പുണ്യ നബിയോടൊപ്പം റമദാനിലെ ഒരു ദിനം
  ഹിജ്റ രണ്ടാം വർഷമാണ് റമദാൻ നോമ്പ് നിർബന്ധമാവുന്നത്. അതനുസരിച്ച് ജീവിതത്തിൽ ഒമ്പത് വർഷമാണ് നബി തങ്ങൾക്ക് നോമ്പനുഷ്ഠിക്കാൻ അവസരമുണ്ടായത്. മറ്റു 11 മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി റമദാനിൽ പ്രത്യേകമായ ആരാധനാ കർമങ്ങളും ദിക്റുകളും നബി തങ്ങൾ പതിവാക്കിയിരുന്നു. മുഹമ്മദ് നബി (സ)യുടെ ഒരു റമദാന്‍ ദിവസം എങ്ങനെയാണ് കഴിച്ചുകൂട്ടിയത്.  അവ മനസ്സിലാക്കാൻ ശ്രമിക്കുന്നതും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നതും നമ്മുടെ റമദാൻ ദിനങ്ങളെ ജീവസുറ്റതാക്കാൻ ഏറെ സഹായിക്കും. 

അത്താഴവും പ്രഭാതവും

റമദാനിലെ നബിതങ്ങളുടെ ഒരു റമദാന്‍ ദിനം ആരംഭിക്കുന്നത്  അത്താഴം മുതലാണ്. നബി സ സുബഹി ബാങ്കിന് അല്പം മുമ്പാണ് അത്താഴം കഴിക്കാറുണ്ടായിരുന്നത്. നബിയുടെ അത്താഴത്തിന്റെയും സുബ്ഹി ബാങ്കിന്റെയും ഇടയിൽ വെറും 50 ഖുർആൻ ആയത്തുകളുടെ ദൈർഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഹദീസുകൾ വ്യക്തമാക്കുന്നത്.  

അത്താഴം കഴിക്കൽ റമദാനിലെ പ്രധാന സുന്നത്തുകളിൽ ഒന്നുതന്നെയാണ്. നബി സ പറയുന്നു, “നിങ്ങള്‍ അത്താഴം കഴിക്കുക. കാരണം അത്താഴത്തില്‍ ബറകത്ത് ഉണ്ട്’(ബുഖാരി, മുസ്‌ലിം).  ചിലപ്പോള്‍ വീട്ടുകാരോടോപ്പവും ചില സമയങ്ങളില്‍ അനുചരടോപ്പവും നബി (സ) അത്താഴം കഴിച്ചിരുന്നു. ഇർബാദു ബിന്‍ സാരിയ (റ) പറയുന്നു: നബി (സ) എന്നെ റമദാനില്‍ അത്താഴത്തിനായി ക്ഷണിച്ചു. അപ്പോള്‍ പറഞ്ഞു: ബറകത്താക്കപ്പെട്ട ഈ ഭക്ഷണത്തിലേക്ക്‌ വരൂ. (അബൂദാവൂദ്‌, നസാഇ).

അബ്ദുല്ലാഹ് ബിന്‍ അല്‍-ഹാരിഥ് പറയുന്നു. സഹാബാക്കളില്‍ ഒരാള്‍ നബി (സ) അത്താഴം കഴിച്ചുകൊണ്ടിരിക്കെ നബിയുടെ അടുത്തേക്ക്‌ ചെന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ബറകത്താണത്. അത്കൊണ്ട് നിങ്ങള്‍ അത് ഉപേക്ഷിക്കരുത്. (നസാഇ). അധിക അത്താഴ ഭക്ഷണവും വെള്ളവും ഈത്തപ്പഴവും ആയിരുന്നു. 

