മോദിയും ഉര്‍ദുഗാനും ഒരു നാണയത്തിന്റെ ഇരു വശങ്ങളോ?


 

ഉര്‍ദുഗാന്‍ ചര്‍ച്ചയാകുന്നതിന്റെ ചരിത്രവും രാഷ്ട്രീയവും (ഭാഗം: 2)

തുര്‍ക്കി എന്ന രാഷ്ട്രത്തിന്റെ രഹസ്യങ്ങള്‍ മറ്റു വിദേശ ശക്തികള്‍ക്കു ഒറ്റിക്കൊടുത്തു, സമാന്തര ഭരണ സംവിധാനം ഉണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇവര്‍ക്കെതിരെ  നടപടി ആരംഭിച്ചത്. ഇക്കഴിഞ്ഞ അട്ടിമറി ശ്രമത്തിന് പിന്നില്‍ ഈ സംഘടനയുടെ നേതാക്കന്മാര്‍ക്ക് പങ്കുണ്ടെന്ന് വ്യകതമായതോടെ മുമ്പ് ഇവര്‍ക്കെതിരെ നടന്നിരുന്ന നടപടികളില്‍ അതൃപ്തി രേഖപെടുത്തിയവരുള്‍പ്പെടെ തുര്‍ക്കിയിലെ മുഴുവന്‍ ജനതയും ഇവര്‍ക്കെതിരെ തിരിഞ്ഞു. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള നാളുകളില്‍ ഇവരെ തുടച്ചുനീക്കാനുള്ള ഊര്‍ജ്ജിതശ്രമങ്ങള്‍ ആരംഭിച്ചു. പക്ഷേ അത് അത്ര എളുപ്പമുള്ള ജോലിയല്ല എന്നുള്ളത്  ഒരു വര്‍ഷത്തോളമായി നടന്നുവരുന്ന വ്യത്യസ്ത ഓപ്പറേഷനുകള്‍ തെളിയിക്കുന്നു.

 മസോണുകളെ പോലെ കൃത്യമായി രഹസ്യമായി സംഘടിക്കപ്പെട്ട ഇവര്‍ക്കെതിരെ അടിയന്തരാവസ്ഥയുടെ എല്ലാ പഴുതുകളും ഉപയോഗിച്ചു തന്നെയായിരുന്നു ഉര്‍ദുഗാന്റെ നീക്കങ്ങള്‍. ഒരുപക്ഷേ കടുത്തതായി എന്നു തോന്നിപ്പിക്കുന്ന നീക്കങ്ങള്‍ ഇവര്‍ക്കെതിരെ നടത്തിയിട്ടും തുര്‍ക്കിയിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോ ഇവരെപ്പോലെ സൂഫി ചിന്താഗതിയുള്ളതോ അല്ലാത്തതോ ആയ മതസംഘടനകളോ ഇതിനെതിരെ ശബ്ദമുയര്‍ത്തിയിട്ടില്ല എന്നു അറിയുമ്പോഴാണ്  ഗുലാന്‍ സംഘടനയ്ക്കുറിച് കൂടുതല്‍ മനസ്സിലാക്കുവാന്‍ പ്രേരിപ്പിക്കുന്നത്. 1999 മുതല്‍ അമേരിക്കയില്‍ സ്ഥിരവാസം നയിക്കുന്ന ഗുലാനും സംഘവും സത്യത്തില്‍ എന്താണെന്നു മനസിലാക്കാന്‍ വളരെ പ്രയാസമാണെകിലും ചരിത്രം പരിശോധിക്കുമ്പോള്‍ പലതും ചുരുളഴിയാന്‍ സാധ്യതയുണ്ട്. അമേരിക്കയില്‍ തന്നെ സ്ഥിരവാസം നയിക്കുന്നുണ്ട് എന്നത് മാത്രം ഒരു തെറ്റാവില്ലെങ്കിലും തുര്‍ക്കിയിലെ അമേരികന്‍ ചാരന്‍ ഗ്രഹാം ഫുള്ളറുമായുള്ള അടുത്ത ബന്ധവും ഗുലാന്റെ സ്ഥിരവാസത്തിനുള്ള അനുമതിരേഖകള്‍ക്ക് ഫുള്ളറിന്റെ സഹായങ്ങള്‍  മറ്റുപലതിലേക്കും ചൂണ്ടിക്കാണിക്കുന്നു. (ഫെത്തഹുള്ള ഗുലാന്‍, അബ്ദുള്‍ കാദിര്‍ ഓസ്‌കാന്‍, kopernik പ്രസാധനം, ഇസ്താന്‍ബുള്‍, 2017, അബ്ദുള്‍ കാദിര്‍ ഓസ്‌കാന്‍ തുര്‍ക്കിയുടെ മുന്‍പ്രധാനമന്ത്രി ദാവൂദുഗ്ലുയുടെ മുഖ്യഉപദേഷ്ട്ടാവായിരുന്നു, ഈ പുസ്തകം തയ്യാറക്കുമ്പോള്‍ ഗവണ്മെന്റിന്റെ അധികാരികരേഖകള്‍ അടിസ്ഥാനപ്പെടുത്തിയിരുന്നു)

 A world without Islam, Arab spring എന്നീ പുസ്തകങ്ങളെഴുതിയ FBI ഏജന്റ് Graham Fuller ന്റെ ഗുലാനെക്കുറിച്ചുള്ള  പരാമര്‍ശങ്ങള്‍ ഈ വിഷയത്തില്‍ വെളിച്ചം വീശുന്നവയാണ്. സംഘടനയുടെ അനുയായികളില്‍ എന്നും അമ്പരപ്പും ഉത്സാഹവും സൃഷ്ട്ടിക്കുന്ന 150 രാഷ്ട്രങ്ങളിലുള്ള പ്രവര്‍ത്തനം പോലെയുള്ള സമാന സ്വഭാവമുള്ള, അമേരിക്കന്‍ കേന്ദ്രികൃത Moon, Mormon, opus dei പോലെയുള്ള രഹസ്യസ്വഭാവം സൂക്ഷിക്കുന്ന സംഘടനക്കുറിച്ചും പഠിച്ചാല്‍ ഈ സങ്കടനെയുകുറിച്ച കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും. ( ഇതിനെക്കുറിച്ച് കൂടുതലറിയാന്‍ : Millenium Cults, Prof. Dr. Ali koshe).

