മനുസ്മൃതിയും ഹിന്ദുത്വയുടെ സ്ത്രീ സങ്കല്‍പവും

ഒരു സന്യാസി എന്ന നിലക്കും ഒരു ബ്രഹ്മണ ജ്ഞാനി എന്ന നിലക്കും ഹിന്ദുക്കളിലെ ഉന്നത ജാതിക്കാര്‍ക്കിടയില്‍ മനുവിന് വലിയ ആദരവും ബഹുമാനവുമാണുള്ളത്. ഡല്‍ഹിയില്‍ പാര്‍ലമെന്റ് ഹൗസിനു മുമ്പില്‍ മനുവിന്റെ പ്രതിമ നിര്‍മിക്കണമെന്നുവരെ മുമ്പ് ആവശ്യമുയര്‍ന്നിരുന്നു. ദലിത് സംഘടനകളില്‍നിന്നും ശക്തമായ പ്രതിഷേധവും എതിര്‍പ്പും ഉണ്ടായിട്ടും ജെയ്പൂരില്‍ രാജസ്ഥാന്‍ ഹൈകോര്‍ട്ടിനു പുറത്ത് ഇതുപോലൊരു പ്രതിമ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 

    ഹിന്ദുത്വ സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കര്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
    'നമ്മുടെ ഹിന്ദു രാജ്യത്ത് വേദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതല്‍ ആരാധനാ യോഗ്യമായ വേദഗ്രന്ഥമാണ് മനുസ്മൃതി. ആദ്യകാലങ്ങള്‍ മുതല്‍തന്നെ നമ്മുടെ സംസ്‌കാരം, ചിന്ത, ആചാരങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനവും അതായിരുന്നു. നൂറ്റാണ്ടുകളായുള്ള നമ്മുടെ നാടിന്റെ ആത്മീയ സഞ്ചാരം ഈ കൃതി ക്രോഡീകരിച്ചിട്ടുണ്ട്. ഇന്നു പോലും കോടിക്കണക്കിന് ഹിന്ദുക്കള്‍ അവരുടെ നിത്യ ജീവിതത്തില്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനവും അതുതന്നെയാണ്. ഇന്ന് മനുസ്മൃതിയെ നമുക്ക് ഹിന്ദു നിയമമെന്നു വിളിക്കാം.'
    ഭരണഘടനാ സമിതി ഇന്ത്യന്‍ ഭരണഘടനയുടെ പണി പൂര്‍ത്തീകരിച്ചപ്പോള്‍ ആര്‍.എസ്.എസ് അതില്‍ അസംതൃപ്തരായിരുന്നു. മനുസ്മൃതിയിലപ്പുറം മറ്റൊരു ഭരണഘടനയെ അംഗീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഈയൊരു മാനസിക വിമ്മിഷ്ടം അവര്‍തന്നെ തങ്ങളുടെ മുഖപ്പത്രത്തില്‍ തുറന്നെഴുതിയിട്ടുണ്ട്. ഓര്‍ഗനൈസര്‍ പറയുന്നു: 
    'പക്ഷെ, നമ്മുടെ ഭരണഘടനയില്‍ പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാ പുരോഗതിയെ കുറിച്ചൊന്നും പറയുന്നില്ല. സ്പാര്‍ട്ടയിലെ ലൈക്കര്‍ഗസിനെക്കാളും പേര്‍ഷ്യയിലെ സൊളോണേക്കാളും വളരെ മുമ്പ് എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങള്‍. ഈ ദിവസം വരേക്കും ലോകത്തിന്റെ ആദരവും വണക്കവും അംഗീകാരവും നേടിയതാണ് മനുസ്മൃതിയിലെ നിയമങ്ങള്‍. പക്ഷെ, നമ്മുടെ ഭരണഘടനാ പണ്ഡിറ്റുകള്‍ക്ക് അതൊന്നും ഒന്നുമല്ല.'
    മനുസ്മൃതിയെ ഇന്ത്യയുടെ ഔദ്യോഗിക നിയമമായി കൊണ്ടുവരാന്‍ ആര്‍.എസ്.എസ് വിവിധ സ്ഥലങ്ങളില്‍ ശക്തമായ കാംപയിനുകള്‍ നടത്തിയിരുന്നു. മുന്‍ ഹൈകോര്‍ട്ട് ജഡ്ജുമാരിലൊരാളായ സങ്കര്‍ സുബ്ബ അയ്യര്‍ അര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ഇങ്ങനെ എഴുതി:

