ഫലസ്തീന്‍ പ്രതിരോധത്തിന്റെ വര്‍ണമയ ദൃശ്യങ്ങള്‍
2002 ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണിന്റെ കാലത്താണ് ഫലസ്തീനിനും ഇസ്രയേലിനുമിടയില്‍ വിഭജനത്തിന്റെ ഒരു പടുകൂറ്റന്‍ മതില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നത്. ഇസ്രയേല്‍ ചരിത്രത്തിലെ കടുത്ത മുസ്‌ലിം വിരുദ്ധ ഭരണാധികാരിയായ ഏരിയല്‍ ഷാരോണ്‍ ഈ പദ്ധതി അതിവേഗം നടപ്പിലാക്കാന്‍ ഏറെ താല്‍പര്യമായിരുന്നു കാണിച്ചത്. 1949-ലെ വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ചുള്ള രേഖക്ക് കുറുകെ ദ്രുതഗതിയല്‍ പണി കഴിപ്പിച്ച ഈ മതില്‍ വെസ്റ്റ് ബാങ്കില്‍ നിന്ന് ഇസ്രയേലിനെ മാറ്റി നിര്‍ത്തിയെങ്കിലും മതിലിന്റെ ഫലസ്തീനിലുള്ള ഭാഗം ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധത്തിന്റെ പുത്തന്‍ വേദിയായിരിക്കുകയാണ്. കാരിക്കേച്ചറുകളിലൂടെയും അര്‍ഥ ഗര്‍ഭമായ ചുവര്‍ചിത്രങ്ങളിലൂടെയും ഫലസ്തീനികളും മറ്റു ടൂറിസ്റ്റുകളും പ്രതിഷേധത്തിന്റെ പുതുവഴി വരച്ചിടുന്നുണ്ട് മതിലില്‍.
ദ ട്രയില്‍ ബ്ലൈസര്‍ എന്ന ചിത്രം. 2005 ല്‍ വെസ്റ്റ് ബാങ്ക് സന്ദര്‍ശിച്ച ബ്രട്ടീഷ് തെരുവ് ചിത്രകാരനായ ബാങ്ക്‌സിയാണ് ഈ ചിത്രം വരച്ചത്. ഇതടക്കം ഒന്‍പത് ചിത്രങ്ങളാണ് മതിലിലും മറ്റു സ്വകാര്യ കെട്ടിടങ്ങളിലുമായി ബാങ്ക്‌സി വരച്ചത്. ഇസ്രയേലിനെതിരെയുള്ള ഫലസ്തീനികളുടെ സമരത്തെ അനുകൂലിച്ചും ഇസ്രയേല്‍ കാടത്തത്തെ അപലപിച്ചും ബാങ്ക്‌സ് വരച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പ്രസിദ്ധമായിത്തീര്‍ന്നു. തുടര്‍ന്ന് ബാങ്ക്‌സിന് സമാനമായി മതിലില്‍ ഫലസ്തീനിലെ പ്രമുഖ ചിത്രകാരന്മാരുടെ ചിത്രങ്ങളും സ്ഥാനം പിടിച്ചു. ഫലസ്തീന്‍ സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെയും ചിത്രങ്ങള്‍ ഏറ വൈകാതെ മതിലില്‍ അനാവരണം ചെയ്യപ്പെട്ടു.
ബാങ്ക്‌സ് വരച്ച പല ചിത്രങ്ങളും ഇന്നും മറ്റു ചിത്രകാരന്മാര്‍ക്ക് പ്രചോദനമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. ബ്ലാക്ക് ഹ്യൂമര്‍, ഫ്‌ളവര്‍ ത്രോവര്‍ എന്നീ ചിത്രങ്ങളില്‍ അവയിലേറെ പ്രശസ്തമായവയാണ്. ഫലസ്തീനീ പെണ്‍കുട്ടി ഇസ്രയേല്‍ സൈനികനെ ദേഹം തടവി പരിശോധിക്കുന്ന ചിത്രമാണ് ചിത്രത്തില്‍. എന്നാല്‍ ബ്രിട്ടീഷ് ചിത്രകാരന്മാരുടെ ബ്ലാക്ക് ഹ്യൂമര്‍ ചിത്രങ്ങള്‍ പലതും പ്രതിഷേധത്തെത്തുടര്‍ന്ന് മതിലില്‍ നിന്ന് മായ്ച്ച് കളയുകയാണുണ്ടായത്.