ഇതുപോലെ ധാരാളം വസ്തുതകള്‍ ഉണ്ടെങ്കിലും സംഘടനയുടെ മറ്റൊരു വശംകൂടി കാണാതെ പോകുന്നത് അന്യായമായിരിക്കും. ഹയ്‌റാര്‍ക്യല്‍ സംവിധാനത്തില്‍ grassroot ലെവലില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ നിസ്സീമമവും സമാനതകളില്ലാത്തതുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സഹായങ്ങളെത്തിക്കുക, വിശ്വാസപരമായും വ്യക്തിപരമായും അവരെ പരിപോഷിപ്പിക്കുക പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. അതുപോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, സാമൂഹിക പുരോഗമന ചലനങ്ങളും തഥൈവ. ഇങ്ങനെ ഇരുവശങ്ങളും മനസിലാക്കി തള്ളണോ കൊള്ളണോ എന്നു തീരുമാനമെടുക്കാന്‍ പ്രയാസപ്പെടുത്തുന്നുണ്ടെകിലും ഉത്ഭവ മണ്ണില്‍ സ്വസമൂഹത്തിലെ അസ്വീകാര്യത, രഹസ്യസ്വഭാവം, അതോടപ്പം തുര്‍ക്കിയുടെയും സാമാനസ്വാഭാവ സംഘടനകളുടെയും ചരിത്രം  എന്നിവ പരിഗണിക്കുമ്പോള്‍ തള്ളണം എന്നു പറയാനേ സാധിക്കൂ. എന്നിരുന്നാലും ഗുണകാംക്ഷിയായി സല്‍പ്രവത്തനത്തില്‍ പങ്കാളികളാവുന്നതില്‍  പ്രശ്‌നമുണ്ടെന്ന് കരുതാനാവില്ല.

 ഈയൊരു പോരാട്ടസ്ഥിതി ആശാവഹമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെയാണ് ഉത്തരം. മുമ്പുണ്ടായിരുന്നത് പോലെ പരസ്പരം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കലായിരുന്നു അഭികാമ്യം. പൂര്‍ണമായും  ഇസ്ലാമികമായി വിലയിരുത്തിയാല്‍ അവര്‍ക്കിപ്പോഴും ഖുര്‍ആന്‍ പാരായണവും ഇസ്ലാമിക പ്രവര്‍്ത്തനവും വാതിലിന്റെ കുറ്റിയിട്ട് ചെയ്യേണ്ടവയാണ്.  മുസ്ലിം സഹോദരന്‍ ആക്രമിക്കപ്പെടുമ്പോള്‍ അവനു വേണ്ടി പരസ്യമായി ശബ്ദിക്കുവാനുള്ള ഇസ്ലാമിക സാമൂഹിക ബോധം  അവര്‍ക്കിന്നും കൈവന്നിട്ടില്ല.

സംഘടനയെക്കുറിച്ച ഈ വിലയിരുത്തലുകളൊന്നും തുര്‍ക്കിയുടെ രാഷ്ട്രീയ സാഹചര്യത്തിലെ ഉര്‍ദുഗാന്‍ - ഗുലാന്‍ പോരില്‍ പ്രതിഫലിക്കുന്നില്ല. മുമ്പ് പറഞ്ഞതുപോലെ തുര്‍ക്കിയിലെ ജനത ഒന്നടങ്കം രാഷ്ട്രശത്രുക്കളാണെന്ന് വിധിയെഴുതിയവരാണ്, അത് കൊണ്ട് തന്നെ അവര്‍ക്കെതിരെയുള്ള പോരാട്ടം ഉര്‍ദുഗാന്റെതു മാത്രമല്ല. തുര്‍ക്കിയെന്ന രാഷ്ട്രത്തിന്റെതുകൂടിയാണ്. ഒന്നാംലോക മഹായുദ്ധത്തിന്റെ തൊട്ടുമുമ്പ് എര്‍മേനികളെ ഒട്ടോമന്‍ ഭരണകാലത്തു വംശനാശം നടത്തിയെന്ന് ക്രിസ്ത്യന്‍ നേതാക്കന്മാര്‍ തുര്‍ക്കിക്കെതിരെയും അതുവഴി മുസ്ലിംകള്‍ക്കെതിരെയും ആരോപമുന്നയിച്ചപ്പോള്‍ അതിനെ തുര്‍ക്കിയിലെ മുസ്ലിം ജനത നഖശിഖാന്തം എതിര്‍ക്കുകയും സംയുക്ത ചരിത്രപഠനത്തിന്  ക്ഷണിക്കുകയും ചെയ്തിരുന്നു. ഇന്നേ വരെ ആരുമത് സ്വീകരിച്ചിട്ടില്ല. മാധ്യമരംഗത്തെ ശക്തിയായിരുന്ന സമയത്ത് ഈ സംഘടനയുടെ zaman, daily zaman പോലെയുള്ള മുഖപത്രങ്ങളും genocide എന്ന വാദത്തെ ശരിവെക്കുകയാണ് ഉണ്ടായത്.  വിദ്യാര്‍ത്ഥികളെ intellectual brainwashing ചെയ്യുന്ന സമയത്ത് ഈ മാധ്യമങ്ങളൊക്കെ മുസ്ലിം സമൂഹത്തിന്റെ ശബ്ദം ലോകാടിസ്ഥാനത്തില്‍ ഉയര്‍ത്താനൊക്കെ ആണെന്ന് പറഞ്ഞു ധരിപ്പിക്കുമെങ്കിലും ഇതുപോലെയുള്ള പല വിഷയങ്ങളിലും അടിസ്ഥനരഹിതമായ ക്രിസ്ത്യന്‍ വാദങ്ങളെ പിന്താങ്ങുന്നത് തുര്‍ക്കിയിലെ ഇതരമുസ്ലിം സഹോദരങ്ങളെ ഇവര്‍ക്കെതിരെ തിരിയാനുണ്ടായ പ്രധാന കാരണങ്ങളാണ്. 

15 July അട്ടിമറി 

തുര്‍കിയില്‍  കഴിഞ്ഞ ജൂലായ് 15 ന്  നടന്ന സൈനിക അട്ടിമറി ശ്രമത്തെ പൊതുജനം പ്രതിരോധിച്ചത് ലോകചരിത്രത്തില്‍ തന്നെ  സമാനതകളില്ലാത്ത സംഭവങ്ങളിലൊന്നായിരുന്നു. സ്വാഭിവകമായും ഗവണ്മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ഒരു സംഘടിത ശക്തിയുണ്ടാവുകയും ശ്രമം പരാജയപ്പെടുമ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ഈ സംഘടനയുമായി  ബന്ധമുള്ളവരെ ജയിലിലടക്കപ്പെടുകയും ചെയ്യുന്നതില്‍ ഒരു രാജ്യമെന്നനിലക്ക് എന്ത് അസ്വാഭിവികതയാണുള്ളത്.  അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍ വളരെ പരിമിതപ്പെടുത്തുന്ന അടിയന്തിരാവസ്ഥ എന്ന ഭരണരീതിക്ക് എന്തിനു ഭരണഘടനകളില്‍ സ്ഥാനം നല്കണം.  ഇനി ഇങ്ങനെ ജയിലിലടക്കപ്പെടുന്നവരില്‍ academicians, പത്രപ്രവര്‍ത്തകര്‍ ഉണ്ടാവുക എന്നുള്ളത് academic free thought, മാധ്യമപ്രവര്‍ത്തനത്തിനെതിരെയുള്ള നടപടികളാണെന്ന് വിലയിരുത്തുന്നത് ന്യായമാണോ?. 