    'മനുവിന്റെ കാലം കഴിഞ്ഞുപോയെന്ന് ഈയിടെ ഡോ. അംബേദ്കര്‍ ബോംബെയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും, വര്‍ത്തമാന കാലത്തുപോലും ഹിന്ദുക്കളുടെ ദൈനംദിന ജീവിതം മനുസ്മൃതിയിലെ നിയമാവലികളുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നതാണ് പരമാര്‍ത്ഥം. മതം അത്ര കാര്യമാക്കാത്ത ഒരു പരിഷ്‌കൃത ഹിന്ദുവിനു പോലും മാറ്റിനിര്‍ത്താനാവാത്ത വിധം, ഒന്നല്ലെങ്കില്‍ മറ്റൊരു നിലക്ക്, മനുസ്മൃതിയിലെ നിയമങ്ങള്‍ അവരുമായി ബന്ധപ്പെട്ടു നില്‍ക്കുന്നത് കാണാം.'

    1927 ഡിസംബറില്‍ മഹദ് പ്രക്ഷോഭത്തിനിടക്ക് ഡോ. അംബേദ്കറുടെ സാന്നിധ്യത്തില്‍ മനുസ്മൃതിയുടെ ഒരു കോപ്പി കത്തിക്കപ്പെടുകവരെ ചെയ്തിരുന്നുവെന്നത് ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം. 
    ഏതു വിധത്തിലുള്ള സംസ്‌കാരമാണ് ആര്‍.എസ്.എസ് ഇവിടെ അടിച്ചേല്‍പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന്, ദലിതുകള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ മനു നിര്‍ദേശിക്കുന്ന നിയമങ്ങളിലൂടെ ഒരെത്തിനോട്ടം നടത്തിയാല്‍ ആര്‍ക്കും ബോധ്യമാകും. മനുഷ്യത്വരഹിതവും അപരിഷ്‌കൃതവുമായ അത്തരം ചില നിയമങ്ങളെ താഴെ പരിചയപ്പെടുത്തുന്നു. 

സ്ത്രീകളുമായി ബന്ധപ്പെട്ട മനു നിയമങ്ങള്‍

സ്വന്തമായി യാതൊരു വിലയും നിലയുമില്ലാത്ത ജന്മങ്ങളായാണ് മനുസ്മൃതി സ്ത്രീകളെ കാണുന്നത്. പുരുഷനു മുമ്പിലെ കേവലം ഉപകരണങ്ങള്‍ മാത്രമാണ് അവരെന്ന് അത് പലയിടങ്ങളിലായി സൂചിപ്പിക്കുന്നു. സ്ത്രീകളെ അവഹേളിക്കുകയും നിസ്സാരവല്‍കരിക്കുകയും ചെയ്യുന്ന ധാരാളം നിയമങ്ങള്‍ അവളുമായി ബന്ധപ്പെട്ട് മനുസ്മൃതിയില്‍ കാണാം. അതില്‍നിന്നും ചിലത് ഇങ്ങനെ വായിക്കാം:

    1. സ്ത്രീ സദാ അവളുടെ കുടുംബത്തിലെ പുരുഷന്മാരെ ആശ്രയിച്ചു കഴിയേണ്ടവളാണ്. അവര്‍ ഭൗതിക കാര്യങ്ങളില്‍ വ്യാപൃതരാകുമ്പോള്‍ സ്ത്രീകള്‍ മാറ്റാരുടെയെങ്കിലും നിയന്ത്രണത്തില്‍ സൂക്ഷിക്കപ്പെടണം.
    2. കുട്ടിക്കാലത്ത് പിതാവിന്റെയും യുവത്വത്തില്‍ ഭര്‍ത്താവിന്റെയും വാര്‍ധക്യത്തില്‍ മക്കളുടെയും കീഴില്‍ അവള്‍ കഴിഞ്ഞുകൂടണം. സ്ത്രീ ഒരു കാലത്തും നിരാശ്രത്വം അനുവദിക്കപ്പെടുന്നില്ല.
    3. തെറ്റു ചെയ്യാനുള്ള വാസനയില്‍നിന്നും സ്ത്രീ തടയപ്പെടണം. കാരണം, അവളുടെ അത്തരം ചെയ്തികള്‍ രണ്ടു കുടുംബങ്ങളിലേക്ക് അതിന്റെ ദുരനുഭവം കൊണ്ടുവരുന്നതാണ്.
    4. തങ്ങളുടെ ഭാര്യമാരെ നിരന്തരം നിരീക്ഷിക്കല്‍ എല്ലാ ജാതികളുടെയും സുപ്രധാന ജോലിയില്‍ പെട്ടതാണ്. ദുര്‍ബലനായ ഭര്‍ത്താവാണെങ്കിലും അത് നിര്‍വഹിക്കണം.
    5. തന്റെ ഭാര്യയെ സൂക്ഷ്മതയോടെ പരിപാലിച്ചാല്‍ തന്റെ ഭാവി കുടുംബത്തിന്റെ ശുദ്ധി സംരക്ഷിക്കപ്പെടും.
    6. ശക്തി ഉപയോഗിച്ചാകരുത് പുരുഷന്‍ സ്ത്രീകളെ സംരക്ഷിക്കേണ്ടത്. അതിന് താഴെ പറയുന്ന വഴികള്‍ സ്വീകരിക്കേണ്ടതാണ്:
    7. സമ്പത്ത് സമാഹരണം, എല്ലാം വൃത്തിയായി സൂക്ഷിക്കല്‍, മതകീയ ഉത്തരവാദിത്തങ്ങള്‍ ചെയ്യല്‍, ഭക്ഷണം തയ്യാറാക്കല്‍, വീട്ടു സാധനങ്ങള്‍ നോക്കി പരിപാലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഭാര്യയെ ഉപയോഗപ്പെടുത്തുക.
    8. വീട്ടില്‍ അടിമകളെപ്പോലെ അനുസരണയോടെ ജീവിക്കുന്ന സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല. അങ്ങനെയല്ലാത്തവരുടെ സുരക്ഷയിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
    9. സ്ത്രീ അവളുടെ സൗന്ദര്യത്തെ കുറിച്ചോ പ്രായത്തെ കുറിച്ചോ ശ്രദ്ധിക്കരുത്. പുരുഷനാണ് അവര്‍ക്ക് സൗന്ദര്യവും വൈകൃതവും നല്‍കുന്നത്.
    10. ദൈവം സൃഷ്ടിപ്പില്‍ അവള്‍ക്കു നല്‍കിയ പ്രകൃതം മനസ്സിലാക്കി പുരുഷന്‍ ഉല്‍സാഹത്തോടെ അവളെ ശ്രദ്ധിക്കണം.
    12. സൃഷ്ടിപ്പിന്റെ ഘട്ടത്തില്‍ സ്വന്തം വീട്, ആഭരണങ്ങള്‍ തുടങ്ങിയവയോടുള്ള സ്‌നേഹം, ദുഷിച്ച ആഗ്രഹങ്ങള്‍, രോഷം, അസൂയ, വിശ്വസ്തയില്ലായ്മ തുടങ്ങി പല ചീത്ത സ്വഭാവങ്ങളും മനു അവര്‍ക്ക് നല്‍കിയിട്ടുണ്ട്.
    13. വേദഗ്രന്ഥങ്ങളുടെ കാര്യത്തില്‍ സ്ത്രീക്ക് പ്രത്യകം അവകാശങ്ങളൊന്നുമില്ല. പക്ഷെ, വേദം അറിയാത്ത സ്ത്രീ അശുദ്ധയായിരിക്കും.

    മനുസ്മൃതിയില്‍നിന്നും എടുത്തുദ്ധരിച്ച ഈ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. മനു സൂദ്രര്‍ എന്ന് വിശേഷിപ്പിക്കുന്ന അധസ്ഥിത വിഭാഗത്തിനെതിരെ ഇത് ഏറെ വിഷലിപ്തവും അതി ക്രൂരവുമായ നിയമങ്ങളാണ് മുന്നോട്ടുവെക്കുന്നത്. സ്ത്രീയെ പുരുഷനു മുമ്പിലെ കേവലം ഒരു ഭോഗ വസ്തു മാത്രമായി അവതരിപ്പിക്കുന്നത് ഇതില്‍ തെളിഞ്ഞുകാണാം. അതുകൊണ്ടാകാം 20 ാം നൂറ്റാണ്ടില്‍ യൂറോപ്പിന്റെ സ്വേച്ഛാധിപത്യപരമായ വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ ഫ്രഡറിക് നീഷെ ഈ രചനയെ ഏറെ മഹത്തരമായി കണ്ടത്. 

    ദലിത്-സ്ത്രീ വിഭാഗങ്ങള്‍ക്കു നേരെയുള്ള ശാശ്വതമായ പീഡനങ്ങള്‍ക്ക് സത്യത്തില്‍ സൈദ്ധാന്തിക പിന്‍ബലം നല്‍കുകയാണ് മനുസ്മൃതി പോലെയുള്ള ഗ്രന്ഥങ്ങള്‍ ചെയ്യുന്നത്. ഇന്ത്യയുടെ പല ഭാഗത്തും ഇന്നിത് പല രൂപത്തില്‍ പ്രചരിക്കുന്നുണ്ട്. പല പ്രസാധകരുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
    സ്ത്രീകള്‍ക്കും ദലിതുകള്‍ക്കുമെതിരെ മനുസ്മൃതി മുന്നോട്ടു വെക്കുന്ന വെറുപ്പിനെക്കുറിച്ച് ഇത്തരം പ്രസാധകര്‍ ബോധവാന്മാരല്ല. ഇത്തരം പുസ്തകങ്ങളുടെ വര്‍ദ്ധിച്ച പ്രസിദ്ധീകരണത്തിനും ഹിന്ദു വലതുപക്ഷത്തിന്റെ വളര്‍ച്ചക്കുമിടയില്‍ വലിയ ബന്ധം കണ്ടെത്താന്‍ കഴിയും. പഴയ സുവര്‍ണ കാലത്തെ പുന:സൃഷ്ടിച്ചുകൊണ്ടുവരികയെന്ന ആര്‍.എസ്.എസ്സിന്റെയും ഹിന്ദു വലതുപക്ഷത്തിന്റെയും സ്വപ്‌നം ഏറെ അപകടങ്ങള്‍ നിറഞ്ഞതാണെന്ന് നാം തിരിച്ചറിയാന്‍ സമയം അധിക്രമിച്ചിരിക്കുന്നു. ക്രിസ്ത്യാനികളുടെയോ മുസ്‌ലിംകളുടെയോ കാര്യത്തില്‍ മാത്രമല്ല, ഹിന്ദു ദലിതുകളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ പോലും ഇത് അനുവദിച്ചുനല്‍കുന്നില്ല. മനുസ്മൃതി പോലെയുള്ള ഗ്രന്ഥങ്ങളോട് അവര്‍ക്കുള്ള അമിതമായ താല്‍പര്യം വ്യക്തമാക്കുന്നത് ഹിന്ദു സമൂഹത്തില്‍നിന്നുതന്നെയുള്ള സ്ത്രീകളും ദലിതുകളും തന്നെയാണ് അവരുടെ പ്രധാനപ്പെട്ട ഉന്നം എന്നതാണ്. 

യു.പിയില്‍ മനുസ്മൃതി നിയമമാക്കാന്‍ നീക്കം
    മനുസ്മൃതിയെ രാജ്യത്തെ നിയമങ്ങളുടെ അടിസ്ഥാനമാക്കി കൊണ്ടുവരികയെന്നത് ആര്‍.എസ്.എസ്സിന്റെ ചിരകാലാഭിലാശമാണ്. ഉമാ ഭാരതി യു.പിയില്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് സാക്ഷാല്‍കരിക്കാനുള്ള സുവര്‍ണാവസരമായി അവരതിനെ കണ്ടിരുന്നു. അതിനെ തുടര്‍ന്ന് 2004 ജനുവരി 23 ന് ഗോവധം നിരോധിച്ചുകൊണ്ട് അവിടെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കപ്പെട്ടു. ഈ നിരോധനത്തെ ന്യായീകരിക്കപ്പെട്ടത് മനുസ്മൃതിയിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു. ഗോവധം പാടില്ലെന്നും അത് ചെയ്യുന്നവര്‍ ശക്തമായ ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും മനുസ്മൃതി പറയുന്നുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ ഓര്‍ഡിനന്‍സ്. സ്വതന്ത്ര ഇന്ത്യയില്‍ മനുസ്മൃതിയെ ഒരു ഔദ്യോഗിക നിയമമായി അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ആദ്യത്തെ ശ്രമമായിരുന്നു ഇത്. അധികാരം കിട്ടിയാല്‍ ദലിതുകള്‍, സ്ത്രീകള്‍ തുടങ്ങിയ വിഷയങ്ങളിലും ഹിന്ദുത്വര്‍ മനുസ്മൃതി നിയമങ്ങളെ അടിച്ചേല്‍പ്പിക്കുമെന്നതിലേക്കുള്ള സൂചനയാണ് ഈ സംഭവം നല്‍കുന്നത്. 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter