സമസ്തയുടെ ശ്രദ്ധേയമായ സമ്മേളനങ്ങള്‍
സമസ്തയുടെ ശ്രദ്ധേയമായ സമ്മേളനങ്ങള്‍
കേരളത്തിലെ ഇസ്‌ലാമിക പ്രബോധന ചരിത്രത്തില്‍ ശ്രദ്ധേയമായ സംഭവങ്ങളായിരുന്നു സമസ്തയുടെ വാര്‍ഷിക സമ്മേളനങ്ങള്‍. പൊതുസമ്മേളനങ്ങളും വാര്‍ഷിക സമ്മേളനങ്ങളും വ്യവസ്ഥാപിത രൂപത്തില്‍ സംഘടിപ്പിക്കപ്പെട്ടതിലൂടെ സമസ്തയുടെ ജനകീയത വര്‍ദ്ധിപ്പിക്കാനും. ബഹുഭൂരിപക്ഷം മുസ്‌ലിംകളെ യഥാര്‍ത്ഥ ഇസ്‌ലാമിക പാതയില്‍ തന്നെ നിലനിര്‍ത്താനും സാധിച്ചു. വഹാബിസം, ഖാദിയാനിസം, മൗദൂദിസം തുടങ്ങിയ പുത്തന്‍ പ്രസ്ഥാനങ്ങളുടെയും വ്യാജ ത്വരീഖത്തുകളുടെയും വേരുകള്‍ ഇവിടെ ആഴ്ന്നിറങ്ങാതെ പോയതില്‍ സമസ്തയുടെ ആദ്യകാല സമ്മേളനങ്ങള്‍ക്ക് അനല്‍പമായ പങ്കുണ്ട്.
സമസ്തയുടെ സമ്മേളനങ്ങള്‍ സമാരംഭം കുറിക്കപ്പെട്ടത് 1927 ഫെബ്രുവരി 7ന് താനൂരില്‍ വളരെ വിപുലമായി നടന്ന ഒന്നാം സമ്മേളനത്തോടെയാണ്. സംഘടനയുടെ സമുന്നത നേതാവും പ്രസ്ഥാനിക ചലനങ്ങളുടെ ചാലക ശക്തിയുമായിരുന്ന മൗലാന പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ല്യാരുടെ കര്‍മ്മ ഭൂമി താനൂരായതിനാലാണ് ഈ പണ്ഡിതസഭയുടെ പ്രഥമ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ താനൂരിന് സൗഭാഗ്യമുണ്ടായത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള താനൂര്‍ വലിയ കുളങ്ങര പള്ളിയിലെ ദര്‍സ് ഇസ്‌ലാഹുല്‍ ഉലൂം എന്ന പേരില്‍ ഉന്നത മതകലാലയമാക്കി ഉയര്‍ത്തി മൗലാന അതിന്റെ മാനേജരും പ്രിന്‍സിപ്പലുമായി പ്രവര്‍ത്തിക്കുന്ന കാലത്തായിരുന്നു പ്രസ്തുത സമ്മേളനം. വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്ത് സ്ഥാപകന്‍ മൗലാന അബ്ദുള്‍ വഹാബ് ഹസ്‌റത്തിന്റെ പുത്രനും ബാഖിയാത്ത് മാനേജരുമായിരുന്ന മൗലാന സിയാഊദ്ദീന്‍ ഹസ്‌റത്തായിരുന്നു സമസ്തയുടെ ഒന്നാം സമ്മേളനത്തിന്റെ സഭാധ്യക്ഷന്‍.
പ്രഥമ സമ്മേളനത്തിന് സാക്ഷിയായ വര്‍ഷം വിടപറയുന്ന ദിവസം (1927ഡിസംബര്‍ 31)മായിരുന്നു രണ്ടാം സമ്മേളനം നടന്നത്. നെല്ലായ പഞ്ചായത്തിലെ മോളൂരിലായിരുന്നു സമ്മേളന വേദി. ഖാന്‍ ബഹദൂര്‍ കല്ലടി മൊയ്തുട്ടി സാഹിബ് പ്രസിഡണ്ടായുള്ള ലിവാഉല്‍ ഇസ്‌ലാം സഭയുടെ കീഴില്‍ മിസ്ബാഹുല്‍ ഇസ്‌ലാം എന്ന പേരില്‍ ഉന്നത ദര്‍സ് നടന്നിരുന്ന സ്ഥലമായിരുന്നു മോളൂര്‍. സമസ്ത പ്രസിഡന്റായിരുന്ന പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാരായിരുന്നു രണ്ടാം സമ്മേളനത്തിന്റെ അധ്യക്ഷന്‍.
വള്ളുവനാട് താലൂക്കിലെ ചെമ്മന്‍കുഴിയിലായിരുന്നു സമസ്തയുടെ മൂന്നാം സമ്മേളനം 1929 ജനുവരി 7ന്. മവാരിദുസ്സാലിഹ് മദ്‌റസ എന്നപേരില്‍ പ്രസിദ്ധമായ ദര്‍സ് അവിടെ നടന്നിരുന്നു. മൗലാന മുഹമ്മദ് അബ്ദുള്‍ ബാരി മുസ്‌ല്യാരായിരുന്നു ആധ്യക്ഷ്യം വഹിച്ചത്. സമസ്തയുടെ പ്രസാധന രംഗത്തെ പ്രഥമ സംരംഭമായിരുന്നു അല്‍ബയാന്‍ മാസിക ഈ സമ്മേളനത്തിന്റെ ഉല്‍പ്പന്നമായിരുന്നു. സമ്മേളനത്തില്‍ പത്രപ്രവര്‍ത്തന രംഗത്തേക്കിറങ്ങുന്നതു സംബന്ധിച്ച് സജീവ ചര്‍ച്ചകളുണ്ടായി. സഭാധ്യക്ഷന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതോടെ പത്രം തുടങ്ങാന്‍ തീരുമാനമായി.
സമസ്ത ചരിത്രത്തിലെ നാഴിക കല്ലായി മാറിയ അല്‍ബയാന്‍ അറബിമലയാളമാസിക. 1929 ഡിസംബര്‍(ഹി: 1348 റജബ്) മാസം പുറത്തിറങ്ങി. മൗലാന പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ല്യാരായിരുന്നു ചീഫ് എഡിറ്റര്‍. സംഘടനയുടെ ജോ. സെക്രട്ടറിയായിരുന്ന വലിയ കൂനങ്ങല്‍ മുഹമ്മദ് മൗലവിയായിരുന്നു മാനേജര്‍. ഒരു പ്രതിക്ക് ആറ് അണയായിരുന്നു വില. ഒരു വര്‍ഷത്തെ വരിസംഖ്യ ഇന്ത്യയില്‍ മൂന്നു ഉറുപ്പികയും. ഇന്ത്യക്കു പുറത്ത് നാലുറുപ്പിക. ആറുമാസത്തേക്ക് ഒരുറുപ്പിക എട്ടണ. മൂന്നു മാസത്തേക്ക് ഒരുറുപ്പിക.
1930 മാര്‍ച്ച് 17ന് (ഹി: 1348 ശവ്വാല്‍ 14) മണ്ണാര്‍ക്കാട് വെച്ചാണ് നാലാം വാര്‍ഷിക സമ്മേളനം നടന്നത്. ഉദാരമനസ്‌കനായിരുന്ന ഖാന്‍ ബഹദൂര്‍ കല്ലടി മൊയ്തുട്ടി സാഹിബായിരുന്നു സമ്മേളനത്തിന്റെ പ്രധാന സംഘാടകന്‍. സമ്മേളന സംബന്ധിയായ ചെലവുകള്‍ അദ്ദേഹം സ്വന്തമാണ് വഹിച്ചത്. സമസ്തയുടെ വളര്‍ച്ചയില്‍ നിസ്തുല പങ്ക് വഹിച്ച ഉമറാക്കളില്‍ കല്ലടി മൊയ്തുട്ടി സാഹിബ് അമര സ്മൃതിയായി നിലകൊള്ളുന്നു. അഗാധ പണ്ഡിതനും തികഞ്ഞ സൂഫിയുമായിരുന്ന വെള്ളേങ്ങര മുഹമ്മദ് മുസ്‌ലിയാരുടെ(മരണം: 1934) അധ്യക്ഷതയിലായിരുന്നു മണ്ണാര്‍ക്കാട് സമ്മേളനം.
മൗലാന പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാരുടെ ഗുരുവര്യനും മഹാപണ്ഡിതനുമായിരുന്ന കരിമ്പനക്കല്‍ അഹ്‌മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ 1931 മാര്‍ച്ച് 11നാണ് സമസ്തയുടെ അഞ്ചാം സമ്മേളനം നടന്നത്. സമസ്ത സ്ഥാപക പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ജീവിതകാലത്ത് നടന്ന അവസാന സമ്മേളനം എന്ന പ്രത്യേകതയും ഇതിനുണ്ട്.
Leave A Comment