സിനിമ: കാഴ്ചയുടെ ഇസ്‌ലാമിക സാധ്യതകള്‍
മുഹമ്മദ് നബി ജീവിക്കുന്നത് നമ്മുടെ കാലത്താണെങ്കില്‍... മലേഷ്യന്‍ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ സായാഹ്നങ്ങളിലൊന്നില്‍ ഗവേഷണവിദ്യാര്‍ഥികളായ ഞങ്ങളുടെ ചര്‍ച്ചാവിഷയമതായിരുന്നു. സംശയമെന്തിന്, ഏറ്റവും അപ്ടുഡേറ്റ് ആയ സാങ്കേതികവിദ്യകളായിരിക്കും ദഅ്‌വത്തിനായി അന്ത്യപ്രവാചകന്‍ ഉപയോഗപ്പെടുത്തുക. മസ്ജിദുന്നബവിയിലെ ഖുത്വ്ബകള്‍ ഇതര ഭൂഖണ്ഡങ്ങളിലും തത്സമയമെത്തിക്കാന്‍ സമഗ്രമായൊരു യുട്യൂബ് ചാനല്‍, കാലിക വിഷയങ്ങളിലെ നിലപാടു വ്യക്തമാക്കാന്‍ വെരിഫൈഡ് ഫേസ്ബുക് പേജ്, വിമര്‍ശന പ്രവാഹങ്ങള്‍ക്കിടയിലും ഇസ്‌ലാമിനെ സമ്പൂര്‍ണ ജീവിതക്രമമായി അടയാളപ്പെടുത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍, വിവിധ ഭാഷകളില്‍ തയ്യാറാക്കിയ ബുക്്‌ലെറ്റുകളും ഡോക്യുമെന്ററികളും, മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും അനീതിക്കുമെതിരെ പൊതുജനാവബോധം രൂപപ്പെടുത്താന്‍ മാനവിക കൂട്ടായ്മ, പരിസ്ഥിതി സംരക്ഷണ കാംപയിനുകള്‍, താഴേക്കിടയിലേക്കിറങ്ങിച്ചെന്നുള്ള ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍, ഇന്റര്‍ഫെയ്ത്ത് ഡയലോഗുകള്‍, ഇസ്‌ലാമിക മൂല്യങ്ങള്‍ ജനമനസ്സുകളിലേക്ക് പ്രസരണം നടത്തുന്ന സിനിമാ- ഡോക്യുമെന്ററികള്‍, സകാത്ത്- അനന്തരാവകാശം ഉള്‍പ്പെടെയുള്ള കര്‍മശാസ്ത്ര സമസ്യകള്‍ അനായാസമാക്കുന്ന സോഫ്റ്റ്‌വെയറുകള്‍, വൈജ്ഞാനിക ഈടുവെപ്പുകള്‍ക്കായി സമ്പൂര്‍ണമായൊരു സര്‍വകലാശാല, സ്വഹാബി ധനാഢ്യരുടെ പിന്തുണയോടെ സമഗ്രമായൊരു ഇസ്‌ലാമിക ചാനല്‍; ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാവനാ 'പ്രവാചക സമുദായ'ത്തിന്റെ ഏതാനും വിശേഷങ്ങളായിരുന്നു ഇവ. തിരുനബിയെപ്പറ്റി ഇങ്ങനെയൊക്കെപ്പറയാമോ എന്നത്ഭുതം കൂറാന്‍ വരട്ടെ;
ലക്ഷത്തി ഇരുപത്തിനാലായിരത്തിലധികം പ്രവാചക ശ്രേഷ്ഠരുടെ പ്രവിശാലവും ഗുണപാഠബഹുലവുമായ ഇസ്‌ലാമിക ചരിത്രം ഇത്തരം ഭാവനകള്‍ക്കുമപ്പുറത്തേക്കാണ് നമ്മെ നയിക്കുക. അതതു കാലങ്ങളിലെയും ദേശങ്ങളിലെയും ഏറ്റവും പൊതുജന സ്വാധീനമുള്ള സംവിധാനങ്ങളായിരുന്നു എല്ലാ കാലത്തും ദൈവദൂതന്മാര്‍ ഉപയോഗപ്പെടുത്തിയിരുന്നത്. സംഗീതത്തിനും ശബ്ദമാധുരിക്കും ജനം ചെവികൊടുത്തൊരു കാലത്തെ അഭിസംബോധന ചെയ്യാന്‍ പ്രത്യേക വാദ്യോപകരണവും ഈണവുമായിരുന്നു ദാവൂദ് നബിയുടെ കൈമുതല്‍. മായാജാലത്തിനു വളക്കൂറുള്ള മണ്ണില്‍ അതേ നാണയത്തില്‍ തന്നെ മൂസാ നബി ഇസ്‌ലാമിക പ്രബോധനം നടത്തി. അത്ഭുതസിദ്ധികള്‍ക്കു അപ്രമാദിത്വം കല്‍പിച്ചിരുന്നൊരു ജനതയില്‍, മരിച്ചയാളെപ്പോലും ജീവിപ്പിച്ച് ഈസാ നബി പ്രവാചകത്വമുദ്‌ഘോഷിച്ചു. അറബ് സാഹിത്യത്തിന്റെ പരകോടി പ്രാപിച്ചിരുന്നൊരു ജനതയെ സാഹിത്യ സമ്പുഷ്ടമായ ദൈവികഗ്രന്ഥത്തിലൂടെ വെല്ലുവിളിക്കുന്നതിലായിരുന്നു മുഹമ്മദ് നബിയുടെ സര്‍ഗാത്മകത.
ആനുകാലിക പ്രമേയങ്ങളെ കാലികമായിത്തന്നെ നേരിടുന്നതിലാണ് പ്രബോധകന്റെ വിജയമെന്നതിന് ഇസ്്‌ലാമിക ചരിത്രം സാക്ഷി. കാഴ്ചയുടെ അനന്തമായ സാധ്യതകള്‍ തുറന്നിടുന്നതാണ് പുതുനൂറ്റാണ്ട്. പഞ്ചേന്ദ്രിയങ്ങളിലൊന്നിന്റെ കേവലഗുണഫലം എന്നതിനപ്പുറം സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, മതകീയ രംഗങ്ങളിലെ വ്യത്യസ്തമായ അനേകം തലങ്ങള്‍ കൈവന്നിരിക്കുന്നു പുതിയ കാലത്തെ കാഴ്ചക്ക്. ടെലിവിഷന്‍ ചാനലുകളും ചലച്ചിത്രങ്ങളും ഗതിനിര്‍ണയിക്കുന്നൊരു ലോകക്രമത്തില്‍, അവയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ/ നിരാകരിക്കുന്നതിലൂടെ ഇസ്‌ലാമിക സമുദായത്തിന് എത്രത്തോളം മുന്നോട്ടു/ പിന്നോട്ടു പോകാനാവും എന്നൊരു വിലയിരുത്തലിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്. ഇതര മതങ്ങളില്‍ നിന്നു വ്യത്യസ്തമായി സാര്‍വകാലികമായൊരു സമഗ്ര ജീവിതവ്യവസ്ഥയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്നതിനാല്‍ കാഴ്ചയുടെ നൂറ്റാണ്ടിനെ അഭിസംബോധന ചെയ്യാന്‍ എല്ലാ അര്‍ത്ഥത്തിലും സത്യമതം പ്രാപ്തമാണെന്ന അടിസ്ഥാന ധാരണയില്‍ നിന്നാണ് ഈ കുറിപ്പ്.
ചാനലുകളിലെ ഇസ്‌ലാമിക ലോകം
ചര്‍ച്ചയോ വിശകലനമോ ആവശ്യമില്ലാത്തവിധം പ്രകടമാണിന്ന് ദൃശ്യമാധ്യമങ്ങളുടെ പ്രസക്തിയും സ്വാധീനവും. വിവിധ വിഷയങ്ങളിലെ ആഗോള പൊതുജനാഭിപ്രായം (Global Public Opinion) രൂപപ്പെടുത്തിയെടുക്കുന്നതില്‍ ടെലിവിഷന്‍ ചാനലുകളോളം പങ്കുവഹിക്കുന്ന മറ്റു മാധ്യമങ്ങള്‍ വിരളമാണെന്നുതന്നെ പറയാം. പ്രക്ഷേപണത്തിന് ടെലിവിഷന്‍ സംവിധാനം മാത്രം അവലംബിക്കുന്നതിനു പകരം ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള നവീന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് നിലവിലെ ഒട്ടുമിക്ക ടി.വി ചാനലുകളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇതര ആധുനിക സംവിധാനങ്ങളിലെന്ന പോലെ ദൃശ്യമാധ്യമ രംഗത്തും കാതങ്ങള്‍ പിറകിലോടുകയാണ് നമ്മുടെ കാലത്തെ മുസ്‌ലിം സമുദായം. ഒരു കാലത്ത് ലോകതലത്തില്‍ തന്നെ മികച്ചുനിന്നൊരു നാഗരികതയുടെ വക്താക്കള്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക മേഖലകളിലെല്ലാം ഇപ്പോള്‍ പകച്ചുനില്‍ക്കുന്നതിനു പിന്നില്‍ ദൃശ്യമാധ്യമരംഗത്തെ ഈ സാക്ഷരതയില്ലായ്മയും നിര്‍ണായക ഘടകമാണ്. ഏറെ വൈകിയാണെങ്കിലും ഈ വഴിക്കുള്ള ആസൂത്രിത നീക്കങ്ങള്‍ ഇസ്‌ലാമിക ലോകത്തുടനീളം പ്രകടമാണെന്നത് ശുഭോദര്‍ക്കമാണ്.
