മുഹര്‍റം ആഘോഷിക്കാനുള്ളതല്ല
ഓരോ പുതുവര്‍ഷപ്പുലരികളും ആഘോഷാഭാസങ്ങള്‍ കൊണ്ട് തിമര്‍ത്താടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കടന്നുവരുന്ന ഓരോ ജനുവരി ഒന്നിനും വേണ്ടി ആളുകള്‍ ഒരുങ്ങിനില്‍ക്കുന്നു. എന്നാല്‍ പരിശുദ്ധ ഇസ്ലാമില്‍ സത്യവിശ്വാസിക്ക് പുതുവര്‍ഷം തുടങ്ങുന്നത് മുഹറം മാസത്തിന്റെ തുടക്കത്തോടുകൂടിയാണ്. അത്തരമൊരു ദിവസത്തില്‍ ആഘോഷാഭാസങ്ങളില്‍ മുഴുകുന്നതിന്നുപകരം തന്റെ കഴിഞ്ഞകാലത്തെ വിചാരണയ്ക്കു വിധേയമാക്കാനാണ് ഇസ്‌ലാം പ0ിപ്പിക്കുന്നത്. പരിശുദ്ധ മാസങ്ങളില്‍പ്പെട്ട മുഹറം മാസത്തിന്റെ ആഗമനം ചിന്തിക്കുന്നവനെ ചിന്തിപ്പിക്കുകയും അവന്റെ മനസ്സില്‍ പുത്തനുണര്‍വ്വ് നല്‍കുകയും ചെയ്യുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ ഓരോ മുഹറം ആഗതമാകുമ്പോഴും നമ്മുടെ ആയുസ്സ് കുറഞ്ഞുവരികയാണെന്ന് ആരും ചിന്തിക്കുന്നില്ല. മരണത്തിന്റെ കാലൊച്ചകള്‍ അവന്റെ ചെവികളിലേക്ക് കുറച്ചു കൂടി അടുത്തുവരികയാണെന്നും ആരും മനസ്സിലാക്കുന്നുമില്ല. സൂറത്തുല്‍ അസ്‌റിന്റെ തുടക്കത്തില്‍ത്തന്നെ രക്ഷിതാവ് മനുഷ്യജന്മങ്ങളെ ഉണര്‍ത്തിക്കൊണ്ട് പറയുന്നു: 'കാലം തന്നെയാണ് സത്യം, നിശ്ചയമായും മനുഷ്യന്‍ തീരാനഷ്ടത്തിലാണ്'. പല തഫ്‌സീറുകളിലും ഇതിന്റെ ആശയതലങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാം: സമയത്തെ വെറുതെ കളഞ്ഞ്‌കൊണ്ട് അനാവശ്യ കാര്യങ്ങളില്‍ അവന്റെ ജീവിതം ചെലവഴിച്ചവരെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നതിനു പകരം അനാവശ്യകാര്യങ്ങള്‍ക്കുവേണ്ടി സമയത്തെ വിനിയോഗിക്കുകയും അവസാനകാലം സുകൃതം പ്രവര്‍ത്തിക്കാന്‍ സമയം കിട്ടാത്തതിന്റെ പേരില്‍ പലരും ഖേദിക്കുമെന്നും പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്നുണ്ട്.
മഹാനായ ശാഫിഈ (റ)പറയുന്നു: സമയം ഒരു വാളാണ് അതിനെ ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് തിരിച്ചു വെട്ടും'. അന്ത്യനാളില്‍ തെറ്റുകള്‍ ചെയ്തുകൂട്ടി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ സാധിക്കാതെ വന്നവര്‍ റബ്ബിനോട് പറയുമത്രെ: റബ്ബേ ഞങ്ങളെ കുറച്ച് സമയത്തേക്ക് ഭൂമിയിലേക്ക് തിരിച്ചയച്ചാല്‍ ഞങ്ങള്‍ ധാരാളം സുകൃതം പ്രവര്‍ത്തിക്കും നാഥാ. എന്നാല്‍ ആ സമയത്ത് ഒരാള്‍ക്കും ഒരു സെക്കന്റു പോലും പിന്തിപ്പിക്കപ്പെടുകയില്ലെന്ന് പരിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു.
നമ്മുടെ ജീവിതത്തിലെ ഓരോ സെക്കന്റുകളും വിലപ്പെട്ടതാണ്. അതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അന്ത്യനാളില്‍ ഖേദിക്കുന്നവരുടെ കൂട്ടത്തില്‍പ്പെടേണ്ടി വരും. ആയുസ്സിന്റെ അളവു കോലാണ് യഥാര്‍ത്ഥത്തില്‍ മുഹറം. പരിശുദ്ധ മുഹറം വിശ്വാസിഹൃദയങ്ങളില്‍ തീര്‍ക്കുന്നത് തൗബയുടെയും പ്രാര്‍ത്ഥനകളുടെയും അസുലഭ നിമിഷങ്ങളാണ്. എന്നാല്‍ അത്തരം വിശ്വാസികള്‍ ഇന്ന് വളരെ വിരളവുമാണ്. മുഹറം മാസത്തെ പുതവര്‍ഷപ്പുലരിയായി കാണേണ്ട മുസ്ലിം സമൂഹം അറബി മാസങ്ങളുടെ പേരു പോലും മറന്നു പോയ ദയനീയമായ അവസ്ഥയാണ് ഇന്നുള്ളത്.
മുഹറം നമുക്ക് നല്‍കുന്ന പാഠങ്ങളും ചിന്തകളും വിലയേറിയതാണ്. കഴിഞ്ഞു പോയ ഒരു കൊല്ലക്കാലം താന്‍ എന്ത് ചെയ്തു, ചെയ്തില്ല എന്നു ചിന്തിക്കുന്നതിനു പകരം സന്തോഷത്തോടെ ആഹ്ലാദിച്ച് ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ നാം തയ്യാറായതുകൊണ്ടാണ് നമുക്ക് നമ്മുടെ ജീവിതം മടുത്തതായി തോന്നുന്നത്. ഓരോ ദിവസവും ചെയ്ത പ്രവര്‍ത്തികള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ ഒരു യഥാര്‍ത്ഥ മുഅ്മിനിന് ഉറക്ക് വരികയുള്ളൂ എന്ന് മഹാരഥരായ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടെയാണ് 'നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് നിങ്ങള്‍ സ്വയം വിചാരണ ചെയ്യുക'യെന്ന ഉമര്‍(റ)വിന്റെ മഹത്തരമായ സന്ദേശം പ്രസക്തമാകുന്നത്. ആയുസ്സിന്റെ കണ്ണികളില്‍ നിന്ന് ഓരോന്ന് അറ്റുകൊണ്ടിരിക്കുകയാണെന്ന സന്ദേശമാണ് മുഹറം നല്‍കുന്നത്. ലക്ഷ്യബോധമില്ലാത്ത അലച്ചിലുകള്‍ക്കും ആവശ്യമില്ലാത്ത പ്രവര്‍ത്തികള്‍ക്കും ഒരു സ്‌റ്റോപ് വെക്കാന്‍ മനസ്സിനെ പ്രേരിപ്പിക്കുകയാണ് മുഹറം ചെയ്യുന്നത്. ഓരോ മുഹറവും നമ്മുടെ ജീവിതത്തിന്റെ നിര്‍ണായക ഘട്ടങ്ങളാണ്. ജനുവരിക്കു നല്‍കുന്ന ആഘോഷ പ്രതീതികളല്ല മുഹറത്തിനു നല്‍കേണ്ടത്. ഒരു വീണ്ടു വിചാരത്തിന്റെ ഹൃദയസാന്നിദ്ദ്യമാണ് അവിടെ ആവശ്യം.
മുഹറം മാസം പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. ശിക്ഷകളുടെയും അനുഗ്രഹങ്ങളുടെയും ദുഖത്തിന്റെയും സന്തോഷത്തിന്റെയും ചരിത്രങ്ങള്‍. അത്തരം ചരിത്രങ്ങള്‍ നമുക്ക് പാഠമാകണം. മുഹറത്തെ വരവേല്‍ക്കുമ്പോള്‍ ആഘോഷങ്ങള്‍ വേണ്ട എന്നല്ല പറയുന്നത്. മറിച്ച് ആഹ്ലാദിച്ച് കൂത്താടുന്നതിനു പകരം ഇസ്ലാം അനുവദിക്കുന്ന രീതിയിലുള്ള ന്യൂയര്‍ ആഘോഷമാകാം. മുഹറം മാസത്തിന്റെ ഒന്‍പത് പത്ത് ദിവസങ്ങളിലുള്ള ആശുറാഅ താസൂആഅ് നോമ്പുകള്‍ അത്തരം ദിവസങ്ങളാണ്. ആ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുകയും പലഹാരങ്ങളുണ്ടാക്കി കുടുംബത്തിന് നല്‍കുകയും ചെയ്യുന്നത് വലിയ പ്രതിഫലമുള്ള കാര്യങ്ങളാണ്. ജീവിത വിശുദ്ധിക്ക് മുഹറത്തിന്റെ ആഗമനം നിദാനമാകണം. അതിനു മറ്റുള്ളവരിലേക്കു നോക്കാതെ തന്നിലേക്കു തന്നെ നോക്കി കുറ്റവും കുറവും കണ്ടെത്തി പുതിയൊരു ജീവിതത്തിന് നാം തയ്യാറാവണം. ആഗതമാകുന്ന പുതുവര്‍ഷപ്പുലരിക്ക് കുല്ലു ആമിം വ അന്‍തും ബിഖൈര്‍ എന്ന സന്ദേശം ജനങ്ങളിലേക്ക് നല്‍കി സ്വയം വീണ്ടുവിചാരത്തിന് തയ്യാറാവുക.
Leave A Comment