ബാങ്ക്‌സിന്റെ എസ്‌കേപ്പ് ബൈ എസ്‌കലേറ്റ്ര്‍ എന്ന ചിത്രമാണിത്. 2007 ല്‍ അധിനിവിശ്ട ജനതയുടെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് കൊണ്ട് ബെത്‌ലഹേമില്‍ വെച്ച് ലോകത്തെ പ്രമുഖ തെരുവ് ചിത്രകാരന്മാരുടെ ഒരു സംഗമം ബാങ്ക്‌സ് സംഘടിപ്പിക്കുകയുണ്ടായി. പരിപാടിക്ക് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ലഭിച്ചത്. മാര്‍ക് ജെംങ്കിന്‍സ്, സാം 3, റോണ്‍ ഇംഗ്ലീഷ്, എയ്ര്‍കാലികൈന്‍, സ്‌വൂണ്‍ തുടങ്ങി പ്രമുഖ ചിത്രകാരന്മാരും സംഗമത്തില്‍ ഒത്തു ചേര്‍ന്നു. ഇറ്റാലിയന്‍ ഗ്രാഫിറ്റി കലാകാരനായ ബ്ലു അയ്ദയിലെ യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പിന് സമീപം വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
വിമാന റാഞ്ചികളും ക്രിസ്മസ് ട്രീയും. മതിലിന്റെ ഈ ഭാഗത്തുള്ളത് പിഎഫ് എല്‍ പി വിമാന റാഞ്ചിയെന്നറിയപ്പെടുന്ന ലൈല ഖാലിദിയുടെ ചിത്രമാണ്. അടുത്തായി മതിലില്‍ തീര്‍ത്ത ഒരു ക്രിസ്മസ് ട്രീയുമാണുള്ളത്. ഇറ്റാലിയന്‍ ചിത്രകാരനായ ബ്ലൂവിന്റേതാണ് ചിത്രം. ഫലസ്തീന്‍ വനിതാ പോരാളികളെയാണ് ആദ്യ ചിത്രം പ്രതിനിധാനം ചെയ്യുന്നതെങ്കില്‍ ബെത്‌ലഹേമിനോട് ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ചിത്രം. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളെയും തമ്മിലുള്ള ബന്ധമെന്താണെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
യുദ്ധ വിരുദ്ധ മുദ്രാവാക്യം ഫലസ്തീന്‍ സ്റ്റൈല്‍: സ്‌നേഹമാണ് നമുക്കാവശ്യം യുദ്ധമല്ല' എന്ന 1960കളിലെ വിയറ്റ്‌നാം യുദ്ധ വിരുദ്ധ മുദ്രാവാക്യത്തിന്റെ ചിത്രീകരണമാണ് മതിലിന്റെ ഈ ഭാഗത്ത് കോറിയിട്ടിരിക്കുന്നത്. ഇസ്രയേലിന്റെ കാടത്തത്തിന് പരസ്യമായി പിന്തുണ നല്‍കുന്ന അമേരിക്കയുടെ യുദ്ധവെറിക്കെതിരെയുള്ള ഈ പ്രതിഷേധ ചിത്രം വരച്ചത് ഒരു അജ്ഞാത ഫലസ്തീനി ചിത്രകാരനാണ്.
വിലപിക്കുന്ന സ്വാതന്ത്ര്യ പ്രതിമയും ഹന്‍ളലയും: 1969ല്‍ നജി അല്‍ അലി നിര്‍മ്മിച്ച ലോക പ്രശസ്ത ചിത്രമാണ് ഹന്‍ളല എന്ന അഭയാര്‍ത്ഥി ബാലന്‍. കാഴ്ച്ചക്കാരോട് എന്നും പുറം തിരിഞ്ഞ് കീഴടങ്ങാന്‍ മനസ്സില്ലാതെ കൈമടക്കി നില്‍ക്കുന്ന ഹന്‍ളല ഫലസ്തീനി ചെറുത്ത് നില്‍പ്പിന്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലെ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി ഹന്‍ളലയെ മടിയിലിരുത്തി വിലപിക്കുന്ന ഈ ചിത്രം ഒരു ഫലസ്തീനീ ചിത്രകാരന്റേതാണ്.
ക്രിസ്മസ് ടൂറിസംV\S ആര്‍ട്ട് ടൂറിസം: കനത്ത സുരക്ഷാ ഭീഷണിയുണ്ടെങ്കിലും ക്രിസ്മസ് സീസണില്‍ ഇവിടേക്ക് ടൂറിസ്റ്റുകളുടെ കൂലംകൂത്തിയുള്ള ഒഴുക്കാണ്. ഏത് സമയത്തും ജീവന്‍ പോലും നഷ്ടപ്പെടാവുന്ന സാഹചര്യമുണ്ടായിരുന്നിട്ടും ഇവിടേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് യേശുവിന്റെ ജന്മഗേഹമാണ് ഇവിടം എന്നുള്ളത് കൊണ്ടാണ്. ഇവിടെയെത്തുന്ന അസംഖ്യം ടൂറിസ്റ്റുകളില്‍ പലര്‍ക്കും മതിലും അതിലെ രാഷ്ട്രീയ പ്രാധാന്യമുള്ള ചിത്രങ്ങളും വലിയ കൗതുകമാണ്.
ന്യൂയോര്‍ക്കിലെ ഇരട്ട സഹോദരങ്ങളായ ഹോ, നോസം എന്നിവരുടേതാണ് ഈ ചിത്രം. കറുപ്പ്, വെളുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളുപയോഗിച്ച് അതി മനോഹരമായി ചിത്രങ്ങള്‍ വരക്കുന്ന ഇവര്‍ 2013ലാണ് മതിലിനെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെയെത്തി ചിത്രം വരച്ചത്. ഇസ്രയേല്‍ സൈനികരുടെ ഭീഷണികളെ തരണം ചെയ്താണ് ഇവര്‍ ചിത്രം പൂര്‍ത്തീകരിച്ചത്. ദാവീദിന്റെ നക്ഷത്രങ്ങളോടൊപ്പം ഒരു താക്കോലിന്റെ പ്രതീകാത്മക ചിത്രമാണിത്. ചിത്രം വര പൂര്‍ത്തീകരിച്ച അതേ ദിവസം തന്നെ ഇസ്രയേല്‍ സൈനികര്‍ മതിലില്‍ ഇസ്രയേലനുകൂല മുദ്രവാക്യങ്ങളും വരച്ചിട്ടത് ഈ ചിത്രത്തോടുള്ള അവരുടെ വെറുപ്പിനെ അടയാളപ്പെടുത്തുന്നുണ്ട്.
''ഇവിടെ വന്ന് ചില ചിത്രങ്ങള്‍ കോറിയിടുന്നത്. കൊണ്ട് മാത്രം വലിയ പ്രയോജനമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ചിത്രങ്ങളോടൊപ്പം അല്‍പം ചില സന്ദേശങ്ങള്‍ കൂടി ഇവിടെ കൈമാറുന്നുണ്ട്. ദൈവം നിങ്ങള്‍ക്ക് ചിത്രകലയില്‍ പ്രാവീണ്യം നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഇവിടെ വന്ന് അവ പ്രദര്‍ശിപ്പിക്കാന്‍ മടിച്ച് നില്‍ക്കരുത്'''. ഈ ചിത്രത്തിലൂടെ ഇത് പറയുന്നത് ഹോയും നോസമുമാണ്.
ബര്‍ലിന്‍-ബെത്‌ലഹേം എന്ന് കുറിച്ചിട്ടിരിക്കുന്ന ചിത്രങ്ങളിലൊന്നാണിവ. കിഴക്കന്‍ ജര്‍മനിയില്‍ നിന്ന് പശ്ചിമ ജര്‍മനിയിലേക്കുള്ള കുടിയേറ്റം തടയാന്‍ നിര്‍മ്മിച്ച ബര്‍ലിന്‍ മതിലാണിവിടെ ജറൂസലേം മതിലിനോട് ഉപമിക്കുന്നത്. നെതന്യാഹൂ ഈ മതില്‍ നശിപ്പിച്ച് കളയുക എന്ന ഒരു ആജ്ഞയും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ ബര്‍ലിന്‍ മതില്‍ തകര്‍ത്തത് പോലെ ഇവിടെയും അതിന് അരങ്ങൊരുങ്ങുക തന്നെ ചെയ്യുമെന്ന ശുഭപ്രതീക്ഷയാണ് അവരെ ഇതെഴുതാന്‍ പ്രേരിപ്പിച്ച ഘടകം.ബര്‍ലിന്‍ മതിലും അതിന് മുന്‍പുള്ള രണ്ടാം ലോക മഹായുദ്ധവും ഹോളോകോസ്റ്റുമെല്ലാം ഇസ്രയേല്യര്‍ക്ക് നല്ലൊരു അനുഭമായിരുന്നില്ലെന്നത് ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
മതിലില്‍ നിന്ന് വരുമാനമുണ്ടാക്കുന്ന ചിന്തയുദിച്ചത് യാമെന്‍ എബാദി എന്ന ഈ ഫലസ്തീന്‍ യുവാവിനാണ്. ബാങ്ക്‌സീസ് ഷോപ്പ് എന്ന പേരിട്ടിരിക്കുന്ന ഈ കടയില്‍ ബാങ്ക്‌സി വരച്ച ഒട്ടുമിക്ക ചിത്രങ്ങളും ലഭ്യമാണ്. ബാങ്ക്‌സിക്ക് പുറമെ മറ്റു പ്രശസ്ത ചിത്രകാരന്മാരുടെയും പ്രമുഖ ചിത്രങ്ങള്‍ ഇവര്‍ വിപണിയിലിറക്കിക്കഴിഞ്ഞു. മതിലില്‍ തങ്ങളുടെ ചിത്രങ്ങളെയും അനശ്വരമാക്കാന്‍ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍ക്കായി ആവശ്യ സാമഗ്രികള്‍കൂടി ഇവിടെ ലഭ്യമാക്കുന്നുണ്ട്.
ജെറൂസലേമിനും റാമല്ലക്കും ഇടയിലുള്ള ഖലന്ദിയ ചെക്ക്‌പോയന്റിന്റെ ഭാഗത്തുള്ള മതിലാണ് ചിത്രിത്തിലുള്ളത്. ഫലസ്തീന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന രണ്ട് പ്രമുഖ നേതാക്കളുടെ ചിത്രങ്ങളാണ് മതിലിന്റെ ഈ ഭാഗത്തെ വര്‍ണമയമാക്കിയിരിക്കുന്നത്. ഇടത്ത് ഫലസ്തീന്‍ പ്രസിഡന്റായിരുന്ന യാസര്‍ അറഫാത്തിന്റെ ചിത്രമാണെങ്കില്‍ ഇടത് ഭാഗത്തുള്ളത് ഫതഹ് രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്ന മര്‍വാന്‍ ബാര്‍ഗോട്ടിയുടേതാണ്. ഇസ്രയേല്‍ കോടതി ജീവപര്യന്തം തടവ് വിധിച്ച ഇദ്ദേഹം 2002 മുതല്‍ ഇസ്രയേല്‍ ജയിലിലാണ്.
കടപ്പാട്: http://en.qantara.de/
.......... ........................... ............................... ................................. ....................................
Leave A Comment