അത്താഴം കഴിച്ചതിന് ശേഷം സുബ്ഹ് ബാങ്ക് വരെ നബി വീട്ടിൽ തന്നെ കാത്തിരിക്കും. ബാങ്കിന് ശേഷം വീട്ടിൽ വച്ച് തന്നെ രണ്ട് റക്അത്ത് നമസ്കാരം ലഘുവായ രീതിയിൽ നിർവഹിക്കും. ഇഖാമത്തിന്റെ സമയമാകുമ്പോഴേക്കും പള്ളിയിലേക്ക് നീങ്ങുകയും പള്ളിയിൽ വെച്ച് ജനങ്ങൾക്ക് ഇമാമായി സുബ്ഹ് നിസ്കരിക്കുകയും ചെയ്യും. സുബ്ഹ് നിസ്കരിച്ചതിന് ശേഷം സൂര്യോദയം വരെ തൽസ്ഥലത്ത് അല്ലാഹുവിന്റെ ദിക്റുകളിലായി മുഴുകും. സൂര്യോദയത്തിനു 20 മിനിറ്റിന് ശേഷം ദുഹാ നിസ്കാരം നിർവഹിക്കും. ഇപ്രകാരം സുബ്ഹ് നിസ്കരിച്ച് സൂര്യോദയം വരെ ദിക്റുകളിലായി മുഴുകുകയും  ശേഷം ദുഹാ നമസ്കാരം നിർവഹിക്കുകയും ചെയ്യുന്നവർക്ക് സമ്പൂർണമായ ഒരു ഹജ് അല്ലെങ്കില്‍ ഉംറ ചെയ്ത പ്രതിഫലം ലഭിക്കുമെന്നും നബി സ പഠിപ്പിച്ചിട്ടുണ്ട്. (തിര്‍മിദി)

പകല്‍ സമയവും ഇഫ്താറും

ഫർള് നമസ്കാരങ്ങൾക്കായി നബി തങ്ങൾ വീട്ടിൽ നിന്ന് പള്ളിയിലേക്ക് വരികയും ജനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും. വീട്ടിലാവുന്ന സന്ദർഭങ്ങളിലെല്ലാം ഭാര്യമാരെ സഹായിക്കുന്ന സമീപനമാണ് പ്രവാചകൻ സ്വീകരിച്ചിരുന്നത്. ആഇശ (റ) നബി തങ്ങളുടെ വീട്ടിലെ ജീവിത രീതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്‍റെ കുടുംബത്തെ സഹായിക്കുകയും സമയമായാല്‍ പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യും എന്നു പറഞ്ഞു. ആടിനെ കറക്കുക്ക, വസ്ത്രം നന്നാക്കുക്ക തുടങ്ങിയ കാര്യങ്ങളൊക്കെ പ്രവചകന്‍ (സ) സ്വന്തമായി ചെയ്തിരുന്നതായി മറ്റു റിപ്പോര്‍ട്ടുകളില്‍ കാണാം.

മഗ്‌രിബിന്റെ തൊട്ട് മുമ്പത്തെ സമയം ദിക്റുകളിൽ മുഴുകുകയും മഗ്‌രിബ് സമയമായാൽ പ്രിയ പത്നിമാരിലൊരാളുടെ വീട്ടിൽ വെച്ച് നോമ്പ് മുറിക്കുകയും ചെയ്യും. ഈത്തപ്പഴമാണ് നോമ്പ് തുറക്കാൻ നബി ഉപയോഗിച്ചിരുന്നത്. ഈത്തപ്പഴം ഇല്ലെങ്കിൽ കാരക്കയും അതില്ലെങ്കിൽ സാധാരണ വെള്ളവുമായിരുന്നു നബിയുടെ നോമ്പ് തുറ വിഭവം. നോമ്പ് തുറക്കാന്‍ സമയമായാല്‍ വൈകിക്കരുതെന്ന് നബി (സ) പ്രത്യേകം ഉപദേശിക്കാറുണ്ടായിരുന്നു. 

ശേഷം പള്ളിയിൽ പോയി മഗ്‌രിബ് നമസ്കരിച്ച് തിരിച്ചു വരികയും സുന്നത്ത് നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കുകയും ചെയ്യും. 

റമദാനിലെ പ്രവാചക രാത്രി

ഇശാ സമയമായാൽ വീട്ടിൽ നിന്ന് സുന്നത്ത് നിസ്കരിച്ച് പള്ളിയിൽ പോയി ഇശാ  ജമാഅത്തിന് നേതൃത്വം നൽകും. മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു നബി (സ) സ്വഹാബികൾക്കൊപ്പം മസ്ജിദുന്നബവിയിൽ തറാവീഹ് നിസ്കാരം നിർവഹിച്ചിരുന്നത്. ആളുകൾ വർധിച്ചതോടെ അത് ഉമ്മതിന്റെ മേൽ നിർബന്ധമാക്കപ്പെടുമോ  എന്ന് നബി ഭയന്നു. അങ്ങനെ സംഭവിച്ചാൽ അതവർക്ക് പ്രയാസമായിത്തുരുമെന്നും നബി സ ശങ്കിച്ചു. ഇതേതുടർന്ന് പള്ളിയിൽ തറാവീഹ് ജമാഅത്തായി നിസ്കരിക്കുന്നത് നബി (സ) ഒഴിവാക്കുകയും അവ വീട്ടിൽ വെച്ച് നിർവ്വഹിക്കുകയും ചെയ്തു. 

വീട്ടിൽ വളരെ ദീർഘ സമയം നബി (സ) നിസ്കാരത്തിൽ മുഴുകുമായിരുന്നുവെന്ന് ഹദീസുകളിൽ കാണാൻ സാധിക്കുന്നതാണ്. വിത്റിന് മുമ്പായി അൽപം ഉറങ്ങുമായിരുന്ന നബി അതിന് ശേഷം എഴുന്നേറ്റ് വിത്റ് നിസ്കരിക്കുകയും ചെയ്യും. വിത്ർ നിസ്കാരത്തെ രാത്രി നമസ്കാരങ്ങളിൽ അവസാനത്തേതാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു ഈ ഒരു നടപടി. 

ചില ദിവസങ്ങളിൽ ഭാര്യമാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അതിനുശേഷം സുബ്ഹ് വരെ കിടക്കുകയും ശേഷം എഴുന്നേറ്റ് കുളിച്ച് പള്ളിയിലേക്ക് പോകുകയും ചെയ്യും. 

ഖുര്‍ആനും സദഖയും

റമദാനിൽ പരിശുദ്ധ ഖുർആനുമായി നബി (സ) കൂടുതൽ സമയം ചെലവഴിക്കും. അത് വരെ അവതീർണ്ണമായ വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ മുഴുവനായി റമദാനിൽ ജിബ്രീലിനൊപ്പം നബി(സ) ഓതാറുണ്ടായിരുന്നു. നബി സ വഫാത്തായ വർഷം രണ്ടുതവണ ആയിരുന്നു ഇങ്ങനെ ചെയ്തിരുന്നതായി അത് തന്റെ വഫാത്തിന്റെ സൂചനയാണെനന്മ തന്റെ മകൾ ഫാത്വിമയോട് നബി (സ) പറഞ്ഞിരുന്നു. (ബുഖാരി, മുസ്ലിം).  

ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്ന ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്ത ഹദീസിൽ പറയുന്നത് റമദാനിലെ ഓരോ രാത്രിയിലും ജിബ്രീൽ തിരുനബി (സ) അടുത്ത് വരികയും ഖുർആൻ പരസ്പരം ഓതികേൾപ്പിക്കാറുമുണ്ടായിരുന്നു. 

പൊതുവേ ഉദാരശീലനായ നബി (സ) റമദാനിൽ ജിബ്രീൽ വരുന്ന അവസരങ്ങളിൽ അങ്ങേയറ്റം ഉദാരശീലനായിരുന്നുവെന്നു പ്രസ്തുത ഹദീസ് സൂചിപ്പിക്കുന്നു. അടിച്ചുവീശുന്ന കാറ്റിന് സമാനമാ വളരെ വേഗത്തിലും എല്ലാവരിലേക്ക് എത്തുന്നതായിരുന്നു നബിയുടെ റമദാനിലെ ഉദാരതയെന്ന് ഇബ്നു അബ്ബാസ് (റ) ചൂണ്ടിക്കാണിക്കുന്നത്. 

അവസാന പത്ത്

റമദാനിലെ നബിയുടെ മറ്റൊരു പതിവ് അവസാന പത്ത് ദിനങ്ങളിൽ ഇബാദത്തുകളിൽ കൂടുതൽ വ്യാപൃതനാവുകയെന്നതാണ്. ഈ ദിനങ്ങൾ പൂർണമായും ഇഅതികാഫ് ഇരിക്കുകയും കൂടുതൽ നമസ്കാരങ്ങൾ നിർവഹിക്കുകയും ചെയ്യും. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന അവസാന പത്തിനെ പ്രത്യേക ദിക്റുകൾ കൊണ്ടും ദുആകൾ കൊണ്ടും നബി ധന്യമാക്കുമായിരുന്നു. 

ആദ്യ ഇരുപതിൽ നിസ്കാരത്തിനും നോമ്പിന്നുമൊപ്പം ഉറക്കത്തിനു നബി (സ) സമയം കണ്ടെത്തിയൂരുന്നെങ്കിൽ അവസാന പത്തില് നബി പൂർണമായി ഇബാദത്തിനു വേദി കച്ചകെട്ടി ഇറങ്ങുമായിരുന്നുവെന്ന് ആഇശ (റ) ഉദ്ധരിക്കുന്നു. (അഹ്മദ്)

ഈ ദിനങ്ങളിൽ കുടുംബാംഗങ്ങളെ വിളിച്ചുണർത്തുകയും നിസ്കരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. അവസാന പത്തില് നിസ്കരിക്കാൻ കഴിയുന്ന എല്ലാ ചെറിയവരെയും വലിയവരെയും നബി (സ) വിളിച്ചുണർത്താറുണ്ടായിരുന്നുവെന്ന് അലി (റ) റിപ്പോർട്ട് ചെയ്യുന്നു. തന്റെ പ്രിയ മകൾ  ഫാത്വിമയെയും ഭർത്താവ് അലി (റ) രാത്രി നിസ്കാരത്തിനായി വിളിച്ചുണർത്തുന്ന പുണ്യനബിയുടെ പതിവും ഇവിടെ ചേർത്ത് വായിക്കാം. 

എല്ലാ റമദാനിലും അവസാന പത്തിൽ നബി (സ) പള്ളിയില് ഇഅതികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി (സ) വഫാത്തായ വർഷം 20 ദിവസം നബി (സ) ഇഅതികാഫ് ഇരുന്നു.(ബുഖാരി)

ചരിത്ര സംഭവങ്ങള്‍

നബിയുടെ റമദാൻ ആലസ്യത്തിന്റെയോ മടിയുടേതോ ആയിരുന്നില്ല. ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന ഏടുകളായി രേഖപ്പെടുത്തപ്പെട്ട ബദ്ർ വിജയം, മക്കാ വിജയം എന്നിവ സംഭവിച്ചത് റമദാനിൽ തന്നെയായിരുന്നു. നോമ്പ് നിർബന്ധമാക്കപ്പെട്ട ഹിജ്റ രണ്ടാം വർഷത്തിലെ റമദാനിൽ തന്നെയാണ് ബദ്ർ യുദ്ധം നടന്നത്.  ഹിജ്റ എട്ടാം വര്ഷം റമദാനിലാണ് മക്കാവിജയത്തിലേക്ക് നയിച്ച സമാധാനപ്പൂർണ്ണമായ സൈനിക നീക്കം നടന്നത്. ഇതിന് പുറമെ നബി പങ്കെടുക്കാത്ത നിരവധി ചെറു സംഘട്ടനങ്ങളും മറ്റു ഗൗരവപരമായ പ്രബോധന പ്രവർത്തനങ്ങളും റമദാനിൽ നടന്നിട്ടുണ്ട്. 

നബി സൈനബ് ബിൻത് ഖുസൈമ ബീവിയെ വിവാഹം ചെയ്യുന്നത് ഹിജ്റ മൂന്നാം വർഷം റമദാൻ മാസത്തിലാണ്. അലി (റ) ഫാത്തിമ ബീവിയെ വിവാഹം ചെയ്തതും റമദാനിലാണെന്ന് ഇമാം ഖുർതുബി രേഖപ്പെടുത്തുന്നു. 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter