നമുക്ക് ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചിരിക്കാം

ഖദ്‌റിന്റെ രാവ് ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമാണ്. മലക്കുകളും പരിശുദ്ധാത്മാവും അതില്‍ ഇറങ്ങിവരും. പ്രഭാതം പുലരുവോളം ആ രാവില്‍ സമാധാനം തന്നെയായിരിക്കും.

നാമകരം
1) ശ്രേഷ്ഠത, മഹത്വം എന്ന് ഖദ്ര്‍ എന്ന അറബി ബദം അര്‍ത്ഥമാക്കുന്നുണ്ട്. ഈ അര്‍ത്ഥത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ മാഹാത്മ്യത്തിന്റെ രാവാണ്.
2) നിര്‍ണയിക്കുക, കാണക്കാക്കുക എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ട്. കാര്യങ്ങളും വിധികളുമെല്ലാം ഈ രാവില്‍ കണക്കാക്കപ്പെടുന്നുണ്ട്. അതതു കൊല്ലത്തെ മഴയും ഭക്ഷണവും ജനന മരണങ്ങളുമെല്ലാം ഈ രാവില്‍ അല്ലാഹു നിര്‍ണയം നടത്തുന്നുണ്ട്. ഒന്നുകൂടി പറഞ്ഞാല്‍ ആകാശഭൂമികളുടെ സൃഷ്ടിപ്പിനെല്ലാം മുമ്പ്- അനാദിയില്‍-അല്ലാഹു തീരുമാനിച്ചുവച്ചതും ലൗഹുല്‍ മഹ്ഫൂളില്‍ രേഖപ്പെടുത്തപ്പെട്ടതുമായ കണക്കില്‍ നിന്നു  ‘വാര്‍ഷിക ബജറ്റ്’ മലക്കുകള്‍ക്ക് ആ രാത്രിയില്‍ നല്‍കപ്പെടുന്നുവെന്നര്‍ത്ഥം. ഈ നിലയില്‍ നിര്‍ണയരാവ് എന്ന അര്‍ത്ഥത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്ന പേര് ഉചിതമാണ്.
3) ഇടുക്കം, കുടുസ് എന്നും ഖദ്‌റിന് അര്‍ത്ഥമുണ്ട്. മലക്കുകളുടെ സാന്നിധ്യം കൊണ്ട് അന്ന് ഭൂമി കുടുസ്സാകുമെന്നും അതിനാല്‍ ഇടുക്കത്തിന്റെ രാവ് എന്ന അര്‍ത്ഥത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്ന് പേരുവരുന്നുവെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

ഖുര്‍ആന്റെ അവതരണം
വിശുദ്ധ ഖുര്‍ആന്റെ അവതരണം ഖദ്‌റിന്റെ രാവിലായിരുന്നുവെന്ന് സൂറത്തുല്‍ ഖദ്‌റില്‍ അല്ലാഹു പറയുന്നുണ്ട്. പല ഘട്ടങ്ങളിലായി അവതരിക്കുകയും 23 വര്‍ഷം കൊണ്ടത് പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്ത ഖുര്‍ആന്റെ അവതരണത്തിനു പ്രാരംഭം കുറിക്കപ്പെട്ടത് ഈ പരിശുദ്ധ രാവിലായിരുന്നു. ആദ്യം ലൗഹുല്‍ മഹ്ഫൂളില്‍ നിന്നു ഖുര്‍ആന്‍ മുഴുവനായി ഒന്നാനാകാശത്തെ ‘ബൈത്തുല്‍ ഇസ്സ’യിലേക്ക് അവതരിച്ചിരുന്നു. ഈ അവതരണം നടന്നതും ലൈലത്തുല്‍ ഖദ്‌റിലാണ്. പിന്നീട് 23 വര്‍ഷത്തനിടയില്‍ ഘട്ടംഘട്ടമായി നബി(സ്വ)ക്ക് അവതരിക്കുകയായിരുന്നു.

അല്ലാഹുവിന്റെ അനുഗ്രഹം
ലൈലത്തുല്‍ ഖദ്‌റിനെ സംബന്ധിച്ചു വിവരിക്കുന്ന സൂറത്തുല്‍ ഖദ്‌റിന്റെ അവതരണ പശ്ചാത്തലം: മുജാഹിദ്(റ)ല്‍ നിന്നും ഇബ്‌നു അബീ ഹാതിം(റ) നിവേദനം ചെയ്യുന്നു. ആയിരം മാസം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിയ ഇസ്‌റാഈല്യരില്‍ ഒരാളെക്കുറിച്ച് നബി(സ്വ) വിവരിക്കുകയുണ്ടായി. ഇതു കേട്ട് മുസ്‌ലിംകള്‍ അത്ഭുതപ്പെട്ടു. അപ്പോഴാണ് ഈ സൂറത്ത് അവതരിച്ചത്.

ഗതകാല സമുദായങ്ങള്‍ക്ക് കൂടുതല്‍ ദീര്‍ഘായുസ്സുണ്ടായിരുന്നതു കൊണ്ട് ദീര്‍ഘിച്ചകാലം ഇബാദത്തില്‍ കഴിച്ചുകൂട്ടാന്‍ അവര്‍ക്കു സാധിച്ചിരുന്നു. ഈ ഉമ്മത്തിന് ആയുസ്സ് വളരെ കുറവാണെങ്കിലും കുറഞ്ഞ സമയത്തില്‍ കൂടുതല്‍ പുണ്യം നേടാന്‍ ലൈലത്തുല്‍ ഖദ്ര്‍ വഴി അല്ലാഹു അവസരം നല്‍കുകയാണ്. ആയിരം മാസം 80ലധികം വര്‍ഷങ്ങള്‍ വരുമല്ലോ. ഓരോ വര്‍ഷവും ഖദ്‌റിന്റെ രാവുകള്‍ ആരാധനകളെ കൊണ്ട് ധന്യമാക്കുന്ന സത്യവിശ്വാസി നിരവധി നൂറ്റാണ്ടുകള്‍ ആരാധനയില്‍ കഴിച്ചുകൂട്ടിയവന് തുല്യമാവുകയാണ്.

എന്നായിരിക്കും?
ഈ രാത്രി ഏതു ദിനത്തിലായിരിക്കുമെന്ന് അല്ലാഹു നമുക്ക് അറിവ് നല്‍കിയിട്ടില്ല. അങ്ങനെ നല്‍കിയാല്‍ ആ രാവില്‍ മാത്രം ജനം ആശിക്കുകയും ബാക്കി ദിനങ്ങളില്‍ ആരാധന പൂര്‍ണമായും ഒഴിവാക്കുകയും ചെയ്‌തേക്കും. കുഴപ്പങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍, ഈ രാത്രി റമളാനില്‍ തന്നെയാണെന്നാണു പണ്ഡിതമതം. റമളാനിലെ ഏതു രാത്രിയിലും ആവാമെങ്കിലും അവസാനത്തെ പത്ത് ദിനങ്ങളും 21, 23 മുതലായ ഒറ്റയിട്ട രാത്രികളും കൂടുതല്‍ സാധ്യതയുള്ളവയാണ്. 27ാം രാവ് സാധ്യതയില്‍ ഏറ്റവും മികച്ചു നില്‍കുന്നുവെങ്കിലും നമ്മെ സംബന്ധിച്ചിടത്തോലം ഒന്നും ഉറപ്പിച്ച് പറയാവതല്ല. ഇബ്‌നു ഉമര്‍(റ) നിന്നു സ്വഹീഹുല്‍ ബുഖാരിയില്‍ നിവേദനം ചെയ്യുന്നു. ചിലര്‍ (സ്വഹാബികള്‍) ലൈലത്തുല്‍ ഖദ്ര്‍ റമളാനിലെ അവസാനത്തെ ഏഴു ദിവസങ്ങളില്‍ വരുന്നതായി സ്വപ്നം കണ്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ലൈലത്തുല്‍ ഖദ്ര്‍ റമളാനിലെ അവസാനത്തെ ആഴ്ചയില്‍ വരുന്നതായുള്ള നിങ്ങളുടെ സ്വപ്നം യോജിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ വല്ലവനും ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചു കാത്തിരിക്കുന്നുവെങ്കില്‍ വസാനത്തെ ഏഴ് ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിക്കട്ടെ.

സവിശേതകള്‍
ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്‌റിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് ഭൂമിയില്‍ മലക്കുകളുടെ സാന്നിധ്യം- കേവല സാന്നിധ്യമല്ല; ഭൂമി മലക്കുകളാല്‍ നിബിഢമായിരിക്കും. എല്ലായിടത്തും അവരുടെ നെറ്റിത്തടങ്ങള്‍ പതിഞ്ഞിരിക്കുമെന്നും അവര്‍ സത്യവിശ്വാസികള്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്. ആകാശം ആസ്ഥാനമായുള്ള മലക്കുകളെ ഭൂമിയില്‍ ആകര്‍ഷിക്കുന്ന പല സംഗതികളുമുണ്ട്. സമ്പന്നര്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുന്നതും പിന്നീട് ഇരുവരും ചേര്‍ന്ന് ഇബാദത്തില്‍ കഴിച്ചു കൂട്ടുന്നതുമായ കാഴ്ച ഭൂമിയില്‍ മാത്രം കാണുന്നതാണ്. പാപികളുടെ ദീനരോദനങ്ങളും പശ്ചാതപങ്ങളും കേള്‍ക്കാനും കാണാനും മലക്കുകള്‍ ആഗ്രഹിക്കുന്നുണ്ട്. സര്‍വസത്യവിശ്വാസികളോടും മലക്കുകളന്ന് സലാം പറയുന്നുണ്ടായിരിക്കും.

ആ രാത്രിയില്‍ ശക്തമായ കൊടുങ്കാറ്റോ വമ്പിച്ചപേമാരിയോ ഉണ്ടായിരിക്കുന്നതല്ല. നേരിയ കാറ്റും മഴയുമുണ്ടാവാം. അന്തരീക്ഷം തെളിഞ്ഞതും നക്ഷത്രങ്ങള്‍ കാണപ്പെടുന്നതുമായിരിക്കും.

ചില ഹദീസുകള്‍
1) ആഇശ(റ) പറഞ്ഞതായി സ്വഹീഹുല്‍ ബുഖാരിയില്‍ നിവേദനം ചെയ്യുന്നു. റമളാന്‍ അവസാനത്തെ പത്ത് ആയാല്‍ പ്രവാചകന്‍ അരമുണ്ട് മുറുക്കികെട്ടുകയും രാത്രിയെ ‘ഹയാത്താ’ക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു.
2) ആഇശ(റ) പറഞ്ഞതായി സ്വഹീഹുല്‍ ബുഖാരിയില്‍ നിവേദനം ചെയ്യുന്നു. അല്ലാഹുവിന്റെ ദൂതര്‍ പള്ളിയിലാവുമ്പോള്‍ തല എന്റെ അടുത്തേക്ക് (പുറത്തേക്ക്) നീട്ടിത്തരും. ഞാന്‍ മുടി ചീകിക്കൊടുക്കുകയും. ഇഅ്തികാഫിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും പ്രത്യേക ആവശ്യത്തിനല്ലാതെ വീട്ടില്‍ പ്രവേശിക്കാറില്ല.

3) അബൂഹുറൈറ(റ) പറഞ്ഞതായി സ്വഹീഹുല്‍ ബുഖാരിയില്‍ നിവേദനം ചെയ്യുന്നു. നബി(സ്വ) എല്ലാ റമളാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കുമായിരുന്നു. തങ്ങള്‍ വഫാത്തായ (അവസാന) വര്‍ഷം 20 ദിവസം ഇഅ്തികാഫ് ഇരുന്നിരുന്നു.

4) അബൂസഈദിനില്‍ ഖുദ്‌രീ(റ)ല്‍ നിന്നു മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അല്ലാഹുവിന്റെ ദൂതര്‍ക്ക് ലൈലത്തുല്‍ ഖദ്ര്‍ വ്യക്തമാക്കപ്പെടും മുമ്പ് അതും തേടി ഒരു റമളാനിന്റെ മധ്യത്തിലെ പത്തില്‍ തങ്ങള്‍ ഇഅ്തിഖാഫ് ഇരിന്നിരുന്നു. മധ്യത്തിലെ പത്ത് കഴിഞ്ഞപ്പോള്‍ ഇഅ്തികാഫ് ഇരുന്നിരുന്ന കൂടാരം തങ്ങളുടെ കല്‍പ്പനപ്രകാരം പൊളിച്ചുമാറ്റി.  പിന്നീട് ഖദ്‌റിന്റെ രാവ് അവസാന പത്തിലാണെന്ന് പ്രവാചകന് വ്യക്തമാക്കപ്പെടുകയും കൂടാരം നിര്‍മിക്കപ്പെടാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് അത് പുനര്‍നിര്‍മിക്കുകയും ചെയ്തു. തുടര്‍ന്ന് ജനങ്ങളിലേക്ക് തിരിഞ്ഞ് തങ്ങള്‍ പറഞ്ഞു: ജനങ്ങളെ ലൈലത്തുല്‍ ഖദ്ര്‍ എന്നാണന്ന് എനിക്ക് വ്യക്തമാക്കപ്പെട്ടിരുന്നു. അത് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ പുറപ്പെട്ടു. അപ്പോള്‍ എനിക്കത് മറവിക്കപ്പെടുകയുണ്ടായി. അതിനാല്‍ റമളാനിലെ അവസാനപത്തില്‍ നിങ്ങളതിനെ അന്വേഷിക്കുക, ഒമ്പതിലും ഏഴിലും അഞ്ചിലും തേടുക..

അവലംബം
ബുഖാരി, മുസ്‌ലിം, ഫത്ഹുല്‍ബാരി, റാസീ, ഖുര്‍തുബീ, ജമല്‍, സ്വാവീ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter