റമദാന്‍ വിടപറയുമ്പോള്‍, റീത്വ ബിന്‍ത് സഅ്ദ് നമ്മെ ഓര്‍മ്മിപ്പിക്കേണ്ടത്..
മക്കയില്‍ ഒരു സ്ത്രീയുണ്ടായിരുന്നു; റീത്വ ബിന്‍ത് സഅദ് എന്നായിരുന്നു ആ സ്ത്രീയുടെ പേര്. രാവിലെ മുതല്‍ അവര്‍ നൂല്‍ നൂല്‍ക്കും. നല്ല ശക്തിയും ഉറപ്പുമുള്ള രീതിയിലായിരുന്നു അവര്‍ നൂല്‍ നൂറ്റിരുന്നത്. എന്നാല്‍ വൈകുന്നേരമായാല്‍ ഓരോ ഇഴകളായി അവര്‍ അത്അഴിച്ചു കളയുകയും ചെയ്യും. ചെയ്തതു മുഴുവന്‍ നിമിഷനേരം കൊണ്ട് ഉടച്ചുകളയുമെന്നര്‍ത്ഥം. നമ്മുടെ നാറാണത്ത് ഭ്രാന്തന്റെ ഒരു വകഭേദം.
ആ സ്ത്രീകഥാപാത്രത്തെ സൂചിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു:“വളരെ ബലത്തില്‍ നൂല്‍ നൂറ്റശേഷം സ്വയം പല ഇഴകളായി അഴിച്ചുകളഞ്ഞ സ്ത്രീയെപോലെ നിങ്ങളാവരുത്”* (അന്നഹ്ല്‍ – 92)
വിശ്വാസിയുടെ മനസ്സില്‍ സന്തോഷത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു കടന്നുവന്ന റമദാന്‍ കടന്നുപോവുന്ന ഈ വേളയില്‍ ഈ ചരിത്രകഥക്ക് ഏറെ പ്രസക്തിയുണ്ട്.
എത്ര സന്തോഷത്തോടെയാണ്നാം റമദാനെ എതിരേറ്റത്. നമ്മുടെ മനസ്സും ശരീരവും ശുദ്ധമാക്കി റമദാനിലൂടെ നാം സഞ്ചരിച്ചിച്ചു. നിസ്കാരങ്ങള്‍ കൃത്യസമയത്ത് ജമാഅതതായി നിസ്കരിച്ചു. ഖുര്‍ആന്‍ ഓതി. സകാത്തും സദഖയും നല്‍കി. അല്ലാഹുവിനോട് കൂടുതല്‍ അടുത്തു. മറ്റുള്ളവനെക്കുറിച്ച് ഇഷ്ടമില്ലാത്തതും ഇല്ലാത്തതും പറയുന്നത് നിറുത്തി. ഒരു മാസംകൊണ്ട് ജീവിതത്തിന്റെ നിഖില മേഖലകളിലും മാറ്റം വരുത്തി.
Also Read:റമദാന്‍ വിട പറയുമ്പോള്‍
ശവ്വാല്‍ പിറ കാണുന്നതോടെ നാം ഈദ് ആഘോഷത്തിലേക്ക് നീങ്ങാനിരിക്കുകയാണ്. സകാത്ത് അല്‍-ഫിത്വര്‍ നല്‍കി പെരുന്നാള്‍ നിസ്കാരം കൂടി കഴിയുന്നതോടെ നാം ഇതുവരെ നേടിയെടുത്ത ഈ മതകീയ ഊര്‍ജ്ജം ഇനി ഊര്‍ന്നൊലിക്കാന്‍ തുടങ്ങും. അടുത്ത ഒരു വര്‍ഷത്തേക്കായി സംഭരിച്ച ഈ ദൈവിക ഊര്‍ജ്ജം നാം നിലനിറുത്താന്‍ നമുക്ക് സാധിക്കാറുണ്ടോ.
ലക്‌ഷ്യം നേടിയോ?
നോമ്പിന്റെ ലക്ഷ്യമായി ഖുര്‍ആന്‍ പറഞ്ഞത് തഖ്‌വ അല്ലെങ്കില്‍ ദൈവിക ഭക്തിയാണ്. അത് നാം നേടിയോയെന്നാണ് ഈ വിടപറച്ചിലിന്‍റെ വേളയില്‍ നാം വിലയിരുത്തേണ്ടത്, അല്ലാഹു കല്പിച്ചത് അനുസരിക്കാനും നിരോധിച്ചത് തിരസ്കരിക്കാനുമുള്ള ആര്‍ജവമാണ് തഖ്‌വ. റമദാനിലെ ഒരു മാസം നീണ്ട പരിശീലന കളരിയിലൂടെ അത് നമുക്ക് നേടാനായിട്ടില്ലെങ്കില്‍ നമുക്ക് എവിടെയോ പിഴച്ചിട്ടുണ്ടെന്നു വ്യക്തം. നമ്മുടെ തഖ്‌വയുടെ ഗ്രാഫ് ഉയര്‍ന്നോ താഴ്ന്നോയെന്നു നാം സ്വയം പരിശോധിക്കേണ്ട വേളയാണിത്. അപ്പോഴേ കേവലം ഒരു ആചാരത്തിനപ്പുറം നമ്മുടെ വ്യക്തിജീവിതത്തില്‍ റമദാന്‍ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാക്കാനാവൂ.
അമലുകള്‍ സ്വീകരിക്കപ്പെട്ടോ?
എത്ര അമലുകള്‍ ചെയ്തുവെന്നതിനേക്കാള്‍ പ്രധാനമാണ് എത്ര സ്വീകരിക്കപ്പെട്ടു എന്നത്. ശര്ത്വുകളും ഫര്‍ദുകളും പാലിച്ചുകൊണ്ട് നാം ഒരു സത്കര്‍മമം ചെയ്‌താല്‍ അത് സഹീഹാകും അല്ലെങ്കില്‍ സാധുവാകും അതായത് അത് ചെയ്യാത്തത്തിന്റെ പേരില്‍ നാം ശിക്ഷിക്കപ്പെടുകയില്ല. എന്നാല്‍ അത് സ്വീകരിക്കപ്പെട്ടാല്‍ മാത്രമേ അല്ലാഹുവിന്റെ അടുക്കല്‍ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളൂ. ഖുര്‍ആന്‍ പറഞ്ഞത് ദൈവഭക്തിയുള്ളവരില്‍ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂയെന്നാണ്. അലി(റ) പറഞ്ഞു. “നിങ്ങള്‍ അമലുകളേക്കാള്‍ അമലുകള്‍ സ്വീകരിക്കപ്പെടുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക. ദൈവഭക്തിയുള്ളവരില്‍ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂവെന്നു അല്ലാഹു പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടില്ലേ”
അത്കൊണ്ടു തന്നെ നമ്മുടെ മുന്‍ഗാമികള്‍ ഓരോ പ്രവര്‍ത്തനം കഴിയും തോറും അവര്‍ തങ്ങളുടെ അമലുകള്‍ സ്വീകരിക്കപെട്ടോയെന്ന കാര്യത്തില്‍ വളരെ വ്യാകുലരായിരുന്നു. ഒരോ റമദാന് ശേഷവും ആറുമാസം കഴിഞ്ഞ റമദാനിലെ അമലുകള്‍ സ്വീകരിക്കപ്പെടാനും ശേഷം ആറുമാസം അടുത്ത റമദാന്‍ ലഭ്യമാവാന്‍ വേണ്ടിയും അവര്‍ പ്രാര്‍ഥിക്കുമായിരുന്നുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ഒരു സത്കര്‍മ്മത്തിനു ശേഷം വീണ്ടും ഒരാള്‍ മറ്റു സത്കര്‍മ്മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അത് ആ അമല്‍ സ്വീകര്‍ക്കപെട്ടുവെന്നത്തിന്റെ തെളിവാണെന്നു പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ റമദാനു ശേഷം നാം തെരഞ്ഞെടുക്കുന്ന പാത നമ്മുടെ റമദാന്റെ സ്വീകാര്യതയെക്കുറിച്ച് സംസാരിക്കും.
(2019 ല്‍ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു)
Leave A Comment