പാശ്ചാത്യ മേധാവിത്വം അരങ്ങുതകര്‍ത്ത ദൃശ്യമാധ്യമ രംഗത്തേക്ക് ഇസ്‌ലാമിക ലോകത്തുനിന്നുള്ള അതിപ്രധാന ഇടപെടലായിരുന്നു അല്‍ജസീറയുടേത്. 1996-ല്‍ ഖത്തറില്‍ നിന്ന് പ്രക്ഷേപണമാരംഭിച്ച വാര്‍ത്താചാനല്‍ അമേരിക്കയുടെ അഫ്ഗാന്‍ (2001), ഇറാഖ് (2003) അധിനിവേശങ്ങളോടെയാണ് ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. മുന്‍നിര ദൃശ്യമാധ്യമങ്ങളെല്ലാം പാശ്ചാത്യാനുകൂല വാര്‍ത്തകള്‍ക്കു മാത്രം ഇടം നല്‍കിയപ്പോള്‍, സംഘര്‍ഷപ്രദേശങ്ങളിലെ വസ്തുനിഷ്ഠമായ വാര്‍ത്തകള്‍ക്ക് ലോകമൊന്നടങ്കം അല്‍ജസീറയെ ആശ്രയിച്ചുതുടങ്ങി. തീവ്രവാദ ഫണ്ടിംഗ് ഉള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ എതിരാളികള്‍ ഉയര്‍ത്തിവിട്ടപ്പോഴും അവയെല്ലാം അതിജീവിക്കാന്‍ ചാനലിനു കഴിഞ്ഞു. ഇംഗ്ലീഷ്, മുബാശിര്‍, തുര്‍ക്ക്, ബാള്‍ക്കന്‍സ്, അമേരിക്ക, ഡോക്യുമെന്ററി ചാനല്‍ അടക്കം ഒട്ടേറെ ഉപചാനലുകളുമായി ദൃശ്യമാധ്യമ ലോകത്തെ സുപ്രധാന സാന്നിധ്യങ്ങളിലൊന്നായി അല്‍ജസീറ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യന്‍ പ്രശ്‌നത്തിലുള്‍പ്പെടെ വിവാദ വിഷയങ്ങളിലെല്ലാം താരതമ്യേന ഇസ്‌ലാമിസ്റ്റ് സമീപനം സ്വീകരിക്കുന്ന ചാനല്‍ പാശ്ചാത്യ കുതന്ത്രങ്ങളെ നേരിടുന്നതില്‍ ഒരുപരിധിവരെ വിജയമാണ്. അല്‍ജസീറയുടേതിനു സമാനമായ വിപുലമായ ചാനല്‍ സംരംഭങ്ങള്‍ ഇസ്‌ലാമിക ലോകത്തു മറ്റെങ്ങും ദൃശ്യമല്ല. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ബി.സി (Middle East Broadcasting Centre) അറബ് ദൃശ്യമാധ്യമരംഗത്തെ സുപ്രധാന സാന്നിധ്യങ്ങളിലൊന്നാണ്. ഫാമിലി എന്റര്‍ടൈന്‍മെന്റ്, ചില്‍ഡ്രന്‍സ് എന്റര്‍ടൈന്‍മെന്റ്, മൂവീസ്, വിമിന്‍ എന്നിവയുള്‍പ്പെടെ പത്തു ടെലിവിഷന്‍ ചാനലുകള്‍ എം.ബി.സിക്കു കീഴില്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇവയില്‍ വാര്‍ത്താചാനലായ അല്‍അറബിയ്യ ടി.വി അറബ് രാജ്യങ്ങളിലുടനീളം സ്വാധീനമുള്ളതാണ്. രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്ത്വാബിന്റെ ജീവചരിത്രം അടിസ്ഥാനമാക്കി എം.ബി.സി പുറത്തിറക്കിയ സീരിയല്‍ (Omar Series, 2012) ഇസ്്‌ലാമിക ചരിത്രാവതരണ രംഗത്തെ ധീരമായ കാല്‍വെപ്പുകളിലൊന്നായിരുന്നു. അറബ് ലോകത്തു മാത്രം നൂറുകണക്കിന് ചാനലുകളുണ്ടെങ്കിലും പൂര്‍ണമായും ഇസ്‌ലാമികമെന്നു പറയാവുന്ന സംരംഭങ്ങള്‍ നന്നേ വിരളമാണ്. മുഴുസമയവും മതപരമായ പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്യുന്നതിനു പകരം, ഇസ്്‌ലാമിക മൂല്യത്തിലൂന്നിയുള്ള പ്രോഗ്രാമുകള്‍ക്കാണ് ഇവയില്‍ മിക്കതും ഊന്നല്‍ നല്‍കുന്നത്.
അതേ സമയം, എല്ലാ അര്‍ത്ഥത്തിലും മതേതരവും പൂര്‍ണമായും ഇസ്്‌ലാമിക വിരുദ്ധവുമായ ചാനല്‍ ഹൗസുകള്‍ അറബ്- മുസ്്‌ലിം നാടുകളില്‍ എമ്പാടുമുണ്ടെന്നതും കാണാതിരുന്നുകൂടാ. യു.കെയിലെ ഇസ്‌ലാം ചാനല്‍, നൂര്‍ ടി.വി, തക്ബീര്‍ ടി.വി, മാരിയ ടി.വി എന്നിവയെല്ലാം സുന്നി ഇസ്്‌ലാമിനെ പ്രതിനിധീകരിക്കുന്നവയാണ്. ഹിദായത്ത് ടി.വി, അഹ്്‌ലുബൈത്ത് ടി.വി എന്നിവ ശീഈ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. ഖുര്‍ആനിലും സുന്നത്തിലും അധിഷ്ഠിതമായ പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്യുന്നതാണ് പാകിസ്ഥാനിലെ പൈഗാം ടി.വി. ഇന്ത്യന്‍ പ്രബോധകനായ ഡോ. സാകിര്‍ നായിക്കിനു കീഴില്‍ ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ടി.വി ഇസ്‌ലാമിക പ്രബോധനത്തിനു പ്രാമുഖ്യം നല്‍കുന്നു. യൂസുഫ് എസ്റ്റസ്, യാസിര്‍ ഖാദി, ബിലാല്‍ ഫിലിപ്‌സ്, ജമാല്‍ ബദവി, അബ്ദുര്‍റഹീം ഗ്രീന്‍, ഇസ്‌റാര്‍ അഹ്്മദ് ഉള്‍പ്പെടെ അന്താരാഷ്ട്ര പ്രസിദ്ധരായ ഒട്ടേറെ മുസ്്‌ലിം വ്യക്തിത്വങ്ങള്‍ പീസ് ടി.വിയിലെ നിറസാന്നിധ്യങ്ങളാണ്. പാകിസ്താനിലെ ബറേല്‍വി സുന്നി കൂട്ടായ്മയായ ദഅ്‌വത്തെ ഇസ്‌ലാമിക്കു കീഴില്‍ പ്രക്ഷേപണം ചെയ്യുന്ന മദനി ചാനല്‍ ഇസ്്‌ലാമിക ചിട്ടകളോടെ പ്രവര്‍ത്തിക്കുന്നതാണെന്നു പറയാം. പക്ഷേ, സംഘടനയുടെ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും അപ്പുറത്തേക്ക് പ്രേക്ഷകവൃത്തം വ്യാപിപ്പിക്കാനാവാത്തത് വലിയൊരു പോരായ്മ തന്നെയാണ്. മതപരവും സാമൂഹിക പ്രധാനവുമായ പ്രോഗ്രാമുകള്‍ പ്രക്ഷേപണം ചെയ്യുന്ന സുഊദിയിലെ ഇഖ്‌റഅ് ടി.വിയും ഈ ഗണത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്. ആധുനിക ഇസ്‌ലാമിക ലോകത്ത് പലനിലക്കും ശ്രദ്ധേയമായ മലേഷ്യയില്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിനു സമര്‍പ്പിക്കപ്പെട്ട രണ്ടു ചാനലുകളാണുള്ളത്; ടി.വി അല്‍ഹിജ്‌റ, ആസ്‌ട്രോ ഒയാസിസ്. എന്നാല്‍, ഇരു ചാനലുകളും മലായ് ഭാഷയിലായതിനാല്‍ രാജ്യത്തിനകത്തു മാത്രമേ പ്രക്ഷേപണമുള്ളൂ.
കേരളീയ പശ്ചാത്തലത്തില്‍ മീഡിയവണ്‍, ദര്‍ശന ടി.വി എന്നീ ചാനലുകള്‍ ഈ രംഗത്തെ ആശാവഹമായ മുന്നേറ്റത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരു പത്രസ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വാര്‍ത്തകള്‍ക്കും അനുബന്ധ ചര്‍ച്ചകള്‍ക്കും പ്രാമുഖ്യം നല്‍കുന്ന മീഡിയവണ്‍, മാപ്പിളപ്പാട്ട് ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പൈതൃകങ്ങളെ റിയാലിറ്റി ഷോകളിലൂടെയും മറ്റും സജീവമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. വിനോദ ചാനല്‍ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ശന ടി.വി ഇസ്്‌ലാമിക പ്രചോദിതമായ പ്രോഗ്രാമുകള്‍ക്ക് കുറേക്കൂടി പ്രാമുഖ്യം നല്‍കുന്നുണ്ട്. എന്നാല്‍, മ്യൂസിക്, സ്ത്രീരംഗപ്രവേശം തുടങ്ങിയവയുടെ പേരില്‍ സമുദായത്തിനകത്തു തന്നെ ധാരാളം വിമര്‍ശിക്കപ്പെടുന്നുമുണ്ട്. ആഴ്ചതോറുമുള്ള കര്‍മശാസ്ത്ര വിശകലനം, വിവാദവിഷയങ്ങളില്‍ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച, ഇതര ഭാഷകളിലെ ഇസ്‌ലാമിക് ഡോക്യുമെന്ററികള്‍ ഡബ് ചെയ്തവതരിപ്പിക്കുന്ന സ്‌പെഷ്യല്‍ സീരീസുകള്‍ എന്നിവ മലയാള ഇസ്‌ലാമിക ദൃശ്യലോകത്തിന് വലിയ സംഭാവനകള്‍ തന്നെയാണ്.
സിനിമയുടെ മതപക്ഷം
ചാനലുകളില്‍ നിന്നു വ്യത്യസ്തമായി കുറേക്കൂടി പൊള്ളുന്നതാണ് സിനിമയുടെ മതപക്ഷം. വിവിധ ദൃശ്യമാധ്യമങ്ങളില്‍ ചലച്ചിത്രങ്ങള്‍ക്കുള്ള സ്ഥാനം നിര്‍ണായകമാണെങ്കിലും മതദൃഷ്ട്യാ നിഷിദ്ധമായൊരു മേഖലയാണ് സിനിമാരംഗം ഒന്നടങ്കമെന്ന ധാരണ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നു. ഇവ്വിഷയത്തില്‍ കുറേക്കൂടി പ്രായോഗിക തലത്തിലേക്കിറങ്ങിച്ചെന്നുള്ള ചര്‍ച്ചകള്‍ അറബ് ലോകത്തെയും മറ്റും ഇസ്്‌ലാമിക പണ്ഡിതര്‍ക്കിടയില്‍ സജീവമാണെങ്കിലും കേരളീയ പരിസരത്തില്‍ അവ വേണ്ടത്ര സാന്നിധ്യമറിയിച്ചിട്ടില്ല. നവലോകക്രമത്തില്‍ സിനിമ നിര്‍വഹിക്കുന്ന രാഷ്ട്രീയ- സാംസ്‌കാരിക ദൗത്യത്തെക്കുറിച്ച് പ്രാഥമിക ധാരണ പോലുമില്ലാത്ത മതപണ്ഡിതര്‍ ഒരു വശത്തും, ഇസ്്‌ലാമിക കര്‍മശാസ്ത്രത്തില്‍ അവഗാഹമില്ലാത്ത മുസ്്‌ലിം സിനിമാ പ്രവര്‍ത്തകര്‍ മറുവശത്തുമായി വിഷയത്തിന്റെ പരമമായ രണ്ടറ്റങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ ഇരുവാദങ്ങള്‍ക്കുമിടയിലാണ് ചലച്ചിത്രത്തിന്റെ യഥാര്‍ത്ഥ മതപക്ഷം എന്നതാണ് വസ്തുത. അനുവദനീയം/ നിഷിദ്ധം (ഹലാല്‍/ഹറാം) എന്ന് ഒറ്റവാക്കില്‍ മുദ്രകുത്തുക അസാധ്യമാംവിധം സങ്കീര്‍ണമാണ് ആധുനിക സിനിമാരംഗം.
പലരും ധരിച്ചുവശായ പോലെ പലിശ, മദ്യം തുടങ്ങിയവയുമായി താരതമ്യപ്പെടുത്താവുന്ന ഒന്നല്ല ഒരിക്കലും ചലച്ചിത്ര മേഖല. ഇവ രണ്ടും അടിസ്ഥാന തലത്തില്‍ തന്നെ നിഷിദ്ധമാണെന്ന് ശരീഅത്ത് വ്യക്തമാക്കുമ്പോള്‍, ആശയപ്രകാശനത്തിനുള്ള ഫലപ്രദമായൊരു മാധ്യമം (വസീല) മാത്രമാണ് സിനിമ എന്നതാണ് സത്യം. പത്ര മാഗസിനുകള്‍ ഹറാം/ ഹലാല്‍ എന്നു നിരുപാധികം മുദ്രകുത്തുന്നതിനു സമാനമാണ് സിനിമയെക്കുറിച്ചുള്ള ഏകപക്ഷീയ വിധിയെഴുത്ത്. മറ്റു മാധ്യമങ്ങള്‍ക്കു സമാനമായി, നന്മയുടെ മാര്‍ഗത്തില്‍, മതനിഷ്ഠകള്‍ക്കു വിധേയമായി വിനിയോഗിക്കപ്പെടുമ്പോള്‍ ചലച്ചിത്രം അനുവദനീയമെന്നു മാത്രമല്ല, പുണ്യകരം കൂടിയായി മാറുന്നു; തിന്മയുടെ വഴിയിലാകുമ്പോള്‍ നിഷിദ്ധവും കുറ്റകരവുമായിത്തീരുന്നു. സഹോദരന്റെ കഴുത്തറുക്കാന്‍ കത്തിയെടുക്കുന്നത് നിഷിദ്ധവും, ഭക്ഷണം പാകംചെയ്യാന്‍ അതുപയോഗിക്കുന്നത് അനുവദനീയവും എന്നതാണ് ഇവ്വിഷയത്തിലെ ലളിതമായ ഉദാഹരണം. സിനിമയുടെ കര്‍മശാസ്ത്രം ചര്‍ച്ച ചെയ്യുന്നതിനു മുമ്പേ വേണ്ടതാണ് വര്‍ത്തമാന ലോകത്ത് ഈ ദൃശ്യമാധ്യമം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച അടിസ്ഥാന ധാരണ. പ്രിന്റ് മീഡിയയുടെ പരിമിത വായനക്കാര്‍ക്കും ടി.വി ചാനലുകളുടെ നിമിഷ പ്രേക്ഷകര്‍ക്കുമപ്പുറം അതിവിശാലമാണ് ചലച്ചിത്രങ്ങളുടെ പ്രേക്ഷകവ്യാപ്തി. ടി.വി ചാനലുകളുടെയും ടെലിസിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രചുരപ്രചാരത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്തവിധം ലബ്ധപ്രതിഷ്ഠ നേടിയിരിക്കുന്നു നമ്മുടെ കാലത്ത് സിനിമ.
സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ഒട്ടുമിക്കയാളുകളും നാനാവഴികളിലൂടെ സിനിമയുടെ പ്രേക്ഷകരാണ് എന്ന വസ്തുത സ്ഥിരീകരിക്കേണ്ടതില്ലാത്തവിധം അംഗീകൃതമാണിന്ന്. ഇത്രയും സ്വാധീനമേറിയൊരു മാധ്യമം ഇസ്‌ലാമിക പ്രബോധകര്‍ക്കു മുന്നില്‍ തുറന്നിടുന്ന സാധ്യതകളില്‍ നിന്നാണ് ചലച്ചിത്രത്തിന്റെ മതപക്ഷ വായനകള്‍ തുടങ്ങേണ്ടത്. വിവിധ ദൃശ്യമാധ്യമങ്ങളോട് മുസ്്‌ലിം പണ്ഡിത നേതൃത്വം വിമുഖത വെച്ചുപുലര്‍ത്തിയിരുന്നു എന്നത് ചരിത്ര വസ്തുതയാണ്. ഈ വൈമുഖ്യത്തിന്റെ പ്രധാന കാരണം, ദൃശ്യമാധ്യമ വക്താക്കള്‍ അതിനെ അധാര്‍മികതയുടെയും മൂല്യച്യുതിയുടെയും രംഗമാക്കി മാറ്റി എന്നതുതന്നെ. കൊലപാതകം, വ്യഭിചാരം, മോഷണം, മദ്യപാനം, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നിറഞ്ഞാടുന്നതായിരുന്നു മുഖ്യധാരാ സിനിമകളെല്ലാം. ആശയപ്രകാശനത്തിനുള്ള ഫലപ്രദമായ മാധ്യമം എന്നതിനപ്പുറം ഒരുത്പന്നം എന്ന രീതിയില്‍ ചില പണ്ഡിതര്‍ സിനിമയെ നിരീക്ഷിച്ചതും ഈ മേഖലയോട് പൂര്‍ണമായും പുറംതിരിഞ്ഞുനില്‍ക്കാന്‍ കാരണമായിത്തീര്‍ന്നു. സിനിമാരംഗം, സമൂഹത്തിലത് ചെലുത്തുന്ന സ്വാധീനം,
ഇതുസംബന്ധമായ ഖുര്‍ആനിക-കര്‍മശാസ്ത്ര നിലപാടുകള്‍ എന്നിവയെല്ലാം അപഗ്രഥനം നടത്തിയായിരുന്നില്ല ഒരിക്കലും ഈ തിരസ്‌കാരം സംഭവിച്ചത്. ഡോ. യൂസുഫുല്‍ ഖറദാവി നിരീക്ഷിക്കുന്നതു പോലെ, മഖാസ്വിദുശ്ശരീഅ (ശരീഅത്തിന്റെ അത്യുദാത്ത ലക്ഷ്യങ്ങള്‍) കൂടി പരിഗണിച്ചുവേണം ഇവ്വിഷയകമായ തീര്‍പ്പുകളിലെത്താന്‍. ഫിഖ്ഹുത്തൈസീര്‍ (കര്‍മശാസ്ത്രത്തിന്റെ ലളിതവത്കരണം), ഫിഖ്ഹുത്തദര്‍റുജ് (ക്രമാനുഗതമായ വികാസം) തുടങ്ങിയ കര്‍മശാസ്ത്ര സങ്കേതങ്ങളും സിനിമയുടെ മതപക്ഷ ചര്‍ച്ചകളില്‍ തീര്‍ച്ചയായും പ്രസക്തമാണ്.
അഭിനയം, സംഗീതം, സ്ത്രീ
സിനിമയെക്കുറിച്ചുള്ള മതപക്ഷ വായനകള്‍ ഏറ്റവുമധികം ഉടക്കിനില്‍ക്കുന്ന മൂന്നു മേഖലകളാണ് അഭിനയം, സംഗീതം, സ്ത്രീ എന്നിവ. വിജയകരമായൊരു സിനിമാ സംരംഭത്തില്‍ ഇവ മൂന്നും വഹിക്കുന്ന ദൗത്യം അതീവ നിര്‍ണായകമായതിനാല്‍ ഇവ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ചലച്ചിത്ര സിദ്ധാന്തങ്ങള്‍ തീര്‍ത്തും അപ്രസക്തമാണ്. അഭിനയകലയെ പാടേ തള്ളിക്കളയുന്നതിനു പകരം ക്രിയാത്മകമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി നടനം ആവാമെന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. മാനവിക സമൂഹത്തിന് എല്ലാ അര്‍ഥത്തിലും മാതൃകായോഗ്യനായൊരു 'സമുദായ'മെന്ന് (അന്നഹ്ല്‍120) വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇബ്‌റാഹീം നബിയുടെ അഭിനയ ചരിത്രം വിശുദ്ധ ഗ്രന്ഥം തന്നെ ഉദ്ധരിക്കുന്നുണ്ട്: ''അങ്ങനെ രാത്രിയായപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. 'ഇതാണ് എന്റെ നാഥന്‍' എന്നു പറഞ്ഞു. പിന്നെ അത് അസ്തമിച്ചപ്പോള്‍ 'മറഞ്ഞുപോകുന്നവരെ ദൈവമായി ഞാന്‍ ഇഷ്ടപ്പെടുന്നില്ല' എന്നദ്ദേഹം പ്രഖ്യാപിച്ചു.
അനന്തരം ചന്ദ്രന്‍ ഉദിച്ചുകണ്ടപ്പോള്‍ 'ഇതാണ് എന്റെ റബ്ബ്' എന്നദ്ദേഹം പറഞ്ഞു. അതും അസ്തമിച്ചപ്പോള്‍ താന്‍ പ്രതികരിച്ചു: 'എന്റെ നാഥന്‍ എനിക്കു മാര്‍ഗദര്‍ശനം നല്‍കുന്നില്ല എങ്കില്‍ ഞാന്‍ വഴിതെറ്റിയവരില്‍ പെട്ടുപോവുക തന്നെ ചെയ്യുന്നതാണ്.' പിന്നീട് സൂര്യനുദിച്ചുകണ്ടപ്പോള്‍ 'ഇതാണ് എന്റെ നാഥന്‍; ഏറ്റവും വലുതാണല്ലോ ഇത്' എന്നദ്ദേഹം പ്രസ്താവിച്ചു. അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു: 'എന്റെ ജനങ്ങളേ, അല്ലാഹുവിനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നത്രയും നിശ്ചയം ഞാന്‍ മുക്തനാകുന്നു. ഭുവന-വാനങ്ങള്‍ പടച്ച അല്ലാഹുവിലേക്ക് ഞാനിതാ മുഖം തിരിച്ചിരിക്കുന്നു. സല്‍പന്ഥാവിനെ അഭിമുഖീകരിച്ചവനാണ് ഞാന്‍; ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല'' (അല്‍അന്‍ആം 76-79). അല്ലാഹുവിന്റെ ഏകദൈവത്വം പ്രേക്ഷകരുടെ മുന്നില്‍ ലളിതസുന്ദരമായി ബോധ്യപ്പെടുത്താന്‍ നക്ഷത്രപൂജകന്റെയും ചന്ദ്രയാരാധകന്റെയും സൂര്യദേവപൂജാരിയുടെയുമെല്ലാം വേഷങ്ങളഭിനയിക്കാന്‍ പ്രവാചകശ്രേഷ്ഠനായ ഇബ്‌റാഹീം സന്നദ്ധനായെന്ന് ഇവിടെ വ്യക്തമാണല്ലോ. സത്യപാതയിലേക്കുള്ള സര്‍ഗാത്മക പ്രബോധനം എന്ന നന്മയില്‍ നിന്നു പ്രചോദിതമായതിനാല്‍ ഈ അഭിനയം മാതൃകായോഗ്യമാണെന്നാണ് ഖുര്‍ആനിക സമര്‍ഥനം. ആകാശലോകത്തു നിന്ന് ദൈവദൂതുമായി ഭൂമിയിലേക്ക് വരുന്ന വേളകളില്‍ മാലാഖമാരുടെ നേതാവായ ജിബ്‌രീല്‍ മനുഷ്യ വേഷം അഭിനയിച്ചാണ് പലപ്പോഴും അവതരിച്ചിരുന്നത്. വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലുമെല്ലാം ഇത്തരം അഭിനയത്തിന്റെ സ്ഥിരീകരണമുണ്ട്: ''മര്‍യം ബീവിയെപ്പറ്റിയുള്ള വൃത്താന്തം ഖുര്‍ആനിലൂടെ താങ്കള്‍ വിവരിച്ചുകൊടുക്കുക; തന്റെ വീട്ടുകാരില്‍ നിന്ന് ദൂരെ കിഴക്കുഭാഗത്തേക്ക് അവര്‍ മാറിയപ്പോള്‍. എന്നിട്ട് ആളുകള്‍ കാണാതിരിക്കാനായി അവരൊരു മറയുണ്ടാക്കി. തത്സമയം നമ്മുടെ മലക്കിനെ അവരുടെയടുത്തേക്ക് നിയോഗിക്കുകയും താനവര്‍ക്കു മുമ്പാകെ പൂര്‍ണ മനുഷ്യരൂപത്തില്‍ വെളിപ്പെടുകയുമുണ്ടായി'' (സൂറത്തു മര്‍യം 16,17).
മറ്റൊരു മുഹൂര്‍ത്തത്തില്‍ ഇസ്്‌ലാം, ഈമാന്‍, ഇഹ്‌സാന്‍ എന്നീ സംജ്ഞകള്‍ പരിചയപ്പെടുത്താന്‍ മനുഷ്യ വേഷത്തിലെത്തിയ ജിബ്‌രീല്‍ ജിജ്ഞാസുവായൊരു ചോദ്യകര്‍ത്താവായി അഭിനയിക്കുന്നത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞ് ജിബ്‌രീല്‍ രംഗം വിട്ടതിനു ശേഷമാണ്, 'വന്നത് മാലാഖയായിരുന്നെന്നും നിങ്ങളെ മതം പഠിപ്പിക്കലായിരുന്നു ആഗമനോദ്ദേശ്യമെ'ന്നും തിരുനബി അനുചരന്മാരോട് വ്യക്തമാക്കിയത്. ദൃശ്യമാധ്യമങ്ങളെന്ന് വ്യവഹരിക്കുമ്പോഴും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളെന്ന് പിരിച്ചെഴുതാവുന്നിടത്തോളം സുദൃഢമാണ് സംഗീതവുമായുള്ള ചലച്ചിത്ര മേഖലയുടെ ബന്ധം. പൗരാണിക കാലം മുതല്‍ക്കേ ഇസ്‌ലാമിക പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള മേഖലയാണ് സംഗീതത്തിന്റേത്. പ്രപഞ്ചത്തെയൊന്നടങ്കം സംഗീതസാന്ദ്രമായി സംവിധാനിച്ച ജഗന്നിയന്താവ് സംഗീതത്തിന്റെ സര്‍ഗമേഖല മനുഷ്യവംശത്തിനു മുന്നില്‍ കൊട്ടിയടക്കില്ലെന്ന് ഇമാം ഗസ്സാലി ഉള്‍പ്പെടെയുള്ള ധിഷണാശാലികളായ പണ്ഡിതര്‍ വാദിക്കുമ്പോള്‍ ഇബ്‌നു ഹജര്‍ ഹൈതമി പോലുള്ള അനേകം പണ്ഡിതര്‍ സംഗീതത്തിനെതിരെ നിശിതമായി നിലപാടെടുത്തവരാണ്. സംഗീത മേഖലയുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളുമൊന്നും ഇവ്വിഷയത്തില്‍ അന്തിമമായൊരു തീര്‍പ്പ് കല്‍പിക്കാന്‍ മാത്രം കണിശമല്ലാത്തതിനാലാണ് ഇത്തരമൊരു ഭിന്നാഭിപ്രായം ഉന്നത ശീര്‍ഷരായ പണ്ഡിതര്‍ക്കിടയില്‍ തന്നെ ഉടലെടുത്തത്. സംഗീതവുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര ചര്‍ച്ചകളില്‍ മിക്കതും അവ ഉത്ഭവിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെടുത്തിയാണ് രേഖപ്പെട്ടുകിടക്കുന്നത്.
സംഗീത മേഖല നിഷിദ്ധമാണെന്നാണ് ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ പക്ഷം. എന്നാല്‍, ഇമാം അബൂഹനീഫയുടെയും മാലിക്കിന്റെയും അഭിപ്രായം സംഗീതം നിഷിദ്ധമാണെന്നതിനു പകരം കറാഹത്താണെന്നാണ്. ചില സംഗീതോപകരണങ്ങള്‍ നിഷിദ്ധമാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും സംഗീതം കറാഹത്താണെന്നും അമിതമായ തോതില്‍ അതിനടിമപ്പെട്ടവന്റെ സാക്ഷ്യം സ്വീകാര്യമല്ലെന്നും ഇമാം ശാഫിഈ വ്യക്തമാക്കുന്നു. അതേസമയം, സംഗീതോപകരണങ്ങളില്ലാതെ സോഫ്റ്റ്‌വെയറുകളിലൂടെയും മറ്റും സംഗീത സംവിധാനം സാധ്യമായ ആധുനിക കാലത്ത് ഉപകരണകേന്ദ്രിതമായ ഇത്തരം കാര്യങ്ങളെല്ലാം പുനര്‍വിചിന്തനമര്‍ഹിക്കുന്നുണ്ട് എന്നതാണ് വസ്തുത. സംഗീതത്തെ നിഷിദ്ധമാക്കാന്‍ വിവിധ പണ്ഡിതരുന്നയിച്ച ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ഉദ്ധരിച്ച ശേഷം ഖുര്‍ആന്‍, സുന്നത്ത്, ഖിയാസ് എന്നിവ മുഖേന അവയൊന്നടങ്കം ഖണ്ഡിക്കുന്നുണ്ട് ഇഹ്‌യാഉ ഉലൂമിദ്ദീനില്‍ ഇമാം ഗസ്സാലി: ''ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും സമയത്ത് അവ വര്‍ധിപ്പിക്കാനാവശ്യമായ സംഗീതമാലപിക്കാവുന്നതാണ്; വന്നുപോയ തെറ്റിന്റെ പേരില്‍ ദുഃഖിക്കുന്ന പോലെ അനുഗ്രഹത്തിന്റെ പേരില്‍ സന്തോഷവുമാകാം. എന്നാല്‍, ഈ സന്തോഷപ്രകടനവും ദുഃഖാചരണവുമെല്ലാം സ്തുത്യര്‍ഹമായിരിക്കണമെന്നു മാത്രം.'' അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍, മുഗീറതുബ്‌നു ശുഅ്ബ, മുആവിയതുബ്‌നു അബീസുഫ്‌യാന്‍ തുടങ്ങി ഒട്ടേറെ സ്വഹാബികളും താബിഉകളും സംഗീതം ശ്രവിക്കാറുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നു ശാഫിഈ പണ്ഡിതനും സ്വൂഫിവര്യനുമായ അബൂത്വാലിബുല്‍ മക്കി. ജുനൈദുല്‍ ബഗ്ദാദി, ദുന്നൂന്‍ അല്‍ മിസ്വ്‌രി തുടങ്ങിയ സ്വൂഫി മഹാത്മാക്കളും ദൈവമാര്‍ഗത്തില്‍ സംഗീതത്തെ വിനിയോഗിച്ചവരായിരുന്നു.
സംഗീതത്തിന്റെയും ഗാനാലാപനത്തിന്റെയും മതപക്ഷം സവിസ്തരം ചര്‍ച്ച ചെയ്യുന്ന, അറുനൂറിലധികം പുറങ്ങളുള്ള പ്രൗഢ പഠനമായ അല്‍മൂസീഖാ വല്‍ഗിനാ ഫീ മീസാനില്‍ ഇസ്്‌ലാം (സംഗീതവും ഗാനവും ഇസ്്‌ലാമിന്റെ അളവുകോലില്‍) എന്ന ഗ്രന്ഥത്തിനൊടുവില്‍, ഡോ. അബ്ദുല്ലാഹി ബ്‌നു യൂസുഫ് അല്‍ജുദൈഅ് മുന്നോട്ടുവെക്കുന്ന ഗവേഷണ ഫലങ്ങള്‍ ഇവയാണ്: 1. ഇവയെക്കുറിച്ചുള്ള മതവിധിയില്‍ ഇജ്മാഅ് (പണ്ഡിതലോകത്തിന്റെ ഏകോപനം) ഇല്ല. 2. അവ നിഷിദ്ധമാണെന്ന് ഒരു ഖുര്‍ആന്‍ സൂക്തവും വ്യക്തമായി പരാമര്‍ശിക്കുന്നില്ല. 3. അവ വിലക്കിക്കൊണ്ട് തിരുസുന്നത്തില്‍ ഖണ്ഡിതമായി യാതൊന്നും വന്നിട്ടില്ല. 4. സ്വഹാബികളുടെയോ താബിഉകളുടെയോ നിലപാടുകളില്‍ സംഗീതവും ഗാനാലാപനവും നിഷിദ്ധമാണെന്ന് വ്യക്തമാക്കുന്ന യാതൊന്നുമില്ല. മാത്രമല്ല, അവരില്‍ പലരും അത് ഉപയോഗിക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു. അവരുടെ കാലശേഷമാണ് അവ നിഷിദ്ധമാണെന്ന അഭിപ്രായം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 5. നാലു മദ്ഹബുകളുടെ ഇമാമുകളും ഇവ സംബന്ധമായി ഹറാമാണെന്നു പറഞ്ഞുവെന്നത് സൂക്ഷ്മമല്ല. 6. അടിസ്ഥാനപരമായി ഈ രണ്ടു വിഷയങ്ങളും അനുവദനീയമാണ്. വ്യക്തമായ പ്രമാണമില്ലാതെ പ്രസ്തുത വിധിയില്‍ മാറ്റമുണ്ടാവതല്ല. ചുരുക്കത്തില്‍, ഏകപക്ഷീയമായി മാറ്റിനിര്‍ത്തുന്നതിനു പകരം കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ
വെളിച്ചത്തില്‍ തന്നെ സംഗീതത്തിന്റെ ക്രിയാത്മകമായ സാധ്യതകള്‍ വിനിയോഗിക്കുന്നതിലായിരിക്കണം ഇസ്്‌ലാമിക ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധ. സംഗീതം അനുവദനീയവും നിഷിദ്ധവുമായി മാറുന്നതില്‍ അതിനു പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന വാദവും ആധുനിക ഇസ്‌ലാമിക പണ്ഡിതര്‍ മുന്നോട്ടുവെക്കുന്നു. സമി യൂസുഫ്, മഹര്‍ സൈന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഗീതത്തിലൂടെ നടത്തുന്ന പ്രബോധനപ്രവര്‍ത്തനങ്ങളും ആഗോള യുവതയില്‍ അവര്‍ ചെലുത്തുന്ന സ്വാധീനവും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതാണ്.
Leave A Comment