മുത്വലാഖ്: നിയമ നിര്‍മാണം അവകാശ ലംഘനമാകരുത്
ഒറ്റ വാക്കില്‍ മൂന്നു ത്വലാഖും ചൊല്ലി വിവാഹ മോചനം നടത്തുന്ന മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ വിധി ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. വിധിയെ അഭിനന്ദിച്ചും സ്വാഗതം ചെയ്തും വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികളക്കം പലരും പത്ര-ചാനലുകളിലൂടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അഞ്ചംഗ ബെഞ്ചിലെ മൂന്നുപേര്‍ മുത്വലാഖ് ഭരണഘടനാവിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്‍, ജസ്റ്റിസ് എസ്. അബ്ദുന്നസീര്‍ എന്നിവര്‍ ഭരണഘടനാ വിരുദ്ധമല്ലെന്നുമാണ് വിധി പറഞ്ഞത്.
മുത്വലാഖ് എടുത്തുകളയണോ വേണ്ടയോ എന്ന കാര്യത്തില്‍ കഴിഞ്ഞ കുറെക്കാലമായി രാജ്യത്ത് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ലഭിച്ച വിശ്വാസ സ്വാതന്ത്യത്തിന്റെ പരിധിയില്‍ വരാത്തതാണ് മുത്വലാഖ് എന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍.
മുത്വലാഖ് വ്യാപകമായ ഒരാചാരമാണെന്നും കാലങ്ങളായി രാജ്യത്തെ മുസ്‌ലിം സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കോടതി വിധിയിലൂടെ അറുതിയാകുമെന്ന തരത്തിലുമാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വിഷയ സംബന്ധിയായ വസ്തുതകള്‍ യഥായോഗ്യം മിക്കവരും മനസ്സിലാക്കുന്നില്ല. അടിസ്ഥാനപരമായി വിവാഹബന്ധം എന്നും നിലനിര്‍ത്താനാണ് ഇസ്‌ലാം പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബന്ധം തുടരാന്‍ പ്രയാസമെന്ന് തോന്നുമ്പോള്‍ പല പരിഹാരങ്ങളും ഇസ്‌ലാം നിര്‍ദേശിച്ചു. ഇരുകൂട്ടരും ആത്മാര്‍ത്ഥമായ ചര്‍ച്ചക്ക് തയ്യാറായാല്‍ തന്നെ പ്രശ്‌നം ഇല്ലാതാകാന്‍ ഏറെ സാധ്യതയുണ്ടെന്നാണ് ഖുര്‍ആന്റെ പക്ഷം. അങ്ങനെയും പരിഹാരമായില്ലെങ്കില്‍ ഭാര്യയുടെ ശുദ്ധി സമയത്ത് ഭര്‍ത്താവിന് ഒന്നോ രണ്ടോ ത്വലാഖുകള്‍ ചൊല്ലാവുന്നതാണ്.
തുടര്‍ന്ന് ഭര്‍ത്താവിന്റെ ചെലവില്‍ അവരുടെ വീട്ടില്‍ ദീക്ഷാകാലം ആചരിക്കണം. ഇക്കാലയളവില്‍ മനം മാറ്റത്തിനും അതുവഴി പൂര്‍വ ബന്ധത്തിലേക്ക് തിരിച്ചുവരാനും സാധ്യതയുള്ളതിനാലാണിത്. ഒന്ന്, രണ്ട് ത്വലാഖുകള്‍ക്കു ശേഷം ദീക്ഷാകാലത്താണെങ്കില്‍ കേവലം തിരിച്ചെടുത്തു എന്നു പറയുന്നതിലൂടെയും ശേഷമാണങ്കില്‍ പുതിയ വിവാഹത്തിലൂടെയും ദാമ്പത്യത്തിലേക്കു തിരിച്ചുവരാം. എന്നാല്‍,മൂന്നാം ത്വലാഖ് കൂടി ഒരാള്‍ ചൊല്ലിയാല്‍ പിന്നെ വേറെയൊരാള്‍ വിവാഹം ചെയ്ത് മോചനം നടത്തിയാലല്ലാതെ അയാള്‍ക്ക് ഭാര്യയെ തിരിച്ചെടുക്കാനാവില്ല (ഖുര്‍ആന്‍ 2:230).
അതീവ സൂക്ഷ്മതയോടും ആഴത്തിലുള്ള ചിന്തയോടും കൂടി മാത്രമേ ഈ അന്തിമാവസരം ഉപയോഗപ്പെടുത്താവൂ എന്ന പാഠമാണ് ശരീഅത്ത് നല്‍കുന്നത്. വിവാഹമോചനം അനുവദനീയ കാര്യമാണെങ്കിലും സ്രഷ്ടാവിന് ഏറെ കോപമുള്ളതാണെന്നാണ് നബി വചനം. നിരുത്തവരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല ത്വലാഖ്. പരിധികളില്ലാതെ സ്ത്രീയെ മൊഴിചൊല്ലിയും തിരിച്ചെടുത്തും മാനസികപ്രയാസത്തിലാക്കുകയും അവളുടെ അവകാശങ്ങളെ ധ്വംസിക്കുകയും ചെയ്യുന്ന കാലമുണ്ടായിരുന്നു. അക്കാലത്താണ് വിവാഹമോചനത്തിനു ഇസ്‌ലാം പരിധിവെച്ചതെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹമോചനം വര്‍ധിച്ച തോതില്‍ നടക്കുന്നുണ്ടെന്നും മുത്വലാഖ് പോലുള്ള സമ്പ്രദായങ്ങളാണ് ഇതിനു ആക്കം കുട്ടൂതെന്നുമാണ് ചിലരുടെ മൂഢമായ വിലയിരുത്തല്‍. എന്നാല്‍ രേഖകള്‍ പറയുന്നത് ഹിന്ദു സമുദായത്തില്‍ 1.64 ശതമാനം വിവാഹമോചനമുണ്ടാകുമ്പോള്‍, മുസ്‌ലിം സമുദായത്തില്‍ അത് 0.5 ശതമാനം മാത്രമാണെന്നാണ്.
മുത്വലാഖ് നിരോധന വിധിയില്‍ ജഡ്ജിമാരുടെ നിരീക്ഷണങ്ങള്‍ ഏറെ വൈചിത്രം നിറഞ്ഞതാണ്. മുത്വലാഖ് വ്യക്തിനിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ നിരോധിക്കപ്പെടണമെന്ന് വിധി പറഞ്ഞ ജസ്റ്റിസ് ജോസഫ് കുര്യന്‍ വ്യക്തിനിയമങ്ങള്‍ക്കു പരിരക്ഷ നല്‍കപ്പെടണമെന്ന് സൂചിപ്പിക്കുന്നത് ആശ്വാസകരമാണ്. എന്നാല്‍, മുത്വലാഖ് വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നും ഖുര്‍ആന്‍ തെറ്റായി കാണുന്നത് ശരീഅത്ത് പ്രകാരം അംഗീകരിക്കാനാവില്ലെന്നും ദൈവശാസ്ത്ര പരമായി തെറ്റായത് നിയമത്തിനു മുന്നിലും തെറ്റാണെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം പ്രമാണബദ്ധമല്ല. ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനം ഖുര്‍ആന്‍ മാത്രമല്ല. പ്രവാചക വചനങ്ങളുടെ വെളിച്ചത്തിലല്ലാതെ ഖുര്‍ആനെ വ്യാഖാനിക്കാനുമാകില്ല. അഭിപ്രായ ഭിന്നതക്കു സാധ്യതയുള്ള വചനങ്ങള്‍ ഏക പക്ഷീയമായി വ്യാഖാനിക്കുന്ന രീതി ഇസ്‌ലാമികദൃഷ്ട്യാ നിലനില്‍ക്കാത്തതുമാണ്.
മുത്വലാഖിനെ മതത്തിന്റെ ഭാഗമാണെന്ന് സമ്മതിക്കുന്ന ജസ്റ്റിസ് കേഹാറിന്റെ നിരീക്ഷണം പ്രത്യക്ഷത്തില്‍ മുത്വലാഖിന് നിയമസാധുത കല്‍പിക്കുന്നുണ്ടെങ്കിലും യോജിച്ച നിയമ നിര്‍മാണത്തിനു കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.
ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 25-ാം ഖണ്ഡികയുടെ പരിരക്ഷ മുസ്‌ലിം വ്യക്തിനിയമത്തിന് ലഭ്യമാണെന്ന് ചീഫ് ജസ്റ്റിസ് വിധിന്യായത്തില്‍ സൂചിപ്പിച്ചത് ഏറെ ശ്രദ്ധേയവുമാണ്. മുത്വലാഖിനെതിരെ പുതിയ നിയമനിര്‍മാണം നടത്തുമ്പോള്‍ മതത്തിനുള്ളിലെ യുക്തിവാദികളുടെ അഭിപ്രായം പരിഗണിക്കുന്നതിനു പകരം, വിശ്വാസികളുടെ നിലപാടുകള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം പ്രശംസയര്‍ഹിക്കുന്നു.
ഭരണഘടനാപരമായി മുത്വലാഖിന് നിരോധനമേര്‍പ്പെടുത്തിയാലും മതപരമായി പതിനാലു നൂറ്റാണ്ടുകാലമായി നിലനില്‍ക്കുന്ന അതിനുള്ള സാധുത ശിഥിലീകരിക്കപ്പെടുന്നില്ല. പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ മുത്വലാഖിനെ ലാഘവത്തോടെ കാണാന്‍ വിശ്വാസിക്കു കഴിയില്ലെന്നു ചുരുക്കും. ഭൗതിക നിയമത്തിന്റെ പേരില്‍ മുത്വലാഖിന് നിയമസാധുത കല്‍പിക്കാതിരുന്നാല്‍ ഇണകള്‍ തമ്മില്‍ പിന്നീടുണ്ടാകുന്ന ശാരീരിക ബന്ധങ്ങള്‍ വ്യഭിചാരമായി പരിണമിക്കും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ മതമനുശാസിക്കുന്ന രീതിയില്‍ മറികടക്കാനുള്ള പോംവഴി തേടാന്‍ വിശ്വാസിക്കു ബാധ്യതയുണ്ട്. കോടതി വിധിക്കു ശേഷവും മുത്വലാഖിന് മതപരമായി സാധുത നിലനില്‍ക്കുന്നതിനാല്‍ ദമ്പതിമാരുടെ മതശാസനകള്‍ പാലിച്ചുള്ള തുടര്‍ജീവിതം അസാധ്യമാണെന്നത് ഗൗരവതരമായി കാണേണ്ടതാണ്.
ആറുമാസത്തിനകം ഖണ്ഡിതവും സുതാര്യവും നീതിപരവുമായ നിയമനിര്‍മാണം നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. അനുയോജ്യമായ നിയമത്തിനു രൂപം നല്‍കുമ്പോള്‍ വ്യക്തിതാത്പര്യങ്ങള്‍ മാറ്റിവെച്ചു സുചിന്തിതമായ രീതിയിലായിരിക്കണം നിയമനിര്‍മാണം നടത്തേണ്ടത്. പണ്ഡിതരുടെയും മത സംഘടനകളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ഭരണകൂടം തയ്യാറാവുകയും വേണം.
മുത്വലാഖ് ശരീഅത്തിന്റെ സാമൂഹിക നീതിയെന്ന സങ്കല്‍പത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന ചിന്താഗതിക്കാരുണ്ടെങ്കിലും വിശ്വാസത്തിന്റെയും ശരീഅത്തിന്റെയും ഭാഗമാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം മുസ്‌ലിംകളും. മുത്വലാഖിന്റെ സാധുത എടുത്തുകളയുന്നതിനു പകരം നിയമം ദുരുപയോഗം ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനായിരിക്കണം പുതിയ നിയമം ശ്രമിക്കേണ്ടത്. മറിച്ചാണെങ്കില്‍ തുടര്‍ന്നുള്ള ദാമ്പത്യജീവിതത്തിലെ മക്കള്‍ ജാരസന്തതികളായിട്ടാണ് മതത്തില്‍ ഗണിക്കപ്പെടുക. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
മുത്വലാഖ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ച നിലപാട് അപഹാസ്യമാണ്.കോടതി നിര്‍ദേശം വഴി പുതിയ നിയമ നിര്‍മാണം നടത്തുന്നതിലൂടെ ബിജെപിയുടെ പ്രഖ്യാപിത നയമായ ഏക സിവില്‍ കോഡ് കൊണ്ടുവരുന്നതിനുള്ള എളുപ്പവഴിയൊരുങ്ങുമോ എന്ന് ന്യായമായും സംശയിക്കുന്നു.
കടപ്പാട്: സുപ്രഭാതം
Leave A Comment