മഹ്റം അലി, മാനവസ്നേഹത്തിന്റെ അഫ്ഗാന്‍ പതിപ്പ്
2020 മാര്‍ച്ച് 25, ബുധനാഴ്ച.. സിഖ് സഹോദരങ്ങള്‍ക്ക് മറക്കാനാവാത്ത ഒരു കറുത്ത ദിവസമായിരുന്നു അത്. കാബൂളിലെ ഹര്‍ റായ് സാഹബ് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയില്‍ വ്യാപൃതരായ വിശ്വാസികള്‍ക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ 25 പേരുടെ ജീവനാണ്, ആ പ്രഭാതത്തില്‍ പൊലിഞ്ഞുവീണത്.

ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ, പ്രാര്‍ത്ഥനയും വഴിപാടുകളുമായി ലോക് ഡൗണിലിരിക്കുമ്പോഴാണ് ഈ ക്രൂരകൃത്യം അരങ്ങേറുന്നതെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍, തീവ്രവാദത്തിന് കണ്ണും കാതുമില്ലെന്ന് നാം വീണ്ടും വീണ്ടും തിരിച്ചറിയുകയാണ്. എന്നാൽ, സിഖ് സഹോദരങ്ങളെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മുസ്‍ലിം സഹോദരനുമുണ്ടായിരുന്നു, ഗുരുദ്വാരയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഖലായ് സമൻ ഖാൻ എന്ന പ്രദേശത്തുകാരനായ മഹ്റം അലി ശഖാസി. വര്‍ഷങ്ങളായി ഗുരുദ്വാരയിൽ സെക്യൂരിറ്റി ജോലിക്കാരനായി സേവനം ചെയ്ത് വരികയായിരുന്നു മഹ്റം അലി.

ഓടിരക്ഷപ്പെടാന്‍ സാധിച്ചിട്ടും അതിനു തയ്യാറാകാതെ, ജീവന്‍ ബലികൊടുത്തും സിഖ് ഭക്തന്മാർക്ക് സംരക്ഷണം തീർക്കുകയായിരുന്നു അദ്ദേഹം. ഗുരുദ്വാരയിലേക്ക് തോക്കുമായി പാഞ്ഞുകയറിയ തീവ്രവാദിയെ തടുത്തു നിർത്താനുള്ള ശ്രമത്തിനിടെയാണ് മഹ്റം അലി കൊല്ലപ്പെടുന്നത്. അദ്ദേഹത്തിൻറെ 23 കാരനായ മകൻ അബ്ദുൽ വാഹിദ് സം‌ഭവം വിവരിക്കുന്നത് ഇങ്ങനെ, "വളരെ കൃത്യവും സൂക്ഷ്മവുമായാണ് പിതാവ് ഗുരുദ്വാരക്ക് കാവലിരിക്കാറുണ്ടായിരുന്നത്. ആക്രമണം നടന്ന അന്ന് തോക്കുധാരി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ പിതാവ് തടയാന്‍ ശ്രമിച്ചു. ആദ്യശ്രമത്തില്‍ ചുമലിൽ വെടിയേറ്റ് വീണെങ്കിലും വീണ്ടും എണീറ്റ് അക്രമികളെ നേരിടാൻ തുനിഞ്ഞതോടെ അവര്‍ തലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീനക്കാരനായ സിഖ് സഹോദരനെയും വെടി വെച്ച ശേഷമാണ് ആക്രമികള്‍ അകത്തേക്ക് കടന്നത്’.

തന്റെ ജോലി ഏറെ പ്രയാസമുള്ളതാണെന്ന് മഹ്റം അലിക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ, ഹിന്ദുക്കളെയും സിഖുകാരെയും അടുത്തറിയുകയും ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ചെയ്തിരുന്ന മഹ്റം, എല്ലാവരെയും തന്റെ സഹോദരന്മാരായാണ് കണ്ടിരുന്നത്, അവരെയെല്ലാം സംരക്ഷിക്കാന്‍ ആവുന്നത് ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമായും. വർഷങ്ങൾക്കു മുമ്പ് മൻപാൽ സിങ്ങിന്റെ കടയില്‍ ജോലി ലഭിക്കുന്നതോടെയാണ് മഹ്റമിന് സിഖുകാരുമായുള്ള ബന്ധം തുടങ്ങുന്നത്. മഹ്റമിന്റെ വിശ്വസ്തതയും ജോലിയിലുള്ള അര്‍പ്പണബോധവും മനസ്സിലാക്കിയ മന്‍പാലിന് അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു.

അഫ്ഗാനിലെ സാമൂഹ്യാന്തരീക്ഷത്തില്‍ മനം മടുത്ത മന്‍പാല്‍ അധികം വൈകാതെ ഇന്ത്യയിലേക്ക് കുടിയേറി. അവസാനനിമിഷവും അയാള്‍ ചിന്തിച്ചത് മഹ്റമിനെ കുറിച്ചായിരുന്നു, താന്‍ പോയാല്‍ ഇനി അയാള്‍ക്ക് വല്ല ജോലിയും ലഭിക്കുമോ എന്നായിരുന്നു മന്‍പാലിനെ അലട്ടിയത്. പോകുന്നതിന് മുമ്പ് അദ്ദേഹം തന്നെ അതിന് പരിഹാരവും കണ്ടെത്തി, തന്റെ വിശ്വസ്തനായ ജോലിക്കാരന് അദ്ദേഹം സിഖ് ആരാധനാലയത്തിലെ സുരക്ഷാജോലി തന്നെ വാങ്ങിക്കൊടുത്തു.

ദല്‍ഹിയിലിരുന്ന് മഹ്റമിന്റെ മരണവാർത്തയറിഞ്ഞ മന്‍പാലിന് വേദന അടക്കാനായില്ല, ‘മഹ്റം വിശ്വസ്തനായ മനുഷ്യനാണ്, കാബൂളിലെ എന്റെ ഏലക്കച്ചവടം ഭംഗിയായി നടന്നിരുന്നത് മഹ്റം ഉള്ളത് കൊണ്ടായിരുന്നു. നല്ലൊരു മനുഷ്യനായിരുന്നു അയാള്‍. ചെയ്യുന്ന ജോലിയോട് കൂറും കടപ്പാടും ഉള്ളവന്‍’, വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ മന്‍പാല്‍ പറഞ്ഞുനിര്‍ത്തി. 75 കാരനായ പിതാവ് കുർബാന്‍ അലിക്ക് പുറമെ ഭാര്യയും നാല് മക്കളുമടങ്ങുന്ന കുുടംബത്തിന്റെ ഏക ആശ്രയമായിരുന്നു മഹ്റം അലി. ‘പിതാവിന്റെ വരുമാനം കൊണ്ട് മാത്രമായിരുന്നു ഞങ്ങൾ കഴിഞ്ഞു കൂടിയിരുന്നത്. ഞങ്ങളുടെ പഠനവും അതുകൊണ്ടായിരുന്നു മുന്നോട്ടുപോയിരുന്നത്. പിതാവിൻറെ മരണത്തോടെ ഞങ്ങൾ ആകെ തകർന്നിരിക്കുകയാണ്, ഇനിയുള്ള ദിവസങ്ങൾ എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയില്ല,’ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ മകൻ അബ്ദുൽവാഹിദ് പറഞ്ഞു.

ഭീകരാക്രമണവും നിരപരാധികളുടെ രക്തം ചിന്തുന്നതും കണ്ടു മടുത്തു. ഭീകരവാദികളൊട് എനിക്ക് പറയാനുള്ള ഒരേയൊരു കാര്യം നിങ്ങൾ നിരപരാധികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നാണ്, മകൻ കൂട്ടിച്ചേർത്തു. മഹ്റമിന്റെ സഹോദരപുത്രനായ ഖൈറുൽ അഹമ്മദ് പറയുന്നത് ഇങ്ങനെയാണ്, "അഫ്ഗാനിസ്ഥാനില്‍ മുസ്‍ലിംകളും ഹിന്ദുക്കളും സിഖുകാരുമെല്ലാം ഏറെ സ്നേഹത്തിലാണ് കഴിയുന്നത്. അവരും രാജ്യത്തിന്റെ ഭാഗമാണെന്ന് ഞങ്ങളെല്ലാം തിരിച്ചറിയുന്നു. എന്നാൽ ഈ ബന്ധം വഷളാക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. എന്റെ സഹോദരൻ ഗുരുദ്വാരയിൽ ജോലി ചെയ്യുന്നതോടൊപ്പം തന്നെ, അഞ്ച് നേരം കൃത്യമായി നിസ്കാരം നിർവഹിക്കുന്നവനായിരുന്നു.’

സംഭവിച്ച നഷ്ടത്തെ കുറിച്ചുള്ള തികഞ്ഞ ബോധത്തിനിടയിലും മകന്‍ വാഹിദിന് ലോകത്തോട് പറയാനുള്ളത് ഇതാണ്, എന്റെ പിതാവിനെ ഞങ്ങള്‍ക്ക് തിരിച്ച് ലഭിക്കില്ലെന്നറിയാം. എന്നാല്‍, സിഖ് സഹോദരങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കാവലിരുന്ന് ജീവന്‍ നല്‍കേണ്ടിവന്ന, അഞ്ച് നേരവും നിസ്കരിക്കുന്ന ആ മനുഷ്യനെ ലോകം മറക്കരുതെന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോകുന്നു. ആ ദീപ്തസ്മരണകള്‍, മാനുഷികസ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രതീകമായി സമുദായങ്ങള്‍ക്കിടയില്‍ പ്രചരിക്കുകയും തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യട്ടെ. അത്തരം നല്ല കഥകളിലൂടെ മാത്രമേ തീവ്രവാദത്തെ അതിജയിക്കാനാവൂ.’ വിവ: റാശിദ് ഓത്തുപുരക്കൽ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter