ദാമ്പത്യം:  സ്വപ്നവും ജീവിതവും
േോവിവാഹ ജീവിതത്തെ കുറിച്ച് ഏവര്‍ക്കുമുണ്ടാകും കുറെ പ്രതീക്ഷകളും മോഹങ്ങളും സ്വപനങ്ങളും സങ്കല്‍പങ്ങളും മനക്കോട്ടകളുമൊക്കെ. അതൊക്കെ അതിരുകളില്ലാത്ത കാര്യങ്ങളാണ്. ആകാശം മുട്ടെ ആര്‍ക്കുവേണമെങ്കിലും നെയ്തുകൂട്ടാവുന്നതേയുള്ളൂ. പക്ഷേ, അതെല്ലാം പൂവണിയണമെന്ന ശാഠ്യവും വാശിയും അപകടകരമാണ്. സുഖദുഃഖങ്ങളുടെ സമ്മിശ്രവികാരമത്രെ ജീവിതം. ആ യാഥാര്‍ത്ഥ്യത്തെ പരിപൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് മരണം വരെ അകമ്പടി സേവിക്കാമെന്ന ഒരു ഉടമ്പടിയാണ് വിവാഹകര്‍മം. തന്റെ ജീവിത വിയോഗത്തിന്റെ അര്‍ത്ഥപൂര്‍ത്തീകരണത്തിനുള്ള പുറപ്പാടു കൂടിയായ വൈവാഹിക ജീവിതത്തില്‍ ഒരുപക്ഷേ നമ്മുടെ പ്രതീക്ഷകളെയും മനക്കോട്ടകളെയും അപ്പാടെ തകിടം മറിക്കുന്ന ഒരു ജീവിത പങ്കാളിയെയാവാം ലഭിക്കുക. കാലങ്ങളായി മനസ്സിന്റെ മാണിക്യക്കൊട്ടാരത്തില്‍ കെട്ടി ഉര്‍ത്തിയ മനക്കോട്ടകള്‍ ചീട്ടുകൊട്ടാരം പോലെ തട്ടിമറിച്ചിട്ടുകൊണ്ടുള്ള ഒരു ജീവിത ചുറ്റുപാട് പലര്‍ക്കും താങ്ങാനാവില്ല. സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നതോടൊപ്പം തന്നെ കാലാവസ്ഥ അനുകൂലമായാലും പ്രതികൂലമായാലും അതിനെയൊക്കെ അനായാസം തരണം ചെയ്യാനുള്ള തയ്യാറെടുപ്പും നവദമ്പതികള്‍ക്കുണ്ടായെങ്കിലേ ദാമ്പത്യവഞ്ചി മറുകരയിലെത്തൂ. ഒഴുക്കിനനുകൂലമായി നീന്താന്‍ പ്രയാസമില്ല. പക്ഷേ, ഒഴുക്കിനെതിരെ നീന്തേണ്ടിവരുമ്പോള്‍ പലര്‍ക്കും കൈകാലുകള്‍ കുഴയും. കുതിപ്പിനനുസരിച്ച് കിതപ്പ് വര്‍ദ്ധിക്കും. പ്രതികൂല കാലാവസ്ഥകളെ നേരിടാനുള്ള തയ്യാറെടുപ്പും മനക്കരുത്തില്ലായ്മയുമാണ് പല ദാമ്പത്യ ദുരന്തങ്ങളുടെയും അടിത്തറ. ഏതു രംഗത്തും മുന്‍പരിചയം ഒരു മികച്ച യോഗ്യതയാണ്. വൈവാഹികരംഗത്താവട്ടെ, അത് വല്ലാത്തൊരു അയോഗ്യതയും! അതുകൊണ്ടുതന്നെ മുന്‍പരിചയമില്ലാത്ത ഈ രംഗത്ത് മുന്‍പരിചയം കൂടാതെ തന്നെ ശോഭിക്കണമെങ്കില്‍ നല്ല മെയ്‌വഴക്കം ദമ്പതികള്‍ക്ക് അനിവാര്യമാണ്. ജീവിതത്തിന്റെ പരുപരുക്കന്‍ യാഥാര്‍ത്ഥങ്ങളുമായി പൊരുത്തപ്പെട്ടു പോകലാണല്ലൊ ദാമ്പത്യത്തിന്റെ ആകെത്തുക. മാങ്ങ ചെത്തിനോക്കാം. തേങ്ങ വെട്ടിനോക്കാം. ചക്ക ചൂഴ്ന്ന നോക്കാം. മനുഷ്യസ്വഭാവം അങ്ങനെയൊന്നും പരിശോധിച്ചറിയാനാവില്ലെങ്കിലും അതിനോടു കിടപിടിക്കുന്ന രൂപത്തിലാവണം വിവാഹാന്വേഷണങ്ങള്‍. തട്ടു കടക്കാരന്‍ ഓംലെറ്റ് ചുട്ടെടുക്കുന്ന പരുവത്തില്‍ പെട്ടെന്ന് തട്ടിക്കൂട്ടുകയാണ് പല വിവാഹങ്ങളും. വിശിഷ്യാ ഗള്‍ഫുകാരുടേത്. മേനിയഴക് കണ്ട് ഇഷ്ടപ്പെടുകയും, പറഞ്ഞ പണവും പണ്ടവും നല്‍കിയാല്‍ പിന്നെ അന്വേഷണമില്ലാതെ വിവാഹം ഉറപ്പിക്കുകയുമായി. അന്വേഷണങ്ങളുടെ അപര്യാപ്തതയാണ് പലപ്പോഴും പല വിവാഹങ്ങളും വിരിയും മുമ്പ് തന്നെ കരിയാന്‍ കാരണമാവുന്നത്. കാലിച്ചന്തയിലെ മൂരിക്കച്ചവടം പോലെ വിലപറഞ്ഞും വില പേശിയും നടക്കുകയാണിന്ന് വിവാഹങ്ങള്‍. സുഖ ദുഃഖങ്ങള്‍ പങ്കുവെച്ച് മരണം വരെ ഒരുമിച്ച് കഴിയാനും ഉത്തമ സന്താനങ്ങള്‍ക്കും ജന്മം നല്‍കാനുമുള്ള മഹത്തായ ഒരു ബന്ധത്തിലേക്ക് കാലെടുത്തു വെക്കുന്നതു തന്നെ വിലപേശിക്കൊണ്ടാണ്! അവിടെ തുടങ്ങുകയാണ് ദാമ്പത്യ വൈകൃതങ്ങളുടെ സീരിയല്‍ പരമ്പരകള്‍. ഏക്കര്‍ കണക്കിനു സ്വത്തും, കിലോ കണക്കിന് സ്വര്‍ണ്ണാഭരണങ്ങളും, ചാക്കു കണക്കിന് നോട്ടുകെട്ടുകളും കൊടുത്ത് ജീവിത പങ്കാളിയെ വിലയ്ക്കു വാങ്ങുമ്പോള്‍ അതിന്റേതായ അഹങ്കാരം മറുഭാഗത്തുണ്ടാവുക സ്വാഭാവികമാണ്. പുരുഷന്മാര്‍ക്കാവട്ടെ കാലം ചെല്ലുന്തോറും വിവാഹമാര്‍ക്കറ്റില്‍ വില കുതിച്ചുയരുകയുമാണെന്നിരിക്കെ വിവാഹ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവും. പരസ്പരം ഒരു നോക്കു കാണുകപോലും ചെയ്യാതെ വിവാഹിതരായ പഴയ തലമുറയുടെ ദാമ്പത്യത്തിന്റെ കരുത്തും ശക്തിയും ഇന്നില്ല. ഇപ്പോഴാവട്ടെ പരസ്പരം അടുക്കാന്‍ ഒരുപാട് സംവിധാനങ്ങളുമുണ്ട്. ഇന്റര്‍നെറ്റ് പോലും ഇണയെ കണ്ടെത്തുന്നതില്‍ സഹായിക്കുന്നു. എന്നിട്ടും തമ്മിലടിക്കുമ്പോള്‍ അവരെ അടുപ്പിക്കാന്‍ ഒരു സംവിധാനങ്ങള്‍ക്കുമാവില്ല. വല്ലതുമുണ്ടെങ്കില്‍ തന്നെ അടുപ്പിക്കുന്നതിനല്ല അകറ്റന്നതിനാണ്. പഴയ ബന്ധങ്ങളുടെ കരുത്തും വീര്യവുമൊന്നും ഇന്നത്തെ വൈവാഹിക ബന്ധത്തില്‍ കാണാത്തതെന്തേ എന്ന ചോദ്യത്തിന് വൈവാഹിക ബന്ധത്തിന് പഴയ തലമുറ സ്വീകരിച്ചിരുന്ന മാനദണ്ഡങ്ങള്‍ പുതുതലമുറ കാറ്റില്‍ പറത്തി എന്നതുതന്നെ ഉത്തരം. മറ്റുള്ളവരുടേതുമായി തുലനം ചെയ്യുന്നതാണ് മറ്റൊരബദ്ധം. തന്നേക്കാള്‍ ദുരിതമനുഭവിക്കുന്നവരിലേക്കു നോക്കി ആശ്വസിക്കേണ്ടതിന്നു പകരം തന്നേക്കാള്‍ സുഖിക്കുന്നവരെ നോക്കി നിരാശപ്പെടുകായാണ് പലരും. താഴോട്ടു നോക്കി സന്തോഷിക്കേണ്ടതിനു പകരം മുകളിലേക്കു നോക്കി നെടുവീര്‍പ്പിടുകയാണവര്‍. കൊതിക്കുന്നതല്ലല്ലോ ദൈവം വിധിക്കുന്നതല്ലേ ലഭിക്കുക. വിധി സ്വീകരിക്കുകയും വിധിക്കുന്നവനെ സുതുതിക്കുകയുമാണ് വിജയത്തിനു വേണ്ടത്. ദൃശ്യമാധ്യമങ്ങളുടെ അമിത സ്വാധീനമാണ് ചില ബന്ധങ്ങള്‍ തുടങ്ങും മുമ്പ് തന്നെ ഒടുങ്ങുന്നതിന്റെ മറ്റൊരു കാരണം. അതിലെ കാമുകീ കാമുകന്മാരുടെ ജീവിതരീതിയില്‍ ആകൃഷ്ടരായി ചിലരെങ്കിലും അതേ ദാമ്പത്യജീവിതം കൊതിക്കുന്നു. എന്നാല്‍ സംഭവിക്കുന്നത് നേരെ മറിച്ചാവുമ്പോള്‍ അതിന്റെ അനര്‍ത്ഥങ്ങള്‍ ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. പിശകു പറ്റിയത് ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കല്ല, മറിച്ച് താന്‍ നെയ്തുകൂട്ടിയ ദിവാസ്വപ്നങ്ങള്‍ക്കാകുന്നു. ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കാനുള്ള പക്വത പലപ്പോഴും യുവമിഥുനങ്ങള്‍ക്ക് ഉണ്ടാവാറില്ല. സ്വപ്നങ്ങളെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിക്കുഴക്കുന്നതാണ് പലര്‍ക്കും പറ്റുന്ന അബദ്ധം. സ്വപ്നത്തെ സ്വപ്നമായും ജീവിതത്തെ ജീവിതമായും വേറിട്ടുതന്നെ കാണണം. സ്വപ്നങ്ങള്‍ക്കു വിപരീതമാണ് ജീവിത യാഥാര്‍ത്ഥ്യങ്ങളെങ്കില്‍ കണ്ടത് ദുഃസ്വപ്നമായിരുന്നുവെന്ന് ആശ്വസിക്കലാണ് ഗുണകരം. അല്ലാതെ അതെല്ലാം യാഥാര്‍ത്ഥ്യമായി പരിണമിക്കണമെന്ന് വാശിപിടിക്കുന്നതും, സ്വപ്നജീവിതത്തിനായി ജീവിത യാഥാര്‍ത്ഥ്യങ്ങളെ കുരുതി കൊടുക്കുന്നതും വിഡ്ഢിത്തമാണ്. മനുഷ്യന്റെ നാശത്തിലേ അതൊക്കെ കലാശിക്കൂ. മിനി സ്‌ക്രീനില്‍ കാണുന്നത് സാങ്കല്‍പികമാണ്. ജീവിതമാകട്ടെ, കളങ്കമില്ലാത്ത യാഥാര്‍ത്ഥ്യവും. അനുഭവമേതാണോ അതാണു ജീവിതം. സ്വപ്നങ്ങളൊക്കെയും യാഥാര്‍ത്യമായിരുന്നെങ്കില്‍ ഈ ഭൂലോകം തന്നെ സ്വര്‍ഗ്ഗമായേനെ. സ്വപ്നങ്ങളും സങ്കല്‍പങ്ങളുമൊന്നും ഒരിക്കലും ദാമ്പത്യ വിജയത്തിന് ഗുണകരമായി ഭവിച്ചിട്ടില്ല. മതം, സൗന്ദര്യം, സമ്പത്ത്, തറവാട് എന്നിവയാണല്ലോ പൊതുവെ വൈവാഹിക ബന്ധത്തിന് തെരഞ്ഞെടുക്കപ്പെടുന്ന മാനദണ്ഡങ്ങള്‍. ഇതില്‍ മതബോധത്തിന് പ്രധാന്യം നല്‍കാന്‍ ഉത്തരവാദപ്പെട്ടവരാണ് നാം. പക്ഷേ, ഇന്ന് സൗന്ദര്യവും സമ്പത്തും സൗകര്യങ്ങളുമൊക്കെയായി അത് ചുരുങ്ങിയിരിക്കുന്നു എന്നതാണ് വസ്തുത. മതബോധത്തെ കുറിച്ച് പരസ്പരം അന്വേഷിക്കുകപോലും ചെയ്യാതെ പിന്നെ പൊട്ടലും ചീറ്റലുമായാല്‍ ജീവനാംശം കിട്ടാനും അത് കൊടുക്കാതിരിക്കാനുമുള്ള അടവുതന്ത്രത്തില്‍ കോടതി മുറികളില്‍ പണയം വെക്കുകയാണ് പലപ്പോഴും. നമുക്കും നാടിനും സമൂഹത്തിനും ഗുണകരമായ ഉത്തമ സന്താനങ്ങളെ വാര്‍ത്തെടുക്കലാണ് ദാമ്പത്യത്തിന്റെ ആകെത്തുക. ആ മഹത്തായ ലക്ഷ്യം മനസ്സിലാക്കി മാര്‍ഗ്ഗത്തെ സമീപിക്കുന്നവനത്രെ വിവേകി. മതബോധമുള്ള ഇണയും തുണയും യോജിച്ചാല്‍ മാത്രമേ മതബോധമുള്ള സന്താനങ്ങളുണ്ടാവൂ. വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ പന്തികേടുകള്‍ എന്തെല്ലാമാണെന്നുകൂടി സമൂഹം ചിന്തിക്കേണ്ടതുണ്ട്. ആദ്യവിവാഹത്തില്‍ ദുരന്തങ്ങളേറ്റുവാങ്ങിയവര്‍ രണ്ടാം വിവാഹത്തിലൂടെ ചുവടുറപ്പിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ആദ്യ വിവാഹത്തിലെ അനുഭവ പാഠങ്ങളുടെ ഗുണഫലം കൊണ്ട് പലരും പിന്നെ ഈ രംഗത്ത് കൂടുതല്‍ തിളങ്ങുകയും വിളങ്ങുകയും ചെയ്യുന്നു എന്നതും വസ്തുതയാണ്. ദാമ്പത്യബന്ധത്തിന് പവിത്രതയും മഹത്വവും കല്‍പിച്ച മതമാണ് ഇസ്‌ലാം. മൂല്യങ്ങള്‍ കൈവിട്ടപ്പോഴാണ് സമൂഹത്തില്‍ ദാമ്പത്യ ദുരന്തങ്ങള്‍ തുടര്‍ക്കഥയായത്. വിജയത്തിന് അവ തിരിച്ചുപിടിക്കലല്ലാതെ മറ്റൊരു പോംവഴിയും നമുക്കു മുമ്പിലില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter