പ്രസവാനന്തര രക്തസ്രാവം
മുന്‍ പ്രസവത്തിന് വിപരീതമായി രക്തം പരമാവധി ദിവസമായ അറുപത് ദിവസത്തെ മറികടക്കുകയും വിവിധ രൂപത്തില്‍ രക്തം സ്രവിക്കുന്നതിനാല്‍ ശക്തിയുള്ളതും ശക്തിയില്ലാത്തതും വേര്‍തിരിച്ചറിയുവാന്‍ സാധിക്കുകയും ചെയ്യുന്നവളാണ് ഈ വകുപ്പില്‍ നാലാമത്തേത്. വിവിധങ്ങളായ രൂപത്തില്‍ രക്തം സ്രവിക്കുന്നവളായതു കൊണ്ട് മുന്‍ പ്രസവത്തിലെ പതിവ് ദിവസങ്ങള്‍ ഇവിടെ ബാധകമല്ല. ഇവള്‍ ശക്തിയുള്ള രക്തം ആര്‍ത്തവമായും ശക്തി കുറഞ്ഞത് രോഗ രക്തമായും കണക്കാക്കണം. എന്നാല്‍ ആകെ പുറപ്പെട്ട രക്തം അറുപതു ദിവസത്തില്‍ കവിഞ്ഞില്ലെങ്കില്‍ ശക്തിയേറിയത് പ്രസവ രക്തവും ശക്തി കുറഞ്ഞത് ഇസ്തിഹാളതുമാണ്. ഉദാഹരണം: മുന്‍പ്രസവത്തിന് വിപരീതമായി ഒരു സ്ത്രീക്ക് കറുപ്പ്, ചുവപ്പ് എന്നിങ്ങനെ വിവിധ വര്‍ണങ്ങളില്‍ രക്തം പുറപ്പെടുകയും അത് നിഫാസിന്റെ പരമാവധി അറുപത് ദിവസത്തെ മറികടക്കുകയും ചെയ്താല്‍ കറുപ്പ് രക്തം ഹൈളായും ചുവപ്പ് രക്തം ഇസ്തിഹാളതായും കണക്കാക്കണം. മുന്‍പ്രസവത്തില്‍ നാല്‍പത് ദിവസമാണ് പ്രസവരക്തമുണ്ടായത് എന്ന വസ്തുത ഇവിടെ പരിഗണനീയമല്ല. മുന്‍പ്രസവം തുടങ്ങിയതും അവസാനിച്ചതുമായ ദിവസങ്ങളുടെ കണക്ക് ഓര്‍മയുണ്ടായിരിക്കലോടു കൂടെ മുന്‍ കണക്കുകള്‍ക്ക് വിപരീതമായി രക്തസ്രാവമുണ്ടാവുകയും ഒരേ രൂപത്തിലുള്ള രക്തം അറുപത് ദിവസത്തെ മറികടക്കുകയും ചെയ്തവളാണ് നാലാമത്തവള്‍. ഒരേ രൂപത്തില്‍ രക്തം പുറപ്പെട്ടതിനാലും മുന്‍പ്രസവത്തിലെ രക്തം ഉണ്ടായ ദിവസങ്ങള്‍ ഓര്‍മയുണ്ടായതിനാലും പ്രസ്തുത ദിവസങ്ങളാണ് ഇവിടെ അവള്‍ നിഫാസായി ഗണിക്കേണ്ടത്. പ്രസ്തുത ദിവസങ്ങള്‍ കഴിഞ്ഞ ശേഷവും ഒരേ രൂപത്തില്‍ രക്തം സ്രവിക്കുന്ന കാലത്തൊക്കെയും പ്രസവത്തിനു തൊട്ടു മുമ്പുള്ള ശുദ്ധികാലം ശുദ്ധിയായും ശേഷമുള്ള ആര്‍ത്തവ ദിവസങ്ങള്‍ ആര്‍ത്തവമായും പരിഗണിക്കണം. ഉദാഹരണം: ഒരു സ്ത്രീക്ക് മുന്‍ പ്രസവത്തില്‍ രക്തം മുപ്പത് ദിവസം നീണ്ടു നിന്നതായും ഈ പ്രസവത്തിന്റെ  തൊട്ടുമുമ്പ് രണ്ട് ആര്‍ത്തവത്തിന്റെ ഇടയില്‍ ഇരുപത് ദിവസം ശുദ്ധിയും ശേഷം പത്തു ദിവസം ഋതുരക്തവും ഉണ്ടായിട്ടുണ്ട് എന്നും ഓര്‍മയുണ്ട്. പക്ഷെ, ഇപ്പോഴുണ്ടായ പ്രസവത്തില്‍ മുന്‍പ്രസവത്തിനു വിപരീതമായി രക്തം സ്രവിക്കുകയും തുടങ്ങിയതു മുതല്‍ അവസാനിക്കുന്നതു വരെ ചുവപ്പ് വര്‍ണമുള്ള രക്തം പുറപ്പെടുകയും അറുപത് ദിവസത്തെ മറികടക്കുകയും ചെയ്തു. എന്നാല്‍ മുന്‍പ്രസവത്തില്‍ സ്രവിച്ച മുപ്പത് ദിവസമാണ് ഇവളുടെ നിഫാസ്. ശേഷം ഇരുപത് ദിവസം ശുദ്ധിയായും പിന്നീട് പത്ത് ദിവസം ആര്‍ത്തവമായും ഗണിക്കണം. ഇങ്ങനെ രക്തം ഒരേ രൂപത്തില്‍ സ്രവിക്കുന്ന കാലത്തെല്ലാം ഇതേ ക്രമത്തില്‍ ഓരോ മുപ്പത് ദിവസവും ഇരുപത് ശുദ്ധിയും പത്ത് ദിവസം ഋതുരക്തവും ഉണ്ടാവുമെന്ന് ഗണിക്കേണ്ടതാണ്. പരിഭ്രമിച്ചവള്‍ നിഫാസുകാരിക്കുണ്ടാവുന്ന രക്തസ്രാവത്തിന്റെ നാലു രൂപങ്ങള്‍ വിശദീകരിച്ചുകഴിഞ്ഞു. അഞ്ചാമത്തേതും അവസാനത്തേതും പരിഭ്രമിച്ചവള്‍ എന്നര്‍ത്ഥമുള്ള മുതഹയ്യിറത്തിന്റെ ചര്‍ച്ചയാണ്. ഒരു സ്ത്രീക്ക് തന്റെ പ്രസവത്തിന് വിരുദ്ധമായി ഈ പ്രസവത്തില്‍ രക്തം അറുപത് ദിവസത്തെ മറികടക്കുകയും ആദ്യാവസാനം വരെ പുറപ്പെടുന്ന രക്തം ഒരേ രൂപത്തിലായിരിക്കെ മുന്‍പ്രസവത്തില്‍ സ്രവിച്ച രക്തം എത്ര ദിവസം നീണ്ടുനിന്നു എന്ന് ഓര്‍മയുമില്ല. ഈ പ്രസവത്തില്‍ രക്തം ഒരേ രൂപത്തിലായതുകൊണ്ട് ഓരോ സമയവും നിഫാസിനും നിഫാസ് മുറിയാനും സാധ്യതയുണ്ട്. എന്നാല്‍ ഇവളുടെ നിഫാസ് ഒരു സെക്കന്റ് മാത്രമായി കണക്കാക്കി ബാക്കി ദിവസങ്ങളിലെല്ലാം പ്രസവത്തിന്റെ തൊട്ടു മുമ്പുള്ള രണ്ട് ഹൈളിന്റെ ഇടയിലുള്ള ശുദ്ധികാലവും അതിന്റെ ശേഷമുള്ളത് ആര്‍ത്തവ കാലവുമായാണ്  പരിഗണിക്കേണ്ടത്. (മുഗ്‌നി 1:126) മുന്‍ ആര്‍ത്തവത്തിന്റെയും ശുദ്ധിയുടെയും കാലാവധി എത്ര നാളുകളാണെന്ന് ഓര്‍മയില്ലെങ്കില്‍ അവള്‍ നിഫാസില്‍ മുതഹയ്യിറത്ത് (പരിഭ്രമിച്ചവള്‍) ആയതുപോലെ ആര്‍ത്തവത്തിലും മുതഹയ്യിറതാണ്. ഇവളുടെ ഓരോ സമയവും ഹൈളിനും ഹൈള്‌രക്തം മുറിയാനും സാധ്യതയുള്ളതിനാല്‍ നിസ്‌കാരം, നോമ്പ് മുതലായ ആരാധനകളുടെ കാര്യത്തില്‍ സൂക്ഷ്മത പാലിക്കണം. ഓരോ ഫര്‍ള് നിസ്‌കാരത്തിനും സമയമായ ശേഷം കുളിക്കലും വെച്ചുകെട്ടലും നിര്‍ബന്ധമാണ്. (കൂടുതല്‍ അറിയുവാന്‍ ആര്‍ത്തവകാരിയിലുള്ള മുതഹയ്യിറത്തിന്റെ വിഷയം പറയുന്ന ഭാഗം നോക്കുക)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter