണാം. സാമ്പത്തികാഭിവൃദ്ധിയും ആധുനിക സംവിധാനങ്ങളുമുണ്ടായതിന്റെ പേരില്‍ നമ്മുടെ പല സ്ത്രീകളും മടിയന്‍മാരായി ഒരു ജോലിയും ചെയ്യാതെ ഉടുത്തൊരുങ്ങി നടക്കുന്ന പരിഷ്‌കാരികളായി മാറി. ഇതിന്റെ ഭവിഷ്യത്ത് നാം അനുഭവിക്കുകയും ചെയ്യുന്നു.
എന്താണ് പ്രസവം?
ഗര്‍ഭാശയത്തില്‍നിന്ന് പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവരാനുള്ള പ്രകൃതിയുടെ പ്രക്രിയയാണ് പ്രസവം. ഇതോടെ ഗര്‍ഭകാലം കഴിഞ്ഞു. കുഞ്ഞ് പുതിയൊരുലോകത്തേക്കു വരുന്നു. ഗര്‍ഭകാലം ഏത് സ്ത്രീയെ സംബന്ധിച്ചും ജീവിതത്തിലെ അവിസ്മരണീയ ദിനരാത്രങ്ങളായിരിക്കും. വിഷമങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞ രാപ്പകലുകള്‍. വിശുദ്ധ ഖുര്‍ആന്‍ അതിങ്ങനെ അനാവരണം ചെയ്യുന്നു: ''മാതാപിതാക്കളോട് ഗുണം ചെയ്യണമെന്ന് മനുഷ്യരോട് നാം വസ്വിയ്യത്ത് ചെയ്തു. പ്രയാസത്തിനുമേല്‍ പ്രയാസം സഹിച്ചുകൊണ്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്.''(സൂറത്തു ലുഖ്മാന്‍)
പ്രസവവേദന (പേറ്റുനോവ്) ആരംഭിക്കുന്നത് അടിവയറ്റില്‍നിന്നാണ്. ഗര്‍ഭപാത്രത്തിന്റെ ഇടവിട്ടുള്ള സങ്കോചങ്ങളോടനുബന്ധിച്ചുള്ള ഗര്‍ഭാശയമുഖത്തിന്റെ വികാസം നിമിത്തമാണ് പ്രസവത്തിന്റെ പ്രാരംഭ വേദന അനുഭവപ്പെടുന്നത്. ഗര്‍ഭാശയ ഭിത്തികളിലെ പേശികളിലെ സങ്കോചം മൂലം വേദന ശക്തിപ്പെടും. ചുവപ്പു കലര്‍ന്ന ഒരു കൊഴുപ്പു ദ്രാവകം പേറ്റുനോവിനു മുമ്പായി പുറപ്പെടുകയും പിന്നീട് കുറേശ്ശെ കുറേശ്ശെ പേറ്റുനോവ് തുടങ്ങുകയും ചെയ്യുന്നു. ശരാശരി ഏഴോ എട്ടോ മിനുട്ടുകള്‍ ഇടവിട്ടാണ് തുടക്കത്തില്‍ വേദന അനുഭവപ്പെടുക.
ഈ വേദന ഇരുപതോ മുപ്പതോ സെക്കന്റുകള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. ക്രമേണ ഗതി വര്‍ദ്ധിക്കുകയും രണ്ടോ മൂന്നോ മിനുട്ടുകള്‍ ഇടവിട്ട് നാല്‍പ്പതോ അമ്പതോ സെക്കന്റ് നീണ്ടു നില്‍ക്കുകയും ചെയ്യുന്നതാണ്.
പ്രസവം ഹോസ്പിറ്റലുകളില്‍ വെച്ചു തന്നെ നടക്കണമെന്നൊന്നുമില്ല. വീട്ടില്‍ വെച്ചുമാവാം. സൂതി കര്‍മ്മിണിയോ മിഡ്‌വൈഫോ അടുത്തുണ്ടാവണമെന്നു മാത്രം. പേറ്റുനോവുണ്ടാകുമ്പോള്‍ തന്നെ അവരെ വരുത്തണം.
പ്രസവ വേദനയുണ്ടാകുമ്പോള്‍ മുഹ്‌യദ്ദീന്‍മാല, നഫ്വീസത്തുമാല തുടങ്ങിയ മഹാത്മാക്കളുടെ മദ്ഹ് ഗീതങ്ങള്‍ പാടുകയെന്ന പതിവ് പണ്ടുകാലങ്ങളില്‍ നമുക്കിടയില്‍ വ്യാപകമായിട്ടുണ്ടായിരുന്നു. പഴഞ്ചന്‍ ആചാരമായി കണക്കാക്കിയതിന്റെപേരിലും പ്രസവം കൂടുതലും ആശുപത്രിയിലായ കാരണത്താലും ആ സമ്പ്രദായം സമൂഹത്തില്‍നിന്നും പാടെ എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. മഹാന്‍മാരെ സ്മരിക്കല്‍ ആരാധനാ കര്‍മമാണെന്ന പ്രവാചകവചനം ആധുനിക സമൂഹം മറന്നുപോയത് ഖേദകരമായിപ്പോയി.
Leave A Comment