എന്തുകൊണ്ട് ബദ്‌രീങ്ങള്‍ ആദരിക്കപ്പെടണം?
സത്യവിശ്വാസിയുടെ ജീവിതത്തില്‍ നിത്യമെന്നോണം സ്മരിക്കപ്പെടുന്നവരാണ് ബദ്‌രീങ്ങള്‍. ആപല്‍ഘട്ടങ്ങളില്‍ സഹായമര്‍ത്ഥിച്ചും അവരുടെ പേരില്‍ നേര്‍ച്ചകള്‍ നേര്‍ന്നും പുണ്യങ്ങള്‍ ചെയ്തുമാണ് നാം അവരെ കൂടുതല്‍ അനുസ്മരിക്കാറുള്ളത്. ഇതു മതത്തില്‍ അവര്‍ക്കുള്ള സ്ഥാനവും അല്ലാഹുവിങ്കല്‍ അവര്‍ക്കുള്ള ശ്രേഷ്ഠതയും ജനമനസ്സില്‍ അവര്‍ക്കുള്ള മഹത്വവുമാണ് സൂചിപ്പിക്കുന്നത്.
അല്ലാഹു ആദരിച്ചനുഗ്രഹിച്ച മനുഷ്യകുലത്തില്‍ അമ്പിയാക്കള്‍ക്കു ശേഷം മുഹമ്മദ് നബി(സ്വ)യുടെ സഹവാസം ലഭിച്ച സ്വഹാബികളാണ് ഏറ്റവും മഹത്വമുള്ളവര്‍. നബി(സ്വ)യുടെ സന്നിധിയില്‍ വന്ന് ഇസ്‌ലാമാശ്ലേഷിച്ച് നിരവധി കാലം അവിടുത്തെ സന്തതസഹചാരിയും ശേഷം ഖലീഫയുമായി ജീവിച്ച അബൂബക്ര്‍ സിദ്ദീഖ്(റ) മുതല്‍, ഒരു ഫര്‍ള് നിസ്‌കാരം പോലും നിര്‍വഹിക്കാനിട ലഭിക്കാതെ വിടപറഞ്ഞ് സ്വര്‍ഗീയപ്രവേശം ലഭിച്ച അനുചരര്‍ വരെ സ്വഹാബികളിലുണ്ട്. പാപ പങ്കിലമായി ജീവിച്ചിരുന്ന അവരെ സവിശേഷമായ തന്റെ തിരുദര്‍ശനത്തിലൂടെ സംശുദ്ധപന്ഥാവിലൂടെ സഞ്ചരിക്കാന്‍ യോഗ്യരാക്കി മാറ്റുകയായിരുന്നു പ്രവാചകന്‍(സ്വ).
വിശ്വാസികളില്‍ ആര്‍ക്കുമില്ലാത്ത ശ്രേഷ്ഠതകളാണ് ബദ്‌രീങ്ങള്‍ക്കുള്ളത്. ലോകത്തിന്റെ അഷ്ട ദിക്കുകളിലേക്ക് ഇസ്‌ലാമിന്റെ വാതായനം തുറന്നുകൊടുത്തതും അതിനുള്ള പാതയൊരുക്കിയതും അവരാണ്. അതുകൊണ്ട് നരകമോചനവും സ്വര്‍ഗപ്രവേശവും പാപമോചനവും അല്ലാഹു അവര്‍ക്കു നല്‍കി. മാത്രമല്ല, ഇഹലോകത്ത് ഇസ്‌ലാമിന്റെ ചരിത്രത്തിലുടനീളം പ്രകാശം പരത്തുന്ന താരകങ്ങളായി അവര്‍ പരിലസിക്കുകയും ചെയ്യുന്നു. അവരെക്കുറിച്ചുള്ള സ്മരണകള്‍ മുസ്‌ലിമിന് ആവേശവും ആത്മധൈര്യവും പകരുന്നു.
ബദ്‌രീങ്ങളുടെ ഒന്നാമത്തെ മഹത്വം അവര്‍ തിരുനബി(സ്വ)യുടെ അനുചരരായിരുന്നുവെന്നതാണ്. തന്റെ അനുചരര്‍ മുഴുവനും നീതിമാന്‍മാരും നക്ഷത്ര സമാനരുമാണെന്നും അവരിലാരെ പിന്തുടര്‍ന്നവനും ഋജുപന്ഥാവിലാകുമെന്നുള്ള നബിവചനം തന്നെ സ്വഹാബത്തിന്റെ മഹത്വം സൂചിപ്പിക്കാന്‍ ധാരാളമാണ്. അനസുബ്‌നു മാലിക്(റ)വില്‍നിന്ന് നിവേദനം. നബി(സ്വ) പറയുന്നു : (സമൂഹത്തില്‍) എന്റെ അനുചരരുടെ ഉപമ ഭക്ഷണത്തിലെ ഉപ്പ് പോലെയാണ്. ഉപ്പില്ലാതെ ഭക്ഷണം നന്നാവുകയില്ല-സ്വഹാബത്തിനെ അനുധാവനം ചെയ്യാതെ സമൂഹം രക്ഷപ്പെടുകയില്ല.'' (നസീമുര്‍റിയാള്).
സ്വഹാബികളില്‍നിന്ന് മുഹാജിരീങ്ങളും അന്‍സ്വാറുകളും മാത്രമാണ് ബദ്‌റില്‍ പങ്കെടുത്തത്. സ്വഹാബികളില്‍ ഏറ്റവും ഉന്നതരാണ് മുഹാജിറുകളും അന്‍സ്വാറുകളും. വിശുദ്ധ ഖുര്‍ആന്‍ അവരുടെ നിരവധി സവിശേഷതകള്‍ പറയുന്നുണ്ട്. ഇലാഹീ പ്രീതി നേടിയ അവരെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ''മുഹാജിറുകളില്‍നിന്നും അന്‍സ്വാറുകളില്‍ നിന്നും ഏറ്റവുമാദ്യമായി (ഇസ്‌ലാമിലേക്ക്) മുന്നോട്ടു വന്നവരും സുകൃതം ചെയ്തു കൊണ്ട് അവരെ പിന്‍പറ്റിയവരുമായവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അല്ലാഹുവിനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗങ്ങളില്‍കൂടി നദികളൊഴുകുന്ന സ്വര്‍ഗങ്ങള്‍ അല്ലാഹു അവര്‍ക്ക് ഒരുക്കിവച്ചിട്ടുമുണ്ട്. അവരതില്‍ എന്നെന്നും നിവസിക്കുന്നവരാണ്. അതാണ് മഹത്തായ വിജയം!'(തൗബ: 100).
അല്ലാഹുവിന്റെ ദീനിനു വേണ്ടി സ്വന്തം നാടും വീടും സമ്പത്തുമെല്ലാം വെടിഞ്ഞ് ഹിജ്‌റ പോയവരാണല്ലോ മുഹാജിറുകള്‍. ശത്രുക്കളില്‍നിന്ന് യുദ്ധം കൂടാതെ ലഭിക്കുന്ന 'ഫൈഅ്' മുതലിന്റെ അവകാശികളെ പറയുന്നിടത്ത് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു: ''തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നും സ്വത്തുക്കളില്‍നിന്നും പുറത്താക്കപ്പെട്ട മുഹാജിറുകളായ ദരിദ്രര്‍ക്കുള്ളതാണ് (വിശിഷ്യാ ആ ധനം).'' അവര്‍ അല്ലാഹുവിങ്കല്‍നിന്നുള്ള അനുഗ്രഹവും സംതൃപ്തിയും തേടുന്നവരും അല്ലാഹുവിനെയും അവന്റെ റസൂലിനെയും സഹായിക്കുന്നവരുമായ അവസ്ഥയിലാണ് (പുറത്താക്കപ്പെട്ടത്). അവര്‍ തന്നെയാണ് സത്യവാന്‍മാര്‍.'' (സൂറതുല്‍ ഹശ്ര്‍: 8). ഈ സൂക്തത്തില്‍ മുഹാജിരീങ്ങളുടെ ആറ് ഗുണങ്ങളാണ് അല്ലാഹു എടുത്തുദ്ധരിക്കുന്നത്. 1- ദരിദ്രന്‍മാര്‍. 2- ഹിജ്‌റപോയവര്‍. 3- സ്വന്തം വീടുകളില്‍നിന്നും സ്വത്തില്‍നിന്നും ആട്ടിപ്പുറത്താക്കപ്പെട്ടവര്‍. 4- അല്ലാഹുവിന്റെ ഔദാര്യവും തൃപ്തിയും മാത്രം കാംക്ഷിക്കുന്നവര്‍. 5- സ്വശരീരം കൊണ്ടും ധനം കൊണ്ടും അല്ലാഹുവിനെയും റസൂലിനെയും സഹായിക്കുന്നവര്‍. 6- സത്യസന്ധര്‍.
മനുഷ്യനെ അല്ലാഹു ദാരിദ്ര്യം കൊണ്ട് പരീക്ഷിക്കുമ്പോള്‍ ആരുടെ മുന്നിലും യാചിക്കാതെ ക്ഷമിച്ചുകൊണ്ട് ജീവിക്കുന്നവരോട് അല്ലാഹുവിന് ഇഷ്ടം കൂടുതലാണ്. ധനാഢ്യര്‍ സ്വര്‍ഗത്തില്‍ കടക്കും മുമ്പ് ദരിദ്രര്‍ പ്രവേശിക്കുമെന്ന് തിരുമൊഴികളിലുണ്ട്. അത്വിയ്യതുബ്‌നു സഈദ്(റ) നിവേദനം ചെയ്യുന്നു: നബി(സ്വ) പറയുകയുണ്ടായി: ''മുഹാജിറുകളിലെ ദരിദ്രര്‍ അവരിലെ ധനാഢ്യര്‍ സ്വര്‍ഗത്തില്‍ കടക്കുന്നതിന് 500 വര്‍ഷം മുമ്പ് പ്രവേശിക്കുന്നതാണ്.'' നബി(സ്വ) ആഇശ ബീബിയോട് പറഞ്ഞു: ''നീ പാവപ്പെട്ടവരെ ഒരു കാരക്കച്ചീളെങ്കിലും നല്‍കാതെ മടക്കിവിടരുത്. അവരെ നീ ഇഷ്ടം വയ്ക്കുകയും തന്നിലേക്കവരെ അടുപ്പിക്കുകയും ചെയ്യുക. എന്നാല്‍, അല്ലാഹു നിന്നെ അന്ത്യനാളില്‍ അടുപ്പിക്കുന്നതാണ്.'' അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ) പറയുന്നു: ''ഒരു മനുഷ്യന്‍ വന്ന് നബി(സ്വ) യോട് പറഞ്ഞു: അല്ലാഹു തന്നെയാണ് സത്യം, ഞാന്‍ നിങ്ങളെ ഇഷ്ടംവയ്ക്കുന്നു. എന്താണ് നീ പറയുന്നതെന്ന് കൂടുതല്‍ ആലോചിക്കുക. അദ്ദേഹം ആദ്യം പറഞ്ഞതു തന്നെ മൂന്നു തവണ ആവര്‍ത്തിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ എന്നെ ഇഷ്ടപ്പെടുന്നുവെങ്കില്‍ ദാരിദ്ര്യത്തിനു വേണ്ടി ഒരു പടയങ്കി തയ്യാര്‍ ചെയ്ത് വച്ചോളൂ. മലവെള്ളം അതിന്റെ ലക്ഷ്യത്തിലെത്തുന്നതിനെക്കാള്‍ വേഗതയില്‍ ദാരിദ്ര്യം എന്നെ ഇഷ്ടപ്പെടുന്നവരിലേക്കെത്തുന്നതാണ്.'' (തിര്‍മുദി)
മുഹാജിര്‍ എന്ന പേര് വരാന്‍ കാരണമായ ഹിജ്‌റ തന്നെയാണ് അവരുടെ രണ്ടാമത്തെ മഹത്വം. സ്വന്തം നാടും വീടും സമ്പത്തുമെല്ലാം ത്യജിച്ച്, മതത്തിനു വേണ്ടി ജീവനും കൊണ്ടോടിയവരാണ് മുഹാജിറുകള്‍. അല്ലാഹുവിന്റെ സത്യസന്ദേശം അംഗീകരിച്ചതിന്റെ പേരിലാണ് ഉടപ്പിറപ്പുകളെ പോലും കൈവെടിഞ്ഞ് അവര്‍ യാത്രപോകേണ്ടിവന്നത്. റോമില്‍നിന്ന് മക്കയില്‍ വന്ന് മുസ്‌ലിമായ ശേഷം അത്യദ്ധ്വാനത്തിലൂടെ നേടിയ സമ്പാദ്യം മുഴുവനും താന്‍ ഹിജ്‌റ പോയപ്പോള്‍ ഒരിടത്ത് ഭദ്രമായി സൂക്ഷിച്ചുവച്ചത് പോലും തന്നെ പിന്തുടര്‍ന്ന ശത്രുസമൂഹം ആവശ്യപ്പെട്ടപ്പോള്‍ നിസ്സങ്കോചം സൂക്ഷിപ്പുകേന്ദ്രം പറഞ്ഞുകൊടുത്തവരാണ് സുഹൈബുര്‍റൂമി(റ). സൂറതുല്‍ ബഖറയിലെ 207ാം സൂക്തം പോലുമിറങ്ങിയത് സുഹൈബ്(റ)നെ കുറിച്ചാണെന്ന് തഫ്‌സീറുകളില്‍ കാണാം. ''സത്യവിശ്വാസം അവലംബിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ ധനവും ദേഹവും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ അതിമഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയികള്‍.'' (തൗബ- 20)
സ്വന്തം നാട്ടില്‍നിന്നും വീട്ടില്‍നിന്നും പുറത്താക്കപ്പെട്ടവരാണ് മുഹാജിറുകള്‍. പെറ്റുമ്മയും പിറന്ന നാടും സ്വര്‍ഗത്തെക്കാള്‍ മഹത്തരമെന്നു പറയപ്പെടാറുണ്ട്. ആരു തന്നെ ആക്രമിച്ചാലും ഏതൊരാള്‍ക്കും അഭയം തേടാനുള്ളത് സ്വന്തം നാട്ടിലും വീട്ടിലുമാണ്. അങ്ങനെയിരിക്കെ തന്റെ ജീവന്‍ സംരക്ഷിക്കുന്ന നാഥന്റെ ഏകദൈവത്വം അംഗീകരിച്ചതിന്റെ പേരില്‍ പിറന്ന നാട്ടില്‍ നിന്ന് അഭയം നല്‍കേണ്ടവര്‍ തന്നെ ആട്ടിയോടിച്ചാല്‍ എന്തു ചെയ്യും?!
അല്ലാഹുവിന്റെ പ്രീതിയും ഔദാര്യവും മാത്രം കാംക്ഷിച്ചാണ് സത്യദീനിനു വേണ്ടി മുഹാജിറുകള്‍ അത്യദ്ധ്വാനം നടത്തിയത്. രണഭൂമികളില്‍ സ്വന്തം രക്തബന്ധത്തിലുള്ളവരുടെ തലയറുക്കാന്‍ പോലും അവര്‍ക്ക് പ്രേരകമായത് അല്ലാഹുവിന്റെ പ്രീതി ലഭിക്കുമെന്ന ശുഭപ്രതീക്ഷയാണ്. 'അല്ലാഹുവിന്റെ തൃപ്തി ആശിച്ചുകൊണ്ട് തങ്ങളുടെ ആത്മാക്കളെ വില്‍ക്കുന്നവരും മനുഷ്യരില്‍ തന്നെയുണ്ട്. അല്ലാഹു അവന്റെ അടിമകളോട് ഏറ്റവും കൃപയുള്ളവനാകുന്നു.'' (അല്‍ബഖറ: 207) സ്വശരീരവും സമ്പത്തുമുപയോഗിച്ച് അല്ലാഹുവിനെയും റസൂലിനെയും സഹായിച്ചവരാണവര്‍. പ്രവാചകാനുചരരുടെ ചരിതം മുഴുവനും ഇതിന് സാക്ഷിയാണ്. വിവാഹം കഴിഞ്ഞ് ആദ്യരാത്രി ഭാര്യയോടൊപ്പം കഴിച്ചുകൂട്ടുമ്പോള്‍ യുദ്ധവിളിയാളം കേട്ട് പടക്കളത്തിലേക്കോടി ശഹീദായ ഹന്‍ളല(റ)വും കോടീശ്വരനായി ജീവിച്ച് അവസാനം എല്ലാം ദീനിനു വേണ്ടി ചെലവഴിച്ച് തന്നെ കഫന്‍ ചെയ്യുമ്പോള്‍ ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം പോലുമില്ലാത്തതു കാരണം പുല്ല് വച്ച് കഫന്‍ ചെയ്യപ്പെടേണ്ടിവന്ന മിസ്വ്അബ്ബ്‌നു ഉമൈറ്(റ)വുമൊക്കെ ചില ഉദാഹരണങ്ങള്‍. വേദനാജനകമായ ശിക്ഷയില്‍നിന്ന് രക്ഷ നല്‍കുന്ന കച്ചവടത്തിലേര്‍പ്പെട്ടവരായിരുന്നു അവര്‍. അഥവാ, സ്വന്തം സ്വത്തുക്കള്‍ കൊണ്ടും ദേഹങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തവര്‍.'' (സൂറതുസ്സ്വഫ് 11)
സത്യസന്ധതയാണ് മുഹാജിറുകളുടെ ആറാമത്തെ ഗുണം. മുന്‍ചൊന്ന ഗുണഗണങ്ങളെല്ലാം ഒത്തിണങ്ങിയവര്‍ക്ക് സത്യസന്ധതയെന്നത് ഒരു തിലകച്ചാര്‍ത്ത് മാത്രമാണ്. സത്യസന്ധര്‍ക്കു മാത്രമേ ഇങ്ങനെ ജീവിച്ചു മാതൃക കാണിക്കുവാന്‍ സാധിക്കുകയുള്ളൂ.
സൂറതുല്‍ ഹശ്‌റിലെ ഒമ്പതാം സൂക്തത്തില്‍ അന്‍സ്വാരികളുടെ ആറു വിശേഷണങ്ങള്‍ കാണാം. അല്ലാഹു പറയുന്നു: ''അവരുടെ മുമ്പായി (മുഹാജിറുകളുടെ വരവിനു മുമ്പായി) തന്നെ വാസസ്ഥലം സൗകര്യപ്പെടുത്തിവച്ചവരും സത്യവിശ്വാസം സ്വീകരിച്ചവര്‍ക്കും ഉള്ളതാണ്. തങ്ങളുടെ അടുക്കലേക്ക് ഹിജ്‌റ വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. മുഹാജിറുകള്‍ക്ക് നല്‍കപ്പെട്ടതിനെ സംബന്ധിച്ച് തങ്ങളുടെ മനസ്സുകളില്‍ ഒരു അസൂയയും അവര്‍ കണ്ടെത്തുകയില്ല. സ്വന്തത്തിനു ആവശ്യമുണ്ടെങ്കില്‍ പോലും തങ്ങളെക്കാള്‍ (മറ്റുള്ളവര്‍ക്ക്) അവര്‍ പ്രാധാന്യം നല്‍കും. മനസ്സിന്റെ പിശുക്കില്‍നിന്ന് ആര് സുരക്ഷിതരായോ അവര്‍ തന്നെയാണ് വിജയികള്‍.''(സൂറതുല്‍ ഹശ്‌റ്: 9)
വളരെക്കാലങ്ങള്‍ക്കു മുമ്പ് തന്നെ നബി(സ്വ)യെയും സ്വഹാബത്തിനെയും സ്വീകരിക്കാന്‍ വേണ്ടി മദീനയില്‍ കുടിയേറിപ്പാര്‍ത്തവരാണ് അന്‍സ്വാരികള്‍. അവരുടെ കുടുംബവേരുകളെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ കാണാം. ബി.സി 115 മുതല്‍ എ.ഡി.525 വരെയുള്ള 640 കൊല്ലക്കാലം യമനും പരിസരങ്ങളും വളരെ പ്രശസ്തമായ രീതിയില്‍ ഭരിച്ചവരാണ് തുബ്ബഅ് വംശം. തുബ്ബഅ് വംശത്തിലെ അസ്അദ് എന്ന് പേരുള്ള രാജന്‍ യമനില്‍ നിന്നും പടയുമായി വന്ന് സമര്‍ഖന്ദും മറ്റു നിരവധി പ്രദേശങ്ങളും കീഴടക്കി മദീനയിലെത്തി. അവിടെയുള്ളവരുമായി യുദ്ധം ചെയ്തു. പക്ഷേ, അവരോട് വിജയിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ തന്റെ കൂടെയുളള രണ്ട് ജൂത പണ്ഡിതര്‍ രാജനോട് പറഞ്ഞു: ''നിങ്ങള്‍ ഇവരുമായി പോരാടിയാല്‍ ജയിക്കുകയില്ല. ഇത് അന്ത്യപ്രവാചകന്‍ പലായനം ചെയ്തുവരുന്ന പ്രദേശമാണ്. മാത്രവുമല്ല, പകല്‍ സമയത്ത് തുബ്ബഉമായി യുദ്ധം ചെയ്തിരുന്ന ആ പ്രദേശക്കാര്‍ രാത്രി അവരോട് ആതിഥ്യമര്യാദ കാണിക്കുന്നത് കണ്ട് തുബ്ബഇനു വലിയ നാണം തോന്നുകയുമുണ്ടായി'' (ഇബ്‌നുകസീര്‍-സൂറതുദ്ദുഖാന്‍). തുബ്ബഇന്റെ കൂടെ പുറപ്പെടുന്ന സൈന്യത്തില്‍ നിരവധി പണ്ഡിതരും മറ്റും ഉണ്ടാകുമായിരുന്നെന്നും, മദീനയില്‍ വന്നപ്പോള്‍ കൂടെയുണ്ടായിരുന്നവരില്‍ 400 പേര്‍ മദീനയില്‍ തന്നെ നില്‍ക്കാന്‍ സമ്മതം വാങ്ങുകയും അങ്ങനെ അവരുടെ പരമ്പരയിലുണ്ടായവരാണ് അന്‍സ്വാരികളെന്നും പറയുന്നവരുണ്ട്. ഏതു പക്ഷമെടുത്താലും ഉത്തമ ഗുണങ്ങളുള്ള ഒരു പാരമ്പര്യത്തിലാണ് അന്‍സ്വാരികള്‍ കടന്നുവന്നതെന്നര്‍ത്ഥം.
ഇന്നും മദീനയിലെ അറബികള്‍ ഉത്തമ സ്വഭാവക്കാരാണെന്ന് നമ്മില്‍ പലര്‍ക്കും അനുഭവമാണല്ലോ. മനസ്സില്‍ വിശ്വാസത്തെ കുടിയിരുത്തിയവര്‍ എന്നാണ് അല്ലാഹു അവരെ രണ്ടാമതായി വിശേഷിപ്പിച്ചത്. അന്‍സാരികളുടെ ചരിത്രം മുഴുവനും ഇതിനു സാക്ഷ്യമാണ്. ഹിജ്‌റയ്ക്ക് മുമ്പ് തന്നെ മക്കയിലേക്ക് സംഘങ്ങളായി വരികയും നബി(സ്വ)യുമായി ഉടമ്പടികള്‍ നടത്തി ഇസ്‌ലാം സ്വീകരിക്കുകയും ആ വിശ്വാസം തങ്ങളുടെ നാട്ടില്‍ ചെന്ന് പ്രചരിപ്പിക്കുകയും ചെയ്ത് മദീനയെ ഇസ്‌ലാമിനു വളക്കൂറുള്ള പ്രദേശമാക്കി മാറ്റിയെടുത്തത് അന്‍സാരികളാണ്.
തങ്ങളുടെ നാട്ടിലേക്ക് അഭയാര്‍ത്ഥികളായി വന്നവരെ അത്യധികം സ്‌നേഹിച്ചവരാണ് അന്‍സാരികള്‍. നാട്ടിലേക്കു വന്നവരെ സ്വീകരിക്കുകയും അവരെ സ്വന്തം കുടുംബത്തെക്കാളും സമ്പത്തിനെക്കാളും സ്വന്തത്തെക്കാളും സ്‌നേഹിച്ചു. മുഹാജിറുകള്‍ക്ക് നല്‍കപ്പെട്ടതിന്റെ പേരില്‍ അന്‍സാരികളുടെ മനസ്സില്‍ തരിമ്പും അസൂയയുണ്ടായില്ല. മദീനയില്‍ വന്നപ്പോള്‍ ചില്ലിക്കാശ് പോലുമില്ലാതിരുന്ന പലരും പിന്നീട് കച്ചവടത്തിലൂടെയും മറ്റും പ്രദേശവാസികളെക്കാള്‍ വലിയ ധനാഢ്യരായി. എന്നിട്ടും അത് മദീനക്കാരെ അസൂയാലുക്കളാക്കിയില്ല. ഇത് അവരുടെ ഏറ്റവും നല്ല ഗുണം തന്നെയാണ്. നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ വച്ച് താരതമ്യം ചെയ്യുമ്പോള്‍ അന്‍സാരികളുടെ മഹത്വം ശതഗുണീഭവിക്കുന്നതു കാണാം.
തങ്ങള്‍ക്ക് ആവശ്യങ്ങളുണ്ടെങ്കിലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവരായിരുന്നു അന്‍സാരികള്‍. മക്കയില്‍നിന്ന് മുഹാജിറുകള്‍ മദീനയിലേക്കു വന്നപ്പോള്‍ രണ്ടു വീടുണ്ടായിരുന്നവര്‍ ഒരു വീട് സഹോദരനായ മുഹാജിറിനു നല്‍കി. രണ്ട് തോട്ടമുള്ളവര്‍ ഒന്ന് മുഹാജിറിനു ദാനം ചെയ്തു. ഒന്നിലധികം ഭാര്യമാരുള്ളവര്‍ അവരില്‍ മുഹാജിറിന് ഇഷ്ടമുള്ളവളെ അവന് വേണ്ടി ത്വലാഖ് ചൊല്ലിക്കൊടുത്തു. സ്വന്തം കുടുംബം പട്ടിണി കിടന്നാലും തങ്ങളുടെ നാട്ടിലേക്കു വന്നവര്‍ വിശന്നു കഴിയരുതെന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നു. ഉപര്യുക്ത ഗുണങ്ങളെല്ലാം അവരില്‍ ഉണ്ടായതിന്റെ പ്രധാന കാരണം അവരുടെ മനസ്സില്‍ തീരെ ലുബ്ധ് ഉണ്ടായിരുന്നില്ല എന്നതാണ്.
മുഹാജിറുകളുടെയും അന്‍സാറുകളുടെയും മഹത്വങ്ങള്‍ വിശദീകരിച്ച ശേഷം അല്ലാഹു പറയുന്നു: ''അവര്‍ക്കു ശേഷം വന്നവര്‍ക്കുമുള്ളതാണ്. (ഫൈഅ്). അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ മുന്‍കഴിഞ്ഞുപോയ ഞങ്ങളുടെ സഹോദരന്‍മാര്‍ക്കും നീ പൊറുക്കേണമേ! ഞങ്ങളുടെ ഹൃദയങ്ങളില്‍ സത്യവിശ്വാസികളോട് ഒരു പകയും നീ ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ, നിശ്ചയം നീ വളരെ കൃപയുള്ളവനും പരമകാരുണികനുമാകുന്നു.'' (സൂറതുല്‍ ഹശ്‌റ്: 10) സൂറതുല്‍ ഹശ്‌റിലെ 8, 9, 10 ആയത്തുകളുടെ വിശദീകരണത്തില്‍ തഫ്‌സീറുര്‍റാസി പറയുന്നു: ''ഈ മൂന്ന് ആയത്തുകള്‍ ലോകവിശ്വാസികളെ മുഴുവനും ഉള്‍ക്കൊള്ളിക്കുന്നുണ്ട്. വിശ്വാസികള്‍ ഒന്നുകില്‍ മുഹാജിറുകളോ അന്‍സാരികളോ അല്ലെങ്കില്‍ അവര്‍ക്കു ശേഷം വന്നവരോ ആയിരിക്കും. ശേഷം വന്നവര്‍ തങ്ങളുടെ മുന്നേ കടന്നുപോയ മുഹാജിറുകള്‍ക്കും അന്‍സാരികള്‍ക്കും പ്രത്യേകമായി പ്രാര്‍ത്ഥിക്കുകയും നന്‍മ കൊണ്ട് ഓര്‍ക്കുകയും വേണം. ഇതിനു പകരം അവരെ സംബന്ധിച്ച് മോശമായി പരാമര്‍ശിക്കുന്നവര്‍ വിശ്വാസീ വൃത്തത്തില്‍നിന്ന് പുറത്താണെന്ന് ഖുര്‍ആന്‍ സൂക്തം മനസ്സിലാക്കിത്തരുന്നു.'''(തഫ്‌സീറുര്‍റാസി- സൂറതുല്‍ ഹശ്‌റ്).
ബദ്‌രീങ്ങളുടെ എണ്ണത്തില്‍ അഭിപ്രായാനൈക്യമുണ്ടെങ്കിലും പ്രബലാഭിപ്രായം നബി(സ്വ)യുള്‍പ്പെടെ 314 പേരാണ്. ഇവരില്‍ ബദ്ര്‍ രണാങ്കണത്തില്‍ പങ്കെടുത്തില്ലെങ്കിലും ബദ്‌റില്‍ പങ്കെടുത്ത പുണ്യം ഓഫര്‍ ചെയ്യപ്പെട്ട ഉസ്മാന്‍(റ) അടക്കമുള്ളവരും ഉള്‍പ്പെടും. ചരിത്രപണ്ഡിതനായ ഇബ്‌നുഇസ്ഹാഖ്(റ)വിന്റെ അഭിപ്രായത്തില്‍ മുഹാജിറുകളില്‍ നിന്ന് 83 പേരും അന്‍സ്വാറുകളില്‍ നിന്ന് 231 (ഔസ് 61, ഖസ്‌റജ് 170) പേരുമാണ് ബദ്‌റില്‍ പങ്കെടുത്തത്.
''നിങ്ങള്‍ ഇഷ്ടമുള്ളത് പ്രവര്‍ത്തിച്ചോളൂ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കെല്ലാം പൊറുത്തിരിക്കുന്നു''വെന്ന് അല്ലാഹു തന്റെ അടിമകളില്‍നിന്ന് നേരിട്ട് പറഞ്ഞ വിഭാഗമാണ് ബദ്‌രീങ്ങള്‍. മുസ്‌ലിങ്ങളുടെ സൈനിക നീക്കങ്ങളെ കുറിച്ചും മറ്റും ശത്രുക്കളില്‍ പെട്ടവര്‍ക്ക് വിവരമറിയിച്ച് കത്തെഴുതിയ ഹാത്വിബ്ബ്‌നു അബീ ബല്‍തഅതിനെ തൊണ്ടി സഹിതം അലി(റ)വും കൂട്ടരും നബി(സ്വ)യുടെ സന്നിധിയില്‍ കൊണ്ട് വന്നു. അദ്ദേഹത്തെ കണ്ടയുടനെ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിച്ച ഹാത്വിബ്(റ)വിനെ വധിക്കട്ടെയെന്ന് ഉമര്‍(റ) സമ്മതം ചോദിച്ചു. നബി(സ്വ) ഹാത്വിബി(റ)നോട് കത്തെഴുതാനുള്ള സാഹചര്യം ചോദിച്ചു. അദ്ദേഹം പറഞ്ഞു: ''നബിയേ, ഞാനിപ്പോഴും അല്ലാഹുവിലും തങ്ങളിലും പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നവനാണ്. മക്കയില്‍ എന്റെ ചില കുടുംബങ്ങളുണ്ട്. ആ കുടുംബത്തെയും എന്റെ സമ്പത്തും സംരക്ഷിക്കാന്‍ മക്കയിലെ ചില പ്രമാണിമാരെ സ്വാധീനിക്കാന്‍ മാത്രമാണ് ഞാന്‍ കത്തെഴുതിയത്. അങ്ങയുടെ അനുചരരിലെ എല്ലാവരുടെ കുടുംബത്തേയും സംരക്ഷിക്കാന്‍ വേണ്ടവര്‍ അവിടെയുണ്ട്. എന്റെ കുടുംബത്തിന് ആരുമില്ല.'' ഇതു കേട്ടപ്പോള്‍ ഹാത്വിബ് പറഞ്ഞത് സത്യമാണെന്നും അദ്ദേഹത്തെ കുറിച്ച് നന്മ മാത്രമേ നിങ്ങള്‍ പറയാവൂ എന്നും നബി(സ്വ) പ്രതികരിച്ചു. ഇതു കേട്ടിട്ടും ഉമര്‍(റ)വിന് അടക്കം വന്നില്ല. വിശ്വാസികളെ മുഴുവന്‍ വഞ്ചിച്ച ഇദ്ദേഹത്തെ വധിച്ചുകളയട്ടെ എന്ന് വീണ്ടും ചോദിച്ചു. ഇതു കേട്ടപ്പോള്‍ നബി(സ്വ) ചോദിച്ചു: ''അദ്ദേഹം ബദ്‌രിയല്ലേ!? ബദ്‌രീങ്ങളിലേക്ക് വെളിപ്പെട്ട് 'നിങ്ങള്‍ ഇച്ഛിച്ചത് ചെയ്‌തോളൂ, ഞാന്‍ നിങ്ങള്‍ക്കെല്ലാം പൊറുത്തിരിക്കുന്നു/ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗം നിര്‍ബന്ധമാക്കിയിരിക്കുന്നു' എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ?'' ഇതു കേട്ടപ്പോള്‍ ഇത്രയും മഹത്വമുള്ള ഒരു വ്യക്തിക്കെതിരേയാണല്ലോ ഞാന്‍ തിരിഞ്ഞതെന്ന ദുഃഖത്താല്‍ ഉമര്‍(റ)വിന്റെ കണ്ണില്‍ നിന്ന് അശ്രുകണങ്ങള്‍ ഉതിര്‍ന്നുവീണു.
പിന്നീട് ബദ്‌രീങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്ഥാനം കല്‍പ്പിക്കുന്ന വ്യക്തിയായി ഉമര്‍(റ) മാറിക്കഴിഞ്ഞു. നബി(സ്വ)യുടെ കാലത്ത് ഇസ്‌ലാമിന്റെ പേരില്‍ ലഭിച്ചിരുന്ന സ്വത്ത് എല്ലാ സ്വഹാബികള്‍ക്കും ലഭിക്കുംവിധം വിതരണം ചെയ്യാന്‍ മാത്രം ഉണ്ടായിരുന്നില്ല. ആ ധനം തീരുവോളം വിതരണം ചെയ്യുന്ന ശീലമായിരുന്നു അന്നു നിലവിലുണ്ടായിരുന്നത്. നബി(സ്വ)യുടെ കാലശേഷം സിദ്ദീഖ്(റ)വും ആ രീതി സ്വീകരിച്ച് വിഹിതം വെച്ചപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ''സമ്പത്ത് വിതരണത്തില്‍ ബദ്‌രീങ്ങളെയും അല്ലാത്തവരെയും താങ്കള്‍ തുല്യരാക്കുകയാണോ? '' സിദ്ദീഖ്(റ) പറഞ്ഞു: ''ഇത് ഐഹിക ലോകത്തെ സമ്പത്തല്ലേ?. ബദ്‌രീങ്ങള്‍ക്ക് പരലോകത്തെ പ്രതിഫലത്തിലല്ലേ മഹത്വം കല്‍പ്പിക്കപ്പെടേണ്ടത്?'' ഇത്രയും ശ്രേഷ്ഠ വിഭാഗമായ ബദ്‌രീങ്ങളെ ദുനിയാവിന്റെ ചെളി കൊണ്ട് അഴുക്കാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, തന്റെ കാലത്ത് പൊതു ഖജനാവില്‍നിന്ന് ഓരോ സ്വഹാബിക്കും അയ്യായിരം വീതം (ദീനാറോ ദിര്‍ഹമോ) നല്‍കുമ്പോള്‍ ബദ്‌റില്‍ പങ്കെടുത്തവര്‍ക്കു ഞാന്‍ പ്രത്യേകമായി അധികം നല്‍കുമെന്ന് ഉമര്‍(റ) പറഞ്ഞിരുന്നു.
ഹദീസുകള്‍ നിവേദനം ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു നിവേദകനോ അല്ലെങ്കില്‍ അവരുടെ പിതാവോ ബദ്‌രിയാണെങ്കില്‍ അതു പോലും ഹദീസ് പരമ്പരയില്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ പ്രത്യേകം പരാമര്‍ശിക്കുന്നത് കാണാം. നബി(സ്വ)യുടെ വഫാതിനു ശേഷം സിദ്ദീഖ്(റ)വും ഉമര്‍(റ)വും അന്‍സ്വാരികളെ കാണാന്‍ പോകുന്ന വഴിയില്‍ വച്ച് ബദ്‌റില്‍ പങ്കെടുത്ത രണ്ടാളുകളെ കണ്ടുമുട്ടി. ഈ സംഭവം പിന്നീട് ഉദ്ധരിക്കുമ്പോള്‍ ബദ്‌റില്‍ പങ്കെടുത്ത സ്വാലിഹീങ്ങളായ രണ്ടു വ്യക്തിത്വങ്ങളെ ഞങ്ങള്‍ കണ്ടുമുട്ടി എന്നാണ് ഉമര്‍(റ) പറയുന്നത്. ബദ്‌രിയാവുന്നതിനെക്കാള്‍ ഉന്നതമായ മറ്റൊരു സ്ഥാനം അല്ലാഹുവിന്റെ ഭൂമിലോകത്തില്ല എന്ന് ചുരുക്കം.
ബദ്‌രീങ്ങളില്‍ ഒരാള്‍ പോലും നരകത്തില്‍ കടക്കുകയില്ലെന്ന് നബി(സ്വ) ആണയിട്ട് പറഞ്ഞിട്ടുണ്ട്. ഉപര്യുക്ത ഹാത്വിബ്(റ)വിന്റെ അടിമക്കുട്ടി വന്ന് ഒരിക്കല്‍ നബി(സ്വ)യോട് അദ്ദേഹത്തെ സംബന്ധിച്ച് പരാതി പറയുന്നതിനിടയില്‍ 'ഹാത്വിബ് നരകത്തില്‍ കടക്കുക തന്നെ ചെയ്യും തീര്‍ച്ച! ' എന്ന് പറഞ്ഞു. ഉടനെ നബി(സ്വ) പറഞ്ഞു: ''നീ പറഞ്ഞത് കള്ളമാണ്. ഹുദൈബിയ്യയിലും ബദ്‌റിലും പങ്കെടുത്ത ഹാത്വിബ് ഒരിക്കലും നരകത്തില്‍ കടക്കില്ല.'' (സ്വഹീഹുല്‍ബുഖാരി) ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു: ''ഇന്‍ശാഅല്ലാഹ്, ബദ്‌റിലോ ഹുദൈബിയ്യയിലോ സംബന്ധിച്ച ഒരാളും നരകത്തില്‍ പ്രവേശിക്കുകയില്ലെന്നു തീര്‍ച്ചയായും ഞാന്‍ പ്രതീക്ഷിക്കുന്നു.''
അനസ്(റ)പറയുന്നു: ''ഹാരിസത്(റ) ബദ്‌റില്‍ ശഹീദായപ്പോള്‍ അവരുടെ മാതാവ് വന്ന് നബി(സ്വ)യോട് പറഞ്ഞു-ഹാരിസതിന് എന്റെ അടുക്കലുണ്ടായിരുന്ന സ്ഥാനം നിങ്ങള്‍ക്കറിയാമല്ലോ. അവന്‍ സ്വര്‍ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിക്കാന്‍ തയ്യാറാണ്. മറ്റു വല്ലതുമാണ് അവന്റെ വിധിയെങ്കില്‍ ഞാന്‍ ചെയ്യുന്നത് നിങ്ങള്‍ കാണേണ്ടിവരും.'' ഉടനെ നബി(സ്വ) പറഞ്ഞു: ''നിനക്ക് നാശം! നിനക്കെന്താ ബുദ്ധിമോശം സംഭവിച്ചോ!? അവന് നിരവധി പറുദീസകളാണ്. ഹാരിസത് ജന്നാതുല്‍ഫിര്‍ദൗസിലാണ്.'' (സ്വഹീഹുല്‍ബുഖാരി) യുദ്ധക്കളത്തിനു പുറത്ത് വച്ച് വെള്ളക്കെട്ടില്‍നിന്ന് വെള്ളം കുടിക്കുമ്പോള്‍ അവിചാരിതമായി വന്ന ഒരു അമ്പാണ് ഹാരിസതിന്റെ ജീവന്‍ കവര്‍ന്നത്. എന്നിട്ട് പോലും ഇത്രവലിയ പദവികൊണ്ടനുഗ്രഹിക്കപ്പെടുന്നെങ്കില്‍ രണാങ്കണത്തില്‍ വച്ച് പോരാട്ടത്തിനിടയില്‍ ശഹീദായവര്‍ എത്രവലിയ സ്ഥാനീയരായിരിക്കും.
ഇമാം ബുഖാരി(റ)വിന്റെ സ്വഹീഹില്‍ മലക്കുകള്‍ ബദ്‌റില്‍ പങ്കെടുത്തതിനെ കുറിച്ച് പറയുന്ന അദ്ധ്യായത്തില്‍ ഒരു ഹദീസ് കാണാം. ജിബ്‌രീല്‍(അ) വന്ന് നബിയോട് ചോദിച്ചു: ''ബദ്‌രീങ്ങളേ നിങ്ങള്‍ എങ്ങനെ കാണുന്നു?.'' നബി(സ്വ) പറഞ്ഞു: ''ഞങ്ങള്‍ അവരെ മുസ്‌ലിങ്ങളില്‍നിന്ന് ഏറ്റവും ഉന്നതസ്ഥാനീയരായിക്കാണുന്നു. അതുപോലെ തന്നെയാണ് ഞങ്ങള്‍ മലക്കുകളും. ബദ്‌റില്‍ പങ്കെടുത്തവര്‍ക്ക് പങ്കെടുക്കാത്തവരെക്കാള്‍ മഹത്വമുള്ളവരായി കാണുന്നുവെന്ന് ജിബ്‌രീല്‍(അ) പ്രതികരിച്ചു.''
ബനുല്‍മുസ്ത്വലിഖ് യുദ്ധത്തില്‍ നബി(സ്വ)യെ അനുഗമിച്ച ആഇശ(റ) യാത്ര കഴിഞ്ഞു തിരിച്ചെത്തി രോഗിണിയായി കിടന്നു. ഇതേസമയം മഹതിയുടെ പേരില്‍ മുനാഫിഖുകള്‍ അപവാദം പറഞ്ഞു പരത്തുന്നുണ്ടായിരുന്നു. ഒരു ദിവസം രാത്രി ബദ്‌രീങ്ങളില്‍ പെട്ട മിസ്ത്വഹ്(റ)വിന്റെ മാതാവിന്റെ (ഉമ്മുമിസ്ത്വഹ്) കൂടെ വെളിക്കിരിക്കാന്‍ ആഇശ(റ) പുറത്തിറങ്ങി. വഴിയില്‍ വച്ച് ഉമ്മുമിസ്ത്വഹ് തട്ടിത്തടഞ്ഞു വീണു. അപ്പോള്‍ അവര്‍ ശപിച്ചു: ''മിസ്ത്വഹ് നശിക്കട്ടെ!'' ആഇശ(റ) പെട്ടെന്നു പറഞ്ഞു:' ''നിങ്ങള്‍ പറഞ്ഞത് വളരെ മോശം! ബദ്‌റില്‍ പങ്കെടുത്ത ഒരാളെ നിങ്ങള്‍ ആക്ഷേപിക്കുകയാണോ?'' കുട്ടീ, നീ കഥയൊന്നും അറിഞ്ഞില്ലേ എന്ന മുഖവുരയോടെ അപവാദത്തെപ്പറ്റിയും അതില്‍ മിസ്ത്വഹ്(റ) പങ്കാളിയായതും അവര്‍ വിവരിച്ചുകൊടുത്തു. ബദ്‌രീങ്ങളില്‍ പെട്ട മിസ്ത്വഹിനെ സ്വന്തം മാതാവ് ശപിച്ചപ്പോള്‍ ചെറുക്കാന്‍ ആഇശ(റ)യെ പ്രേരിപ്പിച്ചത് തങ്ങളുടെ മനസ്സില്‍ ബദ്‌രീങ്ങള്‍ക്കുള്ള സ്ഥാനമാണ്.
ബദ്‌രീങ്ങളെപ്പോലെയുള്ള മഹത്തുക്കളുടെ സാന്നിധ്യം വലിയ നേട്ടമായിക്കണ്ടിരുന്നവരാണ് സ്വഹാബികളും താബിഉകളും. മുസ്‌ലിം സമുദായത്തിനിടയില്‍ സംഭവിക്കുന്ന ഫിത്‌നകളുടെയെല്ലാം തിക്തഫലം ഇങ്ങനെയുള്ള മഹത്തുക്കളുടെ ദേഹവിയോഗമാണ്. സഈദുബ്‌നുല്‍ മുസ്വയ്യിബ്(റ)വില്‍ നിന്ന് ലൈസ്(റ) ഉദ്ധരിക്കുന്നു: ''ലോകത്ത് ആദ്യനാശം (ഉസ്മാന്‍(റ)വിന്റ വധം) സംഭവിച്ചു. ആ ഫിത്‌ന ബദ്‌റില്‍ പങ്കെടുത്ത ഒരാളെയും അവശേഷിപ്പിച്ചില്ല. രണ്ടാം ഫിത്‌ന (മദീനക്കാരും യസീദും തമ്മിലുള്ള സംഘട്ടനം) സംഭവിച്ചു. ബൈഅതുര്‍രിള്‌വാനില്‍ സംബന്ധിച്ച ഒരാളെയും അത് അവശേഷിപ്പിച്ചില്ല. മൂന്നാമത്തെ ഫിത്‌ന സംഭവിച്ചു, അതിപ്പോഴും ഉയര്‍ന്നിട്ടില്ല. മനുഷ്യര്‍ക്ക് വലിയ ഹുങ്കാണ് (ഫിത്‌നയിലൂടെ അവര്‍ തങ്ങളുടെ ഹുങ്ക് കാണിക്കുകയാണ്).''(സ്വഹീഹുല്‍ബുഖാരി). മുസ്‌ലിം സമുദായത്തില്‍ നടക്കുന്ന ഫിത്‌നകളുടെ ഫലമായി അവരില്‍നിന്നുള്ള ബര്‍കത്ത് ഉയര്‍ത്തപ്പെടുന്നതിന്റെ ഭാഗമായാണ് നല്ല മനുഷ്യരുടെ മരണമെന്നാണ് 300 സ്വഹാബികളെ കണ്ടുമുട്ടിയ സഈദുബ്‌നുല്‍മുസയ്യിബിന്റെ ഭാഷ്യം.
ഇസ്‌ലാമിക ചരിത്രത്തില്‍ സ്വന്തം മരണം പോലും അവിസ്മരണീയമാക്കിയ വ്യക്തിയാണ് ഖുബൈബ്(റ). ആസ്വിമ്ബ്‌നു സാബിതിന്റെ നേതൃത്വത്തില്‍ മക്കയിലേക്ക് രഹസ്യാന്വേഷണത്തിനു നിയോഗിക്കപ്പെട്ട സംഘത്തില്‍ ബദ്‌രീങ്ങളില്‍ പെട്ട ഖുബൈബുമുണ്ടായിരുന്നു. വഴിയില്‍ വച്ച് ഹുദൈലി ഗോത്രത്തില്‍ പെട്ട നൂറോളം അമ്പെയ്ത് വിദഗ്ധര്‍ സംഘത്തെ പിന്തുടര്‍ന്നു. ആസ്വിം(റ) അടക്കം ഏഴു പേര്‍ ശത്രുക്കളോട് പോരാടി ശഹീദായി. ഖുബൈബ്(റ), സൈദുബ്‌നുദ്ദസ്‌ന(റ), അബ്ദുല്ലാഹിബ്‌നുത്വാരിഖ്(റ) തുടങ്ങിയവര്‍ ശത്രുക്കളുടെ അഭയവാഗ്ദാനം സ്വീകരിച്ച് ശത്രുക്കളുടെ അടുത്തെത്തി. കൈയ്യില്‍ കിട്ടിയപ്പോഴാണ് ശത്രുവിന്റെ ഉള്ളിലിരുപ്പ് വ്യക്തമായത്. തങ്ങളെ വഞ്ചിച്ച ശത്രുക്കളോട് പോരാടി അബ്ദുല്ലാഹിബ്‌നു ത്വാരിഖും രക്തസാക്ഷിയായി. ഖുബൈബ്(റ)വിനെയും സൈദിനെയും അവര്‍ മക്കയില്‍ കൊണ്ടു പോയി അടിമച്ചന്തയില്‍ വിറ്റു. ഖുബൈബ്(റ)വിനാല്‍ ബദ്‌റില്‍ വധിക്കപ്പെട്ട ഹാരിസിന്റെ മക്കളാണ് അദ്ദേഹത്തെ വാങ്ങിയത്. കുറഞ്ഞ കാലം തടവില്‍ വച്ച് അദ്ദേഹത്തെ വധിക്കാന്‍ അവര്‍ തീരുമാനിച്ചു.
തടവില്‍ കഴിയുന്ന സമയത്ത് മക്കയില്‍ അന്ന് ലഭ്യമല്ലാത്ത പഴങ്ങള്‍ ഖുബൈബ്(റ) തടവുമുറിയില്‍ വച്ച് ഭക്ഷിക്കുന്നതും തന്റെ കുഞ്ഞ് ഇഴഞ്ഞിഴഞ്ഞ് ഖുബൈബിന്റെ മടിയില്‍ ചെന്നിരുന്നതും ഖുബൈബിന്റെ കൈയ്യിലുള്ള കത്തി കൊണ്ട് തന്റെ കുഞ്ഞിനോട് അവന്‍ പ്രതികാരം ചെയ്യുമോ എന്ന് സൈനബ് പേടിച്ചതും, ഞാന്‍ ഈ കുഞ്ഞിനെ വധിക്കുമോ എന്ന പേടി നിനയ്ക്ക് വേണ്ടെന്ന് ഖുബൈബ്(റ) പറഞ്ഞതുമെല്ലാം ഖുബൈബ്(റ)വിനോളം നല്ല ഒരു തടവുകാരനെ ഞാന്‍ കണ്ടിട്ടില്ലായെന്ന് സൈനബ് പറയാന്‍ ഇടയാക്കി.
തൂക്കിലേറ്റാന്‍ അവര്‍ അദ്ദേഹത്തെ ഹറമിനു പുറത്തേക്ക് കൊണ്ടുപോയി. തൂക്കിലേറും മുമ്പ് രണ്ടു റക്അത് നിസ്‌കരിക്കണമെന്ന തന്റെ അഭിലാഷം അവരെ ഉണര്‍ത്തി. എന്നിട്ട് മന്ദസ്മിതം തൂകി തൂക്കുമരത്തിലേക്ക് നടന്നു. ''അല്ലാഹുവേ, എന്റെ അടുക്കല്‍ തിരുനബി(സ്വ)യോട് എന്റെ സലാം എത്തിക്കാന്‍ ആരുമില്ല. നീ എന്റെ സലാം എത്തിച്ചുകൊടുക്കണേ'' എന്ന് മനസ്സാ അദ്ദേഹം പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. 'നിന്റെ സ്ഥാനത്ത് മുഹമ്മദാവുകയും നീ കുടുംബസമേതം സുരക്ഷിതാനാവുന്നതും ഇഷ്ടപ്പെടുന്നോ?' എന്ന അബൂസുഫ്‌യാന്റെ ചോദ്യത്തിന് 'മുഹമ്മദ് നബിയുടെ കാലില്‍ ഒരു മുള്ള് തറച്ചിരിക്കേ ഞാന്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല'' എന്ന് പ്രതികരിച്ചു.
കഴുമരത്തില്‍ കിടക്കുന്ന ഖുബൈബ്(റ)വിന്റെ ഭൗതിക ശരീരം കൊണ്ടു വരുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന് നബി(സ്വ) പ്രഖ്യാപിച്ചപ്പോള്‍ സുബൈര്‍(റ)വും മിഖ്ദാദ്(റ)വും ആ സാഹസത്തിനു സന്നദ്ധരായി. സ്ഥല(തന്‍ഈം)ത്തെത്തിയപ്പോള്‍ കഴുമരത്തില്‍ കിടക്കുന്ന ഖുബൈബ്(റ)വിന്റെ മയ്യിത്തും ചുറ്റും കാവല്‍ നില്‍ക്കുന്ന 40 പേരെയുമാണ് അവര്‍ കണ്ടത്. ലഹരിബാധിതരായ അവര്‍ക്കിടയിലൂടെ ഖുബൈബിന്റെ(റ) മയ്യിത്തവര്‍ താഴെയിറക്കി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശരീരത്തിന് ഒരു മാറ്റവും സംഭവിച്ചിരുന്നില്ല. കുതിരപ്പുറത്തു വച്ച് തിരികെ പോകുന്നതിനിടയിലാണ് ശത്രുക്കള്‍ വിവരമറിയുന്നത്. ഉടനെ അവര്‍ പിന്തുടര്‍ന്നു. സുബൈര്‍(റ) ഖുബൈബ്(റ)വിനെ ഭൂമിയില്‍ വച്ചു. ഭൂമി ആ ശരീരം വിഴുങ്ങി ശത്രുക്കളെ പന്താടാന്‍ അനുവദിക്കാതെ തന്റെ മാറില്‍ സുരക്ഷിതമായി വച്ചു. തന്റെ മതത്തിനു വേണ്ടി ബദ്‌റില്‍ പടവെട്ടിയ ഖുബൈബിനെ അല്ലാഹു ആദരിച്ചതിന്റെ നേര്‍സാക്ഷ്യമാണിത് (അര്‍റിയാളുന്നളിറ- ത്വബരി).
സംഘനേതാവായിരുന്ന ആസ്വിം(റ)വും ബദ്‌രിയായിരുന്നു. ഉഹ്ദില്‍ വച്ച് തന്റെ ഉറ്റ ബന്ധുക്കളെ ആസ്വിം(റ) വധിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ തലയോട്ടിയില്‍ കള്ള് കുടിക്കാന്‍ സുലാഫ നേര്‍ച്ച നേര്‍ന്നു. അതിനു വേണ്ടി ആസ്വിം(റ)വിന്റെ തലയെത്തിച്ചു തരുന്നവര്‍ക്ക് അവര്‍ ചോദിക്കുന്ന ഇനാം നല്‍കാമെന്നും അവള്‍ പ്രഖ്യാപിച്ചു. ഖുറൈശികളില്‍ പലരും സുലാഫയുടെ സമ്മാനത്തിനു വേണ്ടി ശ്രമിക്കുന്നതിനിടയിലാണ് ആസ്വിം(റ) വധിക്കപ്പെടുന്നത്. അന്നേരം അദ്ദേഹത്തിന്റെ ശിരസ്സറുക്കാന്‍ അവര്‍ വ്യഗ്രത കാട്ടി. പെട്ടെന്ന് അദ്ദേഹത്തിന്റെ ശരീരത്തിനു ചുറ്റും വലിയ തേനീച്ചക്കൂട്ടവും കടന്നലുമെല്ലാം ഇടം പിടിച്ചു അതിലേക്ക് അടുക്കുന്നവരെ ശരീരത്തില്‍ കുത്തിയോടിച്ചു. രാത്രിയായാല്‍ കടന്നലുകള്‍ അകലും, അന്നേരം നമുക്ക് സുരക്ഷിതമായി തലയറുക്കാമെന്നവര്‍ ആശ്വസിച്ചു. പക്ഷേ, രാത്രി ശക്തമായ മഴ വര്‍ഷിക്കുകയും ശക്തമായ നീരൊഴുക്കില്‍ ഒരു അടയാളം പോലും കാണാത്ത വിധം ജലപ്രവാഹം മയ്യിത്ത് എങ്ങോട്ടോ സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചു. ബദ്‌രീങ്ങളില്‍ പെട്ട ആസ്വിം(റ)വിന്റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. ഒരു സത്യനിഷേധിക്കും അദ്ദേഹത്തെ സ്പര്‍ശിക്കാനോ അംഗഭംഗം വരുത്താനോ സുലാഫയുടെ ശപഥം പൂര്‍ത്തീകരിക്കാനോ അവസരം ലഭിച്ചില്ല.
ബദ്‌രീങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ അസ്തിത്വം തന്നെ സംശയാസ്പദമാണ്. മാത്രവുമല്ല, വിശുദ്ധ ദീന്‍ ഭൂമിലോകത്ത് വ്യാപരിച്ചതു തന്നെ അവരുടെ അത്യദ്ധ്വാനം കൊണ്ടാണ്. അതുകൊണ്ട് തന്നെ ഏതൊരു വിശ്വാസിക്കും അവരോട് തീരാത്ത കടപ്പാടുകളുണ്ട്. ഈമാനികാന്തരീക്ഷത്തില്‍ ശ്വസനം നടത്താന്‍ കഴിയുക എന്ന അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹത്തിനു നമുക്ക് അവസരമുണ്ടായത് അവരുടെ ത്യാഗഫലമാണ്. അല്ലാഹുവിങ്കല്‍ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്ന അവര്‍ നമുക്ക് വലിയ സഹായികളുമാണ്. ദേഹവിയോഗം കൊണ്ട് എല്ലാം അവസാനിച്ചു എന്നു വിശ്വസിക്കാത്ത നമുക്ക് അവര്‍ മുഖേന ഒരുപാട് നേട്ടങ്ങളുമുണ്ട്.
സൂറത്തുല്‍ഹശ്
Leave A Comment