France ല്‍ ഒന്നരവര്ഷത്തോളമായി കൃത്യമായ ഇടവേളകളില്‍ പ്രഖ്യാപിക്കപ്പെടുന്ന അടിയന്തിരാവസ്ഥയുടെ മറവില്‍ നടക്കുന്നതൊന്നും തുര്‍ക്കിയുടെ വിഷയത്തില്‍ ഹ്യൂമന്‍ റൈറ്‌സ് എന്ന് മുറവിളികൂട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ കാണാതെ പോവുന്നത് എന്തുകൊണ്ടാണെന്നു ഇനിയും മനസിലാകുന്നില്ല. ഫ്രാന്‍സില്‍ ഇപ്പോള്‍ നടക്കുന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടിയന്തിരവസ്ഥക്കാലത്താണ് എന്നുള്ളത് അവരുടെ ജനാധിപത്യത്തിന് ഒരു പോറല്‍ പോലും ഏല്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വിചിത്രം തന്നെയാണ്. 

അട്ടിമറി ശ്രമം നടത്തിയത് ഉര്‍ദുഗാന്റെ പൊറോട്ടുനാടകം എന്നാണ് പാശ്ചാത്യരുടെയും അവരെ പിന്താങ്ങുന്ന ഗുലാന്‍ സംഘടനയടക്കമുള്ളവരുടെ വാദം. അട്ടിമറിശ്രമം അടിച്ചമര്‍ത്തിയ പിറ്റേ ദിവസം തന്നെ ഇവരുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു എന്നതാണ് ഈ വാദത്തിന്റെ പ്രധാന തെളിവായി ചൂണ്ടിക്കാണിക്കുന്നത്.  അട്ടിമറിശ്രമം നടത്തുന്നവരെ കുറിച്ച് ഒരു വിവരവുമില്ലെങ്കില്‍ പിന്നെയെങ്ങനെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞു എന്നു ചോദിക്കുന്നതിലല്ലേ യുക്തിയുള്ളത്.  മറിച്ചു ഈ ലിസ്റ്റ് എങ്ങനെ തയ്യാറാക്കി എന്നു ചോദിക്കുന്നത് തന്നെ അസ്ഥാനത്താണ്. മാത്രവുമല്ല മുമ്പ് പലതവണ സമാനസാഹചര്യങ്ങളില്‍ അട്ടിമറി സാക്ഷ്യം  വഹിച്ച മധ്യവസ്‌കരായ രാഷ്ട്രീയ ബോധമുള്ള ഓരോ പൗരന്‍ പോലും ഈയടുത്ത് അട്ടിമറി ഉണ്ടാവുമെന്ന് പ്രവചിക്കുന്നുണ്ടായിരുന്നു. 2014 ഡിസംബര്‍ 17-24 ലെ പോലീസ് റൈഡ് ന് ശേഷം തുറന്ന യുദ്ധം പ്രഖ്യാപിച്ച ശേഷം ദാവൂദുഗ്ലു പ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് തന്നെ പല തവണ ശ്രമങ്ങള്‍  നടന്നിരിന്നുവെന്ന് അദ്ധേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവ് ഓസ്‌കാന്‍ തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഈയൊരു അട്ടിമറിശ്രമം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉര്‍ദുഗാനും സംഘവും അട്ടിമറി പ്രഖ്യാപിച്ച ശേഷം എത്രയും പെട്ടന്ന് അതിനെ ഒതുക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. അതുകൊണ്ടുതന്നെയാണ് മുമ്പുള്ള അട്ടിമറിദിനങ്ങളില്‍ വീടുകളില്‍ കയറിയിരുന്ന തുര്‍ക്കിഷ് ജനത ഉര്‍ദുഗാന്റെ ആജ്ഞപ്രകാരം തെരുവിലേക്കിറങ്ങി സായുധ സൈന്യത്തെ നിരായുധരായി നേരിട്ടത്,  കാരണം ഇനിയൊരു തവണ തോല്‍ക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു.  

ഇനി നാടകമാണെന്ന് വാദത്തിനസുരിച്ച ചിന്തിച്ചാല്‍ തന്നെ ഉര്‍ദുഗാന്‍ എന്തിന് ഇവര്‍ക്കു മേലില്‍ കെട്ടിച്ചമക്കണം. മുമ്പ് വിവരിച്ചതുപോലെ ഗുലാന്‍ സംഘടന എന്നുള്ളത് ഉര്‍ദുഗാന് രാഷ്ട്രീയ എതിരാളിയല്ല, മറിച് രാഷ്ട്രീയമായി ഇതിനെ ഉപയോഗിക്കുയാണെങ്കില്‍ മുഖ്യ എതിരാളി അതീയിസത്തിലൂന്നിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമേല്‍ കെട്ടിവെച്ചാമതിയായിരുന്നു. ഇങ്ങനെയൊരു നാടകം നടത്തി ഇസ്ലാമിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗുലാന്‍ സംഘടനയുടെ മേല്‍ കെട്ടിവെച്ചു എന്തു നേടാനാണ് എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കും. പ്രത്യേകിച്ചും ഉര്‍ദുഗാന്റെ വോട്ടുബാങ്ക് ഇസ്ലാമിനെ സ്‌നേഹിക്കുന്നവരില്‍ നിന്നായിരിക്കെ. അട്ടിമറിക്കു ശേഷം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ഇവരെ തുടച്ചുനീക്കുന്നതിന്റെ  ഭാഗമായി അടച്ചുപൂട്ടപ്പെട്ടതാണ് ഈ സ്ഥാപനങ്ങളൊക്കയും. അട്ടിമറിയുമായി ഗുലാന്റെ ആളുകള്‍ ജയിലിലടക്കപെടുന്നവരോട് തീരെ കരുണയില്ലാത്തത് ഈ സംഘടനയുടെ തന്നെ മുതിര്‍ന്ന നേതാക്കന്മാര്‍ക്കാണ്. കാരണം വ്യത്യസ്ത രാഷ്ട്രങ്ങളിലെ ഉന്നതരുമായി ബന്ധമുള്ള ഇവര്‍ മറ്റു രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയാണ് . അട്ടിമറിയോട് ബന്ധമുള്ളവരും ഇല്ലാത്തവരും ഇങ്ങനെ ജയിലില്‍ കഴിയുമ്പോള്‍ ഗുലനടക്കമുള്ള പല  ഉന്നതരും  ഇപ്പോഴുന്‍ വിദേശത്താണ്. ജയിലില്‍ കഴിയുന്നവരുടെ കേസുവിസ്തരങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നു. 

കുര്‍ദുകളും ഉര്‍ദുഗാനും
അഭ്യസ്തവിദ്യരായ പല ആളുകളും ഉര്‍ദുഗാനെ എതിര്‍ക്കുമ്പോള്‍ ഡിഗ്രി പരീക്ഷകളില്‍ എഴുതുന്നതുപോലെ ethnic , religious and gender മൈനോറിറ്റീസ്‌ന്റെ അവകാശങ്ങള്‍ ധ്വംസിക്കുന്നു എന്ന് ഒരു ബോധവുമില്ലാതെ എഴുതിവിടുകയാണ് . ഇതില്‍ ഏറ്റവും ദുഖകരം കുര്ദുകളെ കൊന്നൊടുക്കി എന്ന ആരോപണമാണ്. ഒരു പക്ഷെ കുര്‍ദുകളോട് ഏറ്റവും നന്നായി പെരുമാറിയ തുര്‍ക്കി ഭരണാധികാരി ഉര്‍ദുഗാനിയിരിക്കും. മാത്രവുമല്ല നല്ലൊരു ശതമാനം കുര്‍ദുകള്‍ ഉര്‍ദുഗാന്റെ കട്ട സപ്പോര്‍ട്ടറുമാരുകൂടിയാണ്. കിഴക്കന്‍ തുര്‍ക്കിയില്‍ ഒരു  കുര്‍ദിസ്താന്‍ വേണമെന്ന് വാദിക്കുന്ന ഒരു കൂട്ടം കുര്‍ദുകളുടെ മിലിറ്ററൈസ്ഡ് ഗ്രൂപ്പ് ആയ PKK  (കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ) എന്ന സംഘടനക്കെതിരെ 1985 മുതല്‍  തന്നെ തുര്‍ക്കി സൈന്യം ഏറ്റുമുട്ടുന്നുണ്ട്. മാത്രമല്ല PKK യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.  ഉര്‍ദുഗാന്റെ മുമ്പുണ്ടായിരുന്ന നേതാക്കന്മാരുടെ കാലത്ത് സൈന്യം നടത്തി എന്നു പറയപ്പെടുന്ന ക്രൂരതകളാണ്  ഇന്ന് ഉര്‍ദുഗാനെ ബന്ധപ്പെടുത്തി ഉയര്‍ന്നുവരുന്നത് . ഉര്‍ദുഗാന്റെ കീഴില്‍ ശക്തി പ്രാപിച്ച തുര്‍ക്കിയെക്കുറിച്ചു ഉയര്‍ന്നു വരുന്ന ചര്‍ച്ചകളോടെയാണ് വളരെ മുമ്പ് നടന്ന സംഭവങ്ങള്‍ പോലും ഇന്ന് ചര്‍ച്ചയാവുന്നത്. ഉര്‍ദുഗാന്‍ 2002 അധികാരത്തില്‍ വന്നതോടെ PKK യുമായി സന്ധി ചര്‍ച്ചകള്‍ നടത്തി അവരുമായി സൈന്യത്തിന്റെ പോരാട്ടങ്ങള്‍ നിര്‍ത്തവെക്കുകയും കയും PKK സ്വാധീന മേഖലയില്‍   പിന്നീടുള്ള വര്‍ഷങ്ങളില്‍ കുര്‍ദുകള്‍ വളരെ കാലങ്ങള്‍ക് ശേഷം സ്വസ്ഥമായി ജീവിക്കാന്‍ തുടങ്ങി. 

2010 വരെ ഇങ്ങനെ തുടര്‍ന്നെകിലും വീണ്ടും PKK ആയുധമെടുക്കാന്‍ തുടങ്ങിയതോടെ പൂര്‍വസ്ഥിതിയിലേക് വീണ്ടും മടങ്ങി. പരിഹാരകാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ PKK വമ്പിച്ച ആയുധ സംഭരണം നടത്തി എന്നു ചൂണ്ടി കാണിച്ചു രാഷ്ട്രീയ നിരീക്ഷകര്‍ നടപടി തെറ്റായിപ്പോയി എന്നു വിലയിരുത്തുകയാണ് പിന്നീടുണ്ടായത്.  ഈ കാലഘട്ടത്തിന് ശേഷം PKK വന്‍തോതിലുള്ള അക്രമണങ്ങള്‍ അഴിച്ചു വിടുകയുണ്ടായി. കഴിഞ്ഞ രണ്ടരവര്ഷമായി തുര്‍ക്കിയിലെ ഇസ്താന്‍ബുള്‍, ഇസ്മൈര്‍, അങ്കാറ, അന്റാല്യ പോലെയുള്ള ടൂറിസ, വാണിജ്യ , ഭരണ പ്രദേശങ്ങളില്‍  കഴിഞ്ഞ രണ്ടരവര്ഷമായി ബോംബ്, ചാവേര്‍, കാര്‍ സ്‌ഫോടനപരമ്പരകളില്‍ ഭൂരിഭാഗവും നടത്തിയത് PKK ആയിരുന്നു. ഇസ്താന്‍ബുളിലെ DHKPC പോലെ കുര്‍ദ് ഭൂരിഭാഗമല്ലാത്ത പ്രദേശങ്ങളിലും ഇവരുടെ മിലിറ്ററി ശാഖകളുണ്ട്.   കൂടുതലായി പാര്‍ക്കുന്ന കിഴക്കന്‍ തുര്‍കിയില്‍ അരക്ഷിതാവസ്ഥയും അസ്ഥിരതയും ഉണ്ടാവാന്‍ കാരണം PKK ആണെന്ന് ചൂണ്ടിക്കാട്ടി അവരെ രൂക്ഷമായി  എതിര്‍ക്കുന്നതും കുര്‍ദുകള്‍ തന്നെയാണ്. അത് കൊണ്ട് തന്നെ എര്‍ദോഗാന്‍ കുര്‍ദുകള്‍കളെ കൊന്നൊടുക്കി എന്നു പറഞ്ഞാല്‍ ആദ്യം എതിര്‍ക്കുക കുര്‍ദുകള്‍ തന്നെയാണ്.

എര്‍ദോഗാന്‍ ഇസ്ലാമിസ്റ്റ് ആണെന്നതുകൊണ്ട് അദ്ദേഹത്തിനെതിരെ പൊതുസമൂഹത്തിലെ ചില ബുദ്ധിജീവികള്‍ സ്ത്രീ വിരുദ്ധനാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. തുര്‍ക്കിയില്‍ ജീവിച്ച ഒരു സ്ത്രീയും ഈ അഭിപ്രായപ്രകടനം നടത്തുകയില്ല എന്നു മാത്രമല്ല ഉര്‍ദുഗാനടക്കം സ്വന്തം പാര്‍ട്ടിയിലെ  അധികം നേതാക്കന്മാരും എല്ലാ ഔദ്യോഗിക യാത്രകളിലടക്കം എപ്പോഴും ഒന്നിച്ചുണ്ടാകും. ഇന്ത്യന്‍ സന്ദര്ശനവേളകളിലെ ഫോട്ടോകള്‍ ശ്രദ്ധിച്ചവര്‍ക്ക് ഇത് മനസിലാകും.

മോദിയും എര്‍ദോഗാനും ഒരു നാണയത്തിന്റെ ഇരു വശങ്ങളോ?

ഏകാധിപത്യം, മത, വംശ ന്യൂനപക്ഷങ്ങളുടെ അവകാശ ധ്വംസനം, മത ഭൂരിപക്ഷത്തിന്റെ പിന്തുണ ഇത്യാദി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു മോദിയെയും ഉര്‍ദുഗാനെയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് വരച്ചുകാട്ടുന്ന എഴുത്തുകുത്തുകളും എര്‍ദോഗന്റെ ഇന്ത്യ സന്ദര്‍ശനത്തോടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ടായിരുന്നു. ഈയൊരു താരത്യമം യാഥാര്‍ഥ്യങ്ങളോട് എത്ര മാത്രം പൊരുത്തപ്പെട്ടു നില്കുന്നു എന്ന് പരിശോധിക്കല്‍ അനിവാര്യമാണ്.

കശ്മീരിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി കുര്‍ദുകളോട് ഉപമിക്കുന്നത് വസ്തുതകള്‍ മനസിലാക്കുന്ന പക്ഷം തെറ്റാണ് എന്ന് ബോധ്യപ്പെടും. ഉര്‍ദുഗാന്‍ ഒരിക്കലും കുര്‍ദുകളെ ആക്രമിച്ചിട്ടില്ല, തുര്‍ക്കി സൈന്യം പോരാടുന്നത് കിഴക്കന്‍ തുര്‍ക്കി  നമ്മുടേതാണെന്നും അവിടെ കുര്‍ദിസ്താന്‍ സ്ഥാപിക്കാന്‍ മിലിറ്ററൈസ്ഡ് ആയി പ്രവര്‍ത്തിക്കുന്ന PKK യോടാണ്. ഇവ്വിഷയകമായി മുമ്പ് പ്രതിപാദിച്ചതു കൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല . കാശ്മീരിനേക്കാളുപരി മാവോയിസ്റ്റുകളോടോ ഉള്‍ഫയോടോ  ഉപമിക്കുന്നതാവും ശരി. 

ഇന്ത്യയില്‍ ഹിന്ദുഭൂരിപക്ഷ വര്‍ഗീയ വികാരം ഉയര്‍ത്തുന്നതുപോലെ എര്‍ദോഗാന്‍ മുസ്ലിം ഭൂരിപക്ഷ വര്‍ഗീയ വികാരം വളര്‍ത്തുന്നു എന്നാണ് മറ്റൊരു സാദൃശ്യമെന്നാണ് അവതരണം. ഉര്‍ദുഗാന്‍ മുസ്ലിം വികാരം ഉയര്‍ത്തിപ്പിടിക്കുന്നു എന്നതു ശരി തന്നെയാണ്. പക്ഷെ അത് കൊണ്ട് മാത്രം മോദിയെപ്പോലെ ആണെന്ന് പറയാന്‍ സാധിക്കില്ല. കാരണം മോദി ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദു വികാരമല്ല തെറ്റ് ആവുന്നത്. മറിച് ന്യൂനപക്ഷങ്ങളുടെ മത സാമൂഹിക അവകാശങ്ങള്‍ ധ്വംസിക്കുമ്പോഴാണ്, അവരുടെ ജീവിതങ്ങള്‍ക് പോലും അന്ത്യം കുറിക്കുമ്പോഴാണ്. ഈയൊരു രീതി എര്‍ദോഗാനോ തുര്‍ക്കി ജനതക്കോ തീരേ ഇല്ല എന്ന് മാത്രമല്ല, മത ന്യൂനപക്ഷങ്ങളുടെ സാമൂഹിക സാമ്പത്തിക വിശ്വാസവകാശങ്ങള്‍ എന്നും നല്‍കിയിട്ടുമുണ്ട് . ഇവരുടെ ഒരു അവകാശങ്ങളോ 15 വര്‍ഷ ഭരണത്തിനിടയില്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. അതോടപ്പം തുര്‍ക്കിയിലെ മുസ്ലിം സഹോദരങ്ങളും ഈ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നതില്‍ എന്നും ശ്രദ്ധാലുക്കളാണ്. അക്രമിക്കപെടുന്ന മുസ്ലിം സഹോദരങ്ങള്‍ക്കു വേണ്ടി അദ്ദേഹം ശബ്ദിക്കുമ്പോള്‍ ഇസ്ലാമിസ്റ്റ് ആവുകയും 'ഇസ്ലാമിസ്‌റ്' എന്നതിന് ഇത്തരമതങ്ങളോട് അസഹിഷ്ണുത വെച്ച് പുലര്‍ത്തുന്നവന്‍ എന്നൊരു അര്‍ഥം കൂടി തിരുകുകയറ്റുമ്പോഴാണ് ഈ തെറ്റിദ്ധാരണ ഉടലെടുക്കുന്നത്. 

പ്രവാചകന്റെ കാലം മുതല്‍ ഓട്ടോമന്‍ ഖിലാഫത് അവസാനിക്കുന്നത് വരെയുള്ള ഇസ്ലാമിന്റെ ഭരണകാലഘട്ടങ്ങളില്‍ വളരെ അപൂര്‍വമായ സാഹചര്യങ്ങളിലൊഴികെ മുസ്ലിംകള്‍ എന്നും ഈ സഹിഷ്ണുത കാത്തുസൂക്ഷിച്ചിട്ടുണ്ട് അത് തന്നെയാണ് ഇസ്ലാം പഠിപ്പിക്കുന്നതും. ഇതിന്റെ ഉത്തമോദാഹരണമാണ് ജൂതവിശ്വാസികളോടുള്ള മുസ്ലിം ഭരണാധികാരികളുടെ സമീപനങ്ങള്‍.  തുടര്‍ച്ചയായ  പാലായാനങ്ങളുടെ ചരിത്രം പറയാനുള്ള ജൂതന്മാര്‍ ഏറ്റവും സുഖാപരമായി ജീവിച്ചത് സ്‌പെയിനിലെ അമവി,  ഓട്ടോമന്‍ ഭരണകാലഘട്ടങ്ങളിലായിരുന്നു. ഓട്ടോമന്‍ ഭരണകാലഘട്ടം മുതല്‍ ഇന്നോളം 500 വര്‍ഷത്തെ സ്‌നേഹവായ്പ്പിന് നന്ദിയെന്നോണം സ്ഥാപിച്ച 500. എന്ന ജൂതസംഘടന ഇന്നും ടര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്നു. അതുപോലെ എര്‍മേനി, സുറിയാനി , ഓര്‍ത്തോഡോക്‌സ്, കാത്തോലിക് ക്രിസ്തിയാനികളെല്ലാം തുര്‍ക്കിയില്‍ സുഖസുന്ദരമായി ജീവിക്കുന്നു . മതസാഹോദര്യത്തിന്റെ കഥകള്‍ കേരളക്കരയ്ക്കു മാത്രമല്ല തുര്‍ക്കിയിലെ മണ്ണുകള്‍ക്കും എത്രെയോ പറയാനുണ്ട്. ഇസ്ലാമിന്റെയും എര്‍ദോഗന്റെയും ഇസ്ലാമിസം എന്നുള്ളത് മുസ്ലിംകളെ സഹോദരന്മാരായി കാണാനും അവര്‍ക്കു വേണ്ടി ശബ്ദിക്കാനുമുള്ളതാണ്. ഇനിയും എര്‍ദോഗനെ വര്‍ഗീയവാദി എന്ന് വിളിക്കുകയാണെങ്കില്‍ മുസ്ലിം ലീഗിനെ വര്‍ഗീയപാര്‍ട്ടി എന്ന് സി പി എം വിളിച്ചപ്പോള്‍ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളടക്കം പൊതുജനം തള്ളിയതുപോലെ ഇതും തള്ളപ്പെടേണ്ടതാണ്. ചുരുക്കത്തില്‍ മോഡിയെയും എര്‍ദോഗനെയും ഒരു നാണയത്തിന്റെ ഇരുവശമായി കാണുന്നത് വിശയകൈകാര്യരീതിയിലെ അപാകതയാണ്.  വളരെ ഖേദകരമെന്ന് പറയട്ടെ എതിര്‍ക്കണം അല്ലെങ്കില്‍ മോദിയെ എതിര്‍ത്തതുകൊണ്ട് എര്‍ദുഗാനെയും  എതിര്‍ക്കണം എന്നതിന് വേണ്ടി മാത്രം വിശ്വാസ സഹോദരങ്ങളും ഇതിനെ ഏറ്റുപിടിച്ചിട്ടുണ്ട്.

പിന്നെയെന്തു കൊണ്ട് എര്‍ദോഗാന്‍ ഇത്രയും എതിര്‍ക്കപ്പെടുന്നു 

യാഥാര്‍ഥ്യങ്ങളോട് യോജിക്കാത്ത ആരോപണങ്ങളുമായി എര്‍ദോഗനെ ഇത്രയധികം വേട്ടയാടാനുള്ള കാരങ്ങളെന്താണ് എന്നതിന്റെ ഉത്തരം ലഭിക്കണമെങ്കില്‍ തുര്‍ക്കിയുടെ ചരിത്രവും ആ ചരിത്രത്തില്‍ എര്‍ദോഗന്റെ സ്ഥാനവും മനസിലാക്കണം. ബിസാന്റിയന്‍ ഭരണത്തിന്റെ തലസ്ഥാനനഗരിയായിരുന്ന ഇസ്താന്‍ബുള്‍ മുഹമ്മദ് അല്‍ ഫാതിഹ് കീഴടക്കിയത് അന്ന് തന്നെ യൂറോപ്പില്‍ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു. അന്ന് മുതല്‍ യൂറോപ്പുകാര്‍ തുര്‍ക്കികളും മുസ്ലിംകളും എന്നത് പരസ്പര പൂരകങ്ങളായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്, ഇന്നും പല യൂറോപ്യന്‍ ചരിത്രകാരന്മാരും അക്കാദമിക കൃതികളില്‍ പോലും മുസ്ലിംകള്‍ക്കു പകരം തുര്കികാര്‍ എന്നുപയോഗിക്കുന്നുണ്ട്. 

മുസ്തഫ കമല്‍ പാഷ റിപ്പബ്ലിക് തുര്‍ക്കിയുടെ ഭരണം ഏറ്റടുത്ത മുതല്‍ പാശ്ചാത്യ താല്പര്യങ്ങള്‍ക് പ്രവര്‍ത്തിച്ചതായി കാണാം. ഒന്നാം ലോക മഹായുദ്ധം അവസാനിച്ച തൊട്ടുടനെ 1924 ല്‍ കമല്‍ പാഷ തുര്‍ക്കിയുടെ നിയന്ത്രണ മേറ്റടുക്കുകയും ഖിലാഫത് അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ഭാഷയായിരുന്നു അറബി ഭാഷ പിന്‍വലിക്കുകയും പേര്‍ഷ്യന്‍  ലിപിയില്‍ എഴുതുന്ന ഓട്ടോമന്‍ ഭാഷയുടെ ലിപി ലാറ്റിന്‍ ലിപിയിലേക് മാറ്റിക്കൊണ്ടുമായിരുന്നു അദ്ദേഹത്തിന്റെ ഭരണത്തുടക്കം. ഈയൊരു നീക്കത്തിലൂടെ  ഒരൊറ്റ രാത്രികൊണ്ട് എല്ലാവരും അജ്ഞരായി. 1950 വരെ മുസ്തഫ പാഷയും ഇസ്‌മേത് ഇനോനുവും തുര്‍ക്കിയെ ഭരിക്കുകയും തുര്‍ക്കിയെ പൂര്‍ണമായും പാശ്ചാത്യ വത്കരിക്കുന്ന ഒട്ടെറെ മാറ്റങ്ങള്‍ കൊണ്ടുവന്നു. പിന്നീടുള്ള 50 വര്‍ഷങ്ങള്‍ ഭരണ അസ്ഥിരതയും ദാരിദ്ര്യവും അട്ടിമറികളും തുര്‍ക്കിയെ അന്താരാഷ്ട്രതലത്തില്‍ ഒന്നുമല്ലാത്ത ഒരു രാഷ്ട്രമാക്കി. മറ്റുള്ള പ്രധാനമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തമായി അദ്‌നാന്‍ മെന്‍ഡേര്‍സും തുര്‍ഗുഡ് ഒസാലും 90 ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് മതസ്വന്തത്ര്യം നല്‍കി എന്നത് കൊണ്ട് മാത്രം അവരെ ഓര്‍ക്കാന്‍ ഇന്നും തുര്‍ക്കി മുസ്ലിംകള്‍ ഇഷ്ടപെടുന്നു.

1997 ല്‍ ഇസ്ലാമിസ്‌റ് ആയിരുന്ന നജ്മുദീന്‍ എര്‍ബകാന്‍ വരുന്നതോടു കൂടി മാത്രമാണ് തുര്‍ക്കി മുസ്ലിം രാജ്യങ്ങള്‍ക്കിടയിലും അത് വഴി അന്തരാഷ്ട്രത്തലത്തിലും തുര്‍ക്കി ചര്‍ച്ചയാവുന്നത്. തുര്‍ക്കി ജനത ആഗ്രഹിച്ച ഒരു ഭരണം ആരംഭിക്കാനായെങ്കിലും ഒരു വര്ഷത്തിനടയില്‍ അട്ടിമറിക്കപ്പെട്ടു. തുര്‍ക്കി ശക്തിപ്രാപിക്കരുതെന്ന് ബാഹ്യ ശക്തികള്‍ക്കു നിര്ബന്ധമുണ്ടായിരുന്നതു കൊണ്ട് തന്നെ ഇവരെ നിയന്ത്രിക്കാന്‍ പറ്റുന്ന ശിങ്കിടികളും സമാനചിന്താഗന്തിക്കാരെയും വാര്‍ത്തെടുക്കാന്‍ അവര്‍ ശ്രദിച്ചിരുന്നു. 2003 ല്‍ അധികാരമേറിയ എര്‍ദോഗാനും കൂട്ടരും കാഴ്ചവെച്ചത് സമാനതകളില്ലാത്ത സാമ്പത്തിക സാമൂഹിക പുരോഗതികളായിരുന്നു. സാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ 91 ആം സ്ഥാനത്തായിരുന്ന തുര്‍ക്കി ഇന്ന് 17 ല്‍ എത്തിനില്‍ക്കുന്നു. IMF നുണ്ടായിരുന്ന എല്ലാ കടങ്ങളും അടച്ചുതീര്‍ത്തതു മുതല്‍ എന്നിയാലുടങ്ങാത്ത ഭരണനേട്ടത്തിലൂടെ തുര്‍ക്കിയെ ഒരു ശക്തമായ രാഷ്ട്രമായി എര്‍ദോഗാന്‍ മാറ്റിയെടുത്തു. കേരളത്തിലെ സൂപ്പര്‍സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകള്‍ പോലും പിന്നില്‍ നില്‍ക്കുന്ന ഗവണ്മെന്റ് ആശുപത്രികള്‍ തുറന്നു കൊടുക്കുക വഴി സാമൂഹികമായും വളര്‍ത്തിയെടുത്തി. എണ്ണിയാലൊടുങ്ങാത്ത ഈ ഭരണനേട്ടങ്ങള്‍ തന്നെയാണ്തു എര്‍ദോഗന്റെ തുര്‍ക്കി ജനതകള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നത്. തുര്‍ക്കിയുടെ ഈ വളര്‍ച്ച തന്നെയാണ് പലരെയും അസ്വസ്ഥമാക്കുന്നതും എര്‍ദോഗാന്‍ ഇത്രമാത്രം എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും. ഗദ്ദാഫിയെ ഏകാധിപതി എന്ന് വിളിച്ചവര്‍ തന്നെയാണ് എര്‍ദോഗനെത്തിയരെയും വാളെടുക്കുന്നത്. ലോകത്തിലെ മറ്റേതൊരു രാജ്യത്തിന്റെ പൗരന്മാര്‍ അനുഭവിക്കുന്നതിനേക്കാളുപരി ഗദ്ദാഫി ഭരണകാലത്  ഗോവെര്‌നെമെന്റ് സഹായവും സാമ്പത്തിക പുരോഗതിയും അനുഭവിച്ചിരുന്നു.. പക്ഷെ ഇന്ന് അവര്‍ കഴിഞ്ഞ കാലമോര്‍ത് പരിതപിക്കുന്നുണ്ടാവണം. 

തുര്‍ക്കി രാഷ്ട്രത്തെ ശക്തിപ്പെടുന്നതോടൊപ്പം  അവസാനവര്ഷങ്ങളിലായി പല അന്താരാഷ്ട്രവേദികളിലും മുസ്ലിംകള്‍ക്കെതിരെ നടത്തപ്പെടുന്ന ആസൂത്രിത ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എര്‍ദോഗാന്‍ രംഗത്തിറങ്ങിതുടങ്ങിയത് മുതലാണ്  ബാഹ്യശക്തികളുടെ എതിര്‍പ്പുകള്‍ക്കു കനം കൂടിയത്.  ഈയെതിര്‍പ്പുകളുടെ അണ്ണാക് തൊടാതെയുള്ള അനുകരണങ്ങള്‍  മാത്രമാണ് ഇന്ത്യ സന്ദര്‍ശനത്തിന് വന്നപ്പോള്‍ ഉയര്‍ന്നുവന്നത്. ഓണ്‍ലൈന്‍ മീഡിയകളിലും സോഷ്യല്‍ സൈറ്റികളിലും വന്ന ഈ പ്രതികരണങ്ങള്‍ ഒരു പക്ഷെ എര്‍ദോഗാന്‍ അറിഞ്ഞിട്ടുപോലുമുണ്ടാവാന്‍ സാധ്യതയില്ല, അറിഞ്ഞാല്‍ തന്നെയും ഹിതപരിശോധനകാലത് യൂറോപ്പില്‍ ഉയര്‍ന്നു വന്ന കൊലവിളിക്കുമുന്നില്‍ ഇതൊക്കെ എത്രയോ നിസ്സാരമാണ്. ഈ ഹിതപരിശോധനകാലത് മാധ്യമങ്ങളില്‍ വന്ന എതിര്‍പ്പുകള്‍ക്കുപരി തെരുവിലേക്കിറങ്ങി തേജോവധശ്രമങ്ങള്‍ നേരിട്ട്കണ്ട   തുര്‍ക്കി പ്രവാസികള്‍  തന്നെയാണ് ഹിതപരിശോധനയില്‍ 'yes ' എന്ന് വിധി നല്‍കി എര്‍ദോഗനെ പിന്തുണച്ചത്. നടപടികള്‍ എടുക്കുമ്പോഴുണ്ടന്‍കുന്ന കാലതാമസവും, എര്‍ദോഗാണ് ശേഷം പഴയ അവസ്ഥയിലേക്ക് തന്നെ മാറുമോ എന്നുള്ള പേടിയും കൂടുതല്‍ സുസ്ഥിരമായ ഭരണത്തിന് വഴിവെക്കുന്ന, presidential സിസ്റ്റത്തിലേക്ക് മാറാന്‍ തീരുമാനമെടുക്കാലോടെ പുതിയ പ്രതീക്ഷകളിലാണ് തുര്‍ക്കി ജനത. ജോഗ്രഫിക്കലായി വളരെ പ്രാധന്യമുള്ള ഇസ്താന്‍ബുളിലെ മൂന്നാമത്തെ വിമാനത്താവളത്തിന്റെ  പണി പുരോഗമിക്കുന്നതും വിമാനത്താവളവുമായി കടല്‍ ചരക്കുമാര്‍ഗം ബന്ദിപ്പുക്കുന്നതിന്റെ ഭാഗമായി കനാല് ഇസ്താന്‍ബുള്‍ പദ്ധതിയും ചില യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ വാണിജ്യമേധാവിതം അവസാനപ്പിക്കും എന്നത് ഈയെതിര്‍പ്പുകളുടെ തിരശീലക്കു പിന്നിലെ കാരണങ്ങളാണ്. 

ഈയെതിര്‍പ്പുകള്‍ വിശ്വാസ സഹോദരങ്ങള്‍ തന്നെ നടത്തുന്നതിന്റെ അനൗചിത്യം മനസ്സിലാവണമെങ്കില്‍ മാറിവരുന്ന അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വിലയിരുത്തണം. യൂറോപ്പിലെ ഫ്രാന്‍സ്, ഇംഗ്‌ളണ്ട്, ജര്‍മ്മനി പോലെയുള്ള പല രാഷ്ട്രങ്ങളും പുതിയ പ്രസിഡന്റ് നെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ്. ഒന്നാം ലോകമഹായുദ്ധവും അതിന്റെ തൊട്ടുമുമ്പും പിന്പും നടന്ന ഒട്ടെറെ കരാറുകളുടെ ആയുസ്സ് 100 വര്‍ഷമാണ്. ഈജിപ്ത്ശന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗമായ സൂയിസ് കടലിടുക്ക്  പോലൊരു ബോസ്ഫറസ് കടലിടുക്ക് പൂര്‍ണമായും തുര്‍ക്കിയില്‍ സ്ഥിതിചെയ്യുന്നതായിട്ടും ഒന്നാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി ഒപ്പുവെച്ച കരാറടിസ്ഥാനത്തില്‍ 100 വര്‍ഷത്തേക്ക് ഈ കടലിടുക്കിലൂടെ പോകുന്ന ഒരു കപ്പലില്‍ നിന്നും പണം പിരിക്കാനാവില്ല. ഈയൊരു കരാറും 2023 ല്‍ അവസാനിക്കുകയാണ്. ലക്ഷ്യം 2023 ' എന്ന പേരില്‍ തുര്‍ക്കി പല വാണിജ്യ പദ്ധതികളും തയ്യാറാക്കികഴ്ഞ്ഞു. അങ്ങനെ എത്രെയോ കരാറുകളുടെ കാലാവധി അവസാനിക്കുമ്പോള്‍ പുതിയ അന്താരാഷ്ട്രീയ സമവാക്യങ്ങളാണ് ഉടെലെടുക്കുക. ഇന്നത്തെ രാഷ്ട്രീയ മേല്‍ക്കോയ്മകള്‍ നിലനില്‍ക്കണമെങ്കില്‍ പുതിയ കരാറുകള്‍ നടത്തേണ്ടിയിരിക്കുന്നു. അതിനുള്ള എല്ലാ കോപ്പു കൂട്ടലുകളും ഒരുക്കങ്ങളും അണിയറയില്‍ നടക്കുന്നു എന്ന് കാണിച്ചുതരുന്നതാണ് ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍. മാര്‍പാപ്പ അഭയാര്‍ഥികളുടെ കാലു കഴുകുന്നത് വന്‍വാര്‍ത്തയായപ്പോള്‍ വറ്റിക്കാനില്‍ മാര്‍പാപ്പയുടെ നേതൃത്യത്തില്‍ യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളിലെയും നേതാക്കന്മ്മാര്‍ ചര്‍ച്ച ചെയ്തതും മൂന്നാം ലോകമഹായുദ്ധം തുടങ്ങി എന്നുള്ള പരാമര്‍ശങ്ങളും  വളരെകുറച്ചു മാധ്യമങ്ങള്‍ക്കേ വാര്‍ത്തയായുളളൂ. ഈ സാഹചര്യങ്ങള്‍ മുന്‍ക്കൂട്ടികണ്ടുതന്നെയാണ് എര്‍ദോഗാന്‍ ഐക്യരാഷ്ട്രസഭയില്‍ മുസ്ലിംകള്‍ക്കു representative വേണമെന്ന് വാദിക്കുന്നത്. ഇനി അങ്ങനെയൊന്നു അനുവദിച്ചാല്‍ തന്നെ ആരാവണമെന്ന് മുസ്ലിംകള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാവാനുള്ള സാഹചര്യങ്ങളാണ് ഇന്ന് മുസ്ലിം ലോകത്തുള്ളത്. സുന്നി, സൂഫി , വഹാബി, ഇഖ്വാനി , ഈമാന്‍ പൂര്ണമായത്, പൂര്‍ണമാവാത്തത് എന്നിങ്ങനെ പരസ്പരം കുറ്റപെടുത്തിക്കൊണ്ടിരിക്കും.  ശത്രു  നമ്മളെയൊക്കെ ഒറ്റ പേരിട്ടു വിളിക്കും. മുസ്ലിമെന്ന്. അതുകൊണ്ട് തന്നെയാണ് അല്‍ മുസ്്‌ലിമു അഖുല്‍ മുസ്്‌ലിം എന്ന പ്രവാചക വചനത്തിന് ഇന്ന് മറ്റെന്തിനേക്കാളും പ്രസക്തി നിലനില്‍ക്കുന്നത്. 


(അഭിപ്രായം ലേഖകന്റേത് മാത്രം).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter