മാപ്പു നല്‍കുന്ന പത്തു ദിനങ്ങള്‍

ramadan magfiraഅല്ലാഹു     പറയുന്നു: “പറയുക: സ്വന്തത്തോട്‌ അതിക്രമം ചെയ്ത എന്റെ ദാസരെ, അല്ലാഹുവിന്റെ കാരുണ്യത്തെത്തൊട്ട് നിങ്ങള്‍ ‍നിരാശരാവരുത്.  നിശ്ചയം സകല പാപങ്ങളും അല്ലാഹു പൊറുക്കും.  നിശ്ചയം അവന്‍ തന്നെയാണ് ഏറെ പൊറുക്കുന്നവനും ഏറെ കരുണ ചെയ്യുന്നവനും”. (സൂറ: സുമര്‍). പിശാചിന്റെ പ്രലോഭനങ്ങളിലകപ്പെട്ടു വഴി മാറി സഞ്ചരിക്കുന്ന തന്റെ അടിമകളെ അല്ലാഹു തിരിച്ചു വിളിക്കുകയാണ്‌; സ്നേഹപൂര്‍വ്വം.  പാപിയെന്നു മുദ്രകുത്തി മാറ്റിനിറുത്താതെ, സജ്ജനങ്ങളുടെ പൊതുധാരയില്‍‍ ഇഴകിച്ചേര്‍ന്നു നില്‍ക്കാന്‍‍ വീണ്ടും അവസരം നല്‍കുന്നു.  മനസ്സില്‍‍ ധാര്‍ഷ്ട്യത്തിന്റെ ദുര്‍മേദസ്സില്ലാത്തവര്‍ക്കെല്ലാം  മഗ്ഫിറത്തു (മാപ്പ്) നല്‍കാന്‍ അവന്നേറെ ഇഷ്ടമത്രെ.  പാപം ചെയ്‌താല്‍‍ പിടികൂടുന്ന അതോടൊപ്പം മാനസാന്തരപ്പെട്ടാല്‍‍ മാപ്പാക്കുന്നൊരു നാഥന്‍‍ തനിക്കുണ്ടെന്ന ബോധാമാണല്ലോ മാപ്പപേക്ഷിക്കുന്നതിന്റെ പിന്നിലെ പ്രേരകം. 

ആ ഉത്തമ ബോധമുള്ളവന്റെ ഉള്ളം ‘പറ്റിപ്പോയ്’ എന്ന് പിടയുമ്പോള്‍, എണ്ണവും വണ്ണവും നോക്കാതെ ദോഷങ്ങളഖിലവും അല്ലാഹു വിട്ടുകൊടുക്കുക തന്നെ ചെയ്യും.  അല്ലാഹു പറയുന്നതായി തിരുനബി (സ്വ) ഉദ്ധരിക്കുന്നു: "മനുഷ്യാ, ആകാശം മുട്ടെ നീ തെറ്റുകള്‍‍ ചെയ്തുകൂട്ടിയാലും, എന്നിട്ടെന്നോട് മാപ്പിരന്നാല്‍‍ അവയെല്ലാം നിനക്കു ഞാന്‍‍ പൊറുത്തു തരും.  ഞാന്‍‍ പ്രശ്നമാക്കില്ല" (തുര്‍മുദി).  എന്നാല്‍,  അത്യുധാരമായി പൊറുക്കുന്ന പടച്ചവന്‍ ‍പാപികള്‍‍ക്കായി പ്രഖ്യാപിക്കുന്ന പൊതുമാപ്പാണ് പുണ്യ റമസാന്‍.  വിശിഷ്യാ, പാപമോചനത്തിന്റെ ഈ പത്തു ദിനങ്ങള്‍.

"സര്‍വ്വലോക പരിപാലകനായ നാഥാ, എന്റെ പാപങ്ങളെല്ലാം നീ പൊറുത്തു തരേണമേ" എന്ന പ്രാര്‍ത്ഥനയാണ് ഈ പത്തു പകലിരവുകളില്‍ ‍പ്രത്യേകമായി നാം ഉള്ളുരുകി ചൊല്ലേണ്ടത്.  റമസാനെന്ന പദം തന്നെ സൂചിപ്പിക്കുന്ന പോലെ, ഉള്ളുരുകേണ്ട സമയമാണിത്.  ഉള്ളുരുക്കമാണ് ദോഷിക്ക് മുന്നിലുള്ള ഏക മാര്‍ഗ്ഗം.  ഇമാം ഗസ്സാലി (റ)  തന്റെ ഇഹ് യായില്‍‍ വിശദീകരിക്കുന്നത് കാണുക.  പാപക്കറയുമായി ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ ‍പ്രവേശിക്കാനാവില്ല.  ഒന്നുകില്‍‍ തെറ്റ്കുറ്റങ്ങളെല്ലാം നരകത്തിലിട്ടു കരിച്ചുകളയണം.  അതിനുശേഷമേ അതിലൊരിടം ലഭിക്കുകയുള്ളൂ.  അല്ലെങ്കില്‍‍ നീറുന്ന മനസ്സിലിട്ടു നേരത്തെ ഉരുക്കിയില്ലാതെയാക്കിയിരിക്കണം.  അല്ലാത്തപക്ഷം സോപാനം അപ്രാപ്യം തന്നെ.  ആ ഉരുക്കമാണ് പൂര്‍വ്വപിതാക്കളെ മഹനീയരാക്കിയത്.  പറ്റിപ്പോയ അബദ്ധങ്ങളില്‍ അവര്‍ വല്ലാതെ വേദനിച്ചിരുന്നു.  മരണശയ്യയില്‍ കിടക്കുന്ന അബ്ദുല്ലാഹ് ബിന്‍ മസ്ഊദി (റ) നെ സന്ദര്‍ശിക്കാന്‍, ഭരണാധികാരിയായ ഉസ്മാന്‍‍ ബിന്‍‍ അഫ്ഫാനി (റ) ന്റെ നേതൃത്ത്വത്തില്‍‍ എത്തിയ സ്വഹാബീ പ്രമുഖര്‍    പലതും ‍സംസാരിച്ച കൂട്ടത്തില്‍    ‍ഒരു ചോദ്യം ചോദിച്ചു.  “എന്താണ് അന്ത്യാഭിലാഷം?”  മറുപടി ഇങ്ങനെയായിരുന്നു: "അല്ലാഹു എന്റെ ഏതെങ്കിലും ഒരു പാപം പൊറുത്തു തന്നെങ്കില്‍!"  സ്വര്‍ഗ്ഗപ്രവേശം ഉറപ്പു ലഭിച്ച പത്തു പേരില്‍ ഒരാളായിരുന്നിട്ടു പോലും ആ മഹാനുഭാവന്‍ ഇത്രയേറെ നീറിയെന്നു പറഞ്ഞാല്‍ നമുക്കത് മനസ്സിലാവില്ല.  കാരണം, നന്മകളെല്ലാം പോരായ്മയും തിന്മാകളെല്ലാം പെരുമയുമായ തല തിരിഞ്ഞൊരു സാഹചര്യത്തില്‍ വിലസുകയാണ് നാം. ശരിയാണ്. 

മനുഷ്യന് തെറ്റ് പറ്റും.  മനുഷ്യനേ പറ്റൂ.  മൃഗങ്ങള്‍‍ തെറ്റ് ‍ചെയ്യാറില്ല; ശരി ‍ചെയ്യാത്ത പോലെത്തന്നെ.  തെറ്റും ശരിയും വിവേകമുള്ള മനുഷ്യന് മാത്രമേ ബാധകമാകുന്നുള്ളൂ എന്നര്‍ത്ഥം.  മാത്രമല്ല തെറ്റുകുറ്റങ്ങള്‍ അവന്റെ സഹചാരിയുമാണ്‌.  തുരുനബി (സ്വ) പറയുന്നു: "ആദമിന്റെ മക്കളെല്ലാം ഏറെ തെറ്റ് ചെയ്യുന്നവരാണ്.  എന്നാല്‍ പശ്ചാത്തപിക്കുന്നവരാണ് അവരില്‍ നല്ലവര്‍" (ഇബ്നു മാജ) ഇനിയുള്ള പത്തു ദിനങ്ങള്‍ മഗ്ഫിറത്തിന്റെതാണ്. 

ചെയ്തുപോയ ദോഷങ്ങളെല്ലാം കഴുകി വൃത്തിയാക്കാനുള്ള സുവര്‍ണ്ണാവസരം.  എല്ലാവരും നിദ്രയില്‍ ലയിക്കുന്ന പാതിരയാണ് അത്യുത്തമം.  ഭക്ത ജനങ്ങളെ പരാമര്‍ശിച്ചുകൊണ്ട്  അല്ലാഹു പറയുന്നു: "രാത്രിയില്‍ അവര്‍ അല്പമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. പാതിരാ യാമങ്ങളില്‍ മാപ്പിരക്കുന്നവരുമായിരുന്നു അവര്‍ (സൂറ: ദാരിയാത്).  ഈ അവസരം മുതലെടുക്കനാവട്ടെ നമ്മുടെ യത്നങ്ങളെല്ലാം.  ഒരു റമസാന്‍ കൂടി വീണുകിട്ടിയിട്ടും പാപമുക്തി ലഭിക്കാത്തവര്‍, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് അത്യന്തം അകലെയാണെന്നതില്‍ സംശയിക്കേണ്ടതില്ല.  കാരണം അങ്ങനെ പ്രാര്‍ഥിച്ചത് ജിബ് രീലും (അ) ആമീന്‍ പറഞ്ഞത് തിരുനബി (സ്വ) യുമാണ്.  കാക്കണേ റബ്ബേ...  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter