ചാര്‍മിനാര്‍ ഒരു സംസ്കാരത്തിന്റെ മിനാരമാണ്; അതിനെ ഒരു കല്‍കൂമ്പാരമായി കാണരുത്
 width=1591 ല്‍ സുല്‍ത്താല്‍ ഖുലി ഖുതുബ്ഷാ ഭാരതപൈതൃകത്തിന് സമര്‍പ്പിച്ച ചാര്‍മിനാര്‍ ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ ഇടം പിടിച്ചത് നവംബര്‍ ഒന്നാം തിയ്യതിയോടെയാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുവാദമില്ലാതെ ചാര്‍മിനാറിനോട് ചേര്‍ന്ന് നിര്‍മിക്കപ്പെട്ട ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്‍റെ വിപുലീകരണ ശ്രമങ്ങളെ ഒരു പറ്റം മുസ്‌ലിംകള്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് പുതിയ തുടക്കമാകുന്നത്. ചരിത്ര സ്മാരകത്തിന്റെ ബഹുമതിക്ക് കളങ്കം ചാര്‍ത്തുന്ന ഇത്തരം നിര്‍മാണങ്ങള്‍ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കൂട്ട് നില്‍ക്കുന്നുവെന്ന ആരോപണമുന്നയിച്ചു അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (MIM) സംസ്ഥാന ഗവന്മെന്റിനുള്ള പിന്തുണ കൂടി പിന്‍വലിച്ചതോടെ ഓള്‍ഡ്‌ സിറ്റി എന്നു വിളിക്കപ്പെടുന്ന ചാര്‍മിനാര്‍ പ്രദേശത്ത് കലാപ സമാനമായ അന്തരീക്ഷം രൂപപ്പെട്ടു. എം.ഐ.എം പാര്‍ട്ടി പ്രവര്‍ത്തകരും അമ്പല പരിരക്ഷ സമിതിയും സമരസജ്ജരായതോടെ പ്രശ്നം കൂടുതല്‍ വഷളായി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ സമ്പൂര്‍ണ്ണ പോലീസ് നിയന്ത്രണത്തിലായതോടെ ജനജീവിതം ദുസ്സഹമായി. ടൂറിസം തകര്‍ന്നു. വിദ്യാഭ്യാസ-കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സാമ്പത്തിക നില ഗുരുതരാവസ്ഥയിലായി. മുഹറം ആഘോഷങ്ങള്‍ കൂടി കഴിയുന്നതോടെ സിറ്റിക്ക് പഴയ ജീവന്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊതുജനം. 1967-ല്‍ മരണപ്പെടും വരെ സൌത്ത് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്ന മീര്‍ ഉസ്മാന്‍ അലി ഖാന്‍ അടക്കമുള്ള നിസാമുമാരുടെ അധീനതയിലായിരുന്ന ഹൈദരാബാദിന്റെ മതസൌഹാര്‍ദ ചരിത്രത്തിനു 1948 ലേറ്റ മുറിവ് പഴുത്തു ജീര്‍ണിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് പുതിയ ഈ വാര്‍ത്ത.  ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേലിന്റെ പോലീസ് നടത്തിയ ഓപറേഷന്‍ പോളോ വഴി മുസ്‌ലിംകളില്‍ നിന്ന് അപഹരിക്കപ്പെട്ട കച്ചവടസ്ഥാപനങ്ങള്‍ ഹിന്ദുക്കള്‍ക്ക് മറിച്ചു നല്‍കുകയായിരുന്നുവെന്ന് ചരിത്രത്തിന് പക്ഷമുണ്ട്. ഈ സംഭവം ഹിന്ദുക്കളെ മൊത്തത്തില്‍ ശത്രുക്കളായിക്കാണാന്‍ മുസ്‌ലിംകളെ പ്രേരിപ്പിച്ചു. എന്നാല്‍ സിറ്റിയിലെ പൊതുജന പിന്നോക്കാവസ്ഥയുടെ കാരണക്കാര്‍ കാലങ്ങളോളം ഭരണം നിയന്ത്രിച്ച  മുസ്‌ലിംകളാണെന്ന ധാരണ ഹിന്ദുക്കള്‍ക്കുമുണ്ട്. ഈ വികാരങ്ങളെ മതത്തിന്റെ ലേബെലൊട്ടിച്ചു രാഷ്ട്രീയക്കാര്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ട് കാലങ്ങളേറെയായി. അതുവഴി ചെറുതും വലുതുമായ പത്തോളം കലാപങ്ങള്‍ക്ക് ഇക്കാലത്തിനിടെ ഈ ചരിത്രപ്രധാനമായ നഗരം സാക്ഷിയായിട്ടുമുണ്ട്. ചാര്‍മിനാറും ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദം ഒരു തുടക്കമല്ലന്നര്‍ഥം. മറിച്ച് ഏറെ അപ്പുറത്തേക്ക് നീളുന്നതാണ് വിവാദത്തിന്റെ വേരെന്ന് ചുരുക്കം. ഏതായാലും പുതിയ വിവാദം ചാര്‍മിനാറിനെയും പരിസരത്തുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രത്തെയും ചുറ്റിപ്പറ്റി മാത്രമാണ്. ഈ ക്ഷേത്രം ചാര്‍മിനാറിനടുത്ത് വന്ന അനധികൃത നിര്‍മാണമെന്നാണ് പ്രദേശത്തെ മുസ്‌ലിം സമുദായം വാദിക്കുന്നത്. എന്നാല്‍ ചാര്‍മിനാറോളം തന്നെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് ഹിന്ദുവര്‍ഗീയവാദികളുടെ വാദം. ഒരുവേള ചാര്‍മിനാറിനും മുമ്പെ തന്നെ ഭാഗ്യലക്ഷ്മി ക്ഷേത്രം തല്‍സ്ഥാനത്തുണ്ടായിരുന്നുവെന്ന് വാദിക്കാനും അവര്‍ ധൈര്യം കാണിച്ചു. എന്നാല്‍ തങ്ങളുടെ വാദത്തെ സമര്‍ഥിക്കാന്‍ പോന്ന തെളിവുകളൊന്നും അവരുടെ പക്കലില്ല താനും. ചാര്‍മിനാറോളം പഴക്കമുണ്ടെന്നു പരിരക്ഷണ സമിതിയുടെ വാദത്തെ മതേതര ചരിത്രകാരന്മാര്‍ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. 1960കളില്‍ ആരാധിക്കപ്പെട്ടു തുടങ്ങിയ ഒരുകല്ലു 1965 ഓടെ കാവിവല്‍ക്കരിക്കപ്പെട്ടുവെന്നും 1970ല്‍ ഒരു ആര്‍.ടി.സി ബസ്സിടിച്ചു അത് തകര്‍ന്നു പോയപ്പോള്‍ തല്‍സ്ഥാനത്ത് ബിംബം പ്രതിഷ്ഠിക്കപ്പെടുകയായിരുന്നുവെന്നും എസ്.കെ.ഘോഷും അസ്ഗറലി എഞ്ചിനീയറും രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രകെട്ടിടങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന INTACH പോലുള്ള സംഘടനകളും ഹിന്ദുപക്ഷ വാദത്തെ എതിര്‍ക്കുന്നുണ്ട്. ഭാഗ്യലക്ഷ്മി ക്ഷേത്രം മാത്രമല്ല, ചാര്‍മിനാറിന് പരിസരത്തുള്ള പല കെട്ടിടങ്ങളും പില്‍ക്കാലത്ത് വന്നതാണെന്നും അതിന് ഭരണകൂടങ്ങള്‍ അംഗീകാരം നല്‍കരുതായിരുന്നുവെന്നും സംഘടന തുറന്നു പറയുന്നു. ഇതു സംബന്ധമായി ഒരു കുറിപ്പ് കഴിഞ്ഞ 20 ന് ദേശീയ പത്രമായ ദ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ തന്നെ അവിടെ അമ്പലമുണ്ടായിരുന്നുവെന്ന വാദത്തെ കുറിപ്പെഴുതിയ ശ്രീവത്സനും ചോദ്യം ചെയ്യുന്നുണ്ട്. ദി ഹിന്ദുവിന്റെ ഫോട്ടോ ലൈബ്രറിയില്‍ നിന്ന് ലഭിച്ച ചാര്‍മിനാറിന്റെ പഴക്കം ചെന്ന ഒരു പടമാണ് ലേഖകന്‍ തെളിവായി ഉദ്ധരിക്കുന്നത്. ഫോട്ടോയില്‍ തിയ്യതി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 60 വര്‍‌ഷം മുമ്പെടുത്ത പടമാണെന്ന് ലേഖകന്‍പറയുന്നുണ്ട്. ഫോട്ടോയില്‍ കാണുന്ന കാറിന്‍റെ പഴക്കം നോക്കിയാണ് ഇതിന്‍റെ കാലഗണന നടത്തിയിരിക്കുന്നത്. (മുകളില്‍ കൊടുത്ത ചിത്രം കാണുക.) ചാര്‍മിനാറിന്റെ രണ്ടാം നിലയിലുള്ള മസ്ജിദ് കാലങ്ങളായി പൂട്ടിക്കിടപ്പാണ്.  അതു നമസ്കാരത്തിനായി തുറന്നു തരണമെന്ന ആവശ്യം വര്‍ഷങ്ങളായി പ്രദേശത്തെ മുസ്‌ലിംകള്‍ ഉന്നയിക്കുന്നുമുണ്ട്. അതിന് അനുവാദം നല്‍കാന്‍ വിസമ്മതിക്കുമ്പോള്‍ തന്നെയാണ് പരിസരത്തെ ക്ഷേത്രവികസനത്തിന് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് സഹായസഹകരണങ്ങള്‍ ഉണ്ടാകുന്നത്. ഹൈദരാബാദ് സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി 1977ല്‍ ഗണേഷോല്‍സവത്തെ തെരുവിലേക്കിറക്കിക്കൊണ്ടുവന്നത് കോണ്‍ഗ്രസ് മുഖ്യമന്ത്രി ആയിരുന്ന റെഡ്ഢി ആയിരുന്നുവെന്നതും തുടര്‍ന്നുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്നതും ഇതോട് ചേര്‍ത്തുവായിക്കണം. വി.എച്ച്.പി ദേശീയ നേതാവ് മഹാറാണെ ഉദൈപൂര്‍ അടക്കമുള്ളവര്‍ ഹരിജനങ്ങളുടെ മതകീയ വികാരം ചൂഷണം ചെയ്തു.   ഗണേഷവിഗ്രഹം നശിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്തം മുസ്‌ലിംകളുടെ തലയില്‍ കെട്ടിവെച്ചു. സത്യത്തില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഹിന്ദുചുവയുള്ള പാര്‍ട്ടികള്‍ തന്നെയായിരുന്നു. 1979ലും 1983ലും നടന്ന കലാപങ്ങള്‍ കൂടുതല്‍ ഭീകരമാകുന്നതിന് എം.ഐ.എമ്മിന്‍റെ നിലപാടുകള്‍ വലിയൊരളവില്‍ കാരണമായിത്തീരുകയും ചെയ്തു. ചാര്‍മിനാര്‍. അത് ഒരു സംസ്കാരത്തിന്റെ അടിവേരില്‍ തട്ടി ആകാശംമുട്ടെ ഉയര്‍ന്ന മിനാരങ്ങളുടെ പേരാണ്. അവയെ വെറും കല്‍കൂമ്പാരമായി കാണാന്‍ ശ്രമിക്കരുതെന്ന അപേക്ഷയുണ്ട്. ശാഫി ഹുദവി ചെങ്ങര, ഇഫ്ലു സര്‍വകലാശാല, ഹൈദരാബാദ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter